
403 | VIRAL FEVER | വൈറല്‍ പനികള്‍

പനിക്കൂര്‍ക്ക – അമ്മമാരുടെ വൈദ്യവിജ്ഞാനത്തിലെ ഒരു പ്രധാന ഔഷധി .
പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് അവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.
ഒരു പനി വന്നാല്‍ ഉടനെ പാരസെറ്റാമോൾ വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോര്‍ തേടി ഓടുന്നതിന് മുമ്പ് സ്വന്തം വീട്ടില്‍ ശ്രമിച്ചു നോക്കാവുന്ന ഒരു ലളിതമായ പ്രയോഗം.
60 ഗ്രാം തുളസിയില രണ്ടുനാഴിവെള്ളത്തിൽ വെന്ത് ഒരു നാഴിയാക്കി, പാലും പഞ്ചസാരയും ചേർത്ത് ഒരു ചായകൊടുക്കുക. പനി ശമിക്കും. ഈ ചായ നിത്യവും കഴിക്കാം, പനിയില്ലെങ്കിലും ഒരു പാനീയമായി. കുറച്ച് ഏലത്തരികള്‍ കൂടി ചേര്‍ത്താല്‍ പനി പെട്ടന്നു ശമിക്കും.
ജലദോഷവും ചുമയും ചേര്‍ന്നു വരുന്ന പനികളില്‍ തുളസിയിലയും ഏലത്തരികളും ഒപ്പം കുറച്ചു ഗ്രാമ്പൂവും ചേര്‍ത്തു കഷായം വെച്ചാല്‍ പെട്ടന്നു ഫലം കിട്ടും.
മര്യാദാമസൃണമായി പറിച്ചെടുത്ത ഒരു പിടി തുളസിയിലയോടൊപ്പം, നാലോ അഞ്ചോ കുരുമുളക് ചേര്‍ത്ത് നന്നായി അരച്ച് ഒരു നെല്ലിക്കാവലുപ്പം കഴിച്ചു നോക്കാം. പനി പെട്ടന്നു ശമിക്കും.
ഇതൊന്നും ഫലിച്ചില്ലെങ്കില്‍ പോരെ ഫാക്ടറികളില്‍ പടച്ച രാസവസ്തുക്കള്‍?
☑ സാധാരണയായി നമ്മൾ യാതൊരു വിലയും കൽപ്പിക്കാതെ കളയുന്ന ഒന്നാണ് കൂവളത്തിന്റെ കായ. കൂവളത്തിന്റെ കായയുടെ കാമ്പ് (ഉള്ളിലുള്ള മാംസളഭാഗം, മധുരമായ അംശം) ഔഷധമാണ് എന്ന് അധികമാര്‍ക്കും അറിയില്ല.
☑ കായ പൊട്ടിച്ച് കാമ്പ് എടുക്കുമ്പോള്‍ അതിൽ കാറ്റ് കൊള്ളരുത്. ഫലം കുറയുമായിട്ടല്ല. കാറ്റുകൊണ്ടാൽ അത് കഴിക്കാൻ പറ്റുകയില്ല. കൂവളത്തിന്റെ കായ പച്ചയോ പഴുത്തതോ പൊട്ടിക്കുമ്പോള്‍ കാറ്റു കണ്ടമാനം കൊണ്ടാൽ അതിനു ഒരു കറുപ്പുനിറം വരും. ആ കറുപ്പുനിറം വന്നു കഴിഞ്ഞാൽ അതിനു കയ്പ്പ് കൂടും. പിന്നെ കഴിക്കാന്‍ പ്രയാസമാണ്.
☑ ആ കാമ്പ് അഥവാ മജ്ജ നേരിട്ടും വെയിലത്തു വെച്ച് ഉണക്കിപ്പൊടിച്ചു സൂക്ഷിച്ചു വെച്ചും ഉപയോഗിക്കാവുന്നതാണ്. വെയിലത്തു വെയ്ക്കുമ്പോൾ കാറ്റ് കൊണ്ടാല്‍ കുഴപ്പമില്ല.
☑ കൂവളം നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാകും. കായ പറിക്കുക. അതിന്റെ മജ്ജ എടുക്കുക. വെയിലത്തിട്ടുണക്കുക. ആ മജ്ജ പൊടിച്ചു വെക്കുക. ആ പൊടി ഒരു ടീ സ്പൂണിനു താഴെ കൊടുത്താൽ പനി പോകും. എല്ലാ ഉദര സംബന്ധങ്ങളായ രോഗങ്ങളും പോകും. അതിൽ നിന്നു വരുന്ന പനികൾക്കും അത്യുത്തമമാണ്.
☑ ഇന്നു നമ്മൾക്കുണ്ടാകുന്ന ഉദരരോഗങ്ങളില്‍ 80% രോഗങ്ങളും കൂവളക്കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടു മിക്ക രോഗങ്ങളും ഇതു കൊണ്ടുപോവും. മജ്ജ വെറുതെ കഴിച്ചാൽ മതി. പഞ്ചസാര ചേർത്തും കഴിക്കാം. പാലിൽ ചേർത്തും, മോരിൽ ചേർത്തും കഴിക്കാം. പഴയ ആളുകൾ കൂവളത്തിന്റെ മജ്ജ പഴുത്തത് മോരിലടിച്ചു മോരുകാച്ചി കുടിക്കുമായിരുന്നു. കേരളത്തിനു പുറത്ത് ആളുകള്‍ ഇന്നും ഇതൊക്കെ ചെയ്യും. വടക്കേ ഇന്ത്യാക്കാരന് കൂവളത്തിന്റെ പഴം പഞ്ചസാരയില്‍ “മുറബ്ബ” ആക്കി സൂക്ഷിച്ചു വെച്ച് കഴിക്കും. ഇതൊക്കെ ഉദരത്തിന്റെ രോഗങ്ങൾക്ക് ഉള്ളതാണ്. എല്ലാ ഉദരരോഗങ്ങളും അതിന്റെ കൂടെ മാറുമെന്നുള്ളതാണ്. ഉദരരോഗങ്ങള്ക്കൊപ്പം വരുന്ന പനിക്ക് ഈ മരുന്ന് വളരെ ഉത്തമമാണ്.
കടപ്പാട് : നിര്‍മ്മലാനന്ദം
☑ ചുക്ക്, ദേവതാരം, കൊത്തമല്ലി. ഇവ മൂന്നും കഷായം വെച്ചു കഴിച്ചാൽ പനി പോകും.
☑ കഷായം വെച്ചു കഴിക്കുക എന്നതു കൊണ്ട് ദ്രവ്യങ്ങള്‍ സമം എടുത്ത് മൊത്തം 60 ഗ്രാം ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ചു അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മൂന്നു ദ്രവ്യങ്ങളും 20 ഗ്രാം വീതം മൊത്തം 60 ഗ്രാം എടുത്തു വേണം കഷായം ഉണ്ടാക്കുവാന്‍.
☑ ഇതിൻറെ കൂടെ കിരിയാത്ത് (നിലവേമ്പ്) ചേർത്താൽ പകർച്ചപ്പനികൾക്കും പ്രമേഹജ്വരങ്ങൾക്കും അത്യുത്തമമാണ്. പ്രത്യേകിച്ച് Glucose Tolerence നഷ്ടപ്പെട്ട വൈകല്യത്തിൽ ഉത്തമമാണ്.നമ്മളിലെ ഗ്ലുക്കോസ് സൂക്ഷിച്ചു വെക്കുന്നത് ലിവറാണ് , അതു സൂക്ഷിക്കാനുള്ള കഴിവ് ലിവറിനു കുറഞ്ഞാൽ ആദ്യം വര്‍ദ്ധിക്കുന്നത് ഈ ചൂടാണ്. രണ്ടാമതാണ് തല ചുറ്റുന്നക്കെ. ഉടനെ പഞ്ചസാരയുമൊക്കെ കഴിക്കണം. കുറഞ്ഞു പോയാൽ ചിലർക്ക് ക്ഷീണം വരും, ആഹാരം സമയത്തു ചെന്നില്ലേൽ. കിരിയാത്ത് ചെന്നാലുടനെ അതു കരളിനെ ത്വരിപ്പിക്കും. കിരിയാത്ത് മാത്രം കഴിച്ചാൽ പോലും അതിനെ ത്വരിപ്പിക്കും. അതുകൊണ്ട് കിരിയാത്ത് കരള്‍ രോഗങ്ങളില്‍ പ്രധാനമാണ്. ഇതൊക്കെയാണ് ആ അമ്മമാർ നേരത്തെ കണ്ടത്തിയത്.
☑ കിരിയാത്ത് ചേര്‍ക്കുമ്പോള്‍ ഓരോ ദ്രവ്യവും 15 ഗ്രാം വീതം എടുത്തു വേണം കഷായം ഉണ്ടാക്കേണ്ടത്.
☑ നാലും ചേര്‍ന്ന ഈ കഷായം ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ പോലെയുള്ള പനികളില്‍ അതീവഫലപ്രദമാണ്. പനി മാറും എന്നത് പല തവണ അനുഭവമുള്ളതാണ്.
☑ വൈറസ് ഉണ്ടാക്കുന്ന പനികളില്‍ ചെറുകടലാടി, നീലയമരി, പെരിങ്ങലം മുതലായ കൃമിഘ്ന ഔഷധികളുടെ സ്വരസം കഴിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും.
♥നിര്‍മ്മലാനന്ദം♥
വിഴാലരിക്കാമ്പ് തേനിലരച്ച് കവിൾകൊണ്ടാൽ പനി പോകും. വായിൽ കവിൾകൊണ്ടാൽ മതി. വിഴാലരി കുത്തുമ്പോൾ അതിനകത്തൊരു കാമ്പുണ്ട്. അത് തേനിലരച്ച് കവിൾകൊണ്ടിരുന്നാൽ മതി. കുറച്ച് ഉമിനീര് ഇതുമായി കലര്‍ന്ന് അകത്തേക്ക് പോകുമ്പോൾ പനി മാറും. വേറെ മരുന്ന് കഴിക്കണ്ടാ. പക്ഷേ ഇത് ഉള്ളില്‍ പോകുന്നതിന്റെ ഫലമായി വയർ ചെറുതായൊന്ന് അയഞ്ഞുപോകും.
വളരെ വിശേഷവിധിയായ ഒരു മരുന്നാണ്. ഇതൊക്കെ അതീവ രഹസ്യം എന്നാണ് അമ്മമാർ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ വീട്ടിൽ ചെന്ന് ഉറക്കെ പറയരുത്. ഇത്ര അതീവ രഹസ്യമായതൊക്കെ ഇങ്ങനെ പറയാമോ എന്നൊക്കെ ആരും ചോദിക്കും. അതീവ രഹസ്യം എന്നാല്‍ അത്യുത്തമം എന്ന് അര്‍ത്ഥം എടുത്താല്‍ മതി.
വയറ്റില്‍ കൃമിശല്യം ഉണ്ടായാല്‍ അതിനും വിഴാലരി നല്ലതാണ്
♥ നിര്‍മ്മലാനന്ദം ♥
കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്.
ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച
ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച
ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ
പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ
(ഭാവപ്രകാശം)
ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ
കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ
ഇതി ദശേമാനി കാസഹരാണി ഭവന്തി |
ശടീ പുഷ്കരമൂലാമ്ളവേതസൈലാഹിംഗ്വഗുരൂ
സുരസാ താമലകീ ജീവന്തീ ചണ്ഡാ
ഇതി ദശേമാനി ശ്വാസഹരാണി ഭവന്തി |
(ചരകം)
കീഴാര്‍നെല്ലിയ്ക്ക് ഭൂമ്യാമലകികാ, ശിവാ, താമലകീ, ബഹുപത്രാ, ബഹുഫലാ, ബഹുവീര്യാ, അജടാ, ഭൂധാത്രീ ഇങ്ങനെ പേരുകള്‍. സസ്യശാസ്ത്രനാമം Phyllanthus Niruri.
തിക്ത-കഷായ-മധുര രസം. ശീത വീര്യം.
വാതത്തെ വര്‍ദ്ധിപ്പിക്കും. കാസം, തണ്ണീര്‍ദാഹം, രക്തദോഷം, കഫം, പാണ്ഡുരോഗം (അനീമിയ), ക്ഷതം എന്നിവയെ ശമിപ്പിക്കും.
കാസശ്വാസഹരവും, മൂത്രത്തെ വര്‍ദ്ധിപ്പിക്കുന്നതും, ദാഹത്തെ ശമിപ്പിക്കുന്നതും, ശോഫഹരവും, വ്രണത്തെ ഉണക്കുന്നതും, ജ്വരഹരവും ആകുന്നു. പഞ്ചാംഗകഷായം മലേറിയയെ ശമിപ്പിക്കും.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി.
പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും.
വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും.
മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
കീഴാര്‍നെല്ലി സമൂലം പറിച്ച് ഉണക്കി പൊടിച്ചു ചൂര്‍ണ്ണമാക്കി, കഞ്ഞിവെള്ളത്തില്‍ ചാലിച്ച് മുറിവുകളിലും വ്രണങ്ങളിലും വെച്ചുകെട്ടിയാല്‍ മുറിവുകളും വ്രണങ്ങളും ശമിക്കും.
കീഴാര്‍നെല്ലിയുടെ ഇലയും കരയാമ്പൂവും മുലപ്പാലില്‍ അരച്ച് നെറ്റിയില്‍ ലേപനം ചെയ്താല്‍ ശക്തമായ തലവേദനയും ശമിക്കും.
കീഴാര്‍നെല്ലി പാലില്‍ അരച്ചു തലയില്‍ നിത്യം പൊതിഞ്ഞാല്‍ തലയില്‍ രോമവളര്ച്ചയില്ലാത്തവരില് രോമവളര്‍ച്ച ഉണ്ടാകും എന്ന് ഒരു യൂനാനി പ്രയോഗം ഉണ്ട്.
കീഴാര്‍നെല്ലി അരച്ച് മോരില്‍ (തക്രം) സേവിച്ചാല്‍ സാധാരണ ഛര്‍ദ്ദി നില്ക്കും. കൃമിബാധയുള്ളവര് സേവിച്ചാല്‍ കൃമികള്‍ നശിക്കും.
കീഴാര്‍നെല്ലി സമൂലം പറിച്ചെടുത്ത് അരച്ചു മോരില്‍ സേവിച്ചാല്‍ പഴകിയ ആമാതിസാരവും രക്താതിസാരവും ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.
@anthavasi
“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.
സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി
കുലം – കാരസ്കരകുലം
സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും ഉള്ളതാണ്.
കാഞ്ഞിരം ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരുവ് ഉള്ളതാണ്. കാഞ്ഞിരം ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ആധുനികവൈദ്യശാസ്ത്രത്തിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന്റെ വേര്, തൊലി, ഇല, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ഈ ഔഷധസസ്യം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഇത് ഉത്തമ ഔഷധമാണ്. കാഞ്ഞിരം വിഷസസ്യമാണ്. അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍.
കാഞ്ഞിരം ശുദ്ധി ചെയ്യാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്.
കാഞ്ഞിരം ആമവാതഹരമാണ് (Arthritis). ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന്റെ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതല്‍ അര്ശോരോഗത്തില് നല്ലതാണ്. ജ്വരത്തിലും വിശേഷം. ഗ്രഹണിചികിത്സയിലും ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന് ഒരുതരം മത്തുണ്ട്. ഈ ഗുണം കാരണം പഴയ തലമുറയിലെ വൈദ്യവിശാരദന്മാര് കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമായി ഉപയോഗിച്ചിരുന്നു. കല്പ്പസേവയെന്ന നിലയില്‍ കാഞ്ഞിരക്കുരു വളരെ ചെറിയ മാത്രയില്‍ തുടങ്ങി ഒരു കുരു മുഴവന്‍ വരെ വെറ്റില ചേര്‍ത്തരച്ചു സേവിക്കുന്നതാണ് ആ പ്രയോഗം.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരക്കുരു നല്ലതാണ്. ഗ്രഹണിയിലും കുരു ഉപയോഗിക്കാറുണ്ട്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കലുടെ അയവ്, എന്നിവയില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമം. കാഞ്ഞിരക്കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ, കാരസ്കരതൈലം, അതിവിശിഷ്ടമായ ഔഷധമാണ്. ആമവാതത്തിലും ടെന്നീസ് എല്‍ബോ എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമായ ഔഷധമാണ് ഈ എണ്ണ. കൂടാതെ, മലബന്ധം, ഗുദഭ്രംശം, ശുക്ളസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും പ്രയോജനകാരമാണ്.
കാഞ്ഞിരത്തിന്റെ മൂത്ത മരം തുരന്ന്, ഉണക്കമുന്തിരിങ്ങയും കല്‍ക്കണ്ടവും നിറച്ച്, മരത്തിന്റെ ദ്വാരം കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് കൊണ്ട് അടച്ച്, ചെറിയ അളവില്‍ വര്ദ്ധമാനയോഗത്തില് ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതു കൊണ്ട് സകലരോഗങ്ങളും മാറുമെന്ന് ഉപദേശരഹസ്യം.
ചെമ്പുകാശ് ഗോമൂത്രത്തില്‍ തൊണ്ണൂറ് ദിവസം ഇട്ടുവെച്ച് എടുക്കുക. ഒരു കോല് നീളത്തില്‍ അരക്കോല്‍ വണ്ണം ഉള്ള കാഞ്ഞിരത്തിന്റെ തടി കൊണ്ടുവന്ന്, തുളച്ച്, ശുദ്ധിചെയ്ത കാശ് അതിന്റെ ഉള്ളില്‍ വെച്ച്, കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് മേടിയടച്ച ശേഷം ആ തടി ദഹിപ്പിക്കുക. ചെമ്പ് വെളുത്ത നിറമുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണ്. അനുപാതം മാറ്റി പ്രയോഗിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഇല്ല. ജരാനരകള്‍ പോകും. യൌവ്വനം തിരിച്ചു വരും. ഏറ്റവും വലിയ സാരോപദേശമായി ആയുര്‍വേദം അറിഞ്ഞവര്‍ ഇതിനെ കരുതുന്നു. ഇത് കഴിക്കുമ്പോള്‍ ഉപ്പും പുളിയും അല്‍പ്പം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങാ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിന് നെയ്യ്, പാല്, പഞ്ചസാര – ഇവ നന്നായി ഉപയോഗിക്കാം.
മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി നല്ലെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണയെ ആഗിരണം ചെയ്തു കഴിഞ്ഞാല്‍ ആ മരം ഇല പൊഴിക്കും. ഒരു വിദേശവസ്തു തന്റെ ശരീരത്തില്‍ കയറി. അതും ചേര്‍ത്ത് മരത്തിന്റെ അടുക്കളയായ ഇലയില്‍ പാകപ്പെടുത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടം അറിഞ്ഞാണ് ആ മരം ഇല പൊഴിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ വലിച്ചു കയറ്റിയ എണ്ണയെ വിസര്‍ജ്ജിക്കുന്നു. കുപ്പിയില്‍ തിരികെ കിട്ടുന്ന ആ എണ്ണയുടെ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കും. സകല വൈറസ് ബാധകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഔഷധമാണ് ഈ എണ്ണ. പേവിഷബാധ(Rabies)യില്‍ പ്രത്യേകിച്ച് ഫലപ്രദമാണ് ഈ ഔഷധം. പേയിളകിയാല്‍ ഈ ഔഷധം അര ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മാറുന്നു എന്നത് രഹസ്യചികിത്സയില് പെട്ടതാണ്.
കാഞ്ഞിരത്തിന്റെ മരം തുളച്ച് വാളന്‍പുളി വെച്ച് തൊണ്ണൂറു ദിവസം കഴിഞ്ഞ് എടുത്താല്‍ അവീനു പകരം, അവീന്റെ സ്വഭാവങ്ങള്‍ ഇല്ലാതെ അവീന്‍ വേണ്ട യോഗങ്ങളില്‍ പരിചയസമ്പന്നരായ ഭിഷഗ്വരന്മാര് ഉപയോഗിക്കാറുണ്ട്.
ഹോമിയോപ്പതിയിൽ ഇത് Nux-v (Nux Vomica) എന്ന പേരില്‍ ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു.
മേല്‍പ്പറഞ്ഞത് ഓര്‍ക്കുക. കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഔഷധപ്രയോഗങ്ങള്‍ കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.
[പൈൽസ് ¦ മാനസികരോഗം ¦ തലവേദന ¦ ആസ്തമ ¦ കഫക്കെട്ട് ¦ പേവിഷബാധ ¦ മലബന്ധം ¦ ഗുദഭ്രംശം ¦ ശുക്ളസ്രാവം ¦ ജ്വരം ¦ അപസ്മാരം ¦ പ്രമേഹം ¦ പാണ്ഡുത ¦ മഞ്ഞപ്പിത്തം ¦ ടെന്നീസ് എല്‍ബോ ¦ ആമവാതം ¦ ഗ്രഹണി ¦ രക്തന്യൂനമര്ദ്ദം ¦ കാമോദ്ദീപനം]
സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് സംസ്കൃതഭാഷയില്‍ വിവക്ഷിക്കുന്ന സസ്യമാണ് ആര്യവേപ്പ്. ഇത് കൂടാതെ മഹാനിംബ, കൃഷ്ണനിംബ എന്ന് വേറെ രണ്ടു തരം വേപ്പുകളെക്കുറിച്ച് അഭിധാനമജ്ഞരി പ്രതിപാദിക്കുന്നുണ്ട്. മലയാളത്തില്‍ യഥാക്രമം ഇവ മലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു.
വേപ്പിന്റെ ഗുണങ്ങളെക്കുറിച്ച് “ഗുണപാഠം” ഇപ്രകാരം പറയുന്നു:
“വേപ്പിന്റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത്
കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം
അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം
ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം
വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം”
വേപ്പിന്റെ പൊതുവെയുള്ള ഗുണാഗുണങ്ങളെക്കുറിച്ച് ഭാവപ്രകാശം പറയുന്നതിങ്ങനെ:
“നിംബ: ശീതോ ലഘു: ഗ്രാഹീ കടുപാക: അഗ്നി വാതനുത്
അഹൃദ്യ: ശ്രമ തൃട് കാസ ജ്വര അരുചി കൃമിപ്രണുത്
വ്രണ പിത്ത കഫ ച്ഛര്‍ദ്ദി കുഷ്ഠ ഹൃല്ലാസ മേഹ നുത്”
ശീതം ¦ ശരീരത്തെ തണുപ്പിക്കുന്നത്
ലഘു ¦ വളരെ പെട്ടന്ന് ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നത്
ഗ്രാഹി ¦ ഈര്‍പ്പം വലിച്ചെടുത്ത് ഉണക്കുന്നത്
അഹൃദ്യം ¦ ഹൃദയത്തിന് അത്ര നല്ലതല്ലാത്തത്
ശ്രമഹരം ¦ ക്ഷീണം അകറ്റുന്നത്
തൃട്ഹരം ¦ ദാഹം അകറ്റുന്നത്
കാസഹരം ¦ ചുമ ശമിപ്പിക്കുന്നത്
ജ്വരഹരം ¦ ജ്വരത്തില്‍ ഉപയോഗ്യം
അരുചിഹരം ¦ അരുചി – Anorexia – ശമിപ്പിക്കുന്നത്
കൃമിഹരം ¦ വിരകള്‍, കൃമികള്‍ ഇവയെ ശമിപ്പിക്കുന്നത്
വ്രണഹരം | മുറിവുകളെ ഉണക്കുന്നത്
പിത്ത കഫഹരം ¦ പിത്ത കഫങ്ങളെ സമീകരിക്കുന്നത്
ചര്‍ദ്ദി ഹൃല്ലാസ ഹരം ¦ ചര്‍ദ്ദിയും മനംപുരട്ടലും ശമിപ്പിക്കുന്നത്
കുഷ്ഠഹരം ¦ ത്വക്-രോഗങ്ങളില്‍ ഉപയോഗ്യം
മേഹനുതം ¦ പ്രമേഹത്തിലും മൂത്രാശയരോഗങ്ങളിലും ഉപയോഗ്യം
[രസാദിഗുണങ്ങള്‍]
രസം : തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
[കൂടുതല്‍ ആധികാരികമായ പരാമര്‍ശങ്ങള്‍ : https://urmponline.wordpress.com/2017/02/09/ref-azadirachta-indica/ ]
കേട്ടും വായിച്ചും അറിഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍:
[തണ്ട്]
1] വേപ്പിന്റെ തണ്ട് പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പതിവ് ഇന്ത്യയില്‍ പല ഭാഗത്തും ഉണ്ടായിരുന്നു. വായ്നാറ്റം അകറ്റാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഇത്. വ്യാവസായികമായി വിപണനം ചെയ്യപ്പെടുന്ന പല ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി ഉത്പന്നങ്ങളില്‍ വേപ്പ് ഒരു പ്രധാനഘടകമാണ്.
[ഇല]
വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് “ഭാവപ്രകാശം” ഇങ്ങനെ പറയുന്നു:
“നിംബപത്രം സ്മൃതം നേത്ര്യം കൃമിപിത്തവിഷപ്രണുത്
വാതളം കടുപാകം ച സര്വ്വാരോചകകുഷ്ഠനുത്”
വേപ്പില കണ്ണുകള്‍ക്ക് നന്ന്, അണുബാധ ഒഴിയാന്‍ സഹായിക്കുന്നു. കൃമികളെയും അദൃശ്യങ്ങങ്ങളായ അണുകങ്ങളെയും നശിപ്പിക്കുന്നു. പിത്തത്തെ സമീകരിക്കുന്നു. പ്രകൃത്യാ വിഷത്തെ നിര്‍വ്വീര്യമാക്കുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുന്നു. ത്വക്-രോഗങ്ങളെയും വിശപ്പില്ലായ്മയെയും ശമിപ്പിക്കുന്നു.
വേപ്പിന്റെ ഇലകള്‍ അന്തരീക്ഷമലിനീകരണത്തെ തടയുന്നു.
2] ഏഴ് ആര്യവേപ്പിലയോടൊപ്പം, ഏഴ് കൊത്തമല്ലിയും ഒരു ചെറിയ കഷണം പച്ചമഞ്ഞളും അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.
3] വേപ്പിലനീര് കഴിച്ചാല്‍ കാമില (മഞ്ഞപ്പിത്തം) ശമിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി – മൂന്നിലും വേപ്പിലയുടെ സ്വരസം ഗുണം ചെയ്യും.
4] വേപ്പിലനീര് അരച്ചു നിത്യം സേവിക്കുന്ന പതിവ് വനവാസികളായ താപസരുടെ ഇടയില്‍ ഉണ്ടായിരുന്നു. “നിംബകല്പ്പം” സേവിക്കുന്നതു വഴി തേളിന്റെയും പാമ്പിന്റെയും വിഷം ബാധിക്കില്ല.
5] വിഷജന്തുക്കലുടെ ദംശനം ഏറ്റാല്‍ വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു കടിവായില് പുരട്ടിയാല്‍ വിഷം ശമിക്കും. ഈ ലേപം ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്-രോഗങ്ങളിലും ഫലപ്രദമാണ്.
6] ആര്യവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുരുട്ടി വെറും വയറ്റില്‍ കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള മിക്ക ത്വക്-രോഗങ്ങള്‍ക്കും ശമനമേകും.
7] തീപ്പൊള്ളല്‍ ഏറ്റാല്‍ വേപ്പില നന്നായി അരച്ചു പുരട്ടുന്നത് ശമനത്തിനു നല്ലതാണ്.
8] വേപ്പിലയുടെ സ്വരസം (10 മില്ലി വരെ) സമം തേന്‍ ചേര്‍ത്ത് മൂന്നുനാലു ദിവസം രാവിലെയും വൈകിട്ടും കഴിച്ചാല്‍ വയറ്റിലെ കൃമിബാധ ശമിക്കും. കാമിലയിലും ഈ പ്രയോഗം ഫലപ്രദം. മലവേപ്പും ആര്യവേപ്പും ഒരുപോലെ ഗുണപ്രദം.
9] വസൂരി ഇന്ന് അന്യമാണ്. വസൂരി ബാധിച്ചാല്‍ വേപ്പിന്റെ ഇല അരച്ചു പുരട്ടുന്നത് ഫലപ്രദം. ആതുരനെ വേപ്പില വിരിച്ച കിടക്കയില്‍ കിടത്തുകയും, വേപ്പില കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശുകയും ചെയ്യുന്നത് നന്ന്. ചിക്കന്‍പോക്സ് പോലെയുള്ള രോഗങ്ങള്‍ക്ക് ഈ പ്രയോഗം കൊണ്ട് ശമനം കിട്ടും.
10] വേപ്പില, പടവലം, എള്ള്, നെല്ലിക്ക – ഇവയുടെ കഷായം നിത്യം കണ്ണില്‍ ഒഴിക്കുന്നത് തിമിരം വളരാതിരിക്കാന്‍ നന്ന്.
11] ത്വക്-രോഗങ്ങളില്‍ വേപ്പിലയും പച്ചമഞ്ഞളും ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടി കുളിക്കുന്നത് അത്യന്തം ഫലപ്രദമാണ്. പല ത്വക്-രോഗങ്ങളും ഈ പ്രയോഗം ഒന്നുകൊണ്ടു മാത്രം ശമിക്കും.
12] വേപ്പില, കര്‍പ്പൂരം, കായം, ശര്‍ക്കര – നാലും സമം ചേര്‍ത്ത് ഉണ്ടാക്കിയ ഗുളിക നിത്യം അത്താഴശേഷം കഴിക്കുന്നത് സാംക്രമികരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായകമാണ്.
13] വേപ്പിലക്കഷായം ചര്‍മ്മരോഗങ്ങളിലും വ്രണങ്ങളിലും കഴുകുവാന്‍ ഉത്തമമാണ്.
14] വേപ്പില അരച്ചു കഴിക്കുന്നത് പ്രമേഹശമനത്തിന് നന്ന്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്യവേപ്പിന്റെ 11 ഇലകള്‍ അര്‍ദ്ധരാത്രിയില്‍ പറിച്ച്, 108 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായി മാറും എന്നത് ഉപദേശരഹസ്യം.
[കുരുവും എണ്ണയും]
വേപ്പിന്റെ കായയുടെ ഗുണങ്ങളെ ഭാവപ്രകാശം ഇങ്ങനെ പ്രകാശിപ്പിക്കുന്നു.
“നൈംബം ഫലം രസേ തിക്തം പാകേ തു കടു ഭേദനം
സ്നിഗ്ധം ലഘൂഷ്ണം കുഷ്ഠഘ്നം ഗുല്മാര്ശ കൃമിമേഹനത്”
വേപ്പിന്ഫലം ഗുല്മം, അര്‍ശസ്, കൃമിബാധ, പ്രമേഹം എന്നീ അവസ്ഥകളെ ശമിപ്പിക്കുന്നുവെന്ന് ഭാവപ്രകാശം. വിരേചകമാണ്, ആകയാല്‍ മലബന്ധത്തില്‍ ഫലപ്രദം.
15] വേപ്പിന്‍കുരു പൊടിച്ചു തലയില്‍ പുരട്ടിയാല്‍ താരന്, ഈര്, പേന്‍ – മൂന്നും ശമിക്കും.
16] വേപ്പിന്‍കുരു കഞ്ഞുണ്ണിനീരിലും, വേങ്ങാക്കാതല്ക്കഷായത്തിലും ഏഴു തവണ ഭാവന ചെയ്ത്, എണ്ണയെടുത്ത് നിത്യം നസ്യം ചെയ്യുകയും, പാല് ചേര്‍ത്ത് ചോറ് കഴിക്കുകയും ചെയ്താല്‍ നരച്ച രോമങ്ങള്‍ കറുക്കും, മുടി കിളിര്‍ക്കും.
17] വേപ്പിന്‍കുരു വറുത്തു പൊടിച്ച്, തുരിശ് ചേര്‍ത്തരച്ചു മലദ്വാരത്തില്‍ പുരട്ടിയാല്‍ അര്ശാങ്കുരങ്ങള് ശമിക്കും.
18] വേപ്പിന്‍കുരുവില്‍ നിന്നെടുക്കുന്ന എണ്ണ – വേപ്പെണ്ണ – പുരട്ടി പോക്കുവെയില്‍ കൊള്ളിക്കുന്നത് ബാലകര്‍ക്ക് ആരോഗ്യമുണ്ടാകാന്‍ സഹായകമാണ്.
19] മുറിവുണ്ടായാല്‍ ഉടനെ വേപ്പെണ്ണ പുരട്ടുന്നത് ടെറ്റനസ് ബാധ തടയും.
20] വ്രണങ്ങളില്‍ വേപ്പെണ്ണ പുരട്ടിയാല്‍ അവ വടു ഇല്ലാതെ ഉണങ്ങും.
21] സകല ത്വക്-രോഗങ്ങളിലും വേപ്പെണ്ണ ഉള്ളില്‍ കഴിക്കുന്നത് ശമനദായകമാണ്. അഞ്ചു തുള്ളി വരെ പാലില്‍ കഴിക്കാം. സോറിയാസിസ് ബാധയില്‍ ഫലപ്രദമാണെന്ന് വൈദ്യമതം.
22] പ്രമേഹത്തില്‍ വേപ്പെണ്ണ അഞ്ചു തുള്ളി വരെ പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അതീവഫലപ്രദമാണ്.
23] വ്യാവസായികമായി ജൈവകീടനാശിനികളും, ഔഷധസോപ്പുകളും നിര്‍മ്മിക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കപ്പെടുന്നു.
24] തെങ്ങിന് ഉണ്ടാകുന്ന മണ്ഡരിബാധ ശമിപ്പിക്കാനുള്ള കഴിവ് വേപ്പെണ്ണയ്ക്ക് ഉണ്ട്.
[തൊലി ¦ പട്ട]
25] വേപ്പിന്റെ തൊലി കഷായം വെച്ച് അതില്‍ ചേര്‍ക്കുരു ശുദ്ധി ചൂര്‍ണ്ണം മേല്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രക്താര്‍ബുദത്തെ ശമിപ്പിക്കും എന്ന് അനുഭവസാക്ഷ്യം.
26] വേപ്പിന്റെ തോലും വാല്‍മുളകും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ സന്ധിവാതം മൂലമുള്ള വേദനയും നീരും ഉടനടി ശമിക്കും.
[പലവക]
27] വേപ്പിന്റെ ചിനപ്പ് ¦ തളിര് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അതീവഫലപ്രദമാണ്. ബ്രോങ്കൈറ്റിസ്, കാസം എന്നിവയില്‍ വേപ്പിന്റെ തളിര് കഷായം വെച്ച് കഴിച്ചാല്‍ ശമിക്കും.
28] വേപ്പിന്റെ പൂക്കള്‍ കണ്ണുകള്‍ക്ക് നല്ലതാണ്.
29] രക്തസ്രാവമുള്ള അവസ്ഥകളില്‍ വേപ്പ് ഫലപ്രദമാണ് (രക്തപിത്തനുത്)
[ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍]
30] വേപ്പിന് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ കഴിവുള്ളതു കൊണ്ട് ഉപവാസസമയങ്ങളില് വേപ്പ് കഴിക്കുന്നത് ശ്രദ്ധിച്ചു വേണം.
31] പ്രമേഹരോഗികള്‍ വേപ്പ് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം വേണം. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കെണ്ടതും അത്യാവശ്യം.
32] കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വൈദ്യനിര്‍ദ്ദേശമനുസരിച്ച് മാത്രം വേപ്പ് ഉപയോഗിക്കണം.
33] വേപ്പെണ്ണ കണ്ണില്‍ വീണാല്‍ നീറ്റല്‍ ഉണ്ടാകാം, ആകയാല്‍ തലയില്‍ പുരട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം.
34] അമിതമായി ഉപയോഗിക്കരുത്. ഹൃദയത്തിന് അത്ര നല്ലതല്ല.
[കുറിപ്പ്]
ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല. സ്വയം ചികിത്സ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക. കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശാനുസാരം മാത്രം ഔഷധങ്ങള്‍ കഴിക്കുക.
ആരാണ് വൈദ്യന് എന്നറിഞ്ഞ് ചികിത്സ തേടുക. വായിക്കുക : https://anthavasi.wordpress.com/2016/04/04/who-is-vaidya/
ഒരു പിടി കൃഷ്ണതുളസിയിലയും ഒരു പിടി കരിനൊച്ചിയിലയും ഒരുമിച്ചെടുത്ത് ചെറുതായി അരിഞ്ഞ് ഇരുപത്തിയഞ്ച് കുരുമുളക് ചതച്ചതും ചേർത്ത് ഇടങ്ങഴി (1200 മി.ലി.) വെള്ളത്തിൽ വെന്ത് നാഴിയളവാക്കി (300 മി.ലി.) വറ്റിച്ച് പിഴിഞ്ഞ് അരിച്ച് അതിൽ കല്ലുപ്പ് ചേർത്ത് ചെറുചൂടോടെ കുടിക്കുക. മാരകമായ പനികൾ വരെ ശമിക്കും.
അറിവിന് കടപ്പാട് : ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍