
34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

ആസ്ത്മയ്ക്ക് ഉമ്മം (Datura stramonium | ധുർധുരം)
മൌലികമായി ഒരു ആയുര്വേദചികിത്സാരീതിയായിരുന്നു ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ധൂമ്രപാനം. അതില്‍ നിന്നാവണം പുകയില എരിച്ചു വലിക്കുന്ന രീതി നിലവില്‍ വന്നത്.
ആസ്ത്മ കൊണ്ടു വലയുന്ന രോഗികള്‍ക്ക് അത്യന്തം ഫലപ്രദമായ ഒരു പ്രയോഗമാണ് ഉമ്മത്തിന്റെ ഉണങ്ങിയ ഇലകള്‍ ചുരുട്ട് പോലെയാക്കി പുകവലിക്കുന്നത്. ആസ്ത്മാ മൂലം ശ്വാസം മുട്ടല്‍ ഉണ്ടാകുമ്പോള്‍ ഈ പ്രയോഗം ഫലപ്രദമാണ്.
ഉമ്മത്തിന്റെ കായയുടെ ഉള്ളിലെ കുരുക്കള്‍, തണലില്‍ ഉണക്കിയെടുത്ത ഇലകള്‍ ഇവയുടെ ഭസ്മം തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിച്ചാല്‍ ആസ്ത്മ, ചുമ, കഫക്കെട്ട് ഒക്കെ സുഖപ്പെടും. ഉമ്മത്തിന്റെ കുരുക്കളും ഉണക്കിയ ഇലകളും ഒരു മണ്കലത്തില് ഇട്ട് വായ തുണി കൊണ്ടു മൂടിക്കെട്ടി ആ കുടം കനലില്‍ വെച്ച് ചൂടാക്കി ഭസ്മം ഉണ്ടാക്കാം. ഈ ഭസ്മം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു നേരം അര ഗ്രാമില്‍ കൂടുതല്‍ ഭസ്മം കഴിക്കരുത്.
ഉമ്മം വിഷച്ചെടിയാണ്. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാന്‍. കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ പ്രജ്ഞ നഷ്ടപ്പെട്ട അവസ്ഥ താല്‍ക്കാലികമായി ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
തിരുവോണം നക്ഷത്രത്തിന്റെ നക്ഷത്രവൃക്ഷമാണ് എരിക്ക്.
കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം.
താന്ത്രികപൂജകളില് പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു.
ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്ച്ചിക്കാന് കര്‍ണ്ണാടകയിലെ അര്ച്ചകര് വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു.
ഗണേശനും ഹനുമാന് സ്വാമിയ്ക്കും വെള്ളെരിക്കിന്പൂവിന്റെ മാല അതീവപ്രിയമത്രേ.
മേല്‍പ്പറഞ്ഞത് പോലെയുള്ള വിശ്വാസത്തിന്റെ വിഷയമായതു കൊണ്ട് ഈ സസ്യത്തെ ഈ നാട്ടുകാര്‍ വെട്ടിപ്പറിച്ചു കളയാറില്ല എന്ന് തന്നെയല്ല വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുകയും ചെയ്യാറുണ്ട്. പലരുടെയും വീടുകളില്‍ എരിക്ക് വളര്‍ത്തുന്നത് കാണാം. മരുന്നുണ്ടാക്കാന്‍ പൂവ് വേണമെങ്കില്‍ എങ്ങും തിരഞ്ഞുനടക്കേണ്ട കാര്യമില്ല, ഏതെങ്കിലും ശിവക്ഷേത്രത്തിന്റെയോ ഗണേശക്ഷേത്രത്തിന്റെയോ ആഞ്ജനേയക്ഷേത്രത്തിന്റെയോ പരിസരത്തുള്ള പൂക്കടകളില്‍ സുലഭമായി ലഭിക്കും എരിക്കിന് പൂവ് (കേരളത്തിലെ കാര്യം ഉറപ്പില്ല).
മുമ്പ് ഒരു പോസ്റ്റില്‍ എരിക്കിനെക്കുറിച്ചും എരിക്ക് ഉപയോഗിച്ചുള്ള ഔഷധപ്രയോഗങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിരുന്നു:
27 | എരുക്ക് | CALATROPIS GIGANTEA
അന്ന് ചര്‍ച്ച ചെയ്യാഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.
എരിക്കിന്റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.
നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.
സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.
ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്. എരിക്കിന് പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.
ഇതൊക്കെ പഠിച്ച കാര്യങ്ങള്‍ ആണ്. പ്രയോഗത്തില്‍ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എങ്കിലും നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക. പതിവു പോലെ അറിഞ്ഞ കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഈ ലേഖനം.
“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.
സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി
കുലം – കാരസ്കരകുലം
സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും ഉള്ളതാണ്.
കാഞ്ഞിരം ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരുവ് ഉള്ളതാണ്. കാഞ്ഞിരം ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ആധുനികവൈദ്യശാസ്ത്രത്തിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന്റെ വേര്, തൊലി, ഇല, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ഈ ഔഷധസസ്യം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഇത് ഉത്തമ ഔഷധമാണ്. കാഞ്ഞിരം വിഷസസ്യമാണ്. അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍.
കാഞ്ഞിരം ശുദ്ധി ചെയ്യാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്.
കാഞ്ഞിരം ആമവാതഹരമാണ് (Arthritis). ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന്റെ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതല്‍ അര്ശോരോഗത്തില് നല്ലതാണ്. ജ്വരത്തിലും വിശേഷം. ഗ്രഹണിചികിത്സയിലും ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന് ഒരുതരം മത്തുണ്ട്. ഈ ഗുണം കാരണം പഴയ തലമുറയിലെ വൈദ്യവിശാരദന്മാര് കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമായി ഉപയോഗിച്ചിരുന്നു. കല്പ്പസേവയെന്ന നിലയില്‍ കാഞ്ഞിരക്കുരു വളരെ ചെറിയ മാത്രയില്‍ തുടങ്ങി ഒരു കുരു മുഴവന്‍ വരെ വെറ്റില ചേര്‍ത്തരച്ചു സേവിക്കുന്നതാണ് ആ പ്രയോഗം.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരക്കുരു നല്ലതാണ്. ഗ്രഹണിയിലും കുരു ഉപയോഗിക്കാറുണ്ട്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കലുടെ അയവ്, എന്നിവയില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമം. കാഞ്ഞിരക്കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ, കാരസ്കരതൈലം, അതിവിശിഷ്ടമായ ഔഷധമാണ്. ആമവാതത്തിലും ടെന്നീസ് എല്‍ബോ എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമായ ഔഷധമാണ് ഈ എണ്ണ. കൂടാതെ, മലബന്ധം, ഗുദഭ്രംശം, ശുക്ളസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും പ്രയോജനകാരമാണ്.
കാഞ്ഞിരത്തിന്റെ മൂത്ത മരം തുരന്ന്, ഉണക്കമുന്തിരിങ്ങയും കല്‍ക്കണ്ടവും നിറച്ച്, മരത്തിന്റെ ദ്വാരം കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് കൊണ്ട് അടച്ച്, ചെറിയ അളവില്‍ വര്ദ്ധമാനയോഗത്തില് ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതു കൊണ്ട് സകലരോഗങ്ങളും മാറുമെന്ന് ഉപദേശരഹസ്യം.
ചെമ്പുകാശ് ഗോമൂത്രത്തില്‍ തൊണ്ണൂറ് ദിവസം ഇട്ടുവെച്ച് എടുക്കുക. ഒരു കോല് നീളത്തില്‍ അരക്കോല്‍ വണ്ണം ഉള്ള കാഞ്ഞിരത്തിന്റെ തടി കൊണ്ടുവന്ന്, തുളച്ച്, ശുദ്ധിചെയ്ത കാശ് അതിന്റെ ഉള്ളില്‍ വെച്ച്, കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് മേടിയടച്ച ശേഷം ആ തടി ദഹിപ്പിക്കുക. ചെമ്പ് വെളുത്ത നിറമുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണ്. അനുപാതം മാറ്റി പ്രയോഗിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഇല്ല. ജരാനരകള്‍ പോകും. യൌവ്വനം തിരിച്ചു വരും. ഏറ്റവും വലിയ സാരോപദേശമായി ആയുര്‍വേദം അറിഞ്ഞവര്‍ ഇതിനെ കരുതുന്നു. ഇത് കഴിക്കുമ്പോള്‍ ഉപ്പും പുളിയും അല്‍പ്പം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങാ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിന് നെയ്യ്, പാല്, പഞ്ചസാര – ഇവ നന്നായി ഉപയോഗിക്കാം.
മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി നല്ലെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണയെ ആഗിരണം ചെയ്തു കഴിഞ്ഞാല്‍ ആ മരം ഇല പൊഴിക്കും. ഒരു വിദേശവസ്തു തന്റെ ശരീരത്തില്‍ കയറി. അതും ചേര്‍ത്ത് മരത്തിന്റെ അടുക്കളയായ ഇലയില്‍ പാകപ്പെടുത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടം അറിഞ്ഞാണ് ആ മരം ഇല പൊഴിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ വലിച്ചു കയറ്റിയ എണ്ണയെ വിസര്‍ജ്ജിക്കുന്നു. കുപ്പിയില്‍ തിരികെ കിട്ടുന്ന ആ എണ്ണയുടെ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കും. സകല വൈറസ് ബാധകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഔഷധമാണ് ഈ എണ്ണ. പേവിഷബാധ(Rabies)യില്‍ പ്രത്യേകിച്ച് ഫലപ്രദമാണ് ഈ ഔഷധം. പേയിളകിയാല്‍ ഈ ഔഷധം അര ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മാറുന്നു എന്നത് രഹസ്യചികിത്സയില് പെട്ടതാണ്.
കാഞ്ഞിരത്തിന്റെ മരം തുളച്ച് വാളന്‍പുളി വെച്ച് തൊണ്ണൂറു ദിവസം കഴിഞ്ഞ് എടുത്താല്‍ അവീനു പകരം, അവീന്റെ സ്വഭാവങ്ങള്‍ ഇല്ലാതെ അവീന്‍ വേണ്ട യോഗങ്ങളില്‍ പരിചയസമ്പന്നരായ ഭിഷഗ്വരന്മാര് ഉപയോഗിക്കാറുണ്ട്.
ഹോമിയോപ്പതിയിൽ ഇത് Nux-v (Nux Vomica) എന്ന പേരില്‍ ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു.
മേല്‍പ്പറഞ്ഞത് ഓര്‍ക്കുക. കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഔഷധപ്രയോഗങ്ങള്‍ കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.
[പൈൽസ് ¦ മാനസികരോഗം ¦ തലവേദന ¦ ആസ്തമ ¦ കഫക്കെട്ട് ¦ പേവിഷബാധ ¦ മലബന്ധം ¦ ഗുദഭ്രംശം ¦ ശുക്ളസ്രാവം ¦ ജ്വരം ¦ അപസ്മാരം ¦ പ്രമേഹം ¦ പാണ്ഡുത ¦ മഞ്ഞപ്പിത്തം ¦ ടെന്നീസ് എല്‍ബോ ¦ ആമവാതം ¦ ഗ്രഹണി ¦ രക്തന്യൂനമര്ദ്ദം ¦ കാമോദ്ദീപനം]
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും.
തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം.
നാടന്‍ ചെന്തെങ്ങിന് കരിക്ക് ഉത്തമം.
തുടര്‍ച്ചയായി കുറച്ചു നാള് കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം.
എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്:
[ചരകം]
ക്ഷീരമര്‍ക്കസ്യ ലവണേ ച വിരേചനേ
[സഹസ്രയോഗം]
വെള്ളെരുക്കിന്റെ മൂലമരച്ചിട്ടങ്ങെടുത്തുടന്‍
പാലില്‍ കലക്കി സേവിച്ചാല്‍ തടിപ്പും കുഷ്ഠവും വിഷം
ചിരങ്ങും പുണ്ണുമെല്ലാമേ ശമിച്ചീടുമസംശയം
വെള്ളെരുക്കു സമൂലത്തെ പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ചിരങ്ങും കുഷ്ഠവും വീക്കം കരപ്പന് വകയോക്കെയും
ചെറുതായ വിഷങ്ങള്‍ക്കും കാമലയ്ക്കും വിശേഷമാം.
മേല്‍പ്പറഞ്ഞ മരുന്നിന്റെ സമൂലം ശരിയായുടന്‍
അരച്ചു പച്ചവെള്ളത്തില്‍ ത്തിളപ്പിച്ചങ്ങു പിന്നെയും
അല്‍പ്പം ചൂടോടു കൂടീട്ടു കവിള്‍ക്കൊള്ളുകിലപ്പോഴെ
ദന്തശൂല ശമിച്ചീടുമുടനേയെന്നുനിര്‍ണ്ണയം.
[ഭാവപ്രകാശം]
അലര്‍ക്കകുസുമം വൃഷ്യം ലഘു ദീപനപാചനം
അരോചകപ്രസേകാര്‍ശ: കാസശ്വാസനിവാരണം
രക്താര്‍ക്കപുഷ്പം മധുരം സതിക്തം
കുഷ്ഠകൃമിഘ്നം കഫനാശനഞ്ച
അര്‍ശോവിഷംഹന്തി ച രക്തപിത്തം
സംഗ്രാഹി ഗുല്‍മേശ്വയഥോ ഹിതം തത്
[ധന്വന്തരി നിഘണ്ടു]
അര്‍ക്കസ്തു കടുരുഷ്ണാശ്ച വാതഹത് ദീപന: സര:
ശോഫവ്രണഹരകണ്ഡുകുഷ്ഠപ്ലീഹകൃമീജ്ജയേത്
രക്താര്‍ക്കപുഷ്പം മധുരം സശീതം
കുഷ്ഠകൃമിഘ്നം കഫനാശനം ച
അര്‍ശോവിഷം ഹന്തി ച രക്തപിത്തം
സംഗ്രാഹിഗുല്‍മശ്വയഥോഹിതം തത്.
ത്വക്രോഗങ്ങള്, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.
എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.
എരിക്കിന്റെ വേരിന്മേല്ത്തൊലി ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാല്‍ വാതം കൊണ്ടു തളര്‍ന്ന ഭാഗങ്ങള്‍ക്ക് തളര്‍ച്ച മാറി ഉന്മേഷം ലഭിക്കും.
എരിക്കിന്റെ കറ തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് ശമിക്കും.
എരിക്കിന്‍വേര് കഷായം വെച്ച് ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ, നാവുകുഴയല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.
സര്‍പ്പദംശനം ഏറ്റ ഉടനെ മൂന്നോ നാലോ എരിക്കില ചവച്ച് ഇറക്കുകയും പച്ചവേര് ചതച്ച് കടിവായില് വെച്ചുകെട്ടുകയും ചെയ്യുന്നത് വിഷവ്യാപ്തി തടയും. രക്ഷപ്പെടാന്‍ സാധ്യത കൂടും.
വേരിന്മേല്ത്തൊലി മൂലക്കുരു – അര്‍ശസിന് ഫലപ്രദമാണ് എന്ന് ചരകസംഹിത. ചെവിവേദന, കാസശ്വാസങ്ങള്‍ എന്നിവയില്‍ എരിക്ക് ഫലപ്രദമാണ് എന്ന് സുശ്രുതസംഹിത. ഹെര്‍ണിയ, തേള്‍വിഷം, മൂര്‍ഖവിഷം എന്നിവയില്‍ എരിക്ക് ഫലപ്രദമെന്ന് ചക്രദത്തം. മഹോദരത്തില്‍ ഫലപ്രദമെന്നു ഭാവപ്രകാശം.
വെള്ളെരിക്കിന്റെ ഉണങ്ങിയ പൂവ് കുരുമുളക്, ചുക്ക്, ഇന്തുപ്പ് ഇവയോടൊപ്പം വെറ്റിലയിൽ ചവച്ച് ഇറക്കിയാൽ ശ്വാസകാസങ്ങൾ മാറും. കഫക്കെട്ട് ശമിക്കും.
എരിക്കിന്റെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന പുഴുക്കടി | തഴുതണം ശമിക്കും.
എരിക്കിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു മൂന്നും സമം ചേർത്തരച്ച് രണ്ട് ഗ്രാം വീതം ഗുളിക ഉരുട്ടി കഴിക്കുന്നത് വാതരോഗം, സന്ധിഗത വാതം, ആമവാതം എന്നിവയെ ശമിപ്പിക്കും.
ചൊറി, ചിരങ്ങ്, മറ്റു ത്വക്-രോഗങ്ങൾ ഇവ ശല്യപ്പെടുത്തുമ്പോൾ, എരിക്കില ചെറുതായി അരിഞ്ഞെടുത്ത്, അതിൽ വരട്ടുതേങ്ങാപ്പീര ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞ് എടുത്ത നീരിൽ അല്പം ഗന്ധകം പൊടിച്ചിട്ട് ലേപനം ചെയ്യുന്നത് നല്ലതാണ്. ത്വക് – രോഗങ്ങൾ ശമിക്കും.
വെള്ള എരിക്കിൻ വേര് അരി കഴുകിയ കാടിയിൽ അരച്ചു ലേപനം ചെയ്താൽ മന്തുരോഗം ശമിക്കും.
വെള്ള എരിക്കിൻ തൊലി ചതച്ച് ഉരുട്ടി, കടുക് അരച്ചു പൊതിഞ്ഞ്, ചെളിമണ്ണു കൊണ്ടു പൊതിഞ്ഞ്, കനലിൽ ചുട്ട്, തണുപ്പിച്ച്, മണ്ണ് അടർത്തിക്കളഞ്ഞ് എടുത്തു കടുകെണ്ണയിൽ ചാലിച്ചു ലേപനം ചെയ്താൽ വിചർച്ചിക | എക്സിമ | ECZEMA ശമിക്കും.
എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും. കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന് പൂവില്‍ വിഷാംശം ഉണ്ട് എന്ന് മറക്കരുത്.
എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും. വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.
എരിക്കിന്പാല് തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് മാറും
എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.
ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.
വെള്ള എരിക്കിന്റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും. വെള്ള എരിക്കിന്റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്. എരിക്കിന്റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.
ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.
ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
അരിമ്പാറ മാറാന്‍ : എരിക്കിന്റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്പാല് അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.
എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച്, പുകയേല്പ്പിച്ചാല്, പുറത്തേക്കു തള്ളി നില്ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും, അസ്വസ്ഥത കുറയും, പൈല്‍സിന്റെ വലുപ്പം കുറയും.
സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന മീശ മാറാന്‍ എരിക്കിന്റെ പാല് (ഇല അടര്‍ത്തുമ്പോള്‍ ഊറിവരുന്ന കറ) ബാധിച്ച ഭാഗത്ത് പുരട്ടിയാല്‍ മതി.
എരിക്ക് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അങ്ങനെ വിഷബാധ ഉണ്ടായാല്‍ നീലയമരിയുടെ സ്വരസം 10 മില്ലി വീതം രണ്ടു നേരം ദിവസവും കഴിക്കാം. പുളിയിലയുടെ സ്വരസം 15 മില്ലി അത്രയും തന്നെ വെള്ളത്തില്‍ രണ്ട് പ്രാവശ്യം ദിവസവും കഴിക്കുന്നതും നന്ന്.
എരിക്കിന്റെ ഔഷധപ്രയോഗങ്ങള്‍ ഇനിയും അസംഖ്യം ഉണ്ട്. അത് തുടര്‍ന്നുള്ള ലേഖനങ്ങളില്‍.
ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.
“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍”
എന്ന് ഗുണപാഠം.
കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്.
കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര് അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്.
ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ പോളയുടെ നീര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ഗർഭാശയപേശികളെയും ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കാൻ കറ്റാർവാഴയുടെ സ്വരസത്തിന് കഴിവുണ്ട്. രക്തശുദ്ധിയ്ക്കും ഉത്തമം. കൂടിയ അളവിൽ വിരേചകമാണ്. മൂത്രളമാണ്. ഗുൽമം, പ്ളീഹാരോഗങ്ങൾ എന്നിവയിൽ ഫലപ്രദവുമാണ്. കഫ പിത്ത വാതരോഗങ്ങളെയും ശമിപ്പിക്കും.
കറ്റാർവാഴപ്പോളനീര് ഉണക്കി ഉണ്ടാക്കുന്ന ചെന്നി നായകവും ഔഷധമാണ്.
കുഴിനഖം, ദുഷിച്ച വ്രണങ്ങൾ എന്നീ വ്യാധികളിൽ കറ്റാർവാഴപ്പോളനീരും പച്ച മഞ്ഞളും ചേർത്തരച്ച് വെച്ചുകെട്ടുന്നത് അതീവഫലപ്രദമാണ്.
തീപ്പൊള്ളൽ, തന്മൂലം ഉണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന അലർജി (Skin allergy), കുരുക്കൾ തുടങ്ങിയവയിൽ കറ്റാർവാഴപ്പോളയുടെ ഉള്ളിലെ കാമ്പ് വരട്ടുമഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കി പുരട്ടുന്നത് അതീവഫലപ്രദമാണ്. വായ്പ്പുണ്ണ് മാറാനും ഈ പ്രയോഗം നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ ചേർത്തു കാച്ചിയ നല്ലെണ്ണ പുരട്ടുന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന “ഡയപ്പർ റാഷ്” മാറാൻ സഹായകമാണ്. ഒലിവെണ്ണയും ഉപയോഗിക്കാം.
ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴപ്പോളനീരും നാടൻ കോഴിമുട്ടയും ചേർത്തടിച്ച് ചാരായത്തിൽ സേവിക്കുന്നത് നല്ലതാണ്. അസ്ഥിഭംഗങ്ങളിലും മമ്മാഘാതങ്ങളിലും ഈ നാടൻ പ്രയോഗം അതീവ ഫലപ്രദമാണ്. കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകം ചേർത്ത് തുണിയിൽ പരത്തി ക്ഷതം ഏറ്റയിടത്ത് വെച്ചുകെട്ടുകയും ചെയ്യാം.
ചെന്നി നായകം, മീറ (മുറു) എന്നിവ കറ്റാർവാഴപ്പോളനീരിൽ നന്നായി അരച്ച് മിശ്രണം ചെയ്ത് കോഴിമുട്ടയുടെ വെള്ള പാകത്തിന് ചേർത്ത മിശ്രിതം പുറംപടയായിട്ടാൽ ലിഗമെന്റിന് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും പൂർണ്ണമായും ശമിക്കും.
കറ്റാർവാഴപ്പോളനീര്, തേൻ – രണ്ടും സമയോഗത്തിൽ നിത്യം സേവിക്കുന്നത് അർബുദത്തെ ശമിപ്പിക്കും. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
ആർത്തവകാലത്തെ വയറുവേദന മാറാൻ കറ്റാർവാഴപ്പോളനീര് നിത്യം രാവിലെയും വൈകിട്ടും സേവിക്കുന്നത് നല്ലതാണ്. 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
കറ്റാർവാഴപ്പോളനീര് അണ്ഡോല്‍പാദനത്തിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, വളരെ കുറഞ്ഞ അളവില്‍ മാത്രം രക്തം പോകുക (Amenorrhea) തുടങ്ങിയ അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് അതീവഫലദായകമാണ്.
യകൃത്ത്, പ്ളീഹാ വൃദ്ധികളിലും കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് നല്ലതാണ്. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും കഴിക്കാം.
നിത്യം കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും സേവിക്കുന്നതു വഴി വയറുവേദന, ഗുല്മ വായു എന്നിവയ്ക്ക് ശമനമുണ്ടാകും.
കുമാര്യാസവത്തിലെ ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴപ്പോളനീര്.
ചെന്നിനായകം ശോധനയുണ്ടാക്കും. ചെന്നിനായകവും ത്രിഫലയും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മലബന്ധം ശമിക്കും.
കറ്റാര്വാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ അല്‍പ്പം കല്ലുപ്പ് (Rock Salt) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി ജലാംശം കളഞ്ഞെടുത്ത്, ദിവസവും 5 gm വെച്ച് കഴിച്ചാല്‍ മലബന്ധം ശമിക്കും.
കറ്റാർവാഴപ്പോളനീര് വിരേചകമാണ്. വ്രണങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും ഉണ്ട്. ആകയാല്‍ നിയന്ത്രിതമാത്രയില്‍ സേവിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
ഭക്ഷ്യവിഷബാധ(Food Poisoning)യുണ്ടായാല്‍ കറ്റാര്‍വാഴപ്പോളയുടെ മജ്ജ കരിക്കിന്‍വെള്ളത്തില്‍ കഴിക്കാം.
കറ്റാർവാഴപ്പോളനീരില്‍ രക്തത്തെ നേര്‍പ്പിക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണ്ട്. കൊളസ്ട്രോളിന് എതിരെയും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആകയാല്‍ “ആതറോസ്ക്ലറോസിസ്” (Atherosclerosis – രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലെയുള്ള അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് വളരെ ഫലദായകമാണ്.
ഓരോ ടീസ്പൂണ്‍ വീതം കറ്റാർവാഴപ്പോളനീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്തു സേവിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായകമാണ്.
കറ്റാര്‍വാഴപ്പോളയുടെ മജ്ജ, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ഹോമിയോ മരുന്നുകടകളില്‍ കിട്ടുന്ന ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടും.
കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെച്ച്, വറ്റിച്ചെടുത്ത പൊടി, ഉണക്കിയെടുത്ത ചണ്ടിയുമായി ചേര്‍ത്തു ചൂര്‍ണ്ണമാക്കി നിത്യം സേവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.
കറ്റുവാഴ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധി ആണ്. രോഗങ്ങൾ പിടിപെടുമ്പോഴും, ആന്റിബയോട്ടിക് ഔഷധങ്ങൾ അധികമായി ഉപയോഗിക്കുന്നതുകൊണ്ടും, വേദനസംഹാരികൾ, സ്റ്റീറോയിഡ് ഔഷധങ്ങൾ തടങ്ങിയവ അസ്ഥാനത്തും ദീർഘകാലാടിസ്ഥാനത്തിലും ഉപയോഗിക്കുന്നതുകൊണ്ടും രോഗപ്രതിരോധശേഷി കുറയുന്നു. ഓരോ ഔൺസ് കറ്റാർവാഴപ്പോളനീരും ചിറ്റമൃതിന്റെ നീരും ചേർത്ത് അതിൽ 5 ഗ്രാം ശീലപ്പൊടിയാക്കിയ അമുക്കുരം ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും, നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും സഹായകമാണ്. ദീർഘകാലത്തെ ഔഷധസേവനം ആവശ്യമാണ്. HIV അണുബാധ തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞാൽ ഈ ഔഷധം വളരെ ഗുണകരമാണ്.
കറ്റാർവാഴപ്പോള കനലിൽ ചൂടാക്കി, ഉള്ളിലെ മജ്ജ/കാമ്പ് എടുത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത നീര് ഓരോ ടീസ്പൂൺ രണ്ട് തുള്ളി പശുവിൻ നെയ്യും നാലു തുള്ളി തേനും ചേർത്ത് ഓരോ മണിക്കൂർ ഇടവിട്ട് നുണഞ്ഞിറക്കിയാൽ ശ്വാസം മുട്ടൽ, ആസ്ത്മാ, വലിവ് ശമിക്കും.
കറ്റുവാഴനീര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതാണ് ഹിതം. കറ്റുവാഴനീരിൽ ഇരിമ്പോ അയസ്ക്കാന്തമോ ഇട്ട് കുറഞ്ഞത് അഞ്ചുമണിക്കൂർ കാറ്റ് ഏൽക്കാതെ വെച്ചാൽ കറ്റുവാഴനീരിന്റെ ദോഷാംശം മാറി ശുദ്ധമാകും.
ഗർഭിണികൾ, ശരിയായ ആർത്തവമുള്ളവർ, രക്താർശസ് (രക്തം പോകുന്ന അവസ്ഥയിലുള്ള മൂലക്കുരു/പൈൽസ്) ഉള്ളവർ ആരും കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാൻ പാടില്ല. അതിസാരം/വയറിളക്കം ഉള്ളപ്പോഴും കറ്റാർവാഴപ്പോളനീര് സേവിക്കരുത് – വയറിളകും.
കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍ ആണ് ഇവയൊക്കെ. ഔഷധം ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
അത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്.
വെള്ള എരിക്കിന്റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും.
എരിക്കിന്റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്.
നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്ക്കിടകവാവിന് നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്. പഴയ തലമുറയിലെ മലയാളിയ്ക്ക് തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.
തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..
“ദ്രോണപുഷ്പീ കടുഃസോഷ്ണാരുച്യാ വാതകഫാപഹ
അഗ്നിമാന്ദ്യഹരാ ചൈവ കാമലാ ജ്വരഹാരിണീ”
“ദ്രോണപുഷ്പീ കഫാമഘ്നീ കാമലാകൃമിശോഫജിത്ത്”
“ദ്രോണാ ച ദ്രോണപുഷ്പീ ച ഫലേപുഷ്പാ ച കീര്‍ത്തിതാ
ദ്രോണപുഷ്പീ ഗുരുഃ സ്വാദൂ രൂക്ഷേഷ്ണാ വാതപിത്തകൃത് |
സതീക്ഷ്ണലവണാ സ്വാദുപാകാ കട്വീ ച ഭേദിനീ
കഫാമകാമലാശോഥ തമകശ്വാസജന്തുജിത് |”
– ഭാവപ്രകാശനിഘണ്ടു | ഗുഡൂച്യാദിവര്‍ഗ്ഗ
“ദ്രോണപുഷ്പീ കടുഃ സോഷ്ണാ രുച്യാ വാതകഫാപഹാ
അഗ്നിമാന്ദ്യഹരാ ചൈവ പഥ്യാ വാതാപഹാരിണീ
അന്യാ ചൈവ മഹാദ്രോണാ കുരുംബാ ദേവപൂര്‍വ്വകാ
ദിവ്യപുഷ്പാ മഹാദ്രോണീ ദേവീകാണ്ഡാ ഷഡാഹ്യയാ
ദേവദ്രോണീ കടുസ്തിക്താ മേധ്യാ വാതാര്‍ത്തിഭൂതനുത്
കഫമാന്ധ്യാമഹാ ചൈവ യുക്ത്യാ പാരദശോധനേ”
– രാജനിഘണ്ടു | പര്‍പ്പടാദിവര്‍ഗ്ഗഃ
തുമ്പ കഫക്കെട്ട് ഇല്ലാതാക്കും, ദഹനക്കേടു കൊണ്ട് ഉണ്ടാകുന്ന ഉദരസ്തംഭനത്തെ ശമിപ്പിക്കും, മഞ്ഞപ്പിത്തത്തെ ശമിപ്പിക്കും, കൃമികളെ ഇല്ലാതാക്കും, വ്രണമായ മുറിവുകളില്‍ അതീവഫലപ്രദമാണ്, ശരീരത്തിലെ നീരിനെ കുറയ്ക്കും, ആസ്തമ ശമിപ്പിക്കും, ചുമ ശമിപ്പിക്കും, ജലദോഷം ശമിപ്പിക്കും, രുചി ഉണ്ടാക്കും, ദഹനശേഷി വര്‍ദ്ധിപ്പിക്കും, ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്. ജ്വരഹരമാണ് – പ്രത്യേകിച്ച് വാത, കഫ ജ്വരങ്ങളില്‍. മഹാദ്രോണി (പെരുന്തുമ്പ) ബുദ്ധിശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, അണുകങ്ങളെ ഹരിക്കുന്നു. ഗോരോചനാദി ഗുളിക, പ്ലീഹാരി വടി, ദ്രോണദുര്‍വ്വാദിതൈലം തുടങ്ങി അനവധി ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തില്‍ തുമ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഗൃഹവൈദ്യത്തില്‍ | നാട്ടുവൈദ്യത്തില്‍ തുമ്പ കൊണ്ട് അനവധി പ്രയോഗങ്ങളുണ്ട്.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര് പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര് പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം
@anthavasi
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്ശലജ്ജാ, സ്പര്ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര് ഉണ്ടായത് എന്ന് ആചാര്യന്മാര് അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ് തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.
കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.
ലജ്ജാലുഃ സ്യാച്ഛമീപത്രാ സമംഗാ ജലകാരികാ.
രക്തപാദീ നമസ്കാരീ നാമ്നാ ഖദിരികേത്യപി.
ലജ്ജാലുഃ ശീതളാ തിക്താ കഷായാ കഫപിത്തജിത്.
രക്തപിത്തമതീസാരം യോനിരോഗാന് വിനാശയേത്.
എന്ന് ഭാവപ്രകാശനിഘണ്ടു.
രക്തപാദീ കടുഃ ശീതാ പിത്താതീസാരനാശനീ.
ശോഫദാഹശ്രമശ്വാസവ്രണകുഷ്ഠകഫാസ്രനുത്.
എന്ന് രാജനിഘണ്ടു.
ഇനി തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :
ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:
ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്ക്കും കറുകയും തൊട്ടാവാടിയും മുയല്ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.