
ഭാഗം ഒന്ന്
ഭാഗം രണ്ട്

ഭാഗം മൂന്ന്
ബാധ്യതാനിരാകരണപ്രസ്താവന
വാല്‍ക്കഷണം
Facebook സുഹൃത്തായ Vinod Narayanan ന്റെ വളരെ informative ആയ ഒരു Comment:

Facebook സുഹൃത്തായ Vinod Narayanan ന്റെ വളരെ informative ആയ ഒരു Comment:
മൈദാ ആരോഗ്യത്തിനു നല്ലതല്ല എന്ന് നാടുനീളെ നടന്നു പറഞ്ഞു പഠിപ്പിച്ചു നിര്മ്മലാനന്ദഗിരിസ്വാമിജി. സ്വാമിജിയുടെ വാക്കുകള്‍ക്ക് മാറ്റൊലികള്‍ അനവധിയുണ്ടാവുകയും ചെയ്തു. ഗോതമ്പിലെ നാരുകള്‍ എല്ലാം എടുത്ത ശേഷമുള്ള, ജലാംശം തട്ടിയാല്‍ പശയായി മാറുന്ന മൈദാ എന്ന വെള്ള പൊടി (White Flour) കൊണ്ടുള്ള ആഹാരസാധനങ്ങളുടെ ഉപയോഗം മലബന്ധവും അനുബന്ധരോഗങ്ങളും ഉണ്ടാക്കുമെന്നും, മൈദയില്‍ കാണപ്പെടുന്ന അലോക്സന് (Aloxan) എന്ന രാസവസ്തു ടൈപ്പ്-1 പ്രമേഹം (Type-1 Diabetes) ഉണ്ടാക്കുമെന്നും ഉള്ള അറിവ് അങ്ങനെ ആരോഗ്യം കാംക്ഷിക്കുന്നവരില്‍ വൈകിയെങ്കിലും എത്തുകയും ചെയ്തു. ഗോതമ്പില്‍ നിന്നെടുത്ത വെള്ളപ്പൊടിയോടൊപ്പം അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള കപ്പപ്പൊടിയും മൈദയില്‍ ചേര്‍ക്കാറുണ്ട് എന്നാണ് കേട്ട് അറിഞ്ഞത്. അങ്ങിനെയൊക്കെയെങ്കിലും മൈദയുടെ ഉപയോഗം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.
മൈദ കൊണ്ട് ഈ പറയുന്ന അപകടങ്ങളൊന്നും ഇല്ല എന്ന് ഒരു വിഭാഗം ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ തന്നെ “100% ആട്ട, 0% മൈദാ” ഉത്പന്നങ്ങള്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. മൈദാ അപകടകാരിയല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എന്തിനാണാവോ ഭക്ഷ്യശൃംഖലാവ്യവസായികള് ബുദ്ധിമുട്ടുന്നത് എന്ന ചോദ്യം അവിടെ നില്ക്കട്ടെ.
നഗരജീവിതത്തിന്റെ അനിവാര്യതയാണ് ഇന്ന് ബ്രെഡ് വ്യവസായം. മൈദാ കൊണ്ടുണ്ടാക്കിയ ബ്രെഡ് ഉത്പന്നങ്ങള്‍ക്കൊപ്പം “100% ആട്ടാ” “ബ്രൌണ്‍” ബ്രെഡ് ഉത്പന്നങ്ങളും ഇപ്പോള്‍ സുലഭമാണ്. “ഓര്‍ഗാനിക് ഗോതമ്പ്” കൊണ്ടുണ്ടാക്കിയ ബ്രെഡ് വേറെ.
ഓര്‍ഗാനിക് ബ്രെഡ് രണ്ടോ മൂന്നോ ദിവസം കൊണ്ടു കേടാകുമ്പോള്‍ മുഖ്യധാരയിലുള്ള ഉത്പന്നങ്ങള്‍ കേടാകാന്‍ ഒരു ആഴ്ച വരെ എടുക്കുന്നുണ്ട്. വിപണിയില്‍ എത്തുന്ന നല്ലൊരു ശതമാനം ബ്രെഡ് ഉത്പന്നങ്ങള്‍ ആളുകള്‍ വാങ്ങാതെ കേടാകുന്നു എന്നതാണ് അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു കാര്യം.
ഇങ്ങനെ കേടാകുന്ന സാധനങ്ങള്‍ കച്ചവടക്കാരന് നശിപ്പിച്ചു കളയാറില്ല, മറിച്ച് അവനു സാധനമെത്തിക്കുന്ന ഇടനിലക്കാരനോ ഉത്പാദകന് നേരിട്ടോ ഇന്ധനം ചിലവാക്കി സ്വന്തം വണ്ടിയില്‍ കച്ചവടക്കാരില്‍ നിന്ന് ശേഖരിച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്തിന്? നശിപ്പിക്കാനോ അതോ പുനരുപയോഗത്തിനോ?
ഇങ്ങനെ കൊണ്ടുപോകുന്ന പഴകിയ ബ്രെഡ് ഉത്പന്നങ്ങള്‍ ചൂടാക്കി പൊടിച്ച് ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വിപണിയില്‍ തിരികെയെത്തുന്നു എന്നാണ് ഒരു കിംവദന്തി കേട്ടത്. ബേക്കറികളില്‍ കിട്ടുന്ന “ദില്‍ക്കുഷ്” പോലെയുള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത് ഈ പൊടി ഉപയോഗിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേടായ ബ്രെഡില്‍ ഉണ്ടായിരുന്ന കൃമികളും അണുകങ്ങളും ഇത്തരം ആഹാരസാധനങ്ങളില്‍ ഉണ്ടായിരിക്കും. അവ എങ്ങും പോകില്ല. ഈ ആഹാരസാധനങ്ങള്‍ കുറച്ചുനാള്‍ കഴിച്ചാല്‍ പോലും മനുഷ്യനെ അവ രോഗിയാക്കും. വൃക്കകളുടെ പ്രവര്‍ത്തനത്തെയടക്കം തകരാറിലാക്കാന്‍ ഈ ആഹാരസാധനങ്ങള്‍ ധാരാളം.
പഴകിയ കേക്ക് കൊക്കോ പൊടിയും പഞ്ചസ്സാരയും ചേര്‍ന്ന് ആപ്പിള്കേക്കാകുന്ന, ബ്രെഡ് പൊടി കട്ട്ലറ്റ് ആകുന്ന മായാജാലങ്ങള്‍ വേറെയും.
ബേക്കറി സാധനങ്ങള്‍ മുഴുവനും മൈദാ തന്നെയാണ്. ആരോഗ്യം വേണ്ടവര്‍ ആകെ മൊത്തത്തില്‍ ബേക്കറി സാധനങ്ങളെ വര്‍ജ്ജിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം.
ഓര്‍ക്കുക, വ്യവസായം ചെയ്യുന്നവന് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിച്ചിട്ട് ഒന്നും നേടാനില്ല. അവനു വേണ്ടത് ലാഭം മാത്രം.
വാല്‍ക്കഷണം: ബാംഗ്ലൂരില്‍ ഞാന്‍ അടുത്തറിയുന്ന ഒരു ബേക്കറി വ്യവസായി ബേക്കറിയോടു ചേര്‍ന്നു തന്നെ ആയുര്‍വേദചികിത്സാകേന്ദ്രവും നടത്തുന്നു. അവിടെ വരുന്ന രോഗികളോട് സീനിയര്‍ ഭിഷഗ്വരന് പറയുന്നു – “മൈദാ കൊണ്ടുള്ളതോന്നും കഴിക്കരുത്”.
വഴിയോരഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഭക്ഷണത്തില്‍ എന്തെല്ലാമാണ് കിട്ടുന്നത് എന്നതാണ് ആരോഗ്യകാംക്ഷികളുടെ ചിന്ത. ഭക്ഷണം എന്തിലാണ് കിട്ടുന്നത് എന്ന് അധികമാരും ചിന്തിക്കാറില്ല.
ബാംഗ്ലൂര്‍ നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രി കാന്റീനില്‍ എണ്ണയില്‍ വറത്തു കോരിയ കട്ട്ലെറ്റ് പത്രക്കടലാസില്‍ വെച്ചിരിക്കുന്നതിന്റെ ചിത്രമാണിത്. രോഗികളും, ഡോക്ടര്‍മാരും ഒരുപോലെ വാങ്ങിക്കഴിക്കുന്നു!
പൊതുവേ ഇത്തരം എല്ലാ ഭക്ഷണശാലകളിലെയും അവസ്ഥ ഇതുതന്നെ.
പലവട്ടം ഉപയോഗിച്ച എണ്ണയില്‍ വറുത്തു കോരിയ ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല – മിക്കവാറും എല്ലാവര്ക്കും അറിയാം.
ഇങ്ങനെ എണ്ണയില്‍ വറുക്കുന്ന ആഹാരസാധനങ്ങള്‍ പൊതുവേ അധികമുള്ള എണ്ണ വലിയ്ക്കാന്‍ പത്രക്കടലാസുകളില്‍ ആണ് കച്ചവടക്കാര്‍ കോരി വെയ്ക്കാറുള്ളത്. മിക്കവാറും വീടുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.
പത്രങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നത് ഭക്ഷ്യയോഗ്യമായ (Food Grade) മഷി കൊണ്ടല്ല. എണ്ണ പുരളുമ്പോള്‍ പത്രക്കടലാസിലെ മഷി ഇളകുകയും ആഹാരസാധനങ്ങളില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു.
മഷിയില്‍ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റ് പോലെയുള്ള ഘടകങ്ങള്‍ ശരീരത്തില്‍ കടന്ന് കരളിനും വൃക്കകള്‍ക്കും തകരാര്‍ ഉണ്ടാക്കാനും അച്ചടിമഷിയില്‍ ലായകം ആയി ഉപയോഗിച്ച രാസവസ്തുക്കള്‍, ഖനിജഎണ്ണകള്‍, കോബാള്‍ട്ട് കലര്‍ന്ന ഡൈ, ഇവ കാന്‍സര്‍ വരെ ഉണ്ടാക്കാനും ഉള്ള സാധ്യതകളെക്കുറിച്ച് ഗവേഷകര്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. ദഹനസംബന്ധിയായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ.
വറുത്തു തിന്നണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പേപ്പര്‍ ടവല്‍, അടുക്കളയില്‍ ഉപയോഗിക്കാനുള്ള പേപ്പര്‍ കിച്ചന് റോള്‍ ഒക്കെ വിപണിയില്‍ ലഭ്യമാണെങ്കിലും അല്പം പണം ലാഭിക്കാന്‍ വേണ്ടിയാണ് പലരും പത്രക്കടലാസ് ഉപയോഗിക്കുന്നത്. പത്രക്കടലാസില്‍ ഒളിച്ചിരിക്കുന്ന അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരുമല്ല എന്നതാണ് സത്യം.
ഈ വിഷയത്തില്‍ ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കിട്ടാനുണ്ട്. ഇപ്പോള്‍ ഇതു വായിക്കുന്നവരെങ്കിലും അറിയണം, പത്രം അച്ചടിച്ചു വരുന്നത് ആഹാരം പൊതിയാനല്ല എന്നും, അങ്ങനെ പൊതിഞ്ഞു കഴിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും. സഹജീവികളെ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ഉത്തരവാദിത്തം കൂടെ ഉണ്ടായാല്‍ കുറെയേറെ മനുഷ്യര്‍ രോഗങ്ങളുടെ പിടിയില്‍ പെടാതെ ജീവിച്ചു പോകാനുള്ള സാധ്യത കൂടും.
അലൂമിനിയം പാത്രങ്ങള്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കാതിരിക്കുക!
അലുമിനിയം പാത്രങ്ങളില്‍ വാളന്‍പുളിയും തക്കാളിയും വഴുതിനങ്ങയും മുള്ളങ്കിയുമൊക്കെ വേവിക്കുമ്പോള്‍ അലുമിനിയത്തിന്റെ വിവിധലവണങ്ങള് ഉണ്ടാകും. അലുമിനിയം ജലവുമായി പോലും പ്രതിപ്രവര്‍ത്തിക്കുന്ന ലോഹം ആണ്. ISI മാര്‍ക്ക് ഉണ്ടായാല്‍ ഈ പ്രവര്‍ത്തനം നടക്കാതിരിക്കില്ല. ISI മാര്‍ക്ക് ഉണ്ടെങ്കിലും അലുമിനിയത്തിന്റെ ലവണങ്ങള്‍ ഉണ്ടാകും. അലുമിനിയത്തിന്റെ ലവണങ്ങള്‍ എല്ലാം തന്നെ ട്യൂമറുകള്‍ ഉണ്ടാക്കുന്നവയാണ്. ഭക്ഷണം ഉണ്ടാക്കാന്‍ അലുമിനിയം കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അലുമിനിയത്തിന്റെ കൂട്ടുലോഹങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ഫുഡ് ഗ്രേഡ് / മെഡിക്കല്‍ ഗ്രേഡ് സ്റ്റീല്‍ പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.