കാഞ്ഞിരം – നക്ഷത്രവൃക്ഷം

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – എന്ന ചൊല്ല് കേട്ടിരിക്കാത്ത മലയാളികൾ വിരളമായിരിക്കും. കാഞ്ഞിരത്തിന്റെ സംസ്കൃത നാമമാണ് കാരസ്കരം. വിഷദ്രുമ, വിഷമുഷ്ടി എന്നിങ്ങനെയും സംസ്കൃതഭാഷയിൽ കാഞ്ഞിരത്തിന് നാമങ്ങൾ ഉണ്ട്. കാഞ്ഞിരം ആയുർവേദത്തിലും ആധുനിക വൈദികശാസ്ത്രത്തിലും ഹോമിയോപ്പതിയിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

S NUX VOMICA

അശ്വതി നക്ഷത്രക്കാരുടെ നക്ഷത്ര വൃക്ഷമാണ് കാഞ്ഞിരം.

കുലം- കാരസ്കരകുലം
Botanical name : Strychnos nux-vomica Linn
Family : Loganiaceae

തിക്തരസവും രൂക്ഷ, ലഘു, തീഷ്ണ ഗുണവുമുള്ളതാണ്. ഉഷ്ണവീര്യമാണ്. വിപാകത്തിൽ എരിവുള്ളതാണ്.

കാഞ്ഞിരത്തിന്റെ വേര്, ഇല, പട്ട (തൊലി), കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാണ്.  അതുകൊണ്ടുതന്നെ അതിന്റെ ശുദ്ധി മനസ്സിലാക്കി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

കഫരോഗങ്ങളേയും വാതരോഗങ്ങളേയും  കാഞ്ഞിരം ശമിപ്പിക്കുന്നുവെന്ന് ആയുർവേദം.
രക്തത്തിന്റെ ന്യൂനമർദ്ദത്തിൽ ഇത് ഉത്തമൗഷധമാണ്.
ആമവാതഹരമാണ് (Arthritis).
ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വർദ്ധിപ്പിക്കും. അതുകൊണ്ടിതിന്റെ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതൽ അർശസിനു നന്നാണ്.
ജ്വരത്തിലും കാഞ്ഞിരം വിശേഷം .
ഗ്രഹണിയിലും കാഞ്ഞിരം ഉപയോഗിക്കുന്നു.

കാഞ്ഞിരക്കുരുവിന് ഒരുതരം മത്തുണ്ട്. പഴയ വൈദ്യന്മാരിൽ ചിലർ ഈ ഗുണം കാരണമായി കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്നനിലയിൽ ഉപയോഗിച്ചിരുന്നു. കല്പസേവയെന്ന നിലയിൽ കാഞ്ഞിരക്കുരു ഒരു വളരെ ചെറിയ മാത്രയിൽ തുടങ്ങി ഒന്നു മുഴുവൻ വരെ വെറ്റില ചേർത്തരച്ച് സേവിപ്പിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്.

നാഢീവൈകല്യങ്ങൾക്ക് കാഞ്ഞിരകുരു വളരെ നല്ലതാണ്.
ഗ്രഹണിയിൽ കുരുവും ഉപയോഗിക്കാറുണ്ട്.
പക്ഷപാതം, മാംസപേശികളുടെ അയവ്, സ്നായുക്കളുടെ (Ligaments) അയവ് എന്നിവയ്ക്ക് ശ്രദ്ധിച്ചുപയോഗിച്ചാൽ നന്നാണ്.
പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും കാഞ്ഞിരം ഉത്തമം.

കുരുവാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ വളരെ വിശേഷപ്പെട്ട ഒരു ഔഷധമാണ്. ഈ എണ്ണ ആമവാതത്തിലും Tennis elbow (ടെന്നീസ് എൽബോ) എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമാണ്. ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (Anemia) മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കും പ്രയോജനപ്രദമാണ്.

കാഞ്ഞിരത്തിന്റെ ഇല അരച്ചു പുരട്ടിയാൽ പഴകിയ വ്രണങ്ങളിൽ കാണുന്ന പുഴുക്കൾ പൊഴിഞ്ഞുവീഴും.
ചെറുനാരങ്ങാനീരിൽ വേരിന്മേൽ തൊലി അരച്ച് ഗുളികകളാക്കി വെച്ചിരുന്നത് കോളറയ്ക്കു കൊടുക്കാറുണ്ട്.
തളർവാതത്തിന് ഇല കഷായം വെച്ച് ഉപയോഗിക്കാറുണ്ട്.
പുഴുക്കടി, ഉഷ്ണരോഗങ്ങൾ, ശിരോരോഗം എന്നിവയിൽ വടക്കോട്ട് പോയ വേര് ഉത്തമമാണ്.

കായ വാതരക്തത്തിനും കുഷ്ഠത്തിനും മൂത്രാശയക്കല്ലിനും നന്നാണ്.
ത്രിദോഷഹരമായ ഔഷധങ്ങളിൽ മുഖ്യമാണ്.

മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയിൽ ഇറക്കി വെച്ച് പതിനഞ്ച് ദിവസം നോക്കിയാൽ (പക്കം നോക്കണം) എണ്ണയെ മുഴുവൻ കാഞ്ഞിരം ആഗിരണം ചെയ്യുന്നതുകാണാം. അത് ആഗീരണം ചെയ്തുകഴിഞ്ഞാലുടനെ മരം ഇല പൊഴിക്കുന്നു. ഒരു വിദേശവസ്തു ശരീരത്തിൽ കയറി. അതും ചേർത്ത് ഇലയിൽ പാകപ്പെടുത്തിയാൽ ഉണ്ടായേക്കാവുന്ന അപകടമറിഞ്ഞാണ് മരം ഇല പൊഴിക്കുന്നത്. മരത്തിന്റെ അടുക്കളയാണല്ലോ ഇലകൾ. തുടർന്ന് പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ മരം തളിർക്കുവാൻ തുടങ്ങുന്നു. അപ്പോൾ വലിച്ചുകയറ്റിയ എണ്ണയെ മുഴുവൻ വിസർജ്ജിക്കുന്നു. അങ്ങനെ മരം വിസർജ്ജിച്ച എണ്ണയുടെ സ്വഭാവമാകെ മാറിയിരിക്കുന്നതായി കാണാം. ഈ എണ്ണ എല്ലാ വൈറസ്സുകൾക്കും മറ്റും നന്നാണ്. പേവിഷബാധയിൽ (Rabies), പ്രത്യേകിച്ച് പേയിളകിയാൽ, ഈ മരുന്ന് അര ടീസ്പൂൺ മൂന്നുനേരം വീതം നൽകിയാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗം മാറുന്നുവെന്നത് രഹസ്യ ചികിത്സയിൽപ്പെട്ടതാണ്.

ചെമ്പുകാശ് ഗോമൂത്രത്തിൽ തൊണ്ണൂറ് ദിവസമിട്ട് വെച്ച് പിന്നെയെടുക്കുക. ഒരു കോൽ (72 സെ.മി നീളത്തിൽ അരക്കോൽ വണ്ണമുള്ള (36 സെ.മി) കാഞ്ഞിരത്തിന്റെ തടികൊണ്ടുവന്ന് തുളച്ച് ശുദ്ധിചെയ്ത കാശ് അതിന്റെ ഉള്ളിൽ വെച്ച് കാഞ്ഞിരത്തിന്റെ തന്നെ ഒരാപ്പ് മേടി തുളയടയ്ക്കുക. എന്നിട്ട്, കാഞ്ഞിരത്തടി ദഹിപ്പിക്കുക. അപ്പോൾ ചെമ്പ് വെളുത്ത നിറത്തിലുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങൾക്കും ഉത്തമമാണ്. അനുപാതം മാറ്റി ഈ ഭസ്മം പ്രയോഗിച്ചാൽ മാറാത്ത രോഗങ്ങളില്ല. ജരാനരകൾ പോകുന്നതാണ്. യൗവ്വനം തിരിച്ചുവരും. ഏറ്റവും വലിയ സാരോപദേശമായി ഇതിനെ ആയുർവേദമറിഞ്ഞവർ കരുതുന്നു. ഇത് കഴിയ്ക്കുമ്പോൾ ഉപ്പും പുളിയും അൽപം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിൻ നെയ്യ്, പാൽ, പഞ്ചസാര ഇവ നന്നായി ഉപയോഗിക്കാം.

കാഞ്ഞിരത്തിന്റെ മൂത്തമരം തുരന്ന് ഉണക്കമുന്തിരിങ്ങയും കൽക്കണ്ടവും നിറച്ച് മരത്തിന്റെ ദ്വാരം കാഞ്ഞിരത്തിന്റെ തന്നെ ഒരാപ്പ് മേടിയടച്ച്, ചെറിയ അളവിൽ വർദ്ധമാനയോഗത്തിൽ ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതുകൊണ്ട് സകലരോഗങ്ങളും മാറുമെന്ന് രഹസ്യോപദേശങ്ങളുണ്ട്.

കാഞ്ഞിരത്തിന്റെ മരം തുളച്ച് വാളൻപുളി വെച്ച് തൊണ്ണൂറ് ദിവസം കഴിഞ്ഞ് എടുത്ത്, അത് അവീനു പകരം, അവിന്റെ സ്വഭാവങ്ങളില്ലാതെ, അവീൻ വേണ്ടുന്ന യോഗങ്ങളിൽ പരിചയസമ്പന്നരായ ഭിഷഗ്വരന്മാർ ഉപയോഗിക്കാറുണ്ട്.

കാഞ്ഞിരം വിഷമുള്ളതാണ്. അതുകൊണ്ട് അത് ശുദ്ധി ചെയ്യാതെ  ഉപയോഗിക്കാൻ പാടില്ല. കാഞ്ഞിരത്തിന്റെ വേരും കുരുവും ശുദ്ധി ചെയ്യണം.

കാഞ്ഞിരം ശുദ്ധിചെയ്യുന്ന വിധം

1] കാഞ്ഞിരം നെല്ലിൽ ചേർത്ത് ഒരു യാമം പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് പിളർന്ന് മുളകളഞ്ഞ് അരിഞ്ഞ് ചെറുചീരനീരിൽ ഒരു യാമം ഇട്ടു വെയ്ക്കുക. തുടർന്ന് തേറ്റാമ്പരൽ കഷായത്തിൽ വേവിച്ചാൽ ശുദ്ധമാകും.

2] നന്നായി വിളഞ്ഞ കാഞ്ഞിരക്കുരു പശുവിൻ പാലിലിട്ട് വേവിച്ച് അതിന്റെ ഉള്ളിലെ പാടയും പുറമേയുള്ള തൊലിയും നീക്കി ഉണക്കിയാൽ ശുദ്ധമാകും.

3] കാഞ്ഞിരക്കുരു മോരിൽ പുഴുങ്ങി പുറത്തെ തോലും അകത്തുള്ള തളിരും കളഞ്ഞാൽ ശുദ്ധമാകും.

4] കാഞ്ഞിരത്തിന്റെ കുരു ചാണകനീരിൽ മൂന്നുദിവസം ഇട്ടുവെച്ച് നാലാം ദിവസം എടുത്തുകഴുകി തിരുമ്മി തൊലികളഞ്ഞ് ഗോമൂത്രത്തിൽ പുഴുങ്ങി വറ്റിച്ച് എടുത്ത് വീണ്ടും പാലിൽ പുഴുങ്ങിയാൽ അത്യന്തം ശുദ്ധമാകും.

5] കാഞ്ഞിരത്തിന്റെ വേര് മണ്ണിൽ പൊതിഞ്ഞ് ഞാവലിന്റെ വിറകു കത്തിച്ച കനലിൽ വെച്ച് മൂന്നേമുക്കാൽ നാഴിക ചുട്ടെടുത്ത് മണ്ണുകളഞ്ഞ് വെള്ളം കൊണ്ടു കഴുകിയാൽ ശുദ്ധമാകും. കാഞ്ഞിരപ്പട്ടയും ഇങ്ങനെ ചെയ്താൽ മതി.

6] ഞാവലില കുത്തിപ്പിഴിഞ്ഞ നീരിൽ പുഴുങ്ങിയെടുത്താൽ കാഞ്ഞിര ത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും.

7] കാഞ്ഞിരത്തിന്റെ ഏതുഭാഗവും നെയ്യിൽ വറുത്തു കഴിഞ്ഞാൽ ശുദ്ധമാകും.

കുറിപ്പ്: ശ്രീമദ് നിർമ്മലാനന്ദഗിരി സ്വാമികളുടെ പ്രഭാഷണത്തിന്റെ സ്വതന്ത്രലിഖിതരൂപമാണ് ഇത്. കൂടുതൽ അറിയുവാൻ  youtube.com/nirmalanandam എന്ന ചാനലിൽ ഉള്ള “നക്ഷത്രവൃക്ഷങ്ങങ്ങൾ” എന്ന വിഷയത്തിലുള്ള പഠനശിബിരത്തിന്റെ വീഡിയോകൾ  കാണുക. ഔഷധങ്ങൾ കൃതഹസ്തരായവൈദ്യശ്രേഷ്ഠൻമാരുടെ ഉപദേശാനുസരണം അവരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക.

ജ്വരചികിത്സയ്ക്ക് ഗൃഹവൈദ്യം – 2

7] കടുക്ക ശർക്കര ചേർത്തരച്ച് ചിറ്റമൃതിൻ നീരിൽ കഴിക്കുക.

കഴലയിൽ നീര്, മുട്ടിനു നീര് ഒക്കെ വരുന്ന പനികളിൽ എവിടെയെങ്കിലും നീർക്കോളുള്ള ഒരു പനി തുടരുന്നുണ്ടെങ്കിൽ കടുക്കയും ശർക്കരയും ചിറ്റമൃതിന്റെ നീരിൽ ചേർത്തു കഴിച്ചാൽ പെട്ടെന്നു പോകും.

മാരകമായ അന്നനാളത്തിലെ കാൻസർ ആവിർഭവിക്കുമ്പോൾ കാണപ്പെടുന്ന പനിക്ക് ഇത് അത്യുത്തമ ഔഷധമാണ്. ആ പനി തുടങ്ങുമ്പോൾ വെള്ളം ഇറങ്ങാൻ പ്രയാസം വരും. അപ്പോൾ അന്നനാളത്തിൽ എവിടെയെങ്കിലും ഇതിന്റെ ഒരു ചെറിയ തുടക്കമുണ്ടാവും. ചിലത് കാൻസർ ആയിട്ടുണ്ടാവില്ല. വേരിക്കോസ് ആയിട്ടു മാത്രമെ ഉണ്ടായിക്കാണു. ചിലടത്ത് ചിലപ്പോൾ അവിടെയുമിവിടെയുമൊക്കെ ഒരു ചെറിയ കീറലേ കാണു. കാലാന്തരത്തിൽ അത് കാൻസർ ആയിത്തീരാവുന്നതാണ്. ചിലർക്ക് ഗ്യാസു പൊന്തിയിട്ട് അതിന്റെ താപംകൊണ്ട് പൊള്ളലേറ്റിട്ടുണ്ടാവും – തൊണ്ടയ്ക്കൊക്കെ നമ്മുടെ അകത്തു നടക്കുന്ന തീ കത്തിക്കുമ്പോൾ ഏതാണ്ട് നമ്മുടെ അടുപ്പിലേപ്പോലൊക്കെത്തന്നെയാണ്. അകത്തു കത്തുന്ന സാധനം കത്തുന്ന സമയത്ത് തികട്ടി വരും മുകളിലേയ്ക്ക്. പാത്രം തിളച്ചു തൂവുന്നതുപോലെ ചിലപ്പോൾ തിളച്ചുതൂവും. ഇങ്ങനെയൊക്കെയാണ് അവരു പഠിച്ചത്. നമ്മൾ പഠിച്ചതു പോലെയല്ല. അവരുടെ പഠിത്തം, അവർക്കെപ്പോഴും അടുപ്പിനു മുകളിലിരിക്കുന്ന പാത്രമാണ് ഓർമ്മവരിക. തീ കത്തിക്കുമ്പോൾ അരിയും മറ്റും തിളയ്ക്കും. അതുപോലെ നമ്മുടെ വയറാകുന്ന അടുക്കളയിൽ നിന്നും ഈ അരി തിളച്ചു പൊന്തും. കലത്തിനു പുറത്തേയ്ക്കു വന്നാൽ നമ്മുടെ കൈ തൊട്ടാൽ കൈപൊള്ളുന്നതുപോലെ അന്നനാളഭിത്തികളിലൊക്കെ വന്നു തട്ടുമ്പോൾ ഒരു പൊള്ളലുണ്ടാകും. അസിഡിറ്റി വരുമ്പോൾ അതാണുണ്ടാകുന്നത്. അങ്ങനെയുള്ള പൊള്ളലിൽ – ആ അസിഡിറ്റിയുടെ ചുട്ടുനീറ്റലിൽ – ഇത് അത്യുത്തമമാണ്. അന്നനാളത്തിലെ കാൻസറിന് അതീവ വിശിഷ്ടമാണ്. രണ്ടോ മൂന്നോ ഡോസ് മതി.

അതിലൊക്കെ രസകരമായത് തൈറോയിഡിനെ ഇത് നോർമലാക്കും. ഹൈപോയും ഹൈപറും, അത് ഞങ്ങൾ അത്ഭുതത്തോടെ ചിലപ്പോൾ നോക്കി നിന്നിട്ടുണ്ട്. തൈറോയിഡിസത്തിനു കൊടുക്കുന്ന ഒരു മരുന്ന് ഹൈപോതൈറോയിഡിസത്തിൽ ഫലിക്കുന്നതെങ്ങിനെയെന്നു മനസ്സിലാകുന്നില്ല. അതു യുക്തിക്കു നിരക്കുന്നതല്ല. കളിക്കുന്നതെങ്ങിനെയാണെന്നറിഞ്ഞാൽ പ്രയോജനമായേക്കും. ഒരാൾ വന്നു പറയും സ്വാമിജി ആ പനിക്കുള്ള മരുന്നു കഴിച്ചപ്പോൾ എന്റെ ഹൈപർ തൈറോയിഡിസം പൂർണ്ണമായും മാറി. മറ്റൊരാളു കുറേക്കാലം കഴിഞ്ഞു വന്നു പറയും

“എനിക്ക് ഹൈപോതൈറോയിഡിസമായിരുന്നു. ഇപ്പോൾ ആ ഒരു സാധനമേ ഇല്ല.”

ഇങ്ങനെ അനുഭവമുള്ളതിൽ നിന്നാണ് അതു പറയുന്നത്. നിങ്ങൾക്കു പരീക്ഷിച്ചു നോക്കാം. കടുക്ക, ശർക്കര, ചിറ്റമൃത്. ചിറ്റമൃതിന്റെ നീരാണ്. (ചിറ്റമൃത്, അമൃത് എന്ന് രണ്ടുണ്ടെന്നു മറക്കരുത്)

പനി മാറാന്‍ കടുക്ക ശർക്കര ചേർത്തരച്ച് ചിറ്റമൃതിൻ നീരിൽ കഴിക്കുക.

8] വിഴാലരിക്കാമ്പ് തേനിലരച്ച് കവിൾക്കൊണ്ടാൽ പനി പോകും.

വായിൽ കവിൾക്കൊണ്ടാൽ മതി. വിഴാലരി കുത്തുമ്പോൾ അതിനകത്തൊരു കാമ്പുണ്ട്. അത് തേനിലരച്ച് വായിൽ കവിൾക്കൊണ്ടിരുന്നാൽ മതി. കുറച്ച് ഉമിനീര് ഇതുമായി ബന്ധപ്പെട്ട് അകത്തേയ്ക്കു പോകുമ്പോൾ പനി പോകും. മരുന്നു കഴിക്കേണ്ടാ. പക്ഷേ വയർ ചെറുതായിട്ടൊന്ന് അയഞ്ഞുപോകും – ഇതിന്റെ ഫലമായി.

വളരെ വിശേഷവിധിയായ ഒരു മരുന്നാണ്. അതൊക്കെ അതീവ രഹസ്യം എന്നാണ് അമ്മമാർ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ വീട്ടിൽ ചെന്ന് ഉറക്കെ പറയരുത്. ഇത് അതീവ രഹസ്യമായതൊക്കെ ഇങ്ങനെ പറയാമോ എന്നൊക്കെ അവരു ചോദിക്കും. അതീവ രഹസ്യം എന്നതിന്റെ അർത്ഥം തന്നെ അത്യുത്തമം എന്നെടുത്താൽ മതി.

 വിഴാലരിക്കാമ്പ് തേനിലരച്ച് കവിൾക്കൊണ്ടാൽ പനി പോകും. 

9] പേരാലിന്റെ ഇല കഷായം :- 60 ഗ്രാം തന്നെ മതി. അത് രാത്രി പനിക്കു നല്ലതാണ്. രാത്രിയിൽ മാത്രം വരുന്ന പനിയുണ്ട്. അതിനു വളരെ നല്ലതാണ്.

ഈ പേരാലിലക്കഷായം സ്ത്രീകൾക്ക് കുട്ടികളുണ്ടാകാൻ താമസം വന്നാൽ അത്യുത്തമമാണ്. (വിടർന്ന ഇല) അതിന്റെ ഒരു പ്രധാന തലം പറഞ്ഞാൽ സ്ത്രീക്ക് കുട്ടിയുണ്ടാകാൻ താമസിക്കുമ്പോൾ ശരീരം സദാ ചൂടുള്ളതായിരിക്കും. അതു വീട്ടുകാർക്കറിയാം. ആ സ്ത്രീ അടുക്കൽ നില്ക്കുമ്പോൾ ആ താപം ഇങ്ങനെ എപ്പോഴും അടിക്കും. ശരീരത്തിന് മൊത്തം ചൂടുകൂടും. പേരാലിന്റെ ഇല കഷായം വെച്ചു കഴിച്ചാൽ ഈ ചൂടുകുറയും. ആർത്തവമൊക്കെ കൃത്യമാകും. ഇതു വളരെ ഫലപ്രദമാണ്.

പേരാലിലയുടെ കഷായക്കഞ്ഞിയും നല്ലതാണ്. കഷായം വെച്ച് അതിൽ അരിയിട്ടു കഞ്ഞിവെയ്ക്കാം. ഇല്ലെങ്കിൽ കിഴികെട്ടി കഞ്ഞിക്കകത്തിട്ട് കഞ്ഞിവെച്ചു കുടിക്കാം. രണ്ടും നല്ലതാണ്. കഞ്ഞി എന്നുപറയുമ്പോഴൊക്കെ അങ്ങനെ ഓർത്താൽ മതി. പേരാൽ ഇല ചതച്ച് ഒരു കിഴി കെട്ടി അരിയും കൂടിയിട്ട് കഞ്ഞിവെയ്ക്കുക. അപ്പോൾ പേരാലിലക്കഷായക്കഞ്ഞിയും കഷായവും ഇതിനുത്തമമാണ്.

രാത്രിപ്പനി മാറാന്‍ പേരാല്‍ മൊട്ടു കഷായം വെച്ച് കഴിക്കുക

10] നിങ്ങൾ യാതൊരു വിലയും കല്പിക്കാതെ കളയുന്ന ഒന്നാണ് കൂവളത്തിന്റെ കായ പൊട്ടിച്ചെടുക്കുന്ന കഴമ്പ്. പൊട്ടിക്കുമ്പോൾ അതിൽ കാറ്റു കൊള്ളരുത്. ഫലം കുറയുമായിട്ടല്ല. കാറ്റുകൊണ്ടാൽ അത് കഴിക്കാൻ പറ്റുകയില്ല. കൂവളത്തിന്റെ കായ പച്ചയോ പഴുത്തതോ പൊട്ടിച്ചിട്ട് കാറ്റു കണ്ടമാനം കൊണ്ടാൽ അതിന് ഒരു കറുപ്പു നിറം വരും. ആ കറുപ്പു നിറം വന്നു കഴിഞ്ഞാൽ അതിന് കയ്പ് കൂടും. പിന്നെ കഴിക്കാൻ പറ്റില്ല. ആ കായപൊട്ടിച്ചെടുക്കുന്ന മജ്ജ നല്ലൊരു മരുന്നാണ്. ഉണക്കിപ്പൊടിച്ചു വെയ്ക്കാവുന്നതാണ്. വെയിലത്തു വെയ്ക്കുമ്പോൾ കാറ്റുകൊണ്ടാൽ കുഴപ്പമില്ല. കൂവളമൊക്കെ വീട്ടിലുണ്ടാവും. കായ പറിക്കുക. അതിന്റെ മജ്ജയെടുക്കുക. വെയിലത്തിട്ടുണക്കുക. ആ മജ്ജ പൊടിച്ചു വെയ്ക്കുക. ആ പൊടി ഒരഞ്ചു ഗ്രെയിൻ (ഗ്രെയിൻ സ്പൂൺ ഉണ്ട്) കൊടുത്താൽ പനി പോകും. എല്ലാ ഉദരസംബന്ധങ്ങളായ രോഗങ്ങളും പോകും. അതിൽ നിന്നു വരുന്ന പനികൾക്ക് ഇത് അത്യുത്തമമാണ്. ഇന്നു നിങ്ങൾ ഗ്യാസ്ട്രോയുടെ ആളുകളെ കാണുന്ന ഏതാണ്ട് 80% രോഗങ്ങളും ഇതുകൊണ്ടുപോകും. ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ട്രാക്ടിൽ വരുന്ന ഏതാണ്ട് ഒട്ടു മിക്ക രോഗങ്ങളും ഇതുകൊണ്ടു പോകും. 5 ഗെയിൻ പൊടിയേ വേണ്ടൂ. (കഷ്ടിച്ച് ഒരു ടീ സ്പൂണിനു താഴെ) ഇതെടുത്ത കഴിച്ചാൽ മതി. വെറുതെ കഴിച്ചാൽ മതി. പഞ്ചസാര ചേർത്തും കഴിക്കാം – രുചിക്കു വേണ്ടി. വെള്ളത്തിൽ കലക്കി കഴിക്കാം. പാലിൽ ചേർത്തും, മോരിൽ ചേർത്തും കഴിക്കാം. പഴയ ആളുകൾ കൂവളത്തിന്റെ മജ്ജ പഴുത്തത് മോരിലടിച്ചു കുടിക്കുമായിരുന്നു. മോരിലടിച്ചു മോരുകാച്ചി കുടിക്കുമായിരുന്നു. അതൊക്കെ ഉദരത്തിന്റെ രോഗങ്ങൾക്കുള്ളതാണ്. എല്ലാ ഉദരരോഗങ്ങളും അതിന്റെ കൂടെ മാറുമെന്നുള്ളതാണ്. അതു സംബന്ധമായി വരുന്ന പനിക്ക് ഇതു വളരെ ഉത്തമമാണ്

ഉദരസംബന്ധിയായ രോഗങ്ങള്‍ക്കും അവയില്‍ ഉണ്ടായ പനിയ്ക്കും കൂവളക്കായയുടെ കാമ്പ് അത്യുത്തമം 

11] ശംഖുംകുപ്പി എന്നു പറയുന്ന ഒരു ചെടിയുണ്ട്. നഴ്സറിയിലൊക്കെ വാങ്ങാൻ കിട്ടും. വാങ്ങി നട്ടുവളർത്താവുന്നതാണ്. ചെടിച്ചട്ടിയിലും വളരുന്നതാണ്. അതിന്റെ ഇല ഉണക്കിവെച്ചിട്ട് 60 ഗ്രാം കഷായം വെച്ച് ആ കഷായം ഏലത്തരിയും, ഗ്രാമ്പൂവും, ഇലവർങവും ചേർത്തു കഴിക്കുക.

12] തുളസിയിലയും, കുരുമുളകും, അരച്ചു കഷായം വെച്ച് (അതിൽ പാലുവേണ്ടാ) കഴിക്കാം. ഒരു പിടി തുളസിയിലയും മൂന്നുനാലു കുരുമുളകും കൂടി അരച്ച് അങ്ങു കൊടുക്കുക. എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. മുറ്റത്തേയ്ക്കിറങ്ങുക. തുളസിയില പറിക്കുക. അരയ്ക്കുക. കൊച്ചുകുട്ടി യാണെങ്കിൽ ഒരു കുരുമുളക് മുതിർന്നവരാണെങ്കിൽ 5 കുരുമുളകു വരെ.

അതിലെ വിചിത്രമായ ഒരു സംഭവം ഒരു ചെറു നാരങ്ങയോളം കുരുമുളക് ഒരു പിടി തുളസിയില, എള്ളെണ്ണ ചേർത്തരച്ചു കൊടുത്താൽ സിഫിലിസ്, ഗൊണേറിയ ഇവയുടെ ആരംഭത്തിൽ വരുന്ന പനിയും സിഫിലിസും ഗൊണേറിയയും പോകും. ഔപസർഗ്ഗിക രോഗങ്ങളിൽ വളരെ ഫലപ്രദമാണിത്. 5 ദിവസം കഴിഞ്ഞ് രക്തം പരിശോധിപ്പിക്കാം. വളരെ എളുപ്പത്തിൽ മാറുന്നതാണ്. വളരെ മാരകമായ ഈ രോഗങ്ങൾക്ക് വളരെ ഫലപ്രദമായ ഒരൗഷധമാണിത്. 5 പൈസാ ചെലവുമില്ല. Retrovirus-ലും ഇതു ചിലപ്പോൾ ഫലപ്രദമാകാറുണ്ട്. മസ്തിഷ്കത്തെ ഒക്കെ വല്ലാതെ ബാധിച്ച ആ വൈറസ്സിലും ഇതു ഫലപ്രദമാകാറുണ്ട്. ഇതൊക്കെ ആ പനി വരുമ്പോൾ കൊടുത്താൽ പെട്ടെന്നാണ് ഫലിക്കുന്നത്.

പനിക്ക് തുളസിയിലയും കുരുമുളകും - സിദ്ധൌഷധം

തുടരും…

ജ്വരചികിത്സയ്ക്ക് ഗൃഹവൈദ്യം – 1

രോഗമെന്നാൽ – ഗൃഹവൈദ്യസങ്കല്പത്തിലെ ആളുകൾ വിചാരിച്ചത് ആദ്യം അത് പുറത്തേക്ക് പ്രകടമാകുന്നത് ജ്വരമായാണ് എന്നാണ്. ഏതു രോഗം ആവിർഭവിക്കുമ്പോഴും ശരീരത്തിന്റെ പചനപ്രക്രിയയിൽ ഒരു പരിണാമം സംഭവിക്കും. ഇതാണ് അവർക്ക് അറിയാവുന്ന അടിസ്ഥാനതത്ത്വം – അവർക്ക് നേരിട്ട് അറിയുന്നത് എന്നുപറയാവുന്നത്. ഏതു വീട്ടിൽ അസ്വസ്ഥത തുടങ്ങുമ്പോഴും അടുക്കളയിൽ നിന്ന് ഒരു മുരളൽ ഉണ്ടാകും. കുടുംബസ്വസ്ഥതയുടെ മാനബിന്ദു അടുക്കളയാണ്. സമർത്ഥനായവൻ ഇതിൽ നിന്നുതിരിയുന്നവരുടെ ലാഘവം, അവർക്ക് അവശ്യം വേണ്ടുന്ന വസ്തുക്കൾ, അവിടെ വേണ്ട സഹായം ഇതു പ്രാഥമികമാണെന്നു കരുതണമെന്നാണ് പണ്ടുള്ളവർ പറയുക, കാരണം കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും നിലനിർത്തുന്നത് ഈ അടുക്കളയാണ് – അവിടെ ജ്വലിക്കുന്ന ഒരഗ്നിയാണ്. ആ അഗ്നി പാകം ചെയ്യുന്ന പാകപ്രക്രിയയിലാണ് കുടുംബാരോഗ്യം നിലകൊള്ളുന്നത്. ഇതാണ് അവരുടെ തത്ത്വചിന്തയുടെ അടിസ്ഥാനം. വ്യക്തിയുടെ അടുക്കളയിലാണ് ആദ്യം പ്രശ്നമുണ്ടാകുന്നത്. തീ കെട്ടുപോയോ? തീ അധികമായി കത്തിയോ? തീ കെട്ടാൽ പാചകം നടക്കില്ല. തീ കുറഞ്ഞാൽ സമയത്ത് നടക്കില്ല. തീ കൂടിപ്പോയാൽ പാത്രം വരെ കരിയും. ഇത് നാമൊക്കെ നമ്മുടെ വീട്ടിലും കണ്ടിട്ടുണ്ടാവും. പാകപ്രക്രിയയിൽ ജഠരാഗ്നി കൂടിയാൽ എന്തെല്ലാം വൈകല്യങ്ങളുണ്ടാവും? ജഠരാഗ്നി കുറഞ്ഞാൽ – അഗ്നിമാന്ദ്യം വന്നാൽ – എന്തെല്ലാം വൈകല്യങ്ങളുണ്ടാവും? ഇതൊക്കെയാണ് അവർ പണ്ടു ചിന്തിച്ചത്. ഇതിനൊക്കെ സാംഗത്യമുണ്ടാകുമോ എന്നു ചിന്തിച്ചു നോക്കേണ്ടതാണ്.

പാകപ്രക്രിയയുടെ പലഘട്ടങ്ങളടങ്ങുന്ന ചയാപചയം (Human metabolism) ആണ് ആരോഗ്യത്തിൽ ആദ്യം പരിഗണിക്കേണ്ടതെന്ന് വീട്ടിലിരിക്കുന്നവർ സങ്കല്പിച്ചു. അവരിതെല്ലാം താരതമ്യപ്പെടുത്തിയത് വീട്ടിലെ അടുക്കളയോടാണ്. അവർ വളരുന്നത് അടുക്കളയ്ക്കകത്താണ്. അവർക്ക് മറ്റു ശരീരശാസ്ത്രമൊന്നുമറിയില്ലെങ്കിലും വീട് അറിയാം. അവർ രണ്ടു സ്ഥലങ്ങളെയാണ് ആരോഗ്യത്തോടു ബന്ധപ്പെടുത്തിയത്. ഒന്ന് : അടുക്കള, രണ്ട് : വിസർജ്ജന കേന്ദ്രം. പഴയ ആളുകൾ ഏറ്റവും ശുദ്ധമാക്കി വെയ്ക്കാനിഷ്ടപ്പെട്ടത് ഈ രണ്ടു കേന്ദ്രങ്ങളെയാണ്. ബാക്കിയുള്ളിടത്ത് എന്തുകിടന്നാലും അത്രയധികമൊന്നുമവർ ചിന്തിക്കാറില്ല. പഴയ വീടുകളിലൊക്കെ ചെന്നാൽ കാണാം ഈ രണ്ടു കേന്ദ്രങ്ങൾ സ്ത്രീകളോടുബന്ധപ്പെട്ടവ – ഏറ്റവും പരിശുദ്ധമാക്കി വെയ്ക്കുന്നവയുമായിരിക്കും. വ്യക്തിയുടെ ഇതു കഴിഞ്ഞാൽ അവർ സൂക്ഷിച്ചത് അകത്തേയ്ക്കു വരുന്നവയെയാണ്. പച്ചക്കറികൾ, പഴങ്ങൾ, പാൽ, വെള്ളം ഇവയൊക്കെ അകത്തേയ്ക്കു വരുന്നവയാണ്. ആ കവാടങ്ങൾ ശുദ്ധമായിരിക്കണം. പുറത്തേയ്ക്കു പോകുന്ന കവാടങ്ങളെന്നപോലെ വസ്തുക്കളെ ആഗിരണം ചെയ്യുന്ന ഇന്ദ്രിയങ്ങൾ. ഓരോ അമ്മയും നോക്കിയിരുന്നു – മകളെവിടെയാ നോക്കിനില്ക്കുന്നത്, മകനെങ്ങോട്ടാ തിരിഞ്ഞത്? ആരോടാണ് വർത്തമാനം പറയുന്നത് ? വർത്തമാനം പറയുമ്പോൾ ആ നില്ക്കുന്ന ആൾ എന്തെല്ലാം പറഞ്ഞ് അവൾ കേൾക്കും. അവളുടെ ചെവിയിലേയ്ക്ക് എന്തെല്ലാം വരും? അവനെന്തെല്ലാം കണ്ടുകൊണ്ടു നില്ക്കുന്നു. അപ്പോൾ കേൾക്കുന്ന ശബ്ദം? കാണുന്ന കാഴ്ചകൾ? ആരാണ് അവനെ ഇപ്പോൾ തൊട്ടുകൊണ്ടു നില്ക്കുന്നത്? ആ സ്പർശനം എങ്ങനെയാണ്? ആരുടെ മടിയിലാണ് എന്റെ കുഞ്ഞ് കയറിയിരിക്കുന്നത്? ഇതൊക്കെ അടുക്കളയിൽ നിന്നുകൊണ്ടു തന്നെ ഒരമ്മ നോക്കുമായിരുന്നു. ആരോഗ്യത്തിൽ ഇതൊക്കെ വളരെ പ്രധാന കാര്യങ്ങളായി അവർ കണ്ടു. ഒരു വാക്കു മതിയാവും എന്റെ കുഞ്ഞിനെ നശിപ്പിക്കാനും തദ്വാരാ എന്റെ കുടുംബത്തെ നശിപ്പിക്കാനും. അത് അതിന്റെ ചയാപചയ പ്രവർത്തനങ്ങളിൽ വരെ ബാധിക്കും. ചയാപചയത്തിൽ ഒരു മാറ്റമുണ്ടായാൽ അഗ്നിയുടെ നിലയ്ക്ക് മാറ്റം വരും. അതിനെയാണ് അവർ ജ്വരം എന്നു വിളിച്ചത്. പച്ചയ്ക്ക് പറഞ്ഞാൽ പനി.

ഏതുരീതിയിലുള്ളതുമാകട്ടെ, പനി എന്നു പറഞ്ഞാൽ മൊത്തം രോഗമെന്ന് അവർ അതുകൊണ്ട് അർത്ഥമായി കല്പിച്ചു. വ്യാധി എന്നതിന് പര്യായമായിത്തന്നെ അവർ പനിയെ കണ്ടു. അതുകൊണ്ട് അവരുടെ ചികിത്സാശാസ്ത്രത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തത് പനിക്കാണ്. ബാഹ്യമായ ഒരു താപനിലയെ നിലനിർത്തിയാൽ പോരാ. ഓരോ അവയവത്തിലും ഓരോ കോശത്തിലും ഈ താപനിലയുണ്ടാകും. തെർമോമീറ്ററിന്റെ അളവുമാറിയാൽ പോരാ. ആ പനിക്കു കാരണമായ തെല്ലാം – ദഹനക്കുറവാണെങ്കിൽ അത് മാറണം. ഒരു വ്രണം വന്നു പഴുത്തിട്ടാണെങ്കിൽ അതുമാറണം. ഒരു വ്രണമുണ്ടായി അതു പഴുത്താൽ താപനില കൂടും. ഒരാഹാരം പചിക്കാതിരുന്നാൽ താപനില കൂടും. ഇതിനെയൊക്കെ ചേർത്താണ് അവർ ജ്വരം എന്നുപറഞ്ഞത്. ഗൃഹവൈദ്യം ഏറ്റവും അധികം കൈകാര്യം ചെയ്തത് ജ്വരത്തെയാണ്. അതുകൊണ്ട് ജ്വരത്തിനുള്ള മരുന്നുകളാണ് ആദ്യം പരിഗണിക്കുന്നത്.

ചൂട് ശരീരത്തിനു കണ്ടാൽ അവരുപയോഗിച്ച ഔഷധങ്ങളെല്ലാം നമുക്ക് ആദ്യമൊന്നു ചിന്തിക്കാം. ഏറ്റവും എളുപ്പത്തിൽ അവർ ചെയ്യാൻ തുടങ്ങിയവ ഏതൊക്കെയാണെന്നു നോക്കാം.

1] 60 ഗ്രാം തുളസിയില രണ്ടുനാഴി വെള്ളത്തിൽ വെന്ത് ഒരു നാഴിയാക്കി പാലും പഞ്ചസാരയും ചേർത്ത് ഒരു ചായ കൊടുത്താൽ പനി മാറുമെന്നവർ കണ്ടു. ഇപ്പോൾ 40 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ഓർമ്മകളിൽ ജീരകവെള്ളത്തിലും തുളസിവെള്ളത്തിലും പാലൊഴിച്ചു കുടിച്ച് ഓർമ്മ നിലനിൽക്കുന്നുണ്ടാവും. നല്ല രുചിയുള്ള ചായയാണ്. ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലതാനും. പല വീടുകളിലും ഈ ചായ സ്ഥിരവുമായിരുന്നു. അന്നന്നു കറന്നു കിട്ടുന്ന പാലാണെങ്കിൽ ഉത്തമമാണ്. ഇന്നത്തെപ്പോലെ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലാക്കി ഫ്രീസറിൽ വെച്ച പാലുപയോഗിച്ചാൽ പറ്റില്ല. പകരം അന്നന്നു കറന്നു കിട്ടുന്ന പാലുവേണം ഉപയോഗിക്കാൻ.

ആ ചായയിൽ പഞ്ചസാര ചേർക്കാം,അല്പം ഏലത്തരി (ഏലയ്ക്കായുടെ അരി) ചേർത്താൽ ജ്വരം വേഗം മാറും.


60 ഗ്രാം തുളസിയില രണ്ടുനാഴി വെള്ളത്തിൽ വെന്ത് ഒരു നാഴിയാക്കി പാലും പഞ്ചസാരയും ചേർത്ത് ഒരു ചായ കൊടുത്താൽ പനി മാറും.

2] നല്ല പൂവാംകുറുന്തില സമൂലം പറിച്ചെടുത്ത് താഴെ പറയും വിധം കൊടുക്കുക. സകല ജ്വരങ്ങളും കളയുമെന്നുമാത്രമല്ല ശരീരത്തിൽ എവിടെയെങ്കിലും ഒരു വിദ്രധിയുടെ സാദ്ധ്യതയുള്ള പനിയാണെങ്കിൽ അതിനേറ്റവും പറ്റിയ ഔഷധം പൂവാംകുറുന്തിലയാണ്. (വിദ്രധി, ഗ്രന്ഥി, അർബുദം ഇവയൊക്കെ പടിപടിയായി വളർന്നു പോകുന്നവയാണ്. വിദ്രധി = മുഴ, ഗ്രന്ഥി = വിദ്രധിയിൽ നിന്നു കുറച്ചുകൂടി വ്യത്യസ്തമായ മുഴ, ആ ഗ്രന്ഥികൾ വികസിക്കുമ്പോഴാണ് അർബുദമായി തീരുന്നത്.) അങ്ങനെയുള്ള ഗ്രന്ഥിയുടെ തുടക്കം വരുമ്പോൾ പനിവരും. മറ്റു പനികളെല്ലാം ഈ പനിയുടെ മരുന്നുകൊണ്ടുമാറും. കാരണം ഇത് ഏറ്റവും ക്ലിഷ്ടമായ പനിയാണ്. ഒരു പനി വരുമ്പോൾ പനിയെ നമ്മൾ അത്ര കാര്യമാക്കില്ല. പനി കുറയാനുള്ള (subside ചെയ്യാനുള്ള) മരുന്നു കഴിക്കും. അതു നമ്മളെ അറിയിക്കുകയാണു ചെയ്യുന്നത്. “നിന്റെ ശരീരത്തിൽ ഒരു മുഴയുണ്ട്. അത് അപകടകരമായ സ്ഥാനത്താണ്. നീ നിന്റെ ഭക്ഷണമൊക്കെ ശ്രദ്ധിക്കണം. ആ മുഴയവിടെയിരിക്കുമ്പോൾ വേണ്ടാത്താതൊക്കെ നീ ഇങ്ങോട്ടു വിടുന്നു. ഇതു കഴിച്ചതുകൊണ്ടാണ്.” പഴയ അമ്മമാർക്കാണെങ്കിൽ ഇതറിയാം. “താൻ കൊടുത്ത ആഹാരം ഇന്നതാണ്. ഇതു കഴിച്ചിട്ടാണ് കുഞ്ഞിനു പനിച്ചത്. ഞാൻ ഇന്നുകൊടുത്ത ഈ ആഹാരം ഇന്ന രോഗത്തിന് പ്രശ്നമുണ്ടാക്കുന്നതാണ്” എന്ന് ഓരോ അമ്മയ്ക്കും ഒർമ്മയുണ്ടാവും. ആ പനി നിന്നിട്ട് ഏഴാം ദിവസം അതേ ആഹാരം വീണ്ടും കൊടുത്തപ്പോൾ (repeat ചെയ്തപ്പോൾ) വീണ്ടും പനിവന്നു. അപ്പോൾ എന്തോ ഒരു കാരണം അകത്തു കിടപ്പുണ്ട്. അതു ലിവറിലോ, സ്പ്ലീനിലോ, ഉദരത്തിലോ, തൊണ്ടയിലോ, അന്നനാളത്തിനോ, അതുപോലെ എവിടെയെങ്കിലും ഒരു ചെറിയ മുഴ – വിദ്രധി /ഗ്രന്ഥി ഉണ്ടായിട്ടാണ് പനിച്ചത്. അപ്പോൾ തല്ക്കാലം പനിക്കു മാത്രമുള്ള മരുന്നു കൊടുത്താൽ പോരാ. ഈ ഒരു അവസ്ഥയുണ്ടെങ്കിൽ അതിനേറ്റവും പറ്റിയ ഔഷധം പൂവാങ്കുറുന്തിലയാണ്. സഹദേവി എന്ന് സംസ്കൃതത്തിൽ പറയും.

പൂവാങ്കുറുന്തില സമൂലം പിഴിഞ്ഞ നീര് ചെന്നാൽ ശരീരത്തിൽ നീരുകളുണ്ടെങ്കിലും വറ്റിപ്പോകും. മോര് ഒഴിച്ചു കൊടുക്കാം. അരി കഴുകിയ കാടി വെള്ളത്തിൽ കൊടുക്കാം. കഞ്ഞിവെച്ചു കുടിക്കാം. ഇങ്ങനെ മൂന്നിൽ ഏതു രീതിയിലും ചെയ്യാം. പഴയ അമ്മമാർ എളുപ്പത്തിൽ ചെയ്തത് നല്ല പഴനെല്ലിന്റെ പൊടിയരിയുണ്ടാക്കി – നന്നായി വേവുന്ന ഒരുപ്പുഴുക്കൻ കാറ്റാടി നെല്ലിന്റെ അരി – (അതാണ് പണ്ടു ചെയ്തിരുന്ന പ്രയോഗം. ഇന്നു കാറ്റാടി നെല്ലൊന്നും കിട്ടില്ല. ചെമ്പാവു കിട്ടിയാൽത്തന്നെ വലിയ കാര്യമാണ്. അതും പ്രയാസമാണ്. IR – 8 കൊള്ളാം എന്നുമാത്രം.) അതിൽ ഈ പൂവാങ്കുറുനില കിഴികെട്ടിയിട്ട് നല്ലപോലെ കത്തിവെച്ചിട്ട് നല്ല പഴുക്കപ്ലാവിലയിൽ കോരിയങ്ങു കുടിച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ വിയർക്കും – ആ ചൂടു കഞ്ഞി ഇറങ്ങുമ്പോഴേയ്ക്ക്. ആ വിയർപ്പിലൂടെ അവന്റെ ത്വക്ക് ഒട്ടേറെ സാധനങ്ങളെ പുറന്തള്ളും. എണ്ണ നല്ലപോലെ തേച്ചു കുളിക്കുമ്പോഴറിയാം നല്ലപോലെ ഉരുണ്ടുരുണ്ട് ഇങ്ങു വരും. അത് അകത്തുള്ള സാധനം നമ്മുടെ രോമകൂപങ്ങളിലൂടെ പുറത്തേയ്ക്കു തള്ളിയതാണ്. വളരെ എളുപ്പത്തിലറിയാം. അതിൽ ഈ മുഴയുടെ സാദ്ധ്യതയായി വികസിക്കാനുള്ള വസ്തുക്കളും പുറത്തേയ്ക്ക് തള്ളിയിട്ടുണ്ടാവും. പെട്ടെന്നു പോവുകയും ചെയ്യും. പൂവാങ്കുറുന്തില വേരരച്ചു കഴിച്ച് ആളു പനിച്ചത് വിധികൊണ്ടോ, ആന്തര വിസ്ഫോടാദികൾ കൊണ്ടോ ആണെങ്കിൽ മലത്തിന്റെ ദുർഗ്ഗന്ധം പറയാവതല്ല. കാരണം ഇതു മുഴുവൻ പുറത്തേയ്ക്ക് പോയതിന്റെയാണ്. ഇതൊക്കെ കൃത്യമായി അന്നത്ത ആളുകൾക്കറിയും. അതുകൊണ്ടാണ് ഇതൊക്കെ ഗൃഹത്തിൽ ചെയ്തിരുന്നത്. ഗൃഹത്തിലേ ഇതു ചെയ്യാൻ പറ്റൂ. ഡോക്ടർമാർക്കും വൈദ്യന്മാർക്കും ഇതു ചെയ്യാൻ പറ്റില്ല. കാരണം മരുന്നുകൊടുത്തുവിട്ടാൽ അവൻ നേരിട്ട് വീട്ടിലേയ്ക്കാണ് പോകുന്നത്.

അല്ലെങ്കിൽ ഡോക്ടർ കൂടെ പോകണം – അവൻ കക്കൂസിൽ പോകുമ്പോൾ അമ്മയ്ക്കാകുമ്പോൾ ഇത് കണ്ടു പിടിക്കാൻ എളുപ്പമാണ്. ഇതറിയുന്ന ഒരമ്മ വീട്ടിലുണ്ടെങ്കിൽ കാശുപോകില്ല, ഉറപ്പാണ്.


പൂവാങ്കുറുന്തില സമൂലം പിഴിഞ്ഞ നീര് ചെന്നാൽ ശരീരത്തിൽ നീരുകളുണ്ടെങ്കിലും വറ്റിപ്പോകും. പനി പോകും. മോര് ഒഴിച്ചു കൊടുക്കാം. അരി കഴുകിയ കാടി വെള്ളത്തിൽ കൊടുക്കാം. കഞ്ഞിവെച്ചു കുടിക്കാം. ഇങ്ങനെ മൂന്നിൽ ഏതു രീതിയിലും ചെയ്യാം. 

3] ചുക്ക്, ദേവതാരം, കൊത്തമല്ലി – കഷായം വെച്ചു കഴിച്ചാൽ പനി പോകും.

കഷായമെന്നു പറയുമ്പോൾ, ഓരോന്നും 20 ഗ്രാം വീതം മൊത്തം 60 ഗ്രാം, 12 ഗ്ലാസ് വെള്ളത്തിൽ വെന്ത്, ഒന്നര ഗ്ലാസ്സാക്കി പിഴിഞ്ഞരിച്ച്, അര ഗ്ലാസ്സുവീതം ദിവസത്തിൽ മൂന്നു നേരത്തായി കഴിക്കുക. ഒരു ഗ്ലാസ്സ് 8 ഔൺസെന്നു കൂട്ടിക്കൊള്ളുക. ഒരു ടംബ്ലർ വെള്ളം എന്നു പറഞ്ഞാൽ 240 ml ഉണ്ടാകും.

ഇനി മുതൽ കഷായം തയ്യാറാക്കണമെന്നു പറഞ്ഞാൽ ഈ അളവാണ്. അതായത് 60 ഗ്രാം ദ്രവ്യങ്ങൾ 12 ഗ്ലാസ് വെള്ളത്തിൽ വെന്ത് ഒന്നര ഗ്ലാസ്സാക്കി പിഴിഞ്ഞരിച്ച് അര ഗ്ലാസുവീതം ഒരു ദിവസം 3 നേരം.


ചുക്ക്, ദേവതാരം, കൊത്തമല്ലി - കഷായം വെച്ചു കഴിച്ചാൽ പനി പോകും.

4] ചുക്ക്, ദേവതാരം, കൊത്തമല്ലി – ഇതിന്റെ കൂടെ കിരിയാത്തു ചേർത്താൽ പകർച്ചപ്പനികളിലും പ്രമേഹാവിർഭാവജ്വരങ്ങളിലും അത്യുത്തമമാണ്. പ്രത്യേകിച്ച് ഗ്ലൂക്കോസ് ടോളറൻസു നഷ്ടപ്പെട്ട യകൃത്തിന്റെ വൈകല്യത്തിൽ അത്യുത്തമമാണ്. ഗ്ലൂക്കോസ് ടോളറൻസ് ലിവറിന്റെ function ആണല്ലോ നമ്മളിലെ ഗ്ലൂക്കോസ് സൂക്ഷിച്ചു വെയ്ക്കുന്നത് ലിവറാണ്. അതു സൂക്ഷിക്കാനുള്ള കഴിവ് ലിവറിനു കുറഞ്ഞാൽ ആദ്യം വർദ്ധിക്കുന്നത് ഈ താപനിലയാണ്. രണ്ടാമതാണ് തല ചുറ്റുന്നതൊക്കെ. ഉടനെ പഞ്ചസാരയുമൊക്കെ കഴിക്കണം. കുറഞ്ഞു പോയാൽ ചിലർക്ക് ക്ഷീണം വരും – ആഹാരം സമയത്തു ചെന്നില്ലെങ്കിൽ. കിരിയാത്തു ചെന്നാലുടനെ അത് ലിവറിനെ ത്വരിപ്പിക്കും. കിരിയാത്തു മാത്രം കഴിച്ചാൽ പോലും അത് യകൃത്തിനെ ത്വരിപ്പിക്കും. അതുകൊണ്ട് കിരിയാത്ത് യകൃത്രോഗങ്ങളിലും പ്രധാനമാണ് – ലിവർ ഡിസീസുകളിൽ. അതിലുപരി മഞ്ഞപ്പിത്തത്തിലും കാമിലയിലും ആത്മാനത്തിലും അമ്ലപിത്തത്തിലും ഇത് ഉത്തമമാണ്. ഇതൊക്കെയാണ് ആ അമ്മമാർ നേരത്തെ കണ്ടെത്തിയത്.

ചുക്ക്, ദേവതാരം, കൊത്തമല്ലി - ഇതിന്റെ കൂടെ കിരിയാത്തു ചേർത്താൽ പകർച്ചപ്പനികളിലും പ്രമേഹാവിർഭാവജ്വരങ്ങളിലും അത്യുത്തമമാണ്. 

5] ചുക്കും ദേവതാരവും ചെറുവഴുതിനവേരും കണ്ടകാരിച്ചുണ്ടവേരും കഷായം.
ശ്വാസം മുട്ടൽ വരാൻ തുടങ്ങുന്നതിനുമുമ്പ് ചുറ്റുപാടുകളോടു പെരുമാറുമ്പോഴുള്ള ഓജസ് കുറയുമ്പോൾ (അലർജി എന്നു നിങ്ങളിന്നു പറയുന്ന അവസ്ഥ) ശരീരമൊക്കെ ചൊറിച്ചിൽ വരാൻ പോകുന്നതിനു മുമ്പ് ഒരു ചൂടു ശരീരത്തിനുണ്ടാകും. ഒരു പനികഴിഞ്ഞാണ് ശ്വാസം മുട്ടലിലേയ്ക്ക് കടക്കുക. ഒരു പനി കഴിഞ്ഞാണ് ചൊറിച്ചിലിലേയ്ക്ക് കടക്കുക. ഒരു പനി കഴിഞ്ഞു തന്നെയാണ് തുമ്മലും ഒക്കെ ഉണ്ടാവുക. പനിക്കു ഞാൻ പറയുന്ന മരുന്നുകൾ എല്ലാ പനിക്കും കൊടുക്കാം. മുഖ്യം ഇതാണെന്നേ പറഞ്ഞതിന് അർത്ഥമുള്ളൂ. അത്തരം പനികളിൽ ചുക്കും, ദേവതാരവും, ചെറു വഴുതിനവേരും, കണ്ടകാരിച്ചുണ്ടവേരും – കഷായം. പഞ്ചസാര മേമ്പൊടി.

നാലഞ്ചു ദിവസം കഴിക്കുമ്പോഴേയ്ക്ക് പനി പമ്പകടക്കും.

ക = 1, ഷ = 6, യ= 1. അക്ഷരപ്പെരുക്കം വെച്ചു പറയുമ്പോൾ 161 നേരം കഴിച്ചാൽ പിന്നെ പനി ശാശ്വതമായി മാറി. 161 നേരം വരെ കഴിക്കാമെന്നാണ് പഴയ നിയമം.

ചുക്കും ദേവതാരവും ചെറുവഴുതിനവേരും കണ്ടകാരിച്ചുണ്ടവേരും കഷായം നാലഞ്ചു ദിവസം കഴിക്കുമ്പോഴേയ്ക്ക് പനി പമ്പകടക്കും.

6] പർപ്പടകപ്പുല്ലിന്റെ നീര് പനിക്ക് അത്യുത്തമമാണ്. എവിടെയെങ്കിലും bleed ചെയ്യാൻ തുടങ്ങുന്നതിനുമുമ്പുള്ള പനിക്കാണെങ്കിൽ വളരെ പ്രയോജനപ്രദമാണ്. ചെവിയിൽ നിന്ന് രക്തം വരുന്നതിന്, കണ്ണിൽ നിന്ന് വരുന്നതിന്, മൂക്കിൽ നിന്ന് വരുന്നതിന് ഒക്കെ മുമ്പ് ശരീര താപനില വർദ്ധിക്കും. ആ പനികളിൽ പർപ്പടകപ്പുല്ലു പിഴിഞ്ഞ നീര് കൊടുത്താൽ മതി. വേറൊന്നും ചേർക്കേണ്ട. ഏതുപനിക്കും കൊടുക്കാം. പനി തുടങ്ങുമ്പോഴേ കൊടുക്കാം. പനിതുടങ്ങുമ്പോഴേ തുളസിച്ചായ കൊടുക്കാം. പനി തുടങ്ങുമ്പോഴേ പൂവാങ്കുറുന്തില കൊടുക്കാം. അതിനു പേടിക്കുകയുമൊന്നും വേണ്ടാ. ഈ ഒരെണ്ണത്തിനു പറയുന്നത് പനിക്കെല്ലാം ഉപയോഗിക്കാം (വയലിലൊക്കെ പടർന്നു കിടക്കുന്ന ചെറിയ മണിക്കായ് പോലെയുള്ള കായുള്ളതാണ് പർപ്പിടകപ്പുല്ല്). ആദ്യം ഇതിന്റെ ഒറിജിനൽ ചെടികളൊക്കെ കണ്ടുപഠിക്കണം. ഇല്ലെങ്കിൽ കണ്ടതൊക്കെ പറിച്ച് കഷായം വെയ്ക്കാനിടയാകും. നാലുതവണ മരുന്നുകൾ എന്തൊക്കെയെന്നു താല്പര്യത്തോടെ ആകൃതിയിൽ നോക്കി പഠിച്ചാൽത്തന്നെ രോഗം പോകും. രാവിലെ എണീറ്റ് ഒരു നിലംപരണ്ട കണ്ടാൽത്തന്നെ പകുതി രോഗം പോകും. വീട്ടുമുറ്റത്ത് ധാരാളം മുക്കുറ്റി പൂത്തു നില്ക്കുന്നതു കണ്ടാൽ എന്തൊരു ഐശ്വര്യമുള്ള കാഴ്ചയാണത്. വേറൊന്നും വേണ്ടാ, ആ മുക്കുറ്റി മഞ്ഞപൂവുമായി പൂത്തു നില്ക്കുന്നതു കണ്ടാൽ മതി. കണ്ണിന് വളരെ ആനന്ദകരമായ കാഴ്ചയാണ്. ഇന്ന് അതൊക്കെ പറിച്ചുകളഞ്ഞിട്ട് ഇറ്റാലിയൻ പുല്ലുപിടിപ്പിക്കും. അതുകൊണ്ട് ആദ്യം ചെടിയൊക്കെ കണ്ടുപഠിക്കുക – നൂറ് പേര് ഇതൊക്കെ കണ്ടു പഠിച്ച് രോഗമില്ലാതെ നടക്കാൻ തുടങ്ങുമ്പോൾ ബാക്കിയുള്ളവരും തീരുമാനിക്കും : “ഇതു കൊള്ളാമല്ലോ, നമുക്കും പറ്റുമെന്ന്” – അങ്ങനെയാണ് ഇതിലേക്കൊക്കെ ആളുകൾ വന്നിരുന്നത്. ഇതൊക്കെ അതീവ രസമായി എടുക്കുക.

പർപ്പടകപ്പുല്ലിന്റെ നീര് പനിക്ക് അത്യുത്തമമാണ്.

തുടരും..

ഗൃഹവൈദ്യം – ഒരു ആമുഖം

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളായിരുന്നു കൂടുതൽ. കർഷകരായിരുന്നു ജനങ്ങൾ. കൃഷിയായിരുന്നു മുഖ്യ തൊഴിൽ. ഏതു തൊഴിൽ ലഭിച്ചാലും സസ്യങ്ങളോടും വളർത്തുമൃഗങ്ങളോടും ഗൃഹത്തോടുമൊക്കെ ബന്ധപ്പെട്ടു മാത്രമാണ് ജനങ്ങൾ ജീവിതം പുലർത്തിപ്പോന്നിരുന്നത്. രാവിലെ എഴുന്നേറ്റാൽ കുറച്ചു നേരമെങ്കിലും കൃഷിയിടത്തിൽ പണിയാതെ ജോലിക്കു പോയിരുന്നവർ തന്നെ കുറവായിരുന്നു. അതുകൊണ്ട് അവർക്ക് പ്രത്യേകിച്ചൊരു വ്യായാമം അഭിമാനത്തോടുകൂടി വേണ്ടിവന്നിരുന്നില്ല.

കൃഷി ഒരു ഉത്തമ വൃത്തിയായാണ് ഭാരതീയർ കരുതിയിരുന്നത്. എന്നാൽ കൃഷി ഉത്തമവൃത്തിയല്ലന്നു തോന്നുകയും മറ്റു തൊഴിലുകൾ ഉത്തമങ്ങളാണെന്നു സങ്കൽപ്പിക്കുകയും ചെയ്തതോടുകൂടി വിദ്യാഭ്യാസമുള്ള തലമുറ കൃഷിയിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമെല്ലാം പൂർണ്ണമായി പിൻമാറി. വ്യായാമം വേണമെങ്കിൽത്തന്നെ അതെല്ലാം വ്യായാമശാലകളിൽ നിന്നാകണമെന്നുമൊക്കെ വരികയും ചെയ്തു. പ്രയോജനമില്ലാത്ത കാര്യങ്ങൾ വ്യായാമമെന്ന രീതിയിൽ ചെയ്താൽ ആരോഗ്യമുണ്ടാവുകയില്ലായെന്ന് അവർക്ക് അറിയാതെയും വന്നു. ശരീരത്തിലെ ഓരോ കോശവും ബോധത്തോടു കൂടിയതായതുകൊണ്ട് എന്തിനുവേണ്ടിയാണ് ഒരു വ്യക്തി അവന്റെ ശരീരത്തെ ചലിപ്പിക്കുന്നതെന്ന് അവന്റെ ആവശ്യമെന്നപോലെ കോശത്തേയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പ്രാചീനർക്ക് അറിയുമായിരുന്നുവെങ്കിൽ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അറിയാൻ പാടില്ലാതായിട്ടുണ്ട്.

ഒരുവന്റെ ശരീരത്തിലെ കുറെ ഊർജ്ജം കത്തിച്ചു കളയുന്നതിനുവേണ്ടി മാത്രം ചെയ്യുന്ന വ്യായാമങ്ങൾ പലപ്പോഴും അവന്റെ കോശത്തിനു തന്നെ ബോദ്ധ്യപ്പെടാത്തവയാണ്. ഓരോ കോശവും പൂർണ്ണവും ബോധപൂർണ്ണവുമായതുകൊണ്ട്, ഒരു വ്യക്തിയിൽ അവയെയെല്ലാം സമഗ്രമായി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രക്രിയയ്ക്ക് ഒരുങ്ങുന്നുവെങ്കിൽ മനസ്സ് വളരെ പ്രാധാന്യമേറിയ ഘടകമാണെന്നു മനസ്സിലാകും.  മാനസികമായ ഭാവങ്ങളെല്ലാം കോശകോശാന്തരങ്ങളിലേക്ക് വ്യാപിക്കുന്നതാക കൊണ്ട് എന്തിനാണ് ഇതു ചെയ്യുന്നതെന്ന് നാം നമ്മെത്തന്നെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. രാവിലെ എഴുന്നേറ്റ് ഒരാൾ ഓടു മ്പോൾ, അയാൾ ചാടുമ്പോൾ, അയാളുടെ ഓട്ടവും ചാട്ടവും അയാൾക്കും കുടുംബത്തിനും പ്രകൃതിക്കും പ്രയോജനപ്രദമാകുമാറ് ആകുമ്പോൾ മനസ്സിലെ ആനന്ദവും കൂടി വ്യായാമത്തോടൊപ്പം പ്രയോജനപ്പെടുന്നു. മറിച്ച് ആരോഗ്യത്തിനുവേണ്ടി ചമച്ചുവെച്ച ഒരു സിദ്ധാന്തമെന്ന നിലയിൽ ഒരാൾ വ്യായാമം ചെയ്യുമ്പോൾ അയാളുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പിനോ മറ്റുള്ളവയ്ക്കോ വരുന്ന മാറ്റം മനസ്സിന്റെ ശാന്തിയിൽ വ്യായാമം ചെയ്യുമ്പോൾ സംഭവിക്കുന്നതു മാതിരി സംഭവിക്കുന്നില്ല. ഇതു പരീക്ഷിച്ചു നോക്കാവുന്നതുമാണ്. ഉദാഹരണത്തിന് ഒരു സ്ത്രീ തനിക്കും കുഞ്ഞിനും വേണ്ടി ആഹാരം പാചകം ചെയ്യുന്നതിനിടയിൽ കല്ലിൽ വെച്ച് മുളക് അരയ്ക്കുമ്പോൾ കിട്ടുന്ന വ്യായാമം, വീട്ടിലെ തുണി അലക്കുമ്പോൾ കിട്ടുന്ന വ്യായാമം, അതുപോലെതന്നെ ഒരു പുരുഷൻ നാലു തെങ്ങുകളുടെ ചുവടു കിളയ്ക്കുമ്പോൾ കിട്ടുന്ന വ്യായാമം അതേ ആൾ തന്നെ പ്രയോജനമുള്ള ഇത്തരം പണികളൊന്നും ചെയ്യാതെ ഒരു “സ്റ്റാൻഡേർഡ്”  എന്ന് നിലയിൽ വ്യായാമത്തെ കണ്ട് നടക്കുകയോ ഓടുകയോ ഒക്കെ ചെയ്യുമ്പോൾ ആദ്യത്തേതിൽ നിന്നു കിട്ടുന്ന ആനന്ദവും ഉല്ലാസവും ഇല്ലാത്തതുകൊണ്ട് അവ കൂടുതൽ പ്രയോജനപ്രദങ്ങളാവുകയില്ല എന്നുള്ളതാണ് ഇന്നത്തെ ജീവിതത്തിൽ കാണുന്നത്. (പ്രയോജന രഹിതമായ വ്യായാമമെന്നു പറഞ്ഞത് സമഷ്ടിയിലും വ്യഷ്ടിയുടെ ആവശ്യങ്ങൾക്കും പ്രയോജനരഹിതമായത് എന്നുതന്നെ മനസ്സിലാക്കണം.)

ശരീരത്തിലെ ഓരോ കോശവും ബോധത്തോടു കൂടിയതായതുകൊണ്ട് എന്തിനുവേണ്ടിയാണ് ഒരു വ്യക്തി അവന്റെ ശരീരത്തെ ചലിപ്പിക്കുന്നതെന്ന് അവന്റെ ആവശ്യമെന്നപോലെ കോശത്തേയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പ്രാചീനർക്ക് അറിയുമായിരുന്നുവെങ്കിൽ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അറിയാൻ പാടില്ലാതായിട്ടുണ്ട്.

പൗരാണികർ വീടും കൃഷിയുമൊക്കെയായി പൊരുത്തപ്പെട്ടാണു പോയത്. മാത്രവുമല്ല അവരുടെ പരിലാളനകളേറ്റു വാങ്ങിയ സസ്യങ്ങളാണ് ജീവന്റെ ധർമ്മം പുലർത്തിപ്പോന്നത്. മനുഷ്യന് ഏറ്റവും ലാഘവം വരുന്നത് ശ്വാസനിശ്വാസങ്ങൾ തന്നെ സ്വച്ഛന്ദമാകുമ്പോഴാണ്. അതു ലഭിക്കുന്നത് സസ്യജാലങ്ങളിൽ നിന്നാണ്. ഞാൻ പരിപാലിച്ച സസ്യം, എന്റെ ഉച്ഛ്വസനമായ കാർബൺ ഡയോക്സൈഡിനെ പ്രാണവായുവാക്കി പരിണമിപ്പിച്ച സസ്യം എന്റെ പാരസ്പര്യം അവയ്ക്കാഹാരമായും അവയ്ക്ക് എന്നോടുള്ള പാരസ്പര്യം എനിക്കുള്ള പ്രാണവായുവും ആഹാരവുമായും പരസ്പരം നീങ്ങുന്ന ഒരറിവ് കൃഷിയിൽ അന്നു കിട്ടിയിരുന്നു. അതിന്റെ ഫലമായി എന്റെ ഉച്ഛ്വസനത്തിലടങ്ങിയ കാർബൺഡയോക്സൈഡിനെ വിഭജിച്ച് സൂര്യപ്രകാശത്തിൽ ഒരു ഭാഗത്ത് അതിനെ പ്രാണവായുവാക്കിയും മറുഭാഗത്ത് അതിനെ ജീവജാലങ്ങൾക്കു മൊത്തം ഔഷധവും ആഹാരവുമാക്കിയും ആണ് നിലകൊണ്ടത്. സമഗ്രമായ

ഈ ചർച്ചയിൽ നിന്ന് – പാരസ്പര്യത്തിൽ നിന്ന് (ആത്മാവിന്റെ ചക്ഷസ് – eye of the soul എന്നാണ് പ്ലേറ്റോ പാരസ്പര്യത്തെ വിളിക്കുന്നത് അദ്ദേഹത്തിന്റെ റിപ്പബ്ലിക്കിൽ). മനുഷ്യചേതന ആഹാരത്തെ ഔഷധരൂപേണ കണ്ടെത്തുകയുണ്ടായി. ഏതെല്ലാം പരീക്ഷണങ്ങൾ അവയ്ക്കു നടന്നു, എത്ര ലാബറട്ടറികൾ അവയ്ക്കുപയോഗിച്ചു തുടങ്ങിയ ചോദ്യങ്ങളൊക്കെ ഏതാണ്ട് അപ്രസക്തമാകുമാറ് വളരെ ശ്രദ്ധാപൂർവ്വം അവരുപയോഗിച്ച് പാരമ്പര്യരൂപേണ വർഷങ്ങളോളം അനുഭവിച്ച അനുഭവം കൊണ്ട് സാധുത നേടിയ ഒരറിവിനെയാണ് നാമിന്ന് ഗൃഹവൈദ്യമെന്നു പറയുന്നത്. വിദ്യാഭ്യാസം ആധുനികമായി ലഭിച്ചവരും ലഭിക്കാത്തവരുമായ കുടുംബിനികൾ വീട്ടിലെ ആഹാരകാര്യങ്ങളിൽ ഔഷധരൂപേണ ശ്രദ്ധിച്ച നാളുകളിൽ ആഹാരത്തെ എങ്ങനെ ഔഷധമാക്കി ഉപയോഗിക്കാം. ഇന്ന ഋതുവിൽ ഏതെല്ലാം ആഹാരം കഴിക്കാം, ഏതൊക്കെ കഴിച്ചുകൂടാ എന്നൊക്കെ വ്യക്തമായ ധാരണ – ഋതുചര്യയേയും ദിനചര്യയേയും കുറിച്ചൊക്കെയുള്ള അറിവ് അവർക്കുണ്ടായിരുന്നു. ഉദാഹരണത്തിന് കർക്കിടകമാസത്തിൽ മുരിങ്ങയില വിഷാംശമുള്ളതാണെന്ന് അവർ കണ്ടറിഞ്ഞിരുന്നു. വളരെ അപകടകാരിയാകുന്ന ഒന്നാണതെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അത് സാധുവായി അവർ പറഞ്ഞു കൊടുത്ത് ആ അറിവിനെ ഉപയോഗിച്ചുപോന്നിരുന്നു. അതുപോലെ തന്നെ കൂണുകൾ. അവ ഹരിതകമുള്ളവയല്ല. അവയിൽ ചിലത് വളരെ വിഷമുള്ളവയാണെന്ന് അവയുപയോഗിച്ചിരുന്ന കുടുംബങ്ങളിൽ തിരിച്ചറിഞ്ഞിരുന്നു. അവയെ ഒഴിവാക്കി വിഷമില്ലാത്തവയെ മാത്രം ഉപയോഗിക്കുവാനുള്ള ഒരു പദ്ധതിയും ലാബറട്ടറികളുടെയൊന്നും സഹായമില്ലാതെ അവർ നിലനിർത്തിപ്പോന്നിരുന്നു. ഓരോ ദിനത്തിലും ആഹാരം കഴിക്കുമ്പോൾ എങ്ങനെ വേണമെന്ന് അവർക്ക് പദ്ധതികളുണ്ടായിരുന്നു. ഓരോ ഋതുവിനും അനുപേക്ഷണീയങ്ങളായ ആഹാരം വേണമെന്നും അതെന്തെന്നും അവർ അറിഞ്ഞിരുന്നു. കുട്ടികൾക്കും മറ്റും ആഹാരം കൊടുക്കുമ്പോൾ ആഹാരമാത്രയെക്കുറിച്ചുള്ള ഒരവബോധം അവർക്കുണ്ടായിരുന്നു. വെളിയിൽ വളരുന്ന കാട്ടുചേമ്പിന്റെയും മറ്റും താള് അതിന്റെ കാത്സ്യം ഓക്സലേറ്റുളവാക്കുന്ന ചൊറിച്ചിൽ ഒഴിവാക്കിക്കഴിക്കുന്നതിനു പര്യാപ്തമായ വാളംപുളി, വൈച്ചപ്പുളി (വൈച്ചപ്പുളിക്ക് ഉപ്പനലക്ഷ്യയെന്നും പനച്ചേപ്പുളിയെന്നും ചിലയിടങ്ങളിൽ പറയും. പുളിയുള്ള ഒരിലയാണ്. മുള്ളുള്ളവയാണ്. പറമ്പിലൊക്കെ പടർന്നു കിടക്കുന്നതുമാണ്) എന്നിവയിലേതെങ്കിലുമുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന കാത്സ്യം ഓക്സലേറ്റിനെ ശാന്തമാക്കി കഴിക്കുമ്പോൾ വയറ്റിലുള്ള കൃമികളും മറ്റും എങ്ങനെ പോയിരുന്നു എന്നും അവർ തിരിച്ചറിഞ്ഞിരുന്നു – പത്തു പൈസപോലും ചിലവില്ലാതെ. ഇതെവിടെയാണ് അവർ ഗവേഷണം ചെയ്തത്, എങ്ങനെയാണ് അവർ ഇതൊക്കെ ജനതയിലൂടെ പ്രചരിപ്പിച്ചത്,  ഇവയൊക്കെ അത്ഭുതമുളവാക്കുന്ന ഒരു കാര്യമായിത്തന്നെ തുടരും. വിദ്യാഭ്യാസം തീരെയില്ലാത്തവർ പോലും സമഗ്രമായി തങ്ങളുടെ തൊഴിൽ, തങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ ഇവയൊക്കെ കണക്കിലെടുത്താണ് ഔഷധകല്പന നിർവ്വഹിച്ചിരുന്നത്. ഇതും പ്രസ്താവയോഗ്യമാണ്.  

മറ്റൊരു കാര്യം – പശുവിനെ വളർത്തി ജീവിക്കുന്നവർ, ആടിനെ വളർത്തി ജീവിക്കുന്നവർ, എരുമയെ വളർത്തി ജീവിക്കുന്നവർ, കോഴി തുടങ്ങിയ പക്ഷികളെ – വീട്ടിലാദായമുള്ള വളർത്തുപക്ഷികളെ – വളർത്തി ജീവിക്കുന്നവർ, തെങ്ങുകൃഷി ചെയ്തു ജീവിക്കുന്നവർ ഇങ്ങനെ ആളുകളെ തരംതിരിച്ചാൽ ഓരോ ദേശം, ഓരോ സമൂഹം ഇവയുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രത്യേക കൃഷികളുണ്ടാകാറുണ്ട്. അവർ താന്താങ്ങളുടെ തൊഴിലുമായുള്ള നിത്യപരിചയത്തിൽ നിന്ന് തങ്ങൾക്കുവേണ്ടുന്ന ഔഷധങ്ങളെ മുഴുവൻ രൂപപ്പെടുത്തിയിരുന്നു എന്നു കാണാം. ഉദാഹരണ മായി പറഞ്ഞാൽ പശുക്കളെ വളർത്തി ജീവിക്കുമ്പോൾ പശു പ്രസവിച്ച ഉടനെ പശുക്കുട്ടി പാലുകുടിക്കുന്നതിനു മുമ്പ് അതു വിസർജ്ജിക്കുന്ന മലം വളരെ വിലപിടിപ്പുള്ള ഔഷധമെന്നനിലയിൽ ഒട്ടേറെ കാര്യങ്ങളിൽ അവർ ഉപയോഗിച്ചിരുന്നു. ആന, പശു, ആട് ഇവയുടെയൊക്കെ ആദ്യമലം വളരെയേറെ രംഗങ്ങളിൽ ഔഷധമായി അവർ ഉപയോഗിച്ചിരുന്നു. കണ്ണിനു തിമിരം വന്നാൽ ഗോമൂത്രം ഒഴുക്കി അവർ തിമിരം മുഴുവൻ കളഞ്ഞിരുന്നു. ഇന്നും ഇവ നമുക്ക് ഉപയോഗിച്ചു നോക്കാവുന്നതാണ്. ഗോമൂത്രമുപയോഗിച്ച് വൃക്കകളുടെ രോഗങ്ങളെ എല്ലാം ചികിത്സിച്ചിരുന്നു. ഇന്നും വൃക്കരോഗമുള്ളവർക്ക് പത്തു മില്ലി ഗോമൂത്രം (പശു മൂത്രമൊഴിക്കുമ്പോൾ ആദ്യത്തെ കുറച്ചുഭാഗംവിട്ട്, അവസാന ഭാഗമാകാതെ മദ്ധ്യഭാഗത്തുനിന്ന് മൂത്രമെടുക്കണം. അതാണ് ഏറ്റവും ഔഷധവീര്യമുള്ളത്) അകത്തു കൊടുത്താൽ, വൃക്കരോഗത്തിനു ശമനം ഉണ്ടാകുന്നുണ്ട്. ഗോമൂത്രം ധാരാളമായി സ്വീകരിച്ച് അതു വറ്റിച്ചുവെച്ച് ഉപയോഗിച്ചാൽ, അതിന്റെ അർക്കം മുതലായവ ഉണ്ടാക്കി കഴിച്ചാൽ, ഗോമൂത്രവും, ചാണകവും, തൈരും, നെയ്യും, പാലും ചേർത്തുവരുന്ന പഞ്ചഗവ്യമുപയോഗിച്ചാൽ ഉന്മാദം, അപസ്മാരം, കിരികം തുടങ്ങിയ രോഗങ്ങളിൽ, മസ്തിഷ്കക്ഷയം, മസ്തിഷ്കദ്രവം തുടങ്ങിയ രോഗങ്ങളിൽ – എന്റെ കഫാലൈറ്റിസ്, മാകഫാലസ്, ഹൈഡ്രോകഫാലസ് തുടങ്ങിയ രോഗങ്ങളിൽ -എങ്ങനെയാണ് ഈ പഞ്ചഗവ്യം പ്രവർത്തിക്കുക എന്നൊക്കെ അവർ അറിഞ്ഞിരുന്നു.

നിത്യമായി മൂക്കുതുറക്കാത്ത, മണമറിയാത്ത ഒരാളിന് ചുക്കും, മുളകും, തിപ്പലിയും, തക്കോലവും, ജാതിപത്രിയും, ജാതിക്കായും, മായക്കായും പൊടിച്ച് ആടലോടകത്തിലനീരിലും, പനിക്കൂർക്കയില നീരിലും, തുളസിയില നീരിലും തുമ്പയില നീരിലും മാറിമാറി അരച്ച് ശുദ്ധമാക്കിയെടുത്ത ഒരു തുണിയിൽ തേച്ച് ആ തുണി ഉണക്കി തിരി തെറുത്ത് ഈ പഞ്ചഗവ്യത്തിൽ മുക്കി കത്തിച്ച് പുക വലിക്കുമ്പോൾ, അല്ലെങ്കിൽ പുക മൂക്കിലേയ്ക്ക് അടിക്കുമ്പോൾ, എങ്ങനെ മണമുണ്ടാകുന്നു എന്നത് ഇന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇവയൊക്കെ അന്ധവിശ്വാസവും അനാചാരവുമാണെന്ന് ഒരു പ്രാവശ്യം പോലും പരീക്ഷിച്ചു നോക്കാതെയാണ് പറയുന്നത്.

സ്ത്രീക്ക് പല്ലു കുറവാണെന്ന് – പുരുഷനേക്കാൾ കുറവാണെന്ന് – തന്റെ ഭാര്യയുടെ വായൊന്നു പിളർന്നുനോക്കി പരീക്ഷിക്കാൻ പോലും തയ്യാറാവാതെ മഹാപണ്ഡിതനും, തത്ത്വജ്ഞാനിയുമായ പ്ലേറ്റോ വിശ്വസിച്ചിരുന്നു. അതുകൊണ്ട് നമ്മൾ വിശ്വസിക്കുന്നതിന് തെറ്റുപറയാനാവില്ല. ലോകോത്തരനായ പ്ലേറ്റോ  പുരുഷനേക്കാൾ സ്ത്രീയ്ക്ക് പല്ലുകുറവാണെന്ന് വിശ്വസിക്കുകയാണു ചെയ്തത്. താൻ ഒന്നിൽ വിശ്വസിക്കുകയും, മറ്റൊന്ന് ശാസ്ത്രമല്ല വിശ്വാസമാണെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് വിശ്വാസത്തിന്റെ തന്നെ വൈകല്യം. ശാസ്ത്രം അനുഭവമാണോ എന്ന് അറിഞ്ഞിട്ടുവേണം അതിനെ തള്ളാനും കൊള്ളാനും. എവിടെയാണോ ശാസ്ത്രം ഇല്ലാതാകുന്നത് അവിടെയാണ് വിശ്വാസം ആവിർഭവിക്കുന്നത്. പക്ഷേ പ്രാചീനരെ സംബന്ധിച്ചിടത്തോളം അവർക്ക് അനുഭവമായതു കൊണ്ട് സ്വീകരിച്ചതാണ്, വിശ്വസിച്ചതുകൊണ്ടല്ല. ഇന്നും അതിനു സാദ്ധ്യതയുണ്ട്. പരീക്ഷിക്കാൻ.

പണ്ട് പശുവിനെ വളർത്തി ജീവിച്ചവർ അവരുടെ എല്ലാ പ്രശ്ന ങ്ങളുടേയും ഉത്തരമായിരിക്കണം പശു എന്നു സങ്കല്പിച്ചപ്പോൾ പശു വളർത്തൽ ഒരു ആനന്ദവും ആദായവുമായി. ആധുനികൻ പശുവിനെ പാലിനു മാത്രം വളർത്തിയപ്പോൾ പശുവളർത്തൽ കൊടിയ നഷ്ടവും ദുഃഖവുമായി കർഷകരാജ്യമായ ഇന്ത്യ വ്യാവസായിക വിലനിലവാരത്തിൽ വർദ്ധനവുവരുത്തിയാണ് ആനന്ദിക്കുന്നത്. അതിന്റെ ഉല്പാദന പ്രക്രിയയുടെ അന്തസ്ഥലങ്ങളിൽ സംഘർഷമുളവാക്കുമ്പോൾ കോശസൃഷ്ടി നടത്തിയ ആ ഉല്പാദനവും ആഹാരമാകുന്ന വിത്ത് ഉള്ളിലേക്കിട്ട് കോശങ്ങളെ വർദ്ധമാനമായി സൃഷ്ടിക്കുന്ന ആന്തരിക സൃഷ്ടിപ്രക്രിയയും, വിത്തുകളിട്ട് ആഹാര പദാർത്ഥങ്ങളെ സൃഷ്ടിക്കുന്ന മണ്ണിലെ സൃഷ്ടിപ്രക്രിയയും തമ്മിലുള്ള പാരസ്പര്യത്തിൽ വിള്ളലുണ്ടാക്കുവാൻ ഈ വ്യാവസായിക ചോദന തയ്യാറെടുക്കുമ്പോൾ ആഹാരം കോശമായി പരിണമിക്കുന്ന, കോശത്തിനു ബീജമാകുന്ന ആഹാരം കൊണ്ട് ഉല്പന്നമാകുന്ന ആ പ്രക്രിയയിൽ വരുന്ന ഒരു വൈകല്യം വികാസത്തിന്റെ വിത്തിനു പകരം വിനാശത്തിന്റെ വിത്തിനെ, രോഗങ്ങളുടെ വിത്തിനെ, തരുന്നു എന്ന് പ്രാചീനർ ഊഹിച്ചിട്ടുണ്ട്. തെളിയിച്ചിട്ടുണ്ട് എന്നു പറയാൻ നിവൃത്തിയില്ല. എന്നാൽ അവരുടെ ഊഹം ശരിയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. പരീക്ഷിച്ചു നോക്കാവുന്നതുമാണ്. പശുവിനോടൊപ്പം ചേർന്നു ജീവിച്ചപ്പോൾ അവർക്കു കുറെ പണം ഉണ്ടാക്കിക്കൊടുക്കുന്നതായല്ല അവർ പശുവിനെ കണ്ടത്. അവരുടെ ജീവിതത്തിന് ആനന്ദവും ലാഭവവും കൊടുക്കുന്ന ദൈവമെന്ന നിലയിലാണ്. അവിടുന്ന് എല്ലാ ഔഷധങ്ങളും അവർ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്.

തെങ്ങു വളർത്തിയവരും ഇങ്ങനെയാണ്. തെങ്ങിൽ നിന്നെടുക്കാവുന്ന ഔഷധങ്ങളെല്ലാം അവർ കണ്ടെത്തിയിരുന്നു. വളരെ രസകരമായ ഒരു ശാസ്ത്രശാഖ അവർക്കുണ്ടായിരുന്നു. അതിലെ കുറേ അംശങ്ങളെല്ലാം വിട്ടുപോകാതെ പൗരാണിക കാലം മുതൽ നിലനിന്ന്, ഗ്രന്ഥരൂപത്തിലെഴുതാതെ, പാരമ്പര്യമായി കൈമാറിപ്പോന്ന്, വിദ്യാഭ്യാസം വന്നപ്പോൾ അവയോട് അവജ്ഞ തോന്നി പലതും കൈവിട്ടു കളഞ്ഞു കഴിഞ്ഞ് ചിലരെങ്കിലും അതു കൈവിടാതെ സൂക്ഷിച്ചുവെച്ചത് അതിലേ പോകുന്ന ആളുകൾക്ക് ലഭിച്ചാൽ പിന്നീടു പോകുന്ന ഒരാൾക്ക് ഉപദേശമായി കൊടുത്തയച്ചത്, അങ്ങനെയൊക്കെ സൂക്ഷിച്ചു പോന്നിട്ടുള്ള കുറേ കാര്യങ്ങളാണ് ഗൃഹവൈദ്യം എന്നറിയപ്പെടുന്നത്. ഒരു ഗൃഹത്തെ ഒരു കുടുംബത്ത ആരോഗ്യപൂർണ്ണമാക്കുന്നതിന് അറിഞ്ഞിരിക്കേണ്ടതെല്ലാം ഗൃഹവൈദ്യത്തിൽപെട്ടതാണ്. അതിൽ പ്രാഥമികമായി അവർ നോക്കിയത് രോഗങ്ങൾ വേഗരോധത്തിൽ നിന്നുണ്ടാകുന്നു എന്നാണ്. ശാസ്ത്രമൊന്നുമറിയില്ലെങ്കിലും പഴയ അമ്മമാർ രോഗത്തിന്റെ ആവിർഭാവം വേഗരോധത്തിൽ നിന്നാണ് എന്ന് കണ്ടറിഞ്ഞിരുന്നു.

വേഗങ്ങൾ എന്നാൽ മലം, മൂത്രം, അധോവായു (കീഴ്ശ്വാസം), ഏമ്പക്കം, എക്കിട്ട, തുമ്മൽ, ചുമ, ആർത്തവ ശുക്ലാദി വിസർജ്ജനം ഇവയൊക്കെയാണ്. ഇവ സ്വച്ഛന്ദമായിരിക്കണമെന്നത് പഴയ അമ്മമാർക്കറിയാമായിരുന്നു. അതുകൊണ്ട് അവർ പലപ്പോഴും വീട്ടിൽ കുട്ടികളുടെ പുറകെ ഉണ്ടായിരുന്നു. കുട്ടി മുക്കി മലമൂത്രവിസർജ്ജനം ചെയ്യുന്നു എന്നു കണ്ടാൽ അമ്മമാർ അതിൽ ഇടപെടുമായിരുന്നു. സൂര്യപ്രകാശമേല്ക്കാത്ത കുട്ടിയുടെ ശരീര ഭാഗങ്ങൾ – പ്രത്യേകിച്ച് ഗുഹ്യഭാഗങ്ങൾ – അതീവ ശുചിയാക്കി വെയ്ക്കുന്നതിന് കുട്ടിക്കാലത്ത് അമ്മമാർ കുട്ടികളെ നന്നായി പരിശീലിപ്പിച്ചിരുന്നു. വേഗത്തെ നിരോധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതു കൂടാതെ, വേഗങ്ങളെ സ്വച്ഛന്ദമാക്കാനും ശുചിയായിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൂത്രവും മറ്റും വിസർജ്ജിക്കുമ്പോൾ അത് എങ്ങനെയെല്ലാം വിസർജ്ജിക്കുന്നു എന്ന് അവർ നോക്കിയിരുന്നു. കുട്ടി മലം വിസർജ്ജിക്കുമ്പോൾ അത് വെള്ളത്തിൽ താണുകിടക്കുന്നോ അതല്ലാ പൊങ്ങിക്കിടക്കുന്നുവോ എന്നവർ ശ്രദ്ധിച്ചിരുന്നു. അവയെക്കുറിച്ചൊക്കെ അവർക്ക് ധാരണകളുണ്ടായിരുന്നു.

ആരോഗ്യജീവനം

പ്രാചീന കുടുംബങ്ങളിൽ ഒരു നവജാത ശിശുവിനെ എപ്പോഴാണ് പുറംലോകം കാണിക്കേണ്ടത് എന്നുള്ളതിന് നിയമമുണ്ടായിരുന്നു. അതിന്റെ പേരുതന്നെ ” “വാതിൽപ്പുറപ്പാട്” എന്നാണ്. ഒരു കുഞ്ഞ് ജനിച്ചാലുടനെ അതിനെ എടുത്തുകൊണ്ടുവന്ന് പുറംലോകം കാണിക്കുകയില്ല. പ്ലാസന്റയിൽ പൊതിഞ്ഞ് അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ ഒരു കുഞ്ഞ് എത്ര ശബ്ദങ്ങളെ കേൾക്കാൻ ഇപ്പോൾ പ്രാപ്തമാണ്, ഏത്ര ഡെസിബിൾ വരെയുള്ള ശബ്ദം നവജാതശിശുവിന്റെ കർണ്ണങ്ങൾക്കു താങ്ങാനാവും എന്നൊക്കെ പഠിക്കുന്നത് ഇന്നാണ്. പക്ഷേ ഇന്നാണ് നമ്മൾ കുഞ്ഞിനെ പ്രസവിച്ചാലുടനെ തന്നെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുന്നതും യന്ത്രങ്ങളുടെ ശബ്ദമൊക്കെ കേൾപ്പിക്കുന്നതും , ടി വി യും മറ്റും ഓൺ ചെയ്തു വെയ്ക്കുന്നതുമൊക്കെ.

അന്ന് ഒരു കുഞ്ഞ് ജനിച്ചാൽ പ്രകാശം, ശബ്ദം മുതലായവ കാണിക്കുന്നതും കേൾപ്പിക്കുന്നതും എത്രാം ദിവസം മുതൽ വേണം എന്ന് അവർക്ക് അറിയാമായിരുന്നു. അതിന് നടത്തിയിരുന്ന ചടങ്ങിന്റെ പേരാണ് “വാതിൽപ്പുറപ്പാട്” എന്നുപറഞ്ഞത്. അത് ഒരു വലിയ ചടങ്ങാണ്. സദ്യയൊക്കെ ഉണ്ടാവും. കുഞ്ഞിനെ മുറിക്കകത്തുനിന്ന് പുറത്തുകൊണ്ടു വന്ന് പുറംലോകം കാണിച്ചു കൊണ്ടുപോകും. അതുപോലെ തന്നെ സൂര്യരശ്മി ഇന്ന സമയത്തുള്ളത് കുറേക്കാലത്തേക്ക് കുഞ്ഞിനെ അടിപ്പിക്കരുതെന്ന് പ്രത്യേകം നിർദ്ദേശിക്കും. നന്നേ ചെറുപ്പത്തിലുള്ള ത്വക്കിന്റെ കലകളിൽ സൂര്യപ്രകാശം തട്ടിയാൽ അത് മാരകങ്ങളായ ത്വക്ക്

രോഗങ്ങൾക്ക് കാരണമായിത്തീരുമെന്ന് അമ്മമാർക്ക് അറിയുമായിരുന്നു. പ്രത്യേകിച്ച് മാരകമായ ക്യാൻസറിലേയ്ക്ക് ത്വക്കിനെ വളർത്തിയെടുക്കുന്ന സൗരകലകളെക്കുറിച്ച് അമ്മമാർക്ക് ധാരണയുണ്ടായിരുന്നു. ഇന്നതിന് പരീക്ഷണങ്ങളും പഠനങ്ങളുമുണ്ട്. പ്രത്യേകിച്ച് സർക്കോമയിലും മറ്റും. ഇതൊക്കെ അവർ നിലനിർത്തി പോന്നത് ഒരു പ്രത്യേകതരത്തിലാണ്. പൂഷാവിൽ നിന്നുവരുന്ന രശ്മിസമൂഹങ്ങളെ എങ്ങനെയെല്ലാം ഉപയോഗിച്ചാൽ രോഗങ്ങൾ വരില്ല എന്നവർക്കറിയാമായിരുന്നു. ഏതു സമയങ്ങളിൽ സൂര്യപ്രകാശം ഗർഭിണിയുടെ ഉദരത്തിലടിച്ചാൽ കുഞ്ഞിന് ജന്മനാ മഞ്ഞപ്പിത്തമുണ്ടാവുകയില്ല എന്ന് അവർക്കറിയാമായിരുന്നു. കാരണം ആ രശ്മി സമൂഹങ്ങൾ പ്ലാസന്റ കടന്ന് ഉള്ളിലെത്തുന്നതാണ്. പൗരാണികകാലത്തെക്കാൾ ഉദരം മറയ്ക്കാതെ ജിവിക്കുന്ന സ്ത്രീകളുടെ ഇന്നത്ത പ്രസവങ്ങളിലുള്ള മഞ്ഞപ്പിത്തത്തിന്റെ അളവ് മുമ്പെന്നെത്തേക്കാളും കൂടിയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത്. അതും പഠനവിഷയമാക്കാവുന്നതാണ്. കുഞ്ഞിനു മഞ്ഞപ്പിത്തമുണ്ടായാൽത്തന്നെ കുഞ്ഞിനെ വെളിയിൽ കിടത്തി വാഴയില മുകളിൽ പിടിച്ച് സൂര്യപ്രകാശമടിക്കുമ്പോൾ കുഞ്ഞിന് മാറ്റം ഉണ്ടാകും. ഇതിനേക്കുറിച്ചൊരു ധാരണ അമ്മമാർക്കുണ്ടായിരുന്നു. Yellow Light അല്ല. പൈസയൊന്നും കൊടുക്കേണ്ടാ. സൂര്യനാണ് ഉറവിടം. എന്നാൽ അവിടെ കൊണ്ടു കാണിച്ചാൽ പറ്റില്ലാത്തതുകൊണ്ടോ, അതിൽ രോഗിയുടെ ബന്ധുക്കൾക്ക് വിശ്വാസമില്ലാത്തതുകൊണ്ടോ, ഭിഷഗ്വരന്മാർ ഇഷ്ടപ്പെടാത്തതുകൊണ്ടോ അകത്ത് ട്യൂബ് തെളിയിച്ച് അതിന്റെ പ്രകാശത്തിൽ പിടിക്കുകയാണിന്നു ചെയ്യുന്നത് പല ആശുപത്രികളിലും. ഇങ്ങനെ ഒരവസ്ഥ പൗരാണികർക്കുണ്ടായിരുന്നുവെങ്കിൽ, അത് ഇന്നത്തേതിനേക്കാൾ എളുപ്പമാണെങ്കിൽ, ഇന്നത്തേതിനേക്കാൾ പ്രയോജനപ്രദമാണെങ്കിൽ അവർ എങ്ങിനെ കണ്ടെത്തിയെന്നതിനേക്കാൾ ഇന്ന് അത് ഉപയുക്തമാക്കാൻ ശ്രമിക്കുന്നതെങ്കിലും ഉചിതമാണ്. എങ്ങനെയാണ് കണ്ടെത്തിയതെന്നറിഞ്ഞാൽ അത് നമ്മുടെ അറിവിന്റെ മേഖലയിൽ പ്രയോജനപ്പെടുകയും ചെയ്യും. മുമ്പൊക്കെ കുട്ടികൾ പുറത്തു പോയി ആഹാരമെന്തെന്ന് അറിയാതെ കഴിക്കരുതെന്ന് അമ്മമാർക്ക് നിർബ്ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ശീലത്തെ അമ്മയുടെ കൈത്തലത്തിലെ രുചികൊണ്ടു നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു. വേറൊരിടത്തു നിന്നാഹാരം കഴിക്കുമ്പോൾ ആ തലമുറയ്ക്ക് അതുകൊണ്ട് ഒരറപ്പുണ്ടായിരുന്നു. നമ്മുടെ കുട്ടിക്കാലത്ത് മറ്റൊരു വീട്ടിൽ നിന്ന് ആഹാരം കഴിക്കാൻ വിളിക്കുമ്പോൾ സ്വന്തം അമ്മ തരുന്ന ആഹാരത്തിന്റെ ഒരു ശീലവും രുചിയും നാവിൽ കിടക്കുന്നതുകൊണ്ട് മറ്റൊന്നു കഴിക്കാൻ ഒരു പ്രിയം തോന്നാതിരിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്തിയിരുന്നു. സ്വന്തക്കാരുടെ വീടായിരുന്നാൽത്തന്നെ വിശക്കുന്നുണ്ടെങ്കിൽ പോലും അതു തന്റെ രുചിക്കടുത്തുവരില്ലാ എന്ന് അതിന്റെ പുറം ഭാഗങ്ങളിൽ നിന്ന് സങ്കല്പ്പിച്ചിട്ട് വേണ്ടാ എന്നു പറയാനുള്ള പ്രവണതയും നിർബ്ബന്ധിച്ചാലും കഴിക്കാതിരിക്കാനുള്ള ഒരു തീരുമാനവും ഒക്കെ ഉളവാകുന്ന ഒരു ശീലം. ഇന്നാവട്ടെ ആഹാരം കഴിച്ചിട്ടു ചെന്നാലും പിന്നെയും കഴിക്കാനുള്ള ഒരു ശീലമാണ് പൊതുവെ കാണുന്നത്. അപ്പോൾ ആ ശീലത്തിനകത്തുവരെ അവർ ഒരു ആരോഗ്യരഹസ്യം പൊതിഞ്ഞുവെച്ചിരുന്നു. തന്റെ കുഞ്ഞു പഠിക്കാൻ പോകുകയാണെന്നും, അവന്റെ ബുദ്ധി വികസിക്കുന്നത് തന്റെ സ്നേഹവും താൻ കൊടുക്കുന്ന ആഹാരവും കൊണ്ടാണെന്നും അതിന്റെ സാധകപിത്തത്തെ വർദ്ധിപ്പിക്കണമെന്നും അമ്മമാർ അറിഞ്ഞിരുന്നു. നമ്മുടെയൊക്കെ വീടുകളിൽ സ്കൂളിൽ നിന്ന് നാലുമണിക്കു ബല്ലടിച്ചാലുടനെ ഓടി വീട്ടിലെത്തുന്ന മകനെയും മകളെയും പഠിത്തമെങ്ങനെയെന്നോ, അദ്ധ്യാപകനോട് അവർ എങ്ങനെ പെരുമാറിയെന്നോ ഒന്നുമന്വേഷിക്കാതെ, ഓടിവരുന്ന അവരുടെ ആഹാരത്തിൽ മാത്രം ശ്രദ്ധിച്ച് കൊശിത്തീറ്റകൾ – (ഖുശി എന്ന ഹിന്ദി പദത്തിൽ നിന്നാകാം കേരളത്തിൽ പൊതുവേ നിലനിന്നിരുന്ന കൊശിത്തീറ്റ എന്നൊരു പദം തന്നെ ഉണ്ടായിരുന്നത്) അവരെ സന്തോഷിപ്പിക്കുവാൻ പറ്റിയ ചില പലഹാരങ്ങൾ – വൃത്തിയായുണ്ടാക്കി അതിൽ മറ്റു മാലിന്യങ്ങളൊന്നും ചേർക്കാതെ, അത് ആരോഗ്യത്തെ നശിപ്പിക്കാതെ കാത്തിരുന്നു കുഞ്ഞുങ്ങളെ കഴിപ്പിച്ചിരുന്ന ഒട്ടേറെ അമ്മമാർ ഓരോ വീട്ടിലും ഉണ്ടായിരുന്നു. അത് ആരോഗ്യത്തിന് സംഭാവന ചെയ്തതു ചില്ലറയൊന്നുമല്ല.

താൻ വരുമ്പോഴേ തന്നെ കാത്തിരിക്കാൻ ഒരമ്മയുണ്ട് എന്ന വിചാരം തരുന്ന വികാരപരമായ ആരോഗ്യം ! “എന്നെ കാത്തിരിക്കാനൊരാളുണ്ട്, ഞാൻ ചെന്നില്ലെങ്കിൽ വേദനിക്കാനൊരാളുണ്ട്, എന്നെ അന്വേഷിച്ചിരിക്കുന്ന ഒരമ്മയുണ്ട് വീട്ടിൽ” എന്ന തോന്നൽ ! ഏതോ ഒരാകർഷണമെന്നപോലെ ബെല്ലടിക്കുമ്പോൾത്തന്നെ മറ്റാരെയും കാണാൻ നില്ക്കാതെ ഓടുന്ന ഒരോട്ടം. അത് നമ്മുടെ ആരോഗ്യത്തിലും ആയുസ്സിലും ചെയ്ത സംഭാവന ചെറുതൊന്നുമല്ല. അവിടെ ചെന്നു കഴിയുമ്പോഴേ എടുത്തു വെച്ചിരിക്കുന്ന ഒരാഹാരം. കാലും കയ്യും കഴുകി വാ മോനേ അല്ലെങ്കിൽ  കുളിച്ചിട്ടുവാ മോനേ. ആഹാരം കഴിക്ക്. കളിക്കാൻ പോകുന്നതു പിന്നെയാകാം. ഇത്രയും നേരമിരുന്നു പഠിച്ചിട്ടു വരികയല്ലേ. നീയെന്താ കിടന്ന് ഓടുന്നേ. ഇരുന്നു കഴിക്ക് എന്നൊക്കെ പറഞ്ഞ് പിടിച്ചിരുത്തി കഴിപ്പിക്കാനുള്ള അമ്മയുടെ ഒരു വെമ്പൽ!

ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് വീട്ടിലേയ്ക്കെത്തുമ്പോൾ അയാളുടെ മനസ്സിനെയും ശരീരത്തെയും, തണുപ്പിക്കുവാൻ പാകത്തിന് മോരോ, ചായയോ, കാപ്പിയോ, കഞ്ഞിവെള്ളത്തിൽ പുളിശ്ശേരിയൊഴിച്ചതോ, കഞ്ഞിവെള്ളത്തിൽ മാങ്ങാക്കറിയൊഴിച്ചതോ ഏതെങ്കിലുമൊന്ന് ഒരു പാത്രത്തിലെടുത്ത് മുമ്പിൽ കൊണ്ടുവന്ന് “ഇതുകുടിക്ക്, ഇരിക്ക്, അതുകഴിഞ്ഞ് പണിക്കാര്യമൊക്കെ സമാധാനമായി സംസാരിക്കാം, പിള്ളേരുടെ കാര്യമൊക്കെ സമാധാനമായി സംസാരിക്കാം, അവരൊക്കെ അവിടെയുണ്ട്. ഇപ്പോൾ ഇതു ,കഴിക്ക്” എന്നുപറയുമ്പോൾ ആ മനസ്സിനു ലഭിച്ചിരുന്ന ഒരു സൗകുമാര്യത പണവും പ്രതാപൈശ്വര്യങ്ങളുമെല്ലാമുള്ള ഇന്നത്തെ അന്തരീക്ഷത്തിൽ ലഭിക്കാതിരിക്കുമ്പോൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ നിന്നു രൂപാന്തരപ്പെടുന്ന രോഗങ്ങൾ. കേറിവരുമ്പോഴേ സ്നേഹത്തോടെ കാത്തിരിക്കാനൊരാൾ ഉണ്ടെന്നു കാണുക. ആ വ്യക്തി സ്നേഹത്തോടെ എടുത്തുതരികയാണ്, “ഈ വെള്ളം കുടിച്ചിട്ടുമതി ബാക്കിയൊക്കെ” എന്നു പറയുകയാണ്. നമ്മുടെ ഉള്ളറിയുന്ന ഒരാളുണ്ടല്ലോ എന്ന ഒരു തോന്നലിൽ നിന്ന് ഒന്നും വിലപേശി വാങ്ങേണ്ടാത്ത ഒരു സാന്ത്വനത്തിന്റെ ഭാവത്തിൽ നിന്നുണ്ടാകുന്ന ആരോഗ്യകലന.

ഇതൊക്കെ ഗൃഹവൈദ്യത്തിന്റെ സംഭാവനകളാണ്. അത് പോവുകയും വൈദ്യശാസ്ത്രം ശാസ്ത്രീയമായി വികസിക്കുകയും ചെയ്തപ്പോൾ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും വിഷയങ്ങളും എല്ലാം ചേർന്ന ഈ പ്രകൃതിയിൽ ആ സമഗ്രതയെ കൈവിടുകയും രോഗത്തെ കണക്കാക്കുകയും ചെയ്യുന്ന രീതിയിലെത്തിയിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങൾ രോഗിയായതിനു ശേഷമുള്ള പഠനങ്ങളാണ്. നിങ്ങളുടെ രോഗത്തോട് മല്ലിടാനുള്ള പഠനങ്ങളാണ്. വൈദ്യശാസ്ത്രത്തിൽ പ്രിവന്റീവ് മെഡിസിൻ ഡിപ്പാർട്ട്മെന്റുകളൊക്കെ ഉണ്ടെങ്കിലും, ആയുർവേദത്തിൽ സ്വസ്ഥവൃത്തം പഠിക്കാനും പഠിപ്പിക്കാനുമൊക്കെ ഉണ്ടെങ്കിലും ആ പഠനങ്ങളും അതിന്റെ ഡിപ്പാർട്ട്മെന്റുകളുമൊക്കെ പലപ്പോഴും രോഗമില്ലാത്ത അവസ്ഥയിൽ ജാഢ്യം വന്നിരിക്കുന്നവയാണ്. ഏതെങ്കിലും രോഗം ആവിർഭവിക്കുമ്പോൾ രോഗമിനി പടരാതിരിക്കാൻ ക്രൈസിസ് മാനേജുമെന്റുകളായി അന്നേരമൊന്ന് ഉണർന്നെണീക്കുകയും പിന്നീട് വീണ്ടും സ്വന്തം ജഡപ്രകൃതിയിലേയ്ക്കു പോകുകയും ചെയ്യുന്നതാണ് ആ ഡിപ്പാർട്ടുമെന്റുകൾ . ആരോഗ്യമുള്ളപ്പോൾ ബന്ധങ്ങളെ ആരോഗ്യരൂപേണ കൊണ്ടുപോകേണ്ടതിനേക്കുറിച്ച് സങ്കല്പിക്കാതിരിക്കുകയും ആർക്കെങ്കിലും അല്പമെങ്കിലും രോഗം വന്നാൽ പെട്ടെന്ന് അനുകമ്പാർദ്രമാവുകയും ചെയ്യുന്ന ഒരു മാനവപ്രകൃതമാണ് ഇന്നു കണ്ടു വരുന്നത്. വീട്ടിലൊരാൾക്ക് രോഗം വന്നാൽ ചാടിയിറങ്ങുകയായി. ഏതാശുപത്രിയിൽ കൊണ്ടുപോകണം എന്നു തുടങ്ങി ബഹളം വെയ്ക്കാൻ തയ്യാറാവുകയായി.  ആരോഗ്യമുള്ളപ്പോൾ ആ ആരോഗ്യം നിലനിർത്താൻ അനുഗുണമായ ആഹാരം, വാക്ക്, പ്രവൃത്തി, ബന്ധം ഇവ നിലനിർത്തണമെന്ന് വിദ്യാസമ്പന്നരായ ആളുകൾ കരുതുന്നില്ല എന്നു തോന്നുന്നു.

ഇപ്പോൾ എനിക്കാരോഗ്യമുണ്ട്, നിനക്കാരോഗ്യമുണ്ട്,  പിള്ളേർക്കുമാരോഗ്യമുണ്ട്. ഈ ആരോഗ്യവും ആയുസ്സും തുടർന്നു കിട്ടുന്നതിനു പര്യാപ്തമായ വാക്കുകളേ ഈ കുടുംബത്തിന്റെ അന്തരീക്ഷത്തിൽ നമ്മൾ ഉപയോഗിക്കാവൂ എന്ന ഒരു പരസ്പര ധാരണ.

“നിനക്കു തെറ്റുപറ്റിയാലും ഞാനങ്ങനെയേ ഉപയോഗിക്കൂ.”

“നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ ഈ ആരോഗ്യം കളഞ്ഞുകുളിക്കാവുന്ന വാക്കുപയോഗിക്കാനില്ല”

ഇങ്ങനെ ഒരു ആന്തരികധാരണയല്ലേ വിദ്യാഭ്യാസം? പക്ഷേ ഇന്ന് അതുണ്ടോ? വിദ്യാഭ്യാസമില്ലാതിരുന്ന കാലത്തെ സ്ത്രീപുരുഷൻമാരിൽ ഇങ്ങനെ കണ്ടിട്ടില്ല. ആരോഗ്യം ആസ്വദിക്കാൻ, ധനം ആസ്വദിക്കാൻ, സമ്പത്ത് ആസ്വദിക്കാൻ, ആയുസ്സിനെ ആസ്വദിക്കാൻ വിദ്യാഭ്യാസം ഒരു തടസ്സമാകുന്നതുപോലെ തോന്നുന്നു എന്നു പറയാൻ തോന്നുന്നില്ലേ? യഥാർത്ഥത്തിൽ നമുക്കു കിട്ടിയ സാമ്പത്തിക വിദ്യാഭ്യാസം, സാമൂഹിക വിദ്യാഭ്യാസം, സാംസ്ക്കാരിക വിദ്യാഭ്യാസം, ശാസ്ത്ര വിദ്യാഭ്യാസം ഇവയെല്ലാം കൂടി ചേർന്ന് എപ്പോഴെങ്കിലും നിങ്ങളുടെ അവയവങ്ങളെ, നിങ്ങളുടെ ഇന്ദ്രിയങ്ങളെ, നിങ്ങളുടെ മനസ്സിനെ, ബുദ്ധിയെ, അഹങ്കാരത്തെ, നിങ്ങളുടെ കയ്യിലിരിക്കുന്ന വസ്തുജാലങ്ങളെ, നിങ്ങളുടെ പരിചയക്കാരെ,  ബന്ധുക്കളെ ഒക്കെ ആനന്ദിപ്പിക്കുവാൻ പാകത്തിന് ഉപയുക്തമാക്കുവാൻ പാകത്തിനൊരു സാധ്യത രൂപപ്പെട്ടിട്ടുണ്ടോ? എനിയ്ക്ക് എന്റെ ആരോഗ്യമുള്ള ഒരു നാക്കുണ്ട്, മൂക്കുണ്ട്. കയ്യുണ്ട്, കാലുണ്ട്, മറ്റിന്ദ്രിയങ്ങളുണ്ട്, ഒരു മനസ്സുണ്ട്. എന്റെ സഹോദരങ്ങൾക്കും ഇവയെല്ലാമുണ്ട്. അപ്പുറത്ത് എന്റെ ഭാര്യയുണ്ട്. ഇപ്പുറത്ത് പിള്ളേരുണ്ട്, അച്ഛനുണ്ട്. അമ്മയുണ്ട്, ശിഷ്യനുണ്ട്. ഗുരുവുണ്ട്. ഇങ്ങനെ വരുന്ന ഈ തലങ്ങൾ ആനന്ദപൂർവ്വം ആസ്വദിക്കാൻ പോക്കറ്റിലെ പണവും, പ്രതാപൈശ്വര്യങ്ങളും എല്ലാം ആസ്വദിക്കാൻ പാകത്തിലുള്ള ഒരു co-relation വിദ്യാഭ്യാസം കൊണ്ട് കിട്ടിയിട്ടില്ലെങ്കിൽ എന്തിനാണ് പിന്നെ അത്?

 ഒരു വിദ്യാഭ്യാസവുമില്ലാത്തവന് ആഹാരപദാർത്ഥങ്ങളും വസ്ത്രാദികളും ഭൂമിയും പണവും ചുറ്റുപാടുകളും അല്പമാത്രമായെങ്കിലും പ്രകൃത്യാ ആസ്വദിക്കാൻ കഴിയുമ്പോൾ അതിനെ സക്രിയമായി ആസ്വദിക്കാൻ കഴിയുന്ന ഒരു സൂത്രവാക്യമായിരിക്കേണ്ട വിദ്യാഭ്യാസം? എന്റെ ആസ്വാദനത്തിന്റെ ഒരു സക്രിയത എന്റെ വിദ്യാഭ്യാസത്തിന്റെ ആന്തര പ്രവാഹമായി നിലകൊള്ളേണ്ടതാണ്. ഇന്ന് ഈ വിദ്യാഭ്യാസമെനിക്കു കിട്ടി. ഇനിയെനിക്ക് എന്റെ അച്ഛനെ, അമ്മയെ, സഹോദരങ്ങളെ, ബന്ധുക്കളെ, എന്റെ ഇന്ദ്രിയങ്ങളെ, എന്റെ മനസ്സിനെ, എന്റെ ചുറ്റും കാണുന്ന ദ്രവ്യങ്ങളെ സക്രിയമായി ഒന്നാസ്വദിക്കുമ്പോൾ കിട്ടുന്ന ഒരാനന്ദം. അത് ധനാത്മകവും ആയുസ്സു വർദ്ധിപ്പിക്കുന്നതും ആനന്ദം പ്രസരിപ്പിക്കുന്നതുമാണ്.

ചോദ്യം:- ഇന്നത്തെ വിദ്യാഭ്യാസം മെറ്റീരിയലിസ്റ്റിക് ആയതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്?

ഉത്തരം: “വിദ്യാഭ്യാസം മെറ്റീരിയലിസ്റ്റിക് ആണെങ്കിൽ, ആ വിദ്യാഭ്യാസം ഉപയോഗിച്ച്, ഈ ആസ്വാദനത്തിന് നമുക്കൊരു സർഗ്ഗശക്തിയുണ്ടെങ്കിൽ കഴിയേണ്ടതല്ലേ? കാരണം ഇതിനു പോയി ഇരുന്നു കൊടുക്കുന്നത് നമ്മളാണല്ലോ. നമ്മുടെ സമയമാണല്ലോ വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്നത്. ആ വിദ്യാഭ്യാസത്തിന്റെ ഘടനയെ ഉപയോഗിച്ച് സക്രിയവും ധനാന്മകവുമായ ഒരാസ്വാദനം എന്തേ ഇല്ലാതെ പോയി?

വിവാഹം കഴിച്ചിട്ട് ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ  ആസ്വാദ്യമായിക്കൊണ്ടുപോകാൻ പഠിപ്പുള്ള ഒരു വ്യക്തിക്ക് കഴിയുന്നില്ല എങ്കിൽ പിന്നെന്തിനീ പണിക്കുപോകണം? പക്ഷേ പണ്ടുള്ളവർക്ക് അത് കഴിഞ്ഞിരുന്നു. അവൻ വഴക്കുണ്ടാക്കുമ്പോൾ, അവൻ കളിക്കുമ്പോൾ, അവൾ ചിരിക്കുമ്പോൾ, അവൻ കൊഞ്ഞനം കുത്തുമ്പോൾ, അവൻ ഹാസ്യം ഉപയോഗിക്കുമ്പോൾ, ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്നുണ്ടായി നാളെമറയാൻ പോകുന്ന ഈ അല്പകാലസ്ഥിതമായ ജീവിതത്തിൽ തികച്ചും ആസ്വദിച്ചു മൺമറയാൻ അവനോ അവൾക്കൊ എളുപ്പം കഴിഞ്ഞിരുന്നു ഇത്രയൊന്നുമില്ലാതെ. ഇത്രയൊക്കെയുള്ളപ്പോൾ ഇതിൽ കൂടുതൽ കഴിയേണ്ടതല്ലേ എന്നാണ് നാം ചിന്തിക്കുന്നത്. അങ്ങനെ കഴിയുന്ന ഒരു സൂത്രവാക്യത്തെയാണ് ഗൃഹവൈദ്യം എന്നു പറയുന്നത്. അതിന്റെ നിർവ്വചനത്തിനാണ് ഇത്രയൊക്കെ പറഞ്ഞത്.

ചോദ്യം:- സ്വാമിജി, വ്യാവസായിക പുരോഗതി വരുത്തിയ ഒരു വിനയല്ലേ ഇത്?

ഉത്തരം:  നമ്മുടെ കൊള്ളരുതാഴിക മറയ്ക്കാൻ ഓരോന്നിലാരോപിക്കുകയാണ് നമ്മളിതിനെയെല്ലാം. ഭരണാധികാരികളിൽ, വ്യാവസായിക പുരോഗതിയിൽ,

അയൽപക്കകാരനിൽ, ചുറ്റുപാടുകളിൽ, അച്ഛനിൽ, അമ്മയിൽ ഒക്കെ പഴി ചാരി പിന്നെയും നമ്മൾ രക്ഷപെടാൻ നോക്കുകയാണ്. ഇതിൽ നിന്നു രക്ഷപെട്ട് ഇതിലും വലുതിലാണ് ചെന്നു വീഴാൻ പോകുന്നത്. നമ്മൾ മാറിയാൽ മാറി.

അതിനുശേഷവും ഇതാസ്വദിക്കണമെന്നു തീരുമാനമുള്ളവൻ ആസ്വദിച്ചിട്ടുണ്ട്. അല്ലെങ്കിൽ നമ്മളെന്തിനാണ് ഇരുന്ന് ഇങ്ങനെ പഠിക്കുന്നത്? ഇങ്ങനെ ഒരു വിഷയം ഉണ്ടെന്ന് ഒരറിവു കിട്ടണമെങ്കിൽ ഈ വ്യാവസായിക പുരോഗതിയുടെയൊക്കെ നടുക്കല്ലേ നമ്മൾ നിൽക്കുന്നത്? ഇതൊക്കെ വേറെ ആരോ ശരിയാക്കി നമുക്കു തരണമെന്നാണ് ആ വാക്കുകൾക്കുള്ളിലുള്ളത്. മറിച്ച് എനിയ്ക്ക് ഈ  ജീവിതം ഒന്ന് ആസ്വദിക്കണമെന്നു തീരുമാനിച്ചാൽ ആരാണ് വന്നു തടയുന്നത്?

എപ്പോഴാണ് ഒരാൾക്ക് ലാഘവം നഷ്ടപ്പെടുന്നതെന്നു നോക്കാം. – ലാഘവത്തിന് ഇംഗ്ലീഷിൽ ease എന്നു പറയാം. Disease എന്നാൽ രോഗമെന്നാണ്. Disease ൽ നിന്ന് Dis അങ്ങു കളഞ്ഞാൽ ease-ൽ എത്തിക്കാം. പിശുക്കനായ ഒരുവൻ – പൈസ മുടക്കുന്നത് വേദനയുണ്ടാക്കുന്ന ഒരുവൻ – എത്തിച്ചേരുമ്പോൾ ഒരു പൈസയും അവനു മുടക്കു വരാത്ത വിധത്തിൽ ഒരു ഗ്ലാസ്സു വെള്ളമെടുത്തു കൊടുത്ത് ഇതു കൊണ്ടു മാറുമെന്ന് പറഞ്ഞാൽ അവന്റെ മനസ്സ് അല്പം ease ആയിട്ടു പോകും. 1000 രൂപയുടെ മരുന്നു കുറിച്ചുകൊടുത്താൽ നേരത്ത മനസ്സിന്റെ ലാഘവം നഷ്ടപ്പെട്ട് രോഗിയായിട്ടു വന്നവൻ അടുത്ത ഞെട്ടലിൽ കുറേക്കൂടി സംഘർഷത്തിലാകും. പൈസ കയ്യിലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അവന് ലാഘവം വരുത്തുക എന്നതാണ് പ്രശ്നം. മകൻ ഇന്നതു പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ലാഘവം നഷ്ടപ്പെട്ട് നെഞ്ചുവേദനയെടുക്കുന്ന അച്ഛനേയും കൊണ്ട് ആ മകൻ ആശുപത്രിയിലേയ്ക്കു പോകുന്നതിനു പകരം ആ അച്ഛൻ വിചാരിച്ചതു പോലൊരു പെരുമാറ്റം അവൻ കാണിച്ചാൽ ലാഘവം വരുന്ന അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാതെ ease-ൽ ആക്കാം.

ഉദാഹരണത്തിന് പരേഡ് ഒക്കെ എടുക്കുമ്പോൾ stand at ease എന്നൊക്കെ പറയും. പക്ഷേ ആദ്യം അറ്റൻഷനിൽ – at-tension ആയതുകൊണ്ട് at-ease പ്രയാസമാണ്. കാരണം അടുത്ത ശബ്ദത്തിന്റെ ടെൻഷനിലാണ് ease-ൽ നില്ക്കുന്നത്. അയാളോട് അറ്റ്-ടെൻഷനിൽനിന്ന് അറ്റ് ഈസിലേയ്ക്കു മാറാൻ ആജ്ഞാപിക്കുകയാണ് . അതുതന്നെ അയാളെ – Parade സാവധാൻ എന്നു പറയുന്ന അതേ ശബ്ദത്തിൽ – tone-ൽ ആണ് – വിശ്രാം എന്നും പറയുന്നത്. മറിച്ച് പറയുന്നവന് ഒരു ലാഘവം വാക്കുകളിൽ വന്നെങ്കിൽ അനുസരിക്കുന്നവൻ ease-ൽ ആകും. രണ്ടും ആജ്ഞാപിക്കുകയാണ്.

കുടുംബങ്ങളിൽ ആ ഒരു ലാഘവം ഉണ്ടായിരുന്നു. ഒരു ചൂട് ശരീരത്തിനുവന്നാൽ, ഒരു വയറിളക്കം വന്നാൽ, ഒക്കെ അവർ പ്രകൃതിയിൽ നിന്ന് കുറെ കാര്യങ്ങൾ കണ്ടു വെച്ചിരുന്നു. അവയാണ് അവർ അതിനുപയോഗിച്ചത്. ആ ഉപയോഗിച്ചത് ചികിത്സാശാസ്ത്രമാണ് – ഗൃഹവൈദ്യത്തിലെ. എങ്ങിനെയാണ് കുടുംബം തന്നെ ലാഘവത്തിൽ നില്ക്കുക എന്നവർ നോക്കിക്കണ്ടിരുന്നു.

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് 

403 | VIRAL FEVER | വൈറല്‍ പനികള്‍

403 | VIRAL FEVER | വൈറല്‍ പനികള്‍
403 | VIRAL FEVER | വൈറല്‍ പനികള്‍

കിരിയാത്ത്, കൊത്തമല്ലി, ചുക്ക്, ദേവതാരം, മുത്തങ്ങ, പാർപ്പടകപ്പുല്ല് – ഓരോന്നും പത്തു ഗ്രാം വീതം എടുത്ത്, ചതച്ച്, പന്ത്രണ്ടു ഗ്ലാസ് വെള്ളത്തിൽ കലക്കി വേവിച്ച്, ഒന്നര ഗ്ളാസ്സ് ആകും വരെ വറ്റിച്ച്, തണുത്ത്, അരിച്ചു വെച്ച്, ആ കഷായം അര ഗ്ളാസ് വീതം മൂന്നു നേരം കഴിക്കുക.
 
കൃമിഘ്നവും ജ്വരഘ്‌നവുമായ ഒട്ടനവധി ഔഷധങ്ങൾ ഈ പ്രകൃതിയിൽ ഉണ്ട്. അവയെക്കുറിച്ച് അറിവുള്ള വൈദ്യൻമാരുടെ പക്കൽ വൈറസ് പോലെയുള്ള അദൃശ്യകൃമികളാൽ ഉണ്ടാകുന്ന ജ്വരം അകറ്റാൻ അനവധി മാർഗ്ഗങ്ങൾ ഉണ്ട്.
 
കിരാതതിക്തകാദികഷായം സഹസ്രയോഗത്തിൽ അതിസാരം ചികിത്സിക്കാൻ ഉപദേശിക്കപ്പെട്ട ഔഷധമാണ്.
 
“കിരാതതിക്തകം മുസ്തം വത്സകം സരസാഞ്ജനം
പിബേല് പിത്താതിസാരഘ്നം സക്ഷൌദ്രം വേദനാപഹം”
 
പുത്തരിച്ചുണ്ടവേര്, മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, അഞ്ജനക്കല്ല് ഇവ കഷായം വച്ചു തണുത്തതിനു ശേഷം തേൻ മേമ്പൊടി ചേര്ത്ത് സേവിക്കുക. പിത്താതിസാരവും വേദനയും ശമിക്കും എന്ന് സഹസ്രയോഗം.
 
പക്ഷെ ഇതിലെ ചേരുവകളിൽ കൃമിഘ്‌നങ്ങളും ജ്വരഘ്‌നങ്ങളുമായവ ഉണ്ടെന്നുള്ള അറിവിൽ ആണ് വിവരമുള്ള വൈദ്യൻ ഈ ഔഷധം വൈറൽ പനികളിൽ ഉപയോഗപ്പെടും എന്ന് പറയുന്നത്.

രോഗം വരുന്ന വഴികള്‍ – പഴങ്ങള്‍

A roadside fruit chat shop at Bangalore
A roadside fruit chat shop at Bangalore

പഴങ്ങള്‍ ആരോഗ്യത്തിനു നല്ലതാണ്. ആശ്രയദോഷം ഏറ്റവും കുറവുള്ള ആഹാരം പഴങ്ങള്‍ ആണ്. അതുകൊണ്ടാണ് ഫലാഹാരം ആരോഗ്യപ്രിയര്‍ക്കും ആത്മീയര്‍ക്കും ഒക്കെ പഥ്യമായത്. (ഫലാഹാരം പിന്നീട് പലഹാരം ആയി എന്നത് വേറെ വിഷയം)

പഴമെന്നല്ല, എന്ത് ആഹാരസാധനമാണെങ്കിലും വൃത്തിയായും വെടിപ്പായും കഴിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ മാരകരോഗങ്ങള്‍ തന്നെ ഉണ്ടാകാം എന്നതിനു ഒരു ഉദാഹരണമാണ് ഇത്.

പന്നികളില്‍ കണ്ടുവരാറുള്ള നാടവിരവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കൃമി (TAPE WORM) ആണ് TAENIA SOLIUM. മനുഷ്യരില്‍ ഈ കൃമി കടന്ന് തലച്ചോറില്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് NEUROCYSTICERCOSIS. ഈ കൃമികള്‍ തലച്ചോറില്‍ മുട്ടയിട്ടു പെരുകുന്ന ഒരു അവസ്ഥയാണിത്‌. പന്നിയിറച്ചിയും പന്നിയോടോപ്പം സഹവസിക്കുന്ന മറ്റു നാല്‍ക്കാലികളുടെ ഇറച്ചിയും മറ്റും കഴിക്കുക വഴിയാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ഈ രോഗം രോഗിയില്‍ തുടര്‍ച്ചയായ ചുഴലിദീനം | അപസ്മാരം | EPILEPSY, മസ്തിഷ്കാഘാതം | STROKE, തലവേദന, തലചുറ്റല്‍ | മോഹാലസ്യം | DIZZINESS, NEUROPSYCHIATRIC DYSFUNCTION, കൂടാതെ മറ്റു പല മാരക ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വൃത്തിശൂന്യമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കും ഈ രോഗം ഉണ്ടാകുന്നതായി കാണുന്നുണ്ട്.

വൃത്തിയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്ന, സര്‍ക്കാര്‍ ജോലി ചെയ്യുന്ന, പൂര്‍ണ്ണസസ്യാഹാരിയായ എന്‍റെ ഒരു സുഹൃത്തിന് ഈ രോഗം നിര്‍ണ്ണയിക്കപ്പെട്ടു. അതേക്കുറിച്ച് നാല്‍പ്പതു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഒരു ഭിഷഗ്വരനുമായി ചര്‍ച്ച ചെയ്യവേ, വേറെ ഏതു വഴിയില്‍ ഈ രോഗം വരാം എന്ന് ചികിത്സകന്‍ പറഞ്ഞപ്പോഴാണ് അത് ഞെട്ടല്‍ ഉണ്ടാക്കുന്നത്‌. മൃഗങ്ങളെയും വളര്‍ത്തുന്ന കൃഷിയിടങ്ങളില്‍ നിന്ന് കൊണ്ടുവന്നു വൃത്തിയാക്കാതെ കഴിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ ഇതിനു കാരണമാകാമത്രേ. ഇവിടെ ബാംഗ്ലൂരില്‍ സര്‍ക്കാര്‍ ആഫീസുകളുടെ പരിസരത്തു സര്‍വ്വസാധാരണമായി കിട്ടുന്ന, ഊണു കഴിഞ്ഞാല്‍ ഒട്ടു മിക്കവരും പോയി കഴിക്കുന്ന ഒരു വിഭവമാണ് പല ഫലങ്ങള്‍ മുറിച്ചിട്ടു അതില്‍ ഉപ്പും മസാലയും തേനും മറ്റും ചേര്‍ത്തു കൊടുക്കുന്ന “MIXED FRUIT CHAT”. എന്‍റെ സുഹൃത്തിന്‍റെയും ഒരു നിത്യാഹാരമാണ് ഈ സംഭവം. ഈ “FRUIT CHAT” ഉണ്ടാക്കുമ്പോള്‍ പഴങ്ങള്‍ കച്ചവടക്കാരന്‍ ഒരിക്കലും കഴുകാറില്ല, അത് ഒരു കാര്യം. ഉണ്ടാക്കുന്നവന്‍ സ്വന്തം കൈ പോലും കഴുകാറില്ല എന്നത് മറ്റൊരു കാര്യം. സുഹൃത്തിനു രോഗം വരാന്‍ കാരണം “FRUIT CHAT” ആണോ എന്ന് എനിക്ക് ഉറപ്പില്ല – പക്ഷെ ആള്‍ പുറത്തു നിന്നു കഴിക്കുന്ന ഒരേയൊരു ആഹാരം അതാണെന്ന് ആള്‍ സ്വയം അവകാശപ്പെടുന്നു.

കാരണം എന്തുമാകട്ടെ, തെരുവോരങ്ങളിലെ ഇത്തരം ആഹാരസാധനങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം. ആഹാരം എന്തുമാകട്ടെ ശുചിത്വമുള്ള സാഹചര്യത്തില്‍ മാത്രം കഴിക്കുന്നത്‌ നന്ന്. (കീടനാശിനികളൊക്കെ എത്ര ഭേദം?)

http://www.anthavasi.wordpress.com | http://www.arogyajeevanam.org

തെങ്ങിൻകള്ള് | TODDY

Image may contain: foodദാഹത്തിനും ക്ഷീണത്തിനും മാത്രമല്ല അനേകം രോഗാവസ്ഥകളിലും ഉപയോഗിക്കാവുന്ന ഒരു വിശേഷ പാനീയമായി ഇളനീരിനെ നാം വിശേഷിപ്പിക്കാറുണ്ട്. തേങ്ങാവെള്ളത്തിന്റെയും തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയുമൊക്കെ ഗുണഗണങ്ങളും മിക്കവാറും എല്ലാവർക്കും തന്നെ അറിയാം. പക്ഷേ തെങ്ങിൽ നിന്നെടുക്കുന്ന “കല്പ മധു ” എന്നറിയപ്പെടുന്ന ഇളം കള്ളിനെ പലരും അവഗണിക്കാറാണ് പതിവ് .

പഴയ തലമുറ കള്ളിനെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും കൂടാതെ രുചികരമായ പല ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും വേണ്ടി ഉപയോഗിച്ചിരുന്നു.
ഉദാഹരണത്തിന് അല്പം മൂത്ത കള്ളിനെ ചൂടുള്ള അടുപ്പിൽ ചുവട്ടിൽ സൂക്ഷിച്ചുവച്ചിരുന്ന് ശുദ്ധമായ തെങ്ങിൻ ചൊറുക്കയായി മാറ്റിയെടുക്കുമായിരുന്നു.
നേർത്ത കള്ളിൽ പച്ചരി ഇട്ട് വേവിച്ച് കരുപ്പെട്ടി അഥവാ തെങ്ങിൻ ചക്കര ചേർത്ത് കുറുക്കി പായസമായി ഉപയോഗിച്ചിരുന്നത് ഉരഃക്ഷതത്തിനും ക്ഷയരോഗത്തിനുമെതിരെയുള്ള മുൻകരുതലായിരുന്നു.
കള്ളുപയോഗിച്ച് എപ്പോഴുമുണ്ടാക്കാൻ എളുപ്പമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കള്ളപ്പവും വട്ടയപ്പവും.
മധുരക്കള്ള് വറ്റിച്ചെടുക്കുന്ന പാനി വളരെ വിശേഷപ്പെട്ട ഒരു മധുര ദ്രവ്യമാണ്.
മത്സ്യമാംസാദികൾ ഉൾപ്പെട്ട ഭക്ഷണത്തിനൊടുവിൽ പാനിയും പഴവും ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു.

വൈറ്റമിൻ ബി കൂടുതലായി അടങ്ങിയിരിക്കുന്ന മധുരക്കള്ള് കുറച്ച് മലർപ്പൊടിയും ചേർത്ത് ഒരൗൺസ് വീതം കുട്ടികൾക്ക് കൊടുക്കുന്നത് മറ്റേതൊരു വൈറ്റമിൻ സിറപ്പിനെക്കാളും നല്ലതാണ്.
ഇത് നല്ലൊരു ദഹനസഹായി കൂടിയാണ്.
അന്തിക്കു കിട്ടുന്ന ശുദ്ധമായ കള്ളിൽ കറുത്ത ഉണക്കമുന്തിരിയിട്ട് ഒരു രാത്രി വച്ചിരുന്ന് രാവിലെ കഴിക്കുന്നത് ധാതു വൃദ്ധിക്കും ശരീരപുഷ്ടിക്കും നിറം വർദ്ധിപ്പിക്കാനും സഹായകമാണ്.
ഇത്രയും പറഞ്ഞത് വീട്ടുവൈദ്യം മാത്രമാണ്.

ഇനി കള്ള് ഉപയോഗിച്ചുള്ള പ്രധാന ചികിത്സയിലേക്ക് കടക്കാം. ആക്സിഡന്റ് മൂലം നട്ടെല്ലുമുറിഞ്ഞ് തളർച്ച ബാധിച്ച കേസുകൾക്ക് ആധുനിക വൈദ്യ ചികിത്സ കുറേ നാൾ ചെയ്ത ശേഷവും മാറ്റം വരാത്ത അവസ്ഥയാണ് കാണുന്നത്.അപകടം സംഭവിച്ച് അധികനാളായില്ലെങ്കിൽ കള്ളിന്റെ മട്ടും മറ്റു മരുന്നുകളും ചേർത്തുള്ള ചികിത്സയിൽ ഫലം സിദ്ധിക്കാറുണ്ട് (അവലംബം:- സ്വാമി നിർമലാനന്ദഗിരി മഹരാജ്). ഹെമറേജ് കേസുകളിൽ ഇനി നടക്കാൻ സാധിക്കില്ല എന്ന് വിധിയെഴുതിയ പലരിലും ഇതേ ചികിത്സ ഔഷധസേവയോടൊപ്പം ചെയ്ത് അനുഭവഗുണം ലഭിച്ചിട്ടുണ്ട്. കൂടാതെ ക്ഷയരോഗം, പഴകിയ ചുമ, അർശ്ശസ് തുടങ്ങിയവയിലും ശുദ്ധമായ കല്പ മധുവും പച്ചമരുന്നുകളും ചേർത്തുള്ള ഔഷധ വിധികളുണ്ട്.

കള്ളുഷാപ്പിൽ നിന്നും കിട്ടുന്ന പലതരം മായങ്ങൾ ചേർത്ത വിഷദ്രാവകമായ കള്ളിനെപ്പറ്റിയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല കള്ള് ചെത്തിയെടുത്താൽ നാലോ അഞ്ചോ മണിക്കൂറുകൾക്കുശേഷം ബോധം മറയ്ക്കുന്ന ലഹരി പാനീയമായി മാറും എന്നുള്ള കാര്യവും ഓർത്തിരിക്കേണ്ടതാണ്.

നീഹാരം

ആരോഗ്യത്തിന് നിദാനമായ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആഹാരവും നീഹാരവും. പ്രപഞ്ചത്തിലെ സർവചരാചരങ്ങളുടെയും പ്രാണനാണ് ജലം. വെള്ളം, വെളിച്ചം, വായു, അന്തരീക്ഷം തുടങ്ങി  പ്രകൃതിയിൽ നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് ജീവജലം തന്നെയാണ്. ആകാശത്ത്  മേഘങ്ങളിൽ നിന്ന് വർഷിക്കപ്പെടുന്ന ജലം  അമൃതിന് സമമാണ്. അത് ത്രിദോഷ ശമനവും , രക്ത പ്രസാദത്തിന് ഉത്തമവും ആണെന്നാണ് ആചാര്യമതം. പക്ഷേ ദുഷിച്ചു കൊണ്ടിരിക്കുന്ന ദേശകാലങ്ങളുടെയും, മലിനമായ അന്തരീക്ഷത്തിന്റെയും സ്ഥിതിയെ ആശ്രയിച്ച് ഇത്  അപത്ഥ്യം ആവുകയും ചെയ്യും.  മഴവെള്ളത്തെ സംബന്ധിച്ചു മാത്രമല്ല ലവണങ്ങളാൽ സമ്പന്നമായിരുന്ന സമുദ്രജലത്തിന്റെയും ഒരുകാലത്ത് മന്ത്രങ്ങളുടെ  അലയൊലികൾ മുഴങ്ങി കേട്ടിരുന്ന പുണ്യ തീർഥങ്ങളിലെ ജലത്തിന്റെയും അവസ്ഥ ഇപ്പോൾ ഇതു തന്നെ.

ചുരുക്കി പറഞ്ഞാൽ പ്രാണന് ഓജസ്സും തേജസ്സും നൽകി ആരോഗ്യം നിലനിർത്തുന്ന ജലം തന്നെയാണ്  പ്രതികൂലസാഹചര്യങ്ങളിൽ രോഗകാരണമായി മാറുന്നതും .

ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം. ജലത്തിന് ഒരു പ്രത്യേകതയുള്ളത് അതിന് നിയതമായ ക്രിസ്റ്റലുകൾ ഇല്ല എന്നതാണ് . അത് കൈകാര്യം ചെയ്യുന്ന ആളിന്റെ മനസ്സിന് അനുസരിച്ചും രീതികളനുസരിച്ചും അതിന്റെ ക്രിസ്റ്റൽ സ്വഭാവത്തിൽ വ്യത്യാസം സംഭവിക്കുന്നു.  ജലത്തിന് സമീപമിരുന്ന് നാദം ഉതിർക്കുമ്പോഴും, ഒരു പുഷ്പം വീഴുമ്പോഴും ഒക്കെ അതിനനുസരിച്ച്  ക്രിസ്റ്റലുകൾക്ക് രൂപമാറ്റമുണ്ടാകുന്നു. അതുകൊണ്ടുതന്നെ ജലം കൈകാര്യം ചെയ്യുന്ന ആളിന്റെ  മനോവിചാരങ്ങളനുസരിച്ച് ഇതിന് ഉത്തമമോ അധമമമോ ആയ പരിണാമം സംഭവിക്കുന്നു.

ഭാരതീയ സംസ്കാരത്തിൽ ശുദ്ധീകരണ പ്രക്രിയയുടെ ആദി സ്രോതസ്സായി ജലത്തെ കണക്കാക്കിയിരിക്കുന്നതും ഈ സ്വഭാവം കൊണ്ടുതന്നെ.

ജപിച്ച് എടുക്കുമ്പോൾ ജലത്തിന് മാറ്റം സംഭവിക്കുന്നതു കൊണ്ടാണ്  ക്ഷേത്രങ്ങളിൽ നൽകിവരുന്ന ശംഖ  തീർത്ഥവും തുളസീ തീർത്ഥവും ഒക്കെ ഔഷധ പ്രഭാവം ഉള്ളതായി മാറുന്നത്. ഇവിടെയാണ്  ആയുർവേദ ഔഷധങ്ങളും മറ്റു പച്ചമരുന്നുകളും കൈകാര്യം ചെയ്യേണ്ടതിന്റെ സൂക്ഷ്മതയെ കുറിച്ച് ഒരാൾ ബോധവാനാകേണ്ടത്. ഔഷധങ്ങളുടെ ഫലസിദ്ധിയുടെ പൂർണത           അന്ധവിശ്വാസജഡിലമായി കരുതാവുന്ന എന്നാൽ തികച്ചും അനുഭവയോഗ്യമായ ഈ അറിവ് തന്നെയാണ്. ഇത്  രോഗികളും  വൈദ്യന്മാരും ഒരേപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.

കാടിയിലിരുത്തൽ

“കാടിയായാൽ മൂടി കുടിക്കണം” എന്നൊരു പഴമൊഴിയുണ്ട്…. വീട്ടിലെ കരിങ്കൽ പാത്രത്തിൽ അരി കഴുകിയ വെള്ളം ശേഖരിച്ച് വച്ചിരുന്ന് പിന്നീട് പുളിച്ചു വരുമ്പോൾ അതിൽ ചില മരുന്നുകൾ ചേർത്തും ചേർക്കാതെയും ശരീരത്തിന് അകത്തേക്കും പുറത്തേക്കും ഉപയോഗിച്ചിരുന്ന കാരണവൻമാരെ തല നരച്ചു തുടങ്ങിയ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും….

പിൽക്കാലത്ത് കാടി, കഞ്ഞി എന്ന വാക്കുകൾക്ക് “അയ്യോ.. ദാരിദ്ര്യം ” എന്ന പദം വിദ്യാഭ്യാസമുള്ള മണ്ടൻമാർ കൊടുത്തു തുടങ്ങിയപ്പോൾ വീട്ടിലെ കൽച്ചട്ടികളിൽ ആന്തൂറിയവും ഓർക്കിഡും വളർന്നു… ഇന്ന് രോഗാതുരതയുടെ പടുകുഴിയിലേക്ക് മാനവൻ വീഴുമ്പോൾ ഗൃഹാതുരതയുടെയും രുചിയുടെയും പര്യായങ്ങളായി കഞ്ഞിയും കരിക്കാടിയും നക്ഷത്ര ശോഭയോടെ വിളമ്പുന്നു. അതാണ് കാടിയുടെ തറവാടിത്തം.’

ഇവിടെ ആയുർവേദ വിഭാഗത്തിൽ വാത വ്യാധികൾക്ക് ആണ് പ്രധാനമായും കാടി അഥവാ ധാന്യാമ്ളം ഉപയോഗിച്ചു വരുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് അരി കഴുകിയ വെള്ളമാണ് ലഭിക്കുക . അതിൽ നിന്ന് മാറി വെപ്പുകാടിയുടെ ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. ശരിയായ വെപ്പുകാടി നിർമാണത്തിന് കുറഞ്ഞത് 8 ദിവസത്തെ സമയവും അതിനു വേണ്ട മറ്റു മരുന്നുകളും ആവശ്യമുണ്ട്.’വെപ്പുകാടി കൊണ്ട് അവഗാഹ സ്വേദമോ കാടി ധാരയോ ആവാം.. 80 തരം വാത വ്യാധികളിലും ഇത് ഫലപ്രദമാണ്.

കാടിയിലിരുത്തൽ :

കാടിവയ്ക്കാൻ, കാടിയിൽ ഇരുത്താൻ എല്ലാം മുഹൂർത്തമുണ്ട്..

“സുഖമേ പുളിച്ചിരിക്കുന്ന കാടി ഒരു പാത്രത്തിൽ വീഴ്ത്തി ക്ലേശിതനായിരിക്കുന്നവനെ എണ്ണയും നെയ്യുമായി കുളുർക്കെ തേച്ച് കാടിയിലിരുത്തുക. ശരീരമാകെ വിയർപ്പോളം പിന്നെ തളർച്ച വരും മുന്നെ കരേറി കൊൾക.. ദ്രവസ്വേദ മിത്.. എത്ര ദിവസം വേണ്ടൂവെന്നാൽ ശൂല, സ്തംഭം ഇവശമിച്ച് ശരീരത്തിന്റെ മൃദുത്വം ഉണ്ടാകുവോളം വേണം”

ചികിത്സാ കൗതുകം

അനുഭവവേദ്യവും  താരതമ്യേന ചിലവ് കുറഞ്ഞതുമായ ഈ ചികിത്സാ രീതിയിലൂടെ പക്ഷാഘാതം, തുടങ്ങി അതിസങ്കീർണ വ്യാധികളിൽ വരെ നല്ല ഫലം സിദ്ധിച്ചിട്ടുണ്ട്…  നീരും വേദനയും നിറഞ്ഞ സന്ധിഗത രോഗങ്ങളിലും കാടി ചികിത്സ ഫലപ്രദമായി ചെയ്തുവരുന്നു.

ത്വക് രോഗങ്ങളിലും വിവിധ അവസ്ഥകളിൽ അകത്തേക്കും പുറമേക്കും കാടി ഉപയോഗിച്ചു വരാറുണ്ട്.

ഡോ. ശ്രീജിത്ത് സുരേന്ദ്രൻ
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി
തൃപ്പൂണിത്തുറ..
Ph: 9188849691

402 ¦ അര്‍ശസ് ¦ പൈല്‍സ് ¦ HEMORRHOIDS

402 ¦ അര്‍ശസ് ¦ പൈല്‍സ് ¦ HEMORRHOIDS
402 ¦ അര്‍ശസ് ¦ പൈല്‍സ് ¦ HEMORRHOIDS

🍀അര്‍ശസ് കൊണ്ട് വലയുന്നവര്‍ക്ക് ആശ്വാസത്തിന് ചേന🍀

വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് അര്‍ശസ് അഥവാ പൈല്‍സ്. അര്‍ശസ് രോഗികളുടെ പ്രധാനശത്രു മലബന്ധം ആണ്. പലപ്പോഴും കഴിക്കുന്ന ആഹാരം തന്നെയാണ് മലബന്ധം ഉണ്ടാക്കുന്നത്‌. മലബന്ധം ഉണ്ടാകാതെ സൂക്ഷിച്ചാല്‍ പൈല്‍സ് മൂലം ഉണ്ടാകുന്ന വേദനയും യാതനയും ഒരു പരിധി വരെ ഒഴിവാക്കാം.

വറുത്തതും പൊരിച്ചതും കരിച്ചതുമായ ആഹാരസാധനങ്ങള്‍, മാംസാഹാരം, മൈദാ കൊണ്ടുള്ള ആഹാരസാധനങ്ങള്‍, തവിടു കളഞ്ഞ അരിയുടെ ചോറ് ഒക്കെ ഒഴിവാക്കുന്നത് ഗുണം ചെയ്യും.
നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍, നാരുകള്‍ അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത്‌ നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനം.

വാങ്ങാന്‍ കിട്ടുന്ന ഔഷധങ്ങളില്‍ ശിഖരിഗുളം അതീവഫലപ്രദമാണ്. ഒപ്പം ഇനിപ്പറയുന്ന ഒരു നാടന്‍ പ്രയോഗവും.

ചേന ഉപ്പും മഞ്ഞളും ഇട്ടു നന്നായി വേവിച്ച്, മോര് ചേര്‍ത്ത് നന്നായി മിശ്രണം ചെയ്തു ശീതീകരിച്ച് ദിവസം പല തവണയായി കഴിക്കുന്നത് അതീവഫലദായകമായ ഒരു പ്രയോഗമാണ്.

കടപ്പാട് : ഡോ. കെ.സി. ബല്‍റാം ബാംഗ്ലൂര്‍

NB : വളരെയധികം നാടന്‍ ഔഷധപ്രയോഗങ്ങള്‍ ഉണ്ട് അര്‍ശസിനെ നിയന്ത്രിച്ചു നിര്‍ത്താന്‍. സ്വാമിജി മഹാരാജിന്‍റെ ആരോഗ്യജീവനം ബ്ലോഗില്‍ കുറെയധികം ഔഷധപ്രയോഗങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട് : https://urmponline.wordpress.com/tag/piles/