
കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു അത്ഭുത ഔഷധിയാണ് മുത്തിള്‍. ഈര്‍പ്പവും തണലും ഉള്ള പ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്.
മണ്ഡൂകപര്‍ണ്യാഃ സ്വരസഃ പ്രയോജ്യഃ ക്ഷീരേണ യഷ്ടീമധുകസ്യ ചൂര്‍ണ്ണം |
രസോ ഗുഡൂച്യാസ്തു സമൂലപുഷ്പ്യാഃ കല്കഃ പ്രയോജ്യഃ ഖലു ശംഖുപുഷ്പ്യാഃ||
ആയുഃ പ്രദാന്യാമയനാശനാനി ബലാഗ്നിവര്‍ണ്ണസ്വരവര്‍ദ്ധനാനി|
മേധ്യാനി ചൈതാനി രസായനാനി മേധ്യാ വിശേഷേണ ച ശംഖപുഷ്പീ||
(ഇതി മേധ്യാരസായനാനി) – എന്ന് ചരകസംഹിത.
മുത്തിളിന്റെ സ്വരസം മേധ്യാരസായനമാണ്. ഇത് ആയുസ്സിനെ നല്‍കുന്നതാണ്. ആമയനാശകമാണ്.ബലം, അഗ്നി, നിറം, സ്വരം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ബുദ്ധിയെ വളര്‍ത്തുന്നതാണ്. ചരകസംഹിതയിലെ ബ്രാഹ്മരസായനയോഗങ്ങളിലും മുത്തിള്‍ ഒരു പ്രധാന ചേരുവയാണ്.
ബ്രാഹ്മീ കപോതവംഗാ സ്യാത് സോമവല്ലീ സരസ്വതീ
മണ്ഡൂകപര്‍ണ്ണീ മാണ്ഡൂകീ ത്വാഷ്ട്രീ ദിവ്യാ മഹൌഷധീ
ബ്രാഹ്മീ ഹിമാ സരാ തിക്താ ലഘുര്‍മധ്യാ ച ശീതളാ
കഷായാ മധുരാ സ്വാദുപാകായുഷ്യാ രസായനീ
സ്വര്യാ സ്മൃതിപ്രദാ കുഷ്ഠപാണ്ഡുമേഹാസ്രകാസജിത്
വിഷശോഥജ്വരഹരീ തദ്വന്‍മണ്ഡൂകപര്‍ണ്ണിനീ
– ഇങ്ങനെ ഭാവപ്രകാശനിഘണ്ടു
ഇത് രസായനമാണ്. സ്വരത്തെ ശക്തമാക്കുന്നതാണ്. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതാണ്. ത്വക്രോഗങ്ങള്, പാണ്ഡുത, പ്രമേഹം, ചുമ എന്നിവയെ ശമിപ്പിക്കുന്നതാണ്. വിഷഹരമാണ്. ശോഥഹരമാണ്.
“മുത്തിള്‍ നന്നായരച്ചിട്ടു പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ബുദ്ധി നന്നായ് തെളിഞ്ഞിടും, വിക്കലിന്നും ഗുണം വരും”
എന്ന് നാട്ടുവൈദ്യം.
രക്തപിത്തഹരാണ്യാഹുര്‍ഹൃദ്യാനി സുലഘൂനി ച
കുഷ്ഠമേഹജ്വരശ്വാസകാസാരുചിഹരാണി ച
കഷായാ തു ഹിതാ പിത്തേ സ്വാദുപാകരസാഹിമാ
ലഘ്വീ മണ്ഡൂകപര്‍ണ്ണീ തു തദ്വദ്ഗോജിഹ്വികാ മതാ.
എന്ന് സുശ്രുതസംഹിത.
മണ്ഡൂകപര്‍ണ്ണീ രക്തപിത്തത്തെ ശമിപ്പിക്കുന്നു.ഹൃദയത്തിന് ആരോഗ്യദായകമാണ്. ത്വക്-രോഗങ്ങള്‍,പ്രമേഹം, ജ്വരം, കാസശ്വാസങ്ങള്‍, അരുചി എന്നിവയില്‍ ഫലദായകമാണ്.
ഇങ്ങനെ മുത്തിളിന്റെ ഔഷധഗുണങ്ങള്‍ മറ്റനവധി ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെടുന്നുണ്.
അഷ്ടാംഗഹൃദയത്തില്‍ വിവക്ഷിതമായ മണ്ഡൂകപര്‍ണ്ണ്യാദി രസായനം ബുദ്ധിവര്‍ദ്ധനവിന് ഏറ്റവുമധികം സഹായകമാണ്.
- മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയുള്ള മുത്തിളിന്റെ ഇലയുടെ രൂപം ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്കവുമായുള്ള ബന്ധത്തിന്റെ പ്രകൃതിയുടെ സൂചനയാവാം.
- മുത്തിള്‍ ധാതുവര്‍ദ്ധകമാണ്. സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ മുത്തിളിനു കഴിവുണ്ട്.
- ആമവാതത്തെ (Arthritis) ശമിപ്പിക്കാന്‍ മുത്തിളിനു കഴിവുണ്ട്. കരള്‍സംബന്ധമായ രോഗങ്ങളിലും മുത്തിള്‍ ഫലപ്രദമാണ്.
- മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്.
- തിരുതാളി, മുത്തിള്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്പ്പാല്പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്‍ വരുന്ന കാന്‍സര്‍ അടക്കം 90% രോഗങ്ങളും മാറും. തൈറോയിഡ് കാന്‍സറിലും ഈ യോഗം ഫലപ്രദമാണ്. സ്വനപേടകത്തിലുണ്ടാകുന്ന പോലിപ്പുകള്‍ (Vocal Polyp), അതുമൂലം ശബ്ദത്തിനുണ്ടാകുന്ന പരുഷത (Hoarseness), ശബ്ദമടപ്പ് തുടങ്ങിയ രോഗങ്ങളിലും ഇത് ഉത്തമമാണ്.
- മുത്തിളിന്റെ ഇലയും കുരുമുളകും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിട്ടം ശമിക്കും.
- മുത്തിളിന്റെ ഇലയും മൂന്നു കുരുമുളകും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്താല്‍ വിക്കല് (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്.
- മുത്തിളിന്റെ ഇലയും അക്കിക്കറുകയുടെ പൂവും ചേര്‍ത്ത് വായിലിട്ടു ചവച്ചാല്‍ പല്ലുവേദനയ്ക്ക് ശമനം ഉണ്ടാകും.
- മുത്തിള്‍ കഷായം വെച്ച്, മുത്തിള്‍ തന്നെ കല്ക്കമായി ചേര്‍ത്ത് ഘൃതം (നെയ്യ്) പാകം ചെയ്തു കഴിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും.
- മുത്തിള്‍ കഷായം വെച്ച് മുടങ്ങാതെ ആറു മാസം കഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് – ബി ശമിക്കും.
- ത്വക്-രോഗങ്ങളില്‍ മുത്തിള്‍ ഗുണപ്രദമാണ്. രക്തം ഉഷ്ണിച്ചുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ മുത്തിള്‍, കരിഞ്ജീരകം, കദംബത്തൊലി, നാടന്‍ പശുവിന് നെയ്യ് എന്നിവ ചേര്‍ത്ത് ലേപനം ഉണ്ടാക്കി പുരട്ടുന്നത് ഫലപ്രദമാണ്.
- മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം അര ഔണ്‍സ് വീതം വെണ്ണ ചേര്‍ത്തു കൊടുക്കുകില്‍ കൊച്ചുകുട്ടികളില്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. ഉന്മാദം, അപസ്മാരം എന്നീ രോഗാവസ്ഥകളില്‍ ഈ ഔഷധം സേവിക്കുന്നത് നിദ്രയെ വര്‍ദ്ധിപ്പിക്കും, തദ്വാരാ രോഗത്തിനു ശമനം ഉണ്ടാക്കുകയും ചെയ്യും.
- മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം, മുത്തിള്‍ തന്നെ അരച്ചു കല്ക്കമായി, നെയ്യ് കാച്ചി ദിനവും മുടങ്ങാതെ സേവിച്ചാല്‍ ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും.
- മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത നീരോ, മുത്തിള്‍ ഇട്ടു കാച്ചിയ വെളിച്ചെണ്ണയോ പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും, വ്രണങ്ങള്‍ ശമിക്കും.
- മുത്തിള്‍ അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ്, കുടല്പ്പുണ്ണ് എന്നിവ ശമിക്കും എന്ന് ചില നാട്ടുവൈദ്യന്മാര് പറഞ്ഞുകേട്ടിട്ടുണ്ട്.
കേരളത്തിലെ യുവതലമുറയ്ക്ക് ഒരു പക്ഷെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു മഹൌഷധിയാണ് മണ്ഡൂകപര്‍ണ്ണീ. കേരളമോഴിച്ചുള്ള മറ്റു ദേശങ്ങളില്‍ പലയിടങ്ങളിലും ഒരു ഇലക്കറിയായി മനുഷ്യര്‍ ഈ ചെടിയെ ഉപയോഗിക്കുന്നുണ്ട്. ഓര്‍ക്കുക – മേധയ്ക്കു രസായനമാണ് മണ്ഡൂകപര്‍ണ്ണീ. നശിപ്പിച്ചു കളയാതിരിക്കുക.
#urmponline
#arogyajeevanam