33 ¦ വയമ്പ് ¦ ACORUS CALAMUS

33 ¦ വയമ്പ് ¦ ACORUS CALAMUS
33 ¦ വയമ്പ് ¦ ACORUS CALAMUS

പുതുതലമുറയിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വസ്തുവാണ് വയമ്പ്. “തേനും വയമ്പും” ഒരു പക്ഷെ അവരുടെ കുട്ടിക്കാലത്ത് അവരുടെ നാവ് രുചിചിട്ടുണ്ടാവണം. എന്തായാലും ഇപ്പോള്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ നാവിന് ആ രുചി അന്യമാണ്, പൊതുവേ.

വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു (തേന്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു കഴിപ്പിക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അത് ഒരു ആചാരമായിരുന്നു. പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ കുഞ്ഞിന്റെ രക്ഷിതാവ് കത്തിച്ച നിലവിളക്കിന്റെ മുമ്പില്‍ ഔഷധം തന്റെ മോതിരവിരലാല്‍ കുഞ്ഞിന്‍റെ നാവില്‍ തേച്ചു കൊടുക്കുന്നു. നല്ല ബുദ്ധിയും വാക്കും കുഞ്ഞിന് സ്വായത്തമാകാനുള്ള ഔഷധവും മനസ്സും.

വയമ്പിന്‍റെ സംസ്കൃതനാമം “വച” എന്നാണ്. “വച” എന്നാല്‍ വാക്ക് എന്നര്‍ത്ഥം. വായില്‍ നിന്ന് ഉണ്ടാകുന്നത് ആണ് വാക്ക്. വയമ്പ് എന്നാലും വായില്‍ നിന്ന്‍ ഉണ്ടാകുന്നത് എന്നു തന്നെ അര്‍ത്ഥം. വാക്കിന് നല്ലത് എന്ന അര്‍ത്ഥത്തിലായിരിന്നിരിക്കണം പൂര്‍വ്വികര്‍ വയമ്പ് എന്നു പേര് കൊടുത്തതു തന്നെ . വാക്ക് നന്നാകാന്‍, വാക്കിനു സ്ഫുടത ഉണ്ടാകാന്‍ വയമ്പ് നല്ലത് എന്ന് ആയുര്‍വേദഗ്രന്ഥങ്ങള്‍.

“വയമ്പു നന്നു ബുദ്ധിയ്ക്കും കാര്‍ഷ്ണ്യം ദീപനപാചനം
നന്നേറ്റം ദന്തശൂലയ്ക്കും കുഷ്ഠവാതവലാസജിത്ത്”

ബുദ്ധിയ്ക്കും വയമ്പ് ഉത്തമം. വാക്കിനും ബുദ്ധിയ്ക്കും നല്ലതായതിനാല്‍ ആണ് വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു നിത്യം കൊടുക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവില്‍ വന്നത്. സ്വര്‍ണ്ണം ബുദ്ധിയ്ക്ക് നന്ന്.

വയമ്പ് നാവില്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന തരിപ്പ് വേഗം സംസാരിച്ചു തുടങ്ങാന്‍ കുട്ടിയെ സഹായിക്കും എന്നത് പഴമക്കാരുടെ അനുഭവത്തില്‍ അധിഷ്ഠിതമായ അറിവാണ്. കുട്ടികള്‍ക്ക് മതിയായ വിശപ്പ്‌ ഉണ്ടാകുന്നതിനും വയമ്പ് സഹായകമാണ്. അതിശക്തിയുള്ള ഒരു കൃമിനാശകം കൂടെയാണ്  വയമ്പ്. Staphylococcus aureus പോലെയുള്ള രോഗകാരികളായ ബാക്ടീരിയകളെപ്പോലും നശിപ്പിക്കാനുള്ള ശേഷി വയമ്പിന് ഉണ്ട് എന്ന് ആചാര്യന്‍.

ബ്രഹ്മി, വയമ്പ്, ശാരിബ (നന്നാറി), തിപ്പലി, കൊട്ടം, കടുക്, ഇന്തുപ്പ് കല്‍ക്കമായി നെയ്യ് കാച്ചി കൊടുക്കുന്നത് കുട്ടികളില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധപ്രയോഗമാണ്.

വയമ്പ് എന്ന പേരില്‍ ഒരു മത്സ്യമുണ്ട്. അതല്ല ഇത്.

Advertisements

355 ¦ കണ്ഠശുദ്ധിയുണ്ടാകാന്‍

355 ¦ കണ്ഠശുദ്ധിയുണ്ടാകാന്‍
355 ¦ കണ്ഠശുദ്ധിയുണ്ടാകാന്‍

ചെറുതിപ്പലി മുത്തിളിന്‍റെ സ്വരസത്തില്‍ ഏഴു തവണ ഭാവന ചെയ്തു നിത്യം ഓരോന്നു സേവിച്ചാല്‍ കണ്ഠശുദ്ധി ഉണ്ടാകും. തൊണ്ടയടപ്പ് പോലെ ശബ്ദത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ശമിക്കും. സ്വരം തെളിയും. ഗായകര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു പ്രയോഗമാണ് ഇത്.

21 ¦ കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി
കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ “കര്‍ക്കിടകപ്പിഴിച്ചില്‍” തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും – തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം.

വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി ഉണ്ടാക്കുന്ന ഒരു യോഗമാണിത്. പതിവു പോലെ കടപ്പാട് – സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്.

വേണ്ട സാധനങ്ങള്‍:
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി

ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.

ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം. കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.

ഇതില്‍ ചെറൂള, തഴുതാമ, കുറുന്തോട്ടി, പൂവ്വാങ്കുറുന്തില എന്നിവയുടെ വേരുകള്‍ ആണ് എടുക്കേണ്ടത്.
 
കക്കുംകായയ്ക്കു കട്ട് ഉണ്ട്. കക്കുംകായ പൊട്ടിച്ച്, പരിപ്പ് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ (ഒഴുകുന്ന വെള്ളത്തില്‍) വെച്ചു കട്ട് കളയണം.
 
ഔഷധങ്ങള്‍ ഉപയോഗിക്കും മുമ്പ് അറിവുള്ള ആയുര്‍വേദ ഭിഷഗ്വരന്‍റെ/വൈദ്യന്റെ ഉപദേശം തേടുക. അതനുസരിച്ചു ഉപയോഗിക്കുക.

01 | സര്‍വ്വതോഭദ്രവടി | വൃക്കരോഗങ്ങള്‍ക്ക്

സര്‍വ്വതോഭദ്രവടി – ഭൈഷജ്യരത്നാവലി

[എല്ലാത്തരത്തിലുള്ള വൃക്കരോഗങ്ങള്‍ക്കും]

സ്വര്‍ണ്ണഭസ്മം, അഭ്രഭസ്മം, ലോഹഭസ്മം, വെള്ളിഭസ്മം, ശുദ്ധഗന്ധകം, സ്വര്‍ണ്ണമാക്കീരക്കല്ല്, കന്മദം ഇവ ഓരോന്നും സമമായി എടുത്ത് നീര്‍മാതളത്തൊലിയുടെ സ്വരസത്തിലോ കഷായത്തിലോ അരിച്ച് കുന്നിക്കുരുപ്രമാണം ഗുളികകളാക്കി ഓരോ ഗുളിക വീതം നീര്‍മാതളത്തൊലിക്കഷായത്തില്‍ സേവിക്കുക. വൃക്കകളില്‍ ഉണ്ടാകുന്ന രോഗങ്ങളെയും വസ്തിയില്‍ ഉണ്ടാകുന്ന വേദനകളെയും സര്‍വ്വതോഭദ്രവടി ശമിപ്പിക്കും. മദം പൊട്ടിയ ആനയെ അംഗുശം (തോട്ടി) എപ്രകാരം പാപ്പാന്‍റെ വരുതിയില്‍ കൊണ്ടുവരുന്നുവോ അപ്രകാരം സര്‍വ്വതോഭദ്രവടി കാലനാകേണ്ട വൃക്കരോഗങ്ങളെയും വൈദ്യന്‍റെ വരുതിയില്‍ കൊണ്ടുവരും. സര്‍വ്വതോഭദ്രവടി ശുക്ളവര്‍ദ്ധകവും ആണ്.

354 ¦ഉദരരോഗങ്ങള്‍ ¦പനി

354 ¦ FEVER ¦ GASTRO-DISEASES ¦ ഉദരരോഗങ്ങള്‍ക്കൊപ്പം വരുന്ന പനിക്ക് കൂവളം
354 ¦ FEVER ¦ GASTRO-DISEASES ¦ ഉദരരോഗങ്ങള്‍ക്കൊപ്പം വരുന്ന പനിക്ക് കൂവളം

 സാധാരണയായി നമ്മൾ യാതൊരു വിലയും കൽപ്പിക്കാതെ കളയുന്ന ഒന്നാണ് കൂവളത്തിന്‍റെ കായ. കൂവളത്തിന്‍റെ കായയുടെ കാമ്പ് (ഉള്ളിലുള്ള മാംസളഭാഗം, മധുരമായ അംശം) ഔഷധമാണ് എന്ന് അധികമാര്‍ക്കും അറിയില്ല.

 കായ പൊട്ടിച്ച് കാമ്പ് എടുക്കുമ്പോള്‍ അതിൽ കാറ്റ് കൊള്ളരുത്. ഫലം കുറയുമായിട്ടല്ല. കാറ്റുകൊണ്ടാൽ അത് കഴിക്കാൻ പറ്റുകയില്ല. കൂവളത്തിന്‍റെ കായ പച്ചയോ പഴുത്തതോ പൊട്ടിക്കുമ്പോള്‍ കാറ്റു കണ്ടമാനം കൊണ്ടാൽ അതിനു ഒരു കറുപ്പുനിറം വരും. ആ കറുപ്പുനിറം വന്നു കഴിഞ്ഞാൽ അതിനു കയ്പ്പ് കൂടും. പിന്നെ കഴിക്കാന്‍ പ്രയാസമാണ്.

 ആ കാമ്പ് അഥവാ മജ്ജ നേരിട്ടും വെയിലത്തു വെച്ച് ഉണക്കിപ്പൊടിച്ചു സൂക്ഷിച്ചു വെച്ചും ഉപയോഗിക്കാവുന്നതാണ്. വെയിലത്തു വെയ്ക്കുമ്പോൾ കാറ്റ് കൊണ്ടാല്‍ കുഴപ്പമില്ല.

 കൂവളം നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാകും. കായ പറിക്കുക. അതിന്‍റെ മജ്ജ എടുക്കുക. വെയിലത്തിട്ടുണക്കുക. ആ മജ്ജ പൊടിച്ചു വെക്കുക. ആ പൊടി ഒരു ടീ സ്പൂണിനു താഴെ കൊടുത്താൽ പനി പോകും. എല്ലാ ഉദര സംബന്ധങ്ങളായ രോഗങ്ങളും പോകും. അതിൽ നിന്നു വരുന്ന പനികൾക്കും അത്യുത്തമമാണ്.

 ഇന്നു നമ്മൾക്കുണ്ടാകുന്ന ഉദരരോഗങ്ങളില്‍ 80% രോഗങ്ങളും കൂവളക്കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടു മിക്ക രോഗങ്ങളും ഇതു കൊണ്ടുപോവും. മജ്ജ വെറുതെ കഴിച്ചാൽ മതി. പഞ്ചസാര ചേർത്തും കഴിക്കാം. പാലിൽ ചേർത്തും, മോരിൽ ചേർത്തും കഴിക്കാം. പഴയ ആളുകൾ കൂവളത്തിന്‍റെ മജ്ജ പഴുത്തത് മോരിലടിച്ചു മോരുകാച്ചി കുടിക്കുമായിരുന്നു. കേരളത്തിനു പുറത്ത് ആളുകള്‍ ഇന്നും ഇതൊക്കെ ചെയ്യും. വടക്കേ ഇന്ത്യാക്കാരന്‍ കൂവളത്തിന്‍റെ പഴം പഞ്ചസാരയില്‍ “മുറബ്ബ” ആക്കി സൂക്ഷിച്ചു വെച്ച് കഴിക്കും. ഇതൊക്കെ ഉദരത്തിന്‍റെ രോഗങ്ങൾക്ക് ഉള്ളതാണ്. എല്ലാ ഉദരരോഗങ്ങളും അതിന്‍റെ കൂടെ മാറുമെന്നുള്ളതാണ്. ഉദരരോഗങ്ങള്‍ക്കൊപ്പം വരുന്ന പനിക്ക് ഈ മരുന്ന് വളരെ ഉത്തമമാണ്.

കടപ്പാട് :  നിര്‍മ്മലാനന്ദം

മുളപ്പിച്ചു കഴിക്കരുത്!

മുളപ്പിച്ചതൊന്നും കഴിക്കരുത്. ആരോഗ്യം വേണമെങ്കില്‍ മുളപ്പിച്ച ഒരു പദാര്‍ത്ഥവും കഴിക്കരുത്. പ്രത്യേകിച്ച്, രോഗികള്‍ തീരെക്കഴിക്കരുത്.

ഓജസ്സിനെ മാറ്റിമറിക്കുന്നതില്‍ മുളപ്പിച്ച വിത്തുകള്‍ നിര്‍ണ്ണായകങ്ങളാണ്.

വീട്ടിലെ പശു (സമയത്തു കാമാസക്തയായി) കരഞ്ഞില്ലെങ്കില്‍, കാളയ്ക്കു കാമമുണ്ടായില്ലെങ്കില്‍, വിവരമുള്ളവര്‍ കൊടുക്കുന്നത് മുളപ്പിച്ച വിത്തുകളാണ് ഇന്നും, കൃഷിക്കാര്‍ക്ക് അറിയാം. കടല മുളപ്പിച്ചു കൊടുത്താല്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പശു കാറും. കാരണം, കഴിച്ചതില്‍ വൈറ്റമിന്‍ ഇ കൂടുതല്‍ ഉണ്ട്.

രോഗിയായ ഒരുവന് കടലയും പയറും ഒക്കെ മുളപ്പിച്ചു കൊടുത്താല്‍ അവന് കാമം കൂടും. കുറേക്കഴിയുമ്പോള്‍ അവന്‍റെ കവിള്‍ സോഡാക്കുപ്പി പോലെയിരിക്കും. ആ ചികിത്സാരീതിയില്‍ പോകുന്നവരുടെ എല്ലാം കവിള്‍ സോഡാക്കുപ്പി പോലെയാണ്.

മുളപ്പിച്ചത് കഴിക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ ദോഷം ലൈംഗികവൈകാരികത കൂടുന്നു എന്നുള്ളതാണ്. അത് ഒന്നാമത്തെ ദോഷം.

രണ്ടാമത്തെ ദോഷം മുളപ്പിച്ചവയില്‍ അണുക്കള്‍ കണ്ടമാനം ഉണ്ടാകുന്നു എന്നതാണ്.

ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ മുറിയില്‍ അണുകങ്ങള്‍ എല്ലാം എത്തും. അതുകൊണ്ടാണ് പ്രസവശേഷം അണുനാശകങ്ങളായ പെരിങ്ങലം പോലെയുള്ള ഔഷധങ്ങള്‍ പ്രസവിച്ച സ്ത്രീയ്ക്ക് അമ്മമാര്‍ കഴിക്കാന്‍ കൊടുത്തിരുന്നതും അണുനാശകങ്ങളായ നാല്‍പ്പാമരം, പ്ലാശ് തുടങ്ങിയ ദ്രവ്യങ്ങള്‍ ഇട്ടു വെന്ത വെള്ളത്തില്‍ കുളിപ്പിച്ചിരുന്നതുമെല്ലാം.

അതുപോലെ ഒരു വിത്ത് മുളയ്ക്കുമ്പോള്‍ അവിടെയും ഒട്ടനവധി അണുകങ്ങള്‍ എത്തും. കൃഷിക്കാരന് അറിയും, നെല്ല് വിത്തിടുമ്പോള്‍ അതിനകത്ത് ഒരുപാട് പ്രാണികള്‍ വരും. വിത്ത് മുളപ്പിച്ച് വിതയ്ക്കാന്‍ കൂട്ടിവെയ്ക്കുമ്പോള്‍ ഒട്ടേറെ പ്രാണികള്‍ അതിലേക്ക് വരും. അവയില്‍ അധികവും അദൃഷ്ടങ്ങളാണ്, നമുക്ക് കാണാന്‍ വയ്യാത്തവ. അവ അണുകങ്ങളാണ്. മുളപ്പിച്ചവ കഴിക്കുമ്പോള്‍ അവ ശരീരത്തില്‍ കടക്കുന്നു. അവ രോഗങ്ങളെ ഉണ്ടാക്കും.

രോഗമുള്ളവര്‍ മുളപ്പിച്ച സാധനങ്ങള്‍ കഴിക്കാനേ പാടില്ല

Bacteria in sprouts:

http://www.eatright.org/resource/homefoodsafety/safety-tips/food/are-sprouts-safe-to-eat

353 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്

352 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്
353 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്

രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതു മൂലം ഉണ്ടാകുന്ന വിളര്‍ച്ച മാറാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം

☑ രണ്ടോ മൂന്നോ പിടി മുരിങ്ങയില ആവശ്യത്തിനു തേങ്ങാ ചിരകിയിട്ട് ഇരുമ്പുചട്ടിയില്‍ വഴറ്റി തോരന്‍ ¦ വറവ് ¦ ഉപ്പേരി ആക്കി കഴിച്ചാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂടുകയും വിളര്‍ച്ച ശമിക്കുകയും ചെയ്യും.

☑ ഇരുമ്പുചട്ടി തന്നെ വേണം. നോണ്‍സ്റ്റിക്ക് പാത്രങ്ങളോ അലുമിനിയം പാത്രങ്ങളോ സ്റ്റീല്‍ പാത്രങ്ങളോ ഉപയോഗിച്ചിട്ടു ഫലം കിട്ടിയില്ലെങ്കില്‍ മുരിങ്ങയെ കുറ്റം പറയരുത്.

☑ ഇരുമ്പുപൊടി അടങ്ങിയ ഇരുമ്പുഗുളികകള്‍ കഴിക്കുന്നതു വഴി വയറ്റില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി രക്തത്തിലെ ഇരുമ്പിന്‍റെ അളവു കൂട്ടുന്നു എന്നതാണ് ഈ പ്രയോഗത്തിന്‍റെ ഗുണം.

☑ ഇതു ഫലിക്കുന്നില്ലെങ്കില്‍ അറിവുള്ള ആയുര്‍വേദഭിഷഗ്വരനെ സമീപിക്കുക. പ്രശ്നപരിഹാരത്തിന് അനവധി ക്ലാസിക്കല്‍ മരുന്നുകള്‍ ഉണ്ട്.