തെങ്ങിൻകള്ള് | TODDY

Image may contain: foodദാഹത്തിനും ക്ഷീണത്തിനും മാത്രമല്ല അനേകം രോഗാവസ്ഥകളിലും ഉപയോഗിക്കാവുന്ന ഒരു വിശേഷ പാനീയമായി ഇളനീരിനെ നാം വിശേഷിപ്പിക്കാറുണ്ട്. തേങ്ങാവെള്ളത്തിന്റെയും തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയുമൊക്കെ ഗുണഗണങ്ങളും മിക്കവാറും എല്ലാവർക്കും തന്നെ അറിയാം. പക്ഷേ തെങ്ങിൽ നിന്നെടുക്കുന്ന “കല്പ മധു ” എന്നറിയപ്പെടുന്ന ഇളം കള്ളിനെ പലരും അവഗണിക്കാറാണ് പതിവ് .

പഴയ തലമുറ കള്ളിനെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും കൂടാതെ രുചികരമായ പല ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും വേണ്ടി ഉപയോഗിച്ചിരുന്നു.
ഉദാഹരണത്തിന് അല്പം മൂത്ത കള്ളിനെ ചൂടുള്ള അടുപ്പിൽ ചുവട്ടിൽ സൂക്ഷിച്ചുവച്ചിരുന്ന് ശുദ്ധമായ തെങ്ങിൻ ചൊറുക്കയായി മാറ്റിയെടുക്കുമായിരുന്നു.
നേർത്ത കള്ളിൽ പച്ചരി ഇട്ട് വേവിച്ച് കരുപ്പെട്ടി അഥവാ തെങ്ങിൻ ചക്കര ചേർത്ത് കുറുക്കി പായസമായി ഉപയോഗിച്ചിരുന്നത് ഉരഃക്ഷതത്തിനും ക്ഷയരോഗത്തിനുമെതിരെയുള്ള മുൻകരുതലായിരുന്നു.
കള്ളുപയോഗിച്ച് എപ്പോഴുമുണ്ടാക്കാൻ എളുപ്പമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കള്ളപ്പവും വട്ടയപ്പവും.
മധുരക്കള്ള് വറ്റിച്ചെടുക്കുന്ന പാനി വളരെ വിശേഷപ്പെട്ട ഒരു മധുര ദ്രവ്യമാണ്.
മത്സ്യമാംസാദികൾ ഉൾപ്പെട്ട ഭക്ഷണത്തിനൊടുവിൽ പാനിയും പഴവും ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു.

വൈറ്റമിൻ ബി കൂടുതലായി അടങ്ങിയിരിക്കുന്ന മധുരക്കള്ള് കുറച്ച് മലർപ്പൊടിയും ചേർത്ത് ഒരൗൺസ് വീതം കുട്ടികൾക്ക് കൊടുക്കുന്നത് മറ്റേതൊരു വൈറ്റമിൻ സിറപ്പിനെക്കാളും നല്ലതാണ്.
ഇത് നല്ലൊരു ദഹനസഹായി കൂടിയാണ്.
അന്തിക്കു കിട്ടുന്ന ശുദ്ധമായ കള്ളിൽ കറുത്ത ഉണക്കമുന്തിരിയിട്ട് ഒരു രാത്രി വച്ചിരുന്ന് രാവിലെ കഴിക്കുന്നത് ധാതു വൃദ്ധിക്കും ശരീരപുഷ്ടിക്കും നിറം വർദ്ധിപ്പിക്കാനും സഹായകമാണ്.
ഇത്രയും പറഞ്ഞത് വീട്ടുവൈദ്യം മാത്രമാണ്.

ഇനി കള്ള് ഉപയോഗിച്ചുള്ള പ്രധാന ചികിത്സയിലേക്ക് കടക്കാം. ആക്സിഡന്റ് മൂലം നട്ടെല്ലുമുറിഞ്ഞ് തളർച്ച ബാധിച്ച കേസുകൾക്ക് ആധുനിക വൈദ്യ ചികിത്സ കുറേ നാൾ ചെയ്ത ശേഷവും മാറ്റം വരാത്ത അവസ്ഥയാണ് കാണുന്നത്.അപകടം സംഭവിച്ച് അധികനാളായില്ലെങ്കിൽ കള്ളിന്റെ മട്ടും മറ്റു മരുന്നുകളും ചേർത്തുള്ള ചികിത്സയിൽ ഫലം സിദ്ധിക്കാറുണ്ട് (അവലംബം:- സ്വാമി നിർമലാനന്ദഗിരി മഹരാജ്). ഹെമറേജ് കേസുകളിൽ ഇനി നടക്കാൻ സാധിക്കില്ല എന്ന് വിധിയെഴുതിയ പലരിലും ഇതേ ചികിത്സ ഔഷധസേവയോടൊപ്പം ചെയ്ത് അനുഭവഗുണം ലഭിച്ചിട്ടുണ്ട്. കൂടാതെ ക്ഷയരോഗം, പഴകിയ ചുമ, അർശ്ശസ് തുടങ്ങിയവയിലും ശുദ്ധമായ കല്പ മധുവും പച്ചമരുന്നുകളും ചേർത്തുള്ള ഔഷധ വിധികളുണ്ട്.

കള്ളുഷാപ്പിൽ നിന്നും കിട്ടുന്ന പലതരം മായങ്ങൾ ചേർത്ത വിഷദ്രാവകമായ കള്ളിനെപ്പറ്റിയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല കള്ള് ചെത്തിയെടുത്താൽ നാലോ അഞ്ചോ മണിക്കൂറുകൾക്കുശേഷം ബോധം മറയ്ക്കുന്ന ലഹരി പാനീയമായി മാറും എന്നുള്ള കാര്യവും ഓർത്തിരിക്കേണ്ടതാണ്.

നീഹാരം

ആരോഗ്യത്തിന് നിദാനമായ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആഹാരവും നീഹാരവും. പ്രപഞ്ചത്തിലെ സർവചരാചരങ്ങളുടെയും പ്രാണനാണ് ജലം. വെള്ളം, വെളിച്ചം, വായു, അന്തരീക്ഷം തുടങ്ങി  പ്രകൃതിയിൽ നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് ജീവജലം തന്നെയാണ്. ആകാശത്ത്  മേഘങ്ങളിൽ നിന്ന് വർഷിക്കപ്പെടുന്ന ജലം  അമൃതിന് സമമാണ്. അത് ത്രിദോഷ ശമനവും , രക്ത പ്രസാദത്തിന് ഉത്തമവും ആണെന്നാണ് ആചാര്യമതം. പക്ഷേ ദുഷിച്ചു കൊണ്ടിരിക്കുന്ന ദേശകാലങ്ങളുടെയും, മലിനമായ അന്തരീക്ഷത്തിന്റെയും സ്ഥിതിയെ ആശ്രയിച്ച് ഇത്  അപത്ഥ്യം ആവുകയും ചെയ്യും.  മഴവെള്ളത്തെ സംബന്ധിച്ചു മാത്രമല്ല ലവണങ്ങളാൽ സമ്പന്നമായിരുന്ന സമുദ്രജലത്തിന്റെയും ഒരുകാലത്ത് മന്ത്രങ്ങളുടെ  അലയൊലികൾ മുഴങ്ങി കേട്ടിരുന്ന പുണ്യ തീർഥങ്ങളിലെ ജലത്തിന്റെയും അവസ്ഥ ഇപ്പോൾ ഇതു തന്നെ.

ചുരുക്കി പറഞ്ഞാൽ പ്രാണന് ഓജസ്സും തേജസ്സും നൽകി ആരോഗ്യം നിലനിർത്തുന്ന ജലം തന്നെയാണ്  പ്രതികൂലസാഹചര്യങ്ങളിൽ രോഗകാരണമായി മാറുന്നതും .

ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം. ജലത്തിന് ഒരു പ്രത്യേകതയുള്ളത് അതിന് നിയതമായ ക്രിസ്റ്റലുകൾ ഇല്ല എന്നതാണ് . അത് കൈകാര്യം ചെയ്യുന്ന ആളിന്റെ മനസ്സിന് അനുസരിച്ചും രീതികളനുസരിച്ചും അതിന്റെ ക്രിസ്റ്റൽ സ്വഭാവത്തിൽ വ്യത്യാസം സംഭവിക്കുന്നു.  ജലത്തിന് സമീപമിരുന്ന് നാദം ഉതിർക്കുമ്പോഴും, ഒരു പുഷ്പം വീഴുമ്പോഴും ഒക്കെ അതിനനുസരിച്ച്  ക്രിസ്റ്റലുകൾക്ക് രൂപമാറ്റമുണ്ടാകുന്നു. അതുകൊണ്ടുതന്നെ ജലം കൈകാര്യം ചെയ്യുന്ന ആളിന്റെ  മനോവിചാരങ്ങളനുസരിച്ച് ഇതിന് ഉത്തമമോ അധമമമോ ആയ പരിണാമം സംഭവിക്കുന്നു.

ഭാരതീയ സംസ്കാരത്തിൽ ശുദ്ധീകരണ പ്രക്രിയയുടെ ആദി സ്രോതസ്സായി ജലത്തെ കണക്കാക്കിയിരിക്കുന്നതും ഈ സ്വഭാവം കൊണ്ടുതന്നെ.

ജപിച്ച് എടുക്കുമ്പോൾ ജലത്തിന് മാറ്റം സംഭവിക്കുന്നതു കൊണ്ടാണ്  ക്ഷേത്രങ്ങളിൽ നൽകിവരുന്ന ശംഖ  തീർത്ഥവും തുളസീ തീർത്ഥവും ഒക്കെ ഔഷധ പ്രഭാവം ഉള്ളതായി മാറുന്നത്. ഇവിടെയാണ്  ആയുർവേദ ഔഷധങ്ങളും മറ്റു പച്ചമരുന്നുകളും കൈകാര്യം ചെയ്യേണ്ടതിന്റെ സൂക്ഷ്മതയെ കുറിച്ച് ഒരാൾ ബോധവാനാകേണ്ടത്. ഔഷധങ്ങളുടെ ഫലസിദ്ധിയുടെ പൂർണത           അന്ധവിശ്വാസജഡിലമായി കരുതാവുന്ന എന്നാൽ തികച്ചും അനുഭവയോഗ്യമായ ഈ അറിവ് തന്നെയാണ്. ഇത്  രോഗികളും  വൈദ്യന്മാരും ഒരേപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.

397 | തേമൽ | ചുണങ്ങ്

തേമൽ (ചുണങ്ങ്) ഉണ്ടായാൽ ശ്രമിച്ചു നോക്കാൻ പറ്റിയ ചില ലളിതമായ പ്രയോഗങ്ങൾ ഇനി കുറിയ്ക്കുന്നു. പ്രയോഗിച്ചു ഫലമുണ്ടായാൽ മറ്റുള്ളവരുമായി അറിവ് പങ്കുവെയ്ക്കുക.

നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് വാഴയില വിരിച്ച് നഗ്നമായി ശയിക്കുക. മൂക്കിന്റെ ദ്വാരം ഒഴിച്ച് ബാക്കി ശരീരഭാഗങ്ങൾ വാഴയില കൊണ്ടു തന്നെ മൂടുക. ശരീരത്തിൽ കാറ്റ് അടിക്കാത്ത വിധം വേണം മൂടേണ്ടത്. അര മണിക്കൂർ ഇപ്രകാരം സൂര്യതാപമേൽക്കുക. ശരീരം നന്നായി വിയർക്കും. നാലോ അഞ്ചോ ദിവസം തുടർച്ചയായി ഇപ്രകാരം സൂര്യതാപമേൽക്കുക. തേമൽ ശമിക്കും (നാട്ടുചികിത്സ)

മറ്റൊരു നാടൻ പ്രയോഗം, വെളുത്തുള്ളിയുടെ രണ്ട് വെറ്റിലയും ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് തേമൽ മൂലം വർണ്ണവ്യത്യാസം ഉണ്ടായ ഭാഗങ്ങളിൽ പുരട്ടുക. കുറച്ചു നാൾ കൊണ്ട് രോഗം മാറും. ഒട്ടു മിക്ക ഫംഗസ് ബാധയിലും ഈ പ്രയോഗം ഫലം ചെയ്യും.

തുളസിയില ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് സമം നാരങ്ങാനീരും ചേർത്ത് മുടങ്ങാതെ കുറച്ചുനാൾ രാവിലെയും വൈകിട്ടും തേമൽ ബാധിച്ച തൊലിപ്പുറത്ത് പുരട്ടിയാൽ തേമൽ മാറുന്നതാണ്.

വന്‍തകര, ആനത്തകര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധച്ചെടിയുണ്ട്. അതിന്റെ ഇല മോരില്‍ അരച്ചു ലേപനം ചെയ്താലും തേമൽ മാറും. ഫംഗസ് മൂലം ഉണ്ടാകുന്ന ഒട്ടുമിക്ക ത്വക്-രോഗങ്ങള്‍ക്കും ആനത്തകര അതീവഫലപ്രദമാണ്. വൻതകരയ്ക്കു പകരം മലയിഞ്ചി മോരില്‍ അരച്ചു ലേപനം ചെയ്താലും രോഗം മാറും.

കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു ലേപനം ചെയ്താലും രോഗശമനമുണ്ടാകും.

മറ്റൊരു കൈകണ്ട പ്രയോഗമാണ് അടുത്തത്. ഒരു ദിവസം പഴകി കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. തേമൽ ശമിക്കാൻ മാത്രമല്ല, താരന്‍ / സോറിയാസിസ് എന്നിവ ശമിക്കാനും ഈ പ്രയോഗം ഉത്തമമാണ്.

ആയുർവേദ ഔഷധങ്ങളിൽ ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. ഒപ്പം മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ് (ഒരു അറിവായി മാത്രം എടുത്താൽ മതി. നല്ല വൈദ്യന്റെ ഉപദേശം ഇല്ലാതെ മരുന്നൊന്നും വാങ്ങിക്കഴിക്കരുത്)

പ്ളാശ് എന്നൊരു മരമുണ്ട്. അതിന്റെ കുരു ചെറുനാരങ്ങാനീരിൽ അരച്ച്, രോഗബാധയുള്ള ഭാഗങ്ങളിൽ പുരട്ടുക. വളരെപ്പെട്ടന്ന് രോഗശമനം ഉണ്ടാകും. ഈ പ്രയോഗം ഹെർപ്പസ് ബാധയിലും ഫലപ്രദമാണ്.

കുറിപ്പ്: ഔഷധപ്രയോഗങ്ങൾ വൈദ്യനിർദ്ദേശമനുസരിച്ചു മാത്രം ചെയ്യുക.

ആരോഗ്യജീവനം | http://www.arogyajeevanam.org

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?
23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

കുറച്ചു വർഷങ്ങൾക്കു മുമ്പു വരെ കേരളത്തിലെ ഒരു വീട്ടിലും കപ്പ തിളപ്പിച്ച് ഊറ്റിയല്ലാതെ ഉപയോഗിക്കാറില്ലായിരുന്നു. വാട്ടിയുണങ്ങിയ കപ്പയല്ലാതെ പച്ചക്കപ്പ വറക്കാൻ എടുക്കാറില്ലായിരുന്നു. “മുട്ടി” ഉള്ള കപ്പ ഉപയോഗിക്കാറില്ലായിരുന്നു.

കച്ചവടത്തിന് വെച്ച മുട്ടിയുള്ള കപ്പ ആരും വാങ്ങാതായപ്പോൾ കച്ചവടക്കാരൻ അത്തരം കപ്പ നേരിട്ട് അരിഞ്ഞ് വറക്കാമെന്ന് ഒരു കണ്ടുപിടിത്തം നടത്തി. അങ്ങനെ “ഫ്രഷ് കപ്പ ചിപ്പ്സ്” യുഗത്തിന് തുടക്കമായി.

മിക്കവാറും ഫ്രഷ് കപ്പ ചിപ്സിൽ ശ്രദ്ധിച്ചു നോക്കിയാൽ നാര് കാണാൻ സാധിക്കും. നാര് വെടിച്ചു നിൽക്കുന്ന കപ്പ ഉപയോഗയോഗ്യമല്ലാത്ത കപ്പയാണ്, പഴമക്കാരന്റെ അറിവിൽ. കന്നുകാലികൾക്ക് കൊടുത്താൽ അവ പോലും പൊതുവെ കഴിക്കില്ല. എം. എ-യും, പി എച്ച് ഡി-യും, പ്രൊഫഷണൽ ഡിഗ്രിയുമൊക്കെ ഉള്ള വിദ്യാസമ്പന്നർ കഴിക്കും.

വെളിച്ചെണ്ണയിൽ വറുക്കുമ്പോൾ കപ്പയുടെ കട്ട് എവിടെപ്പോകും? വാട്ടിയുണക്കി കട്ടു മാറ്റിയിട്ടില്ലല്ലോ വറുക്കുന്നത്! തിളച്ചു മറിയുന്ന എണ്ണയിലേക്ക് നിങ്ങളുടെ കൺമുന്നിൽ വെച്ച് കപ്പ അതിവേഗം അരിഞ്ഞിടുകയാണല്ലോ ചെയ്യുന്നത്. അതു കൊണ്ടല്ലേ “ഫ്രഷ് ചിപ്സ്” എന്ന് വിളിക്കുന്നത്.

പുഴുങ്ങി കഴിക്കുമ്പോൾ തിളപ്പിച്ചൂറ്റി കട്ട് കളഞ്ഞ് കഴിക്കാനൊന്നും അധികമാരും ഇന്ന് മെനക്കെടാറില്ല. അരിഞ്ഞ് പ്രഷർ കുക്കറിൽ ഇട്ട് വിസിലടിപ്പിച്ച് എടുത്തു കഴിക്കുന്നത് എളുപ്പമുള്ള രീതിയാണല്ലോ. അപ്പോഴും കപ്പയുടെ കട്ട് പോകുന്നില്ല.

ട്രോപ്പിക്കൽ കാലാവസ്ഥയിൽ കപ്പയുടെ ഇത്തരത്തിലുള്ള ഉപയോഗങ്ങൾ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗമുണ്ടാക്കാൻ പര്യാപ്തമാണ്. പാൻക്രിയാസിലെ മുഴ. കപ്പയുടെ കട്ടാണ് പലപ്പോഴും അതിന് കാരണം. പിന്നെയത് തള്ളി വരും. കാൻസർ ആകും. ലിവറിലും കുടലിലുമൊക്കെ വ്യാപിക്കും. ഒടുവിൽ മരണം. ഇങ്ങനെ മരണത്തിലോട്ട് പോയ ഒത്തിരിപ്പേരുണ്ട്. കപ്പ വാങ്ങി കഴിക്കുമ്പോൾ കൊത്തിയരിഞ്ഞ് തിളപ്പിച്ച് രണ്ടു വട്ടം ഊറ്റാൻ ഉള്ള മടി കൊണ്ട് ഭീകരമായ രോഗങ്ങൾ ഏറ്റു വാങ്ങിയവർ.

കപ്പ തന്നെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ നല്ലതല്ല. അത് ഉപയോഗിക്കുന്നുവെങ്കിൽ തിളപ്പിച്ചൂറ്റിയേ ഉപയോഗിക്കാവൂ.

കടപ്പാട്: ♥ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്

വാൽക്കഷണം : കപ്പ ശരിയായ രീതിയില്‍ പാചകം ചെയ്തു കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വളരെയേറെ ലേഖനങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടും. കപ്പയില്‍ Cyanogenic Glycosides അടങ്ങിയിട്ടുണ്ട്. ഇവ Toxic ആണ്. രുചിയുടെ അടിസ്ഥാനത്തില്‍ മലയാളികള്‍ “കപ്പയുടെ കട്ട്” എന്നു പറയുന്നു. കട്ട് മാറുന്നതു വരെ തിളപ്പിച്ച്‌ ഊറ്റിയോ, വാട്ടി ഉണക്കിയോ ഒക്കെ ഉപയോഗിക്കുമ്പോള്‍ toxins കുറയുന്നു.

ലളിതമായ ഒരു ലേഖനം ഇവിടെ വായിക്കാം : Cyanide Poisoning and Cassava

http://www.cfs.gov.hk/english/multimedia/multimedia_pub/multimedia_pub_fsf_19_01.html

അക്ഷരക്കഷായം – ഭാഗം 4

ആയുർവേദത്തിലെ പത്തു പാപങ്ങൾ

[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്]

രോഗം ഇല്ലാതിരിക്കണമെങ്കിൽ ആദ്യം മനസ്സു നന്നാകണം. മനസ്സിൽ കൃപയും സ്നേഹവും വാത്സല്യവും നിറഞ്ഞിരിക്കണം.

ഹിംസ, സ്തേയം, അന്യഥാകാമം, പൈശൂനം, പരുഷം, അനൃതം, സംഭിന്നാലാഭം, വ്യാപാദം, അഭിഥ്യ, ദൃഗ്വിപര്യയം ഇവയാണ് ആയുർവേദത്തിലെ പത്തു പാപങ്ങൾ. അവ പത്തും ഒഴിവാക്കണം.

ആരെയും ഉപദ്രവിക്കരുത്; മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും.

അന്യന്റെ ഒന്നും ആഗ്രഹിക്കരുത്.

ലൈംഗിക ദുരാചാരങ്ങളിൽ ഏർപ്പെടരുത്.

ഇന്ന് എല്ലാ മാസികകളും, പത്രങ്ങളും, സീരിയലുകളും, ലൈംഗികദുരാചാരങ്ങളുടെ കഥകളാണ് ആധുനിക തലമുറയ്ക്ക് തരുന്നത്. ഇപ്പോൾ നാൽപ്പത്തഞ്ചോ അമ്പതോ വയസ്സായവർ, എന്നാണ് ആണും പെണ്ണും ചേർന്നാലാണ് കുട്ടിയുണ്ടാകുക എന്ന് മനസ്സിലാക്കിയത്? ഒരു പത്താം ക്ളാസ്സെങ്കിലും കഴിഞ്ഞാണ്. ശരിയല്ലേ? കുഞ്ഞുപ്രായത്തിൽ ഇതൊന്നും അറിയില്ല. പണ്ടൊക്കെ പത്തുവരെ സാധാരണ പഠിക്കാനുള്ള ജനറൽ സയൻസേ ഉണ്ടായിരുന്നുള്ളൂ. അതിൽ പോളിനേഷനും ഫെർട്ടിലൈസേഷനും ഒന്നും ഉണ്ടായിരുന്നില്ല. പുതിയ തലമുറയിൽ അഞ്ച് ആറ് വയസ്സു മുതൽ ഇത് ഒക്കെ പഠിക്കാൻ തുടങ്ങുന്നു. ശാസ്ത്രീയമായ പഠനം എന്ന് പറഞ്ഞാണ് പഠിപ്പിക്കുന്നത്! അച്ഛനും അമ്മയും തങ്ങളുടെ കട്ടിലിൽ തന്നെ കുട്ടിയെ കിടത്തി ദമ്പതിക്രിയയും മറ്റും ചെയ്യുന്നു; കുട്ടി അത് കണ്ടു പഠിക്കുന്നു! പണ്ടത്തെ കാരണവൻമാർ പിള്ളേർ അടുത്തുള്ളപ്പോൾ അത്തരം ആവിഷ്കാരങ്ങളിൽ ഒന്നും ഏർപ്പെടുമായിരുന്നില്ല. “പിള്ളേർ നിൽക്കുന്നു” – അങ്ങനെ ചിന്തിക്കുന്ന, പറയുന്ന ഒരു മര്യാദ അവർക്ക് ഉണ്ടായിരുന്നു. ആധുനികകാലത്തെ ചെറുപ്പക്കാർക്ക് ആ മര്യാദ കുറവാണ്. “പിള്ളേരും ഇതൊക്കെ ചെയ്യേണ്ടതല്ലേ, കണ്ടു പഠിക്കട്ടെ” – എന്നതാണ് ചിന്താഗതി. ഇതൊക്കെ ക്ളാസ്സ് കൊടുത്തു പഠിപ്പിക്കേണ്ടതാണോ? എത്ര ക്ളാസ്സുകളിൽ പഠിച്ചിട്ടാണ് പണ്ടുള്ളവർ ഇതൊക്കെ ചെയ്തത്? അവർക്ക് സദാചാരബോധമുണ്ടായിരുന്നു; ആധുനികർക്കുള്ളത്ര രോഗങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നത്തെ ആധുനികന് സദാചാരബോധമില്ല; കുട്ടികൾ അടുത്തുള്ളപ്പോൾ ഇതൊക്കെ ചെയ്തു കാണിക്കുമ്പോൾ, അവർ അതൊക്കെ നേരത്തേ ചെയ്യാൻ തുടങ്ങുന്നു; പിന്നീട് അതു രോഗമാവുകയും ചെയ്യുന്നു.

മാധ്യമങ്ങളായ മാധ്യമങ്ങൾ മുഴുവൻ, പ്രത്യേകിച്ച് സീരിയലുകൾ,.അപക്വമായ ലൈംഗിതയുടെ കാഴ്ചകളാണ് നിങ്ങൾക്ക് തന്നത്; തന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗമുണ്ടാക്കുന്നത് “അന്യഥാ കാമം” ആണ്. അത്തരം സീരിയലുകൾ കണ്ടുകൊണ്ട്, ആ വഴിക്കുള്ള വാർത്തകൾ വായിച്ചുകൊണ്ട്, രോഗം മാറാൻ മരുന്നു കഴിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ല. അത്തരം കാഴ്ചകൾ കാണരുത്; അത്തരം വാർത്തകൾ വായിക്കരുത്. സീരിയലുകളിൽ കാണുന്ന കാഴ്ചകൾ ശരീരത്തിൽ ഉണ്ടാക്കുന്ന സ്രവങ്ങളും മരുന്നുകൾ നൽകുന്ന പ്രതിരോധവും ഒത്തുപോകില്ല. മരുന്ന് അതിന് കൂടുതൽ ഗതിയുണ്ടാക്കും. രോഗം വർദ്ധിക്കും. അതു കൊണ്ട് ആലോചിച്ചിട്ട് മരുന്നു കഴിക്കാൻ തുടങ്ങിയാൽ മതി. സീരിയലുകൾ കണ്ടേ തീരൂ എന്നുള്ളവർ മരുന്നുകൾ വാങ്ങരുത്. ഈ സീരിയലുകൾ മാത്രം മതിയാകും ഒരാളുടെ രോഗങ്ങൾ തീർത്തും മാറാൻ; ഇഹത്തിലെ സകല രോഗവും പെട്ടന്നു തീർന്നു കിട്ടും, നിങ്ങളോടൊപ്പം. മനസ്സിലായോ ആവോ!

അതുകൊണ്ട് നല്ലതുപോലെ ആലോചിച്ചിട്ട് മരുന്ന് കഴിക്കാൻ തുടങ്ങുക. ഗവൺമെന്റ് അറിഞ്ഞോ അറിയാതെയോ അനുവദിച്ചു തന്നിട്ടുള്ള ഒരുപാട് സ്വാതന്ത്ര്യങ്ങൾക്കു നടുവിലാണ് നിങ്ങൾ ജീവിക്കുന്നത്. കാഴ്ചയ്ക്കും കേൾവിക്കുമൊന്നും ഒരു സെൻസറിങ്ങും ഇല്ല. അതു കൊണ്ട് സ്വയം ചില നിയന്ത്രണങ്ങൾ വേണം.

ലൈംഗികദുരാചാരം ആവിഷ്കരിക്കുന്ന ഒട്ടേറെ സീരിയലുകളും, മാസികാ-പത്രങ്ങളും, വെബ്സൈറ്റുകളും ഗവൺമെന്റിന്റെ അനുമതിയോടു കൂടിത്തന്നെ നിങ്ങൾക്ക് ഇന്ന് പ്രാപ്യമാണ്. സന്ന്യാസിമാരുടെയും ഉന്നതന്മാരുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഒക്കെ ലൈംഗിക ദുരാചാരങ്ങളുടെ വാർത്തകൾ പത്രങ്ങൾ സിനിമാക്കഥ പോലെ എഴുതിപ്പിടിപ്പിക്കുമ്പോഴും, ദൃശ്യമാധ്യമങ്ങൾ സംഗീതവും നൃത്തവും അഭിനയവും ചേർത്തു വിളമ്പുമ്പോഴും ഒന്നറിയുക, ആരും നന്നാകാൻ വേണ്ടിയൊന്നുമല്ല അവർ അതൊക്കെ അച്ചടിക്കുകയും കാണിക്കുകയും ചെയ്യുന്നത്; നിങ്ങളെ ഇക്കിളിപ്പെടുത്തി രോഗിയാക്കാനാണ്. അത്തരം വാർത്തകൾ നിങ്ങളും വളരെ ശ്രദ്ധാ പൂർവ്വമാണ് വായിക്കുന്നത് എന്നത് പ്രത്യേകം ഓർക്കണം. കാത്തിരുന്ന് ടി.വി ഓൺ ചെയ്ത് കണ്ടും കേട്ടും രസിക്കുന്നതിലുള്ള നിഷ്കർഷയും ഒന്നു വേറെ തന്നെയാണ്. വരി വിടാതെ, സീൻ വിടാതെ, അതൊക്കെ പിന്തുടരാൻ എന്തൊരു ആകാംക്ഷയാണ് നിങ്ങൾക്ക് ! പോരാഞ്ഞിട്ട് വീട്ടിലും ഓഫീസിലും ഒക്കെ അതേക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും.

ഓർക്കുക, പത്ര-മാസികകൾ എഴുതി പ്രസിദ്ധീകരിക്കുന്നതെല്ലാം നിങ്ങൾ വായിച്ചതുകൊണ്ട് സമൂഹം നന്നാകാനൊന്നും പോകുന്നില്ല. സമൂഹത്തിൽ നടക്കുന്ന വൃത്തികേടുകളെല്ലാം ക്യാമറയിൽ ഒപ്പിയെടുത്തുകൊണ്ടു വന്നു കാണിച്ചതുകൊണ്ട് അതൊന്നും ആവർത്തിക്കാതിരിക്കാനും പോകുന്നില്ല. വായിച്ചും കണ്ടും അതിന്റെ ഇക്കിളിയിൽ നിൽക്കുന്ന നിങ്ങളും നന്നാകാൻ പോകുന്നില്ല. മനസ്സിൽ ഉദാത്തമായ സംസ്കാരമൊന്നും ഉദിക്കാൻ പോകുന്നില്ല; മറിച്ച് മനസ്സ് കൂടുതൽ മലീമസമാകുകയേയുള്ളൂ. മറിച്ച് ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ? എങ്കിൽ, ഇക്കണ്ട വൃത്തികേടുകളെല്ലാം കണ്ടും കേട്ടും എന്റെ മനസ്സിലെ അധമവികാരങ്ങളെല്ലാം പോയി എന്നു പറയുന്ന ആരെയെങ്കിലും ഒരാളെ കാണിച്ചുതരാമോ? അന്വേഷിച്ചു കണ്ടുപിടിച്ചു പറഞ്ഞാലും മതി.

പിന്നെ, ഇതുകൊണ്ടൊക്കെ ഒരു പ്രയോജനമുണ്ട്. കാണിക്കാൻ സാധ്യമായ കൊള്ളരുതായ്മകളെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാൻമാരാകും. മന്ത്രിയ്ക്ക് ആകാമെങ്കിൽ എനിക്ക് ആയിക്കൂടെ എന്ന് ചിന്തിച്ചു തുടങ്ങും. മുമ്പ് നടത്തിയവർക്ക് പറ്റിയ പിഴകൾ കൂടി പരിഹരിച്ച് അവർ കൂടുതൽ കൊള്ളരുതായ്മകൾ ചെയ്യാൻ തുടങ്ങും. മൊത്തത്തിൽ സമൂഹം അഴിച്ചുവിട്ട കാളക്കൂറ്റനെപ്പോലെ പെരുമാറാൻ തുടങ്ങും.

ഇനി. നല്ലതുപോലെ ആലോചിക്കുക. എന്നിട്ട് രോഗത്തിനു മരുന്നു കഴിക്കണോ എന്ന് തീരുമാനിക്കുക. രോഗം മാറണമെങ്കിൽ, മൂന്നു ശാരീരികപാപങ്ങൾ – ഹിംസ, സ്തേയം, അന്യഥാകാമം – ഇവ നിർബന്ധമായും ഒഴിവാക്കണം.

പിന്നെയുള്ളത് “പൈശുനം”. കുശുമ്പു പറയരുത്.

പരുഷമായി സംസാരിക്കരുത്. രമ്യവും സുഖാവഹവുമായി മാത്രമേ വീട്ടിലും പുറത്തും സംഭാഷണം നടത്താവൂ. ഏതു പ്രതിസന്ധിയിലും മര്യാദാമസൃണമായ ഭാഷ കൈവിടരുത്. കാരണം, നാം പറയുന്നത്, ആദ്യം നാം കേട്ടിട്ടാണ് അന്യൻ കേൾക്കുന്നത്. കേൾക്കുമ്പോൾ ആയിരമായിരം ഹോർമോണുകൾ ഉണ്ടാകും. രോഗം മാറാൻ മരുന്നു കഴിക്കുമ്പോഴെങ്കിലും വളരെ മര്യാദയോടു കൂടിയേ സംസാരിക്കാവൂ.

ഒന്നിനെക്കുറിച്ചും കെട്ടിച്ചമച്ച് പറയരുത് – “അനൃതം”! അത് ഒഴിവാക്കണം.

മറ്റുള്ളവർ കലഹിക്കുമാറ് വർത്തമാനം പറയരുത്. ചിലർ ഓഫീസിലും വീട്ടിലും അയൽപക്കത്തുമൊക്കെ എന്തു പറഞ്ഞാലും ഓരോരുത്തനെ കലഹിപ്പിച്ചിട്ടേ പോരുകയുള്ളൂ. അത്തരക്കാർക്ക് രോഗം എന്നും കൂടെയുണ്ടാകും. “സംഭിന്നാലാപം” അത് ഒഴിവാക്കണം.

മറ്റുള്ളവർക്ക് ആപത്തു വരണം എന്ന് വിചാരിക്കുന്നത് “വ്യാപാദം”. ഒരിക്കലും മറ്റുള്ളവർക്ക് ആപത്തു വരണം എന്ന് ചിന്തിക്കരുത്.

“അഭിഥ്യ” – സത്യം, ധർമ്മം ആദിയായവയിൽ വിശ്വസിക്കാതിരിക്കൽ. ഇക്കാലത്ത് ഇതൊന്നും ഇല്ലെന്ന് ആളുകൾ പറയും. അത് ശരിയല്ല. സത്യധർമ്മാദികൾ പാലിക്കണം.

“ദൃക്വിപര്യയം” – വളരെ പ്രധാനമാണ് ഇത്. ധനാത്മകമായി (പോസിറ്റീവ്) മാത്രമേ ചിന്തിക്കാവൂ. ദോഷൈകദൃക്കാവരുത്. രോഗം വന്നു. അത് മാറും, മാറണം എന്ന ചിന്തയില്ലെങ്കിൽ, നോക്കുമ്പോൾ നോക്കുമ്പോൾ അത് കൂടും. വ്രണങ്ങളും, രോഗങ്ങളും, മുഴകളും, മറ്റു പ്രശ്നങ്ങളും, കൂടും കൂടും എന്നു നിങ്ങൾ തന്നെ സങ്കൽപ്പിക്കുകയാണെങ്കിൽ ഏതു മരുന്നു കഴിച്ചിട്ടും പ്രയോജനമില്ല. മറിച്ച് മാറുമെന്ന് വൈദ്യനിൽ നിന്ന് കേൾക്കുകയും, അതു തന്നെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉൾക്കൊള്ളുകയും മാറുമെന്ന് സ്വയം ഉറച്ചു വിശ്വസിക്കുകയും ചെയ്താൽ, രോഗങ്ങൾ മാറും. അതിന് ഇവിടുത്തെ മരുന്നു തന്നെ വേണമെന്നില്ല. ഇതു വരെ കഴിച്ച മരുന്നു കഴിച്ചാലും രോഗം പോകും. വളരെ സത്യസന്ധമായാണ് പറയുന്നത്. മരുന്നിനെക്കാൾ പ്രധാനം മനസ്സാണ്. സന്മനസ്സുള്ളവർക്ക് ഭൂമിയിൽ രോഗമില്ല. ഇതു വരെ കഴിച്ച മരുന്നിന്റെ കുഴപ്പം കൊണ്ടൊന്നുമല്ല നിങ്ങളുടെ രോഗം മാറാത്തത്. മരുന്നൊക്കെ അതു തന്നെ മതിയായിരുന്നു. പക്ഷെ ആദ്യം മരുന്നു തന്ന ഡോക്ടർ നിങ്ങളെ പറ്റിച്ചു. “ഇതു മാറുകയൊന്നുമില്ലെടോ”, എന്ന് അയാൾ പറഞ്ഞു പോയി. പിന്നെ ചികിത്സിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അതുകൊണ്ടാണ് നിങ്ങളൊക്കെ ഇങ്ങോട്ടു പോന്നത്.

അടുത്ത കൂട്ടർ രോഗിയുടെ ബന്ധുക്കളെന്നു പറയുന്നവരാണ്. അവർ ചെയ്യുന്ന ദൂഷ്യം വളരെ വലുതാണ്. പലപ്പോഴും രോഗിയുടെ കാലന്മാരാണിവർ.

ബന്ധുക്കളായ ബന്ധുക്കളൊക്കെ ഇന്റർനെറ്റിൽ കയറിയും ആരോഗ്യമാസികകൾ വായിച്ചും അവിടുന്നും ഇവിടുന്നുമൊക്കെ പഠിച്ചും ഇതു മാറുന്ന രോഗമല്ല എന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തും. പിന്നെ രക്ഷയില്ല. ഇതിനൊക്കെ വല്ല ആധികാരികതയുണ്ടോ ശാസ്ത്രീയതയുണ്ടോ എന്നൊന്നും ആരും ചിന്തിച്ചു നോക്കാറില്ല. അച്ചടിച്ചു കാണുന്നതാണ് സത്യമെന്ന് കണ്ണുമടച്ച് അങ്ങു വിശ്വസിക്കും. ഈ ലേഖനമൊക്കെ അതിൽ പേര് വെച്ചിരിക്കുന്നവർ എഴുതുന്നതാവും എന്നാണ് വായിക്കുന്നവർ വിശ്വസിച്ചിരിക്കുന്നത്. പലപ്പോഴും അങ്ങനെയല്ല. അതൊക്കെ വാരികകളുടെ ലേഖകൻമാർ എഴുതിക്കൂട്ടുന്നതാണ്. അവർക്കു മനസ്സിലാകുന്നതു മാത്രം എഴുതി അച്ചടിക്കും. മനസ്സിലാകാത്തതൊക്കെ വിട്ടുകളയും. എഴുതുന്നത് പരമാവധി സംഭ്രമമുണ്ടാക്കാവുന്നതു മാത്രമായിരിക്കും. ആരുടെ പേരിൽ അച്ചടിച്ചു വന്നാലും ഇതൊക്കെയാണ് സ്ഥിതി. എനിക്കു പറയാനുള്ളത് നേരിട്ടു പറയുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് നിങ്ങളോട് ഇപ്പോൾ സംസാരിക്കുന്നത്.

ഇനി ആരോഗ്യാർത്ഥികളായ നിങ്ങളുടെ കാര്യമെടുക്കാം. നിങ്ങൾക്ക് ഒന്നിലും വിശ്വാസമില്ല. “ബാക്കി ചികിത്സയൊക്കെ കഴിഞ്ഞു; ഇനി സ്വാമിയുടെ ചികിത്സ കൂടി ഒന്നു നോക്കിയേക്കാം”. അതു വേണ്ട. ഇവിടുന്നും കുറെ മരുന്നു വാങ്ങി കാശ് കളയണ്ട. “എനിക്ക് രോഗം മാറണം” എന്ന ഉറച്ച തീരുമാനം ഉണ്ടെങ്കിൽ മാത്രം എന്റെ മുമ്പിൽ നിന്നാൽ മതി. പച്ചയ്ക്കു തന്നെയാണ് പറയുന്നത്. രോഗം മാറുന്നത് മനസ്സു കൊണ്ടാണ്. അതുകൊണ്ട് ആരോഗ്യാർത്ഥികൾ രോഗം മാറുമെന്നു തന്നെ വിശ്വസിക്കണം.

37 ¦ കറിവേപ്പില¦ CURRY LEAVES

37 ¦ കറിവേപ്പില ¦ CURRY LEAVES
37 ¦ കറിവേപ്പില ¦ CURRY LEAVES

കറിവേപ്പില – അടുക്കളയിലെ ഔഷധം

കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്‍റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്.
മധുമേഹത്തിന് കറിവേപ്പില
മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്. കറിവേപ്പില നന്നായി പൊടിച്ചു സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകിട്ടും മൂന്നു മുതല്‍ നാലു ഗ്രാം വരെ സേവിക്കുക. മധുമേഹവും മധുമേഹജന്യമായ ബുദ്ധിമുട്ടുകളും ശമിക്കും. കാട്ടില്‍ വളരുന്ന കറിവേപ്പില ഉത്തമം.
സൌന്ദര്യ സംരക്ഷണത്തിന് കറിവേപ്പില
മുഖക്കുരു, മുഖത്തുണ്ടാകുന്ന പാടുകള്‍ ഒക്കെ മാറി മുഖകാന്തി വര്‍ദ്ധിക്കാന്‍ കറിവേപ്പില പറിച്ചെടുത്ത്, നന്നായി അരച്ച് ലേപമാക്കി മുഖത്ത് പുരട്ടുക. നിത്യപ്രയോഗം കൊണ്ട് മുഖകാന്തി വര്‍ദ്ധിക്കും. കുരുക്കള്‍ മാറും. പാടുകള്‍ മാറും.
പച്ചയില കിട്ടാന്‍ പ്രയാസമുണ്ടെകില്‍ ഉണക്കി വെച്ച ഇല ഉപയോഗിക്കാം. ഉണക്കയില രാത്രിയില്‍ വെള്ളത്തിലിട്ടു വെച്ച്, രാവിലെ നന്നായി അരച്ച്, മുഖത്ത് തേച്ചുപിടിപ്പിക്കാം.
ശരീരമാസകലം ത്വക്കില്‍ പുരട്ടിയാല്‍ ത്വക്കിന്‍റെ കാന്തി വര്‍ദ്ധിക്കും.
കറിവേപ്പിന്‍റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും ത്വക്കിന് നല്ലതാണ്. ത്വക്കിന്‍റെ കാന്തി വര്‍ദ്ധിക്കാനും ത്വക്ക്-രോഗങ്ങള്‍ ശമിക്കാനും ഈ എണ്ണ നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന നുണലുകളും കുരുക്കളും മാറാന്‍ കറിവേപ്പില പറിച്ച് നന്നായി അരച്ച് ലേപനം ചെയ്‌താല്‍ മതി. മുടങ്ങാതെ കുറച്ചു നാള്‍ ചെയ്‌താല്‍ കുരുക്കള്‍ ശമിക്കും.
രക്തദോഷത്തിന് കറിവേപ്പില
രക്തദോഷത്തിന് കറിവേപ്പിന്‍റെ പഴം ഫലകാരിയാണ്. നന്നായി പഴുത്ത് കറുപ്പുനിറമായ കായ അരച്ച് ഉണക്കി പൊടിയാക്കി സൂക്ഷിച്ചു വെച്ച് നിത്യേന രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം മുടങ്ങാതെ സേവിച്ചാല്‍ രക്തദോഷം മാറും. ആന്തരികകാന്തി വര്‍ദ്ധിക്കും. ത്വക്കിലുണ്ടാകുന്ന വികൃതികള്‍ ശമിക്കും.
കൊളസ്ട്രോളിന് കറിവേപ്പില
കറിവേപ്പില ഒരു ജാതിപത്രിയും ചേര്‍ത്ത് അരച്ച് ഒരു നെല്ലിക്കാ വലുപ്പം, മോരില്‍ കലക്കി ദിവസവും രാവിലെ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും.
ഇസ്നോഫീലിയ മാറാൻ കറിവേപ്പില
കറിവേപ്പില നെയ്യില്‍ വറുത്തെടുത്ത് ശര്‍ക്കരയോ കല്‍ക്കണ്ടമോ ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച് സേവിച്ചാല്‍ ഇസ്‌നോഫീലിയ ഭേദമാകും.
അലർജി ശമിക്കാൻ കറിവേപ്പില
കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.
അകാലനരയ്ക്ക് കറിവേപ്പില
നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക. ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക. മുടി കൊഴിച്ചില്‍ നില്‍ക്കും. മുടി കറക്കും. അകാല നര മാറും.
മുടി വളരാൻ കറിവേപ്പില
കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും. വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്.
ഛർദ്ദിയ്ക്കും വിഷൂചികയ്ക്കും കറിവേപ്പില
കൂവളവേര്, ചുക്ക്, കറിവേപ്പില – ഇവയുടെ കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
അർശസ്സിന് കറിവേപ്പില
നവരനെല്ലിന്‍റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.
കറിവേപ്പില നീരിൽ മുളങ്കര്‍പ്പൂരം നൽകുന്നത് വയറിളക്കം ശമിപ്പിക്കും. കറിവേപ്പില നീരിന് പകരം ഉലുവക്കഷായവും ഉപയോഗിക്കാം. പ്രമേഹത്തിലും ഫലപ്രദം.
ഇങ്ങനെ വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക, വയറുകടി തുടങ്ങി അനവധി ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.
(തുടരും…)

അക്ഷരക്കഷായം – ഭാഗം 3

[രണ്ടാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ]

വിമന്‍സ് ലിബറേഷന്‍, സ്ത്രീയുടെയും പുരുഷന്റെയും ആയുസ്സ്!

പണ്ട് അയല്‍പക്കക്കാരോട്‌ അതിര്‍ത്തിത്തര്‍ക്കമുണ്ടാക്കുക, ഭാര്യയുടെ അച്ഛനോടും തന്‍റെ അച്ഛനമ്മമാരോടും ഭാഗം വെയ്പ്പിക്കാന്‍ വേണ്ടി വഴക്കുണ്ടാക്കുക, കാണുന്നവരോടൊക്കെ ഏറ്റുമുട്ടുക, കുട്ടികളെ തല്ലുക, ശാസിക്കുക, പള്ളിക്കൂടത്തില്‍പ്പോയി മാര്‍ക്ക് കുറഞ്ഞാല്‍ ചോറ് കൊടുക്കാതിരിക്കുക, ഇറക്കി വിടുക, തെറ്റിനു ശിക്ഷിക്കുക, പെണ്‍മക്കള്‍ക്കു ചെറുക്കനെ കണ്ടുപിടിക്കുക, വിവാഹത്തിനു സജ്ജീകരണങ്ങള്‍ നടത്തുക, വസ്തു വാങ്ങുക, കൊടുക്കുക, പലിശ മേടിക്കുക, കടം വാങ്ങുക, കടം കൊടുക്കുക, വീട് വെയ്ക്കുക, അതിന്‍റെ സംഭാരങ്ങള്‍ ഒരുക്കുക, പണിക്കാരെ നിര്‍ത്തുക, അവരോടു മല്ലടിച്ച് പണി ചെയ്യിപ്പിക്കുക, തുടങ്ങിയവയെല്ലാം പുരുഷനാണ് ചെയ്തിരുന്നത്.

അന്ന് ഒരു വണ്ടിയില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുത്തിരുന്നത് പുരുഷന്‍ ആണ്. പുരുഷന്‍റെ കയ്യില്‍ ആയിരുന്നു പണസഞ്ചി. വീട്ടിലെ വരവ്-ചെലവ് നോക്കിയിരുന്നത് പുരുഷന്‍ ആയിരുന്നു. ശരിയാണോ ആവോ?

പുതിയ ചെറുപ്പക്കാര്‍ക്ക് ഇതൊക്കെ കേട്ടിട്ട് കഥ പറയുകയാണോ എന്ന് തോന്നുന്നു, അല്ലേ? നിങ്ങളുടെ മുഖത്തെ അത്ഭുതം കാണുമ്പോള്‍ എനിക്ക് അത് മനസ്സിലാകുന്നുണ്ട്. സംശയിക്കണ്ട, പണ്ട് അങ്ങനെയായിരുന്നു. അല്ലെങ്കില്‍ ഇവിടെ ഉള്ള വയസ്സന്മാര്‍ പറയട്ടെ.

ഇന്ന് അങ്ങനെ അല്ല. സമ്മതമാണ്. പക്ഷെ പണ്ട് അങ്ങനെ ആയിരുന്നു.

അന്ന് സ്ത്രീ, കുട്ടിയെ കുളിപ്പിക്കുക, കുട്ടിയ്ക്ക് മുല കൊടുക്കുക, ഭര്‍ത്താവിനെയും കുടുംബത്തെയും പരിചരിക്കുക, വരുന്നവര്‍ക്ക് നല്ല ആഹാരം ഉണ്ടാക്കി കൊടുക്കുക, അയല്‍ പക്കവുമായി സ്നേഹത്തില്‍ കഴിയുക, ഭര്‍ത്താവ് വല്ല വഴക്കും ഉണ്ടാക്കിയാല്‍ “മനുഷ്യാ… നിങ്ങള്‍ ഒന്ന് അടങ്ങ്…” എന്ന് പറഞ്ഞ് സമാധാനിപ്പിക്കുക, ശാന്തനായി ഇരുത്തുക, കുട്ടിയ്ക്ക് അടി കിട്ടാതെ നോക്കുക, വഴക്ക് കിട്ടിയ കുഞ്ഞിന്‍റെ മനസ്സ് ആറ്റുക, വിനയവും സൌശീല്യവും ജീവിച്ചു കാണിക്കുക ഒക്കെയാണ് ചെയ്തു പോന്നത്.

നന്മയുള്ള ഒട്ടേറെക്കാര്യങ്ങള്‍ വേറെയും അന്ന് അവരുടെ Portfolio-യില്‍ ഉണ്ടായിരുന്നു. അയല്‍പക്കത്ത് എന്തെങ്കിലും വിശേഷം വന്നാല്‍ ചെന്നു സഹായിക്കുക, പാത്രങ്ങളും മറ്റു സാധനങ്ങളും അവിടെ കുറവുണ്ടെങ്കില്‍ ആരും അറിയാതെ കൊണ്ടുക്കൊടുക്കുക, തന്‍റെ വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ അതിന്‍റെ പങ്ക് എത്തിച്ചു കൊടുക്കുക, ചക്കയോ മാങ്ങയോ കിഴങ്ങോ മറ്റോ ഉണ്ടായാല്‍ അതില്‍ ഒരു പങ്ക് നല്‍കുക, ചീരയും വെണ്ടയും ഒക്കെ നടുമ്പോള്‍ അരിയോടോപ്പം വിഷം കലര്‍ത്തി ഇടുന്നതിനു പകരം ഉറുമ്പിനും മറ്റു ജീവികള്‍ക്കും തിന്നാന്‍ മുറിയരി ഇട്ടു കൊടുക്കുക, വളര്‍ത്തുന്ന പശുവിനെയും കോഴിയെയും ഒക്കെ സ്വന്തം മക്കളെപ്പോലെ നോക്കുക, ഇങ്ങനെ ജീവിതത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൊക്കെ നന്മയുടെ അംശം ഉണ്ടായിരുന്നു.

ഇന്ന് സ്ത്രീയുടെ പണിയൊക്കെ മാറി. ഇപ്പോള്‍ പണശ്ശീല കൊണ്ടുനടക്കുന്നത് സ്ത്രീ ആണ്. ബസ്സില്‍ കയറുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് അവളാണ്. കല്യാണം നിശ്ചയിക്കുക, കുട്ടിയെ മാര്‍ക്ക് കുറഞ്ഞാല്‍ വീടിനു പുറത്ത് ഇറക്കി നിര്‍ത്തുക, അടിക്കുക, ബഹളം വെയ്ക്കുക, ഉള്ള എല്ലാ ടെന്‍ഷനിലും ചെന്നു ചാടുക – ഒക്കെ സ്ത്രീ ആണ് ചെയ്യുന്നത്.

പണ്ട് സ്ത്രീ കൊച്ചിനെ എടുത്തു വരുന്നതും പുരുഷന്‍ മുന്നില്‍ നടക്കുന്നതും, പുരുഷന്‍റെ ഒപ്പം നടന്ന് എത്താന്‍ വിഷമിക്കുന്നതും പല വഴികളിലും കാണാമായിരുന്നു. ഇന്നോ? സ്ത്രീ ചെറിയ ഒരു പൊങ്ങച്ചബാഗും തൂക്കി മുമ്പേ നടക്കും. പുരുഷന്‍ പെട്ടിയും വടിയും കുടയും ഒക്കെയുമായി കൊച്ചിനെയും തോളില്‍ ഇട്ട് പുറകെ ചെല്ലും. ഇതാണ് ഇന്ന് എവിടെയും കാണുന്ന ചിത്രം. ഓട്ടോറിക്ഷാ പിടിച്ച് ഒരിടത്ത് ഇറങ്ങിമ്പോള്‍ ഓട്ടോറിക്ഷാക്കാരന് പൈസ കൊടുക്കുമ്പോള്‍ വഴക്കുണ്ടാക്കുന്നത് സ്ത്രീ ആണ്. പുരുഷന്‍ അപ്പോള്‍ പറയും – “നീയൊന്ന് അടങ്ങ്”. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ നിത്യക്കാഴ്ചയാണ്. ഇങ്ങനെയൊക്കെ ആയിട്ട് രോഗം മാറണം എന്ന് ആഗ്രഹിച്ചാല്‍, രോഗം മാറുമോ?

ഏതു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിന്‍ കയറിയാലും വേറെ ഒരു കാഴ്ച നിങ്ങള്‍ക്ക് കാണാം. ചെരുപ്പക്കാരികളായ പെണ്‍കുട്ടികള്‍ കുട്ടികള്‍ക്ക് മുല കൊടുക്കാന്‍ പാടില്ലാത്ത വിധം വസ്ത്രങ്ങളും അണിഞ്ഞ് പതിനഞ്ചു രൂപ കൊടുത്താല്‍ പത്തു മാസികകള്‍ കിട്ടുന്നത് വാങ്ങി, ഓരോന്നും മാറിമാറി വായിച്ചുകൊണ്ട് മലര്‍ന്നു കിടക്കും. ഇപ്പുറത്ത് കൊച്ചിനെയും കളിപ്പിച്ച് ഭര്‍ത്താവ് ഇരിക്കും. അഞ്ചും ആറും അക്കം ശമ്പളം മേടിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, എം.ബി.എക്കാരന്‍ ഒക്കെയായിരിക്കും കക്ഷി. കൊച്ച് കരഞ്ഞാല്‍ അതിനെയും എടുത്ത് കമ്പാര്‍ട്ട്മെന്റിലൂടെ തെക്ക് വടക്ക് നടക്കും അയാള്‍, കൊച്ച് കരച്ചില്‍ നിര്‍ത്തിക്കിട്ടണ്ടേ! വായനയില്‍ ലയിച്ചിരിക്കുന്ന പെണ്‍കുട്ടി തലപൊക്കി നോക്കുന്ന പ്രശ്നമില്ല. സഹധര്‍മ്മിണി സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടെയും ഇക്കിളിക്കഥകള്‍ വായിച്ചു രസിക്കുമ്പോള്‍ ശല്യമാകാതിരിക്കാനാണ് കണവന്‍ കൊച്ചിനെയും എടുത്ത് കൊണ്ടുപോകുന്നത്!

ഫെമിനിസം വളര്‍ന്നപ്പോള്‍ ഉണ്ടായ ഒരു മാറ്റം ആണ് ഇത്!!! അതുകൊണ്ട് പുരുഷന് ഒരു ഗുണം ഉണ്ടായി.

ആ കുട്ടിയെ പരിചരിക്കുമ്പോള്‍, താലോലിക്കുമ്പോള്‍, അയാള്‍ പ്രത്യേകമായ ഒരു ഭാവം കൈവരിക്കുന്നുണ്ട്‌. കുട്ടിയെ കുളിപ്പിക്കുന്നത് അയാളാണ്. കക്കൂസില്‍ ഇരുത്തുന്നത്‌ അയാളാണ്. കുട്ടി കരയുമ്പോള്‍ ഫ്ലാസ്കില്‍ നിന്നും വെള്ളം എടുത്ത്, പാല്‍പ്പൊടി ഇട്ട്, പഞ്ചസാര ഇട്ട്, കുറുക്കി, ആദ്യത്തെ സ്പൂണ്‍, ചൂട് കുട്ടിയ്ക്കു പാകമാണോ, പഞ്ചസാര വേണ്ടത്ര ഉണ്ടോ എന്ന് അറിയാന്‍ അയാളുടെ തന്നെ നാവില്‍ ഒഴിക്കുന്ന ഒരു നിമിഷമുണ്ട്‌. ആ നിമിഷം അയാളുടെ മസ്തിഷ്കത്തില്‍ വരുന്ന വലിയൊരു മാറ്റമുണ്ട്. ആയിരമായിരം മാതൃകോശങ്ങള്‍ അവിടെ സുസജ്ജമാകും. വിനയം കൊണ്ട്, കൃപ കൊണ്ട്, സൌശീല്യം കൊണ്ട്, കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ട്, കുഞ്ഞിനുള്ള പാലിന്‍റെ ആദ്യത്തെ തുള്ളി നാവില്‍ അലിയുമ്പോള്‍, അയാളില്‍ ഉണ്ടാകുന്ന ഒട്ടേറെ എന്‍സൈമുകളും, ഹോര്‍മോണുകളും അയാളില്‍ സജ്ജീകരിച്ചു നില്‍ക്കുന്ന പതിനായിരക്കണക്കിനു രോഗങ്ങളെ ഉച്ചാടനം ചെയ്യും. അത് മരുന്നുകള്‍ക്ക് ചെയ്തു തരാനാവില്ല. സ്ത്രീയ്ക്ക് പ്രകൃതി കനിഞ്ഞു നല്‍കിയ സൗഭാഗ്യം ആയിരുന്നു അത്. അതിപ്പോള്‍ പുരുഷനു കിട്ടി. വിമന്‍സ് ലിബറേഷന്‍കാരോട് ആണുങ്ങള്‍ നന്ദി പറയുക!

കരുണയും കൃപയും ഒക്കെ ഒരു രോഗിയെ രക്ഷിക്കുന്ന വേഗത്തില്‍ മരുന്നുകള്‍ക്കൊന്നും രക്ഷിക്കാനാവില്ല. കോപവും വെറുപ്പും ദേഷ്യവും പൊട്ടിപ്പുറപ്പെടുന്ന മാത്രയില്‍ത്തന്നെ മൃത്യുവിലേക്കു നയിക്കുന്ന പതിനായിരക്കണക്കിനു സ്രവങ്ങള്‍, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ഒരാളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. അന്തര്‍സ്രവങ്ങള്‍ ഇങ്ങനെ വികലമായി ഉത്പാദിപ്പിക്കപ്പെടാന്‍ വൈറസും ബാക്ടീരിയയും വേണ്ട, ദേഷ്യവും വെറുപ്പും മതി. ഇതിനു ശേഷം ഇതിന്റെയൊക്കെ സാന്നിദ്ധ്യം കാണുകയാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ കോപവും വെറുപ്പും ഒക്കെ ഉണ്ടാക്കുന്ന അന്തര്‍സ്രവങ്ങളുടെ സാന്നിദ്ധ്യത്തില്‍ സജീവമാകുന്ന അണുജീവികളെ നിങ്ങള്‍ കാണുന്നു – കാണുന്നത് ഒരു indication, കോപവും വെറുപ്പും ഒക്കെയാണ് യഥാര്‍ത്ഥ രോഗ കാരണം. അതിന് അണുജീവികളെ കൊന്നിട്ട് എന്തു കാര്യം? നിങ്ങളുടെ ദേഷ്യവും വെറുപ്പും ഒക്കെ ആദ്യം പോകണം.

പറഞ്ഞുവന്നത്, പുരുഷന് ഒരു സൗഭാഗ്യം കിട്ടി. അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു. അതേ സമയം സ്ത്രീയ്ക്ക് അതു നഷ്ടപ്പെട്ടു. ഫലമോ, അവള്‍ക്കു പ്രായം പെട്ടന്നു വര്‍ദ്ധിക്കുന്നു. അവനെക്കാള്‍ അഞ്ചു വയസിന് ഇളയവള്‍ ആണെങ്കിലും അവള്‍ പെട്ടന്നു നരയ്ക്കുകയും, പെട്ടന്നു കുരയ്ക്കുകയും ചെയ്യും. മുഖകാന്തിയും മൃദുസ്വരവും അവള്‍ക്കു നഷ്ടപ്പെടും – പിന്നെ എന്ത് പെണ്ണ്?

പ്രായമാകുന്നു എന്ന തോന്നല്‍ വന്നാല്‍ സ്ത്രീയ്ക്കു സംശയരോഗം ഉണ്ടാകും. പ്രായം കൂടിയതു കൊണ്ട് ഭര്‍ത്താവിനു തന്നോട് ഇഷ്ടമില്ല. വേറെ ഏതെങ്കിലും കണ്ടാല്‍ കൊളളാവുന്നവളുമായി അയാള്‍ അടുപ്പമായിക്കാണും. നിങ്ങള്‍ ദിവസവും കാണുന്ന സീരിയലിലൊക്കെ കഥ ഇങ്ങനെയല്ലേ? ഈ ചിന്തയിരിക്കേ, ഏതെങ്കിലും പെണ്ണിനോടു ഭര്‍ത്താവ് സംസാരിക്കുന്നതു കണ്ടാല്‍, അതു മകളായാല്‍ക്കൂടി ബഹളമായി. രോഗങ്ങള്‍ പിന്നെയും കൂടും. അവസാനം അവള്‍ മൃത്യുവില്‍ച്ചെന്നു വീഴും. അതുകൊണ്ട് ഇന്ന് വീടുകളില്‍ വല്യമ്മമാര്‍ അധികം ഇല്ല. സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതേയുള്ളൂ.

സ്ത്രീ പെട്ടന്നാണ് ഇന്നു മരിക്കുന്നത്. ഏതു ആശുപത്രിയിലും ചെന്നു നോക്കൂ. സ്ത്രീരോഗികളുടെ എണ്ണം അതിഭീമമാണ്. പരിചയമുള്ള ഏതെങ്കിലും ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ എത്ര സ്ത്രീയും എത്ര പുരുഷനും ഉണ്ടെന്ന് എണ്ണി നോക്കുക. ഈ പറഞ്ഞത് സത്യമാണോ എന്ന് അപ്പോള്‍ അറിയാം.

പുരുഷന്മാര്‍ സ്ത്രീവിമോചകസമരക്കാരോട്‌, അവര്‍ ചെയ്തു തരുന്ന സഹായത്തിനു നന്ദി പറയണം, നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും, സ്ത്രീയെ പെട്ടന്നു ഭൂമിയില്‍ നിന്നും പറഞ്ഞു വിടാന്‍ സഹായിക്കുകയും ചെയ്യുന്നതിന്.

സ്ത്രീകളെ രോഗികളാക്കിത്തരുന്നതിനു സാഹിത്യകാരന്മാരോടും, സീരിയല്‍ എഴുത്തുകാരോടും കൂടി നന്ദി പറയണം. വൈറസും ബാക്ടീരിയയുമൊക്കെ അവരുടെ പിറകിലേ നില്‍ക്കൂ. വിമന്‍സ് ലിബറേഷന്‍കാരെക്കണ്ടാല്‍ ആ അണുക്കള്‍ സ്ഥലം വിടുകയും ചെയ്യും. അവര്‍ ഉള്ളപ്പോള്‍ അണുജീവികള്‍ക്ക് അവിടെ ചെയ്യാന്‍ വേറെ ജോലിയൊന്നും ബാക്കിയുണ്ടാവില്ല. അത്ര സൂക്ഷ്മമാണ്‌ സ്ത്രീമനസ്സുകളിലേക്ക് അവര്‍ കടത്തി വിടുന്ന വൈകല്യങ്ങള്‍.

അതുകൊണ്ട് രോഗം ഇല്ലാതിരിക്കണമെങ്കില്‍ ആദ്യം മനസ്സു നന്നാകണം. മനസ്സില്‍ കൃപയും സ്നേഹവും വാത്സല്യവും നിറഞ്ഞിരിക്കണം.

[തുടരും… നാലാം ഭാഗത്തില്‍]

അക്ഷരക്കഷായം – ഭാഗം – 2

അക്ഷരക്കഷായം – ഭാഗം – 2

[ഒന്നാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ]

ഇതിനൊരു രണ്ടാം ഭാഗം ഉണ്ട്.

ഒരു അമ്പതു കൊല്ലം മുമ്പ്, വേണ്ട, ഒരു ഇരുപത്തിയഞ്ചു കൊല്ലത്തിനപ്പുറം പോലും, ഏതു വീട്ടില്‍ ചെന്നാലും എണ്‍പത് തൊണ്ണൂറ് വയസ്സുള്ള ഒരു വല്യമ്മ മാറു മറയ്ക്കാതെ ഒരു തോര്‍ത്തു മാത്രം ഉടുത്ത് വീടിന്‍റെ അറ്റത്തെങ്ങാനും ഇരുപ്പുണ്ടാകും. കൊച്ചുപിള്ളേര്‍ അവരുടെ മടിയില്‍ കളിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടെ അമ്മയെ കിട്ടിയില്ലെങ്കില്‍ പാലില്ലെങ്കിലും അവരുടെ മുല തന്നെ വലിച്ചു കുടിക്കുകയും ചെയ്യും. ഈ ചിത്രം നിങ്ങളില്‍ പ്രായം ചെന്നിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും. അവരുടെ മകളായി ഒരു എഴുപതുകാരി തൊട്ട് ഇപ്പുറത്ത് മുണ്ടുമുടുത്ത് ഇരിപ്പുണ്ടാകും. തോര്‍ത്തിന് പകരം അവര്‍ മുണ്ടാക്കിയിട്ടുണ്ടാകും എന്നു മാത്രം. മാറോന്നും അവരും മറച്ചിട്ടുണ്ടാവില്ല. നാല്‍പ്പത്തഞ്ച് അമ്പത് വയസ്സുള്ള അവരുടെ മകള്‍ മുണ്ടും ബൌസും ഒക്കെ ധരിച്ച് തൊഴുത്തിലും മുറ്റത്തുമായി നടക്കുന്നുണ്ടാകും. അതിനു താഴെയൊരു പെണ്ണ് കുട്ടിയെയുമെടുത്ത് വീട്ടുജോലിയും നോക്കി അകത്ത് എവിടെയെങ്കിലും ഉണ്ടാകും. കുറഞ്ഞത്‌ നാല് തലമുറ ചേര്‍ന്നതായിരുന്നു അന്നൊക്കെ ഒരു വീട്. ഇതു അതിശയോക്തിയാണ് എന്ന് ബോദ്ധ്യമുള്ളവര്‍ക്ക് എന്നെ തല്ലാം.

ഞാന്‍ ഈ പറഞ്ഞ കാലഘട്ടത്തില്‍ ഒന്നും ഇത്രയും ആശുപത്രികള്‍ ഇല്ല. കത്രിക വെയ്പ്പൊന്നും ഇത്രയും വളര്‍ന്നിട്ടില്ല. പതിനായിരക്കണക്കിന് ആളുകള്‍ എം.ബി.ബി.എസ്സും, എം.ഡിയും, ബി.എ.എം.എസും, ബി.എച്.എം.എസും, ഡി.എച്.എം.എസും, നാച്ചുറോപ്പതിയും, യോഗയുമൊന്നും എടുത്തു ഡോക്ടര്‍മാര്‍ ആയിട്ടില്ല. ഇത്രയും സ്പെഷ്യാലിറ്റി ആശുപത്രികള്‍ മുക്കിനു മുക്കിന് ഇല്ല. സാധാരണ ആശുപത്രികള്‍ പോലും കുറവ്. അന്നത്തെ ചിത്രമാണീ പറഞ്ഞത്.

പലപ്പോഴും അമ്മ, മകള്‍ പ്രസവിച്ച് കഴിഞ്ഞ് ഒന്നു കൂടെ പ്രസവിക്കും. അതുകൊണ്ട് മകളുടെ കുട്ടി ‘അമ്മാവന്‍’ എന്നു വിളിക്കണോ, അമ്മയുടെ കുട്ടി അനന്തിരവനെ ‘ചേട്ടന്‍’ എന്നു വിളിക്കണോ എന്ന പ്രശ്നം വരും. ഇത് അതിശയോക്തിയൊന്നും അല്ല. അന്ന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് പ്രഷര്‍, ഹാര്‍ട്ട്‌, ഷുഗര്‍, കാന്‍സര്‍ ഒന്നും തന്നെ കാര്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഈ എണ്‍പതും തൊണ്ണൂറും ഒക്കെ എത്തിക്കഴിയുമ്പോഴും സ്തനങ്ങള്‍ ഒക്കെ തൂങ്ങിക്കിടക്കും എന്നല്ലാതെ അതിലൊന്നും ഒരു മുഴയും കണ്ടില്ല. ഇന്ന് ഇക്കണ്ട മരുന്നൊക്കെ കഴിച്ച് ചികിത്സ ചെയ്തിട്ടും എണ്‍പത് ശതമാനം സ്ത്രീകളിലും ഒരു സ്തനം അല്ലെങ്കില്‍ രണ്ടും മുറിച്ചു കളയണം എന്നതാണ് സ്ഥിതി. വേറെയുമുണ്ട് അസുഖങ്ങള്‍. അണ്ഡാശയത്തില്‍ കാന്‍സര്‍, യൂട്രസ്സില്‍ കാന്‍സര്‍, സെര്‍വിക്സില്‍ കാന്‍സര്‍! മുപ്പത്തിയഞ്ച് വയസ്സ് കഴിയുമ്പോള്‍ സ്ത്രീകള്‍ കുറ്റിയറ്റു പോകുകയാണ്.

പലയിടത്തും പുരുഷന്മാര്‍ ഭാര്യ മരിച്ചിട്ടും ജീവിച്ചിരിക്കുന്നത്‌ ഇന്നു കാണാം. പണ്ടു കാലത്ത് തിരിച്ചാണ്. പുരുഷന്‍ മരിച്ചിട്ട് സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന കാഴ്ചയാണ് കാണുക.

പല കുടുംബങ്ങളിലെയും ആണിക്കല്ല് ആയ കുട്ടികള്‍ ജോലി കിട്ടാറാകുമ്പോഴാണ് സര്‍ക്കോമയും, ബ്രെയിന്‍ കാന്‍സറും, ഗ്ലയോമയും, മിക്സഡ്‌ ഗ്ലയോമയും ആസ്ട്രോസൈറ്റൊമയും ലുക്കീമിയയും ഒക്കെ വന്ന് പെട്ടന്ന് ഭൂമുഖത്തു നിന്ന് പോകുന്നത്. രോഗങ്ങളെ നിയന്ത്രണത്തിലാക്കുന്തോറും രോഗം കുറയുകല്ല എന്ന് നമുക്ക് കാണേണ്ടി വരുന്നു.

പണ്ട് ഇന്നത്തെ ഗൈനക്കോളജിസ്റ്റിന്‍റെ സ്ഥാനത്ത് വയറ്റാട്ടി ആയിരുന്നു. പതിച്ചി എന്ന് ചിലയിടങ്ങളില്‍ പറയും. വീട്ടിലെ വിവാഹം കഴിഞ്ഞ കുട്ടി, വീട്ടുകാരോടൊത്ത്‌ പണിയെടുത്തു പോകുന്നതിനിടയില്‍ ഒരു ദിവസം ഗര്‍ഭിണിയാകും. വീട്ടില്‍ അറിയാവുന്ന വല്ലവരും ഉണ്ടെങ്കില്‍ ഒരു പാല്‍ക്കഷായമോ മറ്റോ ഉണ്ടാക്കി കൊടുക്കും. പ്രസവവേദനയാകുമ്പോള്‍ വയറ്റാട്ടിയെ വിളിച്ചു കൊണ്ടു വരും. കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സ്ത്രീയാണ് അവള്‍. കക്കാനീറ്റലോ കുമ്മായമിടിക്കലോ ആയിരിക്കും അവളുടെ പണി. ജാതിയിലും തീരെക്കുറഞ്ഞവളായിരിക്കും. സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും പണക്കാരനായാലും ദരിദ്രനായാലും അവളാണ് ഗൈനക്കോളജിസ്റ്റ്! ചെയ്യുന്ന പണി ഒന്നായതു കൊണ്ട് രണ്ടുപേര്‍ക്കും ഒരേ പേര് പോരേ?

അവള്‍ ഓടി വന്ന് കയ്യും കാലും ഒന്നു വൃത്തിയായി കഴുകി, ഉടുത്ത തോര്‍ത്തു പോലും മാറ്റി ഉടുക്കാതെ പേറ്റുനോവുകാരിയുടെ മുറിയില്‍ കയറി കതകടയ്ക്കും.

അന്നത്തെ വൈദ്യന്മാരോക്കെ ഇങ്ങനെയാണ്. ആരുടെയും ഉള്ളില്‍ കയറിയൊന്നും പരിശോധിക്കില്ല. ചികിത്സയുടെ ഭാഗമായിട്ട് ആവശ്യമായി വരുമ്പോള്‍ ചെല്ലും. നേരെയോന്നു നോക്കും. വേണ്ടതു ചെയ്യും. അതിനപ്പുറമില്ല. പരിശോധനയൊക്കെ വളരെ കുറവാണ്.

വയറ്റാട്ടി അകത്തു കയറി കതകടച്ചു. കുട്ടി പ്രസവിച്ചു. നല്ല ആരോഗ്യമുള്ള കുട്ടികള്‍. ഇങ്ങനെ മിനിമം നാല്. മാക്സിമം പതിനെട്ട്. പണ്ടു കാലത്ത് പെണ്ണ് പ്രസവിക്കുന്ന കണക്കാണ്.

കുട്ടികള്‍ക്ക് കാര്യമായ രോഗങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. വല്ല പനിയോ മറ്റോ വന്നാല്‍, തള്ള ഒരു കട്ടന്‍ കാപ്പിയും മൊരിച്ച റൊട്ടിയും കൊടുത്തു പുതപ്പിച്ചു കിടത്തി അത് അങ്ങു മാറും. ഇല്ലെങ്കില്‍ ഒരു പൊടിയരിക്കഞ്ഞിയില്‍ അതങ്ങു മാറും. ഇന്ന് ഈ ഒരു പനി വന്നാല്‍ പത്തു ആശുപത്രികളില്‍ കയറിയിറങ്ങി ഒടുവില്‍ തെക്കേപ്പുറത്ത് പറമ്പില്‍ കുഴിച്ചിടും. മരുന്നുകള്‍ കൊണ്ട് മാറുമായിരുന്നുവെങ്കില്‍ ലോകത്ത് ഏറ്റവുമധികം മരുന്നുകളും ഏറ്റവുമധികം ഏറ്റവും അധികം മെഡിക്കല്‍ കമ്പനികളും, ഏറ്റവും അധികം ആശുപത്രികളും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. പക്ഷെ ലക്ഷങ്ങള്‍ ഇറങ്ങിപ്പോവുകയും കുടുംബം പട്ടിണിയാവുകയും രോഗി നരകയാതന അനുഭവിച്ചു മരിക്കുകയും ചെയ്യുന്നതാണ് ഇന്നു കാണുന്ന കാഴ്ച. പണ്ടുകാലത്ത് എന്തായാലും ഇത്രയും നരകിച്ചു കിടക്കുന്ന കാഴ്ച ഇല്ലെന്നാണ് എന്റെ ഓര്‍മ്മ. നിങ്ങളില്‍ പ്രായമുള്ളവര്‍ക്ക് എന്ത് പറയാനുണ്ട്?

ആശുപത്രിയില്‍ പോകുന്നതു കൊണ്ട് ഇന്നുള്ള മെച്ചം അവിടെ ചെന്നാല്‍ നരകയാതന അനുഭവിച്ചു കഴിയുന്ന അനേകം പേരെ ഒന്നിച്ചു കാണാം. ദയനീയമാണ് ആ കാഴ്ച.

പണം കൊണ്ടും മരുന്ന് കൊണ്ടും രോഗം മാറുമെങ്കില്‍ ഇപ്പോള്‍ മാറുന്ന പോലെ ഒരു കാലത്തും മാറില്ല. അതു മാറില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായില്ലേ? പണം ചെലവാക്കിയിട്ടും മരുന്നു കൊടുത്തിട്ടും രോഗി മരിക്കുന്നു.

പണ്ട് സ്ത്രീകള്‍ക്ക് ഇല്ലായിരുന്ന രോഗങ്ങളെല്ലാം ഇന്ന് സ്ത്രീകള്‍ക്ക് കൂടുതലാണ്. പുരുഷന്മാര്‍ക്ക് കുറച്ചു കുറഞ്ഞിട്ടുണ്ട്. ഹാര്‍ട്ട്‌ അറ്റാക്കും, പ്രമേഹവും, പ്രഷറും ഒക്കെ പണ്ട് പുരുഷന്മാര്‍ക്കേ വന്നിരുന്നുള്ളൂ. ഇന്ന് അതൊക്കെ ചെറുപ്പക്കാരായ പുരുഷന്മാരുടെ ഇടയില്‍ കുറഞ്ഞു. എന്തേ ഈ മാറ്റം? അതു പഠിച്ചാല്‍ രോഗം മാറുന്നത് എങ്ങനെ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അത് നന്നായി മനസ്സിലാക്കിയാല്‍ മതി, മരുന്ന് മേടിക്കാതെ തന്നെ പോയി രോഗം മാറ്റാം. പോരാത്തതിന് ഒരല്‍പം മരുന്ന് മേടിക്കണം.

മരുന്നല്ല പ്രധാനം.

[മൂന്നാം ഭാഗത്തില്‍ തുടരും]

അക്ഷരക്കഷായം-ഭാഗം-1

[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്]

ആരെങ്കിലുമൊക്കെ പറഞ്ഞതു കേട്ടു വന്നിട്ടുള്ളവരായിരിക്കും ഇവിടെ നില്‍ക്കുന്നവരില്‍ കൂടുതല്‍ പേരും. ബന്ധുക്കളോ പരിചയക്കാരോ ഇവിടെ വന്നിട്ട് രോഗം മാറി എന്നു കേട്ട് അതില്‍ അന്ധമായി വിശ്വസിച്ച് ചാടി പുറപ്പെടും. ഇവിടെ വന്നതു കൊണ്ടു മാത്രം രോഗം മാറില്ല. പല ആളുകളും “സ്വാമിയെ പോയി കാണുന്നു” എന്നറിയുമ്പോള്‍ സ്വാമി എന്തോ സിദ്ധി കൊണ്ട് ഒപ്പിയെടുക്കും, നുള്ളിയെടുക്കും എന്നൊക്കെ വിചാരിക്കാനിടയുണ്ട്. അതൊന്നും സത്യമല്ല. യാതൊരു സിദ്ധി കൊണ്ടുമല്ല അസുഖം പോകുന്നത്. നിങ്ങള്‍ നല്ലതു പോലെ ശ്രമിച്ചാലേ നിങ്ങളുടെ രോഗം മാറൂ.

നിങ്ങള്‍ പഠിച്ചിരിക്കുന്ന വിദ്യാഭ്യാസപ്രകാരം വൈറസും ബാക്ടീരിയയും അമീബയും മറ്റു സൂക്ഷ്മജീവികളും (microbes) ഒക്കെയാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇരുന്നൂറു വര്‍ഷങ്ങളായി ലോകമെമ്പാടും ഉള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നത് ഈ വഴിയിലാണ്. ഓരോ രോഗവും ഉണ്ടാക്കുന്ന വൈറസ്സിനെ കണ്ടെത്തുക – അതിനെ ഇല്ലായ്മ ചെയ്യാനുള്ള മരുന്ന് – കണ്ടുപിടിച്ചു രോഗിയ്ക്കു കൊടുക്കുക. – എന്നിട്ട് രോഗം മാറുമെന്നു വിശ്വസിച്ചിരിക്കുക. ഇതാണ് ഇന്നു നടന്നു വരുന്ന പണി. അതനുസരിച്ചുള്ള പേറ്റന്റ്‌ മരുന്നുകള്‍ ഓരോരുത്തരും കണ്ടുപിടിക്കുന്നു എന്നാണ് – വെയ്പ്പ്. അതുപോലെ ലുക്കീമിയയ്ക്കും, കാന്‍സറിനും, എച്. ഐ. വി-യ്ക്കും ഒക്കെ ഉള്ള പേറ്റന്റ്‌ മരുന്ന് എന്തോ ഈ സ്വാമി കണ്ടുപിടിച്ചു വെച്ചിട്ടുണ്ട്. അതങ്ങു വാങ്ങിച്ചു കഴിച്ചാല്‍ മതി, രോഗം പൊയ്ക്കോളും എന്നൊക്കെ കേട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ കള്ളത്തരമാണ്. ഇവിടെ ഒരു പേറ്റന്റ്‌ മരുന്നും ഇല്ല. നിങ്ങളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഈ കാര്യം പെട്ടന്നു മനസ്സിലാകും. എല്ലാവരുടെയും രോഗം മാറ്റാന്‍ പറ്റുന്ന ഏതെങ്കിലും പേറ്റന്റ്‌ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ റോയല്‍റ്റി കൊണ്ടു മാത്രം കോടികള്‍ ഉണ്ടാക്കാം. ആ പേറ്റന്റ്‌ പണി എനിക്കില്ല.

ഇവിടെ ചെയ്യുന്നത് ആയുര്‍വേദത്തിന്റെ അടിസ്ഥാനസങ്കല്‍പ്പത്തിലുള്ള ചികിത്സയാണ്. ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാനമായി പ്രായശ്ചിത്തം ആണ് ചികിത്സ. രണ്ടാമതായി പഥ്യം ആണ് ചികിത്സ. പിന്നെ ശമനം ആണ് ചികിത്സ. വീണ്ടും സുഖസാധകമാണ് ചികിത്സ. ഇങ്ങനെ ചികിത്സ എന്തൊക്കെയാണ് എന്ന് ആയുര്‍വേദം പറഞ്ഞിട്ടുണ്ട്.

അതില്‍ ഒന്നാമത്തേത് പ്രായശ്ചിത്തം ആണ്.

ആയുര്‍വേദം അനുസരിച്ച് പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ് രോഗമായി വരുന്നത്. അത് പ്രായശ്ചിത്തം കൊണ്ടല്ലാതെ മാറില്ല. അതിന് വളരെ മര്യാദയുള്ള ജീവിതം നയിക്കണം. അല്ലാതെ കാശ് കൊണ്ടൊന്നും ഓടി നടന്നാല്‍ രോഗം മാറില്ല. അതിനു വേണ്ടുന്ന വിനയവും സൗശില്യവും ഒക്കെ വന്നില്ലെങ്കില്‍ ഞാന്‍ മരുന്ന് തന്നതു കൊണ്ടോ നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയതു കൊണ്ടോ പത്തു പൈസയുടെ പ്രയോജനം കിട്ടില്ല. എന്നേയോ ബാക്കി വൈദ്യന്മാരെയോ അതിന് നിങ്ങള്‍ക്ക് കുറ്റം പറയാമെന്നല്ലാതെ രോഗം മാറില്ല. ഇതിന് എത്ര വേണമെങ്കിലും തെളിവ് നിങ്ങള്‍ക്കു മുമ്പില്‍ ഉണ്ട്.

ഇന്ന്, നിങ്ങള്‍ വിവാഹം കഴിച്ചാല്‍ ഭാര്യയും ഭര്‍ത്താവും ആദ്യമേ ഒരു ഡോക്ടറെ പോയി കാണും. നിങ്ങളെ അവര്‍ നൂല്‍ബന്ധമില്ലാതെ നിര്‍ത്തി മുഴുവന്‍ അവയവങ്ങളും ബാഹ്യമായും ആന്തരികമായും നേരിട്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചും പരിശോധിക്കും. എന്നിട്ടു മരുന്നുകള്‍ കുറിയ്ക്കും. അതു കഴിക്കും. ഗര്‍ഭിണിയാകും. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ ഓരോ ആഴ്ചയിലും വീണ്ടും പരിശോധന ഉണ്ടാകും. മരുന്ന് എഴുതും. അതും കഴിക്കും. ആശുപത്രിയില്‍ തന്നെ പ്രസവിക്കും. വീട്ടില്‍ പ്രസവിക്കാന്‍ പേടിയാണ്. ബാക്റ്റീരിയയും വൈറസും ഒക്കെ വീട്ടില്‍ ഉണ്ട്. ആശുപത്രിയിലെ അണുവിമുക്തമാക്കിയ ഓപറേഷന്‍ തീയേറ്ററില്‍ ഒന്നിലധികം പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങളുടെ ഭാര്യയോ മകളോ പ്രസവിക്കും. പിറന്നതു മുതല്‍ കുട്ടികള്‍ക്ക് രോഗം! ശാസ്ത്രം ഇത്രയും വികസിച്ച കാലത്ത്, ഇത്രയും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വേണ്ടതൊക്കെ ചെയ്തിട്ടും കുഞ്ഞിനു രോഗമുണ്ടായി. അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. ഞാന്‍ പറയുന്നത് ശരിയല്ലേ? നിങ്ങള്‍ അനുഭവസ്ഥരാണ്. നിങ്ങള്‍ക്ക് ഇതു ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ കഴിയും.

ഞാന്‍ അറിയുന്നിടത്തോളം ഇന്ന് ഒരിക്കലോ പിന്നെ ഒരു തവണ കൂടിയോ മാത്രമാണ് കേരളത്തിലുള്ള സ്ത്രീകള്‍ പ്രസവിക്കുന്നത്. പ്രസവിച്ച കുട്ടിയ്ക്കും രോഗം, തള്ളയ്ക്കും രോഗം.

[തുടരും]

36 ¦ കൂവളം വീട്ടിൽ വളർത്താമോ?

❤ കൂവളം വീട്ടിൽ വളർത്താമോ? ❤

ഒട്ടേറെ പേർക്ക് സംശയം. കൂവളം വീട്ടിൽ നട്ടു വളർത്തുവാൻ പറ്റുന്ന മരമാണോ?
കൂവളം കെട്ട ഇടം നശിച്ച ഇടമാണെന്ന രീതിയിൽ ഒരു പഴയ ചൊല്ല് ഉണ്ട്. ആ ചൊല്ല് ആണ് ഈ ചോദ്യത്തിനുള്ള കാരണം.
“കൂവളം കെട്ടടം
നാരകം നട്ടടം
നാരി നടിച്ചടം
നായ പെറ്റടം”
ഇവ നാലും കയറാൻ കൊള്ളാത്ത ഇടമാണ് എന്ന് പഴമൊഴി.
ബാക്കി മൂന്നും ഒഴിവാക്കിയിട്ടാണോ കൂവളത്തിന്റെ കാര്യം ചോദിക്കുന്നത് എന്ന് എന്റെ സംശയം.
കൂവളം അങ്ങനെയൊന്നും നശിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
കൂവളത്തിന് സംസ്കൃത ഭാഷയിൽ ലക്ഷ്മീഫല: എന്നൊരു പര്യായനാമം ഉണ്ട്. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണെന്ന് ഭാരതീയ സങ്കൽപ്പം. അതുകൊണ്ടാണ് അറിവുള്ളവർ കൂവളം വീട്ടുമുറ്റത്ത് വെച്ചു പിടിപ്പിക്കുന്നത്. ഒരു കൂവളം വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ല എന്ന് ഒരു പഴയ ചൊല്ല് ഉണ്ട്.
ബില്വ: എന്നാണ് കൂവളത്തിന്റെ സംസ്കൃതഭാഷയിലെ നാമം. ബിലം എന്നാൽ പാപം. ബില്വ: ബില ഭേദനേ. പാപത്തെ ഭേദിച്ചു കളയുന്നതാകയാൽ ബില്വ: ശാരീരികവും മാനസികവുമായ രോഗങ്ങൾ ഉണ്ടാക്കുന്ന മനുഷ്യപാപങ്ങളെ വേരോടെ പിഴുതെറിയുന്നതു കൊണ്ട് ബില്വം എന്ന് പേർ.
ഒരു കൂവളം വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള സിദ്ധൗഷധം വീട്ടിൽ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.
ചുരുക്കത്തിൽ കൂവളം വീട്ടിൽ വളർത്താം. ഒരു കുഴപ്പവുമില്ല.
കൂവളത്തിന്റെ ഔഷധഗുണങ്ങൾ ആരോഗ്യജീവനം ബ്ലോഗിൽ പല തവണ ചർച്ച ചെയ്തിട്ടുണ്ട്.
മറ്റൊരു ചോദ്യം കൂവളക്കായയ്ക്ക് വിഷമുണ്ടോ എന്നതാണ്.
ഓർക്കുക. കൂവളക്കായയ്ക്ക് വിഷമില്ല. പഴുത്ത കൂവളക്കായ ഉപയോഗിച്ച് വടക്കേ ഇന്ത്യയിൽ ഉള്ളവർ പലവിധം പാനീയങ്ങൾ ഉണ്ടാക്കി കുടിക്കാറുണ്ട്. കൂവളക്കായ ശുക്ളവർദ്ധകമാണ്. ബീജവർദ്ധനവിന് നല്ലതാണ്. ജര വരാതിരിക്കാൻ നല്ലതാണ്. പിഞ്ചുകായ വയറ്റിലുണ്ടാക്കുന്ന മിക്ക അസുഖങ്ങള്‍ക്കും സിദ്ധൗഷധമാണ്. അരോഗ്യജീവനം (www.arogyajeevanam.org) തിരഞ്ഞാൽ ഒട്ടേറെ ഔഷധ പ്രയോഗങ്ങൾ കിട്ടും.
മറ്റു പാഴ്മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പകരം വീട്ടുമുറ്റത്ത് ഒരു കൂവളം നട്ടു വളർത്തുക.
ഹരി ഓം.
കടപ്പാട്: സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്