ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്പ്പവൃക്ഷം എന്ന് വിളിക്കുന്നത്. നിത്യോപയോഗത്തില് ഉള്ള ഉപയോഗങ്ങളെക്കാള് എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത ഒരു ഭാഗവും തെങ്ങിനില്ല. ഔഷധ ആവശ്യത്തിന് ചെന്തെങ്ങ് ആണ് ഉത്തമം. ഓര്‍ക്കുക, കരിക്കിനായി വെച്ചു പിടിപ്പിക്കുന്ന ഗൌളീഗാത്രം ചെന്തെങ്ങല്ല.
11 | ഔഷധസസ്യങ്ങള്‍ | തെങ്ങ്
#1 അകത്തു തുളിച്ചിട്ടില്ലാത്ത കരിക്ക് വെട്ടി, അതില്‍ അല്‍പ്പം തവിട് ചേര്‍ത്ത്, അതിനകത്തെ മഞ്ഞനിറത്തില്‍ ചിരട്ടയോടു ചേര്‍ന്നു കാണുന്ന ഭാഗവും ചേര്‍ത്ത് വടിച്ചെടുത്ത്, അത് കലക്കി ഇളനീര് ദിവസവും രാവിലെ കഴിച്ചാല്‍ പ്രമേഹം ദിവസങ്ങള്‍ കൊണ്ട് ശമിക്കും. കാമ്പ് കട്ടിയാകുന്നതിനു മുമ്പ് ഉള്ള കരിക്ക് ആണ് വേണ്ടത്.
#2 കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ കുരുമുളകുവള്ളി മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.
#3 കാശാവ് എന്നൊരു ഔഷധസസ്യം ഉണ്ട്. നീലാഞ്ജനി, കാഞ്ഞാവ്, കനലി, അഞ്ജനമരം, കായാവ്, കായാമ്പൂ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ആ ചെടിയുടെ ഇലകള്‍ പറിച്ചെടുത്തു വൃത്തിയാക്കി, തൊണ്ടു കളഞ്ഞെടുത്ത് മുകള്ഭാഗം തുരന്ന കരിക്കിന്റെ ഉള്ളിലിട്ടു നന്നായി പുഴുങ്ങി, നീര് പിഴിഞ്ഞെടുത്ത്, ശുദ്ധിയുള്ള തുണി കൊണ്ട് അരിച്ച്, തണുത്തു കഴിഞ്ഞ് കണ്ണില്‍ ഒഴിച്ചാല്‍ നേത്രരോഗങ്ങള്‍ എല്ലാം ശമിക്കും. തേന്‍ ചേര്‍ത്തു വെച്ചു സൂക്ഷിച്ചാല്‍ തുടര്‍ന്നും ഉപയോഗിക്കാം.
#4 തൊണ്ട് ചെത്തിക്കളഞ്ഞെടുത്ത കരിക്കിന്റെ മുകളില്‍ ഒരു ദ്വാരമുണ്ടാക്കി, അതിനുള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്, മണലു നിറച്ച ചട്ടിയില്‍ കുത്തിനിര്‍ത്തി, കരിക്കിലെ വെള്ളം വെട്ടിത്തിളയ്ക്കുന്നതു വരെ ചട്ടി തീയില്‍ ചൂടാക്കി, ഇറക്കിവെച്ചു തണുപ്പിച്ച് ഊറ്റിയെടുത്ത് നിത്യം കുടിച്ചാല്‍ അനീമിയ മാറും. തണുപ്പിച്ചെടുത്ത ദ്രാവകത്തിന് നല്ല ചുവപ്പു നിറമായിരിക്കും. ഈ ഒരൊറ്റ ഔഷധം കൊണ്ട് ഹീമോഗ്ലോബിന്‍ കൂടും, പ്ലേറ്റ്ലെറ്റ് കൂടും. തെങ്ങിന്റെ തടി, കൊതുമ്പ്, തൊണ്ട്, ചിരട്ട ഇവയൊക്കെ കത്തിക്കുന്ന അടുക്കളയില്‍ കിട്ടുന്ന ഇല്ലിനക്കരി ആണ് ഉത്തമം. ഏതു ഫലവൃക്ഷങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയിലെ പുകയിറയും ഉപയോഗിക്കാം.
#5 അതിസാരം, കോളറ പോലെയുള്ള രോഗങ്ങളില്‍ ശരീരത്തിലെ ജലാംശം വിരേചിച്ചു പോകമൂലം ശക്തമായ ദാഹം ഉണ്ടാകുമ്പോള്‍ നിര്‍ലോഭം കരിക്കിന്‍വെള്ളം ഇടവിട്ട് കൊടുത്താല്‍ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രോഗി രക്ഷപ്പെടും.
#6 ഹൃദ്രോഗം മൂലം ഉപ്പ് കഴിക്കാന്‍ സാധിക്കാതെ വരുന്ന രോഗികളില്‍ ഉപ്പിന്റെ അഭാവം മൂലമുണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാന്‍ കരിക്കിന് വെള്ളം ഉത്തമം. കരിക്കിന്‍വെള്ളത്തിലെ ഉപ്പ് രോഗിയ്ക്ക് പഥ്യമാണ്. സാധാരണ ഉപ്പു കഴിച്ചാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു തന്നെയല്ല, ധാരാളം മൂത്രം പോകാന്‍ കരിക്കിന്‍വെള്ളം സഹായകമാണ്.
#7 മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
#8 വെടലക്കരിക്ക് ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാല്‍ ബീജശേഷി കുറവായ പുരുഷന്മാര്ക്ക് ബീജശേഷി കൂടും. കട്ടിയുള്ള കരിക്ക് ആണ് വേണ്ടത്. തെങ്ങയാവുന്നതിനു മുമ്പുള്ള പരുവം.
#9 തെങ്ങിന്റെ പഴുത്ത മടല് വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് അതില്‍ വറുത്തു പൊടിച്ച ജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിക്കാന്‍ കൊടുത്താല്‍ ഏതു ചുമയും ശമിക്കും. മടല് ചെറുതായി മുറിച്ച് നാലോ അഞ്ചോ വാഴയില കൊണ്ടു പൊതിഞ്ഞുകെട്ടി കനലില്‍ ഇട്ടാല്‍ വാട്ടിയെടുക്കാം. അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ മുറിച്ച മടല് ആവിയില്‍ പുഴുങ്ങിയെടുത്ത് ചതച്ചു നീര് എടുത്താലും മതി.
#10 തെങ്ങിന്റെ ഇളംമടല്‍ വാട്ടിപ്പിഴിഞ്ഞ്, നീരെടുത്ത്, അതില്‍ ജീരകം ചേര്‍ത്തു കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന നെഫ്രോടിക് സിന്‍ഡ്രോം പോലെയുള്ള വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ ശമിക്കും. മടല് മേല്‍പ്പറഞ്ഞ രീതിയില്‍ വാട്ടിയെടുത്താല്‍ മതിയാകും.
#11 “ഞവണിക്ക” ഒരു ജലജീവിയാണ്. “അട്ടക്കൂട്”, “ഞൌഞ്ഞി” എന്നും പേരുകളുണ്ട്. നല്ല വിളഞ്ഞ തേങ്ങയുടെ പാല് എടുത്ത് അതില്‍ ഞവണിക്കയുടെ മാംസം അരച്ചു ചേര്‍ത്ത്, വെന്ത് എടുക്കുന്ന തൈലം Glioma, Mixed Glioma, Astrocytoma തുടങ്ങിയ മസ്തിഷ്കരോഗങ്ങളില് അതീവഫലപ്രദമാണ്.
#12 വിളഞ്ഞ തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാല്‍ ഉള്ളിലെ മുറിവുകള്‍ ഉണങ്ങും. പ്രസവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഈ വെന്ത വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
#13 കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും വെന്ത വെളിച്ചെണ്ണ അത്യുത്തമം.
#14 തെങ്ങിന്റെ പച്ച ഈര്‍ക്കിലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ഛര്‍ദ്ദി മാറും. ഈര്ക്കിലിയോടൊപ്പം മലര് ഇട്ടു വെള്ളം തിളപ്പിച്ചാല്‍ ഛര്‍ദ്ദി പെട്ടന്നു ശമിക്കും.
#15 പ്രായമാവുമ്പോള്‍ പൊതുവേ ഉണ്ടാകാറുള്ള ഹൃദയത്തിനുള്ള വേദന, നടക്കുമ്പോഴുണ്ടാകുന്ന കിതപ്പ് ഇവ മാറാന്‍ നിത്യം വെറും വയറ്റില്‍ രണ്ടു പച്ച ഈര്‍ക്കിലി കടിച്ചു ചവച്ചു നീര് ഇറക്കിയാല്‍ മതിയാകും. ഇതു കൊണ്ട് മാത്രം നെഞ്ചെരിച്ചില്‍ മാറും. ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
#16 പെണ്‍കുട്ടികളില്‍ ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന അതിയായ വേദന (ആര്‍ത്തവശൂല) മാറാന്‍ തെങ്ങിന് പൂക്കുലയുടെ അല്ലിയെടുത്തു ചതച്ചു പിഴിഞ്ഞ് പൊടിയരിക്കഞ്ഞി വെച്ചോ പാലില്‍ തിളപ്പിച്ചോ ഒരൊറ്റത്തവണ കഴിച്ചാല്‍ മതിയാകും. തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ പൊതുവേ അതീവഫലപ്രദമാണ്.
#21 തെങ്ങിന്‍കള്ളിന്റെ മട്ടില്‍ തിപ്പലിയും വയമ്പും സമമെടുത്ത് അരച്ച് കുഴമ്പുപരുവമാക്കി അപകടത്തില്‍ നട്ടെല്ലു പൊട്ടി കിടപ്പിലായ രോഗിയുടെ കാല്പ്പാദങ്ങളില് തോരെത്തോരെ പുരട്ടിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എഴുന്നേറ്റു നടക്കും. അപകടം സംഭവിച്ചു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഔഷധപ്രയോഗം നടത്തണമെന്നു മാത്രം.
#22 തെങ്ങിന്റെ വേര് വെന്ത കഷായം വയറുവേദന, മഹോദരം എന്നിവ ശമിപ്പിക്കും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി. 20 ഗ്രാം തെങ്ങിന്റെ വേര് ചതച്ച് നാഴി വെള്ളത്തില്‍ 15 മിനിട്ട് നേരം തിളപ്പിച്ച് ആ വെള്ളം പലപ്പോഴായി കുടിക്കുന്നതും ഫലപ്രദമാണ്.
#23 തെങ്ങിന്റെ ഇളംവേര് മേല്‍പ്പറഞ്ഞ പടി കഷായം വെച്ച് കഴിച്ചാല്‍ വൃക്ക തകരാറു വന്ന രോഗിയുടെ വൃക്ക വീണ്ടും പ്രവര്‍ത്തനക്ഷമമാകും. മൂത്രം പ്രയാസമെന്യേ പോകാന്‍ തുടങ്ങും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി.
#24 തേങ്ങയുടെ തൊണ്ട് ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍ ശമിക്കും. കരിക്കിന് വെള്ളവും പുളിച്ചുതികട്ടലിന് നല്ലതാണ്.
#25 ചകിരിയില്‍ നിന്ന് ഉണ്ടാക്കുന്ന ലവണം പുളിച്ചുതികട്ടിലിന് അത്യുത്തമമാണ്. ചകിരി കരിച്ച്, ചാരം വെള്ളത്തില്‍ കലക്കി, ഊറ്റിയെടുത്ത് ഉണക്കിയാല്‍ കിട്ടുന്ന പൊടി അരിമണി വലുപ്പം ദിവസം മൂന്നോ നാലോ നേരം കഴിച്ച് അനുപാനമായി പാല് കുടിച്ചാല്‍ പുളിച്ചുതികട്ടല്‍ പെട്ടന്ന് ശമിക്കും.
മേല്‍പ്പറഞ്ഞവ പരിമിതപരിമാണത്തിലുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ മാത്രമാണ്. അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ തെങ്ങിന്റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കുഹളികുസുമാദി കഷായം, തെങ്ങിന്പൂക്കുലലേഹ്യം തുടങ്ങിയവ ഉദാഹരണങ്ങള്‍. കൂടാതെ ബാഹ്യലേപമായി ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധങ്ങളില്‍ വെളിച്ചെണ്ണ പ്രധാനചേരുവയാണ്.
കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില് തണല്‍മരങ്ങളായി വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ് ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.
ഉങ്ങിന്റെ ഇല വെളിച്ചെണ്ണയില്‍ സൂര്യസ്ഫുടം ചെയ്തെടുക്കുന്ന തൈലം സോറിയാസിസ് മാറാന്‍ സഹായകമാണ്. ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കണം.
ഉങ്ങിന്റെ തളിരില അര്‍ശസ്സില്‍ വളരെ ഫലപ്രദമാണ്. ചെറുതായി അറിഞ്ഞ തളിരിലയോടൊപ്പം ചെറുതായി അറിഞ്ഞ ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ആഹാരമായി നിത്യം കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ വേഗം സുഖപ്പെടും.
വളരെയേറെ വിഷമിപ്പിക്കുന്ന രോഗമായ ഹെര്‍ണിയയില്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ഉങ്ങിന്റെ തൊലി പൊളിച്ചെടുത്ത് അരപ്പട്ട കെട്ടുന്നത് വളരെ ആശ്വാസം തരും.
ഉങ്ങിന്റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്-രോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. ലേപനം ചെയ്യുക മാത്രമേ വേണ്ടൂ. ത്വക്-രോഗങ്ങള്‍ ശമിക്കും.
ഉങ്ങിന്റെ ഇലയുടെ സ്വരസം ഉദരകൃമികളെ ശമിപ്പിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറ്റിലെ കൃമികള്‍ നശിക്കും.
ഉങ്ങിന്റെ എണ്ണ സമം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന് ശമിക്കും. ഉങ്ങിന്റെ ഇലയിട്ടു സൂര്യസ്ഫുടം ചെയ്ത വെളിച്ചെണ്ണയും താരന് മാറാന്‍ നല്ലതാണ്.
ഉങ്ങിന്റെ കുരു ചതച്ച് കുഷ്ഠവ്രണങ്ങളില്‍ വെച്ചു കെട്ടിയാല്‍ വ്രണങ്ങള്‍ ശമിക്കും.
ഉങ്ങിന്റെ പട്ടയിട്ടു വെളിച്ചെണ്ണ കാച്ചിത്തേച്ചാല്‍ അഭിഘാതജന്യമായ ശോഫങ്ങളും ഒടിവും ശമിക്കും.
ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്. കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉങ്ങിന്റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
മരങ്ങള്‍ വെച്ചു പിടിപ്പിക്കുക. പ്രതേകിച്ച് ഒരു ഗുണവും തരാത്ത, എന്നാല്‍ “പണി” തരുന്ന വിദേശവൃക്ഷങ്ങള് മുറിച്ചു കളഞ്ഞ് നാടിന്റെ സ്വന്തം ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാം നമുക്ക്. ഇനി മരങ്ങള്‍ വെയ്ക്കുമ്പോള്‍ ഉങ്ങിനും ഒരല്പം ഇടം കൊടുക്കാം. ത്വക്-രോഗങ്ങള്‍ അലട്ടുമ്പോള്‍ Steroid കലര്‍ന്ന രാസക്രീമുകളുടെ സഹായം തേടാതെ രോഗമുക്തി തരാന്‍ ഈ സസ്യദേവത നമ്മെ സഹായിക്കും.
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ് കൂവളത്തിന്റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്.
പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു ഫലമായാണ് കൂവളത്തിന്റെ കായ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ എവിടെയൊക്കെ കൂവളമുണ്ടോ അവിടെയൊക്കെ തറയില്‍ കായകള്‍ ചിതറിക്കിടക്കുന്നത് കാണാം. ആരും പൊതുവേ പ്രത്യേകിച്ച് ഒരു വിലയും കല്‍പ്പിക്കാത്ത ഈ കായ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്.
കൂവളത്തിന്റെ കായ പച്ചയോ, പഴുത്തതോ സംഘടിപ്പിച്ച് പൊട്ടിച്ച് അതിന്റെ ഉള്ളിലെ കാമ്പ് (കഴമ്പ്) എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു വെച്ച് കഴിച്ചാല്‍ പനികള്‍ മാറും, ഉദരസംബന്ധമായ ഒട്ടുമിക്ക അസുഖങ്ങളും പോകും, ഉദരരോഗങ്ങളോടൊപ്പം വരുന്ന പനിയും മാറും, വേറെ പ്രത്യേകിച്ച് ഒരു മരുന്നും വേണ്ട. കൂവളത്തിന്റെ കായ പൊട്ടിക്കുമ്പോള്‍ കാറ്റടിയേല്‍ക്കാതെ സൂക്ഷിക്കണം. കാറ്റു കൊണ്ടാല്‍ ഉള്ളിലെ മജ്ജയുടെ നിറം പെട്ടന്നു കറുപ്പാകും. കറുപ്പുനിറം വന്നാല്‍ കയ്പ്പു കൂടും. പിന്നെ കഴിക്കാന്‍ പറ്റില്ല. വീട്ടില്‍ ഒരു ഗ്രെയിന്‍ സ്പൂണ്‍ വാങ്ങി വെയ്ക്കുക. പനി വരുമ്പോള്‍ ഒരഞ്ചു ഗ്രെയിന്‍ പൊടി കൊടുക്കുക. പനി പോകും. എല്ലാ ഉദരസംബന്ധമായ രോഗങ്ങളും പോകും.
ഇന്ന് നാം ഗ്യാസ്ട്രോയുടെ ആളുകളെ കാണുന്ന ഏതാണ്ട് 80% രോഗങ്ങളും കൂവളത്തിന്റെ കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടുമിക്ക രോഗങ്ങളും കൂവളത്തിന്റെ കായയുടെ മജ്ജ കൊണ്ടു പോകും. മേല്‍പ്പറഞ്ഞ പൊടി കഷ്ടിച്ച് ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിക്കാം. വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയിലെല്ലാം അതീവഫലപ്രദമാണ് ഈ ഔഷധം. കൂവളത്തിന്റെ കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് അപ്പാടെ കഴിച്ചാലും മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങളും ശമിക്കും.
ഒരു ആഹാരമായി ദിവസം 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ പഴുത്ത മജ്ജ മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കൊക്കപ്പുഴു പോലെയുള്ള സകല ഉദരകൃമികളും ചത്ത് മലത്തോടോപ്പം പുറത്തു പോകും. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കേണ്ട ആവശ്യമില്ല.
കൂവളത്തിന്റെ പച്ചക്കായയുടെ മജ്ജ ദിവസേന കഴിച്ചാല്‍ രക്താര്‍ശസ് (ചോര പോകുന്ന പൈല്‍സ്) പൂര്‍ണ്ണ നിയന്ത്രണത്തിലാകും.
പഴയ ആളുകള്‍ പഴുത്ത കൂവളക്കായയുടെ മജ്ജ മോരിലടിച്ചു കുടിക്കുമായിരുന്നു. മോരിലടിച്ച് ആ മോര് കാച്ചി കറിയാക്കി കഴിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഉദരരോഗങ്ങളെല്ലാം മാറുകയും ചെയ്യുമായിരുന്നു. വടക്കേയിന്ത്യക്കാര് ഇന്നും പഴുത്ത കൂവളക്കായയുടെ മജ്ജ ലസ്സി ഉണ്ടാക്കി കഴിക്കാറുണ്ട്. കൂവളക്കായയുടെ പഴുത്ത മജ്ജ കൊണ്ട് “മുറബ്ബ” ഉണ്ടാക്കി കഴിക്കാറുമുണ്ട്. മുറബ്ബ ഒരു മധുരവിഭവമാണ്. ഇതെല്ലാം ഉദരരോഗങ്ങളില്‍ നിന്ന് അനായാസമുക്തി തരുന്നവയാണ്.
ഇനി എവിടെയെങ്കിലും കൂവളത്തിന്റെ കായ കണ്ടാല്‍ കളയാതെ എടുത്തുവെച്ച് മജ്ജ ചൂര്‍ണ്ണമാക്കി സൂക്ഷിക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. സാദ്ധ്യമെങ്കില്‍ ഈ ദിവ്യവൃക്ഷം സ്വന്തം വീട്ടിലും, പൊതുസ്ഥലങ്ങളിലും വെച്ചുപിടിപ്പിക്കുക. വരുംതലമുറകള്‍ക്ക് ആരോഗ്യമുണ്ടാകും.
പൂവാങ്കുറുന്തല്‍, തുമ്പപ്പൂവ്, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും