[രണ്ടാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ]
വിമന്‍സ് ലിബറേഷന്‍, സ്ത്രീയുടെയും പുരുഷന്റെയും ആയുസ്സ്!
പണ്ട് അയല്പക്കക്കാരോട് അതിര്‍ത്തിത്തര്‍ക്കമുണ്ടാക്കുക, ഭാര്യയുടെ അച്ഛനോടും തന്റെ അച്ഛനമ്മമാരോടും ഭാഗം വെയ്പ്പിക്കാന്‍ വേണ്ടി വഴക്കുണ്ടാക്കുക, കാണുന്നവരോടൊക്കെ ഏറ്റുമുട്ടുക, കുട്ടികളെ തല്ലുക, ശാസിക്കുക, പള്ളിക്കൂടത്തില്‍പ്പോയി മാര്‍ക്ക് കുറഞ്ഞാല്‍ ചോറ് കൊടുക്കാതിരിക്കുക, ഇറക്കി വിടുക, തെറ്റിനു ശിക്ഷിക്കുക, പെണ്മക്കള്ക്കു ചെറുക്കനെ കണ്ടുപിടിക്കുക, വിവാഹത്തിനു സജ്ജീകരണങ്ങള്‍ നടത്തുക, വസ്തു വാങ്ങുക, കൊടുക്കുക, പലിശ മേടിക്കുക, കടം വാങ്ങുക, കടം കൊടുക്കുക, വീട് വെയ്ക്കുക, അതിന്റെ സംഭാരങ്ങള്‍ ഒരുക്കുക, പണിക്കാരെ നിര്‍ത്തുക, അവരോടു മല്ലടിച്ച് പണി ചെയ്യിപ്പിക്കുക, തുടങ്ങിയവയെല്ലാം പുരുഷനാണ് ചെയ്തിരുന്നത്.
അന്ന് ഒരു വണ്ടിയില്‍ കയറിയാല്‍ ടിക്കറ്റ് എടുത്തിരുന്നത് പുരുഷന് ആണ്. പുരുഷന്റെ കയ്യില്‍ ആയിരുന്നു പണസഞ്ചി. വീട്ടിലെ വരവ്-ചെലവ് നോക്കിയിരുന്നത് പുരുഷന് ആയിരുന്നു. ശരിയാണോ ആവോ?
പുതിയ ചെറുപ്പക്കാര്‍ക്ക് ഇതൊക്കെ കേട്ടിട്ട് കഥ പറയുകയാണോ എന്ന് തോന്നുന്നു, അല്ലേ? നിങ്ങളുടെ മുഖത്തെ അത്ഭുതം കാണുമ്പോള്‍ എനിക്ക് അത് മനസ്സിലാകുന്നുണ്ട്. സംശയിക്കണ്ട, പണ്ട് അങ്ങനെയായിരുന്നു. അല്ലെങ്കില്‍ ഇവിടെ ഉള്ള വയസ്സന്മാര് പറയട്ടെ.
ഇന്ന് അങ്ങനെ അല്ല. സമ്മതമാണ്. പക്ഷെ പണ്ട് അങ്ങനെ ആയിരുന്നു.
അന്ന് സ്ത്രീ, കുട്ടിയെ കുളിപ്പിക്കുക, കുട്ടിയ്ക്ക് മുല കൊടുക്കുക, ഭര്‍ത്താവിനെയും കുടുംബത്തെയും പരിചരിക്കുക, വരുന്നവര്‍ക്ക് നല്ല ആഹാരം ഉണ്ടാക്കി കൊടുക്കുക, അയല്‍ പക്കവുമായി സ്നേഹത്തില്‍ കഴിയുക, ഭര്‍ത്താവ് വല്ല വഴക്കും ഉണ്ടാക്കിയാല്‍ “മനുഷ്യാ… നിങ്ങള്‍ ഒന്ന് അടങ്ങ്…” എന്ന് പറഞ്ഞ് സമാധാനിപ്പിക്കുക, ശാന്തനായി ഇരുത്തുക, കുട്ടിയ്ക്ക് അടി കിട്ടാതെ നോക്കുക, വഴക്ക് കിട്ടിയ കുഞ്ഞിന്റെ മനസ്സ് ആറ്റുക, വിനയവും സൌശീല്യവും ജീവിച്ചു കാണിക്കുക ഒക്കെയാണ് ചെയ്തു പോന്നത്.
നന്മയുള്ള ഒട്ടേറെക്കാര്യങ്ങള്‍ വേറെയും അന്ന് അവരുടെ Portfolio-യില്‍ ഉണ്ടായിരുന്നു. അയല്പക്കത്ത് എന്തെങ്കിലും വിശേഷം വന്നാല്‍ ചെന്നു സഹായിക്കുക, പാത്രങ്ങളും മറ്റു സാധനങ്ങളും അവിടെ കുറവുണ്ടെങ്കില്‍ ആരും അറിയാതെ കൊണ്ടുക്കൊടുക്കുക, തന്റെ വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ അതിന്റെ പങ്ക് എത്തിച്ചു കൊടുക്കുക, ചക്കയോ മാങ്ങയോ കിഴങ്ങോ മറ്റോ ഉണ്ടായാല്‍ അതില്‍ ഒരു പങ്ക് നല്‍കുക, ചീരയും വെണ്ടയും ഒക്കെ നടുമ്പോള്‍ അരിയോടോപ്പം വിഷം കലര്‍ത്തി ഇടുന്നതിനു പകരം ഉറുമ്പിനും മറ്റു ജീവികള്‍ക്കും തിന്നാന്‍ മുറിയരി ഇട്ടു കൊടുക്കുക, വളര്‍ത്തുന്ന പശുവിനെയും കോഴിയെയും ഒക്കെ സ്വന്തം മക്കളെപ്പോലെ നോക്കുക, ഇങ്ങനെ ജീവിതത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൊക്കെ നന്മയുടെ അംശം ഉണ്ടായിരുന്നു.
ഇന്ന് സ്ത്രീയുടെ പണിയൊക്കെ മാറി. ഇപ്പോള്‍ പണശ്ശീല കൊണ്ടുനടക്കുന്നത് സ്ത്രീ ആണ്. ബസ്സില്‍ കയറുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് അവളാണ്. കല്യാണം നിശ്ചയിക്കുക, കുട്ടിയെ മാര്‍ക്ക് കുറഞ്ഞാല്‍ വീടിനു പുറത്ത് ഇറക്കി നിര്‍ത്തുക, അടിക്കുക, ബഹളം വെയ്ക്കുക, ഉള്ള എല്ലാ ടെന്‍ഷനിലും ചെന്നു ചാടുക – ഒക്കെ സ്ത്രീ ആണ് ചെയ്യുന്നത്.
പണ്ട് സ്ത്രീ കൊച്ചിനെ എടുത്തു വരുന്നതും പുരുഷന് മുന്നില്‍ നടക്കുന്നതും, പുരുഷന്റെ ഒപ്പം നടന്ന് എത്താന്‍ വിഷമിക്കുന്നതും പല വഴികളിലും കാണാമായിരുന്നു. ഇന്നോ? സ്ത്രീ ചെറിയ ഒരു പൊങ്ങച്ചബാഗും തൂക്കി മുമ്പേ നടക്കും. പുരുഷന് പെട്ടിയും വടിയും കുടയും ഒക്കെയുമായി കൊച്ചിനെയും തോളില്‍ ഇട്ട് പുറകെ ചെല്ലും. ഇതാണ് ഇന്ന് എവിടെയും കാണുന്ന ചിത്രം. ഓട്ടോറിക്ഷാ പിടിച്ച് ഒരിടത്ത് ഇറങ്ങിമ്പോള്‍ ഓട്ടോറിക്ഷാക്കാരന് പൈസ കൊടുക്കുമ്പോള്‍ വഴക്കുണ്ടാക്കുന്നത് സ്ത്രീ ആണ്. പുരുഷന് അപ്പോള്‍ പറയും – “നീയൊന്ന് അടങ്ങ്”. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ നിത്യക്കാഴ്ചയാണ്. ഇങ്ങനെയൊക്കെ ആയിട്ട് രോഗം മാറണം എന്ന് ആഗ്രഹിച്ചാല്‍, രോഗം മാറുമോ?
ഏതു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിന്‍ കയറിയാലും വേറെ ഒരു കാഴ്ച നിങ്ങള്‍ക്ക് കാണാം. ചെരുപ്പക്കാരികളായ പെണ്‍കുട്ടികള്‍ കുട്ടികള്‍ക്ക് മുല കൊടുക്കാന്‍ പാടില്ലാത്ത വിധം വസ്ത്രങ്ങളും അണിഞ്ഞ് പതിനഞ്ചു രൂപ കൊടുത്താല്‍ പത്തു മാസികകള്‍ കിട്ടുന്നത് വാങ്ങി, ഓരോന്നും മാറിമാറി വായിച്ചുകൊണ്ട് മലര്‍ന്നു കിടക്കും. ഇപ്പുറത്ത് കൊച്ചിനെയും കളിപ്പിച്ച് ഭര്‍ത്താവ് ഇരിക്കും. അഞ്ചും ആറും അക്കം ശമ്പളം മേടിക്കുന്ന സോഫ്റ്റ്വെയര് എഞ്ചിനീയര്‍, എം.ബി.എക്കാരന് ഒക്കെയായിരിക്കും കക്ഷി. കൊച്ച് കരഞ്ഞാല്‍ അതിനെയും എടുത്ത് കമ്പാര്‍ട്ട്മെന്റിലൂടെ തെക്ക് വടക്ക് നടക്കും അയാള്‍, കൊച്ച് കരച്ചില് നിര്‍ത്തിക്കിട്ടണ്ടേ! വായനയില്‍ ലയിച്ചിരിക്കുന്ന പെണ്‍കുട്ടി തലപൊക്കി നോക്കുന്ന പ്രശ്നമില്ല. സഹധര്‍മ്മിണി സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടെയും ഇക്കിളിക്കഥകള്‍ വായിച്ചു രസിക്കുമ്പോള്‍ ശല്യമാകാതിരിക്കാനാണ് കണവന് കൊച്ചിനെയും എടുത്ത് കൊണ്ടുപോകുന്നത്!
ഫെമിനിസം വളര്‍ന്നപ്പോള്‍ ഉണ്ടായ ഒരു മാറ്റം ആണ് ഇത്!!! അതുകൊണ്ട് പുരുഷന് ഒരു ഗുണം ഉണ്ടായി.
ആ കുട്ടിയെ പരിചരിക്കുമ്പോള്‍, താലോലിക്കുമ്പോള്‍, അയാള്‍ പ്രത്യേകമായ ഒരു ഭാവം കൈവരിക്കുന്നുണ്ട്. കുട്ടിയെ കുളിപ്പിക്കുന്നത് അയാളാണ്. കക്കൂസില്‍ ഇരുത്തുന്നത് അയാളാണ്. കുട്ടി കരയുമ്പോള്‍ ഫ്ലാസ്കില്‍ നിന്നും വെള്ളം എടുത്ത്, പാല്‍പ്പൊടി ഇട്ട്, പഞ്ചസാര ഇട്ട്, കുറുക്കി, ആദ്യത്തെ സ്പൂണ്‍, ചൂട് കുട്ടിയ്ക്കു പാകമാണോ, പഞ്ചസാര വേണ്ടത്ര ഉണ്ടോ എന്ന് അറിയാന്‍ അയാളുടെ തന്നെ നാവില്‍ ഒഴിക്കുന്ന ഒരു നിമിഷമുണ്ട്. ആ നിമിഷം അയാളുടെ മസ്തിഷ്കത്തില്‍ വരുന്ന വലിയൊരു മാറ്റമുണ്ട്. ആയിരമായിരം മാതൃകോശങ്ങള്‍ അവിടെ സുസജ്ജമാകും. വിനയം കൊണ്ട്, കൃപ കൊണ്ട്, സൌശീല്യം കൊണ്ട്, കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ട്, കുഞ്ഞിനുള്ള പാലിന്റെ ആദ്യത്തെ തുള്ളി നാവില്‍ അലിയുമ്പോള്‍, അയാളില്‍ ഉണ്ടാകുന്ന ഒട്ടേറെ എന്‍സൈമുകളും, ഹോര്‍മോണുകളും അയാളില്‍ സജ്ജീകരിച്ചു നില്ക്കുന്ന പതിനായിരക്കണക്കിനു രോഗങ്ങളെ ഉച്ചാടനം ചെയ്യും. അത് മരുന്നുകള്‍ക്ക് ചെയ്തു തരാനാവില്ല. സ്ത്രീയ്ക്ക് പ്രകൃതി കനിഞ്ഞു നല്കിയ സൗഭാഗ്യം ആയിരുന്നു അത്. അതിപ്പോള്‍ പുരുഷനു കിട്ടി. വിമന്‍സ് ലിബറേഷന്‍കാരോട് ആണുങ്ങള് നന്ദി പറയുക!
കരുണയും കൃപയും ഒക്കെ ഒരു രോഗിയെ രക്ഷിക്കുന്ന വേഗത്തില്‍ മരുന്നുകള്‍ക്കൊന്നും രക്ഷിക്കാനാവില്ല. കോപവും വെറുപ്പും ദേഷ്യവും പൊട്ടിപ്പുറപ്പെടുന്ന മാത്രയില്‍ത്തന്നെ മൃത്യുവിലേക്കു നയിക്കുന്ന പതിനായിരക്കണക്കിനു സ്രവങ്ങള്‍, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ഒരാളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. അന്തര്‍സ്രവങ്ങള്‍ ഇങ്ങനെ വികലമായി ഉത്പാദിപ്പിക്കപ്പെടാന്‍ വൈറസും ബാക്ടീരിയയും വേണ്ട, ദേഷ്യവും വെറുപ്പും മതി. ഇതിനു ശേഷം ഇതിന്റെയൊക്കെ സാന്നിദ്ധ്യം കാണുകയാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ കോപവും വെറുപ്പും ഒക്കെ ഉണ്ടാക്കുന്ന അന്തര്‍സ്രവങ്ങളുടെ സാന്നിദ്ധ്യത്തില്‍ സജീവമാകുന്ന അണുജീവികളെ നിങ്ങള്‍ കാണുന്നു – കാണുന്നത് ഒരു indication, കോപവും വെറുപ്പും ഒക്കെയാണ് യഥാര്‍ത്ഥ രോഗ കാരണം. അതിന് അണുജീവികളെ കൊന്നിട്ട് എന്തു കാര്യം? നിങ്ങളുടെ ദേഷ്യവും വെറുപ്പും ഒക്കെ ആദ്യം പോകണം.
പറഞ്ഞുവന്നത്, പുരുഷന് ഒരു സൗഭാഗ്യം കിട്ടി. അവന് ആരോഗ്യത്തോടെയിരിക്കുന്നു. അതേ സമയം സ്ത്രീയ്ക്ക് അതു നഷ്ടപ്പെട്ടു. ഫലമോ, അവള്‍ക്കു പ്രായം പെട്ടന്നു വര്‍ദ്ധിക്കുന്നു. അവനെക്കാള്‍ അഞ്ചു വയസിന് ഇളയവള്‍ ആണെങ്കിലും അവള് പെട്ടന്നു നരയ്ക്കുകയും, പെട്ടന്നു കുരയ്ക്കുകയും ചെയ്യും. മുഖകാന്തിയും മൃദുസ്വരവും അവള്‍ക്കു നഷ്ടപ്പെടും – പിന്നെ എന്ത് പെണ്ണ്?
പ്രായമാകുന്നു എന്ന തോന്നല്‍ വന്നാല്‍ സ്ത്രീയ്ക്കു സംശയരോഗം ഉണ്ടാകും. പ്രായം കൂടിയതു കൊണ്ട് ഭര്‍ത്താവിനു തന്നോട് ഇഷ്ടമില്ല. വേറെ ഏതെങ്കിലും കണ്ടാല്‍ കൊളളാവുന്നവളുമായി അയാള്‍ അടുപ്പമായിക്കാണും. നിങ്ങള്‍ ദിവസവും കാണുന്ന സീരിയലിലൊക്കെ കഥ ഇങ്ങനെയല്ലേ? ഈ ചിന്തയിരിക്കേ, ഏതെങ്കിലും പെണ്ണിനോടു ഭര്‍ത്താവ് സംസാരിക്കുന്നതു കണ്ടാല്‍, അതു മകളായാല്‍ക്കൂടി ബഹളമായി. രോഗങ്ങള്‍ പിന്നെയും കൂടും. അവസാനം അവള് മൃത്യുവില്‍ച്ചെന്നു വീഴും. അതുകൊണ്ട് ഇന്ന് വീടുകളില്‍ വല്യമ്മമാര് അധികം ഇല്ല. സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതേയുള്ളൂ.
സ്ത്രീ പെട്ടന്നാണ് ഇന്നു മരിക്കുന്നത്. ഏതു ആശുപത്രിയിലും ചെന്നു നോക്കൂ. സ്ത്രീരോഗികളുടെ എണ്ണം അതിഭീമമാണ്. പരിചയമുള്ള ഏതെങ്കിലും ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ എത്ര സ്ത്രീയും എത്ര പുരുഷനും ഉണ്ടെന്ന് എണ്ണി നോക്കുക. ഈ പറഞ്ഞത് സത്യമാണോ എന്ന് അപ്പോള്‍ അറിയാം.
പുരുഷന്മാര് സ്ത്രീവിമോചകസമരക്കാരോട്, അവര്‍ ചെയ്തു തരുന്ന സഹായത്തിനു നന്ദി പറയണം, നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും, സ്ത്രീയെ പെട്ടന്നു ഭൂമിയില്‍ നിന്നും പറഞ്ഞു വിടാന്‍ സഹായിക്കുകയും ചെയ്യുന്നതിന്.
സ്ത്രീകളെ രോഗികളാക്കിത്തരുന്നതിനു സാഹിത്യകാരന്മാരോടും, സീരിയല്‍ എഴുത്തുകാരോടും കൂടി നന്ദി പറയണം. വൈറസും ബാക്ടീരിയയുമൊക്കെ അവരുടെ പിറകിലേ നില്ക്കൂ. വിമന്‍സ് ലിബറേഷന്‍കാരെക്കണ്ടാല്‍ ആ അണുക്കള്‍ സ്ഥലം വിടുകയും ചെയ്യും. അവര്‍ ഉള്ളപ്പോള്‍ അണുജീവികള്‍ക്ക് അവിടെ ചെയ്യാന്‍ വേറെ ജോലിയൊന്നും ബാക്കിയുണ്ടാവില്ല. അത്ര സൂക്ഷ്മമാണ് സ്ത്രീമനസ്സുകളിലേക്ക് അവര്‍ കടത്തി വിടുന്ന വൈകല്യങ്ങള്‍.
അതുകൊണ്ട് രോഗം ഇല്ലാതിരിക്കണമെങ്കില്‍ ആദ്യം മനസ്സു നന്നാകണം. മനസ്സില്‍ കൃപയും സ്നേഹവും വാത്സല്യവും നിറഞ്ഞിരിക്കണം.
[തുടരും… നാലാം ഭാഗത്തില്‍]