ഒട്ടനവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിയിലെ അസ്ഥിയിൽ ഉണ്ടാകുന്ന ചെറിയ വളർച്ചകൾ കാരണം ഉപ്പൂറ്റി താഴെ ചവിട്ടുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന. വളരെ കുറച്ചു നാളുകൾ കൊണ്ട് അനായാസം ഈ വേദന ശമിക്കാൻ ഒരു മാർഗ്ഗം.
ഒരു ഇഷ്ടിക ചൂടാക്കുക. ഉപ്പൂറ്റി വെച്ചാൽ സഹ്യമായ ചൂട് ആയിരിക്കണം.
എരിക്കിന്റെ ഉടൻ അടർത്തിയ അഞ്ച് ഇലകൾ ചൂടാക്കിയ ഇഷ്ടികയിൽ ഒന്നിനു മേൽ ഒന്നായി അടുക്കി വെയ്ക്കുക.
ഉപ്പൂറ്റിയിൽ മുറിവെണ്ണ പോലെ എന്തെങ്കിലും തൈലം പുരട്ടുക.
ഉപ്പൂറ്റി എരിക്കിലയുടെ മുകളിൽ അമർത്തി ചവിട്ടുക. ഏകദേശം അഞ്ചു മിനിറ്റ് നേരം തുടരുക.
മുടങ്ങാതെ ചെയ്താൽ കുറച്ചു നാളുകൾ കൊണ്ട് ഉപ്പൂറ്റി വേദന പൂർണ്ണമായും ശമിക്കും.
ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം.
എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്:
ത്വക്രോഗങ്ങള്, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.
എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.
എരിക്കിന്റെ വേരിന്മേല്ത്തൊലി ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാല്‍ വാതം കൊണ്ടു തളര്‍ന്ന ഭാഗങ്ങള്‍ക്ക് തളര്‍ച്ച മാറി ഉന്മേഷം ലഭിക്കും.
എരിക്കിന്റെ കറ തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് ശമിക്കും.
എരിക്കിന്‍വേര് കഷായം വെച്ച് ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ, നാവുകുഴയല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.
സര്‍പ്പദംശനം ഏറ്റ ഉടനെ മൂന്നോ നാലോ എരിക്കില ചവച്ച് ഇറക്കുകയും പച്ചവേര് ചതച്ച് കടിവായില് വെച്ചുകെട്ടുകയും ചെയ്യുന്നത് വിഷവ്യാപ്തി തടയും. രക്ഷപ്പെടാന്‍ സാധ്യത കൂടും.
വെള്ളെരിക്കിന്റെ ഉണങ്ങിയ പൂവ് കുരുമുളക്, ചുക്ക്, ഇന്തുപ്പ് ഇവയോടൊപ്പം വെറ്റിലയിൽ ചവച്ച് ഇറക്കിയാൽ ശ്വാസകാസങ്ങൾ മാറും. കഫക്കെട്ട് ശമിക്കും.
എരിക്കിന്റെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന പുഴുക്കടി | തഴുതണം ശമിക്കും.
എരിക്കിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു മൂന്നും സമം ചേർത്തരച്ച് രണ്ട് ഗ്രാം വീതം ഗുളിക ഉരുട്ടി കഴിക്കുന്നത് വാതരോഗം, സന്ധിഗത വാതം, ആമവാതം എന്നിവയെ ശമിപ്പിക്കും.
ചൊറി, ചിരങ്ങ്, മറ്റു ത്വക്-രോഗങ്ങൾ ഇവ ശല്യപ്പെടുത്തുമ്പോൾ, എരിക്കില ചെറുതായി അരിഞ്ഞെടുത്ത്, അതിൽ വരട്ടുതേങ്ങാപ്പീര ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞ് എടുത്ത നീരിൽ അല്പം ഗന്ധകം പൊടിച്ചിട്ട് ലേപനം ചെയ്യുന്നത് നല്ലതാണ്. ത്വക് – രോഗങ്ങൾ ശമിക്കും.
വെള്ള എരിക്കിൻ വേര് അരി കഴുകിയ കാടിയിൽ അരച്ചു ലേപനം ചെയ്താൽ മന്തുരോഗം ശമിക്കും.
വെള്ള എരിക്കിൻ തൊലി ചതച്ച് ഉരുട്ടി, കടുക് അരച്ചു പൊതിഞ്ഞ്, ചെളിമണ്ണു കൊണ്ടു പൊതിഞ്ഞ്, കനലിൽ ചുട്ട്, തണുപ്പിച്ച്, മണ്ണ് അടർത്തിക്കളഞ്ഞ് എടുത്തു കടുകെണ്ണയിൽ ചാലിച്ചു ലേപനം ചെയ്താൽ വിചർച്ചിക | എക്സിമ | ECZEMA ശമിക്കും.
എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും. കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന് പൂവില്‍ വിഷാംശം ഉണ്ട് എന്ന് മറക്കരുത്.
എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും. വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.
എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.
ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.
വെള്ള എരിക്കിന്റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും. വെള്ള എരിക്കിന്റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്. എരിക്കിന്റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.
ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.
ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
അരിമ്പാറ മാറാന്‍ : എരിക്കിന്റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്പാല് അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.
എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച്, പുകയേല്പ്പിച്ചാല്, പുറത്തേക്കു തള്ളി നില്ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും, അസ്വസ്ഥത കുറയും, പൈല്‍സിന്റെ വലുപ്പം കുറയും.
സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന മീശ മാറാന്‍ എരിക്കിന്റെ പാല് (ഇല അടര്‍ത്തുമ്പോള്‍ ഊറിവരുന്ന കറ) ബാധിച്ച ഭാഗത്ത് പുരട്ടിയാല്‍ മതി.
എരിക്ക് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അങ്ങനെ വിഷബാധ ഉണ്ടായാല്‍ നീലയമരിയുടെ സ്വരസം 10 മില്ലി വീതം രണ്ടു നേരം ദിവസവും കഴിക്കാം. പുളിയിലയുടെ സ്വരസം 15 മില്ലി അത്രയും തന്നെ വെള്ളത്തില്‍ രണ്ട് പ്രാവശ്യം ദിവസവും കഴിക്കുന്നതും നന്ന്.
എരിക്കിന്റെ ഔഷധപ്രയോഗങ്ങള്‍ ഇനിയും അസംഖ്യം ഉണ്ട്. അത് തുടര്‍ന്നുള്ള ലേഖനങ്ങളില്‍.
ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.