തേമൽ (ചുണങ്ങ്) ഉണ്ടായാൽ ശ്രമിച്ചു നോക്കാൻ പറ്റിയ ചില ലളിതമായ പ്രയോഗങ്ങൾ ഇനി കുറിയ്ക്കുന്നു. പ്രയോഗിച്ചു ഫലമുണ്ടായാൽ മറ്റുള്ളവരുമായി അറിവ് പങ്കുവെയ്ക്കുക.
നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് വാഴയില വിരിച്ച് നഗ്നമായി ശയിക്കുക. മൂക്കിന്റെ ദ്വാരം ഒഴിച്ച് ബാക്കി ശരീരഭാഗങ്ങൾ വാഴയില കൊണ്ടു തന്നെ മൂടുക. ശരീരത്തിൽ കാറ്റ് അടിക്കാത്ത വിധം വേണം മൂടേണ്ടത്. അര മണിക്കൂർ ഇപ്രകാരം സൂര്യതാപമേൽക്കുക. ശരീരം നന്നായി വിയർക്കും. നാലോ അഞ്ചോ ദിവസം തുടർച്ചയായി ഇപ്രകാരം സൂര്യതാപമേൽക്കുക. തേമൽ ശമിക്കും (നാട്ടുചികിത്സ)
മറ്റൊരു നാടൻ പ്രയോഗം, വെളുത്തുള്ളിയുടെ രണ്ട് വെറ്റിലയും ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് തേമൽ മൂലം വർണ്ണവ്യത്യാസം ഉണ്ടായ ഭാഗങ്ങളിൽ പുരട്ടുക. കുറച്ചു നാൾ കൊണ്ട് രോഗം മാറും. ഒട്ടു മിക്ക ഫംഗസ് ബാധയിലും ഈ പ്രയോഗം ഫലം ചെയ്യും.
തുളസിയില ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് സമം നാരങ്ങാനീരും ചേർത്ത് മുടങ്ങാതെ കുറച്ചുനാൾ രാവിലെയും വൈകിട്ടും തേമൽ ബാധിച്ച തൊലിപ്പുറത്ത് പുരട്ടിയാൽ തേമൽ മാറുന്നതാണ്.
വന്‍തകര, ആനത്തകര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധച്ചെടിയുണ്ട്. അതിന്റെ ഇല മോരില്‍ അരച്ചു ലേപനം ചെയ്താലും തേമൽ മാറും. ഫംഗസ് മൂലം ഉണ്ടാകുന്ന ഒട്ടുമിക്ക ത്വക്-രോഗങ്ങള്‍ക്കും ആനത്തകര അതീവഫലപ്രദമാണ്. വൻതകരയ്ക്കു പകരം മലയിഞ്ചി മോരില്‍ അരച്ചു ലേപനം ചെയ്താലും രോഗം മാറും.
കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു ലേപനം ചെയ്താലും രോഗശമനമുണ്ടാകും.
മറ്റൊരു കൈകണ്ട പ്രയോഗമാണ് അടുത്തത്. ഒരു ദിവസം പഴകി കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. തേമൽ ശമിക്കാൻ മാത്രമല്ല, താരന് / സോറിയാസിസ് എന്നിവ ശമിക്കാനും ഈ പ്രയോഗം ഉത്തമമാണ്.
ആയുർവേദ ഔഷധങ്ങളിൽ ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. ഒപ്പം മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ് (ഒരു അറിവായി മാത്രം എടുത്താൽ മതി. നല്ല വൈദ്യന്റെ ഉപദേശം ഇല്ലാതെ മരുന്നൊന്നും വാങ്ങിക്കഴിക്കരുത്)
പ്ളാശ് എന്നൊരു മരമുണ്ട്. അതിന്റെ കുരു ചെറുനാരങ്ങാനീരിൽ അരച്ച്, രോഗബാധയുള്ള ഭാഗങ്ങളിൽ പുരട്ടുക. വളരെപ്പെട്ടന്ന് രോഗശമനം ഉണ്ടാകും. ഈ പ്രയോഗം ഹെർപ്പസ് ബാധയിലും ഫലപ്രദമാണ്.
കുറിപ്പ്: ഔഷധപ്രയോഗങ്ങൾ വൈദ്യനിർദ്ദേശമനുസരിച്ചു മാത്രം ചെയ്യുക.
ആരോഗ്യജീവനം | http://www.arogyajeevanam.org