
കര്‍ക്കിടകക്കഞ്ഞി
കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ “കര്‍ക്കിടകപ്പിഴിച്ചില്‍” തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും – തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം.
വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി ഉണ്ടാക്കുന്ന ഒരു യോഗമാണിത്. പതിവു പോലെ കടപ്പാട് – സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്.
വേണ്ട സാധനങ്ങള്‍:
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി
ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.
ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം. കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.