കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്.
♥ മധുമേഹത്തിന് കറിവേപ്പില
മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്. കറിവേപ്പില നന്നായി പൊടിച്ചു സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകിട്ടും മൂന്നു മുതല്‍ നാലു ഗ്രാം വരെ സേവിക്കുക. മധുമേഹവും മധുമേഹജന്യമായ ബുദ്ധിമുട്ടുകളും ശമിക്കും. കാട്ടില്‍ വളരുന്ന കറിവേപ്പില ഉത്തമം.
♥ സൌന്ദര്യ സംരക്ഷണത്തിന് കറിവേപ്പില
മുഖക്കുരു, മുഖത്തുണ്ടാകുന്ന പാടുകള്‍ ഒക്കെ മാറി മുഖകാന്തി വര്‍ദ്ധിക്കാന്‍ കറിവേപ്പില പറിച്ചെടുത്ത്, നന്നായി അരച്ച് ലേപമാക്കി മുഖത്ത് പുരട്ടുക. നിത്യപ്രയോഗം കൊണ്ട് മുഖകാന്തി വര്‍ദ്ധിക്കും. കുരുക്കള്‍ മാറും. പാടുകള്‍ മാറും.
പച്ചയില കിട്ടാന്‍ പ്രയാസമുണ്ടെകില് ഉണക്കി വെച്ച ഇല ഉപയോഗിക്കാം. ഉണക്കയില രാത്രിയില്‍ വെള്ളത്തിലിട്ടു വെച്ച്, രാവിലെ നന്നായി അരച്ച്, മുഖത്ത് തേച്ചുപിടിപ്പിക്കാം.
കറിവേപ്പിന്റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും ത്വക്കിന് നല്ലതാണ്. ത്വക്കിന്റെ കാന്തി വര്‍ദ്ധിക്കാനും ത്വക്ക്-രോഗങ്ങള്‍ ശമിക്കാനും ഈ എണ്ണ നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന നുണലുകളും കുരുക്കളും മാറാന്‍ കറിവേപ്പില പറിച്ച് നന്നായി അരച്ച് ലേപനം ചെയ്താല്‍ മതി. മുടങ്ങാതെ കുറച്ചു നാള് ചെയ്താല്‍ കുരുക്കള്‍ ശമിക്കും.
♥ രക്തദോഷത്തിന് കറിവേപ്പില
രക്തദോഷത്തിന് കറിവേപ്പിന്റെ പഴം ഫലകാരിയാണ്. നന്നായി പഴുത്ത് കറുപ്പുനിറമായ കായ അരച്ച് ഉണക്കി പൊടിയാക്കി സൂക്ഷിച്ചു വെച്ച് നിത്യേന രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം മുടങ്ങാതെ സേവിച്ചാല്‍ രക്തദോഷം മാറും. ആന്തരികകാന്തി വര്‍ദ്ധിക്കും. ത്വക്കിലുണ്ടാകുന്ന വികൃതികള്‍ ശമിക്കും.
♥ കൊളസ്ട്രോളിന് കറിവേപ്പില
കറിവേപ്പില ഒരു ജാതിപത്രിയും ചേര്‍ത്ത് അരച്ച് ഒരു നെല്ലിക്കാ വലുപ്പം, മോരില്‍ കലക്കി ദിവസവും രാവിലെ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും.
കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.
♥ അകാലനരയ്ക്ക് കറിവേപ്പില
നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക. ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക. മുടി കൊഴിച്ചില്‍ നില്ക്കും. മുടി കറക്കും. അകാല നര മാറും.
♥ മുടി വളരാൻ കറിവേപ്പില
കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും. വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്.
♥ ഛർദ്ദിയ്ക്കും വിഷൂചികയ്ക്കും കറിവേപ്പില
കൂവളവേര്, ചുക്ക്, കറിവേപ്പില – ഇവയുടെ കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
♥ അർശസ്സിന് കറിവേപ്പില
നവരനെല്ലിന്റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.
കറിവേപ്പില നീരിൽ മുളങ്കര്‍പ്പൂരം നൽകുന്നത് വയറിളക്കം ശമിപ്പിക്കും. കറിവേപ്പില നീരിന് പകരം ഉലുവക്കഷായവും ഉപയോഗിക്കാം. പ്രമേഹത്തിലും ഫലപ്രദം.
ഇങ്ങനെ വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക, വയറുകടി തുടങ്ങി അനവധി ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi