തേമൽ (ചുണങ്ങ്) ഉണ്ടായാൽ ശ്രമിച്ചു നോക്കാൻ പറ്റിയ ചില ലളിതമായ പ്രയോഗങ്ങൾ ഇനി കുറിയ്ക്കുന്നു. പ്രയോഗിച്ചു ഫലമുണ്ടായാൽ മറ്റുള്ളവരുമായി അറിവ് പങ്കുവെയ്ക്കുക.
നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് വാഴയില വിരിച്ച് നഗ്നമായി ശയിക്കുക. മൂക്കിന്റെ ദ്വാരം ഒഴിച്ച് ബാക്കി ശരീരഭാഗങ്ങൾ വാഴയില കൊണ്ടു തന്നെ മൂടുക. ശരീരത്തിൽ കാറ്റ് അടിക്കാത്ത വിധം വേണം മൂടേണ്ടത്. അര മണിക്കൂർ ഇപ്രകാരം സൂര്യതാപമേൽക്കുക. ശരീരം നന്നായി വിയർക്കും. നാലോ അഞ്ചോ ദിവസം തുടർച്ചയായി ഇപ്രകാരം സൂര്യതാപമേൽക്കുക. തേമൽ ശമിക്കും (നാട്ടുചികിത്സ)
മറ്റൊരു നാടൻ പ്രയോഗം, വെളുത്തുള്ളിയുടെ രണ്ട് വെറ്റിലയും ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് തേമൽ മൂലം വർണ്ണവ്യത്യാസം ഉണ്ടായ ഭാഗങ്ങളിൽ പുരട്ടുക. കുറച്ചു നാൾ കൊണ്ട് രോഗം മാറും. ഒട്ടു മിക്ക ഫംഗസ് ബാധയിലും ഈ പ്രയോഗം ഫലം ചെയ്യും.
തുളസിയില ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് സമം നാരങ്ങാനീരും ചേർത്ത് മുടങ്ങാതെ കുറച്ചുനാൾ രാവിലെയും വൈകിട്ടും തേമൽ ബാധിച്ച തൊലിപ്പുറത്ത് പുരട്ടിയാൽ തേമൽ മാറുന്നതാണ്.
വന്‍തകര, ആനത്തകര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധച്ചെടിയുണ്ട്. അതിന്റെ ഇല മോരില്‍ അരച്ചു ലേപനം ചെയ്താലും തേമൽ മാറും. ഫംഗസ് മൂലം ഉണ്ടാകുന്ന ഒട്ടുമിക്ക ത്വക്-രോഗങ്ങള്‍ക്കും ആനത്തകര അതീവഫലപ്രദമാണ്. വൻതകരയ്ക്കു പകരം മലയിഞ്ചി മോരില്‍ അരച്ചു ലേപനം ചെയ്താലും രോഗം മാറും.
മറ്റൊരു കൈകണ്ട പ്രയോഗമാണ് അടുത്തത്. ഒരു ദിവസം പഴകി കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. തേമൽ ശമിക്കാൻ മാത്രമല്ല, താരന്‍ / സോറിയാസിസ് എന്നിവ ശമിക്കാനും ഈ പ്രയോഗം ഉത്തമമാണ്.
ആയുർവേദ ഔഷധങ്ങളിൽ ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. ഒപ്പം മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ് (ഒരു അറിവായി മാത്രം എടുത്താൽ മതി. നല്ല വൈദ്യന്റെ ഉപദേശം ഇല്ലാതെ മരുന്നൊന്നും വാങ്ങിക്കഴിക്കരുത്)
പ്ളാശ് എന്നൊരു മരമുണ്ട്. അതിന്റെ കുരു ചെറുനാരങ്ങാനീരിൽ അരച്ച്, രോഗബാധയുള്ള ഭാഗങ്ങളിൽ പുരട്ടുക. വളരെപ്പെട്ടന്ന് രോഗശമനം ഉണ്ടാകും. ഈ പ്രയോഗം ഹെർപ്പസ് ബാധയിലും ഫലപ്രദമാണ്.
കുറിപ്പ്: ഔഷധപ്രയോഗങ്ങൾ വൈദ്യനിർദ്ദേശമനുസരിച്ചു മാത്രം ചെയ്യുക.
സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്‍ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് സംസ്കൃതഭാഷയില്‍ വിവക്ഷിക്കുന്ന സസ്യമാണ് ആര്യവേപ്പ്. ഇത് കൂടാതെ മഹാനിംബ, കൃഷ്ണനിംബ എന്ന് വേറെ രണ്ടു തരം വേപ്പുകളെക്കുറിച്ച് അഭിധാനമജ്ഞരി പ്രതിപാദിക്കുന്നുണ്ട്. മലയാളത്തില്‍ യഥാക്രമം ഇവ മലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു.
വേപ്പിന്‍റെ ഗുണങ്ങളെക്കുറിച്ച് “ഗുണപാഠം” ഇപ്രകാരം പറയുന്നു:
“വേപ്പിന്‍റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത് കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം”
1] വേപ്പിന്റെ തണ്ട് പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പതിവ് ഇന്ത്യയില്‍ പല ഭാഗത്തും ഉണ്ടായിരുന്നു. വായ്‌നാറ്റം അകറ്റാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഇത്. വ്യാവസായികമായി വിപണനം ചെയ്യപ്പെടുന്ന പല ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി ഉത്പന്നങ്ങളില്‍ വേപ്പ് ഒരു പ്രധാനഘടകമാണ്.
[ഇല]
വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് “ഭാവപ്രകാശം” ഇങ്ങനെ പറയുന്നു:
2] ഏഴ് ആര്യവേപ്പിലയോടൊപ്പം, ഏഴ് കൊത്തമല്ലിയും ഒരു ചെറിയ കഷണം പച്ചമഞ്ഞളും അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.
3] വേപ്പിലനീര് കഴിച്ചാല്‍ കാമില (മഞ്ഞപ്പിത്തം) ശമിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി – മൂന്നിലും വേപ്പിലയുടെ സ്വരസം ഗുണം ചെയ്യും.
4] വേപ്പിലനീര് അരച്ചു നിത്യം സേവിക്കുന്ന പതിവ് വനവാസികളായ താപസരുടെ ഇടയില്‍ ഉണ്ടായിരുന്നു. “നിംബകല്‍പ്പം” സേവിക്കുന്നതു വഴി തേളിന്റെയും പാമ്പിന്റെയും വിഷം ബാധിക്കില്ല.
5] വിഷജന്തുക്കലുടെ ദംശനം ഏറ്റാല്‍ വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു കടിവായില്‍ പുരട്ടിയാല്‍ വിഷം ശമിക്കും. ഈ ലേപം ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്-രോഗങ്ങളിലും ഫലപ്രദമാണ്.
6] ആര്യവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുരുട്ടി വെറും വയറ്റില്‍ കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള മിക്ക ത്വക്-രോഗങ്ങള്‍ക്കും ശമനമേകും.
7] തീപ്പൊള്ളല്‍ ഏറ്റാല്‍ വേപ്പില നന്നായി അരച്ചു പുരട്ടുന്നത് ശമനത്തിനു നല്ലതാണ്.
8] വേപ്പിലയുടെ സ്വരസം (10 മില്ലി വരെ) സമം തേന്‍ ചേര്‍ത്ത് മൂന്നുനാലു ദിവസം രാവിലെയും വൈകിട്ടും കഴിച്ചാല്‍ വയറ്റിലെ കൃമിബാധ ശമിക്കും. കാമിലയിലും ഈ പ്രയോഗം ഫലപ്രദം. മലവേപ്പും ആര്യവേപ്പും ഒരുപോലെ ഗുണപ്രദം.
9] വസൂരി ഇന്ന് അന്യമാണ്. വസൂരി ബാധിച്ചാല്‍ വേപ്പിന്റെ ഇല അരച്ചു പുരട്ടുന്നത് ഫലപ്രദം. ആതുരനെ വേപ്പില വിരിച്ച കിടക്കയില്‍ കിടത്തുകയും, വേപ്പില കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശുകയും ചെയ്യുന്നത് നന്ന്. ചിക്കന്‍പോക്സ് പോലെയുള്ള രോഗങ്ങള്‍ക്ക് ഈ പ്രയോഗം കൊണ്ട് ശമനം കിട്ടും.
10] വേപ്പില, പടവലം, എള്ള്, നെല്ലിക്ക – ഇവയുടെ കഷായം നിത്യം കണ്ണില്‍ ഒഴിക്കുന്നത് തിമിരം വളരാതിരിക്കാന്‍ നന്ന്.
11] ത്വക്-രോഗങ്ങളില്‍ വേപ്പിലയും പച്ചമഞ്ഞളും ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടി കുളിക്കുന്നത് അത്യന്തം ഫലപ്രദമാണ്. പല ത്വക്-രോഗങ്ങളും ഈ പ്രയോഗം ഒന്നുകൊണ്ടു മാത്രം ശമിക്കും.
12] വേപ്പില, കര്‍പ്പൂരം, കായം, ശര്‍ക്കര – നാലും സമം ചേര്‍ത്ത് ഉണ്ടാക്കിയ ഗുളിക നിത്യം അത്താഴശേഷം കഴിക്കുന്നത് സാംക്രമികരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായകമാണ്.
16] വേപ്പിന്‍കുരു കഞ്ഞുണ്ണിനീരിലും, വേങ്ങാക്കാതല്‍ക്കഷായത്തിലും ഏഴു തവണ ഭാവന ചെയ്ത്, എണ്ണയെടുത്ത് നിത്യം നസ്യം ചെയ്യുകയും, പാല്‍ ചേര്‍ത്ത് ചോറ് കഴിക്കുകയും ചെയ്‌താല്‍ നരച്ച രോമങ്ങള്‍ കറുക്കും, മുടി കിളിര്‍ക്കും.
18] വേപ്പിന്‍കുരുവില്‍ നിന്നെടുക്കുന്ന എണ്ണ – വേപ്പെണ്ണ – പുരട്ടി പോക്കുവെയില്‍ കൊള്ളിക്കുന്നത് ബാലകര്‍ക്ക് ആരോഗ്യമുണ്ടാകാന്‍ സഹായകമാണ്.
19] മുറിവുണ്ടായാല്‍ ഉടനെ വേപ്പെണ്ണ പുരട്ടുന്നത് ടെറ്റനസ് ബാധ തടയും.
20] വ്രണങ്ങളില്‍ വേപ്പെണ്ണ പുരട്ടിയാല്‍ അവ വടു ഇല്ലാതെ ഉണങ്ങും.
21] സകല ത്വക്-രോഗങ്ങളിലും വേപ്പെണ്ണ ഉള്ളില്‍ കഴിക്കുന്നത് ശമനദായകമാണ്. അഞ്ചു തുള്ളി വരെ പാലില്‍ കഴിക്കാം. സോറിയാസിസ് ബാധയില്‍ ഫലപ്രദമാണെന്ന് വൈദ്യമതം.
22] പ്രമേഹത്തില്‍ വേപ്പെണ്ണ അഞ്ചു തുള്ളി വരെ പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അതീവഫലപ്രദമാണ്.
23] വ്യാവസായികമായി ജൈവകീടനാശിനികളും, ഔഷധസോപ്പുകളും നിര്‍മ്മിക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കപ്പെടുന്നു.
24] തെങ്ങിന് ഉണ്ടാകുന്ന മണ്ഡരിബാധ ശമിപ്പിക്കാനുള്ള കഴിവ് വേപ്പെണ്ണയ്ക്ക് ഉണ്ട്.
[തൊലി ¦ പട്ട]
25] വേപ്പിന്‍റെ തൊലി കഷായം വെച്ച് അതില്‍ ചേര്‍ക്കുരു ശുദ്ധി ചൂര്‍ണ്ണം മേല്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രക്താര്‍ബുദത്തെ ശമിപ്പിക്കും എന്ന് അനുഭവസാക്ഷ്യം.
26] വേപ്പിന്‍റെ തോലും വാല്‍മുളകും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ സന്ധിവാതം മൂലമുള്ള വേദനയും നീരും ഉടനടി ശമിക്കും.
[പലവക]
27] വേപ്പിന്‍റെ ചിനപ്പ് ¦ തളിര് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അതീവഫലപ്രദമാണ്. ബ്രോങ്കൈറ്റിസ്, കാസം എന്നിവയില്‍ വേപ്പിന്‍റെ തളിര് കഷായം വെച്ച് കഴിച്ചാല്‍ ശമിക്കും.
30] വേപ്പിന് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ കഴിവുള്ളതു കൊണ്ട് ഉപവാസസമയങ്ങളില്‍ വേപ്പ് കഴിക്കുന്നത് ശ്രദ്ധിച്ചു വേണം.
31] പ്രമേഹരോഗികള്‍ വേപ്പ് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം വേണം. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കെണ്ടതും അത്യാവശ്യം.
32] കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വൈദ്യനിര്‍ദ്ദേശമനുസരിച്ച് മാത്രം വേപ്പ് ഉപയോഗിക്കണം.
33] വേപ്പെണ്ണ കണ്ണില്‍ വീണാല്‍ നീറ്റല്‍ ഉണ്ടാകാം, ആകയാല്‍ തലയില്‍ പുരട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം.
34] അമിതമായി ഉപയോഗിക്കരുത്. ഹൃദയത്തിന് അത്ര നല്ലതല്ല.
[കുറിപ്പ്]
ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല. സ്വയം ചികിത്സ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക. കൃതഹസ്തരായ വൈദ്യന്‍മാരുടെ ഉപദേശാനുസാരം മാത്രം ഔഷധങ്ങള്‍ കഴിക്കുക.
സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാൽ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. സൂര്യപ്രകാശത്തിൽ “കാച്ചിയ” ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തിൽ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടർച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും. താരൻ മാറാനും ഈ എണ്ണ നല്ലതാണ്.
തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. അഷ്ടാംഗഹൃദയാദികളായ പ്രമാണ ഗ്രന്ഥങ്ങളിലെങ്ങും ദന്തപ്പാലയുടെ ഉപയോഗം ചർച്ച ചെയ്യപ്പെടുന്നില്ല. ദന്തപ്പാല കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യവുമല്ല. സോറിയാസിസിനെ നിഗ്രഹിക്കാനുള്ള ഇതിന്റെ ശേഷി അറിഞ്ഞതിനു ശേഷം കേരളത്തിൽ പല ഭാഗങ്ങളിലും ദന്തപ്പാല വളർത്തുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഔഷധങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക ആയുർവേദ മരുന്നുകമ്പനികളും വിവിധ പേരുകളിൽ മേൽപ്പറത്ത ഔഷധം വിപണിയിലെത്തിക്കുന്നുണ്ട്.
ദന്തപ്പാല പോലെ തന്നെ ഏഴിലംപാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല എന്നിവയും സോറിയാസിസിൽ ഫലപ്രദമാണ്. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസിൽ ഉപയോഗിക്കാം. പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം. ദന്തപ്പാല ഉപയോഗിച്ച് ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.
ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.
വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും.
യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും.
കുടകപ്പാല (കുടജഃ)യുടെ ഇലയോടും കായോടും ദന്തപ്പാലയുടെ ഇലകള്‍ക്കും കായകള്‍ക്കും സാമ്യമുള്ളതു കൊണ്ട് കുടകപ്പാലയയ്ക്കു പകരം ദാന്തപ്പാല ഉപയോഗിക്കാറുണ്ട്.
ഇനി ഒരല്‍പം അന്ധവിശ്വാസം. മിഥുനരാശിയുടെ വൃക്ഷമായി ദന്തപ്പാലയെ അന്ധവിശ്വാസികള്‍ പ്രചരിപ്പിച്ചുപോരുന്നുണ്ട്. മിഥുനരാശിയില്‍ പെട്ടവര്‍ ദന്തപ്പാല വെച്ചുപിടിപ്പിക്കുന്നത് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്‍കുമത്രേ! ഈ അമൂല്യഔഷധിയെ നട്ടുവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അന്ധവിശ്വാസത്തിന് നല്ല നമസ്കാരം!
തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി അരച്ചു കല്‍ക്കമായി ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും.
മുടങ്ങാതെ തുടര്‍ച്ചയായി 90 ദിവസമെങ്കിലും ഈ തൈലം പുരട്ടണം.
പുളിപ്പിച്ചു കട്ടിയായ കഞ്ഞിവെള്ളം പിറ്റേന്ന് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുന്നത് സോറിയാസിസില്‍ വളരെ ഫലപ്രദമാണ്. ഈ പ്രയോഗം തലയിലെ താരന്‍ മാറാനും നല്ലതാണ്. മുടങ്ങാതെ ചെയ്യണം.
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര് ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ് തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.
കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.
ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്‍ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്.
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ രക്തത്തിലെ മധുരാംശം നിയന്ത്രണവിധേയമാകും, പ്രമേഹം നിയന്ത്രണവിധേയമാകും.
തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.
തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.
ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്‍ക്കും കറുകയും തൊട്ടാവാടിയും മുയല്‍ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.
കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില്‍ തണല്‍മരങ്ങളായി വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ് ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.
ഉങ്ങിന്‍റെ ഇല വെളിച്ചെണ്ണയില്‍ സൂര്യസ്ഫുടം ചെയ്തെടുക്കുന്ന തൈലം സോറിയാസിസ് മാറാന്‍ സഹായകമാണ്. ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കണം.
ഉങ്ങിന്‍റെ തളിരില അര്‍ശസ്സില്‍ വളരെ ഫലപ്രദമാണ്. ചെറുതായി അറിഞ്ഞ തളിരിലയോടൊപ്പം ചെറുതായി അറിഞ്ഞ ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ആഹാരമായി നിത്യം കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ വേഗം സുഖപ്പെടും.
വളരെയേറെ വിഷമിപ്പിക്കുന്ന രോഗമായ ഹെര്‍ണിയയില്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ഉങ്ങിന്‍റെ തൊലി പൊളിച്ചെടുത്ത് അരപ്പട്ട കെട്ടുന്നത് വളരെ ആശ്വാസം തരും.
ഉങ്ങിന്‍റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്-രോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. ലേപനം ചെയ്യുക മാത്രമേ വേണ്ടൂ. ത്വക്-രോഗങ്ങള്‍ ശമിക്കും.
ഉങ്ങിന്‍റെ ഇലയുടെ സ്വരസം ഉദരകൃമികളെ ശമിപ്പിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറ്റിലെ കൃമികള്‍ നശിക്കും.
ഉങ്ങിന്‍റെ എണ്ണ സമം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ ശമിക്കും. ഉങ്ങിന്‍റെ ഇലയിട്ടു സൂര്യസ്ഫുടം ചെയ്ത വെളിച്ചെണ്ണയും താരന്‍ മാറാന്‍ നല്ലതാണ്.
ഉങ്ങിന്‍റെ കുരു ചതച്ച് കുഷ്ഠവ്രണങ്ങളില്‍ വെച്ചു കെട്ടിയാല്‍ വ്രണങ്ങള്‍ ശമിക്കും.
ഉങ്ങിന്‍റെ പട്ടയിട്ടു വെളിച്ചെണ്ണ കാച്ചിത്തേച്ചാല്‍ അഭിഘാതജന്യമായ ശോഫങ്ങളും ഒടിവും ശമിക്കും.
ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്. കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉങ്ങിന്‍റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
മരങ്ങള്‍ വെച്ചു പിടിപ്പിക്കുക. പ്രതേകിച്ച് ഒരു ഗുണവും തരാത്ത, എന്നാല്‍ “പണി” തരുന്ന വിദേശവൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞ് നാടിന്‍റെ സ്വന്തം ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാം നമുക്ക്. ഇനി മരങ്ങള്‍ വെയ്ക്കുമ്പോള്‍ ഉങ്ങിനും ഒരല്‍പം ഇടം കൊടുക്കാം. ത്വക്-രോഗങ്ങള്‍ അലട്ടുമ്പോള്‍ Steroid കലര്‍ന്ന രാസക്രീമുകളുടെ സഹായം തേടാതെ രോഗമുക്തി തരാന്‍ ഈ സസ്യദേവത നമ്മെ സഹായിക്കും.
1 | ചിറ്റമൃത്, പാടക്കിഴങ്ങ്, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.
കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുക.
ഈശ്വരമുല്ല പല പേരുകളില്‍ അറിയപ്പെടുന്നു – ഈശ്വരമൂലി, കരളകം, ഉറിതൂക്കി, ഗരുഡക്കൊടി
ഞൊട്ടാഞൊടിയന്‍ പല പേരുകളില്‍ അറിയപ്പെടുന്നു – ഞൊട്ടങ്ങ, ഞൊടിഞൊട്ട
2 | ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.
പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.
ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.
PSORIASIS
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.