കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കണ്ടുവരുന്ന പ്രശ്നങ്ങളാണ് പാല് കുടിക്കുമ്പോള്‍ അലര്‍ജി, പഴങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജി എന്നിവ. ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരസാധനങ്ങള്‍ തന്നെ അലര്‍ജി ഉണ്ടാക്കുന്ന അവസ്ഥ!
ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ശ്രമിച്ചു നോക്കാവുന്ന ലളിതമായ ഒരു ഔഷധപ്രയോഗം. വെള്ള പൂവുള്ള കൊടുവേലിയുടെ വേര് പറിച്ചെടുത്ത് ഉണങ്ങിയെടുത്തോ, അങ്ങാടിമരുന്നുകടയില്‍ നിന്ന് ഉണങ്ങിയ വേര് വാങ്ങിയോ, ശുദ്ധി ചെയ്ത്, പൊടിച്ചു വെച്ച്, അതില്‍ രണ്ടു ഗ്രാം പൊടി, ചൂടുവെള്ളത്തില്‍ കലക്കിയോ, വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ചോ നിത്യം രാവിലെയും വൈകിട്ടും മുടങ്ങാതെ കുറച്ചുനാള്‍ കഴിച്ചു നോക്കുക. വയറ്റില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ശമിക്കും. അജീര്‍ണ്ണം, ദഹനക്കേട്, വിശപ്പില്ലായ്മ, അണുബാധ, വാതജരോഗങ്ങള് തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കാന്‍ ഈ പ്രയോഗം പര്യാപ്തമാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിഷബാധയിലും ഫലപ്രദം.
പ്രകൃതിയിലുള്ള ഔഷധികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ദേവതകള്‍. ആരോഗ്യം അവരുടെ വരദാനമായിരുന്നു. പ്രകൃതിയോട് താദാത്മ്യത്തില്‍ ജീവിച്ചപ്പോള്‍ മനുഷ്യന് ഇന്നു കാണുന്ന രീതിയിലുള്ള അസാല്മ്യജരോഗങ്ങള് ഉണ്ടായിരുന്നില്ല എന്ന് അനുഭവസ്ഥരായ ആചാര്യന്മാര് പറയുന്നു. പ്രകൃതിയിലെ ദേവതകളായ ഓഷധികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പ്രകൃതിയെ താറുമാറാക്കി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അലര്‍ജിയായും മറ്റു പല ആമയങ്ങളായും മനുഷ്യന് അതിന്റെ ഫലവും കിട്ടാന്‍ തുടങ്ങി. ഒരു തിരിച്ചു പോക്ക് അസാധ്യമെങ്കിലും, ഇന്നും പലതും നമുക്ക് ചെയ്യാം. പ്രത്യക്ഷദേവതകളായ ഓഷധികളെ വീട്ടുവളപ്പിലും, പൂന്തോട്ടങ്ങളിലും ഫ്ലാറ്റിലെ ബാല്‍ക്കണിയിലും വീടിന്റെ ടെറസ്സിലും ഒക്കെ നമുക്ക് വളര്‍ത്താവുന്നതേയുള്ളൂ. അവയുടെ സാന്നിധ്യം ആശുപത്രികളെയും ഡോക്ടര്‍മാരെയും ദൂരെ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുക.
പുതുതലമുറയിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വസ്തുവാണ് വയമ്പ്. “തേനും വയമ്പും” ഒരു പക്ഷെ അവരുടെ കുട്ടിക്കാലത്ത് അവരുടെ നാവ് രുചിചിട്ടുണ്ടാവണം. എന്തായാലും ഇപ്പോള്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ നാവിന് ആ രുചി അന്യമാണ്, പൊതുവേ.
വയമ്പിന്റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു (തേന്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു കഴിപ്പിക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അത് ഒരു ആചാരമായിരുന്നു. പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ കുഞ്ഞിന്റെ രക്ഷിതാവ് കത്തിച്ച നിലവിളക്കിന്റെ മുമ്പില്‍ ഔഷധം തന്റെ മോതിരവിരലാല്‍ കുഞ്ഞിന്റെ നാവില്‍ തേച്ചു കൊടുക്കുന്നു. നല്ല ബുദ്ധിയും വാക്കും കുഞ്ഞിന് സ്വായത്തമാകാനുള്ള ഔഷധവും മനസ്സും.
വയമ്പിന്റെ സംസ്കൃതനാമം “വച” എന്നാണ്. “വച” എന്നാല്‍ വാക്ക് എന്നര്‍ത്ഥം. വായില്‍ നിന്ന് ഉണ്ടാകുന്നത് ആണ് വാക്ക്. വയമ്പ് എന്നാലും വായില്‍ നിന്ന് ഉണ്ടാകുന്നത് എന്നു തന്നെ അര്‍ത്ഥം. വാക്കിന് നല്ലത് എന്ന അര്ത്ഥത്തിലായിരിന്നിരിക്കണം പൂര്‍വ്വികര്‍ വയമ്പ് എന്നു പേര് കൊടുത്തതു തന്നെ . വാക്ക് നന്നാകാന്‍, വാക്കിനു സ്ഫുടത ഉണ്ടാകാന്‍ വയമ്പ് നല്ലത് എന്ന് ആയുര്‍വേദഗ്രന്ഥങ്ങള്‍.
ബുദ്ധിയ്ക്കും വയമ്പ് ഉത്തമം. വാക്കിനും ബുദ്ധിയ്ക്കും നല്ലതായതിനാല്‍ ആണ് വയമ്പിന്റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു നിത്യം കൊടുക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവില്‍ വന്നത്. സ്വര്‍ണ്ണം ബുദ്ധിയ്ക്ക് നന്ന്.
വയമ്പ് നാവില്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന തരിപ്പ് വേഗം സംസാരിച്ചു തുടങ്ങാന്‍ കുട്ടിയെ സഹായിക്കും എന്നത് പഴമക്കാരുടെ അനുഭവത്തില്‍ അധിഷ്ഠിതമായ അറിവാണ്. കുട്ടികള്‍ക്ക് മതിയായ വിശപ്പ് ഉണ്ടാകുന്നതിനും വയമ്പ് സഹായകമാണ്. അതിശക്തിയുള്ള ഒരു കൃമിനാശകം കൂടെയാണ് വയമ്പ്. Staphylococcus aureus പോലെയുള്ള രോഗകാരികളായ ബാക്ടീരിയകളെപ്പോലും നശിപ്പിക്കാനുള്ള ശേഷി വയമ്പിന് ഉണ്ട് എന്ന് ആചാര്യന്.
ബ്രഹ്മി, വയമ്പ്, ശാരിബ (നന്നാറി), തിപ്പലി, കൊട്ടം, കടുക്, ഇന്തുപ്പ് കല്ക്കമായി നെയ്യ് കാച്ചി കൊടുക്കുന്നത് കുട്ടികളില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധപ്രയോഗമാണ്.
വയറ്റില്‍ അസിഡിറ്റി,പുളിച്ചു തികട്ടല്‍, നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ ഉണ്ടായാല്‍, ലോകത്തുള്ള മരുന്നുകള്‍ എല്ലാം കഴിക്കാന്‍ തുടങ്ങും മുമ്പ്, അത് ആയുര്‍വേദമാകട്ടെ, അലോപ്പതിയാകട്ടെ, ഈ ഗൃഹവൈദ്യം ഒന്നു പരീക്ഷിച്ചു നോക്കുക.
ചെറുനാരങ്ങാനീര് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ Acid Reflux എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ വലിയൊരു ശതമാനം ആളുകള്‍ക്കും സാധിക്കും.
ഒരു ടീസ്പൂണ്‍ (അഞ്ചു മില്ലി) ചെറുനാരങ്ങാനീര് 225 മില്ലി ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് വെറും വയറ്റിലോ ആഹാരത്തിന് അര മണിക്കൂര്‍ മുമ്പോ മുടങ്ങാതെ കുറച്ചു ദിവസം കഴിച്ചാല്‍ അസിഡിറ്റി, പുളിച്ചു തികട്ടല്‍, നെഞ്ചെരിച്ചില്‍ ഒക്കെ ശമിക്കും. ശ്രദ്ധിക്കേണ്ട കാര്യം, നേര്‍പ്പിക്കാതെ ഒരിക്കലും ചെറുനാരങ്ങാനീര് കഴിക്കരുത്. നേര്‍പ്പിക്കാതെ ചെറുനാരങ്ങാനീര് കഴിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ചെറുനാരങ്ങയ്ക്കൊപ്പമോ ഒറ്റയ്ക്കോ ഗണപതിനാരങ്ങ (മാതളനാരങ്ങ) യുടെ നീരും ഉപയോഗിക്കാം. ഗണപതിനാരങ്ങ വിശപ്പില്ലായ്മ, വായുകോപം, വിശപ്പില്ലായ്മ, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയ പല പ്രശ്നങ്ങളിലും വളരെയധികം ഫലപ്രദമാണ്. ഗണപതിനാരങ്ങയുടെ നീര്, ചെറുനാരങ്ങയുടെ നീര്, ഇഞ്ചിനീര് ഇവ ഇന്തുപ്പും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം ശമിക്കും.
ചെറുനാരങ്ങയും ഗണപതിനാരങ്ങയും ഒക്കെ സംഘടിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളവര്‍ക്ക് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാതുളംഗരസായനം എന്ന ഔഷധം കഴിച്ചു നോക്കാം. ഗണപതിനാരങ്ങ, ചെറുനാരങ്ങ ഒക്കെത്തന്നെയാണ് ഔഷധത്തിലെ പ്രധാനചേരുവകള്‍. കഷ്ടപ്പെടാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് സോഡിയം ബെന്‍സോയേറ്റ് ഉണ്ടെങ്കില്‍ സഹിക്കേണ്ടി വരും. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഛര്‍ദ്ദിയ്ക്കും ഔഷധം അതീവഫലപ്രദമാണ്.
ദിവസവും ഒരു ആപ്പിൾ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാമെന്ന അര്‍ത്ഥത്തില്‍ ഒരു പഴമൊഴി ഉണ്ട് ആംഗലേയഭാഷയില്‍ – An apple a day keeps the doctor away. വിപണിയില്‍ കിട്ടുന്ന മെഴുകില്‍ പൊതിഞ്ഞ ഉടുപ്പിട്ട വരത്തന് ആപ്പിളുകള്‍ തിന്നാല്‍ ആശുപത്രിയില്‍ താമസമാക്കാം എന്ന് പുതുമൊഴി. അത് അവിടെ നില്ക്കട്ടെ.
ശരിയായ ദഹനത്തിനും മലശോധനയ്ക്കും ദിവസവും ഒരു പേരയ്ക്കാ കഴിച്ചാല്‍ മതിയെന്ന് എന്റെ സുഹൃത്തായ ഒരു പഴയ തലമുറ ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. പേരയ്ക്കാ ആപ്പിളിനെക്കാള്‍ നൂറിരട്ടി പ്രയോജനപ്രദമാണ് എന്ന് അവര്‍ പറയുന്നു. പേരയ്ക്കാ തൊലി കളയാതെ കുരു നന്നായി ചവച്ചരച്ചു കഴിക്കുന്നത് ഏറ്റവും ഗുണപ്രദം. പേരയ്ക്കാ ഇങ്ങനെ കഴിക്കുന്നത് ശീലമാക്കുന്നതു വഴി മണ്തരികളെപ്പോലും ദഹിപ്പിക്കാനുള്ള ശക്തി ദഹനേന്ദ്രിയവ്യവസ്ഥ ആര്ജ്ജിക്കുമത്രേ!
വളരെ പോഷകഗുണങ്ങള്‍ ഉള്ളതും ധാതുവര്ദ്ധകവുമായ ഫലമാണ് പേരയ്ക്കാ. കുരുവടക്കം ചവച്ചു കഴിക്കുകയാണെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണമായി പേരയ്ക്കാ പ്രവര്‍ത്തിക്കുകയും മലശോധനയെ മെച്ചപ്പെടുത്തുകയും ചെയ്യും.
പേരയുടെ ഇല കഷായം വെച്ച് കഴിച്ചാല്‍ ഛര്‍ദ്ദിയും വയറിളക്കവും ശമിക്കും. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലും ഛര്‍ദ്ദിയും വയറിളക്കവും ശമിക്കും. പേരയുടെ തളിരില വെറുതെ ചവച്ചു തിന്നാലും ചര്‍ദ്ദി ശമിക്കും. ഇതൊക്കെ കാലങ്ങളായി മുത്തശ്ശിമാര്‍ പ്രയോഗിച്ചു പോരുന്ന ഗൃഹവൈദ്യപ്രയോഗങ്ങള്‍ ആണ്.
പേരയിലയില്‍ അടങ്ങിയിരിക്കുന്ന EUGENOL + TANNINs ആണ് ഛര്‍ദ്ദിയും വയറിളക്കവും നിയന്ത്രിക്കാന്‍ സഹായകമാകുന്നത്.
വയറിളക്കം മാറാന്‍ പേരയുടെ വേരിന്മേല്ത്തൊലി കഷായം വെച്ചു കുടിച്ചാലും മതി. പേരവേരിന്മേല്ത്തൊലി വറുത്തു പൊടിച്ചു വെച്ച് ആ പൊടി മോരില്‍ കലക്കി കഴിച്ചാലും വയറിളക്കം ശമിക്കും. കൊച്ചുകുട്ടികളില്‍ ഇത് അതീവഫലപ്രദമാണ്.
പേരയുടെ ഫലം ദഹനം വര്‍ദ്ധിപ്പിക്കുകയും ശോധന മെച്ചപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇല വിപരീതഗുണം പ്രകടമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ആരോഗ്യത്തിന് ദിവസം ഒരു പേരയ്ക്കാ മതി! ആപ്പിള്‍ വേണമെന്നില്ല.
ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്ക്ക് അമൃത് പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.
പാല് ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.
ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.
വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.
പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.
മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.
ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ജീരകം, കരിഞ്ചീരകം (കൃഷ്ണജീരകം) ഇവ 15 gm വീതം എടുത്ത് നന്നായി ഉണക്കി നന്നായി പൊടിച്ച്, 15 gm വീതം പെരുങ്കായം, ഇന്തുപ്പ് എന്നിവ വെവ്വേറെ വറുത്ത് നന്നായി പൊടിച്ച്, കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം ദഹനസംബന്ധിയായി വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.
ഈ ചൂര്‍ണ്ണം സൂക്ഷിച്ചു വെയ്ക്കാവുന്നതാണ്.
ദഹനപ്രശ്നങ്ങള്‍, വായു കോപം, വയറുവേദന തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തിലോ, മോരിലോ ഒരു സ്പൂണ്‍ ചൂര്‍ണ്ണം നന്നായി കലക്കി കഴിക്കുന്നത് വളരെ ഫലപ്രദമാണ്.
ആഹാരസാധനങ്ങളുടെ കൂടെ ഒരു “ചട്ണി” ആയും ഈ ചൂര്‍ണ്ണം ഉപയോഗിക്കാം.
DIGESTION
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only