![35 ¦ ആവണക്ക് ¦ Castor Plant ¦ Part [1]](https://urmponline.files.wordpress.com/2017/09/363-c2a6-stomach-c2a6-castor-plant.jpg?w=840)
35 ¦ ആവണക്ക് ¦ Castor Plant ¦ Part [1]
![35 ¦ ആവണക്ക് ¦ Castor Plant ¦ Part [1]](https://urmponline.files.wordpress.com/2017/09/363-c2a6-stomach-c2a6-castor-plant.jpg?w=840)
കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്.
ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച
ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച
ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ
പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ
(ഭാവപ്രകാശം)
ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ
കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ
ഇതി ദശേമാനി കാസഹരാണി ഭവന്തി |
ശടീ പുഷ്കരമൂലാമ്ളവേതസൈലാഹിംഗ്വഗുരൂ
സുരസാ താമലകീ ജീവന്തീ ചണ്ഡാ
ഇതി ദശേമാനി ശ്വാസഹരാണി ഭവന്തി |
(ചരകം)
കീഴാര്‍നെല്ലിയ്ക്ക് ഭൂമ്യാമലകികാ, ശിവാ, താമലകീ, ബഹുപത്രാ, ബഹുഫലാ, ബഹുവീര്യാ, അജടാ, ഭൂധാത്രീ ഇങ്ങനെ പേരുകള്‍. സസ്യശാസ്ത്രനാമം Phyllanthus Niruri.
തിക്ത-കഷായ-മധുര രസം. ശീത വീര്യം.
വാതത്തെ വര്‍ദ്ധിപ്പിക്കും. കാസം, തണ്ണീര്‍ദാഹം, രക്തദോഷം, കഫം, പാണ്ഡുരോഗം (അനീമിയ), ക്ഷതം എന്നിവയെ ശമിപ്പിക്കും.
കാസശ്വാസഹരവും, മൂത്രത്തെ വര്‍ദ്ധിപ്പിക്കുന്നതും, ദാഹത്തെ ശമിപ്പിക്കുന്നതും, ശോഫഹരവും, വ്രണത്തെ ഉണക്കുന്നതും, ജ്വരഹരവും ആകുന്നു. പഞ്ചാംഗകഷായം മലേറിയയെ ശമിപ്പിക്കും.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി.
പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും.
വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും.
മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
കീഴാര്‍നെല്ലി സമൂലം പറിച്ച് ഉണക്കി പൊടിച്ചു ചൂര്‍ണ്ണമാക്കി, കഞ്ഞിവെള്ളത്തില്‍ ചാലിച്ച് മുറിവുകളിലും വ്രണങ്ങളിലും വെച്ചുകെട്ടിയാല്‍ മുറിവുകളും വ്രണങ്ങളും ശമിക്കും.
കീഴാര്‍നെല്ലിയുടെ ഇലയും കരയാമ്പൂവും മുലപ്പാലില്‍ അരച്ച് നെറ്റിയില്‍ ലേപനം ചെയ്താല്‍ ശക്തമായ തലവേദനയും ശമിക്കും.
കീഴാര്‍നെല്ലി പാലില്‍ അരച്ചു തലയില്‍ നിത്യം പൊതിഞ്ഞാല്‍ തലയില്‍ രോമവളര്ച്ചയില്ലാത്തവരില് രോമവളര്‍ച്ച ഉണ്ടാകും എന്ന് ഒരു യൂനാനി പ്രയോഗം ഉണ്ട്.
കീഴാര്‍നെല്ലി അരച്ച് മോരില്‍ (തക്രം) സേവിച്ചാല്‍ സാധാരണ ഛര്‍ദ്ദി നില്ക്കും. കൃമിബാധയുള്ളവര് സേവിച്ചാല്‍ കൃമികള്‍ നശിക്കും.
കീഴാര്‍നെല്ലി സമൂലം പറിച്ചെടുത്ത് അരച്ചു മോരില്‍ സേവിച്ചാല്‍ പഴകിയ ആമാതിസാരവും രക്താതിസാരവും ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.
@anthavasi
ത്രിഫല അതീവ ഫലപ്രദമായ ഒരു ഔഷധമാണ്.
ത്രിഫലാചൂര്ണ്ണത്തിന് കടുക്കയും നെല്ലിക്കയും താന്നിക്കയും സമമായെടുത്താണ് ചേര്‍ക്കേണ്ടതെന്ന മതമാണ് പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റൊരു പ്രശസ്തമായ മതവുമുണ്ട്.
एका हरीतकी योज्या द्वौ च योज्यौ विभीतकौ ।
चत्वार्यामलकान्येव त्रिफलेयं प्रकीर्तिता ।|ഏകാ ഹരീതകീ യോജ്യാ ദ്വൌ ച യോജ്യൌ വിഭീതകൌ |
ചത്വാര്യാമാലകാന്യേവ ത്രിഫലേയം പ്രകീര്‍ത്തിതാ ||
ഒരു കടുക്ക, രണ്ടു താന്നിക്ക, നാല് നെല്ലിക്കാ കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫലയാണ്.
ത്രിഫലാശോഫമേഹഘ്നീ നാശയേദ്വിഷമജ്വരാന്‍
ദീപനീശ്ലേഷ്മ പിത്തഘ്നീ കുഷ്ഠ: ശ്രീരസായനീസര്പ്പീര് മധുഭ്യാം സംയുക്താസൈവനേത്രാമയാഞ്ജയേത്
ഈ ത്രിഫല പ്രമേഹം, നീര്, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം ഇവയെ നശിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കുന്നതും രസായനൌഷധവുമാണ്. രസായനം എന്നാല്‍ ജരാനരകളെ ശമിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തുന്നത്. ഇത് തേനും നെയ്യും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങളെ ജയിക്കും.
കൊച്ചുകുട്ടികള്‍ക്ക് ഉണ്ടാകുന്ന ഉദരവേദനയ്ക്കും, ഛര്‍ദ്ദിയ്ക്കും, വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയും ലേശം ഇഞ്ചിയും കൂടി ചതച്ച് നീരെടുത്ത് തുള്ളിക്കണക്കിന് കൊടുത്താല്‍ മതിയാവും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
അതിസാരം | വയറുകടി | മൂത്രം ചുടിച്ചില്‍
ആനച്ചുവടി സമൂലം അരിഞ്ഞെടുത്ത്, അതിന്റെ പകുതി മല്ലിയും ചേര്‍ത്ത് കഷായം വെച്ച്, 30 ml വീതം, കൂവപ്പൊടി മേമ്പൊടിയായി കാലത്തും വൈകിട്ടും കഴിക്കുന്നത് അതിസാരം, വയറുകടി, മൂത്രം ചുടിച്ചില്‍ എന്നീ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
കഷായവിധി : 60 gm ദ്രവ്യം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസ് (150 ml) ആക്കി വറ്റിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കണം.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only