
ആയുര്വേദാചാര്യന്മാര് വാതരക്തമെന്ന (അസൃഗ്-വാതം) പേരില്‍ പരിചയപ്പെടുത്തിയ അവസ്ഥയുമായി വളരെയധികം സാമ്യതയുള്ള ഒരു അവസ്ഥാവിശേഷമാണ് ഗൌട്ട് (Gout) അഥവാ ഗൌട്ടി അര്‍ത്രൈറ്റിസ് (Gouty Arthiritis). വാതത്തിന്റെ അസന്തുലിതാവസ്ഥ, രക്തം ദുഷിക്കല്‍ എന്നിവ മൂലം സംജാതമാകുന്ന ഒരു അവസ്ഥയാണ് വാതരക്തം. ശരീരദ്രവങ്ങളില്‍ യൂറിക് ആസിഡ് (Uric Acid) കൂടുന്നതു മൂലം ഈ അവസ്ഥ ഉണ്ടാകാം.
ശരീരത്തില്‍ യൂറിക്ക് ആസിഡിന്റെ ആധിക്യം, ഗൌട്ട് എന്നീ രണ്ടു പ്രശ്നങ്ങളിലും ചിറ്റമൃത് നല്ലതാണ്.
ഗുഡുച്യാഃ സ്വരസം ചൂര്‍ണ്ണം കല്ക്കം ക്വാഥമേവ വ
പീത്വാ ക്വാഥം അസൃഗ്-വാതം ക്രമാത് സര്‍വ്വാംഗം ജയേത് (ഭൈഷജ്യ രത്നാവലി)
ചിറ്റമൃത് കഷായം വെച്ചു കഴിക്കുന്നത് അതീവഫലപ്രദം. കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഉണങ്ങിയ അമൃതവള്ളിയോ ചൂര്‍ണ്ണമോ പറിച്ചെടുത്ത ചിറ്റമൃതോ ഉപയോഗിക്കാം. 60 ഗ്രാം ചിറ്റമൃത് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സാക്കി വറ്റിച്ച്, തണുത്ത്, പിഴിഞ്ഞരിച്ച്, അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കാം. കഷായം ദിവസവും ഉണ്ടാക്കി വേണം ഉപയോഗിക്കേണ്ടത്. ചിറ്റമൃതിന്റെ സ്വരസവും (ചതച്ചു പിഴിഞ്ഞെടുത്ത നീര്) ഫലപ്രദമാണ്.
ചിറ്റമൃത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതിനാല്‍ പ്രമേഹത്തിലും ഗുണം ചെയ്യും. ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ ചിറ്റമൃത് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു വേണം.
ചിറ്റമൃത്, ചുക്ക്, യഷ്ടിമധു, കടുകുരോഹിണി ഇവ നാലും നല്ല ശീലപ്പൊടിയായി പൊടിച്ചു വെച്ച്, ആവശ്യാനുസരണം സമയോഗത്തില്‍ കലര്‍ത്തിയെടുത്ത ചൂര്‍ണ്ണം രണ്ടു ഗ്രാം എടുത്ത് ആവശ്യത്തിനു തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ കുറച്ചു നാളുകള്‍ കൊണ്ട് യൂറിക് ആസിഡ്, ഗൌട്ട് എന്നിവ ശമിക്കും. നാലും ചൂര്‍ണ്ണമായി വാങ്ങാനും കിട്ടും.
രക്തത്തിലെ യൂറിക്ക് ആസിഡ് കുറയാനും ഗൌട്ട് മാറാനും പച്ചപപ്പായയുടെ തൊലി ചീന്തിയെടുത്തതിട്ട് വെള്ളം തിളപ്പിച്ചു നിത്യം കുടിച്ചാല്‍ മതിയെന്ന് ഗൃഹവൈദ്യം.
കൊഴിഞ്ഞിലിന്റെ നീരും ഗൌട്ടിനു ഫലപ്രദമായ ഒരു ഔഷധമാണ്.
വേദനയോടെ ഗൌട്ട് വീക്കം ഉണ്ടായാല്‍ ദശമൂലം ഇട്ടു വെന്ത പാല് ചെറുചൂടോടെ വീക്കമുള്ള സന്ധികളില്‍ ധാര കോരുന്നത് വേദന ശമിക്കാന്‍ സഹായിക്കും.
രോഗശമനം സാധ്യമാകാന്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ആഹാരം അങ്ങേയറ്റം ശ്രദ്ധിക്കണം.
“Purines” കൂടുതലായി അടങ്ങിയ മത്സ്യമാംസാദികള്‍, മദ്യം, കൂണ്, വറുത്ത പയര്‍വിത്തുകള്‍, ഉഴുന്ന്, മുള്ളങ്കി, തൈര്, കരിമ്പ് തുടങ്ങിയ ആഹാരസാധനങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. Purines ശരീരത്തില്‍ വെച്ച് യൂറിക്ക് ആസിഡ് ആയി മാറ്റപ്പെടുന്നു എന്നതാണ് ഇതിനു കാരണം. പകലുറക്കം, നേരിട്ടുള്ള വെയില് ഇവ കുറയ്ക്കുന്നത് നല്ലതാണ്. അരി, ഗോതമ്പ്, പശു, എരുമ എന്നിവയുടെ പാല്, നെല്ലിക്ക, പാവയ്ക്ക, ലോക്കി, ഉണക്കമുന്തിരിങ്ങ തുടങ്ങിയവ കഴിക്കാം. Purines കുറവുള്ള ആഹാരസാധനങ്ങള്‍ കഴിക്കാം.
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത്രയുമൊക്കെ ധാരാളം. ബാക്കി കൃതഹസ്തരായ ഭിഷഗ്വരന്മാരോടു ചോദിച്ചു മനസ്സിലാക്കുക.
ANTHAVASI