374 ¦ ചുമ ¦ കഫക്കെട്ട്

374 ¦ ചുമ ¦ കഫക്കെട്ട്
374 ¦ ചുമ ¦ കഫക്കെട്ട്

ചുമ, കഫക്കെട്ട് അലട്ടുമ്പോള്‍
രണ്ടു ഗ്രാം കറുത്ത എള്ള്,
രണ്ടോ മൂന്നോ തുളസിയില,
കുറച്ച് ഇഞ്ചി,
കഷായം വെച്ച്
ദിവസം പല തവണ
കുടിക്കുക.
ചുമ ശമിക്കും.
കഫക്കെട്ട് മാറും.

Advertisements

34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera
34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

🌿 ഗര്‍ഭസംരക്ഷണത്തിന് അപാമാര്‍ഗ🌿

അപാമാര്‍ഗ്ഗ – അഥര്‍വ്വവേദാന്തര്‍ഗതമായി പ്രതിപാദിക്കപ്പെടുന്ന വനസ്പതി. രാക്ഷസങ്ങളും പിശാചങ്ങളുമായ ദൃഷ്ടാദൃഷ്ടകൃമികളില്‍ നിന്ന് രക്ഷനേടാന്‍ അതീവപ്രഭാവശാലിയായ അപാമാര്‍ഗാ വനസ്പതിയെ വൈദികി പ്രകീര്‍ത്തിക്കുന്ന സൂക്തങ്ങള്‍ അഥര്‍വ്വവേദം നാലാം കാണ്ഡത്തില്‍ കാണാം.
🌱 അപാമാര്‍ഗ ഓഷധീനാം സര്‍വാസാമേക ഇദ് വശീ|
തേന തേ മൃജ്മ ആസ്ഥിതമഥ ത്വമഗദശ്ചര | 🌱
.
🌾 अपामार्ग ओषधीनां सर्वासामेक इद् वशी | तेन ते मृज्म आस्थितमथ त्वमगदश्चर |🌾
.
हे अपामार्ग ओषधे ! आप समस्त ओषधियों को वशीभूत करनेवाली अकेली ओषधि हैं | हे रोगिन ! आपके रोगों को हम अपामार्ग ओषधी से दूर करते हैं ||
🍃 ഗര്‍ഭിണികള്‍ അപാമാര്‍ഗയുടെ വേര് മുറിച്ച് ചരടില്‍ കോര്‍ത്ത്‌ അരയില്‍ കെട്ടുന്ന ഒരു പതിവ് വടക്കേ ഇന്ത്യയില്‍ ഉണ്ട്. ഗര്‍ഭസംരക്ഷണത്തിന്‍റെ ഭാഗമായ ഒരു ആചാരമാണ് അത്. കൃതഹസ്തനായ ഒരു ആയുര്‍വേദ ആചാര്യനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് പ്രസവവേദന അടുത്തെത്തുമ്പോള്‍ അപാമാര്‍ഗയുടെ വേര് മുറിച്ച് ചരടില്‍ കോര്‍ത്ത്‌ അരയില്‍ കെട്ടുന്നത് സുഖപ്രസവം സാധ്യമാക്കുന്നതായി അനുഭവം എന്നാണ്. കെട്ടുമ്പോള്‍ വേര് നാഭിയുടെ ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. പ്രസവശേഷം അഴിച്ചു മാറ്റുകയും വേണം. അന്ധവിശ്വാസികള്‍ക്ക് ശ്രമിച്ചു നോക്കാം. പ്രത്യേകിച്ച് ധനനഷ്ടമൊന്നും ഉണ്ടാക്കുന്ന പരിപാടി അല്ല. ഗുണമുണ്ടായാല്‍ അറിയിക്കാന്‍ മറക്കരുത്, ആചാര്യനെ അറിയിക്കാനാണ്. അപാമാര്‍ഗ്ഗയോടു നന്ദിയുള്ളവരുമായിരിക്കാം.
☘️ ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍, കഫക്കെട്ട്, ആസ്ത്മ ഒക്കെ അലട്ടുമ്പോള്‍ അപാമാര്‍ഗ്ഗയുടെ പഞ്ചാംഗങ്ങള്‍ ഉണക്കി ചുരുട്ടോ മറ്റോ ഉണ്ടാക്കി പുക വലിച്ചാല്‍ പെട്ടന്ന് രോഗശമനം കിട്ടും. അപാമാര്‍ഗ്ഗയുടെ പഞ്ചാംഗങ്ങള്‍ കത്തിച്ചുണ്ടാക്കുന്ന ഭസ്മം, അപാമാര്‍ഗ്ഗയുടെ ക്ഷാരം എന്നിവ സേവിക്കുന്നതും അതീവഫലപ്രദം.
🌱 സ്ത്രീപ്രജകള്‍ പ്രത്യേക കാരണങ്ങള്‍ വെളിപ്പെടാതെ ഗര്‍ഭം ധരിക്കാനാവാതെ വിഷമിക്കുമ്പോള്‍ അപാമാര്‍ഗ്ഗ സഹായകരമായേക്കാം. വൃത്തിയും വെടിപ്പും ഉള്ള ഇടങ്ങളില്‍ വളരുന്ന അപാമാര്‍ഗ്ഗയുടെ വനസ്പതി തേടിപ്പിടിച്ച്, തൊട്ടുരിയാടാതെ പറിച്ചെടുത്ത്, വേരും ഇലകളും എടുത്ത് വൃത്തിയാക്കി ചതച്ച്, ശുദ്ധമായ പശുവിന്‍പാലില്‍ ഇട്ടു സാവധാനം വേവിച്ച് ആര്‍ത്തവദിനങ്ങളില്‍ മൂന്നോ നാലോ മാസം സേവിച്ചാല്‍ ആ സ്ത്രീപ്രജ ഗര്‍ഭധാരണത്തിനു യോഗ്യയാകും. ഈ അവസ്ഥയില്‍ പ്രാണായാമം പരിശീലിക്കുന്നത് നന്ന്.
🍀 ഗര്‍ഭാശയത്തിലും യോനിയിലും ഉണ്ടാകുന്ന അണുബാധ, വീക്കം, മുറിവുകള്‍ തുടങ്ങിയ സ്ത്രൈണരോഗങ്ങളില്‍ അപാമാര്‍ഗ്ഗയുടെ ഇല അരച്ചു വൈദ്യസഹായത്തോടെ പുരട്ടുകയും അപാമാര്‍ഗ്ഗയുടെ ഇല ചതച്ചിട്ടു വെന്ത വെള്ളം കൊണ്ട് ക്ഷാളനം ചെയ്യുകയും ചെയ്‌താല്‍ ക്ഷിപ്രം രോഗശമനമുണ്ടാകും. സ്ത്രീപ്രജകളിലെ രക്തപ്രദരത്തിനും ഈ ഔഷധം ഉത്തമം.
🍃 അപാമാര്‍ഗ കേരളത്തില്‍ അറിയപ്പെടുന്നത് കടലാടി എന്നാണ്. വന്‍കടലാടി, ചെറുകടലാടി എന്ന് രണ്ടു സസ്യങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഇവിടെ പറയുന്ന സസ്യം വന്‍കടലാടിയാണ്. ചെറുകടലാടിയും ഉപയോഗിക്കാം.
🍃 ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
#arogyajeevanam #urmponline
🌱🌱☘️☘️🍀🍀🍃🍃🌿🌾🌱🌱☘️☘️🍀🍀🍃🍃🌿🌾

358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം

358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം
358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം

ആസ്ത്മയ്ക്ക് ഉമ്മം (Datura stramonium | ധുർധുരം)

മൌലികമായി ഒരു ആയുര്‍വേദചികിത്സാരീതിയായിരുന്നു ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ധൂമ്രപാനം. അതില്‍ നിന്നാവണം പുകയില എരിച്ചു വലിക്കുന്ന രീതി നിലവില്‍ വന്നത്.

ആസ്ത്മ കൊണ്ടു വലയുന്ന രോഗികള്‍ക്ക് അത്യന്തം ഫലപ്രദമായ ഒരു പ്രയോഗമാണ് ഉമ്മത്തിന്റെ ഉണങ്ങിയ ഇലകള്‍ ചുരുട്ട് പോലെയാക്കി പുകവലിക്കുന്നത്. ആസ്ത്മാ മൂലം ശ്വാസം മുട്ടല്‍ ഉണ്ടാകുമ്പോള്‍ ഈ പ്രയോഗം ഫലപ്രദമാണ്.

ഉമ്മത്തിന്റെ കായയുടെ ഉള്ളിലെ കുരുക്കള്‍, തണലില്‍ ഉണക്കിയെടുത്ത ഇലകള്‍ ഇവയുടെ ഭസ്മം തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിച്ചാല്‍ ആസ്ത്മ, ചുമ, കഫക്കെട്ട് ഒക്കെ സുഖപ്പെടും. ഉമ്മത്തിന്റെ കുരുക്കളും ഉണക്കിയ ഇലകളും ഒരു മണ്‍കലത്തില്‍ ഇട്ട് വായ തുണി കൊണ്ടു മൂടിക്കെട്ടി ആ കുടം കനലില്‍ വെച്ച് ചൂടാക്കി ഭസ്മം ഉണ്ടാക്കാം. ഈ ഭസ്മം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു നേരം അര ഗ്രാമില്‍ കൂടുതല്‍ ഭസ്മം കഴിക്കരുത്.

ഉമ്മം വിഷച്ചെടിയാണ്. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാന്‍. കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ പ്രജ്ഞ നഷ്ടപ്പെട്ട അവസ്ഥ താല്‍ക്കാലികമായി ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

20 | TOUCH-ME-NOT | തൊട്ടാവാടി

20 | TOUCH-ME-NOT | തൊട്ടാവാടി | ലജ്ജാലു
20 | TOUCH-ME-NOT | തൊട്ടാവാടി | ലജ്ജാലു

നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര്  ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ്‌ തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.

കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.

ലജ്ജാലുഃ സ്യാച്ഛമീപത്രാ സമംഗാ ജലകാരികാ.
രക്തപാദീ നമസ്കാരീ നാമ്നാ ഖദിരികേത്യപി.
ലജ്ജാലുഃ ശീതളാ തിക്താ കഷായാ കഫപിത്തജിത്.
രക്തപിത്തമതീസാരം യോനിരോഗാന്‍ വിനാശയേത്.
എന്ന് ഭാവപ്രകാശനിഘണ്ടു.

രക്തപാദീ കടുഃ ശീതാ പിത്താതീസാരനാശനീ.
ശോഫദാഹശ്രമശ്വാസവ്രണകുഷ്ഠകഫാസ്രനുത്.
എന്ന് രാജനിഘണ്ടു.

ഇനി തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :

  • തൊട്ടാവാടി സമൂലം കഷായം വെച്ച്, അതില്‍ പാല്‍മുതുക്കിന്‍കിഴങ്ങുപൊടി ചേര്‍ത്തു നിത്യം രാവിലെ വെറുംവയറ്റിലും രാത്രി ആഹാരശേഷവും കഴിച്ചാല്‍ സ്തനവളര്‍ച്ചയില്ലാത്ത സ്ത്രീകളില്‍ സ്തനവളര്‍ച്ചയുണ്ടാകും.
  • തൊട്ടാവാടിയും താര്‍താവലും ഒരുമിച്ചു കിഴികെട്ടി അരിയോടൊപ്പമിട്ടു കഞ്ഞിവെച്ചു കഴിക്കുന്നത്‌ അമീബികഅതിസാരത്തില്‍ ഫലപ്രദമാണ്.
  • തൊട്ടാവാടി പാലില്‍പ്പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുന്നത് ECZEMA | വിസര്‍പ്പത്തില്‍ ഫലപ്രദമാണ്. തൈര് പൂര്‍ണ്ണമായും ഒഴിവാക്കുകയും, കറുക ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുകയും ചെയ്താല്‍ രോഗശമനം നിശ്ചയം.
  • തൊട്ടാവാടി സമൂലം പാലില്‍പ്പുഴുങ്ങിയരച്ചു പുരട്ടുന്നത് Herpes Zoster | Shingles | ഹെര്‍പ്പസില്‍ ഫലപ്രദമാണ്. കൂട്ടത്തില്‍ കറുകനീര് സേവിക്കാം.

ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:

  • തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
  • തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്‍ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്.
  • തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ രക്തത്തിലെ മധുരാംശം നിയന്ത്രണവിധേയമാകും, പ്രമേഹം നിയന്ത്രണവിധേയമാകും.
  • തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.
  • തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.

ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്‍ക്കും കറുകയും തൊട്ടാവാടിയും മുയല്‍ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.

300 | പനി | തൊണ്ടയില്‍ കഫക്കെട്ട് | Fever | Sputum

300 | പനി | തൊണ്ടയില്‍ കഫക്കെട്ട് | Fever | Sputum
300 | പനി | തൊണ്ടയില്‍ കഫക്കെട്ട് | Fever | Sputum

കിരിയാത്ത് കഷായം വെച്ചു കഴിച്ചാല്‍ എല്ലാവിധ ജ്വരവും ശമിക്കും. 60 ഗ്രാം കിരിയാത്ത് 12 ഗ്ലാസ്സ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ്സ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ്സ് വീതം മൂന്നു നേരം കഴിക്കാം. കിരിയാത്തിനു പകരം പലപ്പോഴും വാങ്ങാന്‍ കിട്ടുന്നത് “നിലവേമ്പ്” എന്ന സസ്യമാണ്.

അയമോദകവും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി ഭക്ഷിച്ചാല്‍ പനിക്കാര്‍ക്കു തൊണ്ടയില്‍ കഫം കെട്ടുന്നതു മാറും.

അജമോജാസിതാമിശ്രം കഫക്ഷയകരീ ജ്വരേ. കിരാതതിക്തകക്വാഥഃ സര്‍വ്വജ്വരവിനാശനഃ എന്നു വൈദ്യമനോരമ.

283 | കഫക്കെട്ട് | SPUTUM

ചെറിയ കുമ്പളങ്ങയുടെ നീരില്‍ ഇരട്ടിമധുരവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിച്ചാല്‍ നെഞ്ചിലെ കഫക്കെട്ട് മാറും. കഫം മലത്തില്‍ക്കൂടി പുറത്തു പോകും.

കൂശ്‌മാണ്‌ഡ രസായനം കഫക്കെട്ടിന് ഫലപ്രദമാണ്.

283 | കഫക്കെട്ട് | SPUTUM
283 | കഫക്കെട്ട് | SPUTUM

ചെറിയ ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാന്‍ നല്ലതാണ്.

07 | ഔഷധസസ്യങ്ങള്‍ | ആടലോടകം

കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.

വലിയ ആടലോടകത്തിന്‍റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്‍റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.

ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്‍റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം – ഇതിന് ഔഷധഗുണം കൂടുതലാണ്.

ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.

  • ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.
  • ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്. കഷായം ഉണ്ടാക്കുന്ന വിധം പഴയ പോസ്റ്റുകളില്‍ പല തവണ പറഞ്ഞതാണ്.
  • പച്ച ആടലോടകം സമൂലം പറിച്ചെടുത്ത് വൃത്തിയാക്കിയത് 900 ഗ്രാം, തിപ്പലി 100 ഗ്രാം,
  • 900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്‍, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്.
  • ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.
  • ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്
  • ആടലോടകത്തിന്‍റെ ഇല മാത്രം ഇടിച്ചു പിഴിഞ്ഞെടുത്ത നീര്, 10 മില്ലി വീതം ദിവസവും രണ്ടു നേരം കഴിച്ചാല്‍ രക്തപ്രദരം ശമിക്കും.
  • ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ശര്‍ക്കര ചേര്‍ത്തു കഴിക്കുന്നത്‌ സ്ത്രീകളിലെ അമിതആര്‍ത്തവത്തില്‍ നന്നാണ്.
  • ആടലോടകത്തിന്‍റെ വേര് അരച്ച് നാഭിക്കടിയില്‍ പുരട്ടിയാല്‍ ഗര്‍ഭിണികളില്‍ പ്രസവം വേഗത്തില്‍ നടക്കും.
  • ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.
  • ആടലോടകത്തിന്‍റെ വേര്, വെളുത്ത ആവണക്കിന്‍റെ വേര്, ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി, ഇരട്ടിമധുരം, തിപ്പലി, ഏലത്തരി എന്നിവ കഷായം വെച്ച് കന്മദം മേമ്പൊടിയായി കഴിക്കുന്നത്‌ അശ്മരിക്ക് നല്ലതാണ്.
  • ആടലോടകത്തിന്‍റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും.
  • ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും.
  • ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും.
  • ആടലോടകത്തിന്‍റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
  • ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടും.

ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്‍വേദയോഗഔഷധങ്ങളില്‍ ആടലോടകം ഉപയോഗിക്കപ്പെടുന്നു.

07 | ഔഷധസസ്യങ്ങള്‍ | ആടലോടകം
07 | ഔഷധസസ്യങ്ങള്‍ | ആടലോടകം