വയറ്റില്‍ അസിഡിറ്റി,പുളിച്ചു തികട്ടല്‍, നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ ഉണ്ടായാല്‍, ലോകത്തുള്ള മരുന്നുകള്‍ എല്ലാം കഴിക്കാന്‍ തുടങ്ങും മുമ്പ്, അത് ആയുര്‍വേദമാകട്ടെ, അലോപ്പതിയാകട്ടെ, ഈ ഗൃഹവൈദ്യം ഒന്നു പരീക്ഷിച്ചു നോക്കുക.
ചെറുനാരങ്ങാനീര് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ Acid Reflux എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ വലിയൊരു ശതമാനം ആളുകള്‍ക്കും സാധിക്കും.
ഒരു ടീസ്പൂണ്‍ (അഞ്ചു മില്ലി) ചെറുനാരങ്ങാനീര് 225 മില്ലി ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് വെറും വയറ്റിലോ ആഹാരത്തിന് അര മണിക്കൂര്‍ മുമ്പോ മുടങ്ങാതെ കുറച്ചു ദിവസം കഴിച്ചാല്‍ അസിഡിറ്റി, പുളിച്ചു തികട്ടല്‍, നെഞ്ചെരിച്ചില്‍ ഒക്കെ ശമിക്കും. ശ്രദ്ധിക്കേണ്ട കാര്യം, നേര്‍പ്പിക്കാതെ ഒരിക്കലും ചെറുനാരങ്ങാനീര് കഴിക്കരുത്. നേര്‍പ്പിക്കാതെ ചെറുനാരങ്ങാനീര് കഴിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ചെറുനാരങ്ങയ്ക്കൊപ്പമോ ഒറ്റയ്ക്കോ ഗണപതിനാരങ്ങ (മാതളനാരങ്ങ) യുടെ നീരും ഉപയോഗിക്കാം. ഗണപതിനാരങ്ങ വിശപ്പില്ലായ്മ, വായുകോപം, വിശപ്പില്ലായ്മ, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയ പല പ്രശ്നങ്ങളിലും വളരെയധികം ഫലപ്രദമാണ്. ഗണപതിനാരങ്ങയുടെ നീര്, ചെറുനാരങ്ങയുടെ നീര്, ഇഞ്ചിനീര് ഇവ ഇന്തുപ്പും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം ശമിക്കും.
ചെറുനാരങ്ങയും ഗണപതിനാരങ്ങയും ഒക്കെ സംഘടിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളവര്‍ക്ക് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാതുളംഗരസായനം എന്ന ഔഷധം കഴിച്ചു നോക്കാം. ഗണപതിനാരങ്ങ, ചെറുനാരങ്ങ ഒക്കെത്തന്നെയാണ് ഔഷധത്തിലെ പ്രധാനചേരുവകള്‍. കഷ്ടപ്പെടാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് സോഡിയം ബെന്‍സോയേറ്റ് ഉണ്ടെങ്കില്‍ സഹിക്കേണ്ടി വരും. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഛര്‍ദ്ദിയ്ക്കും ഔഷധം അതീവഫലപ്രദമാണ്.
ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.
നെല്ലിമരത്തിന്റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.
നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
13 | ഔഷധസസ്യങ്ങള്‍ | നെല്ലി
പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.
നെല്ലിക്കയുടെ നീര്, ചിറ്റമൃതിന് നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.
നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.
പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.
നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.
നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.
നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.
നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.
നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)
നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.
നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.
നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.
ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.
ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.
നെല്ലിക്കയും കൂവളത്തിന്റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.
നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.
നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.
നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ് Share ചെയ്യുന്നത് നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര് ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.
പ്രമേഹം ഉള്ളവര്‍ പഞ്ചസാര ഒഴിവാക്കുക.
Diabetes patients may avoid Sugar
Acidity | Ulser | Ulcerative colitis
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj