ഗൃഹവൈദ്യം – ഒരു ആമുഖം

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളായിരുന്നു കൂടുതൽ. കർഷകരായിരുന്നു ജനങ്ങൾ. കൃഷിയായിരുന്നു മുഖ്യ തൊഴിൽ. ഏതു തൊഴിൽ ലഭിച്ചാലും സസ്യങ്ങളോടും വളർത്തുമൃഗങ്ങളോടും ഗൃഹത്തോടുമൊക്കെ ബന്ധപ്പെട്ടു മാത്രമാണ് ജനങ്ങൾ ജീവിതം പുലർത്തിപ്പോന്നിരുന്നത്. രാവിലെ എഴുന്നേറ്റാൽ കുറച്ചു നേരമെങ്കിലും കൃഷിയിടത്തിൽ പണിയാതെ ജോലിക്കു പോയിരുന്നവർ തന്നെ കുറവായിരുന്നു. അതുകൊണ്ട് അവർക്ക് പ്രത്യേകിച്ചൊരു വ്യായാമം അഭിമാനത്തോടുകൂടി വേണ്ടിവന്നിരുന്നില്ല.

കൃഷി ഒരു ഉത്തമ വൃത്തിയായാണ് ഭാരതീയർ കരുതിയിരുന്നത്. എന്നാൽ കൃഷി ഉത്തമവൃത്തിയല്ലന്നു തോന്നുകയും മറ്റു തൊഴിലുകൾ ഉത്തമങ്ങളാണെന്നു സങ്കൽപ്പിക്കുകയും ചെയ്തതോടുകൂടി വിദ്യാഭ്യാസമുള്ള തലമുറ കൃഷിയിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമെല്ലാം പൂർണ്ണമായി പിൻമാറി. വ്യായാമം വേണമെങ്കിൽത്തന്നെ അതെല്ലാം വ്യായാമശാലകളിൽ നിന്നാകണമെന്നുമൊക്കെ വരികയും ചെയ്തു. പ്രയോജനമില്ലാത്ത കാര്യങ്ങൾ വ്യായാമമെന്ന രീതിയിൽ ചെയ്താൽ ആരോഗ്യമുണ്ടാവുകയില്ലായെന്ന് അവർക്ക് അറിയാതെയും വന്നു. ശരീരത്തിലെ ഓരോ കോശവും ബോധത്തോടു കൂടിയതായതുകൊണ്ട് എന്തിനുവേണ്ടിയാണ് ഒരു വ്യക്തി അവന്റെ ശരീരത്തെ ചലിപ്പിക്കുന്നതെന്ന് അവന്റെ ആവശ്യമെന്നപോലെ കോശത്തേയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പ്രാചീനർക്ക് അറിയുമായിരുന്നുവെങ്കിൽ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അറിയാൻ പാടില്ലാതായിട്ടുണ്ട്.

ഒരുവന്റെ ശരീരത്തിലെ കുറെ ഊർജ്ജം കത്തിച്ചു കളയുന്നതിനുവേണ്ടി മാത്രം ചെയ്യുന്ന വ്യായാമങ്ങൾ പലപ്പോഴും അവന്റെ കോശത്തിനു തന്നെ ബോദ്ധ്യപ്പെടാത്തവയാണ്. ഓരോ കോശവും പൂർണ്ണവും ബോധപൂർണ്ണവുമായതുകൊണ്ട്, ഒരു വ്യക്തിയിൽ അവയെയെല്ലാം സമഗ്രമായി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രക്രിയയ്ക്ക് ഒരുങ്ങുന്നുവെങ്കിൽ മനസ്സ് വളരെ പ്രാധാന്യമേറിയ ഘടകമാണെന്നു മനസ്സിലാകും.  മാനസികമായ ഭാവങ്ങളെല്ലാം കോശകോശാന്തരങ്ങളിലേക്ക് വ്യാപിക്കുന്നതാക കൊണ്ട് എന്തിനാണ് ഇതു ചെയ്യുന്നതെന്ന് നാം നമ്മെത്തന്നെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. രാവിലെ എഴുന്നേറ്റ് ഒരാൾ ഓടു മ്പോൾ, അയാൾ ചാടുമ്പോൾ, അയാളുടെ ഓട്ടവും ചാട്ടവും അയാൾക്കും കുടുംബത്തിനും പ്രകൃതിക്കും പ്രയോജനപ്രദമാകുമാറ് ആകുമ്പോൾ മനസ്സിലെ ആനന്ദവും കൂടി വ്യായാമത്തോടൊപ്പം പ്രയോജനപ്പെടുന്നു. മറിച്ച് ആരോഗ്യത്തിനുവേണ്ടി ചമച്ചുവെച്ച ഒരു സിദ്ധാന്തമെന്ന നിലയിൽ ഒരാൾ വ്യായാമം ചെയ്യുമ്പോൾ അയാളുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പിനോ മറ്റുള്ളവയ്ക്കോ വരുന്ന മാറ്റം മനസ്സിന്റെ ശാന്തിയിൽ വ്യായാമം ചെയ്യുമ്പോൾ സംഭവിക്കുന്നതു മാതിരി സംഭവിക്കുന്നില്ല. ഇതു പരീക്ഷിച്ചു നോക്കാവുന്നതുമാണ്. ഉദാഹരണത്തിന് ഒരു സ്ത്രീ തനിക്കും കുഞ്ഞിനും വേണ്ടി ആഹാരം പാചകം ചെയ്യുന്നതിനിടയിൽ കല്ലിൽ വെച്ച് മുളക് അരയ്ക്കുമ്പോൾ കിട്ടുന്ന വ്യായാമം, വീട്ടിലെ തുണി അലക്കുമ്പോൾ കിട്ടുന്ന വ്യായാമം, അതുപോലെതന്നെ ഒരു പുരുഷൻ നാലു തെങ്ങുകളുടെ ചുവടു കിളയ്ക്കുമ്പോൾ കിട്ടുന്ന വ്യായാമം അതേ ആൾ തന്നെ പ്രയോജനമുള്ള ഇത്തരം പണികളൊന്നും ചെയ്യാതെ ഒരു “സ്റ്റാൻഡേർഡ്”  എന്ന് നിലയിൽ വ്യായാമത്തെ കണ്ട് നടക്കുകയോ ഓടുകയോ ഒക്കെ ചെയ്യുമ്പോൾ ആദ്യത്തേതിൽ നിന്നു കിട്ടുന്ന ആനന്ദവും ഉല്ലാസവും ഇല്ലാത്തതുകൊണ്ട് അവ കൂടുതൽ പ്രയോജനപ്രദങ്ങളാവുകയില്ല എന്നുള്ളതാണ് ഇന്നത്തെ ജീവിതത്തിൽ കാണുന്നത്. (പ്രയോജന രഹിതമായ വ്യായാമമെന്നു പറഞ്ഞത് സമഷ്ടിയിലും വ്യഷ്ടിയുടെ ആവശ്യങ്ങൾക്കും പ്രയോജനരഹിതമായത് എന്നുതന്നെ മനസ്സിലാക്കണം.)

ശരീരത്തിലെ ഓരോ കോശവും ബോധത്തോടു കൂടിയതായതുകൊണ്ട് എന്തിനുവേണ്ടിയാണ് ഒരു വ്യക്തി അവന്റെ ശരീരത്തെ ചലിപ്പിക്കുന്നതെന്ന് അവന്റെ ആവശ്യമെന്നപോലെ കോശത്തേയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പ്രാചീനർക്ക് അറിയുമായിരുന്നുവെങ്കിൽ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അറിയാൻ പാടില്ലാതായിട്ടുണ്ട്.

പൗരാണികർ വീടും കൃഷിയുമൊക്കെയായി പൊരുത്തപ്പെട്ടാണു പോയത്. മാത്രവുമല്ല അവരുടെ പരിലാളനകളേറ്റു വാങ്ങിയ സസ്യങ്ങളാണ് ജീവന്റെ ധർമ്മം പുലർത്തിപ്പോന്നത്. മനുഷ്യന് ഏറ്റവും ലാഘവം വരുന്നത് ശ്വാസനിശ്വാസങ്ങൾ തന്നെ സ്വച്ഛന്ദമാകുമ്പോഴാണ്. അതു ലഭിക്കുന്നത് സസ്യജാലങ്ങളിൽ നിന്നാണ്. ഞാൻ പരിപാലിച്ച സസ്യം, എന്റെ ഉച്ഛ്വസനമായ കാർബൺ ഡയോക്സൈഡിനെ പ്രാണവായുവാക്കി പരിണമിപ്പിച്ച സസ്യം എന്റെ പാരസ്പര്യം അവയ്ക്കാഹാരമായും അവയ്ക്ക് എന്നോടുള്ള പാരസ്പര്യം എനിക്കുള്ള പ്രാണവായുവും ആഹാരവുമായും പരസ്പരം നീങ്ങുന്ന ഒരറിവ് കൃഷിയിൽ അന്നു കിട്ടിയിരുന്നു. അതിന്റെ ഫലമായി എന്റെ ഉച്ഛ്വസനത്തിലടങ്ങിയ കാർബൺഡയോക്സൈഡിനെ വിഭജിച്ച് സൂര്യപ്രകാശത്തിൽ ഒരു ഭാഗത്ത് അതിനെ പ്രാണവായുവാക്കിയും മറുഭാഗത്ത് അതിനെ ജീവജാലങ്ങൾക്കു മൊത്തം ഔഷധവും ആഹാരവുമാക്കിയും ആണ് നിലകൊണ്ടത്. സമഗ്രമായ

ഈ ചർച്ചയിൽ നിന്ന് – പാരസ്പര്യത്തിൽ നിന്ന് (ആത്മാവിന്റെ ചക്ഷസ് – eye of the soul എന്നാണ് പ്ലേറ്റോ പാരസ്പര്യത്തെ വിളിക്കുന്നത് അദ്ദേഹത്തിന്റെ റിപ്പബ്ലിക്കിൽ). മനുഷ്യചേതന ആഹാരത്തെ ഔഷധരൂപേണ കണ്ടെത്തുകയുണ്ടായി. ഏതെല്ലാം പരീക്ഷണങ്ങൾ അവയ്ക്കു നടന്നു, എത്ര ലാബറട്ടറികൾ അവയ്ക്കുപയോഗിച്ചു തുടങ്ങിയ ചോദ്യങ്ങളൊക്കെ ഏതാണ്ട് അപ്രസക്തമാകുമാറ് വളരെ ശ്രദ്ധാപൂർവ്വം അവരുപയോഗിച്ച് പാരമ്പര്യരൂപേണ വർഷങ്ങളോളം അനുഭവിച്ച അനുഭവം കൊണ്ട് സാധുത നേടിയ ഒരറിവിനെയാണ് നാമിന്ന് ഗൃഹവൈദ്യമെന്നു പറയുന്നത്. വിദ്യാഭ്യാസം ആധുനികമായി ലഭിച്ചവരും ലഭിക്കാത്തവരുമായ കുടുംബിനികൾ വീട്ടിലെ ആഹാരകാര്യങ്ങളിൽ ഔഷധരൂപേണ ശ്രദ്ധിച്ച നാളുകളിൽ ആഹാരത്തെ എങ്ങനെ ഔഷധമാക്കി ഉപയോഗിക്കാം. ഇന്ന ഋതുവിൽ ഏതെല്ലാം ആഹാരം കഴിക്കാം, ഏതൊക്കെ കഴിച്ചുകൂടാ എന്നൊക്കെ വ്യക്തമായ ധാരണ – ഋതുചര്യയേയും ദിനചര്യയേയും കുറിച്ചൊക്കെയുള്ള അറിവ് അവർക്കുണ്ടായിരുന്നു. ഉദാഹരണത്തിന് കർക്കിടകമാസത്തിൽ മുരിങ്ങയില വിഷാംശമുള്ളതാണെന്ന് അവർ കണ്ടറിഞ്ഞിരുന്നു. വളരെ അപകടകാരിയാകുന്ന ഒന്നാണതെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അത് സാധുവായി അവർ പറഞ്ഞു കൊടുത്ത് ആ അറിവിനെ ഉപയോഗിച്ചുപോന്നിരുന്നു. അതുപോലെ തന്നെ കൂണുകൾ. അവ ഹരിതകമുള്ളവയല്ല. അവയിൽ ചിലത് വളരെ വിഷമുള്ളവയാണെന്ന് അവയുപയോഗിച്ചിരുന്ന കുടുംബങ്ങളിൽ തിരിച്ചറിഞ്ഞിരുന്നു. അവയെ ഒഴിവാക്കി വിഷമില്ലാത്തവയെ മാത്രം ഉപയോഗിക്കുവാനുള്ള ഒരു പദ്ധതിയും ലാബറട്ടറികളുടെയൊന്നും സഹായമില്ലാതെ അവർ നിലനിർത്തിപ്പോന്നിരുന്നു. ഓരോ ദിനത്തിലും ആഹാരം കഴിക്കുമ്പോൾ എങ്ങനെ വേണമെന്ന് അവർക്ക് പദ്ധതികളുണ്ടായിരുന്നു. ഓരോ ഋതുവിനും അനുപേക്ഷണീയങ്ങളായ ആഹാരം വേണമെന്നും അതെന്തെന്നും അവർ അറിഞ്ഞിരുന്നു. കുട്ടികൾക്കും മറ്റും ആഹാരം കൊടുക്കുമ്പോൾ ആഹാരമാത്രയെക്കുറിച്ചുള്ള ഒരവബോധം അവർക്കുണ്ടായിരുന്നു. വെളിയിൽ വളരുന്ന കാട്ടുചേമ്പിന്റെയും മറ്റും താള് അതിന്റെ കാത്സ്യം ഓക്സലേറ്റുളവാക്കുന്ന ചൊറിച്ചിൽ ഒഴിവാക്കിക്കഴിക്കുന്നതിനു പര്യാപ്തമായ വാളംപുളി, വൈച്ചപ്പുളി (വൈച്ചപ്പുളിക്ക് ഉപ്പനലക്ഷ്യയെന്നും പനച്ചേപ്പുളിയെന്നും ചിലയിടങ്ങളിൽ പറയും. പുളിയുള്ള ഒരിലയാണ്. മുള്ളുള്ളവയാണ്. പറമ്പിലൊക്കെ പടർന്നു കിടക്കുന്നതുമാണ്) എന്നിവയിലേതെങ്കിലുമുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന കാത്സ്യം ഓക്സലേറ്റിനെ ശാന്തമാക്കി കഴിക്കുമ്പോൾ വയറ്റിലുള്ള കൃമികളും മറ്റും എങ്ങനെ പോയിരുന്നു എന്നും അവർ തിരിച്ചറിഞ്ഞിരുന്നു – പത്തു പൈസപോലും ചിലവില്ലാതെ. ഇതെവിടെയാണ് അവർ ഗവേഷണം ചെയ്തത്, എങ്ങനെയാണ് അവർ ഇതൊക്കെ ജനതയിലൂടെ പ്രചരിപ്പിച്ചത്,  ഇവയൊക്കെ അത്ഭുതമുളവാക്കുന്ന ഒരു കാര്യമായിത്തന്നെ തുടരും. വിദ്യാഭ്യാസം തീരെയില്ലാത്തവർ പോലും സമഗ്രമായി തങ്ങളുടെ തൊഴിൽ, തങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ ഇവയൊക്കെ കണക്കിലെടുത്താണ് ഔഷധകല്പന നിർവ്വഹിച്ചിരുന്നത്. ഇതും പ്രസ്താവയോഗ്യമാണ്.  

മറ്റൊരു കാര്യം – പശുവിനെ വളർത്തി ജീവിക്കുന്നവർ, ആടിനെ വളർത്തി ജീവിക്കുന്നവർ, എരുമയെ വളർത്തി ജീവിക്കുന്നവർ, കോഴി തുടങ്ങിയ പക്ഷികളെ – വീട്ടിലാദായമുള്ള വളർത്തുപക്ഷികളെ – വളർത്തി ജീവിക്കുന്നവർ, തെങ്ങുകൃഷി ചെയ്തു ജീവിക്കുന്നവർ ഇങ്ങനെ ആളുകളെ തരംതിരിച്ചാൽ ഓരോ ദേശം, ഓരോ സമൂഹം ഇവയുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രത്യേക കൃഷികളുണ്ടാകാറുണ്ട്. അവർ താന്താങ്ങളുടെ തൊഴിലുമായുള്ള നിത്യപരിചയത്തിൽ നിന്ന് തങ്ങൾക്കുവേണ്ടുന്ന ഔഷധങ്ങളെ മുഴുവൻ രൂപപ്പെടുത്തിയിരുന്നു എന്നു കാണാം. ഉദാഹരണ മായി പറഞ്ഞാൽ പശുക്കളെ വളർത്തി ജീവിക്കുമ്പോൾ പശു പ്രസവിച്ച ഉടനെ പശുക്കുട്ടി പാലുകുടിക്കുന്നതിനു മുമ്പ് അതു വിസർജ്ജിക്കുന്ന മലം വളരെ വിലപിടിപ്പുള്ള ഔഷധമെന്നനിലയിൽ ഒട്ടേറെ കാര്യങ്ങളിൽ അവർ ഉപയോഗിച്ചിരുന്നു. ആന, പശു, ആട് ഇവയുടെയൊക്കെ ആദ്യമലം വളരെയേറെ രംഗങ്ങളിൽ ഔഷധമായി അവർ ഉപയോഗിച്ചിരുന്നു. കണ്ണിനു തിമിരം വന്നാൽ ഗോമൂത്രം ഒഴുക്കി അവർ തിമിരം മുഴുവൻ കളഞ്ഞിരുന്നു. ഇന്നും ഇവ നമുക്ക് ഉപയോഗിച്ചു നോക്കാവുന്നതാണ്. ഗോമൂത്രമുപയോഗിച്ച് വൃക്കകളുടെ രോഗങ്ങളെ എല്ലാം ചികിത്സിച്ചിരുന്നു. ഇന്നും വൃക്കരോഗമുള്ളവർക്ക് പത്തു മില്ലി ഗോമൂത്രം (പശു മൂത്രമൊഴിക്കുമ്പോൾ ആദ്യത്തെ കുറച്ചുഭാഗംവിട്ട്, അവസാന ഭാഗമാകാതെ മദ്ധ്യഭാഗത്തുനിന്ന് മൂത്രമെടുക്കണം. അതാണ് ഏറ്റവും ഔഷധവീര്യമുള്ളത്) അകത്തു കൊടുത്താൽ, വൃക്കരോഗത്തിനു ശമനം ഉണ്ടാകുന്നുണ്ട്. ഗോമൂത്രം ധാരാളമായി സ്വീകരിച്ച് അതു വറ്റിച്ചുവെച്ച് ഉപയോഗിച്ചാൽ, അതിന്റെ അർക്കം മുതലായവ ഉണ്ടാക്കി കഴിച്ചാൽ, ഗോമൂത്രവും, ചാണകവും, തൈരും, നെയ്യും, പാലും ചേർത്തുവരുന്ന പഞ്ചഗവ്യമുപയോഗിച്ചാൽ ഉന്മാദം, അപസ്മാരം, കിരികം തുടങ്ങിയ രോഗങ്ങളിൽ, മസ്തിഷ്കക്ഷയം, മസ്തിഷ്കദ്രവം തുടങ്ങിയ രോഗങ്ങളിൽ – എന്റെ കഫാലൈറ്റിസ്, മാകഫാലസ്, ഹൈഡ്രോകഫാലസ് തുടങ്ങിയ രോഗങ്ങളിൽ -എങ്ങനെയാണ് ഈ പഞ്ചഗവ്യം പ്രവർത്തിക്കുക എന്നൊക്കെ അവർ അറിഞ്ഞിരുന്നു.

നിത്യമായി മൂക്കുതുറക്കാത്ത, മണമറിയാത്ത ഒരാളിന് ചുക്കും, മുളകും, തിപ്പലിയും, തക്കോലവും, ജാതിപത്രിയും, ജാതിക്കായും, മായക്കായും പൊടിച്ച് ആടലോടകത്തിലനീരിലും, പനിക്കൂർക്കയില നീരിലും, തുളസിയില നീരിലും തുമ്പയില നീരിലും മാറിമാറി അരച്ച് ശുദ്ധമാക്കിയെടുത്ത ഒരു തുണിയിൽ തേച്ച് ആ തുണി ഉണക്കി തിരി തെറുത്ത് ഈ പഞ്ചഗവ്യത്തിൽ മുക്കി കത്തിച്ച് പുക വലിക്കുമ്പോൾ, അല്ലെങ്കിൽ പുക മൂക്കിലേയ്ക്ക് അടിക്കുമ്പോൾ, എങ്ങനെ മണമുണ്ടാകുന്നു എന്നത് ഇന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇവയൊക്കെ അന്ധവിശ്വാസവും അനാചാരവുമാണെന്ന് ഒരു പ്രാവശ്യം പോലും പരീക്ഷിച്ചു നോക്കാതെയാണ് പറയുന്നത്.

സ്ത്രീക്ക് പല്ലു കുറവാണെന്ന് – പുരുഷനേക്കാൾ കുറവാണെന്ന് – തന്റെ ഭാര്യയുടെ വായൊന്നു പിളർന്നുനോക്കി പരീക്ഷിക്കാൻ പോലും തയ്യാറാവാതെ മഹാപണ്ഡിതനും, തത്ത്വജ്ഞാനിയുമായ പ്ലേറ്റോ വിശ്വസിച്ചിരുന്നു. അതുകൊണ്ട് നമ്മൾ വിശ്വസിക്കുന്നതിന് തെറ്റുപറയാനാവില്ല. ലോകോത്തരനായ പ്ലേറ്റോ  പുരുഷനേക്കാൾ സ്ത്രീയ്ക്ക് പല്ലുകുറവാണെന്ന് വിശ്വസിക്കുകയാണു ചെയ്തത്. താൻ ഒന്നിൽ വിശ്വസിക്കുകയും, മറ്റൊന്ന് ശാസ്ത്രമല്ല വിശ്വാസമാണെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് വിശ്വാസത്തിന്റെ തന്നെ വൈകല്യം. ശാസ്ത്രം അനുഭവമാണോ എന്ന് അറിഞ്ഞിട്ടുവേണം അതിനെ തള്ളാനും കൊള്ളാനും. എവിടെയാണോ ശാസ്ത്രം ഇല്ലാതാകുന്നത് അവിടെയാണ് വിശ്വാസം ആവിർഭവിക്കുന്നത്. പക്ഷേ പ്രാചീനരെ സംബന്ധിച്ചിടത്തോളം അവർക്ക് അനുഭവമായതു കൊണ്ട് സ്വീകരിച്ചതാണ്, വിശ്വസിച്ചതുകൊണ്ടല്ല. ഇന്നും അതിനു സാദ്ധ്യതയുണ്ട്. പരീക്ഷിക്കാൻ.

പണ്ട് പശുവിനെ വളർത്തി ജീവിച്ചവർ അവരുടെ എല്ലാ പ്രശ്ന ങ്ങളുടേയും ഉത്തരമായിരിക്കണം പശു എന്നു സങ്കല്പിച്ചപ്പോൾ പശു വളർത്തൽ ഒരു ആനന്ദവും ആദായവുമായി. ആധുനികൻ പശുവിനെ പാലിനു മാത്രം വളർത്തിയപ്പോൾ പശുവളർത്തൽ കൊടിയ നഷ്ടവും ദുഃഖവുമായി കർഷകരാജ്യമായ ഇന്ത്യ വ്യാവസായിക വിലനിലവാരത്തിൽ വർദ്ധനവുവരുത്തിയാണ് ആനന്ദിക്കുന്നത്. അതിന്റെ ഉല്പാദന പ്രക്രിയയുടെ അന്തസ്ഥലങ്ങളിൽ സംഘർഷമുളവാക്കുമ്പോൾ കോശസൃഷ്ടി നടത്തിയ ആ ഉല്പാദനവും ആഹാരമാകുന്ന വിത്ത് ഉള്ളിലേക്കിട്ട് കോശങ്ങളെ വർദ്ധമാനമായി സൃഷ്ടിക്കുന്ന ആന്തരിക സൃഷ്ടിപ്രക്രിയയും, വിത്തുകളിട്ട് ആഹാര പദാർത്ഥങ്ങളെ സൃഷ്ടിക്കുന്ന മണ്ണിലെ സൃഷ്ടിപ്രക്രിയയും തമ്മിലുള്ള പാരസ്പര്യത്തിൽ വിള്ളലുണ്ടാക്കുവാൻ ഈ വ്യാവസായിക ചോദന തയ്യാറെടുക്കുമ്പോൾ ആഹാരം കോശമായി പരിണമിക്കുന്ന, കോശത്തിനു ബീജമാകുന്ന ആഹാരം കൊണ്ട് ഉല്പന്നമാകുന്ന ആ പ്രക്രിയയിൽ വരുന്ന ഒരു വൈകല്യം വികാസത്തിന്റെ വിത്തിനു പകരം വിനാശത്തിന്റെ വിത്തിനെ, രോഗങ്ങളുടെ വിത്തിനെ, തരുന്നു എന്ന് പ്രാചീനർ ഊഹിച്ചിട്ടുണ്ട്. തെളിയിച്ചിട്ടുണ്ട് എന്നു പറയാൻ നിവൃത്തിയില്ല. എന്നാൽ അവരുടെ ഊഹം ശരിയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. പരീക്ഷിച്ചു നോക്കാവുന്നതുമാണ്. പശുവിനോടൊപ്പം ചേർന്നു ജീവിച്ചപ്പോൾ അവർക്കു കുറെ പണം ഉണ്ടാക്കിക്കൊടുക്കുന്നതായല്ല അവർ പശുവിനെ കണ്ടത്. അവരുടെ ജീവിതത്തിന് ആനന്ദവും ലാഭവവും കൊടുക്കുന്ന ദൈവമെന്ന നിലയിലാണ്. അവിടുന്ന് എല്ലാ ഔഷധങ്ങളും അവർ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്.

തെങ്ങു വളർത്തിയവരും ഇങ്ങനെയാണ്. തെങ്ങിൽ നിന്നെടുക്കാവുന്ന ഔഷധങ്ങളെല്ലാം അവർ കണ്ടെത്തിയിരുന്നു. വളരെ രസകരമായ ഒരു ശാസ്ത്രശാഖ അവർക്കുണ്ടായിരുന്നു. അതിലെ കുറേ അംശങ്ങളെല്ലാം വിട്ടുപോകാതെ പൗരാണിക കാലം മുതൽ നിലനിന്ന്, ഗ്രന്ഥരൂപത്തിലെഴുതാതെ, പാരമ്പര്യമായി കൈമാറിപ്പോന്ന്, വിദ്യാഭ്യാസം വന്നപ്പോൾ അവയോട് അവജ്ഞ തോന്നി പലതും കൈവിട്ടു കളഞ്ഞു കഴിഞ്ഞ് ചിലരെങ്കിലും അതു കൈവിടാതെ സൂക്ഷിച്ചുവെച്ചത് അതിലേ പോകുന്ന ആളുകൾക്ക് ലഭിച്ചാൽ പിന്നീടു പോകുന്ന ഒരാൾക്ക് ഉപദേശമായി കൊടുത്തയച്ചത്, അങ്ങനെയൊക്കെ സൂക്ഷിച്ചു പോന്നിട്ടുള്ള കുറേ കാര്യങ്ങളാണ് ഗൃഹവൈദ്യം എന്നറിയപ്പെടുന്നത്. ഒരു ഗൃഹത്തെ ഒരു കുടുംബത്ത ആരോഗ്യപൂർണ്ണമാക്കുന്നതിന് അറിഞ്ഞിരിക്കേണ്ടതെല്ലാം ഗൃഹവൈദ്യത്തിൽപെട്ടതാണ്. അതിൽ പ്രാഥമികമായി അവർ നോക്കിയത് രോഗങ്ങൾ വേഗരോധത്തിൽ നിന്നുണ്ടാകുന്നു എന്നാണ്. ശാസ്ത്രമൊന്നുമറിയില്ലെങ്കിലും പഴയ അമ്മമാർ രോഗത്തിന്റെ ആവിർഭാവം വേഗരോധത്തിൽ നിന്നാണ് എന്ന് കണ്ടറിഞ്ഞിരുന്നു.

വേഗങ്ങൾ എന്നാൽ മലം, മൂത്രം, അധോവായു (കീഴ്ശ്വാസം), ഏമ്പക്കം, എക്കിട്ട, തുമ്മൽ, ചുമ, ആർത്തവ ശുക്ലാദി വിസർജ്ജനം ഇവയൊക്കെയാണ്. ഇവ സ്വച്ഛന്ദമായിരിക്കണമെന്നത് പഴയ അമ്മമാർക്കറിയാമായിരുന്നു. അതുകൊണ്ട് അവർ പലപ്പോഴും വീട്ടിൽ കുട്ടികളുടെ പുറകെ ഉണ്ടായിരുന്നു. കുട്ടി മുക്കി മലമൂത്രവിസർജ്ജനം ചെയ്യുന്നു എന്നു കണ്ടാൽ അമ്മമാർ അതിൽ ഇടപെടുമായിരുന്നു. സൂര്യപ്രകാശമേല്ക്കാത്ത കുട്ടിയുടെ ശരീര ഭാഗങ്ങൾ – പ്രത്യേകിച്ച് ഗുഹ്യഭാഗങ്ങൾ – അതീവ ശുചിയാക്കി വെയ്ക്കുന്നതിന് കുട്ടിക്കാലത്ത് അമ്മമാർ കുട്ടികളെ നന്നായി പരിശീലിപ്പിച്ചിരുന്നു. വേഗത്തെ നിരോധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതു കൂടാതെ, വേഗങ്ങളെ സ്വച്ഛന്ദമാക്കാനും ശുചിയായിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൂത്രവും മറ്റും വിസർജ്ജിക്കുമ്പോൾ അത് എങ്ങനെയെല്ലാം വിസർജ്ജിക്കുന്നു എന്ന് അവർ നോക്കിയിരുന്നു. കുട്ടി മലം വിസർജ്ജിക്കുമ്പോൾ അത് വെള്ളത്തിൽ താണുകിടക്കുന്നോ അതല്ലാ പൊങ്ങിക്കിടക്കുന്നുവോ എന്നവർ ശ്രദ്ധിച്ചിരുന്നു. അവയെക്കുറിച്ചൊക്കെ അവർക്ക് ധാരണകളുണ്ടായിരുന്നു.

ആരോഗ്യജീവനം

പ്രാചീന കുടുംബങ്ങളിൽ ഒരു നവജാത ശിശുവിനെ എപ്പോഴാണ് പുറംലോകം കാണിക്കേണ്ടത് എന്നുള്ളതിന് നിയമമുണ്ടായിരുന്നു. അതിന്റെ പേരുതന്നെ ” “വാതിൽപ്പുറപ്പാട്” എന്നാണ്. ഒരു കുഞ്ഞ് ജനിച്ചാലുടനെ അതിനെ എടുത്തുകൊണ്ടുവന്ന് പുറംലോകം കാണിക്കുകയില്ല. പ്ലാസന്റയിൽ പൊതിഞ്ഞ് അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ ഒരു കുഞ്ഞ് എത്ര ശബ്ദങ്ങളെ കേൾക്കാൻ ഇപ്പോൾ പ്രാപ്തമാണ്, ഏത്ര ഡെസിബിൾ വരെയുള്ള ശബ്ദം നവജാതശിശുവിന്റെ കർണ്ണങ്ങൾക്കു താങ്ങാനാവും എന്നൊക്കെ പഠിക്കുന്നത് ഇന്നാണ്. പക്ഷേ ഇന്നാണ് നമ്മൾ കുഞ്ഞിനെ പ്രസവിച്ചാലുടനെ തന്നെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുന്നതും യന്ത്രങ്ങളുടെ ശബ്ദമൊക്കെ കേൾപ്പിക്കുന്നതും , ടി വി യും മറ്റും ഓൺ ചെയ്തു വെയ്ക്കുന്നതുമൊക്കെ.

അന്ന് ഒരു കുഞ്ഞ് ജനിച്ചാൽ പ്രകാശം, ശബ്ദം മുതലായവ കാണിക്കുന്നതും കേൾപ്പിക്കുന്നതും എത്രാം ദിവസം മുതൽ വേണം എന്ന് അവർക്ക് അറിയാമായിരുന്നു. അതിന് നടത്തിയിരുന്ന ചടങ്ങിന്റെ പേരാണ് “വാതിൽപ്പുറപ്പാട്” എന്നുപറഞ്ഞത്. അത് ഒരു വലിയ ചടങ്ങാണ്. സദ്യയൊക്കെ ഉണ്ടാവും. കുഞ്ഞിനെ മുറിക്കകത്തുനിന്ന് പുറത്തുകൊണ്ടു വന്ന് പുറംലോകം കാണിച്ചു കൊണ്ടുപോകും. അതുപോലെ തന്നെ സൂര്യരശ്മി ഇന്ന സമയത്തുള്ളത് കുറേക്കാലത്തേക്ക് കുഞ്ഞിനെ അടിപ്പിക്കരുതെന്ന് പ്രത്യേകം നിർദ്ദേശിക്കും. നന്നേ ചെറുപ്പത്തിലുള്ള ത്വക്കിന്റെ കലകളിൽ സൂര്യപ്രകാശം തട്ടിയാൽ അത് മാരകങ്ങളായ ത്വക്ക്

രോഗങ്ങൾക്ക് കാരണമായിത്തീരുമെന്ന് അമ്മമാർക്ക് അറിയുമായിരുന്നു. പ്രത്യേകിച്ച് മാരകമായ ക്യാൻസറിലേയ്ക്ക് ത്വക്കിനെ വളർത്തിയെടുക്കുന്ന സൗരകലകളെക്കുറിച്ച് അമ്മമാർക്ക് ധാരണയുണ്ടായിരുന്നു. ഇന്നതിന് പരീക്ഷണങ്ങളും പഠനങ്ങളുമുണ്ട്. പ്രത്യേകിച്ച് സർക്കോമയിലും മറ്റും. ഇതൊക്കെ അവർ നിലനിർത്തി പോന്നത് ഒരു പ്രത്യേകതരത്തിലാണ്. പൂഷാവിൽ നിന്നുവരുന്ന രശ്മിസമൂഹങ്ങളെ എങ്ങനെയെല്ലാം ഉപയോഗിച്ചാൽ രോഗങ്ങൾ വരില്ല എന്നവർക്കറിയാമായിരുന്നു. ഏതു സമയങ്ങളിൽ സൂര്യപ്രകാശം ഗർഭിണിയുടെ ഉദരത്തിലടിച്ചാൽ കുഞ്ഞിന് ജന്മനാ മഞ്ഞപ്പിത്തമുണ്ടാവുകയില്ല എന്ന് അവർക്കറിയാമായിരുന്നു. കാരണം ആ രശ്മി സമൂഹങ്ങൾ പ്ലാസന്റ കടന്ന് ഉള്ളിലെത്തുന്നതാണ്. പൗരാണികകാലത്തെക്കാൾ ഉദരം മറയ്ക്കാതെ ജിവിക്കുന്ന സ്ത്രീകളുടെ ഇന്നത്ത പ്രസവങ്ങളിലുള്ള മഞ്ഞപ്പിത്തത്തിന്റെ അളവ് മുമ്പെന്നെത്തേക്കാളും കൂടിയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത്. അതും പഠനവിഷയമാക്കാവുന്നതാണ്. കുഞ്ഞിനു മഞ്ഞപ്പിത്തമുണ്ടായാൽത്തന്നെ കുഞ്ഞിനെ വെളിയിൽ കിടത്തി വാഴയില മുകളിൽ പിടിച്ച് സൂര്യപ്രകാശമടിക്കുമ്പോൾ കുഞ്ഞിന് മാറ്റം ഉണ്ടാകും. ഇതിനേക്കുറിച്ചൊരു ധാരണ അമ്മമാർക്കുണ്ടായിരുന്നു. Yellow Light അല്ല. പൈസയൊന്നും കൊടുക്കേണ്ടാ. സൂര്യനാണ് ഉറവിടം. എന്നാൽ അവിടെ കൊണ്ടു കാണിച്ചാൽ പറ്റില്ലാത്തതുകൊണ്ടോ, അതിൽ രോഗിയുടെ ബന്ധുക്കൾക്ക് വിശ്വാസമില്ലാത്തതുകൊണ്ടോ, ഭിഷഗ്വരന്മാർ ഇഷ്ടപ്പെടാത്തതുകൊണ്ടോ അകത്ത് ട്യൂബ് തെളിയിച്ച് അതിന്റെ പ്രകാശത്തിൽ പിടിക്കുകയാണിന്നു ചെയ്യുന്നത് പല ആശുപത്രികളിലും. ഇങ്ങനെ ഒരവസ്ഥ പൗരാണികർക്കുണ്ടായിരുന്നുവെങ്കിൽ, അത് ഇന്നത്തേതിനേക്കാൾ എളുപ്പമാണെങ്കിൽ, ഇന്നത്തേതിനേക്കാൾ പ്രയോജനപ്രദമാണെങ്കിൽ അവർ എങ്ങിനെ കണ്ടെത്തിയെന്നതിനേക്കാൾ ഇന്ന് അത് ഉപയുക്തമാക്കാൻ ശ്രമിക്കുന്നതെങ്കിലും ഉചിതമാണ്. എങ്ങനെയാണ് കണ്ടെത്തിയതെന്നറിഞ്ഞാൽ അത് നമ്മുടെ അറിവിന്റെ മേഖലയിൽ പ്രയോജനപ്പെടുകയും ചെയ്യും. മുമ്പൊക്കെ കുട്ടികൾ പുറത്തു പോയി ആഹാരമെന്തെന്ന് അറിയാതെ കഴിക്കരുതെന്ന് അമ്മമാർക്ക് നിർബ്ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ശീലത്തെ അമ്മയുടെ കൈത്തലത്തിലെ രുചികൊണ്ടു നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു. വേറൊരിടത്തു നിന്നാഹാരം കഴിക്കുമ്പോൾ ആ തലമുറയ്ക്ക് അതുകൊണ്ട് ഒരറപ്പുണ്ടായിരുന്നു. നമ്മുടെ കുട്ടിക്കാലത്ത് മറ്റൊരു വീട്ടിൽ നിന്ന് ആഹാരം കഴിക്കാൻ വിളിക്കുമ്പോൾ സ്വന്തം അമ്മ തരുന്ന ആഹാരത്തിന്റെ ഒരു ശീലവും രുചിയും നാവിൽ കിടക്കുന്നതുകൊണ്ട് മറ്റൊന്നു കഴിക്കാൻ ഒരു പ്രിയം തോന്നാതിരിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്തിയിരുന്നു. സ്വന്തക്കാരുടെ വീടായിരുന്നാൽത്തന്നെ വിശക്കുന്നുണ്ടെങ്കിൽ പോലും അതു തന്റെ രുചിക്കടുത്തുവരില്ലാ എന്ന് അതിന്റെ പുറം ഭാഗങ്ങളിൽ നിന്ന് സങ്കല്പ്പിച്ചിട്ട് വേണ്ടാ എന്നു പറയാനുള്ള പ്രവണതയും നിർബ്ബന്ധിച്ചാലും കഴിക്കാതിരിക്കാനുള്ള ഒരു തീരുമാനവും ഒക്കെ ഉളവാകുന്ന ഒരു ശീലം. ഇന്നാവട്ടെ ആഹാരം കഴിച്ചിട്ടു ചെന്നാലും പിന്നെയും കഴിക്കാനുള്ള ഒരു ശീലമാണ് പൊതുവെ കാണുന്നത്. അപ്പോൾ ആ ശീലത്തിനകത്തുവരെ അവർ ഒരു ആരോഗ്യരഹസ്യം പൊതിഞ്ഞുവെച്ചിരുന്നു. തന്റെ കുഞ്ഞു പഠിക്കാൻ പോകുകയാണെന്നും, അവന്റെ ബുദ്ധി വികസിക്കുന്നത് തന്റെ സ്നേഹവും താൻ കൊടുക്കുന്ന ആഹാരവും കൊണ്ടാണെന്നും അതിന്റെ സാധകപിത്തത്തെ വർദ്ധിപ്പിക്കണമെന്നും അമ്മമാർ അറിഞ്ഞിരുന്നു. നമ്മുടെയൊക്കെ വീടുകളിൽ സ്കൂളിൽ നിന്ന് നാലുമണിക്കു ബല്ലടിച്ചാലുടനെ ഓടി വീട്ടിലെത്തുന്ന മകനെയും മകളെയും പഠിത്തമെങ്ങനെയെന്നോ, അദ്ധ്യാപകനോട് അവർ എങ്ങനെ പെരുമാറിയെന്നോ ഒന്നുമന്വേഷിക്കാതെ, ഓടിവരുന്ന അവരുടെ ആഹാരത്തിൽ മാത്രം ശ്രദ്ധിച്ച് കൊശിത്തീറ്റകൾ – (ഖുശി എന്ന ഹിന്ദി പദത്തിൽ നിന്നാകാം കേരളത്തിൽ പൊതുവേ നിലനിന്നിരുന്ന കൊശിത്തീറ്റ എന്നൊരു പദം തന്നെ ഉണ്ടായിരുന്നത്) അവരെ സന്തോഷിപ്പിക്കുവാൻ പറ്റിയ ചില പലഹാരങ്ങൾ – വൃത്തിയായുണ്ടാക്കി അതിൽ മറ്റു മാലിന്യങ്ങളൊന്നും ചേർക്കാതെ, അത് ആരോഗ്യത്തെ നശിപ്പിക്കാതെ കാത്തിരുന്നു കുഞ്ഞുങ്ങളെ കഴിപ്പിച്ചിരുന്ന ഒട്ടേറെ അമ്മമാർ ഓരോ വീട്ടിലും ഉണ്ടായിരുന്നു. അത് ആരോഗ്യത്തിന് സംഭാവന ചെയ്തതു ചില്ലറയൊന്നുമല്ല.

താൻ വരുമ്പോഴേ തന്നെ കാത്തിരിക്കാൻ ഒരമ്മയുണ്ട് എന്ന വിചാരം തരുന്ന വികാരപരമായ ആരോഗ്യം ! “എന്നെ കാത്തിരിക്കാനൊരാളുണ്ട്, ഞാൻ ചെന്നില്ലെങ്കിൽ വേദനിക്കാനൊരാളുണ്ട്, എന്നെ അന്വേഷിച്ചിരിക്കുന്ന ഒരമ്മയുണ്ട് വീട്ടിൽ” എന്ന തോന്നൽ ! ഏതോ ഒരാകർഷണമെന്നപോലെ ബെല്ലടിക്കുമ്പോൾത്തന്നെ മറ്റാരെയും കാണാൻ നില്ക്കാതെ ഓടുന്ന ഒരോട്ടം. അത് നമ്മുടെ ആരോഗ്യത്തിലും ആയുസ്സിലും ചെയ്ത സംഭാവന ചെറുതൊന്നുമല്ല. അവിടെ ചെന്നു കഴിയുമ്പോഴേ എടുത്തു വെച്ചിരിക്കുന്ന ഒരാഹാരം. കാലും കയ്യും കഴുകി വാ മോനേ അല്ലെങ്കിൽ  കുളിച്ചിട്ടുവാ മോനേ. ആഹാരം കഴിക്ക്. കളിക്കാൻ പോകുന്നതു പിന്നെയാകാം. ഇത്രയും നേരമിരുന്നു പഠിച്ചിട്ടു വരികയല്ലേ. നീയെന്താ കിടന്ന് ഓടുന്നേ. ഇരുന്നു കഴിക്ക് എന്നൊക്കെ പറഞ്ഞ് പിടിച്ചിരുത്തി കഴിപ്പിക്കാനുള്ള അമ്മയുടെ ഒരു വെമ്പൽ!

ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് വീട്ടിലേയ്ക്കെത്തുമ്പോൾ അയാളുടെ മനസ്സിനെയും ശരീരത്തെയും, തണുപ്പിക്കുവാൻ പാകത്തിന് മോരോ, ചായയോ, കാപ്പിയോ, കഞ്ഞിവെള്ളത്തിൽ പുളിശ്ശേരിയൊഴിച്ചതോ, കഞ്ഞിവെള്ളത്തിൽ മാങ്ങാക്കറിയൊഴിച്ചതോ ഏതെങ്കിലുമൊന്ന് ഒരു പാത്രത്തിലെടുത്ത് മുമ്പിൽ കൊണ്ടുവന്ന് “ഇതുകുടിക്ക്, ഇരിക്ക്, അതുകഴിഞ്ഞ് പണിക്കാര്യമൊക്കെ സമാധാനമായി സംസാരിക്കാം, പിള്ളേരുടെ കാര്യമൊക്കെ സമാധാനമായി സംസാരിക്കാം, അവരൊക്കെ അവിടെയുണ്ട്. ഇപ്പോൾ ഇതു ,കഴിക്ക്” എന്നുപറയുമ്പോൾ ആ മനസ്സിനു ലഭിച്ചിരുന്ന ഒരു സൗകുമാര്യത പണവും പ്രതാപൈശ്വര്യങ്ങളുമെല്ലാമുള്ള ഇന്നത്തെ അന്തരീക്ഷത്തിൽ ലഭിക്കാതിരിക്കുമ്പോൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ നിന്നു രൂപാന്തരപ്പെടുന്ന രോഗങ്ങൾ. കേറിവരുമ്പോഴേ സ്നേഹത്തോടെ കാത്തിരിക്കാനൊരാൾ ഉണ്ടെന്നു കാണുക. ആ വ്യക്തി സ്നേഹത്തോടെ എടുത്തുതരികയാണ്, “ഈ വെള്ളം കുടിച്ചിട്ടുമതി ബാക്കിയൊക്കെ” എന്നു പറയുകയാണ്. നമ്മുടെ ഉള്ളറിയുന്ന ഒരാളുണ്ടല്ലോ എന്ന ഒരു തോന്നലിൽ നിന്ന് ഒന്നും വിലപേശി വാങ്ങേണ്ടാത്ത ഒരു സാന്ത്വനത്തിന്റെ ഭാവത്തിൽ നിന്നുണ്ടാകുന്ന ആരോഗ്യകലന.

ഇതൊക്കെ ഗൃഹവൈദ്യത്തിന്റെ സംഭാവനകളാണ്. അത് പോവുകയും വൈദ്യശാസ്ത്രം ശാസ്ത്രീയമായി വികസിക്കുകയും ചെയ്തപ്പോൾ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും വിഷയങ്ങളും എല്ലാം ചേർന്ന ഈ പ്രകൃതിയിൽ ആ സമഗ്രതയെ കൈവിടുകയും രോഗത്തെ കണക്കാക്കുകയും ചെയ്യുന്ന രീതിയിലെത്തിയിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങൾ രോഗിയായതിനു ശേഷമുള്ള പഠനങ്ങളാണ്. നിങ്ങളുടെ രോഗത്തോട് മല്ലിടാനുള്ള പഠനങ്ങളാണ്. വൈദ്യശാസ്ത്രത്തിൽ പ്രിവന്റീവ് മെഡിസിൻ ഡിപ്പാർട്ട്മെന്റുകളൊക്കെ ഉണ്ടെങ്കിലും, ആയുർവേദത്തിൽ സ്വസ്ഥവൃത്തം പഠിക്കാനും പഠിപ്പിക്കാനുമൊക്കെ ഉണ്ടെങ്കിലും ആ പഠനങ്ങളും അതിന്റെ ഡിപ്പാർട്ട്മെന്റുകളുമൊക്കെ പലപ്പോഴും രോഗമില്ലാത്ത അവസ്ഥയിൽ ജാഢ്യം വന്നിരിക്കുന്നവയാണ്. ഏതെങ്കിലും രോഗം ആവിർഭവിക്കുമ്പോൾ രോഗമിനി പടരാതിരിക്കാൻ ക്രൈസിസ് മാനേജുമെന്റുകളായി അന്നേരമൊന്ന് ഉണർന്നെണീക്കുകയും പിന്നീട് വീണ്ടും സ്വന്തം ജഡപ്രകൃതിയിലേയ്ക്കു പോകുകയും ചെയ്യുന്നതാണ് ആ ഡിപ്പാർട്ടുമെന്റുകൾ . ആരോഗ്യമുള്ളപ്പോൾ ബന്ധങ്ങളെ ആരോഗ്യരൂപേണ കൊണ്ടുപോകേണ്ടതിനേക്കുറിച്ച് സങ്കല്പിക്കാതിരിക്കുകയും ആർക്കെങ്കിലും അല്പമെങ്കിലും രോഗം വന്നാൽ പെട്ടെന്ന് അനുകമ്പാർദ്രമാവുകയും ചെയ്യുന്ന ഒരു മാനവപ്രകൃതമാണ് ഇന്നു കണ്ടു വരുന്നത്. വീട്ടിലൊരാൾക്ക് രോഗം വന്നാൽ ചാടിയിറങ്ങുകയായി. ഏതാശുപത്രിയിൽ കൊണ്ടുപോകണം എന്നു തുടങ്ങി ബഹളം വെയ്ക്കാൻ തയ്യാറാവുകയായി.  ആരോഗ്യമുള്ളപ്പോൾ ആ ആരോഗ്യം നിലനിർത്താൻ അനുഗുണമായ ആഹാരം, വാക്ക്, പ്രവൃത്തി, ബന്ധം ഇവ നിലനിർത്തണമെന്ന് വിദ്യാസമ്പന്നരായ ആളുകൾ കരുതുന്നില്ല എന്നു തോന്നുന്നു.

ഇപ്പോൾ എനിക്കാരോഗ്യമുണ്ട്, നിനക്കാരോഗ്യമുണ്ട്,  പിള്ളേർക്കുമാരോഗ്യമുണ്ട്. ഈ ആരോഗ്യവും ആയുസ്സും തുടർന്നു കിട്ടുന്നതിനു പര്യാപ്തമായ വാക്കുകളേ ഈ കുടുംബത്തിന്റെ അന്തരീക്ഷത്തിൽ നമ്മൾ ഉപയോഗിക്കാവൂ എന്ന ഒരു പരസ്പര ധാരണ.

“നിനക്കു തെറ്റുപറ്റിയാലും ഞാനങ്ങനെയേ ഉപയോഗിക്കൂ.”

“നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ ഈ ആരോഗ്യം കളഞ്ഞുകുളിക്കാവുന്ന വാക്കുപയോഗിക്കാനില്ല”

ഇങ്ങനെ ഒരു ആന്തരികധാരണയല്ലേ വിദ്യാഭ്യാസം? പക്ഷേ ഇന്ന് അതുണ്ടോ? വിദ്യാഭ്യാസമില്ലാതിരുന്ന കാലത്തെ സ്ത്രീപുരുഷൻമാരിൽ ഇങ്ങനെ കണ്ടിട്ടില്ല. ആരോഗ്യം ആസ്വദിക്കാൻ, ധനം ആസ്വദിക്കാൻ, സമ്പത്ത് ആസ്വദിക്കാൻ, ആയുസ്സിനെ ആസ്വദിക്കാൻ വിദ്യാഭ്യാസം ഒരു തടസ്സമാകുന്നതുപോലെ തോന്നുന്നു എന്നു പറയാൻ തോന്നുന്നില്ലേ? യഥാർത്ഥത്തിൽ നമുക്കു കിട്ടിയ സാമ്പത്തിക വിദ്യാഭ്യാസം, സാമൂഹിക വിദ്യാഭ്യാസം, സാംസ്ക്കാരിക വിദ്യാഭ്യാസം, ശാസ്ത്ര വിദ്യാഭ്യാസം ഇവയെല്ലാം കൂടി ചേർന്ന് എപ്പോഴെങ്കിലും നിങ്ങളുടെ അവയവങ്ങളെ, നിങ്ങളുടെ ഇന്ദ്രിയങ്ങളെ, നിങ്ങളുടെ മനസ്സിനെ, ബുദ്ധിയെ, അഹങ്കാരത്തെ, നിങ്ങളുടെ കയ്യിലിരിക്കുന്ന വസ്തുജാലങ്ങളെ, നിങ്ങളുടെ പരിചയക്കാരെ,  ബന്ധുക്കളെ ഒക്കെ ആനന്ദിപ്പിക്കുവാൻ പാകത്തിന് ഉപയുക്തമാക്കുവാൻ പാകത്തിനൊരു സാധ്യത രൂപപ്പെട്ടിട്ടുണ്ടോ? എനിയ്ക്ക് എന്റെ ആരോഗ്യമുള്ള ഒരു നാക്കുണ്ട്, മൂക്കുണ്ട്. കയ്യുണ്ട്, കാലുണ്ട്, മറ്റിന്ദ്രിയങ്ങളുണ്ട്, ഒരു മനസ്സുണ്ട്. എന്റെ സഹോദരങ്ങൾക്കും ഇവയെല്ലാമുണ്ട്. അപ്പുറത്ത് എന്റെ ഭാര്യയുണ്ട്. ഇപ്പുറത്ത് പിള്ളേരുണ്ട്, അച്ഛനുണ്ട്. അമ്മയുണ്ട്, ശിഷ്യനുണ്ട്. ഗുരുവുണ്ട്. ഇങ്ങനെ വരുന്ന ഈ തലങ്ങൾ ആനന്ദപൂർവ്വം ആസ്വദിക്കാൻ പോക്കറ്റിലെ പണവും, പ്രതാപൈശ്വര്യങ്ങളും എല്ലാം ആസ്വദിക്കാൻ പാകത്തിലുള്ള ഒരു co-relation വിദ്യാഭ്യാസം കൊണ്ട് കിട്ടിയിട്ടില്ലെങ്കിൽ എന്തിനാണ് പിന്നെ അത്?

 ഒരു വിദ്യാഭ്യാസവുമില്ലാത്തവന് ആഹാരപദാർത്ഥങ്ങളും വസ്ത്രാദികളും ഭൂമിയും പണവും ചുറ്റുപാടുകളും അല്പമാത്രമായെങ്കിലും പ്രകൃത്യാ ആസ്വദിക്കാൻ കഴിയുമ്പോൾ അതിനെ സക്രിയമായി ആസ്വദിക്കാൻ കഴിയുന്ന ഒരു സൂത്രവാക്യമായിരിക്കേണ്ട വിദ്യാഭ്യാസം? എന്റെ ആസ്വാദനത്തിന്റെ ഒരു സക്രിയത എന്റെ വിദ്യാഭ്യാസത്തിന്റെ ആന്തര പ്രവാഹമായി നിലകൊള്ളേണ്ടതാണ്. ഇന്ന് ഈ വിദ്യാഭ്യാസമെനിക്കു കിട്ടി. ഇനിയെനിക്ക് എന്റെ അച്ഛനെ, അമ്മയെ, സഹോദരങ്ങളെ, ബന്ധുക്കളെ, എന്റെ ഇന്ദ്രിയങ്ങളെ, എന്റെ മനസ്സിനെ, എന്റെ ചുറ്റും കാണുന്ന ദ്രവ്യങ്ങളെ സക്രിയമായി ഒന്നാസ്വദിക്കുമ്പോൾ കിട്ടുന്ന ഒരാനന്ദം. അത് ധനാത്മകവും ആയുസ്സു വർദ്ധിപ്പിക്കുന്നതും ആനന്ദം പ്രസരിപ്പിക്കുന്നതുമാണ്.

ചോദ്യം:- ഇന്നത്തെ വിദ്യാഭ്യാസം മെറ്റീരിയലിസ്റ്റിക് ആയതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്?

ഉത്തരം: “വിദ്യാഭ്യാസം മെറ്റീരിയലിസ്റ്റിക് ആണെങ്കിൽ, ആ വിദ്യാഭ്യാസം ഉപയോഗിച്ച്, ഈ ആസ്വാദനത്തിന് നമുക്കൊരു സർഗ്ഗശക്തിയുണ്ടെങ്കിൽ കഴിയേണ്ടതല്ലേ? കാരണം ഇതിനു പോയി ഇരുന്നു കൊടുക്കുന്നത് നമ്മളാണല്ലോ. നമ്മുടെ സമയമാണല്ലോ വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്നത്. ആ വിദ്യാഭ്യാസത്തിന്റെ ഘടനയെ ഉപയോഗിച്ച് സക്രിയവും ധനാന്മകവുമായ ഒരാസ്വാദനം എന്തേ ഇല്ലാതെ പോയി?

വിവാഹം കഴിച്ചിട്ട് ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ  ആസ്വാദ്യമായിക്കൊണ്ടുപോകാൻ പഠിപ്പുള്ള ഒരു വ്യക്തിക്ക് കഴിയുന്നില്ല എങ്കിൽ പിന്നെന്തിനീ പണിക്കുപോകണം? പക്ഷേ പണ്ടുള്ളവർക്ക് അത് കഴിഞ്ഞിരുന്നു. അവൻ വഴക്കുണ്ടാക്കുമ്പോൾ, അവൻ കളിക്കുമ്പോൾ, അവൾ ചിരിക്കുമ്പോൾ, അവൻ കൊഞ്ഞനം കുത്തുമ്പോൾ, അവൻ ഹാസ്യം ഉപയോഗിക്കുമ്പോൾ, ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്നുണ്ടായി നാളെമറയാൻ പോകുന്ന ഈ അല്പകാലസ്ഥിതമായ ജീവിതത്തിൽ തികച്ചും ആസ്വദിച്ചു മൺമറയാൻ അവനോ അവൾക്കൊ എളുപ്പം കഴിഞ്ഞിരുന്നു ഇത്രയൊന്നുമില്ലാതെ. ഇത്രയൊക്കെയുള്ളപ്പോൾ ഇതിൽ കൂടുതൽ കഴിയേണ്ടതല്ലേ എന്നാണ് നാം ചിന്തിക്കുന്നത്. അങ്ങനെ കഴിയുന്ന ഒരു സൂത്രവാക്യത്തെയാണ് ഗൃഹവൈദ്യം എന്നു പറയുന്നത്. അതിന്റെ നിർവ്വചനത്തിനാണ് ഇത്രയൊക്കെ പറഞ്ഞത്.

ചോദ്യം:- സ്വാമിജി, വ്യാവസായിക പുരോഗതി വരുത്തിയ ഒരു വിനയല്ലേ ഇത്?

ഉത്തരം:  നമ്മുടെ കൊള്ളരുതാഴിക മറയ്ക്കാൻ ഓരോന്നിലാരോപിക്കുകയാണ് നമ്മളിതിനെയെല്ലാം. ഭരണാധികാരികളിൽ, വ്യാവസായിക പുരോഗതിയിൽ,

അയൽപക്കകാരനിൽ, ചുറ്റുപാടുകളിൽ, അച്ഛനിൽ, അമ്മയിൽ ഒക്കെ പഴി ചാരി പിന്നെയും നമ്മൾ രക്ഷപെടാൻ നോക്കുകയാണ്. ഇതിൽ നിന്നു രക്ഷപെട്ട് ഇതിലും വലുതിലാണ് ചെന്നു വീഴാൻ പോകുന്നത്. നമ്മൾ മാറിയാൽ മാറി.

അതിനുശേഷവും ഇതാസ്വദിക്കണമെന്നു തീരുമാനമുള്ളവൻ ആസ്വദിച്ചിട്ടുണ്ട്. അല്ലെങ്കിൽ നമ്മളെന്തിനാണ് ഇരുന്ന് ഇങ്ങനെ പഠിക്കുന്നത്? ഇങ്ങനെ ഒരു വിഷയം ഉണ്ടെന്ന് ഒരറിവു കിട്ടണമെങ്കിൽ ഈ വ്യാവസായിക പുരോഗതിയുടെയൊക്കെ നടുക്കല്ലേ നമ്മൾ നിൽക്കുന്നത്? ഇതൊക്കെ വേറെ ആരോ ശരിയാക്കി നമുക്കു തരണമെന്നാണ് ആ വാക്കുകൾക്കുള്ളിലുള്ളത്. മറിച്ച് എനിയ്ക്ക് ഈ  ജീവിതം ഒന്ന് ആസ്വദിക്കണമെന്നു തീരുമാനിച്ചാൽ ആരാണ് വന്നു തടയുന്നത്?

എപ്പോഴാണ് ഒരാൾക്ക് ലാഘവം നഷ്ടപ്പെടുന്നതെന്നു നോക്കാം. – ലാഘവത്തിന് ഇംഗ്ലീഷിൽ ease എന്നു പറയാം. Disease എന്നാൽ രോഗമെന്നാണ്. Disease ൽ നിന്ന് Dis അങ്ങു കളഞ്ഞാൽ ease-ൽ എത്തിക്കാം. പിശുക്കനായ ഒരുവൻ – പൈസ മുടക്കുന്നത് വേദനയുണ്ടാക്കുന്ന ഒരുവൻ – എത്തിച്ചേരുമ്പോൾ ഒരു പൈസയും അവനു മുടക്കു വരാത്ത വിധത്തിൽ ഒരു ഗ്ലാസ്സു വെള്ളമെടുത്തു കൊടുത്ത് ഇതു കൊണ്ടു മാറുമെന്ന് പറഞ്ഞാൽ അവന്റെ മനസ്സ് അല്പം ease ആയിട്ടു പോകും. 1000 രൂപയുടെ മരുന്നു കുറിച്ചുകൊടുത്താൽ നേരത്ത മനസ്സിന്റെ ലാഘവം നഷ്ടപ്പെട്ട് രോഗിയായിട്ടു വന്നവൻ അടുത്ത ഞെട്ടലിൽ കുറേക്കൂടി സംഘർഷത്തിലാകും. പൈസ കയ്യിലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അവന് ലാഘവം വരുത്തുക എന്നതാണ് പ്രശ്നം. മകൻ ഇന്നതു പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ലാഘവം നഷ്ടപ്പെട്ട് നെഞ്ചുവേദനയെടുക്കുന്ന അച്ഛനേയും കൊണ്ട് ആ മകൻ ആശുപത്രിയിലേയ്ക്കു പോകുന്നതിനു പകരം ആ അച്ഛൻ വിചാരിച്ചതു പോലൊരു പെരുമാറ്റം അവൻ കാണിച്ചാൽ ലാഘവം വരുന്ന അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാതെ ease-ൽ ആക്കാം.

ഉദാഹരണത്തിന് പരേഡ് ഒക്കെ എടുക്കുമ്പോൾ stand at ease എന്നൊക്കെ പറയും. പക്ഷേ ആദ്യം അറ്റൻഷനിൽ – at-tension ആയതുകൊണ്ട് at-ease പ്രയാസമാണ്. കാരണം അടുത്ത ശബ്ദത്തിന്റെ ടെൻഷനിലാണ് ease-ൽ നില്ക്കുന്നത്. അയാളോട് അറ്റ്-ടെൻഷനിൽനിന്ന് അറ്റ് ഈസിലേയ്ക്കു മാറാൻ ആജ്ഞാപിക്കുകയാണ് . അതുതന്നെ അയാളെ – Parade സാവധാൻ എന്നു പറയുന്ന അതേ ശബ്ദത്തിൽ – tone-ൽ ആണ് – വിശ്രാം എന്നും പറയുന്നത്. മറിച്ച് പറയുന്നവന് ഒരു ലാഘവം വാക്കുകളിൽ വന്നെങ്കിൽ അനുസരിക്കുന്നവൻ ease-ൽ ആകും. രണ്ടും ആജ്ഞാപിക്കുകയാണ്.

കുടുംബങ്ങളിൽ ആ ഒരു ലാഘവം ഉണ്ടായിരുന്നു. ഒരു ചൂട് ശരീരത്തിനുവന്നാൽ, ഒരു വയറിളക്കം വന്നാൽ, ഒക്കെ അവർ പ്രകൃതിയിൽ നിന്ന് കുറെ കാര്യങ്ങൾ കണ്ടു വെച്ചിരുന്നു. അവയാണ് അവർ അതിനുപയോഗിച്ചത്. ആ ഉപയോഗിച്ചത് ചികിത്സാശാസ്ത്രമാണ് – ഗൃഹവൈദ്യത്തിലെ. എങ്ങിനെയാണ് കുടുംബം തന്നെ ലാഘവത്തിൽ നില്ക്കുക എന്നവർ നോക്കിക്കണ്ടിരുന്നു.

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്