373 ¦ ചെവിവേദന ¦ Ear Pain

373 ¦ ചെവിവേദന ¦ Ear Pain
373 ¦ ചെവിവേദന ¦ Ear Pain

ചെവിവേദനയ്ക്ക് വളരെ ഫലപ്രദമായ ഒരു പിടി ഗൃഹവൈദ്യപ്രയോഗങ്ങള്‍ ആരോഗ്യജീവനം പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യക്കാര്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുക : https://urmponline.wordpress.com/tag/ear-pain/

❊ തുളസിയില ഇടിച്ചുപിഴിഞ്ഞ് നീര് എടുത്ത്, അല്‍പ്പം ചൂടാക്കി, ചെറുചൂടോടെ, രണ്ടോ മൂന്നോ തുള്ളി, ഒരു ദിവസം രണ്ടു തവണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദനയ്ക്ക് ആശ്വാസം കിട്ടും. വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ്, ചതച്ചു നീര് എടുത്ത്, രണ്ടു മുതല്‍ നാലു തുള്ളി വരെ, ഒരു ദിവസം രണ്ടു തവണ ചെവിയില്‍ ഇറ്റിച്ചാലും ചെവിവേദനയ്ക്ക് ശമനം ഉണ്ടാകും. രണ്ട് ഔഷധപ്രയോഗങ്ങളും അതീവഫലപ്രദമാണ്. ചെവിയില്‍ പഴുപ്പോ മറ്റോ ഉണ്ടെങ്കില്‍ ഈ രണ്ടു പ്രയോഗങ്ങളും പാടില്ല.

❊ വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് അരച്ചെടുത്ത് വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേര്‍ത്ത് കാച്ചി ആ എണ്ണ ദിവസം രണ്ടു മൂന്നു പ്രാവശ്യം ചെവിയില്‍ നിറയ്ക്കുന്നതും ചെവിവേദനയ്ക്ക് ശമനം നല്‍കും.

❊ ചുവന്ന മുളകിന്‍റെ ഞെട്ടും ഉള്ളിലെ കുരുക്കളും കളഞ്ഞ് അതില്‍ അല്‍പ്പം നല്ലെണ്ണ എടുത്ത് നിലവിളക്കിന്‍റെ തിരിയില്‍ ചെറുതായി ചൂടാക്കി വാലിനു ദ്വാരമിട്ട് രണ്ടോ മൂന്നോ തുള്ളി എണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദന മാറുമെന്നത് പല തവണ അനുഭവം ഉള്ള ഒരു പ്രയോഗമാണ്. കുട്ടികള്‍ക്ക് ചെവിവേദന ഉണ്ടാകുമ്പോഴും ഈ പ്രയോഗം പെട്ടന്ന് ഫലം തരുന്നതായി കണ്ടിട്ടുണ്ട്.

❊ സമാനപ്രയോഗങ്ങള്‍ അനുഭവത്തില്‍ ഫലിക്കുന്നതായി കണ്ടിട്ടുള്ളവര്‍ ദയവായി പങ്കുവെയ്ക്കുക. മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യും.

372 ¦ സന്ധിവേദന ¦ Join Pain

372 ¦ സന്ധിവേദന ¦ Join Pain
372 ¦ സന്ധിവേദന ¦ Join Pain

സന്ധിവേദനയ്ക്ക് വെളുത്തുള്ളി

1] വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് അരച്ചെടുത്ത് അഞ്ചു ഗ്രാം, തേനില്‍ ചേര്‍ത്ത് ദിവസവും രണ്ടു നേരം കഴിക്കുക.

2] വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് അരച്ചെടുത്ത് ഏതെങ്കിലും എണ്ണയില്‍ ചേര്‍ത്ത് ചൂടാക്കി വേദനയുള്ള സന്ധികളില്‍ നിത്യവും പുരട്ടുക.

371 ¦ ശരീരവേദന ¦ BODY ACHE

371 ¦ ശരീരവേദന ¦ BODY ACHE
371 ¦ ശരീരവേദന ¦ BODY ACHE

രണ്ടു ഗ്രാം ഉലുവ പൊടിച്ചത് , രണ്ടു ഗ്രാം ജീരകം പൊടിച്ചത് – ചൂടു പാലില്‍ പഞ്ചസാര ചേര്‍ത്തു സേവിക്കുക. ദിവസം രണ്ടു നേരം. ശരീരവേദന ശമിക്കും.

370 ¦ കൊടിഞ്ഞി ¦ ചെന്നിക്കുത്ത് ¦ Migraine

370 ¦ കൊടിഞ്ഞി ¦ ചെന്നിക്കുത്ത് ¦ Migrane
370 ¦ കൊടിഞ്ഞി ¦ ചെന്നിക്കുത്ത് ¦ Migrane

തലവേദന. ചിലപ്പോള്‍ അസഹ്യമാകാം. രാവിലെയോ വൈകുന്നേരമോ പതിവായി ഒരേ സമയത്ത് ഉണ്ടാകാം. സൂര്യോദയത്തോടെ വേദന ഉണ്ടാകുന്നതിന് സൂര്യാവര്‍ത്തം എന്ന് പേര്. രാവിലെ ഉണ്ടാകുന്ന വേദനയെ സൂര്യക്കൊടിഞ്ഞി എന്നും വിളിക്കാറുണ്ട്. പഴയ കേട്ടറിവ് പ്രകാരം വയറ്റിനു പിടിക്കാത്ത ആഹാരം കഴിച്ചാല്‍, വെയിലടിക്കാതെ വീട്ടിനുള്ളില്‍ ജീവിച്ചു ശീലിച്ചവരില്‍ പെട്ടന്നു വെയില്‍ ഏല്‍ക്കേണ്ടി വരുമ്പോള്‍, കണ്ണിന്റെ അസുഖം മൂലം ഒക്കെ ഈ തലവേദന ഉണ്ടാകാം. തലച്ചോറിലെ രക്തപ്രവാഹത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം കൊടിഞ്ഞി ഉണ്ടാകുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വെളിച്ചത്തെയും ശബ്ദത്തെയും സഹിക്കാന്‍ പറ്റാതെ വരിക, കണ്ണ് തുറക്കാന്‍ വിഷമിക്കുക, ഓക്കാനം, ചര്‍ദ്ദി തുടങ്ങിയ വിഷമതകള്‍ ഉണ്ടാകുക തുടങ്ങി പല വിഷമങ്ങള്‍ ഉണ്ടാകാം.(കൂടുതല്‍ വിവരങ്ങള്‍ അറിവുള്ള വൈദ്യന്മാരോടു ചോദിച്ചു മനസിലാക്കുക)

കൊടിഞ്ഞിയ്ക്ക് പെരിങ്ങലം കൊണ്ടുള്ള പ്രയോഗം അനുഭവത്തില്‍ ക്ഷിപ്രഫലദായകമായി കണ്ടിട്ടുണ്ട്. ചെയ്തു നോക്കിയവര്‍ തിരികെ വന്നു പറഞ്ഞിട്ടുണ്ട്. തലവേദന ഉണ്ടാകുമ്പോള്‍ പെരിങ്ങലത്തിന്റെ തളിരില തൊട്ടുരിയാടാതെ പറിച്ചെടുത്ത് കൈവെള്ളയിലിട്ടു വെള്ളം തൊടാതെ ഞെരുടി പിഴിഞ്ഞു നീരെടുത്ത് കാലിന്റെ പെരുവിരലിന്റെ നഖത്തില്‍ ഒഴിച്ച് തളംകെട്ടി നിര്‍ത്തിയാല്‍ അല്പം സമയം കൊണ്ട് തലവേദന മാറും. ഒരുവേരന്‍, പെരിങ്ങലം, പെരുകിലം, പെരുക്, പെരു, വട്ടപ്പെരുക് അങ്ങനെ പല പേരുകള്‍ ഉണ്ട് ഈ ഔഷധസസ്യത്തിന്. വലതുവശത്താണ് വേദന തോന്നുന്നതെങ്കില്‍ ഇടത്തേ കാലിലെ പെരുവിരല്‍നഖത്തിലും, ഇടതുവശത്താണ് വേദന തോന്നുന്നതെങ്കില്‍ വലത്തേ കാലിലെ പെരുവിരല്‍നഖത്തിലും ആണ് ഒരുവേരന്റെ നീര് ഒഴിച്ചു നിര്‍ത്തേണ്ടത്. ഒരുവേരനാണ് ഏറ്റവും ഫലപ്രദമെങ്കിലും പകരം തുമ്പ സമൂലം പിഴിഞ്ഞ നീരോ, കൃഷ്ണതുളസി ഇലയുടെ നീരോ, മുയല്‍വിയന്റെ നീരോ ഉപയോഗിച്ചാലും ഫലം കിട്ടും.

അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടുകയും അക്കിക്കറുക വെള്ളം തൊടാതെ ചതച്ചു പിഴിഞ്ഞെടുത്ത നീര് നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്യുകയും ചെയ്താലും കൊടിഞ്ഞി മൂലം ഉള്ള തലവേദന ശമിക്കും.  ചുവന്നുള്ളി ചതച്ചു വെള്ളത്തില്‍ ഇട്ട്, ആ വെള്ളം അരിച്ചെടുത്ത്, രണ്ടു നാസാദ്വാരങ്ങളിലും നസ്യം ചെയ്യുന്നതും കൊടിഞ്ഞി തലവേദന ശമിക്കാന്‍ സഹായിക്കും.

മായമില്ലാത്ത വെളിച്ചെണ്ണയില്‍ ഒരു കഷണം ഉണക്കമഞ്ഞള്‍ മുക്കി നിലവിളക്കിന്റെ നാളത്തില്‍ കത്തിച്ച്, നന്നായി കത്തുമ്പോള്‍ മഞ്ഞളിലെ തീയ് കെടുത്തി, ഒരു കടലാസുകുമ്പിള്‍ ഉപയോഗിച്ച് മഞ്ഞളില്‍ നിന്ന് ഉയരുന്ന പുക നല്ലവണ്ണം ശ്വസിച്ചാല്‍ കൊടിഞ്ഞിക്കുത്ത് ശമിക്കും.

നല്ല മഞ്ഞള്‍പ്പൊടി ആവണക്കെണ്ണയില്‍ കുഴച്ച് വൃത്തിയുള്ള തുണിയില്‍ തേച്ചു പിടിപ്പിച്ച്, ആ തുണി തിരിയാക്കി കത്തിച്ച് പുകവലിച്ചാല്‍ തലവേദന പെട്ടന്നു ശമിക്കും.

മുക്കുറ്റി തൊട്ടുരിയാടാതെ പറിച്ചെടുത്ത് നന്നായി അരച്ച് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്ക് പെട്ടന്ന് ആശ്വാസം കിട്ടും.

പൂവാംകുറുന്നില, കീഴാര്‍നെല്ലി, കായം മൂന്നും നന്നായി ചതച്ചു ചേര്‍ത്ത് തലയില്‍ വേദന തോന്നുന്ന വശത്തിന്റെ വിപരീതവശത്തെ കൈയ്യുടെ പെരുവിരലില്‍ വെച്ചുകെട്ടുക, ഇടയ്ക്കിടെ നനച്ചു കൊടുക്കുക, തലവേദന ശമിക്കും.

കാട്ടുകടുക് (കരിങ്കടുക്) ഇടിച്ചു പിഴിഞ്ഞ് സത്ത് എടുത്ത് സമം നല്ലെണ്ണ ചേര്‍ത്തു കാച്ചി നെറ്റിയിലും ചെന്നിയിലും നിറുകയിലും ഇട്ടാല്‍ ചെന്നിക്കുത്ത് ശമിക്കും.

പതിവായി ത്രിഫലാചൂര്‍ണ്ണം തേനില്‍ ചാലിച്ചു കഴിക്കുന്നത്‌ കൊടിഞ്ഞി മൂലം കഷ്ടപ്പെടുന്നവരില്‍ ഗുണം ചെയ്യും. വേവിച്ച ഉഴുന്നുപരിപ്പ് രാത്രിയില്‍ കിടക്കുംമുമ്പ് കഴിച്ച്, പിറകെ പാല്‍ കുടിക്കുന്നതും കൊടിഞ്ഞി കൊണ്ടു വിഷമിക്കുന്നവര്‍ക്ക് ഗുണകരമാണ്.

കരിംജീരകമോ, അയമോദകമോ പൊടിച്ച് ചെറിയ കിഴിയാക്കി കെട്ടി ഇടയ്ക്കിടെ മണപ്പിക്കുക; തലവേദന ശമിക്കും.

ചുക്ക് നന്നായി പൊടിച്ചത് വെള്ളത്തില്‍ ചാലിച്ചു കുഴമ്പുപരുവമാക്കി നെറ്റിയിലിട്ടാല്‍ തലവേദന ശമിക്കും.

കൃതഹസ്തരായ വൈദ്യന്‍മാരരില്‍ നിന്നും  അറിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇവ. പ്രയോഗിക്കുംമുമ്പ് അറിവുള്ള വൈദ്യന്മാരുടെ ഉപദേശം തേടുക.

കുറിപ്പ്:

ഇനിയും കുറെ പ്രയോഗങ്ങള്‍ www.arogyajeevanam.org ബ്ലോഗില്‍ പല തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ഒട്ടുമിക്കതും സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ ഒസ്യത്തില്‍ നിന്നാണ്. പഠിക്കുക, പ്രചരിപ്പിക്കുക, അറിവിനെ ജനകീയമാക്കുക. കോപ്പിറൈറ്റ് ഇല്ല.

369 ¦ പ്രമേഹം ¦ Diabetes

369 ¦ പ്രമേഹം ¦ Diabetes
369 ¦ പ്രമേഹം ¦ Diabetes

പ്രമേഹം നിയന്ത്രിക്കാന്‍ സിദ്ധൌഷധമത്രേ കാട്ടുജീരകം. പ്രമേഹത്തിന് ഗുളികകള്‍ വിഴുങ്ങുന്നവര്‍, ഇന്‍സുലിന്‍ കുത്തിവെയ്പ്പ് എടുക്കുന്നവര്‍, തുടക്കകാര്‍ – എല്ലാവര്‍ക്കും കാട്ടുജീരകം ഗുണം ചെയ്യും.

ലഘുവായ തോതില്‍ പ്രമേഹം ഉള്ളവര്‍ കാട്ടുജീരകം ഇട്ടു തിളപ്പിച്ച വെള്ളം നിത്യേന കുടിച്ചാല്‍ രോഗം ശമിക്കും. ചുക്കോ ജീരകമോ ഒക്കെ ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നതു പോലെ കാട്ടുജീരകം ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കാം.

നിത്യവും ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കു പോലും കാട്ടുജീരകം കഷായം വെച്ചു സേവിക്കുന്നതു വഴി കുത്തിവെയ്പ്പ് ഒഴിവാക്കാന്‍ പറ്റുമെന്ന് ആചാര്യമതം. അറുപതു ഗ്രാം കാട്ടുജീരകം കഷായം വെച്ച് (ഒരു ഇടങ്ങഴി വെള്ളത്തില്‍ വെന്ത്, നാഴിയാക്കി വറ്റിച്ച്) രണ്ടു നേരമായി മുടങ്ങാതെ ഒരു മാസം നിത്യവും കഴിച്ചാല്‍ ഫലം നിശ്ചയം.

കാട്ടുജീരകം, ജീരകം, അയമോദകം, ഉലുവ ഇവ തുല്യമായി എടുത്ത് വറുത്ത് പൊടിച്ച്, ഓരോ ടീ സ്പൂണ്‍ പൊടി ചൂടുവെള്ളത്തില്‍ കലക്കി, ദിവസം മൂന്നു നേരം കഴിക്കുന്നതും പ്രമേഹത്തെ ശമിപ്പിക്കും.

പെരിങ്ങലത്തിന്‍റെ രണ്ട് തളിരിലയും ഒരു ടീസ്പൂണ്‍ കാട്ടുജീരകവും ചേർത്തരച്ച് ഭക്ഷണത്തിന് ശേഷം കഴിച്ചാൽ പ്രമേഹം ശമിക്കും.

കാട്ടുജീരകം കരിഞ്ജീരകം അല്ല. ജീരകത്തെക്കാള്‍ അല്പം വലുപ്പം കൂടുതല്‍ ആണ് കാട്ടുജീരകത്തിന്, നിറം കറുപ്പാണ്.

368 ¦ വിരൽച്ചുറ്റ് ¦ കുഴിനഖം

368 ¦ വിരൽച്ചുറ്റ് ¦ കുഴിനഖം ¦ Onychocryptosis ¦ In grown nails
368 ¦ വിരൽച്ചുറ്റ് ¦ കുഴിനഖം ¦ Onychocryptosis ¦ In grown nails

വിരൽച്ചുറ്റ് – ലളിതമായ പ്രതിവിധികൾ

നാട്ടിലെത്തിയപ്പോൾ അയലത്തെ ഒരു സുഹൃത്തിന് വിരൽച്ചുറ്റ്. നഖം കറുത്ത്, ആകെ മൊത്തത്തിൽ നഖത്തിന്റെ ഭാഗം വീർത്ത് വേദനയുണ്ടാക്കുന്ന ഒരു അവസ്ഥ. നഖത്തിന്റെ ഇടയിൽ അഴുക്കുകൾ അടിഞ്ഞു കൂടി അവിടെ കൃമികൾ പെരുകുക ജലം പഴുപ്പും ദുർഗന്ധവും. ഈ അവസ്ഥയ്ക്ക് എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഉള്ള ഒരു ലൊടുക്ക് പ്രയോഗമുണ്ട് – വണ്ണമുള്ള ചേമ്പിൻ തണ്ട് സംഘടിപ്പിച്ച്, വിരൽ നീളത്തിൽ മുറിച്ചെടുത്ത് ഉൾഭാഗം തുരന്ന് രോഗം ബാധിച്ച വിരൽ അതിനുള്ളിൽ കടത്തി മൂടി വെയ്ക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് രോഗം ശമിക്കും. സുഹൃത്തിനെ ആ പഴയ വിദ്യ ഓർമ്മപ്പെടുത്തി. കീറാൻ ഡോക്ടറെ കാണാൻ പോയ കക്ഷി തല്ക്കാലം തിരികെ വീട്ടിൽ പോയി. ചേമ്പ് ഞങ്ങളുടെ നാട്ടിൽ സുലഭമാണ്.

വിരൽച്ചുറ്റിന് കണ്ടും കേട്ടും അറിഞ്ഞ ഒരു പിടി പ്രയോഗങ്ങൾ വേറെയുമുണ്ട്.

മഞ്ഞൾപ്പൊടിയും, ഉപ്പുവെള്ളവും, നെല്ലണ്ണയും ചേർത്ത് പാകത്തിന് ചൂടാക്കി വിരലിൽ തുടരെ തുടരെ ധാര കോരുന്ന പ്രയോഗം സ്വാനുഭവത്തിൽ അതീവ ഫലപ്രദം.

ചേമ്പിൻ തണ്ട് പ്രയോഗം പോലെ, ചെറുനാരങ്ങ തുരന്ന് വിരൽ അതിനുളളിൽ കടത്തി മൂടി വെച്ചാലും വിരൽച്ചുറ്റ് ശമിക്കും.

കറ്റാർവാഴപ്പോളനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ആവണക്കെണ്ണയിൽ ചാലിച്ച് ചൂടാക്കി ചെറുചൂടോടെ വിരലിൽ പുരട്ടിയാൽ രോഗം പെട്ടന്ന് തന്നെ ശമിക്കും.

വളരെ ലളിതമായ മറ്റൊരു പ്രയോഗം – ചുവന്നുള്ളിയും ഉപ്പും ചേർത്തരച്ച് വിരലിൽ നന്നായി കനത്തിൽ പൊതിഞ്ഞു കെട്ടി ഉണങ്ങുമ്പോൾ വിരൽ ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി വീണ്ടും പ്രയോഗം തുടർന്നാൽ കുറച്ചു നാളുകൾ കൊണ്ട് പൂർണ്ണമായും ശമിക്കും.

ഇതൊന്നും നടന്നില്ലെങ്കിൽ വിരലിൽ കത്തിവെച്ചാൽ പോരെ?

കുറിപ്പ് : ഈ വിഷയത്തിൽ സ്വാനുഭവമുള്ള പ്രയോഗങ്ങൾ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർ ദയവായി പങ്കുവെയ്ക്കുക. അറിവിനെ കൂടുതൽ ജനകീയമാക്കുക.

ⒶⓃⓉⒽⒶⓋⒶⓈⒾ