പനിക്കൂര്‍ക്ക – അമ്മമാരുടെ വൈദ്യവിജ്ഞാനത്തിലെ ഒരു പ്രധാന ഔഷധി .
കുറച്ചു കാലം മുമ്പുവരെ നാട്ടുമ്പുറങ്ങളിലെ പറമ്പുകളിൽ പ്രായേണ സുലഭമായി കാണപ്പെട്ടിരുന്ന പനിക്കൂർക്ക ഇന്ന് ചെടിച്ചട്ടികളിലെ കാഴ്ചവസ്തുവായി ഒതുങ്ങിപ്പോയ അവസ്ഥയിലാണ്. ഒട്ടുവളരെ ആമയങ്ങൾക്ക് പനിക്കൂർക്ക കൊണ്ടുള്ള അമ്മമാരുടെ കൈകണ്ട പ്രയോഗങ്ങൾ അനവധിയാണ്.
പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് അവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.
കുഞ്ഞുങ്ങൾക്ക് വയറ്റിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്കയില നീര് പഞ്ചസാരയും ചേർത്ത് ദിവസം മൂന്നു നാലു തവണ കൊടുത്താൽ മതി. വയറ്റിലെ അസുഖങ്ങൾ പൊതുവേ ശമിക്കും.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് നെറുകയിൽ വെയ്ക്കുന്നത് കുഞ്ഞുങ്ങളിലെ മൂക്കടപ്പും ജലദോഷവും മാറാൻ സഹായകമാണ്.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ പത്തു തുള്ളി വീതം മൂന്നു നേരം കൊടുക്കുകയും നീരിൽ തുണി നനച്ച്നെറ്റിയിൽ ഇടുകയും ചെയ്താൽ കുഞ്ഞുങ്ങളിലെ ജലദോഷവും മൂക്കടപ്പും ശമിക്കും.
മുലകുടിക്കുന്ന ശിശുക്കൾക്ക് ജലദോഷം ഉണ്ടാവാതെ സൂക്ഷിക്കാം. പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മാതാവ് കഴിച്ചാൽ മതി.
കുഞ്ഞുങ്ങൾക്ക് നീർവീഴ്ച ഉണ്ടായാൽ പനിക്കൂർക്കയില ചുട്ട് ചാമ്പലാക്കി ആ ചാമ്പൽ കുഞ്ഞിന്റെ ഉച്ചിയിൽ തിരുമ്മുന്ന ഒരു പ്രയോഗമുണ്ട്.
വായ്പ്പുണ്ണിൽ പനിക്കൂർക്കയില ചതച്ചു പിഴിഞ്ഞെടുത്ത നീര് അത്യന്തം ഫലപ്രദമാണ്. പനിക്കൂർക്കയില നീരിൽ തേൻ ചേർത്ത് പല തവണ കവിൾക്കൊണ്ടാൽ മതി.
ഉദരകൃമികള്‍ ശമിക്കാന്‍ : പനിക്കൂര്‍ക്കയില അരച്ചത് 10 ഗ്രാം, രാത്രി ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം, ചൂടുവെള്ളത്തില്‍ ത്രിഫല കലക്കി കുടിച്ചാല്‍ പിറ്റേന്ന് വയറിളകും, ഉദരകൃമികള്‍ പുറത്തു പോകും.
ഒട്ടേറെപ്പേരെ വല്ലാതെ കഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നമാണ് വായപ്പുണ്ണ്. അര്‍ശസ്, ശോധനക്കുറവ്, ഉദരരോഗങ്ങള്‍, മാനസികപിരിമുറുക്കം, പോഷകക്കുറവ് തുടങ്ങി പല പ്രശ്നങ്ങള്‍ വായപ്പുണ്ണ് ഉണ്ടാകാന്‍ കാരണമാകും. വിറ്റാമിന്‍ ബി കോംപ്ലക്സ് കുറവു മൂലവും വായപ്പുണ്ണ് ഉണ്ടാകാം. ഗൃഹവൈദ്യത്തില്‍ ഒരു പിടി പ്രയോഗങ്ങള്‍ ഉണ്ട് വായപ്പുണ്ണ് ശമിക്കാന്‍.
✔ പതിനഞ്ച് ആര്യവേപ്പില, അഞ്ചു കുരുമുളക് നന്നായി അരച്ച് പുളിയുള്ള മോരില്‍ കലക്കി സേവിക്കുന്നത് അതീവ ഫലപ്രദമാണ്. കുറച്ചു നാള് കഴിക്കേണ്ടി വരും. ✔ പനിക്കൂര്‍ക്കയിലയുടെ സ്വരസം തേന്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. ✔ കശുമാവിന്റെ തൊലി ചതച്ച് പുളിച്ച മോരില്‍ കലക്കി അരിച്ചു പിഴിഞ്ഞ് കവിള്‍ക്കൊള്ളുന്നത് അതീവഫലപ്രദമാണ്. ✔ തേന്‍ മാത്രമായി കവിള്‍ക്കൊള്ളുന്നതും നന്ന്. ✔ കൂവളത്തിന്റെ ഇളംകായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു സേവിക്കുന്നത് വായപ്പുണ്ണും, വയറ്റിലെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഒപ്പം ശമിപ്പിക്കും. പഴുത്ത കായയും ഫലം ചെയ്യും. ✔ ജാതിക്കയും കരിംജീരകവും തുളസിയിലനീരില്‍ അരച്ച് പുരട്ടിയാല്‍ വായപ്പുണ്ണ് ശമിക്കും. ✔ വായപ്പുണ്ണ് ശമിക്കാന്‍ അനവധി ഗൃഹവൈദ്യപ്രയോഗങ്ങള്‍ ഇതിനു മുമ്പ് ആരോഗ്യജീവനം ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ [https://urmponline.wordpress.com/tag/mouth-ulcer/] സന്ദര്‍ശിക്കുക.
☠ അന്ധവിശ്വാസം ☠ : ഇനി ഒരല്പം അന്ധവിശ്വാസം. ഔഷധ സസ്യങ്ങള്‍ക്ക് അതീവപ്രഭാവമുണ്ട്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
❤ മുന്‍കൂര്‍ജാമ്യം ❤ : ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.
വളരെയധികം പേരെ അലട്ടുന്ന പ്രശ്നമാണ് ആമാശയത്തിലും കുടലുകളിലും ഒക്കെ ഉണ്ടാകുന്ന അള്‍സര്‍ എന്ന് പൊതുവേ വിളിക്കപ്പെടുന്ന വ്രണങ്ങള്‍ (പുണ്ണ്). ഇത്തരം വ്രണങ്ങള്‍ മൂലം ഉള്ളില്‍ വീക്കവും പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാം.
കൂവളത്തിന്റെ തളിരിലകള്‍ വെറും വയറ്റില്‍ നിത്യവും രാവിലെ ചവച്ചു തിന്നാല്‍ ഉദരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ ശമിക്കും. കൂവളത്തിന്റെ ഇലകള്‍ തലേന്നു വൈകുന്നേരം ചതച്ചു വെള്ളത്തില്‍ ഇട്ടു വെച്ച്, രാവിലെ വെള്ളം അരിച്ചു കുടിച്ചാലും ഫലം കിട്ടും, വേദനയും അസ്വസ്ഥതയും വളരെ പെട്ടന്നു ശമിക്കും എന്നത് ഉറപ്പ്. കുറച്ച് ആഴ്ചകള്‍ മുടങ്ങാതെ ഈ നാട്ടൌഷധം സേവിച്ചാല്‍ അള്‍സറില്‍ നിന്ന് പൂര്‍ണ്ണമുക്തി ഉറപ്പ്. കൂവളത്തിന്റെ ഇലകള്‍ Tannins കൊണ്ട് സമൃദ്ധമാണ്. കൂവളക്കായ പാനീയമാക്കിയോ അങ്ങനെ തന്നെയോ കഴിക്കുന്നതും അള്‍സറില്‍ അതീവഫലപ്രദമാണ്. കൂവളക്കായ കൊണ്ടുണ്ടാക്കിയ “മുറബ്ബ” [Bael Murabba] (പഴങ്ങള്‍ മുറിച്ചു പഞ്ചസാരലായനിയില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന ഒരു വിഭവം) “മിഠായി” [Bael Candy] ഒക്കെ ഇന്നു വിപണിയിലും ലഭിക്കുന്നുണ്ട്. പച്ചക്കൂവളക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു കഴിക്കാം. Stomach Mucosa-യുടെ മേലെ ഒരു ആവരണം സൃഷ്ടിക്കാനും അങ്ങനെ വ്രണങ്ങളെ സുഖപ്പെടുത്താനും കൂവളക്കായയ്ക്ക് കഴിവുണ്ട്. Tannins ഉള്ളിലെ inflammation കുറച്ച് ശമനം നല്‍കുകയും ചെയ്യുന്നു.
കാബേജ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ആ വെള്ളം തണുപ്പിച്ച് ദിവസം പല പ്രാവശ്യം കുടിച്ചാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും.
തമിഴില്‍ “കല്യാണമുരുങ്ങൈ” എന്ന് വിളിക്കപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ അധികം കാണാന്‍ കിട്ടാത്ത മുള്മുരിക്കിന്റെ ഇല ഉദരവ്രണങ്ങളെ ശമിപ്പിക്കും. തമിഴ്നാട്ടുകാര്‍ ഈ ഇല പരിപ്പിനൊപ്പം അരച്ച് വട ഉണ്ടാക്കി കഴിക്കും. ഇല നന്നായി അരച്ച് തൈരില്‍ കലക്കി നിത്യവും കഴിച്ചാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും.
മണിത്തക്കാളി വായ തൊട്ടു ഗുദം വരെ ഉള്ള ദഹനേന്ദ്രിയ മണ്ഡലത്തില്‍ എവിടെ വ്രണങ്ങള്‍ ഉണ്ടായാലും ശമിപ്പിക്കാന്‍ കഴിവുള്ള പ്രഭാവശാലിയായ ഒരു ഔഷധിയാണ്. ഇലകള്‍ വേവിച്ചു കഴിച്ചാല്‍ വായ് മുതല്‍ ഗുദം വരെയുള്ള അന്നനാളത്തില്‍ എവിടെ ഉണ്ടാകുന്ന വ്രണവും ശമിക്കും. മണിത്തക്കാളിയുടെ കായ ഉണക്കി നെയ്യില്‍ വറുത്ത് ചോറുണ്ടാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും. മണിത്തക്കാളിയുടെ ഇലകളിലും കായകളിലും വിറ്റാമിന്‍ സി ധാരാളമായി ഉണ്ട്. ഉണങ്ങിയ കായകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുമെന്ന് തോന്നുന്നു.
ഇരട്ടിമധുരം അഥവാ യഷ്ടിമധു പൊതുവേ ചുമ, ശ്വാസകോശസംബന്ധിയായ മറ്റു പ്രശ്നങ്ങള്‍ എന്നിവയില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്നു. ഉദരവ്രണങ്ങളില് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും മാറാന്‍ ഇരട്ടിമധുരം നല്ലതാണ്. വിപണിയില്‍ ഉണങ്ങിയ വേര് അല്ലെങ്കില്‍ തണ്ട് ആയിട്ടാണ് ഇരട്ടിമധുരം പൊതുവേ ലഭിക്കുക. ഇരട്ടിമധുരം വൈകുന്നേരം ചതച്ച് വെള്ളത്തിലിട്ടു വെച്ച് രാവിലെ പിഴിഞ്ഞെടുത്തു കിട്ടുന്ന ശീതകഷായം കഞ്ഞിയില്‍ ചേര്‍ത്തു കഴിച്ചാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും. ദീര്‍ഘകാലം ഈ ഔഷധപ്രയോഗം നന്നല്ല, ശരീരത്തിനു ഭാരം കൂടും, ചീര്‍ക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികളും ഹൃദയസംബന്ധിയും വൃക്കാസംബന്ധിയും ആയ ആമയങ്ങള്‍ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
# ഔഷധങ്ങള്‍ എപ്പോഴും വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം കഴിക്കുക #
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi
മണിത്തക്കാളി (Normal Name – Black nightshade :: Botanical Name – Solanum nigrum) ചീര തോരന്‍ വെച്ച് കഴിച്ചാല്‍ വായ്പ്പുണ്ണ് മാറും.
മണിത്തക്കാളി പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി, മണത്തക്കാളി എന്ന് പല പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്റെ തോരന്‍ വായ്പ്പുണ്ണ് മാറാന്‍ വളരെ ഫലപ്രദമാണ്.
പനിക്കൂര്‍ക്കയുടെ [COLEUS AROMATICUS] ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് മാറും.
Extract the juice of the herb – COLEUS AROMATICUS. Mix Honey with the extract. Pour the mixture into the mouth and soak the affected area in it for 5 minutes.