നാട്ടിന്‍പുറങ്ങളില്‍ അമ്മമാര്‍ ചെയ്തിരുന്ന ഒരു ലളിതമായ പ്രയോഗമാണിത്.
മുടികൊഴിച്ചില്‍ കുറയാനും താരന് ശമിക്കാനും നാടന്‍ ചെമ്പരത്തിയുടെ ഇലകളും പൂവുകളും ഇട്ടു കാച്ചിയ വെളിച്ചെണ്ണ അവര്‍ ഉപയോഗിച്ചിരുന്നു. ചെമ്പരത്തിയുടെ പതിനഞ്ച് ഇലകള്‍ നന്നായി ചതച്ച് / അരച്ച് 100 മില്ലി തേങ്ങാപ്പാലിലോ ശുദ്ധമായ വെളിച്ചെണ്ണയിലോ ചേര്‍ത്ത് കാച്ചി അരിച്ചു സൂക്ഷിച്ച്, നിത്യം തലയില്‍ പുരട്ടി കുളിച്ചാല്‍ മുടികൊഴിച്ചില്‍ കുറയും. താരന് ശമിക്കും. ചെമ്പരത്തിയുടെ ഇലകളുടെ ഒപ്പം പൂവുകളും ഉപയോഗിക്കാം.
വിപണിയില്‍ കിട്ടുന്ന എണ്ണകളുടെ പിന്നാലെ ഓടുന്നതിന് പകരം സ്വന്തം വീട്ടില്‍ ഈ എണ്ണ ഉണ്ടാക്കി പരീക്ഷിച്ചു നോക്കുക. ഫലം കിട്ടും. ധനനഷ്ടം ഉണ്ടാവില്ല. ഉറപ്പ്.
ഒരു പനി വന്നാല്‍ ഉടനെ പാരസെറ്റാമോൾ വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോര്‍ തേടി ഓടുന്നതിന് മുമ്പ് സ്വന്തം വീട്ടില്‍ ശ്രമിച്ചു നോക്കാവുന്ന ഒരു ലളിതമായ പ്രയോഗം.
60 ഗ്രാം തുളസിയില രണ്ടുനാഴിവെള്ളത്തിൽ വെന്ത് ഒരു നാഴിയാക്കി, പാലും പഞ്ചസാരയും ചേർത്ത് ഒരു ചായകൊടുക്കുക. പനി ശമിക്കും. ഈ ചായ നിത്യവും കഴിക്കാം, പനിയില്ലെങ്കിലും ഒരു പാനീയമായി. കുറച്ച് ഏലത്തരികള്‍ കൂടി ചേര്‍ത്താല്‍ പനി പെട്ടന്നു ശമിക്കും.
ജലദോഷവും ചുമയും ചേര്‍ന്നു വരുന്ന പനികളില്‍ തുളസിയിലയും ഏലത്തരികളും ഒപ്പം കുറച്ചു ഗ്രാമ്പൂവും ചേര്‍ത്തു കഷായം വെച്ചാല്‍ പെട്ടന്നു ഫലം കിട്ടും.
മര്യാദാമസൃണമായി പറിച്ചെടുത്ത ഒരു പിടി തുളസിയിലയോടൊപ്പം, നാലോ അഞ്ചോ കുരുമുളക് ചേര്‍ത്ത് നന്നായി അരച്ച് ഒരു നെല്ലിക്കാവലുപ്പം കഴിച്ചു നോക്കാം. പനി പെട്ടന്നു ശമിക്കും.
വെളുത്ത പൂവുള്ള കൊടുവേലിയുടെ വേര്, ഇരട്ടിമധുരം, തുളസി എന്നിവയുടെ കഷായം കണ്ഠരോഗങ്ങളില് ഉത്തമം. 400 മില്ലി വെള്ളത്തില്‍ ശുദ്ധി ചെയ്ത കൊടുവേലിവേരിന്റെ ചൂര്‍ണ്ണം, ഇരട്ടിമധുരത്തിന്റെ (യഷ്ടിമധു) ചൂര്‍ണ്ണം, തുളസിയുടെ ഇലകള്‍ ഇട്ട് വേവിച്ച് നാലിലൊന്നു ഭാഗമാക്കി വറ്റിച്ച് പിഴിഞ്ഞരിച്ചു സേവിക്കാം. തൊണ്ടയില്‍ ഉണ്ടാകുന്ന മിക്കവാറും ബുദ്ധിമുട്ടുകള്‍ ഈ ഔഷധപ്രയോഗം കൊണ്ടു മാറും.
പ്രകൃതിയിലുള്ള ഔഷധികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ദേവതകള്‍. ആരോഗ്യം അവരുടെ വരദാനമായിരുന്നു. പ്രകൃതിയോട് താദാത്മ്യത്തില്‍ ജീവിച്ചപ്പോള്‍ മനുഷ്യന് ഇന്നു കാണുന്ന രീതിയിലുള്ള അസാല്മ്യജരോഗങ്ങള് ഉണ്ടായിരുന്നില്ല എന്ന് അനുഭവസ്ഥരായ ആചാര്യന്മാര് പറയുന്നു. പ്രകൃതിയിലെ ദേവതകളായ ഓഷധികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പ്രകൃതിയെ താറുമാറാക്കി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അലര്‍ജിയായും മറ്റു പല ആമയങ്ങളായും മനുഷ്യന് അതിന്റെ ഫലവും കിട്ടാന്‍ തുടങ്ങി. ഒരു തിരിച്ചു പോക്ക് അസാധ്യമെങ്കിലും, ഇന്നും പലതും നമുക്ക് ചെയ്യാം. പ്രത്യക്ഷദേവതകളായ ഓഷധികളെ വീട്ടുവളപ്പിലും, പൂന്തോട്ടങ്ങളിലും ഫ്ലാറ്റിലെ ബാല്‍ക്കണിയിലും വീടിന്റെ ടെറസ്സിലും ഒക്കെ നമുക്ക് വളര്‍ത്താവുന്നതേയുള്ളൂ. അവയുടെ സാന്നിധ്യം ആശുപത്രികളെയും ഡോക്ടര്‍മാരെയും ദൂരെ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുക.
കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കണ്ടുവരുന്ന പ്രശ്നങ്ങളാണ് പാല് കുടിക്കുമ്പോള്‍ അലര്‍ജി, പഴങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജി എന്നിവ. ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരസാധനങ്ങള്‍ തന്നെ അലര്‍ജി ഉണ്ടാക്കുന്ന അവസ്ഥ!
ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ശ്രമിച്ചു നോക്കാവുന്ന ലളിതമായ ഒരു ഔഷധപ്രയോഗം. വെള്ള പൂവുള്ള കൊടുവേലിയുടെ വേര് പറിച്ചെടുത്ത് ഉണങ്ങിയെടുത്തോ, അങ്ങാടിമരുന്നുകടയില്‍ നിന്ന് ഉണങ്ങിയ വേര് വാങ്ങിയോ, ശുദ്ധി ചെയ്ത്, പൊടിച്ചു വെച്ച്, അതില്‍ രണ്ടു ഗ്രാം പൊടി, ചൂടുവെള്ളത്തില്‍ കലക്കിയോ, വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ചോ നിത്യം രാവിലെയും വൈകിട്ടും മുടങ്ങാതെ കുറച്ചുനാള്‍ കഴിച്ചു നോക്കുക. വയറ്റില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ശമിക്കും. അജീര്‍ണ്ണം, ദഹനക്കേട്, വിശപ്പില്ലായ്മ, അണുബാധ, വാതജരോഗങ്ങള് തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കാന്‍ ഈ പ്രയോഗം പര്യാപ്തമാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിഷബാധയിലും ഫലപ്രദം.
പ്രകൃതിയിലുള്ള ഔഷധികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ദേവതകള്‍. ആരോഗ്യം അവരുടെ വരദാനമായിരുന്നു. പ്രകൃതിയോട് താദാത്മ്യത്തില്‍ ജീവിച്ചപ്പോള്‍ മനുഷ്യന് ഇന്നു കാണുന്ന രീതിയിലുള്ള അസാല്മ്യജരോഗങ്ങള് ഉണ്ടായിരുന്നില്ല എന്ന് അനുഭവസ്ഥരായ ആചാര്യന്മാര് പറയുന്നു. പ്രകൃതിയിലെ ദേവതകളായ ഓഷധികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പ്രകൃതിയെ താറുമാറാക്കി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അലര്‍ജിയായും മറ്റു പല ആമയങ്ങളായും മനുഷ്യന് അതിന്റെ ഫലവും കിട്ടാന്‍ തുടങ്ങി. ഒരു തിരിച്ചു പോക്ക് അസാധ്യമെങ്കിലും, ഇന്നും പലതും നമുക്ക് ചെയ്യാം. പ്രത്യക്ഷദേവതകളായ ഓഷധികളെ വീട്ടുവളപ്പിലും, പൂന്തോട്ടങ്ങളിലും ഫ്ലാറ്റിലെ ബാല്‍ക്കണിയിലും വീടിന്റെ ടെറസ്സിലും ഒക്കെ നമുക്ക് വളര്‍ത്താവുന്നതേയുള്ളൂ. അവയുടെ സാന്നിധ്യം ആശുപത്രികളെയും ഡോക്ടര്‍മാരെയും ദൂരെ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുക.
ഭാരതത്തിലുടനീളം സമൃദ്ധമായി കാണപ്പെടുന്ന ഔഷധിയാണ് ആവണക്ക്. വെളുത്ത ആവണക്ക് ആണ് ഇനി പറയുന്ന ഔഷധങ്ങളില്‍ എല്ലാം ഉപയോഗിക്കേണ്ടത്.
.
🌿നീണ്ടുനില്‍ക്കുന്ന വയറുവേദനയും അനുബന്ധ അസ്വസ്ഥതകളും അലട്ടുമ്പോള്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണയില്‍ കുറച്ച് ഉപ്പും (ഇന്തുപ്പ് ഉത്തമം) കുറച്ചു നാരങ്ങാ നീരും ചേര്‍ത്തു സേവിച്ച്, അല്‍പ്പസമയം കഴിഞ്ഞ് കുറച്ച് ചൂടുവെള്ളം കുടിച്ചാല്‍ വയറുവേദനയും അസ്വസ്ഥതകളും ശമിക്കും.
.
🌿മലബന്ധം അലട്ടുന്നുവെങ്കില്‍ രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് പശുവില്‍ പാലില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത്, വേണമെങ്കില്‍ മാത്രം മധുരം ചേര്‍ത്ത് കുറച്ചു നാള് കഴിച്ചാല്‍ സാമാന്യേന മലബന്ധത്തില്‍ നിന്ന് മുക്തി ഉറപ്പാണ്.
.
🌿മലബന്ധം മാറുന്നില്ല എങ്കില്‍ ഉണക്കമുന്തിരി കുരു കളഞ്ഞെടുത്തത് മുപ്പത് എണ്ണം പാലില്‍ വേവിച്ച്, പിഴിഞ്ഞ്, അരിച്ച് എടുത്ത് അതില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് കുറച്ചു നാള് കഴിച്ചാല്‍ മലബന്ധം തീര്‍ച്ചയായും ശമിക്കും.
.
🌿വയറ്റില്‍ കൃമിശല്യം ഉണ്ടാകുമ്പോള്‍, മുടങ്ങാതെ കുറച്ചു നാള്, പ്രഭാതത്തില്‍, വെറും വയറ്റില്‍ അല്‍പ്പം ശര്‍ക്കര കഴിച്ച്, പതിനഞ്ചു മിനിട്ട് കഴിഞ്ഞ് ആവണക്കിലയുടെ സ്വരസം കഴിച്ചാല്‍ കൃമിശല്യം ശമിക്കും. കൃമിശല്യം ഉള്ളവര്‍ മധുരം വര്‍ജ്ജിക്കണം.
.
🌿കൊച്ചുകുട്ടികളില്‍ കൃമിബാധ ഉണ്ടാകുമ്പോള്‍ ചെറിയ കൃമികള്‍ മലദ്വാരത്തിലേക്ക് ഇറങ്ങി വരികയും വല്ലാത്ത ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് അസഹനീയമായ അസ്വസ്ഥത ഇത് ഉണ്ടാക്കുന്ന ഈ അവസ്ഥയില്‍ ആവണക്കിലയുടെ സ്വരസം മലദ്വാരപ്രദേശത്ത് ദിവസം മൂന്നോ നാലോ തവണ പുരട്ടിയാല്‍ അസ്വസ്ഥത ശമിക്കും.
.
🌿ആളുകളെ ഏറെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് അപ്പെന്‍ഡിസൈറ്റിസ്. മൂര്‍ദ്ധന്യാവസ്ഥയില്‍ ശസ്ത്രക്രിയയാണ് വേണ്ടത്. എങ്കിലും രോഗത്തിന്റെ പ്രാരംഭാവസ്ഥയില്‍ മുടങ്ങാതെ ദിവസവും പശുവിന് പാലില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ ആശ്വാസം കിട്ടും. വേദന കുറയും. വീക്കവും കുറയും.