വെളുത്ത ആവണക്കിന്റെ തളിരില തൊട്ടുരിയാടാതെ പറിച്ച്, അല്‍പ്പം ജീരകവും, അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ച്, സൂര്യോദയത്തിനു മുമ്പ്, പാലില്‍ കലക്കി കഴിക്കുക. ഈ മരുന്നു കഴിക്കുന്ന ദിവസവും അതിനോടു ചേര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്. മരച്ചീനി ഒട്ടും ഉപയോഗിക്കരുത്.
കയ്യോന്നി അരച്ചു പാലില്‍ കഴിക്കുക. വെള്ളപ്പൂവും മഞ്ഞപ്പൂവും ഉള്ള കയ്യോന്നി ഉണ്ട്. രണ്ടും ഉപയോഗിക്കാം.
ഹരന്റെ (ശിവന്റെ) ഗൃഹത്തില്‍ ജനിക്കുകയും (ഉണ്ടാകുകയും) സ്വഭാവേന ഹരിതവര്‍ണ്ണത്തോടു കൂടിയതായിരിക്കുകയും സര്‍വ്വരോഗങ്ങളെയും ഹരിക്കുകയും (ശമിപ്പിക്കുകയും) ചെയ്കയാല്‍ ഹരീതകി എന്ന പേര് ഉണ്ടായി എന്ന് മദനപാലനിഘണ്ടു. ഹരീതകി, പഥ്യ, അഭയഃ, രോഹിണി, ജീവപ്രിയ, ചേതകി – കടുക്ക പല പേരുകളില്‍ അറിയപ്പെടുന്നു. സര്‍വ്വരോഗസംഹാരിയായ കടുക്ക ഒട്ടനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ യോഗം ആണ്. മൂന്നും തുല്യമായി പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ത്രിഫലയുടെ ഗുണങ്ങള്‍ അനവധിയാണ്.
ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക – മൂന്നും കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല എന്ന് വേറൊരു യോഗം. ത്രിഫല തേനും നെയ്യും അസമയോഗത്തില്‍ (ഒരു സ്പൂണ്‍ നെയ്യും രണ്ടു സ്പൂണ്‍ തേനും) ചേര്‍ത്തു ശീലിക്കുന്നത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്ന ഉത്തമഔഷധമാണ്. ഈ യോഗം ശോഫം (നീര്), പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം ഇവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കാന്‍ ത്രിഫല അതീവഫലപ്രദം. ത്രിഫല ജരാനരകളെ ശമിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തുന്ന രസായനമാണ്.
കടുക്ക വിരേചനീയമാണ്. കടുക്കാത്തോടു പൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി സേവിച്ചാല്‍ വിരേചനം ഉണ്ടാകും.
തൊണ്ടരോഗങ്ങളില്‍ കടുക്കാപ്പൊടി തേന്‍ ചേര്‍ത്തു പതിവായി കഴിക്കുന്നത് നല്ലതാണ്.
ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് കടുക്കാപ്പൊടി ഇരട്ടി ശര്‍ക്കര ചേര്‍ത്തു പതിവായി സേവിക്കുന്നതു നല്ലതാണ്.
കടുക്കയും തിപ്പലിയും കൂടി പൊടിച്ചു ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അതിസാരം ശമിക്കും.
കടുക്കത്തോട്, വെളുത്തുള്ളി, ചുട്ടു തോടു കളഞ്ഞ കഴഞ്ചിക്കുരു എന്നിവ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ വൃഷണവീക്കം ശമിക്കും. കടുക്കത്തോട് ഗോമൂത്രത്തില്‍ വേവിച്ച് ഉണക്കി പൊടിച്ച് ആവണക്കെണ്ണയില്‍ കലക്കി നിത്യം പ്രഭാതത്തില്‍ സേവിക്കുന്നതും വൃഷണവീക്കം മാറാന്‍ നല്ലതാണ്.
കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത് ദുര്‍മ്മേദസ് (അതിസ്ഥൌല്യം), അര്‍ശസ്, മഹോദരം എന്നിവയിലൊക്കെ ഫലപ്രദമാണ്.
“പഥ്യാ ശതദ്വയാന്മൂത്ര ദ്രോണേനാമൂത്ര സംക്ഷയാത് | പക്വാത് ഖാദേത് സമധൂനീ ദ്വേദോഹന്തി കഫോത്ഭവാന്‍ | ദുര്‍ന്നാമ കുഷ്ഠാശ്വയഥു ഗുല്‍മമേദോഹരകൃമീന്‍ | ഗ്രന്ഥ്യര്‍ബുദാ പചീസ്ഥൌല്യ പാണ്ഡുരോഗാഢ്യ മാരുതാന്‍ ||” – എന്ന് അഷ്ടാംഗഹൃദയം. പതിനാറ് ഇടങ്ങഴി അരിച്ചെടുത്ത ഗോമൂത്രത്തില്‍ ഇരുനൂറു കടുക്ക ഗോമൂത്രം മുഴുവനും വറ്റും വരെ പചിച്ച്, എടുത്ത കടുക്ക കുരു കളഞ്ഞു രണ്ടു വീതം തേന്‍ ചേര്‍ത്തു കഴിക്കാം. ഒരു കടുക്കയ്ക്ക് ഒന്നേകാല്‍ തുടം ഗോമൂത്രം എന്ന് ചില വൈദ്യന്മാര്. കൃത്യമായ പഥ്യത്തോടെ, നിപുണനായ വൈദ്യന്റെ മേല്‍നോട്ടത്തില്‍ ഈ ഔഷധം സേവിച്ചാല്‍ വൃക്കരോഗങ്ങളില്‍ നിന്നു മുക്തി ഉറപ്പെന്നു വിദഗ്ധര്‍.
മൂത്രത്തിന്റെ പേരില്‍ ഇന്ന് വളരെയേറെ ആശയസംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. പുരോഗതിയുടെ പാതയില്‍ ഗോമൂത്രം ആധുനികന് അറപ്പുണ്ടാക്കുന്ന ഒരു സാധനമാണ് എന്ന് അറിയാം. പഴയ വൈദ്യന്മാരുടെ അഭിപ്രായത്തില്‍ ഗോമൂത്രം വളരെയേറെ ഗുണങ്ങള്‍ ഉള്ള ഔഷധമാണ്. വൃക്കരോഗങ്ങളിലും, ഉദരരോഗങ്ങളിലും ഒക്കെ ഗോമൂത്രം അതീവഫലപ്രദമാണ്.
“ഗോമൂത്ര ക്വഥിത വിലീനവിഗ്രഹാണാം | പഥ്യാനാം ജലമിസി കുഷ്ഠഭാവിതാനാം | അത്താരം നരമണപോപി വക്ത്രരോഗാ | ശ്രോതാരം നൃപമിവനസ്പൃശന്ത്യനര്‍ഥാഃ ||” – കടുക്ക ഗോമൂത്രത്തില്‍ കഷായം വെച്ച്, കടുക്ക അലിഞ്ഞു ചേര്‍ന്നാല്‍ ഇരുവേലി, ശതകുപ്പ, കൊട്ടം ഇവ കൊണ്ടു ഭാവന ചെയ്തെടുത്തു വിധിയനുസരിച്ചു കഴിച്ചാല്‍ മുഖരോഗങ്ങളും, മറ്റു പല രോഗങ്ങളും ശമിക്കും. അതികഠിനമായ രക്തവാതം, അര്‍ബുദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയില്‍ ഈ യോഗം ഫലപ്രദമത്രേ.
“മമസത്യപ്രതിജ്ഞേയം യൂയം ശൃണുത പണ്ഡിതാഃ | പത്ഥ്യായാഃ സദൃശം കിഞ്ചില് കുത്രചിന്നൈവ വിദ്യതേ ||” – പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.
<<ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര് പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം>>
തൃണവര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു സസ്യമാണെങ്കിലും നക്ഷത്രവൃക്ഷങ്ങളുടെ ഗണത്തില്‍പ്പെടുത്തി ഒരു വൃക്ഷമായാണ് ആയുര്‍വേദം മുളയെക്കാണുന്നത്. നാട്ടില്‍ പൊതുവേ എല്ലാ ദേശങ്ങളിലും മുള വളരാറുണ്ട്. ചില മുളകളില്‍ ഒരു ദ്രാവകം നിറഞ്ഞ് അത് ക്രമേണ ഖരരൂപത്തിലാകും. അതിനു മുളങ്കര്‍പ്പൂരം എന്നു പേര്. വംശരോചനം, മുളവെണ്ണ, മുളനൂറ്, വംശി, തവക്ഷീരി അങ്ങനെ പല പേരുകളില്‍ മുളങ്കര്‍പ്പൂരം ദേശഭേദമനുസരിച്ച് അറിയപ്പെടുന്നു. മുളങ്കര്‍പ്പൂരം മധുരവും, ശീതളവും മൂത്രളവുമാണ്. പിത്തഘ്നവും കഫഘ്നവുമാണ്. ഛര്‍ദ്ദി, വയറിളക്കം, ചുട്ടുനീറ്റം, കുഷ്ഠം, മഞ്ഞപ്പിത്തം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസ്രുതി, ശ്വാസവൈഷമ്യം, ചുമ, ആസ്ത്മ, ക്ഷയം, വയറുവേദന, സിഫിലിസ്, ജ്വരം, നേത്രരോഗങ്ങള്‍, ക്ഷീണം തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളില്‍ മുളങ്കര്‍പ്പൂരം ഉപയുക്തമാണ്.
മുളങ്കര്‍പ്പൂരം ശതാവരിക്കിഴങ്ങിന്നീരില് കഴിച്ചാല്‍ അതു വാജീകരണമാണ്.
മുളങ്കര്‍പ്പൂരം, കരിഞ്ചീരകം, ഉണക്കമുന്തിരിങ്ങ, അമുക്കുരം, ഇവ സമം പൊടിച്ചു ഒരു നുള്ളു വീതം കഞ്ഞുണ്ണിനീരില്‍ കഴിച്ചാല്‍ പനി, ചുമ, കുഷ്ഠം, കാമില, മൂത്രകൃഛ്ത്രം, വിളര്‍ച്ച എന്നിവയില്‍ അത്യുത്തമമാണ്.
ഛര്‍ദ്ദിക്കും, അതിസാരത്തിനും, കൊളുത്തിപ്പിടുത്തത്തിനും മുളങ്കര്‍പ്പൂരം തേനിലോ നെയ്യിലോ ചാലിച്ചു കഴിച്ചാല്‍ മതി.
ഒരു ഗ്രാം മുളങ്കര്‍പ്പൂരം ഡാഡിമാതളപ്പഴച്ചാറില് (Pomegranate Juice) കൊടുത്താല്‍ ഛര്‍ദ്ദി നില്ക്കും.
ഒരു ഗ്രാം മുളങ്കര്‍പ്പൂരം കറിവേപ്പില നീരിലോ ഉലുവക്കഷായത്തിലോ നല്കിയാല് വയറിളക്കം ശമിക്കും. പ്രമേഹത്തിലും ഫലപ്രദം.
ഒരു ഗ്രാം മുളങ്കര്‍പ്പൂരം പുളിയിലച്ചാറിലോ മല്ലിയും ദേവതാരവും ചേര്‍ത്തുണ്ടാക്കിയ കഷായത്തിലോ നല്കിയാല് ആര്‍ത്തവത്തകരാറുകള്‍ മാറും.
ഒരു ഗ്രാം മുളങ്കര്‍പ്പൂരം ഗന്ധര്‍വഹസ്താദി കഷായത്തില്‍ നല്കിയാല് ദഹനക്കുറവു മാറും.
ഒരു ഗ്രാം മുളങ്കര്‍പ്പൂരം കുറുന്തോട്ടിക്കഷായത്തില്‍ നല്കിയാല് ചുരുങ്ങിവലിവു (Spasm) മാറും.
വീട്ടില്‍ ഒരല്‍പ്പം മുളങ്കര്‍പ്പൂരം ഉണ്ടെങ്കില്‍ എന്തൊക്കെ രോഗങ്ങളെ ശമിപ്പിക്കാം എന്ന് ഒരു ഏകദേശരൂപം കിട്ടാന്‍ ഇതു മതി. കൃതഹസ്തന്മാരായ വൈദ്യശ്രേഷ്ഠന്മാര് അനുപാനവ്യതിയാനം കൊണ്ട് ഒട്ടനേകം രോഗങ്ങളെ ശമിപ്പിക്കുന്നതിന് മുളങ്കര്‍പ്പൂരം അനേകം രഹസ്യമുറകളില് ഉപയോഗിക്കാറുണ്ട്. മേല്പ്പറഞ്ഞതൊക്കെ അതിനുള്ള ഉദാഹരണങ്ങള്‍ മാത്രം.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുളങ്കര്‍പ്പൂരം വിശ്വാസ്യത ഉള്ള ഇടത്തുനിന്നു മാത്രം വാങ്ങണം. അങ്ങാടിക്കടകളില്ക്കിട്ടുന്ന മുളങ്കര്‍പ്പൂരം ശരിക്കും മുളങ്കര്‍പ്പൂരം തന്നെയോ എന്ന് ഉറപ്പു പറയാന്‍ പറ്റില്ല.
രസം : മധുരം | ഗുണം : ഗുരു, സ്നിഗ്ധം | വീര്യം : ശീതം | വിപാകം : മധുരം
മലയാളികളുടെ ജീവിതത്തില്‍ തേങ്ങയോളം സ്വാധീനമുള്ള വേറെ ഒരു ആഹാരസാധനം ഉണ്ടാകാന്‍ സാധ്യതയില്ല. നമ്മുടെ ആഹാരശീലങ്ങളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തേങ്ങ ചേരാത്ത നിത്യാഹാരവിഭവങ്ങള് തുലോം കുറവാണ്. ഒരു പക്ഷെ തലമുറകളായി മലയാളിയുടെ ആരോഗ്യത്തെ കാത്തുരക്ഷിച്ചത് തേങ്ങ ആണ്. പല തരം അധിനിവേശങ്ങള്‍, പല നാട്ടുകാര്‍, അവര്‍ കൊണ്ടുവന്ന അനേകം വിദേശിരോഗങ്ങള്, ഔപസര്ഗ്ഗികരോഗങ്ങള് – ഇവയൊന്നും അത്രകണ്ടു മലയാളിയെ ബാധിക്കാതിരുന്നത് തേങ്ങയുടെ ഔഷധഗുണങ്ങള്‍ കൊണ്ടാണ് എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.തേങ്ങയുടെ ഗുണങ്ങള്‍ ആചാര്യന് ഗുണപാഠത്തില്‍ വര്‍ണ്ണിക്കുന്നത് ഇങ്ങനെ: പദ്യരൂപമാണ്.
ഇളംനീരുമിളംതേങ്ങ പഴുത്തതു വരണ്ടതു
കൊട്ടയായും കുരുത്തീട്ടും തേങ്ങയാറു പ്രകാരമാം
ഇളനീര് ശീതളം ഹൃദ്യം മധുരം പിത്തനാശനം
ദാഹാസ്ഥിശ്രാവകൃച്ഛാദി രോഗാണാഞ്ചവിനാശയേത്
ഇളംതേങ്ങയെരിച്ചുള്ളൂ കൃമിവിഷ്ടംഭകാരിതഥ്
പഴുത്ത തേങ്ങ പാലിന്നും പായസാദിക്കുമുത്തമം
സ്നിഗ്ധം ബലപ്രദം വസ്തിശോധനം മാംസവര്ദ്ധനം
വരണ്ട തേങ്ങ വാതഘ്നം ജലം പഥ്യമതായ് വരും
പ്രസൂതികാലേ നാരീണാമുത്തമം മൂത്രശോധനം
കൊട്ടത്തേങ്ങ ദന്തരോഗം വാതവും വാതശോണിതം
വയറ്റില്‍ നോവുമുണ്ടായാല് ശമിപ്പിക്കും ഹിതം പരം
മുളച്ച തേങ്ങ മധുരം ഗുരുവാകയുമുണ്ടത്
ദോഷങ്ങളെപ്പെരുപ്പിക്കും ആകെയൊന്നിനുമൊട്ടുമേ
തെങ്ങിന് തലയ്ക്കലെ മാംസം കിളുന്നായ ചിരട്ടയും
ആടോപമുദരം ശൂല പരികര്ത്തനമാന്ത്രവും
എന്നിവറ്റെ വരുത്തീടും ഭുജിച്ചീടരുതൊട്ടുമേ
ഇളംചകിരിനീര് നന്നു ദീപനം ദാഹനാശനം
പിന്നെ ഗ്രഹണിയുള്ളോര്ക്കും സേവിച്ചാലേറ്റവും ഗുണം
തേങ്ങാവെള്ളം തണുത്തുള്ളൂ ദീപനം വസ്തിശോധനം
തൃഷ്ണാപിത്താനിലഹരം മധുരം ശുക്ലവര്ദ്ധനം
ഇളനീര് ശീതളം ഹൃദ്യം അത്യച്ഛം മുഖരോദനം
ദാഹാസ്ഥിസ്രാവകൃച്ഛാദിരോഗാണഞ്ചവിനാശയേത്
തേങ്ങാതൈലം അതൃത്തുള്ളൂ ബൃംഹണം ബലവര്‍ദ്ധനം
വാതപിത്തഹരം കേശ്യം ദന്തരോഗത്തിനും ഗുണം
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മുളച്ച തേങ്ങ തിന്നരുത്. ദോഷങ്ങളെ കൂട്ടും.
തെങ്ങ് വെട്ടുമ്പോള്‍ കിട്ടുന്ന തെങ്ങിന്റെ മണ്ട തിന്നരുത്.
കിളുന്നു ചിരട്ട കഴിക്കരുത്.
വെളിച്ചെണ്ണ ഒരു ദോഷവും ചെയ്യില്ല. ബലവര്‍ദ്ധനം ആണ്. വാതപിത്തഹരമാണ്. മുടിയ്ക്കു നല്ലതാണ്. ദന്തരോഗങ്ങളെ ശമിപ്പിക്കുന്നവയാണ്.
തേങ്ങാപ്പാല്‍ പശുവിന്പാലിനോളമോ അതില്‍ കൂടുതലോ ഗുണകരമാണ്. (തേങ്ങാപ്പാല്‍ ഒഴിച്ചു ശര്‍ക്കര ഉരുക്കിയത് കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും – ശ്രമിക്കുക)
രോഗങ്ങളില്ലാത്ത ഒരാള്‍ കുറഞ്ഞത് ഒരു മുറി തേങ്ങയെങ്കിലും ഒരു ദിവസം കഴിക്കണം! ആരോഗ്യത്തിനു നല്ലതാണ്.
പല രോഗങ്ങളെയും ശമിപ്പിക്കാന്‍ തേങ്ങ മതിയാകും (ഇളനീര്, ഇളംതേങ്ങ, പഴുത്ത തേങ്ങ, വരണ്ട തേങ്ങ, കൊട്ടത്തേങ്ങ, കിളിര്‍ത്ത തേങ്ങ ഇങ്ങനെ ആറു അവസ്ഥ ഉണ്ട് തേങ്ങയ്ക്ക്)
പതിവായി ത്രിഫല സേവിക്കുകയും പഥ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവന് രോഗങ്ങള്‍ സംഭവിക്കയില്ല. സംഭവിച്ചാല്‍ത്തന്നെ അതുകള്ക്ക് അതാതുകള്ക്കുള്ള ശക്തി ഉണ്ടാവില്ല
നെല്ലിക്കാപ്പൊടി തേനിലോ നെയ്യിലോ കുഴച്ചു രാത്രി സേവിച്ചാല്‍ ഒരു മാസം കഴിയുമ്പോഴേക്ക് കണ്ണ് ചെവി ബുദ്ധി ജഠരാഗ്നി ഇതുകള്‍ക്കെല്ലാം നല്ല ശക്തിയുണ്ടാകും. യൌവ്വനം ക്ഷയിക്കുകയില്ല.
രാവിലെ ഒരു നെല്ലിക്കയും ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ ഒരു കടുക്കയും രാത്രി ഭക്ഷണശേഷം ഒരു താന്നിക്കയും പതിവായി ശീലിച്ചാല്‍ അനേകകാലം സുഖമായി ജീവിക്കാം.
കടുക്ക അരച്ച് ഇരുമ്പുപാത്രത്തില്‍ തേച്ചുണക്കി രാത്രി സേവിക്കുകയും രാവിലെ നെയ്യും തേനും കഴിക്കുകയും ചെയ്താല്‍ രോഗങ്ങളെല്ലാം നശിക്കുകയും ശരീരത്തിനു നല്ല സ്ഥിരതയുണ്ടാകുകയും ചെയ്യും.
കടുക്ക, ചുക്ക് ഇവ സമം പൊടിച്ച പൊടി തേനും നെയ്യും ചേര്‍ത്തു കുഴച്ചു പ്രഭാതത്തില്‍ ശീലിച്ചാല്‍ ജരാനരകള്‍ നശിക്കും. ഇത് അത്യുത്തമമായ രസായനമാകുന്നു.
എള്ളും നെല്ലിക്കയും കൂടെ സമം പൊടിച്ച പൊടി തേനും നെയ്യും ചേര്‍ത്തു കുഴച്ചു രാവിലെ സേവിക്കുക. ഇങ്ങനെ ഒരു മാസം സേവിച്ചാല്‍ നല്ല ബുദ്ധിശക്തി ഉണ്ടാകും. കലശലായ ജര ശമിക്കുകയും ചെയ്യും.
ത്രിഫലപ്പൊടി രാവിലെ നെയ്യിലും അമരിയില അരച്ചുണക്കിപ്പൊടിച്ച പൊടി ശര്‍ക്കര ചേര്‍ത്തു വൈകുന്നേരവും രാമച്ചം പൊടിച്ച പൊടി തേനില്‍ ചേര്‍ത്ത് അത്താഴത്തിനു ശേഷവും സേവിച്ചാലും, കടുക്ക നെല്ലിക്ക, മുത്തങ്ങക്കിഴങ്ങ്, വിഴാലരി, അകില്, കൊടുവേലിക്കിഴങ്ങ് ഇവ ക്രമവൃദ്ധങ്ങളായെടുത്തു പൊടിച്ച പൊടി തേനില്‍ച്ചാലിച്ചു സേവിച്ചാലും സകലരോഗങ്ങളും ശമിക്കും.
പൂളമരം വെട്ടി പൊത്തുണ്ടാക്കി അതില്‍ മുട്ടിപ്പൊട്ടിച്ച കടുക്ക നിറച്ചുവെച്ച് ആ കടുക്കയ്ക്കു നനവു വന്നാല്‍ അതെടുത്തു ഭക്ഷിച്ചു പാല് സേവിച്ചാല്‍ ജര നശിക്കും.
പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.
നവരനെല്ലിന്റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.
ഉഴുന്ന് ഏഴു ഭാഗം; മലര് ഒമ്പതു ഭാഗം; അമുക്കുരം ഒരു ഭാഗം; നിലപ്പനക്കിഴങ്ങ് രണ്ടു ഭാഗം; എള്ള് ഒരു ഭാഗം; എല്ലാം കൂടെ നെയ്യില്‍ വറുത്തു കഴിച്ചാല്‍ ശുക്ലവൃദ്ധി ഉണ്ടാകും
പാല്‍മുതക്കിന്‍ കിഴങ്ങ് അരച്ചുണങ്ങിയ പൊടി പാലമുതക്കിന് കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരില്‍ ഭാവന ചെയ്തെടുത്തു തേനും നെയ്യും ചേര്‍ത്തു ശീലിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കും. ഈ പൊടി എത്ര പ്രാവശ്യം ഭാവന ചെയുന്നുവോ അത്രയും ഗുണപ്രദമാകുന്നു.
ഈ ഭൂമിയില്‍ ആയുര്‍വേദശാസ്ത്രത്തിന്റെ ആഗമനം ഏതൊരു ക്രമമനുസരിച്ചാണോ ഉണ്ടായത് ആ ക്രമത്തെ ഞാന്‍ പല ആയുര്വേദശാസ്ത്രങ്ങളും പരിശോധിച്ച് ആദ്യമായി ഇവിടെ എഴുതാന്‍ ഭാവിക്കുന്നു.
ആയുര്വേദലക്ഷണം
ആയുസ്സിനു ഹിതമായും അഹിതമായും ഇരിക്കുന്ന പദാര്‍ത്ഥവും രോഗത്തിന്റെ നിദാനവും (ലക്ഷണവും) ശമനവും (ചികിത്സയും) ഏതൊരു ശാസ്ത്രത്തിലാണോ പറയുന്നത് ആ ശാസ്ത്രത്തെയാണ് വിദ്വാന്മാര് ആയുര്‍വേദം എന്നു പറയുന്നത്.
ആയുര്‍വേദത്തിന്റെ നിരുക്തി
ഏതൊരു ശാസ്ത്രത്താലാണോ മനുഷ്യര്‍ക്ക് ആയുസ്സു ലഭിക്കുകയും മനുഷ്യര്‍ ആയുസ്സിനെ അറിയുകയും ചെയ്യുന്നത് ആ ശാസ്ത്രത്തെയാണ് മുനിവരന്മാര്‍ ആയുര്‍വേദം എന്നു പറയുന്നത്. ദേഹവും ജീവനും കൂടി സംബന്ധിച്ചിരിക്കുന്നതിന് ജീവനമെന്നും, ആ ജീവിതത്തോടു കൂടിയ കാലത്തിന് ആയുസ്സെന്നും പറയുന്നു. ഈ ആയുര്‍വേദശാസ്ത്രം വഴി ആയുഷ്കരങ്ങളായും ആയുഷ്കരങ്ങളല്ലാതെയും ഉള്ള ദ്രവ്യഗുണകര്മ്മങ്ങളെ അറിഞ്ഞ് അവയില്‍ ആയുഷ്കരങ്ങളെ ശീലിക്കുകയും ആയുഷ്കരങ്ങലല്ലാത്തവയെ ത്യജിക്കുകയും ചെയ്താല്‍ ആരോഗ്യമുണ്ടായി നമുക്കു ദീര്‍ഘായുസ്സു ലഭിക്കും. ഇതുകൊണ്ടുതന്നെ അന്യന്നും ആയുഷ്കരങ്ങളും അനായുഷ്കരങ്ങളും ആയവയെ അറിഞ്ഞു അവന്റെയും ആയുസ്സു വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
ബ്രഹ്മസംഹിതയുടെ ആവിര്‍ഭാവം
ആദ്യമായി ബ്രഹ്മാവ് അഥര്‍വ്വവേദത്തിന്റെ സര്‍വ്വസ്വമായ (സാരാംശമായ) ആയുര്‍വേദത്തെ എടുത്തു ലക്ഷം ശ്ലോകമുള്ളതും സ്വനാമത്താല് അങ്കിതവും സരളവുമായ സംഹിതയെ നിര്‍മ്മിച്ചു. അതിനുശേഷം ബുദ്ധിവാരിധിയായ ബ്രഹ്മാവ് സകലകര്മ്മങ്ങളില് ദക്ഷനായ ദക്ഷപ്രജാപതിയ്ക്ക് സാംഗോപാംഗമായ (ശല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, ബാലചികിത്സ, അഗദശാസ്ത്രം, രസായനതന്ത്രം, വാജീകരണം ഈ എട്ടംഗങ്ങളോടു കൂടിയ) ആയുര്‍വേദത്തെ ഉപദേശിക്കുകയും ചെയ്തു.
ദക്ഷസംഹിതയുടെ ഉത്ഭവം
ബ്രഹ്മാവില്‍ നിന്നും ആയുര്‍വേദം പഠിച്ചതിനു ശേഷം സകലക്രിയകളില്‍ സമര്‍ത്ഥനായ ദക്ഷപ്രജാപതി സൂര്യന്റെ അംശഭൂതന്മാരും വിദ്വാന്മാരും ദേവശ്രേഷ്ഠന്മാരുമായ സ്വര്ഗ്ഗവൈദ്യന്മാരെ (അശ്വിനീദേവന്മാരെ) ഈ ആയുര്‍വേദം പഠിപ്പിച്ചു.
ആശ്വിനേയസംഹിതയുടെ ആവിര്‍ഭാവം
അശ്വിനീപുത്രന്മാര്‍ ദക്ഷപ്രജാപതിയില്‍ നിന്നു വൈദികവിദ്യ പഠിച്ചു എല്ലാ ചികിത്സകന്മാര്ക്കും ചികിത്സാജ്ഞാനവൃദ്ധിയ്ക്കായി സ്വനാമാങ്കിതമായ സംഹിതയെ നിര്‍മ്മിച്ചു. അതിനു ശേഷം ക്രുദ്ധനായ ഭൈരവനാല്‍ ഛേദിക്കപ്പെട്ട ബ്രഹ്മാവിന്റെ ശിരസ്സിനെ സംയോജിപ്പിക്കുകയും അതിനാല്‍ അവര്‍ക്കു യജ്ഞഭാഗം സിദ്ധിക്കുകയും ചെയ്തു. ഇതുകൂടാതെ ദേവാസുരയുദ്ധത്തില്‍ അസുരന്മാരാല്‍ ദേവന്മാരുടെ ശിരസ്സിലെ മുറിവുകള്‍ പെട്ടന്നു ചികിത്സിച്ചു ഭേദമാക്കുക; ഇന്ദ്രനുണ്ടായ ഭുജസ്തംഭം ശമിപ്പിക്കുക; അമൃതില്ലാതിരുന്ന ചന്ദ്രന് അമൃതുണ്ടാക്കുക; പൂഷാവിന്റെ പൊടിഞ്ഞുപോയ ദന്തങ്ങളെയും ഭഗന്റെ പൊട്ടിയ കണ്ണുകളെയും ചികിത്സിച്ചു ശരിയാക്കുക; ചന്ദ്രന്റെ രാജയക്ഷ്മാവു ശമിപ്പിക്കുക; ഭൃഗുവംശജനും, കാമിയും, വൃദ്ധനും, കുത്സിതരൂപനുമായ ച്യവനമഹര്ഷിയ്ക്കു വീര്യം, നിറം, സ്വരഗുണം ഇവയുണ്ടാക്കുക; മറ്റു പല ചികിത്സകള്‍ ചെയ്യുക; ഇങ്ങനെയുള്ള പല അത്ഭുതകര്‍മ്മങ്ങള്‍ കൊണ്ട് ഈ ആശ്വനീദേവന്മാര് ഇന്ദ്രാദികളായ ദേവന്മാര്ക്ക് ഏറ്റവും പൂജ്യന്മാരായിത്തീരുകയും ചെയ്തു.
ഇന്ദ്രസംഹിതയുടെ ആവിര്‍ഭാവം
അശ്വിനീദേവന്മാരുടെ പൂര്‍വ്വോക്തങ്ങളായ അത്ഭുതകര്മ്മങ്ങളെക്കണ്ട് യത്നവാനായ ദേവേന്ദ്രന് സംഭ്രമത്തോടുകൂടാതെ ആയുര്‍വേദം പഠിപ്പിക്കണമെന്നു അവരോടു യാചിച്ചു. അതിനുശേഷം സത്യസന്ധനായ ഇന്ദ്രനാല്‍ പ്രാര്ത്ഥിതന്മാരായ ആ അശ്വിനീപുത്രന്മാര്‍ പഠിച്ചപോലെ ഇന്ദ്രന് ആയുര്‍വേദശാസ്ത്രത്തെ ഉപദേശിച്ചു. ഇങ്ങനെ അശ്വിനീദേവന്മാരില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച ദേവേന്ദ്രന് അത്രിപുത്രന്മാര്‍ തുടങ്ങിയ വളരെ മഹര്‍ഷികളെയും പഠിപ്പിച്ചു.
ആത്രേയസംഹിതയുടെ ആവിര്‍ഭാവം
ഒരു ദിവസം മുനിസത്തമാനായ ഭഗവാന് ആത്രേയന് സകലലോകവും രോഗാകുലമായിക്കണ്ടിട്ട് ഇങ്ങനെ വിചാരിച്ചു:- “ഞാന്‍ എന്താണു ചെയ്യുക? ഏതു ദിക്കിലേക്കാണ് പോകുക? ലോകങ്ങള്‍ എങ്ങിനെയാണ് നിരാമയന്മാരായിത്തീരുന്നത്? രോഗബാധിതന്മാരായ ഈ ജനങ്ങളെക്കാണുന്നത്തിനു എനിക്കു ശക്തിയില്ല. ഞാന്‍ വളരെ ദയാലുവാണ്. സ്വതേയുള്ള സ്വഭാവം മാറ്റാനസാധ്യം. ഈ ജനങ്ങളുടെ ദുഃഖം കണ്ടിട്ട് എന്റെ മനസ്സിലും ദുഃഖം വളരെ ഉണ്ടാകുന്നു. ജനങ്ങളുടെ രോഗം മാറ്റുന്നതിനായി ആയുര്‍വേദം പഠിക്കണം.” ഇങ്ങനെ നിശ്ചയിച്ച് ആത്രേയന് സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രമന്ദിരത്തില്ച്ചെന്നു, സിംഹാസനസ്ഥനും ദേവര്‍ഷികളാല്‍ സ്തുതിക്കപ്പെടുന്നവനും, സൂര്യതുല്യമായ തേജസ്സിനാല്‍ ദിക്കുകളെ പ്രകാശിപ്പിക്കുന്നവനും, ആയുര്വേദമഹാചാര്യനും ദേവശിരോമണിയുമായ ദേവേന്ദ്രനെ സന്ദര്‍ശിച്ചു. ഇന്ദ്രനാകട്ടെ, മഹാതപസ്വിയായ ആത്രെയനെക്കണ്ട് ആസനത്തില്‍ നിന്ന് എഴുന്നേറ്റ് കുശലപ്രശ്നാന്തരം ആഗമനകാരണത്തെച്ചോദിച്ചു. അപ്പോള്‍ ആത്രേയന് “അല്ലയോ ദേവേന്ദ്ര, ബ്രഹ്മാവ് അങ്ങയെ സ്വര്‍ഗ്ഗലോകത്തിനു മാത്രം അധിപതിയാക്കി ചെയ്തിരിക്കുകയല്ല. അങ്ങു മൂന്നു ലോകത്തിനും അധിപതിയാണ്. അതിനാല്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ അറിയിക്കുകയാണ്. ഭൂമിയിലുള്ള ജനങ്ങളെല്ലാം രോഗപീഡയാല്‍ പരവശരായിത്തീര്ന്നിരിക്കുന്നു. അവരുടെ സന്താപത്തെ ശമിപ്പിക്കുന്നതിന് ദയചെയ്ത് എനിക്കു ആയുര്‍വേദത്തെ ഉപദേശിച്ചു തന്നാലും” എന്ന് അരുളിച്ചെയ്തു. അനന്തരം ഇന്ദ്രന് സാംഗമായ ആയുര്‍വേദത്തെ ആത്രേയന് ഉപദേശിച്ചു കൊടുത്തു. ഇങ്ങനെ ഇന്ദ്രനില് നിന്ന് ആയുര്‍വേദം അഭ്യസിച്ച ആത്രേയന് അദ്ദേഹത്തെ ആശിസ്സുകൊണ്ട് അഭിനന്ദിച്ചിട്ട് ഭൂമിയില്‍ വന്ന് ജനങ്ങളിലുള്ള അനുകമ്പ നിമിത്തം സ്വനാമാങ്കിതമായ സംഹിതയെ (ആത്രേയസംഹിതയെ) നിര്‍മ്മിച്ച് അഗ്നിവേശന്‍, ഭേഡന്‍, ജാതൂകര്ണ്ണന്, പരാശരന്, ക്ഷീരപാണി, ഹാരീതന്‍, തുടങ്ങിയ ശിഷ്യന്മാരെ ആയുര്‍വേദം പഠിപ്പിച്ചു. ഈ അത്രിശിഷ്യന്മാരില് ആദ്യമേ ആയുര്‍വേദശാസ്ത്രം നിര്‍മ്മിച്ചത് അഗ്നിവേശമഹര്ഷിയാണ്. അതിനു ശേഷം ഭേഡന്‍ മുതലായവരും ഓരോ ശാസ്ത്രങ്ങളെ നിര്‍മ്മിച്ചു. ഇവര്‍ പിന്നീട് സ്വകൃതങ്ങളായ ശാസ്ത്രങ്ങളെ, മുനിവൃന്ദവന്ദിതനായ ആത്രെയനെ കേള്‍പ്പിക്കുകയും അദ്ദേഹം അതുകൊണ്ടു സന്തുഷ്ടനായിത്തീരുകയും ചെയ്തു. ഇപ്രകാരം ഉണ്ടാക്കിയ ഈ ആയുര്വേദശാസ്ത്രത്തെക്കണ്ട് മഹര്‍ഷികളും ദേവര്‍ഷികളും ദേവന്മാരും പ്രസന്നന്മാരായിത്തീര്ന്നിട്ടു ധന്യവാദം ചെയ്ത് ഇവരെ അത്യന്തം പ്രശംസിച്ചു.
ഭരദ്വാജസംഹിതയുടെ ആവിര്‍ഭാവം
ഒരു ദിവസം ദൈവഗത്യാ ഹിമവാന്പര്വ്വതത്തിന്റെ മുകളില്‍ അനേകം മഹര്‍ഷിമാര്‍ വന്നുചേര്‍ന്നു. അവരില്‍ ആദ്യം വന്നതു മുനിശ്രേഷ്ഠനായ ഭരദ്വാജനാണ്. അതിനുശേഷം അംഗിരസ്സ്, ഗര്ഗ്ഗന്, മരീചി, ഭൃഗു, ഭാര്ഗ്ഗവന്, പുലസ്ത്യന്, അഗസ്ത്യന്, അസിതന്, വസിഷ്ഠന്, പരാശരന്, ഹാരീതന്‍, ഗൌതമന്, സാംഖ്യന്, മൈത്രേയന്, ച്യവനന്, ജമദഗ്നി, ഗാര്‍ഗ്ഗ്യന്‍, കശ്യപന്, കാശ്യപന്, നാരദന്, വാമദേവന്, മാര്‍ക്കണ്ഢേയന്‍, കപിഞ്ജലന്, ശാണ്ഢില്യന്, കൌണ്ഢിന്യന്, ശാകുനേയന്‍, ശൌനകന്, അശ്വലായനന്‍, സാംകൃത്യന്‍, വിശ്വാമിത്രന്, പരീക്ഷകന്, ദേവലന്‍, ഗാലവന്, ധൌമ്യന്‍, കാമ്യന്‍, കാത്യായനന്‍, കങ്കായനന്, വൈജപായനന്, കുശികന്, ബാദരായണന്‍, ഹിരണ്യാക്ഷന്, ലൌഗാക്ഷി, ശരലോമാവ്, ഗോഭിലന്, വൈഖാനസന്‍, ബാലഖില്യന്‍ ഈ മഹര്‍ഷിമാരും, ബ്രഹ്മജ്ഞാനനിധികളും, യമനിയമാധിഷ്ഠാനഭൂതരും, തപസ്തേജസ്സിനാല് ഹോമാഗ്നികളെപ്പോലെ ജ്വലിക്കുന്നവരും ആയ മറ്റു മഹര്‍ഷിമാരും അവിടെ വന്നു ചേര്‍ന്നു. ഇങ്ങനെ എല്ലാ മഹര്‍ഷിമാരും കൂടി ആനന്ദതുന്തിലന്മാരായി ആ പര്വ്വതത്തിലിരുന്നു ഇപ്രകാരം ഒരു കഥ പറയാന്‍ തുടങ്ങി. “ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കു മുഖ്യകാരണം ശരീരമാണ്. തപസ്സ്, വേദാധ്യയനം, ധര്‍മ്മം, ബ്രഹ്മചര്യാദിവ്രതം, ആയുസ്സ് ഇവയെ നശിപ്പിക്കുന്ന രോഗങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഈ രോഗങ്ങള്‍ മനുഷ്യരുടെ ശരീരത്തിനു കാര്ശ്യത്തെയും ബലക്ഷയത്തെയും ചെയ്യുന്നവയും ശരീരചേഷ്ട, ഇന്ദ്രിയശക്തി ഇവയെ ഹനിക്കുന്നവയും, സകലശരീരത്തിലും പീഡയെച്ചെയ്യുന്നവയും, ധര്‍മ്മം, അര്‍ത്ഥം, സര്‍വ്വകാമം, മോക്ഷം ഇവയ്ക്കു വിഘ്നത്തെ ഉണ്ടാക്കുന്നവയും, ബലാല് പ്രാണനെത്തന്നെ ഹരിക്കുന്നവയും ആകുന്നു. ഇപ്രകാരമുള്ള രോഗങ്ങള്‍ നിലനില്ക്കുമ്പോള് പ്രാണികള്‍ക്കു സുഖം എവിടെയാണ്? അതിനാല്‍ ഈ പാപാത്മാക്കളായ രോഗങ്ങളുടെ ശാന്തിക്കായി വിദ്വാന്മാരും, യോഗ്യന്മാരുമായ നിങ്ങള്‍ എന്തെങ്കിലും ഒരു കൌശലം ചിന്തിക്കുവിന്‍”. ഇങ്ങനെ ആ മഹര്‍ഷിമാര്‍ സദസ്സില്‍ നിശ്ചയിച്ചു ഭരദ്വാജനോടു പറഞ്ഞു:- അല്ലയോ ഭഗവാന്, ഇക്കാര്യത്തിനു അങ്ങാണു യോഗ്യന്‍. അങ്ങ് ഇന്ദ്രന്റെ അടുക്കല്‍ ചെന്നു ആയുര്‍വേദം പഠിക്കുന്നത്തിനു പ്രാര്‍ത്ഥിക്കുക; പിന്നെ അങ്ങയുടെ അടുക്കല്‍ നിന്നു ആയുര്‍വേദം പഠിച്ചു ഞങ്ങളും രോഗഭയത്തില്‍ നിന്നു മുക്തന്മാരായിക്കൊള്ളാം”. ഇപ്രകാരം വിനയശാലികലായ ആ മഹര്‍ഷിമാരാല്‍ പ്രാര്‍ത്ഥിതനായ ഭരദ്വാജന് സ്വര്‍ഗ്ഗത്തു ചെന്നു ദേവര്‍ഷിമാരുടെ മദ്ധ്യത്തില്‍ സ്ഥിതനും വൃത്രാസുരനെ കൊന്നവനും അഗ്നിയെപ്പോലെ തേജസ്വിയുമായ ദേവേന്ദ്രനെക്കണ്ടു വന്ദിച്ചു. അനന്തരം ദേവേന്ദ്രന് സന്തുഷ്ടനായിട്ടു ഭരദ്വാജമഹര്ഷിയോടു:- “അല്ലയോ ധര്‍മ്മജ്ഞ! അങ്ങേയ്ക്കു കുശലമല്ലേ” എന്നു പറഞ്ഞു അദ്ദേഹത്തെ പൂജിച്ചു. ഭരദ്വാജനാകട്ടെ, ജയാശീര്‍വചനങ്ങളാല്‍ ഇന്ദ്രനെ അഭിനന്ദിച്ച് മഹര്‍ഷിമാര്‍ പറഞ്ഞയച്ച വാക്കിനെ പറയാന്‍ തുടങ്ങി:- “അല്ലയോ ദേവേന്ദ്ര! ഭൂമിയില്‍ എല്ലാ പ്രാണികള്‍ക്കും ഭയങ്കരങ്ങളായ അനേകരോഗങ്ങള്‍ ഉണ്ടായിരിക്കുന്നു. ആ രോഗങ്ങളെ ശമിപ്പിക്കുന്നതിനു യോഗ്യമായ ഒരുപായത്തെ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നാലും”. ഇതുകേട്ടു ദേവേന്ദ്രന് ഭാരദ്വാജനായി സാംഗമായ ആയുര്‍വേദത്തെ ഉപദേശിച്ചുകൊടുത്തു. ഈ ആയുര്‍വേദശാസ്ത്രം പഠിച്ചാല്‍ എല്ലാ പ്രാണികള്‍ക്കും രോഗരഹിതരായി ആയിരം വര്‍ഷം ജീവിച്ചിരിക്കാന്‍ സാധിക്കും. അതിനു ശേഷം ഭരദ്വാജന് അനന്തവും അപാരവുമായ ആയുര്‍വേദശാസ്ത്രം മുഴുവനും അല്‍പ്പദിവസം കൊണ്ടു വേണ്ടപോലെ പഠിച്ചു. അതിനാല്‍ അദ്ദേഹം രോഗരഹിതനും ദീര്‍ഘായുസ്സും ആയിത്തീരുകയും മറ്റു മഹര്‍ഷിമാരെ രോഗഹീനരാക്കി ചെയ്യുകയും പിന്നീടു സ്വനാമാങ്കിതമായ മഹാശാസ്ത്രത്തെ (ഭരദ്വാജസംഹിതയെ) നിര്‍മ്മിക്കുകയും ചെയ്തു. അനന്തരം സകലമഹര്‍ഷിമാരും ഈ ഭരദ്വാജസംഹിതയില്നിന്നുമുണ്ടായ ജ്ഞാനചക്ഷുസ്സിനാല് ഔഷധഗുണങ്ങളും ഔഷധങ്ങളും തച്ചികിത്സകളും അറിഞ്ഞു തദ്വിധികളെ അനുഷ്ഠിച്ചു ആരോഗ്യത്തോടും ദീര്‍ഘായുസ്സോടും സുഖത്തോടും കൂടിയവരായിത്തീരുകയും ചെയ്തു.
ചരകസംഹിതോല്പ്പത്തി
വിഷ്ണുഭഗവാന് മത്സ്യമായി അവതരിച്ചു വേദത്തെ ഉദ്ധരിച്ച സമയം ശേഷഭഗവാന്‍ ആ സ്ഥാനത്തുവെച്ച് മത്സ്യഭഗവാനില്നിന്നും സാംഗോപാംഗമായ വേദത്തെ പഠിച്ചു. അപ്പോള്‍ അഥര്‍വ്വവേദത്തില്‍ ആന്തര്ഭവിച്ച ആയുര്വ്വേദശാസ്ത്രവും അറിയാന്‍ സംഗതിയായി. അതിനുശേഷം ഒരിക്കല്‍ ഭൂമിയിലെ വൃത്താന്തം അറിയുന്നതിനായി ശേഷന് ചരന്റെ (ദൂതന്) വേഷം ധരിച്ചു ഭൂമിയില്‍ വന്നുചേര്‍ന്നു. അപ്പോള്‍ ഭൂമിയുള്ള ജനങ്ങളെല്ലാം രോഗബാധയാല്‍ പീഡിതരായി പല സ്ഥലങ്ങളില്‍ അലഞ്ഞുനടന്നു മൃത്യുവശഗതന്മാരാകുന്നതുകണ്ട്, പരമദയാലുവായ ശേഷഭഗവാന്‍ ജനങ്ങളുടെ ദുഃഖത്താല്‍ സ്വയം ദുഖിതനായിട്ടു രോഗശമനോപായത്തെച്ചിന്തിച്ചു പ്രസിദ്ധനും, വേദവേദാംഗവേദിയും വിശുദ്ധനുമായ ഒരു മഹര്‍ഷിയുടെ പുത്രനായിട്ടു ജനിച്ചു. പിന്നീടു ചരന്റെ വേഷത്തില്‍ ആരാലും അജ്ഞാതനായി അനന്തന് ഭൂമിയില്‍ വന്നു. അതിനാല്‍ “ചരകന്‍” എന്ന നാമത്താല്‍ വിഖ്യാതനായിത്തീര്‍ന്നു ദേവാചാര്യനായ ബൃഹസ്പതി ദ്യോവില്‍ പ്രകാശിക്കുന്നതുപോലെ അനന്താംശനായ ചരകാചാര്യന്‍ ഭൂമിയില്‍ പ്രകാശിച്ചു രോഗനാശനത്തെച്ചെയ്തു സഞ്ചരിച്ചു. പിന്നീട് ആത്രേയഭഗവാന്റെ ശിഷ്യന്മാരായി അഗ്നിവേശാദികളായ വളരെ മഹര്‍ഷിമാര്‍ ജനിച്ചു സ്വനാമാങ്കിതമായ പല ആയുര്‍വേദശാസ്ത്രത്തെ നിര്‍മ്മിച്ചു. അതിനുശേഷം ആ ശാസ്ത്രങ്ങളെ സമാഹരിച്ചു വിദ്വാനായ ചരകാചാര്യന്‍ തന്റെ നാമത്തില്‍ “ചരകസംഹിത” എന്ന ഗ്രന്ഥത്തെ നിര്‍മ്മിക്കുകയും ചെയ്തു.
ധന്വന്തരിസംഹിതയുടെ പ്രാദുര്ഭാവം
ഒരിക്കല്‍ ദേവേന്ദ്രന് ഭൂമിയിലേക്കു നോക്കുകയുണ്ടായി. അപ്പോള്‍ ഭൂമിയിലുള്ള മനുഷ്യരെല്ലാം രോഗപീഡിതരായിത്തീര്ന്നിരിക്കുന്നതുകണ്ടു ദയാര്ദ്രഹൃദയനായ ദേവേന്ദ്രന് ധന്വന്തരിമഹര്ഷിയോടു പറഞ്ഞു:- “അല്ലയോ ധന്വന്തരിമുനിശ്രേഷ്ഠ! ഭഗവന്‍! ഞാന്‍ അല്‍പ്പമൊരു സംഗതി അങ്ങയോടു പറയാന്‍ ഭാവിക്കുകയാണ്. അങ്ങു വളരെ യോഗ്യനാണ്. അതിനാല്‍ ലോകങ്ങള്‍ക്കു കഴിയുന്നത്ര ഉപകാരം ചെയ്യണം. ലോകോപകാരത്തിനായി എന്തെല്ലാം കാര്യങ്ങള്‍ എത്രയോ മഹാന്മാര് ചെയ്തിട്ടുണ്ട്? ത്രൈലോക്യാധിപതിയായ മഹാവിഷ്ണു തന്നെ മത്സ്യകൂര്മ്മാദ്യനേകരൂപങ്ങളെ ധരിച്ചില്ലയോ? അതിനാല്‍ അങ്ങു ഭൂമിയില്‍ ചെന്നു കാശിയിലെ രാജാവായി ജനിച്ചു ആയുര്‍വേദശാസ്ത്രം പ്രകാശിപ്പിച്ചാലും. ഇങ്ങനെ അരുളിച്ചെയ്തു ദേവേന്ദ്രന് സര്‍വ്വഭൂതങ്ങള്‍ക്കും ശുഭമുദിക്കണമെന്നുള്ള ആകാംക്ഷനിമിത്തം ധന്വന്തരിയ്ക്കു ആയുര്‍വേദം ഉപദേശിച്ചു. ധന്വന്തരിയാകട്ടെ ഇന്ദ്രനില്‍നിന്നു ആയുര്വേദമഭ്യസിച്ചതിനുശേഷം ഭൂമിയില്‍ വന്നു കാശിയില്‍ ഒരു ക്ഷത്രിയനഗരത്തില് ദിവോദാസന്‍ എന്നു വിഖ്യാതനായ രാജാവായി ജനിച്ചു. ദിവോദാസന്‍ ബാല്യത്തില്‍ത്തന്നെ വിരക്തനായി ഭവിച്ചു വളരെ കഠിനമായ തപസ്സനുഷ്ഠിച്ചു. എങ്കിലും ബ്രഹ്മാവ് വളരെ പണിപ്പെട്ടു അദ്ദേഹത്തെ കാശിരാജാവായി അഭിഷേകം ചെയ്തു. അന്നുതുടങ്ങി ലോകര്‍ ധന്വന്തരിയെ കാഷിരാജന് എന്നു പറഞ്ഞു വരുന്നു. അതിനുശേഷം ധന്വന്തരി സ്വനാമാങ്കിതമായ ധന്വന്തരിസംഹിത നിര്‍മ്മിച്ചു വിദ്യാര്ത്ഥിലോകങ്ങളെ പഠിപ്പിക്കുകയും ചെയ്തു.
സുശ്രുതസംഹിതയുടെ ഉത്ഭവം
പിന്നീടു വിശ്വാമിത്രപ്രഭൃതികളായ മഹര്‍ഷിമാര്‍ ധന്വന്തരിയാണ് കാശിയില്‍ കാശിരാജനായി ജനിച്ചിരിക്കുന്നത് എന്ന് ജ്ഞാനദൃഷ്ടി കൊണ്ട് അറിഞ്ഞു. അനന്തരം അവരില്‍ വിശ്വാമിത്രന് സ്വപുത്രനായ സുശ്രുതമഹര്ഷിയെ വിളിച്ചു ഇങ്ങനെ പറഞ്ഞു:- “അല്ലയോ വത്സ! നീ വിശ്വനാഥപ്രിയമായ കാശിയിലേക്കു പോകുക. അവിടെ ദിവോദാസന്‍ എന്നു പേരോടു കൂടിയവനും ക്ഷത്രിയവംശജനും ആയ കാശിരാജന്‍ വസിക്കുന്നുണ്ട്. അദ്ദേഹം ആയുര്വേദശാസ്ത്രജ്ഞന്മാരില്വച്ചു ശ്രേഷ്ഠനായ സാക്ഷാല്‍ ധന്വന്തരിയാണ്. സര്‍വ്വപ്രാണികളിലും ദയയുള്ളവനും ഉപകാരപ്രദനുമായ ആ ധന്വന്തരിയില്നിന്നു നീ ലോകോപകാരത്തിനായി ആയുര്‍വേദം അഭ്യസിച്ചാലും. ഇപ്രകാരമുള്ള പിതാവിന്റെ വാക്യം കേട്ടു സുശ്രുതന് കാശിയിലേക്ക് പുറപ്പെട്ടു. അദ്ദേഹവുമൊന്നിച്ചു ആയുര്‍വേദം പഠിക്കുന്നതിനു വളരെ മുനികുമാരന്മാരും പുറപ്പെട്ടിരുന്നു. അവര്‍, വാനപ്രസ്ത്ഥാശ്രമത്തില് വര്‍ത്തിക്കുന്നവനും ഭഗവാനും ദേവശ്രേഷ്ഠനും വളരെ മഹര്‍ഷിമാരാല്‍ സ്തുതനും കാശിരാജനും ആയ ദിവോദാസനെ വിനയപുരസ്സരം ചെന്നു വന്ദിച്ചു. യശോധനനായ കാശിരാജനാകട്ടെ അവര്‍ക്കു സ്വാഗതം ചെയ്തതിനുശേഷം ക്ഷേമത്തെയും ആഗമനകാരണത്തെയും ചോദിച്ചു. അനന്തരം ആ മഹര്‍ഷികുമാരന്മാര്‍ സുശ്രുതന്മുഖേന ഇങ്ങനെ ഉത്തരം അരുളിച്ചെയ്തു:- “അല്ലയോ ഭഗവന്‍! വ്യാധിപീഡിതരായി രോദിക്കുന്നവരും, മരിച്ചുതുടങ്ങിയിരിക്കുന്നവരുമായ ജനങ്ങളെക്കണ്ടിട്ടു ഞങ്ങള്‍ക്കു മനസ്സില്‍ അത്യന്തം വ്യസനമുണ്ടാകുന്നു. ആ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കൌശലമറിയുന്നതിനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങു ഞങ്ങളെ ആയുര്‍വേദം പഠിപ്പിച്ചാലും”. കാശിരാജന്‍ അവരുടെ വാക്കിനെ അനുസരിച്ചു അവര്‍ക്കു ആയുര്‍വേദം ഉപദേശിക്കുകയും അവര്‍ അദ്ദേഹത്താല്‍ അരുളിച്ചെയ്യപ്പെട്ട ആയുര്‍വേദത്തെ സന്തുഷ്ടരായിട്ടു വഴിപോലെ ഗ്രഹിക്കുകയും ചെയ്തു. അതിനുശേഷം സിദ്ധാര്ത്ഥന്മാരായ സുശ്രുതാദികള്‍ അദ്ദേഹത്തെ ജയാശീര്‍വചനങ്ങളാല്‍ അഭിനന്ദിച്ച് തന്റെ തന്റെ ഗേഹങ്ങളില്‍ എത്തിച്ചേര്‍ന്നു. ആ മഹര്‍ഷികളില്‍ ആദ്യമായി സുശ്രുതനാണു ആയുര്‍വേദശാസ്ത്രത്തെ നിര്‍മ്മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ സഖാക്കളായ മുനികുമാരന്മാരും വെവ്വേറെ ആയുര്‍വേദശാസ്ത്രങ്ങളെ നിര്‍മ്മിച്ചു. ഇങ്ങനെ ഓരോരുത്തരാലും ഉണ്ടാക്കപ്പെട്ട ശാസ്ത്രങ്ങളില്‍ സുശ്രുതനാല്‍ ഉണ്ടാക്കപ്പെട്ട ശാസ്ത്രം വളരെ ആളുകളാല്‍ ശ്രുതമായി. അതിനാല്‍ ആ സുശ്രുതന്റെ ആയുര്വേദശാസ്ത്രത്തിനു “സുശ്രുതം” എന്ന പേര് ഭൂമിയില്‍ വിഖ്യാതമായിത്തീരുകയും ചെയ്തു.
ഇങ്ങനെ ഭാവപ്രകാശാത്തില് ആയുര്വേദപ്രകരണം കഴിഞ്ഞു.
പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.