പനിക്കൂര്‍ക്ക – അമ്മമാരുടെ വൈദ്യവിജ്ഞാനത്തിലെ ഒരു പ്രധാന ഔഷധി .
കുറച്ചു കാലം മുമ്പുവരെ നാട്ടുമ്പുറങ്ങളിലെ പറമ്പുകളിൽ പ്രായേണ സുലഭമായി കാണപ്പെട്ടിരുന്ന പനിക്കൂർക്ക ഇന്ന് ചെടിച്ചട്ടികളിലെ കാഴ്ചവസ്തുവായി ഒതുങ്ങിപ്പോയ അവസ്ഥയിലാണ്. ഒട്ടുവളരെ ആമയങ്ങൾക്ക് പനിക്കൂർക്ക കൊണ്ടുള്ള അമ്മമാരുടെ കൈകണ്ട പ്രയോഗങ്ങൾ അനവധിയാണ്.
പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് അവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.
കുഞ്ഞുങ്ങൾക്ക് വയറ്റിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്കയില നീര് പഞ്ചസാരയും ചേർത്ത് ദിവസം മൂന്നു നാലു തവണ കൊടുത്താൽ മതി. വയറ്റിലെ അസുഖങ്ങൾ പൊതുവേ ശമിക്കും.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് നെറുകയിൽ വെയ്ക്കുന്നത് കുഞ്ഞുങ്ങളിലെ മൂക്കടപ്പും ജലദോഷവും മാറാൻ സഹായകമാണ്.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ പത്തു തുള്ളി വീതം മൂന്നു നേരം കൊടുക്കുകയും നീരിൽ തുണി നനച്ച്നെറ്റിയിൽ ഇടുകയും ചെയ്താൽ കുഞ്ഞുങ്ങളിലെ ജലദോഷവും മൂക്കടപ്പും ശമിക്കും.
മുലകുടിക്കുന്ന ശിശുക്കൾക്ക് ജലദോഷം ഉണ്ടാവാതെ സൂക്ഷിക്കാം. പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മാതാവ് കഴിച്ചാൽ മതി.
കുഞ്ഞുങ്ങൾക്ക് നീർവീഴ്ച ഉണ്ടായാൽ പനിക്കൂർക്കയില ചുട്ട് ചാമ്പലാക്കി ആ ചാമ്പൽ കുഞ്ഞിന്റെ ഉച്ചിയിൽ തിരുമ്മുന്ന ഒരു പ്രയോഗമുണ്ട്.
വായ്പ്പുണ്ണിൽ പനിക്കൂർക്കയില ചതച്ചു പിഴിഞ്ഞെടുത്ത നീര് അത്യന്തം ഫലപ്രദമാണ്. പനിക്കൂർക്കയില നീരിൽ തേൻ ചേർത്ത് പല തവണ കവിൾക്കൊണ്ടാൽ മതി.
ഉദരകൃമികള്‍ ശമിക്കാന്‍ : പനിക്കൂര്‍ക്കയില അരച്ചത് 10 ഗ്രാം, രാത്രി ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം, ചൂടുവെള്ളത്തില്‍ ത്രിഫല കലക്കി കുടിച്ചാല്‍ പിറ്റേന്ന് വയറിളകും, ഉദരകൃമികള്‍ പുറത്തു പോകും.
പഴുത്ത കൂവളക്കായയുടെ മജ്ജ ഒരു നേരം വീതം ഒരാഴ്ച മുടങ്ങാതെ സേവിച്ചാൽ ഉദരകൃമികൾ നശിക്കും.
മാതളപ്പട്ട ചതച്ചു കഷായം വെച്ച് അര ഔൺസ് വീതം ദിവസം രണ്ടു നേരം സേവിച്ചാൽ വിരശല്യം ശമിക്കും.
ഉദരകൃമി ശമിക്കാൻ മറ്റൊരു ഫലപ്രദമായ പ്രയോഗം : പച്ചപ്പപ്പായ തൊലിയും കുരുവും കളഞ്ഞ് കഴിക്കുക.1
തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത ചാറിൽ അല്പം പാൽക്കായം ചേർത്ത് രണ്ടോ മൂന്നോ നേരം കൊടുത്താൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിരകോപം ശമിക്കും.
വേപ്പില ചതച്ച് പിഴിഞ്ഞെടുത്ത നീരിൽ ഉപ്പ് ചേർത്ത് സേവിച്ചാൽ കൃമിശല്യം ശമിക്കും.
കുട്ടികൾക്ക് കൊക്കോപ്പുഴു ബാധിച്ചാൽ എത്ര നല്ല ആഹാരം കഴിച്ചാലും ശരീരം നന്നാവില്ല. ഈ അവസ്ഥയിൽ, മുരിങ്ങയില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് നീരിൽ ഒരു ടീസ്പൂൺ തേൻ ചേരത്ത് മൂന്നു നാലു ദിവസം സേവിപ്പിച്ചാൽ കൊക്കോപ്പുഴുവിന്റെ ഉപദ്രവം ശമിക്കും.
ഭാരതത്തിലുടനീളം സമൃദ്ധമായി കാണപ്പെടുന്ന ഔഷധിയാണ് ആവണക്ക്. വെളുത്ത ആവണക്ക് ആണ് ഇനി പറയുന്ന ഔഷധങ്ങളില്‍ എല്ലാം ഉപയോഗിക്കേണ്ടത്.
.
🌿നീണ്ടുനില്‍ക്കുന്ന വയറുവേദനയും അനുബന്ധ അസ്വസ്ഥതകളും അലട്ടുമ്പോള്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണയില്‍ കുറച്ച് ഉപ്പും (ഇന്തുപ്പ് ഉത്തമം) കുറച്ചു നാരങ്ങാ നീരും ചേര്‍ത്തു സേവിച്ച്, അല്‍പ്പസമയം കഴിഞ്ഞ് കുറച്ച് ചൂടുവെള്ളം കുടിച്ചാല്‍ വയറുവേദനയും അസ്വസ്ഥതകളും ശമിക്കും.
.
🌿മലബന്ധം അലട്ടുന്നുവെങ്കില്‍ രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് പശുവില്‍ പാലില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത്, വേണമെങ്കില്‍ മാത്രം മധുരം ചേര്‍ത്ത് കുറച്ചു നാള് കഴിച്ചാല്‍ സാമാന്യേന മലബന്ധത്തില്‍ നിന്ന് മുക്തി ഉറപ്പാണ്.
.
🌿മലബന്ധം മാറുന്നില്ല എങ്കില്‍ ഉണക്കമുന്തിരി കുരു കളഞ്ഞെടുത്തത് മുപ്പത് എണ്ണം പാലില്‍ വേവിച്ച്, പിഴിഞ്ഞ്, അരിച്ച് എടുത്ത് അതില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് കുറച്ചു നാള് കഴിച്ചാല്‍ മലബന്ധം തീര്‍ച്ചയായും ശമിക്കും.
.
🌿വയറ്റില്‍ കൃമിശല്യം ഉണ്ടാകുമ്പോള്‍, മുടങ്ങാതെ കുറച്ചു നാള്, പ്രഭാതത്തില്‍, വെറും വയറ്റില്‍ അല്‍പ്പം ശര്‍ക്കര കഴിച്ച്, പതിനഞ്ചു മിനിട്ട് കഴിഞ്ഞ് ആവണക്കിലയുടെ സ്വരസം കഴിച്ചാല്‍ കൃമിശല്യം ശമിക്കും. കൃമിശല്യം ഉള്ളവര്‍ മധുരം വര്‍ജ്ജിക്കണം.
.
🌿കൊച്ചുകുട്ടികളില്‍ കൃമിബാധ ഉണ്ടാകുമ്പോള്‍ ചെറിയ കൃമികള്‍ മലദ്വാരത്തിലേക്ക് ഇറങ്ങി വരികയും വല്ലാത്ത ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് അസഹനീയമായ അസ്വസ്ഥത ഇത് ഉണ്ടാക്കുന്ന ഈ അവസ്ഥയില്‍ ആവണക്കിലയുടെ സ്വരസം മലദ്വാരപ്രദേശത്ത് ദിവസം മൂന്നോ നാലോ തവണ പുരട്ടിയാല്‍ അസ്വസ്ഥത ശമിക്കും.
.
🌿ആളുകളെ ഏറെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് അപ്പെന്‍ഡിസൈറ്റിസ്. മൂര്‍ദ്ധന്യാവസ്ഥയില്‍ ശസ്ത്രക്രിയയാണ് വേണ്ടത്. എങ്കിലും രോഗത്തിന്റെ പ്രാരംഭാവസ്ഥയില്‍ മുടങ്ങാതെ ദിവസവും പശുവിന് പാലില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ ആശ്വാസം കിട്ടും. വേദന കുറയും. വീക്കവും കുറയും.
ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം.
എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്:
ത്വക്രോഗങ്ങള്, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.
എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.
എരിക്കിന്റെ വേരിന്മേല്ത്തൊലി ഇട്ടു കാച്ചിയ എണ്ണ പുരട്ടിയാല്‍ വാതം കൊണ്ടു തളര്‍ന്ന ഭാഗങ്ങള്‍ക്ക് തളര്‍ച്ച മാറി ഉന്മേഷം ലഭിക്കും.
എരിക്കിന്റെ കറ തേന്‍ ചേര്‍ത്തു പുരട്ടിയാല്‍ വായ്പ്പുണ്ണ് ശമിക്കും.
എരിക്കിന്‍വേര് കഷായം വെച്ച് ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ, നാവുകുഴയല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.
സര്‍പ്പദംശനം ഏറ്റ ഉടനെ മൂന്നോ നാലോ എരിക്കില ചവച്ച് ഇറക്കുകയും പച്ചവേര് ചതച്ച് കടിവായില് വെച്ചുകെട്ടുകയും ചെയ്യുന്നത് വിഷവ്യാപ്തി തടയും. രക്ഷപ്പെടാന്‍ സാധ്യത കൂടും.
വെള്ളെരിക്കിന്റെ ഉണങ്ങിയ പൂവ് കുരുമുളക്, ചുക്ക്, ഇന്തുപ്പ് ഇവയോടൊപ്പം വെറ്റിലയിൽ ചവച്ച് ഇറക്കിയാൽ ശ്വാസകാസങ്ങൾ മാറും. കഫക്കെട്ട് ശമിക്കും.
എരിക്കിന്റെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന പുഴുക്കടി | തഴുതണം ശമിക്കും.
എരിക്കിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു മൂന്നും സമം ചേർത്തരച്ച് രണ്ട് ഗ്രാം വീതം ഗുളിക ഉരുട്ടി കഴിക്കുന്നത് വാതരോഗം, സന്ധിഗത വാതം, ആമവാതം എന്നിവയെ ശമിപ്പിക്കും.
ചൊറി, ചിരങ്ങ്, മറ്റു ത്വക്-രോഗങ്ങൾ ഇവ ശല്യപ്പെടുത്തുമ്പോൾ, എരിക്കില ചെറുതായി അരിഞ്ഞെടുത്ത്, അതിൽ വരട്ടുതേങ്ങാപ്പീര ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞ് എടുത്ത നീരിൽ അല്പം ഗന്ധകം പൊടിച്ചിട്ട് ലേപനം ചെയ്യുന്നത് നല്ലതാണ്. ത്വക് – രോഗങ്ങൾ ശമിക്കും.
വെള്ള എരിക്കിൻ വേര് അരി കഴുകിയ കാടിയിൽ അരച്ചു ലേപനം ചെയ്താൽ മന്തുരോഗം ശമിക്കും.
വെള്ള എരിക്കിൻ തൊലി ചതച്ച് ഉരുട്ടി, കടുക് അരച്ചു പൊതിഞ്ഞ്, ചെളിമണ്ണു കൊണ്ടു പൊതിഞ്ഞ്, കനലിൽ ചുട്ട്, തണുപ്പിച്ച്, മണ്ണ് അടർത്തിക്കളഞ്ഞ് എടുത്തു കടുകെണ്ണയിൽ ചാലിച്ചു ലേപനം ചെയ്താൽ വിചർച്ചിക | എക്സിമ | ECZEMA ശമിക്കും.
എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും. കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന് പൂവില്‍ വിഷാംശം ഉണ്ട് എന്ന് മറക്കരുത്.
എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും. വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.
എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.
ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.
വെള്ള എരിക്കിന്റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും. വെള്ള എരിക്കിന്റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്. എരിക്കിന്റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.
ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.
ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
അരിമ്പാറ മാറാന്‍ : എരിക്കിന്റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്പാല് അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.
എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച്, പുകയേല്പ്പിച്ചാല്, പുറത്തേക്കു തള്ളി നില്ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും, അസ്വസ്ഥത കുറയും, പൈല്‍സിന്റെ വലുപ്പം കുറയും.
സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന മീശ മാറാന്‍ എരിക്കിന്റെ പാല് (ഇല അടര്‍ത്തുമ്പോള്‍ ഊറിവരുന്ന കറ) ബാധിച്ച ഭാഗത്ത് പുരട്ടിയാല്‍ മതി.
എരിക്ക് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അങ്ങനെ വിഷബാധ ഉണ്ടായാല്‍ നീലയമരിയുടെ സ്വരസം 10 മില്ലി വീതം രണ്ടു നേരം ദിവസവും കഴിക്കാം. പുളിയിലയുടെ സ്വരസം 15 മില്ലി അത്രയും തന്നെ വെള്ളത്തില്‍ രണ്ട് പ്രാവശ്യം ദിവസവും കഴിക്കുന്നതും നന്ന്.
എരിക്കിന്റെ ഔഷധപ്രയോഗങ്ങള്‍ ഇനിയും അസംഖ്യം ഉണ്ട്. അത് തുടര്‍ന്നുള്ള ലേഖനങ്ങളില്‍.
ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.
നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്ക്കിടകവാവിന് നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്. പഴയ തലമുറയിലെ മലയാളിയ്ക്ക് തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.
തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..
തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
തുമ്പപ്പൂവ് ഒരുപിടി ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
തുമ്പപ്പൂവ് അഞ്ചു ഗ്രാം, ഒരു ഗ്രാം കാവിമണ്ണ് (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമല | മഞ്ഞപ്പിത്തം മാറും.
തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.
വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ചു കടിവായില് പുരട്ടുന്നത് നല്ലതാണ്. തേള്, പാമ്പുകള്‍ എന്നിവ കടിച്ചാല്‍ തുമ്പ ഉപയോഗിച്ചിരുന്നു.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര് പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര് പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം @anthavasi
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ് കൂവളത്തിന്റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്.
പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു ഫലമായാണ് കൂവളത്തിന്റെ കായ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ എവിടെയൊക്കെ കൂവളമുണ്ടോ അവിടെയൊക്കെ തറയില്‍ കായകള്‍ ചിതറിക്കിടക്കുന്നത് കാണാം. ആരും പൊതുവേ പ്രത്യേകിച്ച് ഒരു വിലയും കല്‍പ്പിക്കാത്ത ഈ കായ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്.
കൂവളത്തിന്റെ കായ പച്ചയോ, പഴുത്തതോ സംഘടിപ്പിച്ച് പൊട്ടിച്ച് അതിന്റെ ഉള്ളിലെ കാമ്പ് (കഴമ്പ്) എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു വെച്ച് കഴിച്ചാല്‍ പനികള്‍ മാറും, ഉദരസംബന്ധമായ ഒട്ടുമിക്ക അസുഖങ്ങളും പോകും, ഉദരരോഗങ്ങളോടൊപ്പം വരുന്ന പനിയും മാറും, വേറെ പ്രത്യേകിച്ച് ഒരു മരുന്നും വേണ്ട. കൂവളത്തിന്റെ കായ പൊട്ടിക്കുമ്പോള്‍ കാറ്റടിയേല്‍ക്കാതെ സൂക്ഷിക്കണം. കാറ്റു കൊണ്ടാല്‍ ഉള്ളിലെ മജ്ജയുടെ നിറം പെട്ടന്നു കറുപ്പാകും. കറുപ്പുനിറം വന്നാല്‍ കയ്പ്പു കൂടും. പിന്നെ കഴിക്കാന്‍ പറ്റില്ല. വീട്ടില്‍ ഒരു ഗ്രെയിന്‍ സ്പൂണ്‍ വാങ്ങി വെയ്ക്കുക. പനി വരുമ്പോള്‍ ഒരഞ്ചു ഗ്രെയിന്‍ പൊടി കൊടുക്കുക. പനി പോകും. എല്ലാ ഉദരസംബന്ധമായ രോഗങ്ങളും പോകും.
ഇന്ന് നാം ഗ്യാസ്ട്രോയുടെ ആളുകളെ കാണുന്ന ഏതാണ്ട് 80% രോഗങ്ങളും കൂവളത്തിന്റെ കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടുമിക്ക രോഗങ്ങളും കൂവളത്തിന്റെ കായയുടെ മജ്ജ കൊണ്ടു പോകും. മേല്‍പ്പറഞ്ഞ പൊടി കഷ്ടിച്ച് ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിക്കാം. വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയിലെല്ലാം അതീവഫലപ്രദമാണ് ഈ ഔഷധം. കൂവളത്തിന്റെ കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് അപ്പാടെ കഴിച്ചാലും മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങളും ശമിക്കും.
ഒരു ആഹാരമായി ദിവസം 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ പഴുത്ത മജ്ജ മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കൊക്കപ്പുഴു പോലെയുള്ള സകല ഉദരകൃമികളും ചത്ത് മലത്തോടോപ്പം പുറത്തു പോകും. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കേണ്ട ആവശ്യമില്ല.
കൂവളത്തിന്റെ പച്ചക്കായയുടെ മജ്ജ ദിവസേന കഴിച്ചാല്‍ രക്താര്‍ശസ് (ചോര പോകുന്ന പൈല്‍സ്) പൂര്‍ണ്ണ നിയന്ത്രണത്തിലാകും.
പഴയ ആളുകള്‍ പഴുത്ത കൂവളക്കായയുടെ മജ്ജ മോരിലടിച്ചു കുടിക്കുമായിരുന്നു. മോരിലടിച്ച് ആ മോര് കാച്ചി കറിയാക്കി കഴിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഉദരരോഗങ്ങളെല്ലാം മാറുകയും ചെയ്യുമായിരുന്നു. വടക്കേയിന്ത്യക്കാര് ഇന്നും പഴുത്ത കൂവളക്കായയുടെ മജ്ജ ലസ്സി ഉണ്ടാക്കി കഴിക്കാറുണ്ട്. കൂവളക്കായയുടെ പഴുത്ത മജ്ജ കൊണ്ട് “മുറബ്ബ” ഉണ്ടാക്കി കഴിക്കാറുമുണ്ട്. മുറബ്ബ ഒരു മധുരവിഭവമാണ്. ഇതെല്ലാം ഉദരരോഗങ്ങളില്‍ നിന്ന് അനായാസമുക്തി തരുന്നവയാണ്.
ഇനി എവിടെയെങ്കിലും കൂവളത്തിന്റെ കായ കണ്ടാല്‍ കളയാതെ എടുത്തുവെച്ച് മജ്ജ ചൂര്‍ണ്ണമാക്കി സൂക്ഷിക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. സാദ്ധ്യമെങ്കില്‍ ഈ ദിവ്യവൃക്ഷം സ്വന്തം വീട്ടിലും, പൊതുസ്ഥലങ്ങളിലും വെച്ചുപിടിപ്പിക്കുക. വരുംതലമുറകള്‍ക്ക് ആരോഗ്യമുണ്ടാകും.
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.
തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.
മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.
മുയല്‍ച്ചെവിയന്‍ നീര് കാലിന്റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.
മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
മുയല്‍ച്ചെവിയന്റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.
സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.
മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.
പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.
മുയല്‍ച്ചെവിയനന്റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും.
മുയല്‍ച്ചെവിയനന്റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.
മഞ്ഞളും ഇരട്ടിമധുരവും കല്ക്കമാക്കി, മുയല്‍ച്ചെവിയന്റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും.
കുട്ടികളില്‍ സര്‍വ്വസാധാരണമായി ഉണ്ടാകുന്ന ഒരു രോഗമാണ് കൃമിശല്യം.
രാത്രികാലങ്ങളില്‍ മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് കൃമിബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോള്‍ വ്രണങ്ങളുണ്ടാകുന്നു. കൃമിബാധയുടെ കാഠിന്യം അനുസരിച്ച് അസ്വസ്ഥതകള്‍ കൂടുന്നു. ശുചിത്വമില്ലായ്മയാണ് കൃമിശല്യത്തിന്റെ പ്രധാനകാരണം.
കുട്ടികളിലെ കൃമിശല്യം മാറാന്‍ അനേകം ഗൃഹവൈദ്യമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃമിശല്യം ഉള്ളപ്പോള്‍ തൈര്, പാല്, ശര്‍ക്കര എന്നിവ ഒഴിവാക്കണം.