കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്.
ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്.
ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ (FLD) ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi
സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും ഉള്ളതാണ്.
കാഞ്ഞിരം ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരുവ് ഉള്ളതാണ്. കാഞ്ഞിരം ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ആധുനികവൈദ്യശാസ്ത്രത്തിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന്റെ വേര്, തൊലി, ഇല, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ഈ ഔഷധസസ്യം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഇത് ഉത്തമ ഔഷധമാണ്. കാഞ്ഞിരം വിഷസസ്യമാണ്. അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍.
നന്നായി വിളഞ്ഞ കാഞ്ഞിരക്കുരു പശുവിന്‍പാലില്‍ ഇട്ട് വേവിച്ച് അതിന്റെ ഉള്ളിലെ പാടയും പുറമേയുള്ള തൊലിയും നീക്കി ഉണ്ടാക്കിയാല്‍ ശുദ്ധമാകും. മോരില്‍ പുഴുങ്ങിയും ശുദ്ധി ചെയ്യാം.
കാഞ്ഞിരക്കുരു ചാണകനീരില്‍ മൂന്നു ദിവസം ഇട്ടുവെച്ച് നാലാം ദിവസം എടുത്തു കഴുകി തിരുമ്മി തൊലി കളഞ്ഞ് ഗോമൂത്രത്തില്‍ പുഴുങ്ങി വറ്റിച്ച് എടുത്ത് ശേഷം പാലില്‍ പുഴുങ്ങിയാല്‍ അത്യന്തം ശുദ്ധമാകും.
കാഞ്ഞിരത്തിന്റെ വേര് മണ്ണില്‍ പൊതിഞ്ഞ്, ഞാവലിന്റെ വിറകു കത്തിച്ച കനലില്‍ വെച്ച് മൂന്നേമുക്കാല്‍ നാഴിക ചുട്ടെടുത്ത്, മണ്ണ് കളഞ്ഞ്, വെള്ളം കൊണ്ടു കഴുകിയാല്‍ ശുദ്ധമാകും. തൊലിയും ഇപ്രകാരം ശുദ്ധി ചെയ്യാം.
ഞാവലില ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ പുഴുങ്ങിയാല്‍ കാഞ്ഞിരത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും.
കാഞ്ഞിരത്തിന്റെ ഏതു ഭാഗവും നെയ്യില്‍ വറുത്താല്‍ ശുദ്ധമാകും.
കാഞ്ഞിരം നെല്ലില്‍ ചേര്‍ത്ത് ഒരു യാമം പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് പിളര്‍ന്ന് മുള കളഞ്ഞ് അരിഞ്ഞ് ചെറുചീരനീരില്‍ ഒരു യാമം ഇട്ടു വെയ്ക്കുക. തുടര്‍ന്നു തെറ്റാമ്പരല്‍ കഷായത്തില്‍ വേവിച്ചാല്‍ ശുദ്ധമാകും.
കാഞ്ഞിരം ആമവാതഹരമാണ് (Arthritis). ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന്റെ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതല്‍ അര്ശോരോഗത്തില് നല്ലതാണ്. ജ്വരത്തിലും വിശേഷം. ഗ്രഹണിചികിത്സയിലും ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന് ഒരുതരം മത്തുണ്ട്. ഈ ഗുണം കാരണം പഴയ തലമുറയിലെ വൈദ്യവിശാരദന്മാര് കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമായി ഉപയോഗിച്ചിരുന്നു. കല്പ്പസേവയെന്ന നിലയില്‍ കാഞ്ഞിരക്കുരു വളരെ ചെറിയ മാത്രയില്‍ തുടങ്ങി ഒരു കുരു മുഴവന്‍ വരെ വെറ്റില ചേര്‍ത്തരച്ചു സേവിക്കുന്നതാണ് ആ പ്രയോഗം.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരക്കുരു നല്ലതാണ്. ഗ്രഹണിയിലും കുരു ഉപയോഗിക്കാറുണ്ട്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കലുടെ അയവ്, എന്നിവയില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമം. കാഞ്ഞിരക്കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ, കാരസ്കരതൈലം, അതിവിശിഷ്ടമായ ഔഷധമാണ്. ആമവാതത്തിലും ടെന്നീസ് എല്‍ബോ എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമായ ഔഷധമാണ് ഈ എണ്ണ. കൂടാതെ, മലബന്ധം, ഗുദഭ്രംശം, ശുക്ളസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും പ്രയോജനകാരമാണ്.
കാഞ്ഞിരത്തിന്റെ മൂത്ത മരം തുരന്ന്, ഉണക്കമുന്തിരിങ്ങയും കല്‍ക്കണ്ടവും നിറച്ച്, മരത്തിന്റെ ദ്വാരം കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് കൊണ്ട് അടച്ച്, ചെറിയ അളവില്‍ വര്ദ്ധമാനയോഗത്തില് ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതു കൊണ്ട് സകലരോഗങ്ങളും മാറുമെന്ന് ഉപദേശരഹസ്യം.
ചെമ്പുകാശ് ഗോമൂത്രത്തില്‍ തൊണ്ണൂറ് ദിവസം ഇട്ടുവെച്ച് എടുക്കുക. ഒരു കോല് നീളത്തില്‍ അരക്കോല്‍ വണ്ണം ഉള്ള കാഞ്ഞിരത്തിന്റെ തടി കൊണ്ടുവന്ന്, തുളച്ച്, ശുദ്ധിചെയ്ത കാശ് അതിന്റെ ഉള്ളില്‍ വെച്ച്, കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് മേടിയടച്ച ശേഷം ആ തടി ദഹിപ്പിക്കുക. ചെമ്പ് വെളുത്ത നിറമുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണ്. അനുപാതം മാറ്റി പ്രയോഗിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഇല്ല. ജരാനരകള്‍ പോകും. യൌവ്വനം തിരിച്ചു വരും. ഏറ്റവും വലിയ സാരോപദേശമായി ആയുര്‍വേദം അറിഞ്ഞവര്‍ ഇതിനെ കരുതുന്നു. ഇത് കഴിക്കുമ്പോള്‍ ഉപ്പും പുളിയും അല്‍പ്പം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങാ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിന് നെയ്യ്, പാല്, പഞ്ചസാര – ഇവ നന്നായി ഉപയോഗിക്കാം.
മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി നല്ലെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണയെ ആഗിരണം ചെയ്തു കഴിഞ്ഞാല്‍ ആ മരം ഇല പൊഴിക്കും. ഒരു വിദേശവസ്തു തന്റെ ശരീരത്തില്‍ കയറി. അതും ചേര്‍ത്ത് മരത്തിന്റെ അടുക്കളയായ ഇലയില്‍ പാകപ്പെടുത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടം അറിഞ്ഞാണ് ആ മരം ഇല പൊഴിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ വലിച്ചു കയറ്റിയ എണ്ണയെ വിസര്‍ജ്ജിക്കുന്നു. കുപ്പിയില്‍ തിരികെ കിട്ടുന്ന ആ എണ്ണയുടെ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കും. സകല വൈറസ് ബാധകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഔഷധമാണ് ഈ എണ്ണ. പേവിഷബാധ(Rabies)യില്‍ പ്രത്യേകിച്ച് ഫലപ്രദമാണ് ഈ ഔഷധം. പേയിളകിയാല്‍ ഈ ഔഷധം അര ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മാറുന്നു എന്നത് രഹസ്യചികിത്സയില് പെട്ടതാണ്.
കാഞ്ഞിരത്തിന്റെ മരം തുളച്ച് വാളന്‍പുളി വെച്ച് തൊണ്ണൂറു ദിവസം കഴിഞ്ഞ് എടുത്താല്‍ അവീനു പകരം, അവീന്റെ സ്വഭാവങ്ങള്‍ ഇല്ലാതെ അവീന്‍ വേണ്ട യോഗങ്ങളില്‍ പരിചയസമ്പന്നരായ ഭിഷഗ്വരന്മാര് ഉപയോഗിക്കാറുണ്ട്.
ഹോമിയോപ്പതിയിൽ ഇത് Nux-v (Nux Vomica) എന്ന പേരില്‍ ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു.
മേല്‍പ്പറഞ്ഞത് ഓര്‍ക്കുക. കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഔഷധപ്രയോഗങ്ങള്‍ കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.
നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്ക്കിടകവാവിന് നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്. പഴയ തലമുറയിലെ മലയാളിയ്ക്ക് തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.
തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..
തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
തുമ്പപ്പൂവ് ഒരുപിടി ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
തുമ്പപ്പൂവ് അഞ്ചു ഗ്രാം, ഒരു ഗ്രാം കാവിമണ്ണ് (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമല | മഞ്ഞപ്പിത്തം മാറും.
തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.
വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ചു കടിവായില് പുരട്ടുന്നത് നല്ലതാണ്. തേള്, പാമ്പുകള്‍ എന്നിവ കടിച്ചാല്‍ തുമ്പ ഉപയോഗിച്ചിരുന്നു.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര് പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര് പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം @anthavasi
വെളുത്ത ആവണക്കിന്റെ തളിരില തൊട്ടുരിയാടാതെ പറിച്ച്, അല്‍പ്പം ജീരകവും, അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ച്, സൂര്യോദയത്തിനു മുമ്പ്, പാലില്‍ കലക്കി കഴിക്കുക. ഈ മരുന്നു കഴിക്കുന്ന ദിവസവും അതിനോടു ചേര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്. മരച്ചീനി ഒട്ടും ഉപയോഗിക്കരുത്.
കയ്യോന്നി അരച്ചു പാലില്‍ കഴിക്കുക. വെള്ളപ്പൂവും മഞ്ഞപ്പൂവും ഉള്ള കയ്യോന്നി ഉണ്ട്. രണ്ടും ഉപയോഗിക്കാം.
കഞ്ഞുണ്ണിയുടെ ഇലയും തണ്ടും അരച്ച് ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുട്ടിയെടുത്ത് സൂര്യോദയത്തിനു മുമ്പ് വിഴുങ്ങുക. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തേക്ക് കമിഴ്ന്നു കിടക്കുക. എഴുന്നേല്‍ക്കരുത്. സംസാരിക്കരുത്. മരുന്നു കഴിക്കുന്ന ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് എണ്ണയും പാലും ഉപയോഗിക്കരുത്. വേവിച്ച ചെറുപയര്‍ ധാരാളം കഴിക്കാം.തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗ്ലൂക്കോസ് കഴിക്കാം. ഉപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഉത്തമം. കാമല മാറും.
കൂവളവേര് പ്രധാനഘടകമായ ഒരു ഔഷധമാണ് വില്വാദിഗുളിക. കൂവളതതിന്റെ ഒരു സംസ്കൃതനാമം വില്വഃ എന്നാണ്. അതില്‍ നിന്നാണ് “വില്വാദി” എന്ന പേര് തന്നെ ഉണ്ടായത്. സര്‍പ്പവിഷം, തേള്‍വിഷം, ചിലന്തിവിഷം, തേനീച്ചയെപ്പോലെയുള്ള മറ്റു പ്രാണികളുടെ വിഷം, അജീര്‍ണ്ണം, വിഷൂചിക, ത്വക്-രോഗങ്ങള്‍, പനി, മലമ്പനി, കൈവിഷം തുടങ്ങിയ ഒട്ടനവധി പ്രശങ്ങള്‍ക്ക് വില്വാദിഗുളിക പരിഹാരമാണ്. പാമ്പ് പോലെ ജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവായില്‍ പുരട്ടാനും ഉള്ളില്‍ കഴിക്കാനും വില്വാദിഗുളിക ഉത്തമമാണ്. അതീവഫലദായകമാണ്. സഹസ്രയോഗപ്രകാരം കൂവളവേര്, തുളസിക്കതിര്, പുങ്കിന്‍കുരു (ഉങ്ങ്), തകരം, ദേവതാരം, ത്രിഫലത്തോട്, ത്രികടു, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി ഇവ സമമെടുത്ത് ആട്ടിന്‍മൂത്രത്തില്‍ നന്നായി അരച്ച് ഗുളികയാക്കി ഉരുട്ടി നിഴലില്‍ ഉണക്കിയെടുത്താണ് വില്വാദിഗുളിക ഉണ്ടാക്കേണ്ടത്. ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ്. ത്രികടുവെന്നാല് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയും. കൃതഹസ്തന്മാരായ വൈദ്യന്മാര് നീലയമരി, അങ്കോലവേര്, അങ്കോലയില, വിഷമൂലിക ഇവയൊക്കെ ചേര്‍ത്ത് വില്വാദിഗുളിക ഉണ്ടാക്കി ചികില്‍സിക്കാറുണ്ട്.
പ്രമേഹരോഗത്തില്‍ കൂവളത്തിന്റെ വേരും, ഇലയും, പച്ചക്കായയും നല്ല ഔഷധങ്ങളാണ്. തുടക്കമാണെങ്കില്‍ കൂവളത്തില മാത്രം മതി പ്രമേഹത്തെ നിയന്ത്രിക്കാന്‍.
കൂവളത്തിന്റെ ഇലയുടെ നീരും കുരുമുളകും ചേര്‍ത്തു കഴിച്ചാല്‍ വാതപിത്തകഫദോഷങ്ങളാലുണ്ടാകുന്ന നീരും, മലബന്ധവും, രക്തപിത്തവും മാറുമെന്ന് വൈദ്യമനോരമയില് പറയുന്നു. രണ്ടു കുരുമുളക് നന്നായി പൊടിച്ച് 15 മില്ലി കൂവളത്തിലനീരില്‍ നന്നായി ചേര്‍ത്തു കഴിച്ചാല്‍ മതി.
കൂവളവേര്ക്കാതല്, കൂവളത്തില, ചിറ്റമൃത് ഇവയുടെ ശീതകഷായം തേനും പെരുംകുരുമ്പവേരും കാടിയും ചേര്‍ത്തു കഴിച്ചാല്‍ വാതജവും കഫജവും പിത്തജവുമായ ചര്‍ദ്ദി മാറും. ഭാവപ്രകാശം, വംഗസേനസംഹിത, വൈദ്യമനോരമ, ശാര്ങ്ങധരസംഹിതതുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ ഔഷധത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഔഷധദ്രവ്യങ്ങള്‍ ചതച്ചു വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വെച്ച് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് ആണ് ശീതകഷായം ഉണ്ടാക്കുന്നത്.
കൂവളവേരും ചുക്കും കഷായം വെച്ചു കഴിച്ചാല്‍ ചര്‍ദ്ദി, വിഷൂചിക (വയറിളക്കം | കോളറ) ശമിക്കുമെന്ന് ഭാവപ്രകാശം. കൂവളവേരും ചുക്കും കറിവേപ്പിലയും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിമേദസ്സ് (അമിതവണ്ണം) മാറുമെന്ന് സുശ്രുതസംഹിത. ഔഷധദ്രവ്യങ്ങള്‍ എല്ലാം ചേര്‍ത്ത് 60 ഗ്രാം എടുത്ത് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സ് ആക്കി വറ്റിച്ച് പിഴിഞ്ഞെടുത്ത് അര ഗ്ലാസ്സ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുന്നതാണ് കഷായം ഉണ്ടാക്കി കഴിക്കേണ്ട രീതി.
കൂവളത്തിലനീര് ദേഹത്ത് പുരട്ടി കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ ഗാത്രദുര്‍ഗന്ധം മാറും. തൊലിപ്പുറത്ത് ഉണ്ടാകുന്ന കുരുക്കള്‍ മാറുമെന്ന് ഭാവപ്രകാശം. ശരീരത്തിന് ദുര്‍ഗന്ധം, വിയര്‍പ്പുനാറ്റം ഒക്കെ ഉള്ളവര്‍ പതിവായി ഇതു മാത്രം ചെയ്താല്‍ മതിയാകും. കൂവളത്തിലയും ആവില്ക്കുരുവും (ആവില്‍ ഒരു മരമാണ്) ചേര്‍ത്ത് അരച്ച് ശരീരത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ കുരുക്കളും ഗാത്രദുര്ഗന്ധവും പോകും.
കൂവളത്തിന്റെ തൈലം എടുത്തു ചെവിയില്‍ ഇറ്റിച്ചാല്‍ ബാധിര്യം പൂര്‍ണ്ണമായി മാറിക്കിട്ടുമെന്ന് സുശ്രുതസംഹിതയും വൈദ്യമനോരമയും പറയുന്നു. വില്വപഞ്ചാംഗം അരച്ച് എണ്ണ കാച്ചിത്തേക്കുകയും ചെവിയില്‍ ഇറ്റിക്കുകയും ചെയ്താല്‍ ബാധിര്യം മാറും. കൂവളത്തിന്റെ വേര്, ഇല, പൂവ്, കായ, തൊലി ഇവയാണ് വില്വപഞ്ചാംഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
കൂവളത്തിലയുടെ നീര് നെയ്യും ഇന്തുപ്പും തിപ്പലിയും ചേര്‍ത്ത് ഒരു ചെമ്പുതളികയില്‍ വെച്ച് കടഞ്ഞ് ചാണകവറളി കത്തിച്ചു പുകയേല്പ്പിച്ച് പാലില്‍ ലയിപ്പിച്ച് കണ്ണില്‍ നിറച്ചാല്‍ കണ്ണുവേദന മാറും. Conjunctivitis മാറും. Glaucoma മാറും. നയനരോഗങ്ങള്ക്കെല്ലാം നല്ലതാണ് ഈ ഔഷധം (വൈദ്യമനോരമ)
കൂവളക്കായയുടെ മജ്ജ, ഏലത്തരി, പഞ്ചസാര, മലര് ഇവ ചേര്‍ത്ത് അരച്ചു വെച്ചു കഴിച്ചാല്‍ നല്ല വിശപ്പുണ്ടാകും (അഷ്ടാംഗഹൃദയം)
കൂവളവേര്ക്കാതല് കൊണ്ടു കഷായം വെച്ച് മലരും പഞ്ചസാരയും ചേര്‍ത്തു കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം എന്നിവ മാറും. കുട്ടികളില്‍ അതീവഫലപ്രദം. കുട്ടികളിലെ വയറുകടി മാറാന്‍ കൂവളവേര്ക്കഷായം മാത്രം മതിയാകും.
മഹാവില്വാദിലേഹ്യം ലോഹഭസ്മം ചേര്‍ത്തു കഴിച്ചാല്‍ എത്ര കൂടിയ ക്ഷയവും മാറും. 25 ഗ്രാം മഹാവില്വാദിലേഹ്യം 400 മില്ലിഗ്രാം ലോഹഭസ്മം (101 പുടം) ഇവ ഒരു പാത്രത്തില്‍ നന്നായി കൂട്ടിച്ചേര്‍ത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ അല്പാല്പമായി കഴിക്കണം. ശ്രദ്ധാപൂര്‍വ്വം കഴിച്ചാല്‍ ശ്വാസകോശ കാന്‍സര്‍ (CA Lung) ചികിത്സിക്കാനും മഹാവില്വാദിലേഹ്യവും ലോഹഭസ്മവും മതിയാകും. Lung Fibrosis, Leukemia, Anemia എന്നിവയിലും ഇത് നല്ലതാണ്.
കൂവളവേര്ത്തൊലി കഷായം വെച്ചു കഴിച്ചാല്‍ പനി മാറും. കൂവളത്തിലനീര് നസ്യം ചെയ്താലും പനി മാറും. കൂവളത്തിലനീര് നസ്യം ചെയ്യുന്നത് നീരിളക്കം മാറാനും നല്ലതാണ്. കൂവളത്തിലനീര് കണ്ണില്‍ ഒഴിക്കുകയും ഉള്ളില്‍ കഴിക്കുകയും ചെയ്താല്‍ ചെങ്കണ്ണ് മാറും. കൂവളത്തിലനീര് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
കൂവളത്തിന്റെ പച്ചക്കായ ശതകുപ്പ, ഇഞ്ചി ഇവ ചേര്‍ത്ത് കഷായം വെച്ചു കഴിച്ചാല്‍ മൂലക്കുരു (അര്‍ശസ് | Piles) ശമിക്കും.
സന്നിയ്ക്ക് കൂവളയില അരച്ചു നിറുകയില്‍ തളം വെയ്ക്കുന്നത് നല്ലതാണ്. കൂവളത്തിന്റെ പൂവ് പിഴിഞ്ഞ നീര് കഴിച്ചാലും സന്നി മാറും. പൂവ് ഇപ്പോഴും കിട്ടില്ല. പറിച്ച് ഉണക്കി സൂക്ഷിക്കണം.
മഞ്ഞപ്പിത്തത്തോടു കൂടിയ മഹോദരത്തില്‍ കൂവളത്തിലനീര് കുരുമുളക് ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.
കൂവളത്തൊലിനീരില് ജീരകം പൊടിച്ചിട്ട് പാലും ചേര്‍ത്തു കഴിച്ചാല്‍ പുരുഷന്മാരിലെ ശുക്ലദുര്‍ഭിക്ഷത മാറും. പുരുഷന് ബീജം വരാതിരിക്കുന്ന അവസ്ഥ മാറും.
കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.
വലിയ ആടലോടകത്തിന്റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.
ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം – ഇതിന് ഔഷധഗുണം കൂടുതലാണ്.
ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.
ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.
ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്. കഷായം ഉണ്ടാക്കുന്ന വിധം പഴയ പോസ്റ്റുകളില്‍ പല തവണ പറഞ്ഞതാണ്.
പച്ച ആടലോടകം സമൂലം പറിച്ചെടുത്ത് വൃത്തിയാക്കിയത് 900 ഗ്രാം, തിപ്പലി 100 ഗ്രാം,
900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്.
ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്
ആടലോടകത്തിന്റെ ഇല മാത്രം ഇടിച്ചു പിഴിഞ്ഞെടുത്ത നീര്, 10 മില്ലി വീതം ദിവസവും രണ്ടു നേരം കഴിച്ചാല്‍ രക്തപ്രദരം ശമിക്കും.
ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്കടിയില് പുരട്ടിയാല്‍ ഗര്‍ഭിണികളില്‍ പ്രസവം വേഗത്തില്‍ നടക്കും.
ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.
ആടലോടകത്തിന്റെ വേര്, വെളുത്ത ആവണക്കിന്റെ വേര്, ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി, ഇരട്ടിമധുരം, തിപ്പലി, ഏലത്തരി എന്നിവ കഷായം വെച്ച് കന്മദം മേമ്പൊടിയായി കഴിക്കുന്നത് അശ്മരിക്ക് നല്ലതാണ്.
ആടലോടകത്തിന്റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും.
ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും.
ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും.
ആടലോടകത്തിന്റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂടും.
ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്വേദയോഗഔഷധങ്ങളില് ആടലോടകം ഉപയോഗിക്കപ്പെടുന്നു.
വെളുത്ത ആവണക്കിന്റെ തളിരില (മുകുളം) അല്‍പ്പം ജീരകവും അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ചു പാലില്‍ കൊടുത്താല്‍ മഞ്ഞപ്പിത്തം മാറും. ഒരൊറ്റത്തവണ കൊണ്ടുതന്നെ മഞ്ഞപ്പിത്തം മാറും. വരട്ടു മഞ്ഞളും പച്ചമഞ്ഞളും ഉപയോഗിക്കാം. തൊട്ടുരിയാടാതെ മരുന്നു കഴിക്കുന്നത് ഉത്തമം. സൂര്യോദയത്തിനു മുമ്പ് മരുന്നു കഴിക്കണം. മരുന്നു കഴിക്കുന്ന ദിവസവും അതിനു ശേഷമുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്.
കീഴാര്‍നെല്ലി തൊട്ടുരിയാടാതെ പറിച്ചു പാലില്‍ അരച്ചു സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
കയ്യോന്നി അരച്ചു പാലില്‍ സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.