പതിവായി ത്രിഫല സേവിക്കുകയും പഥ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവന് രോഗങ്ങള്‍ സംഭവിക്കയില്ല. സംഭവിച്ചാല്‍ത്തന്നെ അതുകള്ക്ക് അതാതുകള്ക്കുള്ള ശക്തി ഉണ്ടാവില്ല
നെല്ലിക്കാപ്പൊടി തേനിലോ നെയ്യിലോ കുഴച്ചു രാത്രി സേവിച്ചാല്‍ ഒരു മാസം കഴിയുമ്പോഴേക്ക് കണ്ണ് ചെവി ബുദ്ധി ജഠരാഗ്നി ഇതുകള്‍ക്കെല്ലാം നല്ല ശക്തിയുണ്ടാകും. യൌവ്വനം ക്ഷയിക്കുകയില്ല.
രാവിലെ ഒരു നെല്ലിക്കയും ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ ഒരു കടുക്കയും രാത്രി ഭക്ഷണശേഷം ഒരു താന്നിക്കയും പതിവായി ശീലിച്ചാല്‍ അനേകകാലം സുഖമായി ജീവിക്കാം.
കടുക്ക അരച്ച് ഇരുമ്പുപാത്രത്തില്‍ തേച്ചുണക്കി രാത്രി സേവിക്കുകയും രാവിലെ നെയ്യും തേനും കഴിക്കുകയും ചെയ്താല്‍ രോഗങ്ങളെല്ലാം നശിക്കുകയും ശരീരത്തിനു നല്ല സ്ഥിരതയുണ്ടാകുകയും ചെയ്യും.
കടുക്ക, ചുക്ക് ഇവ സമം പൊടിച്ച പൊടി തേനും നെയ്യും ചേര്‍ത്തു കുഴച്ചു പ്രഭാതത്തില്‍ ശീലിച്ചാല്‍ ജരാനരകള്‍ നശിക്കും. ഇത് അത്യുത്തമമായ രസായനമാകുന്നു.
എള്ളും നെല്ലിക്കയും കൂടെ സമം പൊടിച്ച പൊടി തേനും നെയ്യും ചേര്‍ത്തു കുഴച്ചു രാവിലെ സേവിക്കുക. ഇങ്ങനെ ഒരു മാസം സേവിച്ചാല്‍ നല്ല ബുദ്ധിശക്തി ഉണ്ടാകും. കലശലായ ജര ശമിക്കുകയും ചെയ്യും.
ത്രിഫലപ്പൊടി രാവിലെ നെയ്യിലും അമരിയില അരച്ചുണക്കിപ്പൊടിച്ച പൊടി ശര്‍ക്കര ചേര്‍ത്തു വൈകുന്നേരവും രാമച്ചം പൊടിച്ച പൊടി തേനില്‍ ചേര്‍ത്ത് അത്താഴത്തിനു ശേഷവും സേവിച്ചാലും, കടുക്ക നെല്ലിക്ക, മുത്തങ്ങക്കിഴങ്ങ്, വിഴാലരി, അകില്, കൊടുവേലിക്കിഴങ്ങ് ഇവ ക്രമവൃദ്ധങ്ങളായെടുത്തു പൊടിച്ച പൊടി തേനില്‍ച്ചാലിച്ചു സേവിച്ചാലും സകലരോഗങ്ങളും ശമിക്കും.
പൂളമരം വെട്ടി പൊത്തുണ്ടാക്കി അതില്‍ മുട്ടിപ്പൊട്ടിച്ച കടുക്ക നിറച്ചുവെച്ച് ആ കടുക്കയ്ക്കു നനവു വന്നാല്‍ അതെടുത്തു ഭക്ഷിച്ചു പാല് സേവിച്ചാല്‍ ജര നശിക്കും.
പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.
പ്രായമാകും മുമ്പ് തന്നെ യുവാക്കളില്‍ വാര്ദ്ധക്യലക്ഷണങ്ങള് കാണുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ പോലും ഈ വയസ്സാകല്‍ മൂലമാണ്.
“നെല്ലിക്ക പൊടിച്ച് നെല്ലിക്കാനീരില്‍ നൂറ്റിയെട്ടു തവണ ഭാവന ചെയ്ത്, പഞ്ചസാരയും തേനും നെയ്യും അസമയോഗത്തില്ച്ചേര്ത്ത് പാലില്‍ ഒരു വര്‍ഷം സേവിച്ചാല്‍ വൃദ്ധനും യുവാവായിത്തീരും”
വാര്ദ്ധക്യലക്ഷണങ്ങള് ശമിപ്പിക്കുന്ന ഒരു ഉത്തമ ഔഷധം ആണ് ഇത്.
നെല്ലിക്കപ്പൊടി നെല്ലിക്കാനീരില്‍ കുഴച്ച്, വെയിലില്‍ ഉണക്കിയെടുക്കണം. ഒരേ പൊടി 108 തവണ ഇങ്ങനെ നെല്ലിക്കാനീരില്‍ കുഴച്ച്, വെയിലില്‍ ഉണക്കിയെടുക്കണം. ഇതിനെയാണ് ഭാവന ചെയ്യുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പാലും നെയ്യും ഒരിക്കലും തുല്യമായി കഴിക്കരുത്.
167 | അകാലവാര്‍ദ്ധക്യം | AGEING
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.