മുള്മുരിക്കിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ചെറുതിപ്പലി ഏഴു തവണ ഭാവന ചെയ്തെടുത്ത് വര്ദ്ധമാനയോഗത്തില് 21 ദിവസം ചെറുതേനില്‍ സേവിച്ചാല്‍ കരള്‍സംബന്ധിയായ എല്ലാ ആമയങ്ങളും ശമിക്കും. കരളിന് രസായനമാണ് ഈ ഔഷധം. ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ്, ലിവര്‍ സിറോസിസ് തുടങ്ങി എല്ലാ കരള്‍ രോഗങ്ങളിലും അത്ഭുത ഫലദായിയാണ് ഈ ഔഷധം.
മുരിക്കിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീര് എടുത്ത് അതില്‍ തിപ്പലി ഇട്ട് തിളപ്പിച്ചു കുറുക്കി തണലില്‍ ഉണക്കി എടുക്കുക എന്നതാണ് ഇവിടെ ഭാവന ചെയ്യുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ഏഴു പ്രാവശ്യം
ആദ്യത്തെ ദിവസം ഒരു തിപ്പലി, രണ്ടാമത്തെ ദിവസം രണ്ട്, അങ്ങനെ കൂട്ടിക്കൂട്ടി 21 ദിവസം. ശേഷം ഓരോന്നായി കുറച്ചു കുറച്ചു കൊണ്ടുവന്നു ഒടുവില്‍ ഒരെണ്ണമാക്കി നിര്‍ത്തുക.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്.
ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്.
ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ (FLD) ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi
“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍”
എന്ന് ഗുണപാഠം.
കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്.
കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര് അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്.
ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ പോളയുടെ നീര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ഗർഭാശയപേശികളെയും ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കാൻ കറ്റാർവാഴയുടെ സ്വരസത്തിന് കഴിവുണ്ട്. രക്തശുദ്ധിയ്ക്കും ഉത്തമം. കൂടിയ അളവിൽ വിരേചകമാണ്. മൂത്രളമാണ്. ഗുൽമം, പ്ളീഹാരോഗങ്ങൾ എന്നിവയിൽ ഫലപ്രദവുമാണ്. കഫ പിത്ത വാതരോഗങ്ങളെയും ശമിപ്പിക്കും.
കറ്റാർവാഴപ്പോളനീര് ഉണക്കി ഉണ്ടാക്കുന്ന ചെന്നി നായകവും ഔഷധമാണ്.
കുഴിനഖം, ദുഷിച്ച വ്രണങ്ങൾ എന്നീ വ്യാധികളിൽ കറ്റാർവാഴപ്പോളനീരും പച്ച മഞ്ഞളും ചേർത്തരച്ച് വെച്ചുകെട്ടുന്നത് അതീവഫലപ്രദമാണ്.
തീപ്പൊള്ളൽ, തന്മൂലം ഉണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന അലർജി (Skin allergy), കുരുക്കൾ തുടങ്ങിയവയിൽ കറ്റാർവാഴപ്പോളയുടെ ഉള്ളിലെ കാമ്പ് വരട്ടുമഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കി പുരട്ടുന്നത് അതീവഫലപ്രദമാണ്. വായ്പ്പുണ്ണ് മാറാനും ഈ പ്രയോഗം നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ ചേർത്തു കാച്ചിയ നല്ലെണ്ണ പുരട്ടുന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന “ഡയപ്പർ റാഷ്” മാറാൻ സഹായകമാണ്. ഒലിവെണ്ണയും ഉപയോഗിക്കാം.
ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴപ്പോളനീരും നാടൻ കോഴിമുട്ടയും ചേർത്തടിച്ച് ചാരായത്തിൽ സേവിക്കുന്നത് നല്ലതാണ്. അസ്ഥിഭംഗങ്ങളിലും മമ്മാഘാതങ്ങളിലും ഈ നാടൻ പ്രയോഗം അതീവ ഫലപ്രദമാണ്. കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകം ചേർത്ത് തുണിയിൽ പരത്തി ക്ഷതം ഏറ്റയിടത്ത് വെച്ചുകെട്ടുകയും ചെയ്യാം.
ചെന്നി നായകം, മീറ (മുറു) എന്നിവ കറ്റാർവാഴപ്പോളനീരിൽ നന്നായി അരച്ച് മിശ്രണം ചെയ്ത് കോഴിമുട്ടയുടെ വെള്ള പാകത്തിന് ചേർത്ത മിശ്രിതം പുറംപടയായിട്ടാൽ ലിഗമെന്റിന് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും പൂർണ്ണമായും ശമിക്കും.
കറ്റാർവാഴപ്പോളനീര്, തേൻ – രണ്ടും സമയോഗത്തിൽ നിത്യം സേവിക്കുന്നത് അർബുദത്തെ ശമിപ്പിക്കും. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
ആർത്തവകാലത്തെ വയറുവേദന മാറാൻ കറ്റാർവാഴപ്പോളനീര് നിത്യം രാവിലെയും വൈകിട്ടും സേവിക്കുന്നത് നല്ലതാണ്. 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
കറ്റാർവാഴപ്പോളനീര് അണ്ഡോല്‍പാദനത്തിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, വളരെ കുറഞ്ഞ അളവില്‍ മാത്രം രക്തം പോകുക (Amenorrhea) തുടങ്ങിയ അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് അതീവഫലദായകമാണ്.
യകൃത്ത്, പ്ളീഹാ വൃദ്ധികളിലും കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് നല്ലതാണ്. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും കഴിക്കാം.
നിത്യം കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും സേവിക്കുന്നതു വഴി വയറുവേദന, ഗുല്മ വായു എന്നിവയ്ക്ക് ശമനമുണ്ടാകും.
കുമാര്യാസവത്തിലെ ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴപ്പോളനീര്.
ചെന്നിനായകം ശോധനയുണ്ടാക്കും. ചെന്നിനായകവും ത്രിഫലയും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മലബന്ധം ശമിക്കും.
കറ്റാര്വാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ അല്‍പ്പം കല്ലുപ്പ് (Rock Salt) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി ജലാംശം കളഞ്ഞെടുത്ത്, ദിവസവും 5 gm വെച്ച് കഴിച്ചാല്‍ മലബന്ധം ശമിക്കും.
കറ്റാർവാഴപ്പോളനീര് വിരേചകമാണ്. വ്രണങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും ഉണ്ട്. ആകയാല്‍ നിയന്ത്രിതമാത്രയില്‍ സേവിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
കറ്റാർവാഴപ്പോളനീരില്‍ രക്തത്തെ നേര്‍പ്പിക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണ്ട്. കൊളസ്ട്രോളിന് എതിരെയും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആകയാല്‍ “ആതറോസ്ക്ലറോസിസ്” (Atherosclerosis – രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലെയുള്ള അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് വളരെ ഫലദായകമാണ്.
ഓരോ ടീസ്പൂണ്‍ വീതം കറ്റാർവാഴപ്പോളനീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്തു സേവിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായകമാണ്.
കറ്റാര്‍വാഴപ്പോളയുടെ മജ്ജ, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ഹോമിയോ മരുന്നുകടകളില്‍ കിട്ടുന്ന ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടും.
കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെച്ച്, വറ്റിച്ചെടുത്ത പൊടി, ഉണക്കിയെടുത്ത ചണ്ടിയുമായി ചേര്‍ത്തു ചൂര്‍ണ്ണമാക്കി നിത്യം സേവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.
കറ്റുവാഴ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധി ആണ്. രോഗങ്ങൾ പിടിപെടുമ്പോഴും, ആന്റിബയോട്ടിക് ഔഷധങ്ങൾ അധികമായി ഉപയോഗിക്കുന്നതുകൊണ്ടും, വേദനസംഹാരികൾ, സ്റ്റീറോയിഡ് ഔഷധങ്ങൾ തടങ്ങിയവ അസ്ഥാനത്തും ദീർഘകാലാടിസ്ഥാനത്തിലും ഉപയോഗിക്കുന്നതുകൊണ്ടും രോഗപ്രതിരോധശേഷി കുറയുന്നു. ഓരോ ഔൺസ് കറ്റാർവാഴപ്പോളനീരും ചിറ്റമൃതിന്റെ നീരും ചേർത്ത് അതിൽ 5 ഗ്രാം ശീലപ്പൊടിയാക്കിയ അമുക്കുരം ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും, നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും സഹായകമാണ്. ദീർഘകാലത്തെ ഔഷധസേവനം ആവശ്യമാണ്. HIV അണുബാധ തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞാൽ ഈ ഔഷധം വളരെ ഗുണകരമാണ്.
കറ്റാർവാഴപ്പോള കനലിൽ ചൂടാക്കി, ഉള്ളിലെ മജ്ജ/കാമ്പ് എടുത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത നീര് ഓരോ ടീസ്പൂൺ രണ്ട് തുള്ളി പശുവിൻ നെയ്യും നാലു തുള്ളി തേനും ചേർത്ത് ഓരോ മണിക്കൂർ ഇടവിട്ട് നുണഞ്ഞിറക്കിയാൽ ശ്വാസം മുട്ടൽ, ആസ്ത്മാ, വലിവ് ശമിക്കും.
കറ്റുവാഴനീര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതാണ് ഹിതം. കറ്റുവാഴനീരിൽ ഇരിമ്പോ അയസ്ക്കാന്തമോ ഇട്ട് കുറഞ്ഞത് അഞ്ചുമണിക്കൂർ കാറ്റ് ഏൽക്കാതെ വെച്ചാൽ കറ്റുവാഴനീരിന്റെ ദോഷാംശം മാറി ശുദ്ധമാകും.
ഗർഭിണികൾ, ശരിയായ ആർത്തവമുള്ളവർ, രക്താർശസ് (രക്തം പോകുന്ന അവസ്ഥയിലുള്ള മൂലക്കുരു/പൈൽസ്) ഉള്ളവർ ആരും കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാൻ പാടില്ല. അതിസാരം/വയറിളക്കം ഉള്ളപ്പോഴും കറ്റാർവാഴപ്പോളനീര് സേവിക്കരുത് – വയറിളകും.
കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍ ആണ് ഇവയൊക്കെ. ഔഷധം ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്ക്ക് അമൃത് പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.
പാല് ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.
ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.
വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.
പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.
മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.
ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.