
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്ശലജ്ജാ, സ്പര്ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര് ഉണ്ടായത് എന്ന് ആചാര്യന്മാര് അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ് തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.
കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.
ലജ്ജാലുഃ സ്യാച്ഛമീപത്രാ സമംഗാ ജലകാരികാ.
രക്തപാദീ നമസ്കാരീ നാമ്നാ ഖദിരികേത്യപി.
ലജ്ജാലുഃ ശീതളാ തിക്താ കഷായാ കഫപിത്തജിത്.
രക്തപിത്തമതീസാരം യോനിരോഗാന് വിനാശയേത്.
എന്ന് ഭാവപ്രകാശനിഘണ്ടു.
രക്തപാദീ കടുഃ ശീതാ പിത്താതീസാരനാശനീ.
ശോഫദാഹശ്രമശ്വാസവ്രണകുഷ്ഠകഫാസ്രനുത്.
എന്ന് രാജനിഘണ്ടു.
ഇനി തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :
- തൊട്ടാവാടി സമൂലം കഷായം വെച്ച്, അതില്‍ പാല്‍മുതുക്കിന്‍കിഴങ്ങുപൊടി ചേര്‍ത്തു നിത്യം രാവിലെ വെറുംവയറ്റിലും രാത്രി ആഹാരശേഷവും കഴിച്ചാല്‍ സ്തനവളര്‍ച്ചയില്ലാത്ത സ്ത്രീകളില്‍ സ്തനവളര്‍ച്ചയുണ്ടാകും.
- തൊട്ടാവാടിയും താര്‍താവലും ഒരുമിച്ചു കിഴികെട്ടി അരിയോടൊപ്പമിട്ടു കഞ്ഞിവെച്ചു കഴിക്കുന്നത് അമീബികഅതിസാരത്തില്‍ ഫലപ്രദമാണ്.
- തൊട്ടാവാടി പാലില്‍പ്പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുന്നത് ECZEMA | വിസര്‍പ്പത്തില്‍ ഫലപ്രദമാണ്. തൈര് പൂര്‍ണ്ണമായും ഒഴിവാക്കുകയും, കറുക ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുകയും ചെയ്താല്‍ രോഗശമനം നിശ്ചയം.
- തൊട്ടാവാടി സമൂലം പാലില്‍പ്പുഴുങ്ങിയരച്ചു പുരട്ടുന്നത് Herpes Zoster | Shingles | ഹെര്‍പ്പസില്‍ ഫലപ്രദമാണ്. കൂട്ടത്തില്‍ കറുകനീര് സേവിക്കാം.
ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:
- തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന് കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള് കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
- തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്.
- തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ രക്തത്തിലെ മധുരാംശം നിയന്ത്രണവിധേയമാകും, പ്രമേഹം നിയന്ത്രണവിധേയമാകും.
- തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.
- തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള് മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.
ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്ക്കും കറുകയും തൊട്ടാവാടിയും മുയല്ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.