കഴഞ്ചിക്കുരു ചുട്ടു തോടു കളഞ്ഞ് ഒരു കടുക്കാത്തോടും, ഒരു കഷണം വെളുത്തുള്ളിയും, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയും ചേര്‍ത്തു പതിവായിക്കഴിച്ചാല്‍ വൃഷണവീക്കം ശമിക്കും. ആവണക്കെണ്ണയ്ക്കു പകരം കൊഴിഞ്ഞില്‍, വള്ളിയുഴിഞ്ഞ എന്നിവയുടെ നീര് ചേര്‍ക്കുന്നതും നല്ലതാണ്. ഇതേ ഔഷധം ഹെര്‍ണിയ (ആന്ത്രവൃദ്ധി) മാറാനും ഫലപ്രദമാണ്.
ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.
നെല്ലിമരത്തിന്റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.
നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
13 | ഔഷധസസ്യങ്ങള്‍ | നെല്ലി
പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.
നെല്ലിക്കയുടെ നീര്, ചിറ്റമൃതിന് നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.
നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.
പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.
നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.
നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.
നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.
നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.
നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)
നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.
നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.
നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.
ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.
ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.
നെല്ലിക്കയും കൂവളത്തിന്റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.
നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.
നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.
നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ് Share ചെയ്യുന്നത് നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര് ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.
കഞ്ഞുണ്ണിയുടെ ഇലയും തണ്ടും അരച്ച് ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുട്ടിയെടുത്ത് സൂര്യോദയത്തിനു മുമ്പ് വിഴുങ്ങുക. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തേക്ക് കമിഴ്ന്നു കിടക്കുക. എഴുന്നേല്‍ക്കരുത്. സംസാരിക്കരുത്. മരുന്നു കഴിക്കുന്ന ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് എണ്ണയും പാലും ഉപയോഗിക്കരുത്. വേവിച്ച ചെറുപയര്‍ ധാരാളം കഴിക്കാം.തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗ്ലൂക്കോസ് കഴിക്കാം. ഉപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഉത്തമം. കാമല മാറും.
ഒരു ബ്ലേഡ് കഷണത്തെപ്പോലും അലിയിച്ചുകളയാന്‍ ശക്തിയുള്ള മനുഷ്യദഹനരസത്തില്‍ ജീവിച്ച് ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയ വര്‍ഗ്ഗത്തില്‍പ്പെട്ട കൃമി ആണ് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്.പൈലോറി. അള്‍സറില്‍ തുടങ്ങുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളിലാകും.
കൂവളത്തിന്റെ പിഞ്ചുകായയുടെ മജ്ജ പഞ്ചസാര കൂട്ടിക്കഴിക്കുന്നത് എച്ച്.പൈലോറി അനുബാധയില്‍ ഫലപ്രദമാണ്.
287 | ഹെലികോബാക്ടര്‍ പൈലോറി | ആമാശയ അള്‍സര്‍
ആമാശയത്തില്‍ ഉണ്ടാകുന്ന അള്‍സര്‍ എങ്ങനെയുള്ളതുമാകട്ടെ, ശമിപ്പിക്കാന്‍ ശക്തിയുള്ള ഒരു ഔഷധമാണ് കൂവളത്തിന്റെ പിഞ്ചുകായ. അപകടകാരിയായ എച്ച്. പൈലോറി കൃമിയ്ക്ക് എതിരെയും കൂവളത്തിന്റെ പിഞ്ചുകായ ഫലപ്രദമാണ്. കൂവളത്തിന്റെ പിഞ്ചുകായ പൊട്ടിച്ച് അതിനുള്ളിലെ മജ്ജ (ജെല്ലി പോലെയുള്ള ഭാഗം) എടുത്ത് പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ മാത്രമല്ല ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങി ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന അള്‍സര്‍, മറ്റു കുരുക്കള്‍ എല്ലാം ശമിക്കും.
കൂവളവേര് പ്രധാനഘടകമായ ഒരു ഔഷധമാണ് വില്വാദിഗുളിക. കൂവളതതിന്റെ ഒരു സംസ്കൃതനാമം വില്വഃ എന്നാണ്. അതില്‍ നിന്നാണ് “വില്വാദി” എന്ന പേര് തന്നെ ഉണ്ടായത്. സര്‍പ്പവിഷം, തേള്‍വിഷം, ചിലന്തിവിഷം, തേനീച്ചയെപ്പോലെയുള്ള മറ്റു പ്രാണികളുടെ വിഷം, അജീര്‍ണ്ണം, വിഷൂചിക, ത്വക്-രോഗങ്ങള്‍, പനി, മലമ്പനി, കൈവിഷം തുടങ്ങിയ ഒട്ടനവധി പ്രശങ്ങള്‍ക്ക് വില്വാദിഗുളിക പരിഹാരമാണ്. പാമ്പ് പോലെ ജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവായില്‍ പുരട്ടാനും ഉള്ളില്‍ കഴിക്കാനും വില്വാദിഗുളിക ഉത്തമമാണ്. അതീവഫലദായകമാണ്. സഹസ്രയോഗപ്രകാരം കൂവളവേര്, തുളസിക്കതിര്, പുങ്കിന്‍കുരു (ഉങ്ങ്), തകരം, ദേവതാരം, ത്രിഫലത്തോട്, ത്രികടു, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി ഇവ സമമെടുത്ത് ആട്ടിന്‍മൂത്രത്തില്‍ നന്നായി അരച്ച് ഗുളികയാക്കി ഉരുട്ടി നിഴലില്‍ ഉണക്കിയെടുത്താണ് വില്വാദിഗുളിക ഉണ്ടാക്കേണ്ടത്. ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ്. ത്രികടുവെന്നാല് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയും. കൃതഹസ്തന്മാരായ വൈദ്യന്മാര് നീലയമരി, അങ്കോലവേര്, അങ്കോലയില, വിഷമൂലിക ഇവയൊക്കെ ചേര്‍ത്ത് വില്വാദിഗുളിക ഉണ്ടാക്കി ചികില്‍സിക്കാറുണ്ട്.
പ്രമേഹരോഗത്തില്‍ കൂവളത്തിന്റെ വേരും, ഇലയും, പച്ചക്കായയും നല്ല ഔഷധങ്ങളാണ്. തുടക്കമാണെങ്കില്‍ കൂവളത്തില മാത്രം മതി പ്രമേഹത്തെ നിയന്ത്രിക്കാന്‍.
കൂവളത്തിന്റെ ഇലയുടെ നീരും കുരുമുളകും ചേര്‍ത്തു കഴിച്ചാല്‍ വാതപിത്തകഫദോഷങ്ങളാലുണ്ടാകുന്ന നീരും, മലബന്ധവും, രക്തപിത്തവും മാറുമെന്ന് വൈദ്യമനോരമയില് പറയുന്നു. രണ്ടു കുരുമുളക് നന്നായി പൊടിച്ച് 15 മില്ലി കൂവളത്തിലനീരില്‍ നന്നായി ചേര്‍ത്തു കഴിച്ചാല്‍ മതി.
കൂവളവേര്ക്കാതല്, കൂവളത്തില, ചിറ്റമൃത് ഇവയുടെ ശീതകഷായം തേനും പെരുംകുരുമ്പവേരും കാടിയും ചേര്‍ത്തു കഴിച്ചാല്‍ വാതജവും കഫജവും പിത്തജവുമായ ചര്‍ദ്ദി മാറും. ഭാവപ്രകാശം, വംഗസേനസംഹിത, വൈദ്യമനോരമ, ശാര്ങ്ങധരസംഹിതതുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ ഔഷധത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഔഷധദ്രവ്യങ്ങള്‍ ചതച്ചു വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വെച്ച് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് ആണ് ശീതകഷായം ഉണ്ടാക്കുന്നത്.
കൂവളവേരും ചുക്കും കഷായം വെച്ചു കഴിച്ചാല്‍ ചര്‍ദ്ദി, വിഷൂചിക (വയറിളക്കം | കോളറ) ശമിക്കുമെന്ന് ഭാവപ്രകാശം. കൂവളവേരും ചുക്കും കറിവേപ്പിലയും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിമേദസ്സ് (അമിതവണ്ണം) മാറുമെന്ന് സുശ്രുതസംഹിത. ഔഷധദ്രവ്യങ്ങള്‍ എല്ലാം ചേര്‍ത്ത് 60 ഗ്രാം എടുത്ത് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സ് ആക്കി വറ്റിച്ച് പിഴിഞ്ഞെടുത്ത് അര ഗ്ലാസ്സ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുന്നതാണ് കഷായം ഉണ്ടാക്കി കഴിക്കേണ്ട രീതി.
കൂവളത്തിലനീര് ദേഹത്ത് പുരട്ടി കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ ഗാത്രദുര്‍ഗന്ധം മാറും. തൊലിപ്പുറത്ത് ഉണ്ടാകുന്ന കുരുക്കള്‍ മാറുമെന്ന് ഭാവപ്രകാശം. ശരീരത്തിന് ദുര്‍ഗന്ധം, വിയര്‍പ്പുനാറ്റം ഒക്കെ ഉള്ളവര്‍ പതിവായി ഇതു മാത്രം ചെയ്താല്‍ മതിയാകും. കൂവളത്തിലയും ആവില്ക്കുരുവും (ആവില്‍ ഒരു മരമാണ്) ചേര്‍ത്ത് അരച്ച് ശരീരത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ കുരുക്കളും ഗാത്രദുര്ഗന്ധവും പോകും.
കൂവളത്തിന്റെ തൈലം എടുത്തു ചെവിയില്‍ ഇറ്റിച്ചാല്‍ ബാധിര്യം പൂര്‍ണ്ണമായി മാറിക്കിട്ടുമെന്ന് സുശ്രുതസംഹിതയും വൈദ്യമനോരമയും പറയുന്നു. വില്വപഞ്ചാംഗം അരച്ച് എണ്ണ കാച്ചിത്തേക്കുകയും ചെവിയില്‍ ഇറ്റിക്കുകയും ചെയ്താല്‍ ബാധിര്യം മാറും. കൂവളത്തിന്റെ വേര്, ഇല, പൂവ്, കായ, തൊലി ഇവയാണ് വില്വപഞ്ചാംഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
കൂവളത്തിലയുടെ നീര് നെയ്യും ഇന്തുപ്പും തിപ്പലിയും ചേര്‍ത്ത് ഒരു ചെമ്പുതളികയില്‍ വെച്ച് കടഞ്ഞ് ചാണകവറളി കത്തിച്ചു പുകയേല്പ്പിച്ച് പാലില്‍ ലയിപ്പിച്ച് കണ്ണില്‍ നിറച്ചാല്‍ കണ്ണുവേദന മാറും. Conjunctivitis മാറും. Glaucoma മാറും. നയനരോഗങ്ങള്ക്കെല്ലാം നല്ലതാണ് ഈ ഔഷധം (വൈദ്യമനോരമ)
കൂവളക്കായയുടെ മജ്ജ, ഏലത്തരി, പഞ്ചസാര, മലര് ഇവ ചേര്‍ത്ത് അരച്ചു വെച്ചു കഴിച്ചാല്‍ നല്ല വിശപ്പുണ്ടാകും (അഷ്ടാംഗഹൃദയം)
കൂവളവേര്ക്കാതല് കൊണ്ടു കഷായം വെച്ച് മലരും പഞ്ചസാരയും ചേര്‍ത്തു കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം എന്നിവ മാറും. കുട്ടികളില്‍ അതീവഫലപ്രദം. കുട്ടികളിലെ വയറുകടി മാറാന്‍ കൂവളവേര്ക്കഷായം മാത്രം മതിയാകും.
മഹാവില്വാദിലേഹ്യം ലോഹഭസ്മം ചേര്‍ത്തു കഴിച്ചാല്‍ എത്ര കൂടിയ ക്ഷയവും മാറും. 25 ഗ്രാം മഹാവില്വാദിലേഹ്യം 400 മില്ലിഗ്രാം ലോഹഭസ്മം (101 പുടം) ഇവ ഒരു പാത്രത്തില്‍ നന്നായി കൂട്ടിച്ചേര്‍ത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ അല്പാല്പമായി കഴിക്കണം. ശ്രദ്ധാപൂര്‍വ്വം കഴിച്ചാല്‍ ശ്വാസകോശ കാന്‍സര്‍ (CA Lung) ചികിത്സിക്കാനും മഹാവില്വാദിലേഹ്യവും ലോഹഭസ്മവും മതിയാകും. Lung Fibrosis, Leukemia, Anemia എന്നിവയിലും ഇത് നല്ലതാണ്.
കൂവളവേര്ത്തൊലി കഷായം വെച്ചു കഴിച്ചാല്‍ പനി മാറും. കൂവളത്തിലനീര് നസ്യം ചെയ്താലും പനി മാറും. കൂവളത്തിലനീര് നസ്യം ചെയ്യുന്നത് നീരിളക്കം മാറാനും നല്ലതാണ്. കൂവളത്തിലനീര് കണ്ണില്‍ ഒഴിക്കുകയും ഉള്ളില്‍ കഴിക്കുകയും ചെയ്താല്‍ ചെങ്കണ്ണ് മാറും. കൂവളത്തിലനീര് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
കൂവളത്തിന്റെ പച്ചക്കായ ശതകുപ്പ, ഇഞ്ചി ഇവ ചേര്‍ത്ത് കഷായം വെച്ചു കഴിച്ചാല്‍ മൂലക്കുരു (അര്‍ശസ് | Piles) ശമിക്കും.
സന്നിയ്ക്ക് കൂവളയില അരച്ചു നിറുകയില്‍ തളം വെയ്ക്കുന്നത് നല്ലതാണ്. കൂവളത്തിന്റെ പൂവ് പിഴിഞ്ഞ നീര് കഴിച്ചാലും സന്നി മാറും. പൂവ് ഇപ്പോഴും കിട്ടില്ല. പറിച്ച് ഉണക്കി സൂക്ഷിക്കണം.
മഞ്ഞപ്പിത്തത്തോടു കൂടിയ മഹോദരത്തില്‍ കൂവളത്തിലനീര് കുരുമുളക് ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.
കൂവളത്തൊലിനീരില് ജീരകം പൊടിച്ചിട്ട് പാലും ചേര്‍ത്തു കഴിച്ചാല്‍ പുരുഷന്മാരിലെ ശുക്ലദുര്‍ഭിക്ഷത മാറും. പുരുഷന് ബീജം വരാതിരിക്കുന്ന അവസ്ഥ മാറും.