31 ¦ എരിക്ക് ¦ CALATROPIS GIGANTEA

31 ¦ എരിക്ക് ¦ CALATROPIS GIGANTEA
31 ¦ എരിക്ക് ¦ CALATROPIS GIGANTEA

തിരുവോണം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷമാണ് എരിക്ക്.

കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം.

താന്ത്രികപൂജകളില്‍ പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു.

ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്‍ച്ചിക്കാന്‍ കര്‍ണ്ണാടകയിലെ അര്‍ച്ചകര്‍ വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു.

ഗണേശനും ഹനുമാന്‍ സ്വാമിയ്ക്കും വെള്ളെരിക്കിന്‍പൂവിന്‍റെ മാല അതീവപ്രിയമത്രേ.

മേല്‍പ്പറഞ്ഞത്‌ പോലെയുള്ള വിശ്വാസത്തിന്‍റെ വിഷയമായതു കൊണ്ട് ഈ സസ്യത്തെ ഈ നാട്ടുകാര്‍ വെട്ടിപ്പറിച്ചു കളയാറില്ല എന്ന് തന്നെയല്ല വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുകയും ചെയ്യാറുണ്ട്. പലരുടെയും വീടുകളില്‍ എരിക്ക് വളര്‍ത്തുന്നത് കാണാം. മരുന്നുണ്ടാക്കാന്‍ പൂവ് വേണമെങ്കില്‍ എങ്ങും തിരഞ്ഞുനടക്കേണ്ട കാര്യമില്ല, ഏതെങ്കിലും ശിവക്ഷേത്രത്തിന്‍റെയോ ഗണേശക്ഷേത്രത്തിന്‍റെയോ ആഞ്ജനേയക്ഷേത്രത്തിന്‍റെയോ പരിസരത്തുള്ള പൂക്കടകളില്‍ സുലഭമായി ലഭിക്കും എരിക്കിന്‍ പൂവ് (കേരളത്തിലെ കാര്യം ഉറപ്പില്ല).

മുമ്പ് ഒരു പോസ്റ്റില്‍ എരിക്കിനെക്കുറിച്ചും എരിക്ക് ഉപയോഗിച്ചുള്ള ഔഷധപ്രയോഗങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിരുന്നു:
27 | എരുക്ക് | CALATROPIS GIGANTEA

അന്ന് ചര്‍ച്ച ചെയ്യാഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍

സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.

എരിക്കിന്‍റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.

നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്‍റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.

സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്‍റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്‍റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.

ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്‌. എരിക്കിന്‍ പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.

ഇതൊക്കെ പഠിച്ച കാര്യങ്ങള്‍ ആണ്. പ്രയോഗത്തില്‍ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എങ്കിലും നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക. പതിവു പോലെ അറിഞ്ഞ കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഈ ലേഖനം.

@anthavasi

23 | ഔഷധസസ്യം | ഇലമുളച്ചി

23 | ഔഷധസസ്യം | ഇലമുളച്ചി
23 | ഔഷധസസ്യം | ഇലമുളച്ചി

ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു  സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ  സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ  ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.

മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.

ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത്  നല്ലതാണ്.

ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.

#plant_a_plant #urmponline #arogyajeevanam