377 ¦ കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പൻ

377 ¦ കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പൻ
377 ¦ കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പൻ

സാധാരണയായി കുട്ടികളിലാണ് കരപ്പൻ കണ്ടുവരാറുള്ളത്. ബാഹ്യവസ്തുക്കളുമായുള്ള തൊലിയുടെ പ്രതിപ്രവര്‍ത്തനം മൂലവും രക്തദൂഷ്യം മൂലവുമൊക്കെ കരപ്പന്‍ ഉണ്ടാകും. ചികിത്സ ചെയ്തില്ലെങ്കില്‍ ശരീരമാസകലം പടരാന്‍ സാധ്യതയുള്ള രോഗമാണ് കരപ്പന്‍. കരപ്പൻ ഉള്ളപ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം. ഇളംചൂടുള്ള വെള്ളമാണ് കുളിക്കാനും കഴുകാനും നല്ലത്. ചെറുപയർ പൊടി കളിക്കുമ്പോൾ തേക്കാൻ നല്ലതാണ്. കരപ്പന്‍ ശമിക്കാന്‍ ഒട്ടുവളരെ പ്രയോഗങ്ങള്‍ ഗൃഹവൈദ്യത്തിലും നാട്ടുവൈദ്യത്തിലും ഉണ്ട്.

① നിത്യവും കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും.

② ഉണക്കമുന്തിരിങ്ങയും കടുക്കയും കഷായം വെച്ചു സേവിക്കുന്നത് കരപ്പനിൽ, ഒപ്പുണ്ടാകുന്ന പനിയിൽ ഫലപ്രദമാണ്.

③ ചെമ്പരത്തി സമൂലം കഷായം വെച്ചു കഴിക്കുന്നത്‌ ഫലപ്രദമാണ്.

④ നിലനാരകം (മലയാമുക്കി | Naregamia Alata) സമൂലം അരച്ച് എണ്ണ കാച്ചി തലയിലും ദേഹത്തും പുരട്ടുക. നിലനാരകം ഉള്ളില്‍ പോയാല്‍ ചര്‍ദ്ദി നില്‍ക്കില്ല. ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. നിലനാരകം കൊണ്ട് കരപ്പന്‍ പൂര്‍ണ്ണമായും മാറും. എള്ളെണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കാം. കുട്ടികള്‍ക്ക് വെളിച്ചെണ്ണ ആണ് നല്ലത്. തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ ഉത്തമം.

⑤ കാൽമുട്ടിനു താഴെ കരപ്പൻ പൊട്ടി വ്രണങ്ങൾ ഉണ്ടായാൽ കരിയുന്നതിന് മൈലാഞ്ചി അരച്ചുപുരട്ടുന്നത് നല്ലതാണ്.

⑥ മുത്തങ്ങയും പച്ചമഞ്ഞളും വെള്ളം തൊടാതെ അരച്ച് മുട്ടിയാൽ കരപ്പൻ ശമിക്കും.

⑦ പച്ചമഞ്ഞൾ, അരുതയില – രണ്ടും ചേർത്തരച്ച് തേച്ചുപിടിപ്പിച്ചാൽ കരപ്പൻ ശമിക്കും.

⑧ തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് ചേര്‍ത്തു കാച്ചിയെടുത്ത വെളിച്ചെണ്ണ പുരട്ടുന്നത് ഫലപ്രദമാണ്.

⑨ ഉമ്മത്തിന്റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരും തേങ്ങാപ്പാലും ചേര്‍ത്ത് സൂര്യപ്രകാശത്തില്‍ ചൂടാക്കി പുരട്ടുന്നത് ഫലപ്രദമാണ്.

⑩ ആര്യവേപ്പിന്റെ പട്ട കരിച്ച് ചാരം വെളിച്ചെണ്ണയില്‍ ചാലിച്ചു തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

⑪ ചെറുനാരങ്ങാനീരില്‍ ഗന്ധകവും പൊന്‍കാരവും ചേര്‍ത്ത് പുരട്ടുക.

⑫ കറ്റാര്‍വാഴപ്പോളനീരില്‍ കുരുവില്ലാക്കടുക്ക കല്‍ക്കമാക്കി കാച്ചിയെടുത്ത ആവണക്കെണ്ണ നിത്യം രണ്ടോ മൂന്നോ തുള്ളി സേവിപ്പിക്കുക. സുഖവിരേചനം ഉണ്ടാകും. കരപ്പന്‍ ശമിക്കും. പല ബാലരോഗങ്ങളും അകന്നു നില്‍ക്കും.

ഇതൊക്കെ അനുഭവസിദ്ധമായ പ്രയോഗങ്ങള്‍ ആണ്. ഇതുപോലെ അനവധി പ്രയോഗങ്ങള്‍ ഓരോ ദേശത്തും നിലവില്‍ ഉണ്ട്. അറിയുന്നവര്‍ പങ്കുവെയ്ക്കുക.

Advertisements

376 ¦ പ്രമേഹം ¦ Diabetes

പ്രമേഹരോഗത്തിനുള്ള ചില പഴയ പ്രയോഗങ്ങൾ

376 ¦ DIABETES ¦ പ്രമേഹം
376 ¦ DIABETES ¦ പ്രമേഹം

1] വരിക്കപ്ളാവിന്റെ പൊഴിഞ്ഞു വീണ പതിനഞ്ച് ഇലകളുടെ ഞെട്ട് തലേന്ന് വൈകിട്ട് പൊട്ടിച്ചു വെച്ച് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വായ പോലും കഴുകാതെ വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹത്തിലും അനുബന്ധ രോഗങ്ങളിലും ഗുണം ചെയ്യും.

2] പത്തുവിധം വ്യായാമ ക്രിയകൾ ചെയ്യുന്നതിനോടൊപ്പം വീട്ടിൽ ഉപയോഗിച്ച തേങ്ങയുടെ മൂത്ത ചിരട്ട തല്ലിപ്പൊട്ടിച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിൽ ഫലപ്രദമാണ്.

3] ചെന്തെങ്ങിന്റെ വിളയാത്ത കരിക്ക് വെട്ടി അതിൽ അല്പം തവിടോ, തൊട്ടാവാടിയോ തേറ്റാമ്പരലോ, ഒക്കെ അരച്ച് ഇട്ട് ചിരട്ട കൂടി ചിരണ്ടി ആ വെള്ളത്തിൽ കലക്കി കുടിക്കുന്നത് പ്രമേഹത്തിൽ ഫലപ്രദമാണ്. ചെന്തെങ്ങ് ഗൗളീഗാത്രമല്ല, നല്ല ഉയരമുള്ള നാടൻ തെങ്ങാണ്. ഗൗളീഗാത്രം കൃത്രിമസൃഷ്ടിയാണ്, അതിന്റെ കരിക്ക് കൊണ്ട് ഗുണമൊന്നുമില്ല. ചെന്തെങ്ങ് കിട്ടിയില്ലെങ്കിൽ നാടൻ തെങ്ങായാലും ഗുണം കിട്ടും. തൊട്ടാവാടിയിലെ “മൈമോസിൻ” വിഷപദാർത്ഥമാകയാൽ തൊട്ടാവാടി സൂക്ഷിച്ച് ഉപയോഗിക്കണം.

[കടപ്പാട്: സ്വാമിജി മഹാരാജ്]

375 ¦ വായപ്പുണ്ണ്‍ ¦ Mouth Ulcers

375 ¦ വായപ്പുണ്ണ്‍ ¦ Mouth Ulcers
375 ¦ വായപ്പുണ്ണ്‍ ¦ Mouth Ulcers


ഒട്ടേറെപ്പേരെ വല്ലാതെ കഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നമാണ് വായപ്പുണ്ണ്‍. അര്‍ശസ്, ശോധനക്കുറവ്, ഉദരരോഗങ്ങള്‍, മാനസികപിരിമുറുക്കം, പോഷകക്കുറവ് തുടങ്ങി പല പ്രശ്നങ്ങള്‍ വായപ്പുണ്ണ്‍ ഉണ്ടാകാന്‍ കാരണമാകും. വിറ്റാമിന്‍ ബി കോംപ്ലക്സ് കുറവു മൂലവും വായപ്പുണ്ണ്‍ ഉണ്ടാകാം. ഗൃഹവൈദ്യത്തില്‍ ഒരു പിടി പ്രയോഗങ്ങള്‍ ഉണ്ട് വായപ്പുണ്ണ്‍ ശമിക്കാന്‍.

✔ പതിനഞ്ച് ആര്യവേപ്പില, അഞ്ചു കുരുമുളക് നന്നായി അരച്ച് പുളിയുള്ള മോരില്‍ കലക്കി സേവിക്കുന്നത് അതീവ ഫലപ്രദമാണ്. കുറച്ചു നാള്‍ കഴിക്കേണ്ടി വരും.
✔ പനിക്കൂര്‍ക്കയിലയുടെ സ്വരസം തേന്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് നല്ലതാണ്.
✔ കശുമാവിന്‍റെ തൊലി ചതച്ച് പുളിച്ച മോരില്‍ കലക്കി അരിച്ചു പിഴിഞ്ഞ് കവിള്‍ക്കൊള്ളുന്നത് അതീവഫലപ്രദമാണ്.
✔ തേന്‍ മാത്രമായി കവിള്‍ക്കൊള്ളുന്നതും നന്ന്.
✔ കൂവളത്തിന്‍റെ ഇളംകായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു സേവിക്കുന്നത് വായപ്പുണ്ണും, വയറ്റിലെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഒപ്പം ശമിപ്പിക്കും. പഴുത്ത കായയും ഫലം ചെയ്യും.
✔ ജാതിക്കയും കരിംജീരകവും തുളസിയിലനീരില്‍ അരച്ച് പുരട്ടിയാല്‍ വായപ്പുണ്ണ്‍ ശമിക്കും.
✔ വായപ്പുണ്ണ്‍ ശമിക്കാന്‍ അനവധി ഗൃഹവൈദ്യപ്രയോഗങ്ങള്‍ ഇതിനു മുമ്പ് ആരോഗ്യജീവനം ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ [https://urmponline.wordpress.com/tag/mouth-ulcer/] സന്ദര്‍ശിക്കുക.

☠ അന്ധവിശ്വാസം ☠ : ഇനി ഒരല്‍പം അന്ധവിശ്വാസം. ഔഷധ സസ്യങ്ങള്‍ക്ക് അതീവപ്രഭാവമുണ്ട്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്‍മാരുടെ മതം.

❤ മുന്‍‌കൂര്‍ജാമ്യം ❤ : ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന്‍ അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.

@anthavasi