ഔഷധസസ്യങ്ങള്‍ ¦ 37 ¦ പനിക്കൂര്‍ക്ക ¦ coleus aromaticus benth.

ഔഷധസസ്യങ്ങള്‍  ¦ 37 ¦ പനിക്കൂര്‍ക്ക ¦ coleus aromaticus benth.
ഔഷധസസ്യങ്ങള്‍ ¦ 37 ¦ പനിക്കൂര്‍ക്ക ¦ coleus aromaticus benth.

പനിക്കൂര്‍ക്ക – അമ്മമാരുടെ വൈദ്യവിജ്ഞാനത്തിലെ ഒരു പ്രധാന ഔഷധി .

കുറച്ചു കാലം മുമ്പുവരെ നാട്ടുമ്പുറങ്ങളിലെ പറമ്പുകളിൽ പ്രായേണ സുലഭമായി കാണപ്പെട്ടിരുന്ന പനിക്കൂർക്ക ഇന്ന് ചെടിച്ചട്ടികളിലെ കാഴ്ചവസ്തുവായി ഒതുങ്ങിപ്പോയ അവസ്ഥയിലാണ്. ഒട്ടുവളരെ ആമയങ്ങൾക്ക് പനിക്കൂർക്ക കൊണ്ടുള്ള അമ്മമാരുടെ കൈകണ്ട പ്രയോഗങ്ങൾ അനവധിയാണ്.

പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് അവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.

 
കുഞ്ഞുങ്ങൾക്ക് വയറ്റിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്കയില നീര് പഞ്ചസാരയും ചേർത്ത് ദിവസം മൂന്നു നാലു തവണ കൊടുത്താൽ മതി. വയറ്റിലെ അസുഖങ്ങൾ പൊതുവേ ശമിക്കും.
 
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് നെറുകയിൽ വെയ്ക്കുന്നത് കുഞ്ഞുങ്ങളിലെ മൂക്കടപ്പും ജലദോഷവും മാറാൻ സഹായകമാണ്.
 
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ പത്തു തുള്ളി വീതം മൂന്നു നേരം കൊടുക്കുകയും നീരിൽ തുണി നനച്ച്നെറ്റിയിൽ ഇടുകയും ചെയ്താൽ കുഞ്ഞുങ്ങളിലെ ജലദോഷവും മൂക്കടപ്പും ശമിക്കും.
 
മുലകുടിക്കുന്ന ശിശുക്കൾക്ക് ജലദോഷം ഉണ്ടാവാതെ സൂക്ഷിക്കാം. പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മാതാവ് കഴിച്ചാൽ മതി.
 
കുഞ്ഞുങ്ങൾക്ക് നീർവീഴ്ച ഉണ്ടായാൽ പനിക്കൂർക്കയില ചുട്ട് ചാമ്പലാക്കി ആ ചാമ്പൽ കുഞ്ഞിന്റെ ഉച്ചിയിൽ തിരുമ്മുന്ന ഒരു പ്രയോഗമുണ്ട്.
 
വായ്പ്പുണ്ണിൽ പനിക്കൂർക്കയില ചതച്ചു പിഴിഞ്ഞെടുത്ത നീര് അത്യന്തം ഫലപ്രദമാണ്. പനിക്കൂർക്കയില നീരിൽ തേൻ ചേർത്ത് പല തവണ കവിൾക്കൊണ്ടാൽ മതി.
ഉദരകൃമികള്‍ ശമിക്കാന്‍ : പനിക്കൂര്‍ക്കയില അരച്ചത്‌ 10 ഗ്രാം, രാത്രി ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം, ചൂടുവെള്ളത്തില്‍ ത്രിഫല കലക്കി കുടിച്ചാല്‍ പിറ്റേന്ന് വയറിളകും, ഉദരകൃമികള്‍ പുറത്തു പോകും.

374 ¦ ചുമ ¦ കഫക്കെട്ട്

374 ¦ ചുമ ¦ കഫക്കെട്ട്
374 ¦ ചുമ ¦ കഫക്കെട്ട്

ചുമ, കഫക്കെട്ട് അലട്ടുമ്പോള്‍
രണ്ടു ഗ്രാം കറുത്ത എള്ള്,
രണ്ടോ മൂന്നോ തുളസിയില,
കുറച്ച് ഇഞ്ചി,
കഷായം വെച്ച്
ദിവസം പല തവണ
കുടിക്കുക.
ചുമ ശമിക്കും.
കഫക്കെട്ട് മാറും.

366 ¦ പനി മാറാന്‍ തുളസി ¦HOLY BASIL FOR FEVER

366 ¦ പനി മാറാന്‍ തുളസി
366 ¦ പനി മാറാന്‍ തുളസി

പനി മാറാന്‍ തുളസി

ഒരു പനി വന്നാല്‍ ഉടനെ പാരസെറ്റാമോൾ വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോര്‍ തേടി ഓടുന്നതിന് മുമ്പ് സ്വന്തം വീട്ടില്‍ ശ്രമിച്ചു നോക്കാവുന്ന ഒരു ലളിതമായ പ്രയോഗം.

60 ഗ്രാം തുളസിയില രണ്ടുനാഴിവെള്ളത്തിൽ വെന്ത് ഒരു നാഴിയാക്കി, പാലും പഞ്ചസാരയും ചേർത്ത് ഒരു ചായകൊടുക്കുക. പനി ശമിക്കും. ഈ ചായ നിത്യവും കഴിക്കാം, പനിയില്ലെങ്കിലും ഒരു പാനീയമായി. കുറച്ച് ഏലത്തരികള്‍ കൂടി ചേര്‍ത്താല്‍ പനി പെട്ടന്നു ശമിക്കും.

ജലദോഷവും ചുമയും ചേര്‍ന്നു വരുന്ന പനികളില്‍ തുളസിയിലയും ഏലത്തരികളും ഒപ്പം കുറച്ചു ഗ്രാമ്പൂവും ചേര്‍ത്തു കഷായം വെച്ചാല്‍ പെട്ടന്നു ഫലം കിട്ടും.

മര്യാദാമസൃണമായി പറിച്ചെടുത്ത ഒരു പിടി തുളസിയിലയോടൊപ്പം, നാലോ അഞ്ചോ കുരുമുളക്‌ ചേര്‍ത്ത് നന്നായി അരച്ച് ഒരു നെല്ലിക്കാവലുപ്പം കഴിച്ചു നോക്കാം. പനി പെട്ടന്നു ശമിക്കും.

ഇതൊന്നും ഫലിച്ചില്ലെങ്കില്‍ പോരെ ഫാക്ടറികളില്‍ പടച്ച രാസവസ്തുക്കള്‍?

359 ¦ ജലദോഷവും ചുമയും ¦ ഉറക്കത്തില്‍ ഉമിനീര്‍ ഒലിപ്പിക്കല്‍

359 ¦ ജലദോഷവും ചുമയും ¦ ഉറക്കത്തില്‍ ഉമിനീര്‍ ഒലിപ്പിക്കല്‍
359 ¦ ജലദോഷവും ചുമയും ¦ ഉറക്കത്തില്‍ ഉമിനീര്‍ ഒലിപ്പിക്കല്‍

തുളസിയില, ഗ്രാമ്പൂ, ഏലക്കായുടെ തരി – ഇവയുടെ കഷായം ജലദോഷവും ചുമയും (Cough & Cold) എന്നിവയില്‍ ഉത്തമമാണ്.

വായില്‍ നിന്ന് ഉറക്കത്തില്‍ ഉമിനീര്‍ ഒഴുക്കുന്ന (Drooling) പ്രശ്നത്തിനും ഈ ഔഷധപ്രയോഗം അതീവഫലപ്രദമാണ്.

34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera
34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

🌿 ഗര്‍ഭസംരക്ഷണത്തിന് അപാമാര്‍ഗ🌿

അപാമാര്‍ഗ്ഗ – അഥര്‍വ്വവേദാന്തര്‍ഗതമായി പ്രതിപാദിക്കപ്പെടുന്ന വനസ്പതി. രാക്ഷസങ്ങളും പിശാചങ്ങളുമായ ദൃഷ്ടാദൃഷ്ടകൃമികളില്‍ നിന്ന് രക്ഷനേടാന്‍ അതീവപ്രഭാവശാലിയായ അപാമാര്‍ഗാ വനസ്പതിയെ വൈദികി പ്രകീര്‍ത്തിക്കുന്ന സൂക്തങ്ങള്‍ അഥര്‍വ്വവേദം നാലാം കാണ്ഡത്തില്‍ കാണാം.
🌱 അപാമാര്‍ഗ ഓഷധീനാം സര്‍വാസാമേക ഇദ് വശീ|
തേന തേ മൃജ്മ ആസ്ഥിതമഥ ത്വമഗദശ്ചര | 🌱
.
🌾 अपामार्ग ओषधीनां सर्वासामेक इद् वशी | तेन ते मृज्म आस्थितमथ त्वमगदश्चर |🌾
.
हे अपामार्ग ओषधे ! आप समस्त ओषधियों को वशीभूत करनेवाली अकेली ओषधि हैं | हे रोगिन ! आपके रोगों को हम अपामार्ग ओषधी से दूर करते हैं ||
🍃 ഗര്‍ഭിണികള്‍ അപാമാര്‍ഗയുടെ വേര് മുറിച്ച് ചരടില്‍ കോര്‍ത്ത്‌ അരയില്‍ കെട്ടുന്ന ഒരു പതിവ് വടക്കേ ഇന്ത്യയില്‍ ഉണ്ട്. ഗര്‍ഭസംരക്ഷണത്തിന്‍റെ ഭാഗമായ ഒരു ആചാരമാണ് അത്. കൃതഹസ്തനായ ഒരു ആയുര്‍വേദ ആചാര്യനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് പ്രസവവേദന അടുത്തെത്തുമ്പോള്‍ അപാമാര്‍ഗയുടെ വേര് മുറിച്ച് ചരടില്‍ കോര്‍ത്ത്‌ അരയില്‍ കെട്ടുന്നത് സുഖപ്രസവം സാധ്യമാക്കുന്നതായി അനുഭവം എന്നാണ്. കെട്ടുമ്പോള്‍ വേര് നാഭിയുടെ ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. പ്രസവശേഷം അഴിച്ചു മാറ്റുകയും വേണം. അന്ധവിശ്വാസികള്‍ക്ക് ശ്രമിച്ചു നോക്കാം. പ്രത്യേകിച്ച് ധനനഷ്ടമൊന്നും ഉണ്ടാക്കുന്ന പരിപാടി അല്ല. ഗുണമുണ്ടായാല്‍ അറിയിക്കാന്‍ മറക്കരുത്, ആചാര്യനെ അറിയിക്കാനാണ്. അപാമാര്‍ഗ്ഗയോടു നന്ദിയുള്ളവരുമായിരിക്കാം.
☘️ ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍, കഫക്കെട്ട്, ആസ്ത്മ ഒക്കെ അലട്ടുമ്പോള്‍ അപാമാര്‍ഗ്ഗയുടെ പഞ്ചാംഗങ്ങള്‍ ഉണക്കി ചുരുട്ടോ മറ്റോ ഉണ്ടാക്കി പുക വലിച്ചാല്‍ പെട്ടന്ന് രോഗശമനം കിട്ടും. അപാമാര്‍ഗ്ഗയുടെ പഞ്ചാംഗങ്ങള്‍ കത്തിച്ചുണ്ടാക്കുന്ന ഭസ്മം, അപാമാര്‍ഗ്ഗയുടെ ക്ഷാരം എന്നിവ സേവിക്കുന്നതും അതീവഫലപ്രദം.
🌱 സ്ത്രീപ്രജകള്‍ പ്രത്യേക കാരണങ്ങള്‍ വെളിപ്പെടാതെ ഗര്‍ഭം ധരിക്കാനാവാതെ വിഷമിക്കുമ്പോള്‍ അപാമാര്‍ഗ്ഗ സഹായകരമായേക്കാം. വൃത്തിയും വെടിപ്പും ഉള്ള ഇടങ്ങളില്‍ വളരുന്ന അപാമാര്‍ഗ്ഗയുടെ വനസ്പതി തേടിപ്പിടിച്ച്, തൊട്ടുരിയാടാതെ പറിച്ചെടുത്ത്, വേരും ഇലകളും എടുത്ത് വൃത്തിയാക്കി ചതച്ച്, ശുദ്ധമായ പശുവിന്‍പാലില്‍ ഇട്ടു സാവധാനം വേവിച്ച് ആര്‍ത്തവദിനങ്ങളില്‍ മൂന്നോ നാലോ മാസം സേവിച്ചാല്‍ ആ സ്ത്രീപ്രജ ഗര്‍ഭധാരണത്തിനു യോഗ്യയാകും. ഈ അവസ്ഥയില്‍ പ്രാണായാമം പരിശീലിക്കുന്നത് നന്ന്.
🍀 ഗര്‍ഭാശയത്തിലും യോനിയിലും ഉണ്ടാകുന്ന അണുബാധ, വീക്കം, മുറിവുകള്‍ തുടങ്ങിയ സ്ത്രൈണരോഗങ്ങളില്‍ അപാമാര്‍ഗ്ഗയുടെ ഇല അരച്ചു വൈദ്യസഹായത്തോടെ പുരട്ടുകയും അപാമാര്‍ഗ്ഗയുടെ ഇല ചതച്ചിട്ടു വെന്ത വെള്ളം കൊണ്ട് ക്ഷാളനം ചെയ്യുകയും ചെയ്‌താല്‍ ക്ഷിപ്രം രോഗശമനമുണ്ടാകും. സ്ത്രീപ്രജകളിലെ രക്തപ്രദരത്തിനും ഈ ഔഷധം ഉത്തമം.
🍃 അപാമാര്‍ഗ കേരളത്തില്‍ അറിയപ്പെടുന്നത് കടലാടി എന്നാണ്. വന്‍കടലാടി, ചെറുകടലാടി എന്ന് രണ്ടു സസ്യങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഇവിടെ പറയുന്ന സസ്യം വന്‍കടലാടിയാണ്. ചെറുകടലാടിയും ഉപയോഗിക്കാം.
🍃 ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
#arogyajeevanam #urmponline
🌱🌱☘️☘️🍀🍀🍃🍃🌿🌾🌱🌱☘️☘️🍀🍀🍃🍃🌿🌾

358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം

358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം
358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം

ആസ്ത്മയ്ക്ക് ഉമ്മം (Datura stramonium | ധുർധുരം)

മൌലികമായി ഒരു ആയുര്‍വേദചികിത്സാരീതിയായിരുന്നു ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ധൂമ്രപാനം. അതില്‍ നിന്നാവണം പുകയില എരിച്ചു വലിക്കുന്ന രീതി നിലവില്‍ വന്നത്.

ആസ്ത്മ കൊണ്ടു വലയുന്ന രോഗികള്‍ക്ക് അത്യന്തം ഫലപ്രദമായ ഒരു പ്രയോഗമാണ് ഉമ്മത്തിന്റെ ഉണങ്ങിയ ഇലകള്‍ ചുരുട്ട് പോലെയാക്കി പുകവലിക്കുന്നത്. ആസ്ത്മാ മൂലം ശ്വാസം മുട്ടല്‍ ഉണ്ടാകുമ്പോള്‍ ഈ പ്രയോഗം ഫലപ്രദമാണ്.

ഉമ്മത്തിന്റെ കായയുടെ ഉള്ളിലെ കുരുക്കള്‍, തണലില്‍ ഉണക്കിയെടുത്ത ഇലകള്‍ ഇവയുടെ ഭസ്മം തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിച്ചാല്‍ ആസ്ത്മ, ചുമ, കഫക്കെട്ട് ഒക്കെ സുഖപ്പെടും. ഉമ്മത്തിന്റെ കുരുക്കളും ഉണക്കിയ ഇലകളും ഒരു മണ്‍കലത്തില്‍ ഇട്ട് വായ തുണി കൊണ്ടു മൂടിക്കെട്ടി ആ കുടം കനലില്‍ വെച്ച് ചൂടാക്കി ഭസ്മം ഉണ്ടാക്കാം. ഈ ഭസ്മം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു നേരം അര ഗ്രാമില്‍ കൂടുതല്‍ ഭസ്മം കഴിക്കരുത്.

ഉമ്മം വിഷച്ചെടിയാണ്. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാന്‍. കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ പ്രജ്ഞ നഷ്ടപ്പെട്ട അവസ്ഥ താല്‍ക്കാലികമായി ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

31 ¦ എരിക്ക് ¦ CALATROPIS GIGANTEA

31 ¦ എരിക്ക് ¦ CALATROPIS GIGANTEA
31 ¦ എരിക്ക് ¦ CALATROPIS GIGANTEA

തിരുവോണം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷമാണ് എരിക്ക്.

കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം.

താന്ത്രികപൂജകളില്‍ പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു.

ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്‍ച്ചിക്കാന്‍ കര്‍ണ്ണാടകയിലെ അര്‍ച്ചകര്‍ വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു.

ഗണേശനും ഹനുമാന്‍ സ്വാമിയ്ക്കും വെള്ളെരിക്കിന്‍പൂവിന്‍റെ മാല അതീവപ്രിയമത്രേ.

മേല്‍പ്പറഞ്ഞത്‌ പോലെയുള്ള വിശ്വാസത്തിന്‍റെ വിഷയമായതു കൊണ്ട് ഈ സസ്യത്തെ ഈ നാട്ടുകാര്‍ വെട്ടിപ്പറിച്ചു കളയാറില്ല എന്ന് തന്നെയല്ല വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുകയും ചെയ്യാറുണ്ട്. പലരുടെയും വീടുകളില്‍ എരിക്ക് വളര്‍ത്തുന്നത് കാണാം. മരുന്നുണ്ടാക്കാന്‍ പൂവ് വേണമെങ്കില്‍ എങ്ങും തിരഞ്ഞുനടക്കേണ്ട കാര്യമില്ല, ഏതെങ്കിലും ശിവക്ഷേത്രത്തിന്‍റെയോ ഗണേശക്ഷേത്രത്തിന്‍റെയോ ആഞ്ജനേയക്ഷേത്രത്തിന്‍റെയോ പരിസരത്തുള്ള പൂക്കടകളില്‍ സുലഭമായി ലഭിക്കും എരിക്കിന്‍ പൂവ് (കേരളത്തിലെ കാര്യം ഉറപ്പില്ല).

മുമ്പ് ഒരു പോസ്റ്റില്‍ എരിക്കിനെക്കുറിച്ചും എരിക്ക് ഉപയോഗിച്ചുള്ള ഔഷധപ്രയോഗങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിരുന്നു:
27 | എരുക്ക് | CALATROPIS GIGANTEA

അന്ന് ചര്‍ച്ച ചെയ്യാഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍

സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.

എരിക്കിന്‍റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.

നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്‍റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.

സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്‍റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്‍റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.

ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്‌. എരിക്കിന്‍ പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.

ഇതൊക്കെ പഠിച്ച കാര്യങ്ങള്‍ ആണ്. പ്രയോഗത്തില്‍ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എങ്കിലും നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക. പതിവു പോലെ അറിഞ്ഞ കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഈ ലേഖനം.

@anthavasi

31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri

31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri
31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri

കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്.

ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച
ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച
ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ
പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ
(ഭാവപ്രകാശം)

ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ
കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ
ഇതി ദശേമാനി കാസഹരാണി ഭവന്തി |
ശടീ പുഷ്കരമൂലാമ്ളവേതസൈലാഹിംഗ്വഗുരൂ
സുരസാ താമലകീ ജീവന്തീ ചണ്ഡാ
ഇതി ദശേമാനി ശ്വാസഹരാണി ഭവന്തി |
(ചരകം)

കീഴാര്‍നെല്ലിയ്ക്ക് ഭൂമ്യാമലകികാ, ശിവാ, താമലകീ, ബഹുപത്രാ, ബഹുഫലാ, ബഹുവീര്യാ, അജടാ, ഭൂധാത്രീ ഇങ്ങനെ പേരുകള്‍. സസ്യശാസ്ത്രനാമം Phyllanthus Niruri.

തിക്ത-കഷായ-മധുര രസം. ശീത വീര്യം.

വാതത്തെ വര്‍ദ്ധിപ്പിക്കും. കാസം, തണ്ണീര്‍ദാഹം, രക്തദോഷം, കഫം, പാണ്ഡുരോഗം (അനീമിയ), ക്ഷതം എന്നിവയെ ശമിപ്പിക്കും.

കാസശ്വാസഹരവും, മൂത്രത്തെ വര്‍ദ്ധിപ്പിക്കുന്നതും, ദാഹത്തെ ശമിപ്പിക്കുന്നതും, ശോഫഹരവും, വ്രണത്തെ ഉണക്കുന്നതും, ജ്വരഹരവും ആകുന്നു. പഞ്ചാംഗകഷായം മലേറിയയെ ശമിപ്പിക്കും.

മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി.
പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില്‍ (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും.
വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.

കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.

കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.

പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.

കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത്‌ പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.

അഞ്ചു മില്ലി ചിറ്റമൃതിന്‍ നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്‍റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന്‍ നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും.
മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.

കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള്‍ കവിള്‍ക്കൊണ്ടാല്‍ വായ്‌പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.

കീഴാര്‍നെല്ലി സമൂലം പറിച്ച് ഉണക്കി പൊടിച്ചു ചൂര്‍ണ്ണമാക്കി, കഞ്ഞിവെള്ളത്തില്‍ ചാലിച്ച് മുറിവുകളിലും വ്രണങ്ങളിലും വെച്ചുകെട്ടിയാല്‍ മുറിവുകളും വ്രണങ്ങളും ശമിക്കും.

കീഴാര്‍നെല്ലിയുടെ ഇലയും കരയാമ്പൂവും മുലപ്പാലില്‍ അരച്ച് നെറ്റിയില്‍ ലേപനം ചെയ്‌താല്‍ ശക്തമായ തലവേദനയും ശമിക്കും.

കീഴാര്‍നെല്ലി പാലില്‍ അരച്ചു തലയില്‍ നിത്യം പൊതിഞ്ഞാല്‍ തലയില്‍ രോമവളര്‍ച്ചയില്ലാത്തവരില്‍ രോമവളര്‍ച്ച ഉണ്ടാകും എന്ന് ഒരു യൂനാനി പ്രയോഗം ഉണ്ട്.

കീഴാര്‍നെല്ലി അരച്ച് മോരില്‍ (തക്രം) സേവിച്ചാല്‍ സാധാരണ ഛര്‍ദ്ദി നില്‍ക്കും. കൃമിബാധയുള്ളവര്‍ സേവിച്ചാല്‍ കൃമികള്‍ നശിക്കും.

കീഴാര്‍നെല്ലി സമൂലം പറിച്ചെടുത്ത് അരച്ചു മോരില്‍ സേവിച്ചാല്‍ പഴകിയ ആമാതിസാരവും രക്താതിസാരവും ശമിക്കും.

അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല്‍ പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.

ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.

കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്‍ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.

കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.

അന്ധവിശ്വാസം : ഇനി ഒരല്‍പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്‍മാരുടെ മതം.

മുന്‍‌കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന്‍ അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.
@anthavasi

29 ¦ ആര്യവേപ്പ് ¦ AZADIRACHTA INDICA

29 ¦ ആര്യവേപ്പ് ¦ AZADIRACHTA INDICA
29 ¦ ആര്യവേപ്പ് ¦ AZADIRACHTA INDICA

സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്‍ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് സംസ്കൃതഭാഷയില്‍ വിവക്ഷിക്കുന്ന സസ്യമാണ് ആര്യവേപ്പ്. ഇത് കൂടാതെ മഹാനിംബ, കൃഷ്ണനിംബ എന്ന് വേറെ രണ്ടു തരം വേപ്പുകളെക്കുറിച്ച് അഭിധാനമജ്ഞരി പ്രതിപാദിക്കുന്നുണ്ട്. മലയാളത്തില്‍ യഥാക്രമം ഇവ മലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു.

വേപ്പിന്‍റെ ഗുണങ്ങളെക്കുറിച്ച് “ഗുണപാഠം” ഇപ്രകാരം പറയുന്നു:

“വേപ്പിന്‍റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത്
കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം
അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം
ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം
വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം”

വേപ്പിന്‍റെ പൊതുവെയുള്ള ഗുണാഗുണങ്ങളെക്കുറിച്ച് ഭാവപ്രകാശം പറയുന്നതിങ്ങനെ:

“നിംബ: ശീതോ ലഘു: ഗ്രാഹീ കടുപാക: അഗ്നി വാതനുത്
അഹൃദ്യ: ശ്രമ തൃട് കാസ ജ്വര അരുചി കൃമിപ്രണുത്
വ്രണ പിത്ത കഫ ച്ഛര്‍ദ്ദി കുഷ്ഠ ഹൃല്ലാസ മേഹ നുത്”

ശീതം  ¦ ശരീരത്തെ തണുപ്പിക്കുന്നത്
ലഘു ¦ വളരെ പെട്ടന്ന് ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നത്
ഗ്രാഹി ¦ ഈര്‍പ്പം വലിച്ചെടുത്ത് ഉണക്കുന്നത്
അഹൃദ്യം ¦ ഹൃദയത്തിന് അത്ര നല്ലതല്ലാത്തത്
ശ്രമഹരം ¦ ക്ഷീണം  അകറ്റുന്നത്
തൃട്ഹരം ¦ ദാഹം അകറ്റുന്നത്
കാസഹരം ¦ ചുമ ശമിപ്പിക്കുന്നത്
ജ്വരഹരം ¦ ജ്വരത്തില്‍ ഉപയോഗ്യം
അരുചിഹരം ¦ അരുചി – Anorexia – ശമിപ്പിക്കുന്നത്
കൃമിഹരം ¦ വിരകള്‍, കൃമികള്‍ ഇവയെ ശമിപ്പിക്കുന്നത്
വ്രണഹരം | മുറിവുകളെ ഉണക്കുന്നത്
പിത്ത കഫഹരം ¦ പിത്ത കഫങ്ങളെ സമീകരിക്കുന്നത്
ചര്‍ദ്ദി ഹൃല്ലാസ ഹരം ¦ ചര്‍ദ്ദിയും മനംപുരട്ടലും ശമിപ്പിക്കുന്നത്
കുഷ്ഠഹരം ¦ ത്വക്-രോഗങ്ങളില്‍ ഉപയോഗ്യം
മേഹനുതം ¦ പ്രമേഹത്തിലും മൂത്രാശയരോഗങ്ങളിലും ഉപയോഗ്യം

[രസാദിഗുണങ്ങള്‍]

രസം : തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു

[കൂടുതല്‍ ആധികാരികമായ പരാമര്‍ശങ്ങള്‍ : https://urmponline.wordpress.com/2017/02/09/ref-azadirachta-indica/ ]

കേട്ടും വായിച്ചും അറിഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍:

[തണ്ട്]

1] വേപ്പിന്‍റെ തണ്ട് പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പതിവ് ഇന്ത്യയില്‍ പല ഭാഗത്തും ഉണ്ടായിരുന്നു. വായ്‌നാറ്റം അകറ്റാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഇത്. വ്യാവസായികമായി വിപണനം ചെയ്യപ്പെടുന്ന പല ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി ഉത്പന്നങ്ങളില്‍ വേപ്പ് ഒരു പ്രധാനഘടകമാണ്.

[ഇല]

വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് “ഭാവപ്രകാശം” ഇങ്ങനെ പറയുന്നു:

“നിംബപത്രം സ്മൃതം നേത്ര്യം കൃമിപിത്തവിഷപ്രണുത്
വാതളം കടുപാകം ച സര്‍വ്വാരോചകകുഷ്ഠനുത്”

വേപ്പില കണ്ണുകള്‍ക്ക്‌ നന്ന്, അണുബാധ ഒഴിയാന്‍ സഹായിക്കുന്നു. കൃമികളെയും അദൃശ്യങ്ങങ്ങളായ അണുകങ്ങളെയും നശിപ്പിക്കുന്നു. പിത്തത്തെ സമീകരിക്കുന്നു. പ്രകൃത്യാ വിഷത്തെ നിര്‍വ്വീര്യമാക്കുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുന്നു. ത്വക്-രോഗങ്ങളെയും വിശപ്പില്ലായ്മയെയും ശമിപ്പിക്കുന്നു.

വേപ്പിന്‍റെ ഇലകള്‍ അന്തരീക്ഷമലിനീകരണത്തെ തടയുന്നു.

2] ഏഴ് ആര്യവേപ്പിലയോടൊപ്പം, ഏഴ് കൊത്തമല്ലിയും ഒരു ചെറിയ കഷണം പച്ചമഞ്ഞളും അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.

3] വേപ്പിലനീര് കഴിച്ചാല്‍ കാമില (മഞ്ഞപ്പിത്തം) ശമിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി – മൂന്നിലും വേപ്പിലയുടെ സ്വരസം ഗുണം ചെയ്യും.

4] വേപ്പിലനീര് അരച്ചു നിത്യം സേവിക്കുന്ന പതിവ് വനവാസികളായ താപസരുടെ ഇടയില്‍ ഉണ്ടായിരുന്നു. “നിംബകല്‍പ്പം” സേവിക്കുന്നതു വഴി തേളിന്റെയും പാമ്പിന്റെയും വിഷം ബാധിക്കില്ല.

5] വിഷജന്തുക്കലുടെ ദംശനം ഏറ്റാല്‍ വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു കടിവായില്‍ പുരട്ടിയാല്‍ വിഷം ശമിക്കും. ഈ ലേപം ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്-രോഗങ്ങളിലും ഫലപ്രദമാണ്.

6] ആര്യവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുരുട്ടി വെറും വയറ്റില്‍ കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള മിക്ക ത്വക്-രോഗങ്ങള്‍ക്കും ശമനമേകും.

7] തീപ്പൊള്ളല്‍ ഏറ്റാല്‍ വേപ്പില നന്നായി അരച്ചു പുരട്ടുന്നത് ശമനത്തിനു നല്ലതാണ്.

8] വേപ്പിലയുടെ സ്വരസം (10 മില്ലി വരെ) സമം തേന്‍ ചേര്‍ത്ത് മൂന്നുനാലു ദിവസം രാവിലെയും വൈകിട്ടും കഴിച്ചാല്‍ വയറ്റിലെ കൃമിബാധ ശമിക്കും. കാമിലയിലും ഈ പ്രയോഗം ഫലപ്രദം. മലവേപ്പും ആര്യവേപ്പും ഒരുപോലെ ഗുണപ്രദം.

9] വസൂരി ഇന്ന് അന്യമാണ്. വസൂരി ബാധിച്ചാല്‍ വേപ്പിന്റെ ഇല അരച്ചു പുരട്ടുന്നത് ഫലപ്രദം. ആതുരനെ വേപ്പില വിരിച്ച കിടക്കയില്‍ കിടത്തുകയും, വേപ്പില കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശുകയും ചെയ്യുന്നത് നന്ന്. ചിക്കന്‍പോക്സ് പോലെയുള്ള രോഗങ്ങള്‍ക്ക് ഈ പ്രയോഗം കൊണ്ട് ശമനം കിട്ടും.

10] വേപ്പില, പടവലം, എള്ള്, നെല്ലിക്ക – ഇവയുടെ കഷായം നിത്യം കണ്ണില്‍ ഒഴിക്കുന്നത് തിമിരം വളരാതിരിക്കാന്‍ നന്ന്.

11] ത്വക്-രോഗങ്ങളില്‍ വേപ്പിലയും പച്ചമഞ്ഞളും ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടി കുളിക്കുന്നത് അത്യന്തം ഫലപ്രദമാണ്. പല ത്വക്-രോഗങ്ങളും ഈ പ്രയോഗം ഒന്നുകൊണ്ടു മാത്രം ശമിക്കും.

12] വേപ്പില, കര്‍പ്പൂരം, കായം, ശര്‍ക്കര – നാലും സമം ചേര്‍ത്ത് ഉണ്ടാക്കിയ ഗുളിക നിത്യം അത്താഴശേഷം കഴിക്കുന്നത്‌ സാംക്രമികരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായകമാണ്.

13] വേപ്പിലക്കഷായം ചര്‍മ്മരോഗങ്ങളിലും വ്രണങ്ങളിലും കഴുകുവാന്‍ ഉത്തമമാണ്.

14] വേപ്പില അരച്ചു കഴിക്കുന്നത്‌ പ്രമേഹശമനത്തിന് നന്ന്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്യവേപ്പിന്‍റെ 11 ഇലകള്‍ അര്‍ദ്ധരാത്രിയില്‍ പറിച്ച്, 108 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായി മാറും എന്നത് ഉപദേശരഹസ്യം.

[കുരുവും എണ്ണയും]

വേപ്പിന്‍റെ കായയുടെ ഗുണങ്ങളെ ഭാവപ്രകാശം ഇങ്ങനെ പ്രകാശിപ്പിക്കുന്നു.
“നൈംബം ഫലം രസേ തിക്തം പാകേ തു കടു ഭേദനം
സ്നിഗ്ധം ലഘൂഷ്ണം കുഷ്ഠഘ്നം ഗുല്‍മാര്‍ശ കൃമിമേഹനത്”

വേപ്പിന്‍ഫലം ഗുല്‍മം, അര്‍ശസ്, കൃമിബാധ, പ്രമേഹം എന്നീ അവസ്ഥകളെ ശമിപ്പിക്കുന്നുവെന്ന് ഭാവപ്രകാശം. വിരേചകമാണ്, ആകയാല്‍ മലബന്ധത്തില്‍ ഫലപ്രദം.

15] വേപ്പിന്‍കുരു പൊടിച്ചു തലയില്‍ പുരട്ടിയാല്‍ താരന്‍, ഈര്, പേന്‍ – മൂന്നും ശമിക്കും.

16] വേപ്പിന്‍കുരു കഞ്ഞുണ്ണിനീരിലും, വേങ്ങാക്കാതല്‍ക്കഷായത്തിലും ഏഴു തവണ ഭാവന ചെയ്ത്, എണ്ണയെടുത്ത് നിത്യം നസ്യം ചെയ്യുകയും, പാല്‍ ചേര്‍ത്ത് ചോറ് കഴിക്കുകയും ചെയ്‌താല്‍ നരച്ച രോമങ്ങള്‍ കറുക്കും, മുടി കിളിര്‍ക്കും.

17] വേപ്പിന്‍കുരു വറുത്തു പൊടിച്ച്, തുരിശ് ചേര്‍ത്തരച്ചു മലദ്വാരത്തില്‍ പുരട്ടിയാല്‍ അര്‍ശാങ്കുരങ്ങള്‍ ശമിക്കും.

18] വേപ്പിന്‍കുരുവില്‍ നിന്നെടുക്കുന്ന എണ്ണ – വേപ്പെണ്ണ – പുരട്ടി പോക്കുവെയില്‍ കൊള്ളിക്കുന്നത്‌ ബാലകര്‍ക്ക് ആരോഗ്യമുണ്ടാകാന്‍ സഹായകമാണ്.

19] മുറിവുണ്ടായാല്‍ ഉടനെ വേപ്പെണ്ണ പുരട്ടുന്നത് ടെറ്റനസ് ബാധ തടയും.

20] വ്രണങ്ങളില്‍ വേപ്പെണ്ണ പുരട്ടിയാല്‍ അവ വടു ഇല്ലാതെ ഉണങ്ങും.

21] സകല ത്വക്-രോഗങ്ങളിലും വേപ്പെണ്ണ ഉള്ളില്‍ കഴിക്കുന്നത്‌ ശമനദായകമാണ്. അഞ്ചു തുള്ളി വരെ പാലില്‍ കഴിക്കാം. സോറിയാസിസ് ബാധയില്‍ ഫലപ്രദമാണെന്ന് വൈദ്യമതം.

22] പ്രമേഹത്തില്‍ വേപ്പെണ്ണ അഞ്ചു തുള്ളി വരെ പാലില്‍ ചേര്‍ത്തു കഴിക്കുന്നത്‌ അതീവഫലപ്രദമാണ്.

23] വ്യാവസായികമായി ജൈവകീടനാശിനികളും, ഔഷധസോപ്പുകളും നിര്‍മ്മിക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കപ്പെടുന്നു.

24] തെങ്ങിന് ഉണ്ടാകുന്ന മണ്ഡരിബാധ ശമിപ്പിക്കാനുള്ള കഴിവ് വേപ്പെണ്ണയ്ക്ക് ഉണ്ട്.

[തൊലി ¦ പട്ട]

25] വേപ്പിന്‍റെ തൊലി കഷായം വെച്ച് അതില്‍ ചേര്‍ക്കുരു ശുദ്ധി ചൂര്‍ണ്ണം മേല്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത്‌ രക്താര്‍ബുദത്തെ ശമിപ്പിക്കും എന്ന് അനുഭവസാക്ഷ്യം.

26] വേപ്പിന്‍റെ തോലും വാല്‍മുളകും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ സന്ധിവാതം മൂലമുള്ള വേദനയും നീരും ഉടനടി ശമിക്കും.

[പലവക]

27] വേപ്പിന്‍റെ ചിനപ്പ് ¦ തളിര് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അതീവഫലപ്രദമാണ്. ബ്രോങ്കൈറ്റിസ്, കാസം എന്നിവയില്‍ വേപ്പിന്‍റെ തളിര് കഷായം വെച്ച് കഴിച്ചാല്‍ ശമിക്കും.

28] വേപ്പിന്‍റെ പൂക്കള്‍ കണ്ണുകള്‍ക്ക്‌ നല്ലതാണ്.

29] രക്തസ്രാവമുള്ള അവസ്ഥകളില്‍ വേപ്പ് ഫലപ്രദമാണ് (രക്തപിത്തനുത്)

[ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍]

30] വേപ്പിന് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ കഴിവുള്ളതു കൊണ്ട് ഉപവാസസമയങ്ങളില്‍ വേപ്പ് കഴിക്കുന്നത് ശ്രദ്ധിച്ചു വേണം.

31] പ്രമേഹരോഗികള്‍ വേപ്പ് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം വേണം. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കെണ്ടതും അത്യാവശ്യം.

32] കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വൈദ്യനിര്‍ദ്ദേശമനുസരിച്ച് മാത്രം വേപ്പ് ഉപയോഗിക്കണം.

33] വേപ്പെണ്ണ കണ്ണില്‍ വീണാല്‍ നീറ്റല്‍ ഉണ്ടാകാം, ആകയാല്‍ തലയില്‍ പുരട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം.

34] അമിതമായി ഉപയോഗിക്കരുത്. ഹൃദയത്തിന് അത്ര നല്ലതല്ല.

[കുറിപ്പ്]

ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല. സ്വയം ചികിത്സ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക. കൃതഹസ്തരായ വൈദ്യന്‍മാരുടെ ഉപദേശാനുസാരം മാത്രം ഔഷധങ്ങള്‍ കഴിക്കുക.

ആരാണ് വൈദ്യന്‍ എന്നറിഞ്ഞ് ചികിത്സ തേടുക. വായിക്കുക : https://anthavasi.wordpress.com/2016/04/04/who-is-vaidya/

27 | എരുക്ക് | CALATROPIS GIGANTEA | CALATROPIS PROCERA

27 | എരുക്ക് | CALATROPIS GIGANTEA | CALATROPIS PROCERA
27 | എരുക്ക് | CALATROPIS GIGANTEA | CALATROPIS PROCERA

ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്‍ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം.

എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്:

[ചരകം]
ക്ഷീരമര്‍ക്കസ്യ ലവണേ ച വിരേചനേ

[സഹസ്രയോഗം]
വെള്ളെരുക്കിന്റെ മൂലമരച്ചിട്ടങ്ങെടുത്തുടന്‍
പാലില്‍ കലക്കി സേവിച്ചാല്‍ തടിപ്പും കുഷ്ഠവും വിഷം
ചിരങ്ങും പുണ്ണുമെല്ലാമേ ശമിച്ചീടുമസംശയം
വെള്ളെരുക്കു സമൂലത്തെ പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ചിരങ്ങും കുഷ്ഠവും വീക്കം കരപ്പന്‍ വകയോക്കെയും
ചെറുതായ വിഷങ്ങള്‍ക്കും കാമലയ്ക്കും വിശേഷമാം.
മേല്‍പ്പറഞ്ഞ മരുന്നിന്റെ സമൂലം ശരിയായുടന്‍
അരച്ചു പച്ചവെള്ളത്തില്‍ ത്തിളപ്പിച്ചങ്ങു പിന്നെയും
അല്‍പ്പം ചൂടോടു കൂടീട്ടു കവിള്‍ക്കൊള്ളുകിലപ്പോഴെ
ദന്തശൂല ശമിച്ചീടുമുടനേയെന്നുനിര്‍ണ്ണയം.

[ഭാവപ്രകാശം]
അലര്‍ക്കകുസുമം വൃഷ്യം ലഘു ദീപനപാചനം
അരോചകപ്രസേകാര്‍ശ: കാസശ്വാസനിവാരണം
രക്താര്‍ക്കപുഷ്പം മധുരം സതിക്തം
കുഷ്ഠകൃമിഘ്നം കഫനാശനഞ്ച
അര്‍ശോവിഷംഹന്തി ച രക്തപിത്തം
സംഗ്രാഹി ഗുല്‍മേശ്വയഥോ ഹിതം തത്

[ധന്വന്തരി നിഘണ്ടു]
അര്‍ക്കസ്തു കടുരുഷ്ണാശ്ച വാതഹത് ദീപന: സര:
ശോഫവ്രണഹരകണ്ഡുകുഷ്ഠപ്ലീഹകൃമീജ്ജയേത്

രക്താര്‍ക്കപുഷ്പം മധുരം സശീതം
കുഷ്ഠകൃമിഘ്നം കഫനാശനം ച
അര്‍ശോവിഷം ഹന്തി ച രക്തപിത്തം
സംഗ്രാഹിഗുല്‍മശ്വയഥോഹിതം തത്.

ത്വക്രോഗങ്ങള്‍, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.

എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.

എരിക്കിന്റെ വേരിന്മേല്‍ത്തൊലി ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാല്‍ വാതം കൊണ്ടു തളര്‍ന്ന ഭാഗങ്ങള്‍ക്ക് തളര്‍ച്ച മാറി ഉന്മേഷം ലഭിക്കും.

എരിക്കിന്റെ കറ തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് ശമിക്കും.

എരിക്കിന്‍വേര് കഷായം വെച്ച് ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ, നാവുകുഴയല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.

സര്‍പ്പദംശനം ഏറ്റ ഉടനെ മൂന്നോ നാലോ എരിക്കില ചവച്ച് ഇറക്കുകയും പച്ചവേര് ചതച്ച് കടിവായില്‍ വെച്ചുകെട്ടുകയും ചെയ്യുന്നത് വിഷവ്യാപ്തി തടയും. രക്ഷപ്പെടാന്‍ സാധ്യത കൂടും.

വേരിന്മേല്‍ത്തൊലി മൂലക്കുരു – അര്‍ശസിന് ഫലപ്രദമാണ് എന്ന് ചരകസംഹിത. ചെവിവേദന, കാസശ്വാസങ്ങള്‍ എന്നിവയില്‍ എരിക്ക് ഫലപ്രദമാണ് എന്ന് സുശ്രുതസംഹിത. ഹെര്‍ണിയ, തേള്‍വിഷം, മൂര്‍ഖവിഷം എന്നിവയില്‍ എരിക്ക് ഫലപ്രദമെന്ന് ചക്രദത്തം. മഹോദരത്തില്‍ ഫലപ്രദമെന്നു ഭാവപ്രകാശം.

വെള്ളെരിക്കിന്റെ ഉണങ്ങിയ പൂവ് കുരുമുളക്, ചുക്ക്, ഇന്തുപ്പ് ഇവയോടൊപ്പം വെറ്റിലയിൽ ചവച്ച് ഇറക്കിയാൽ ശ്വാസകാസങ്ങൾ മാറും. കഫക്കെട്ട് ശമിക്കും.

എരിക്കിന്റെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന പുഴുക്കടി | തഴുതണം ശമിക്കും.

എരിക്കിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു മൂന്നും സമം ചേർത്തരച്ച് രണ്ട് ഗ്രാം വീതം ഗുളിക ഉരുട്ടി കഴിക്കുന്നത് വാതരോഗം, സന്ധിഗത വാതം, ആമവാതം എന്നിവയെ ശമിപ്പിക്കും.

ചൊറി, ചിരങ്ങ്, മറ്റു ത്വക്-രോഗങ്ങൾ ഇവ ശല്യപ്പെടുത്തുമ്പോൾ, എരിക്കില ചെറുതായി അരിഞ്ഞെടുത്ത്, അതിൽ വരട്ടുതേങ്ങാപ്പീര ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞ് എടുത്ത നീരിൽ അല്പം ഗന്ധകം പൊടിച്ചിട്ട് ലേപനം ചെയ്യുന്നത് നല്ലതാണ്. ത്വക് – രോഗങ്ങൾ ശമിക്കും.

വെള്ള എരിക്കിൻ വേര് അരി കഴുകിയ കാടിയിൽ അരച്ചു ലേപനം ചെയ്താൽ മന്തുരോഗം ശമിക്കും.

വെള്ള എരിക്കിൻ തൊലി ചതച്ച് ഉരുട്ടി, കടുക് അരച്ചു പൊതിഞ്ഞ്, ചെളിമണ്ണു കൊണ്ടു പൊതിഞ്ഞ്, കനലിൽ ചുട്ട്, തണുപ്പിച്ച്, മണ്ണ് അടർത്തിക്കളഞ്ഞ് എടുത്തു കടുകെണ്ണയിൽ ചാലിച്ചു ലേപനം ചെയ്താൽ വിചർച്ചിക | എക്സിമ | ECZEMA ശമിക്കും.

എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും. കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന്‍ പൂവില്‍ വിഷാംശം ഉണ്ട് എന്ന് മറക്കരുത്.

എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും. വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.

എരിക്കിന്‍പാല് തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് മാറും

എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.

ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്‍റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.

വെള്ള എരിക്കിന്‍റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച്‌ നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും. വെള്ള എരിക്കിന്‍റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്. എരിക്കിന്‍റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.

ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്‍റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.

ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.

അരിമ്പാറ മാറാന്‍ : എരിക്കിന്‍റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്‍പാല്‍ അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.

എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച്, പുകയേല്‍പ്പിച്ചാല്‍, പുറത്തേക്കു തള്ളി നില്‍ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും, അസ്വസ്ഥത കുറയും, പൈല്‍സിന്റെ വലുപ്പം കുറയും.

സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന മീശ മാറാന്‍ എരിക്കിന്‍റെ പാല് (ഇല അടര്‍ത്തുമ്പോള്‍ ഊറിവരുന്ന കറ) ബാധിച്ച ഭാഗത്ത് പുരട്ടിയാല്‍ മതി.

എരിക്ക് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അങ്ങനെ വിഷബാധ ഉണ്ടായാല്‍ നീലയമരിയുടെ സ്വരസം 10 മില്ലി വീതം രണ്ടു നേരം ദിവസവും കഴിക്കാം. പുളിയിലയുടെ സ്വരസം 15 മില്ലി അത്രയും തന്നെ വെള്ളത്തില്‍ രണ്ട് പ്രാവശ്യം ദിവസവും കഴിക്കുന്നതും നന്ന്.

എരിക്കിന്റെ ഔഷധപ്രയോഗങ്ങള്‍ ഇനിയും അസംഖ്യം ഉണ്ട്. അത് തുടര്‍ന്നുള്ള ലേഖനങ്ങളില്‍.

ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.