
സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് സംസ്കൃതഭാഷയില്‍ വിവക്ഷിക്കുന്ന സസ്യമാണ് ആര്യവേപ്പ്. ഇത് കൂടാതെ മഹാനിംബ, കൃഷ്ണനിംബ എന്ന് വേറെ രണ്ടു തരം വേപ്പുകളെക്കുറിച്ച് അഭിധാനമജ്ഞരി പ്രതിപാദിക്കുന്നുണ്ട്. മലയാളത്തില്‍ യഥാക്രമം ഇവ മലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു.
വേപ്പിന്റെ ഗുണങ്ങളെക്കുറിച്ച് “ഗുണപാഠം” ഇപ്രകാരം പറയുന്നു:
“വേപ്പിന്റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത്
കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം
അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം
ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം
വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം”
വേപ്പിന്റെ പൊതുവെയുള്ള ഗുണാഗുണങ്ങളെക്കുറിച്ച് ഭാവപ്രകാശം പറയുന്നതിങ്ങനെ:
“നിംബ: ശീതോ ലഘു: ഗ്രാഹീ കടുപാക: അഗ്നി വാതനുത്
അഹൃദ്യ: ശ്രമ തൃട് കാസ ജ്വര അരുചി കൃമിപ്രണുത്
വ്രണ പിത്ത കഫ ച്ഛര്‍ദ്ദി കുഷ്ഠ ഹൃല്ലാസ മേഹ നുത്”
ശീതം ¦ ശരീരത്തെ തണുപ്പിക്കുന്നത്
ലഘു ¦ വളരെ പെട്ടന്ന് ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നത്
ഗ്രാഹി ¦ ഈര്‍പ്പം വലിച്ചെടുത്ത് ഉണക്കുന്നത്
അഹൃദ്യം ¦ ഹൃദയത്തിന് അത്ര നല്ലതല്ലാത്തത്
ശ്രമഹരം ¦ ക്ഷീണം അകറ്റുന്നത്
തൃട്ഹരം ¦ ദാഹം അകറ്റുന്നത്
കാസഹരം ¦ ചുമ ശമിപ്പിക്കുന്നത്
ജ്വരഹരം ¦ ജ്വരത്തില്‍ ഉപയോഗ്യം
അരുചിഹരം ¦ അരുചി – Anorexia – ശമിപ്പിക്കുന്നത്
കൃമിഹരം ¦ വിരകള്‍, കൃമികള്‍ ഇവയെ ശമിപ്പിക്കുന്നത്
വ്രണഹരം | മുറിവുകളെ ഉണക്കുന്നത്
പിത്ത കഫഹരം ¦ പിത്ത കഫങ്ങളെ സമീകരിക്കുന്നത്
ചര്‍ദ്ദി ഹൃല്ലാസ ഹരം ¦ ചര്‍ദ്ദിയും മനംപുരട്ടലും ശമിപ്പിക്കുന്നത്
കുഷ്ഠഹരം ¦ ത്വക്-രോഗങ്ങളില്‍ ഉപയോഗ്യം
മേഹനുതം ¦ പ്രമേഹത്തിലും മൂത്രാശയരോഗങ്ങളിലും ഉപയോഗ്യം
[രസാദിഗുണങ്ങള്‍]
രസം : തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
[കൂടുതല്‍ ആധികാരികമായ പരാമര്‍ശങ്ങള്‍ : https://urmponline.wordpress.com/2017/02/09/ref-azadirachta-indica/ ]
കേട്ടും വായിച്ചും അറിഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍:
[തണ്ട്]
1] വേപ്പിന്റെ തണ്ട് പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പതിവ് ഇന്ത്യയില്‍ പല ഭാഗത്തും ഉണ്ടായിരുന്നു. വായ്നാറ്റം അകറ്റാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഇത്. വ്യാവസായികമായി വിപണനം ചെയ്യപ്പെടുന്ന പല ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി ഉത്പന്നങ്ങളില്‍ വേപ്പ് ഒരു പ്രധാനഘടകമാണ്.
[ഇല]
വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് “ഭാവപ്രകാശം” ഇങ്ങനെ പറയുന്നു:
“നിംബപത്രം സ്മൃതം നേത്ര്യം കൃമിപിത്തവിഷപ്രണുത്
വാതളം കടുപാകം ച സര്വ്വാരോചകകുഷ്ഠനുത്”
വേപ്പില കണ്ണുകള്‍ക്ക് നന്ന്, അണുബാധ ഒഴിയാന്‍ സഹായിക്കുന്നു. കൃമികളെയും അദൃശ്യങ്ങങ്ങളായ അണുകങ്ങളെയും നശിപ്പിക്കുന്നു. പിത്തത്തെ സമീകരിക്കുന്നു. പ്രകൃത്യാ വിഷത്തെ നിര്‍വ്വീര്യമാക്കുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുന്നു. ത്വക്-രോഗങ്ങളെയും വിശപ്പില്ലായ്മയെയും ശമിപ്പിക്കുന്നു.
വേപ്പിന്റെ ഇലകള്‍ അന്തരീക്ഷമലിനീകരണത്തെ തടയുന്നു.
2] ഏഴ് ആര്യവേപ്പിലയോടൊപ്പം, ഏഴ് കൊത്തമല്ലിയും ഒരു ചെറിയ കഷണം പച്ചമഞ്ഞളും അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്.
3] വേപ്പിലനീര് കഴിച്ചാല്‍ കാമില (മഞ്ഞപ്പിത്തം) ശമിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, സി – മൂന്നിലും വേപ്പിലയുടെ സ്വരസം ഗുണം ചെയ്യും.
4] വേപ്പിലനീര് അരച്ചു നിത്യം സേവിക്കുന്ന പതിവ് വനവാസികളായ താപസരുടെ ഇടയില്‍ ഉണ്ടായിരുന്നു. “നിംബകല്പ്പം” സേവിക്കുന്നതു വഴി തേളിന്റെയും പാമ്പിന്റെയും വിഷം ബാധിക്കില്ല.
5] വിഷജന്തുക്കലുടെ ദംശനം ഏറ്റാല്‍ വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു കടിവായില് പുരട്ടിയാല്‍ വിഷം ശമിക്കും. ഈ ലേപം ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്-രോഗങ്ങളിലും ഫലപ്രദമാണ്.
6] ആര്യവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തിലുരുട്ടി വെറും വയറ്റില്‍ കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള മിക്ക ത്വക്-രോഗങ്ങള്‍ക്കും ശമനമേകും.
7] തീപ്പൊള്ളല്‍ ഏറ്റാല്‍ വേപ്പില നന്നായി അരച്ചു പുരട്ടുന്നത് ശമനത്തിനു നല്ലതാണ്.
8] വേപ്പിലയുടെ സ്വരസം (10 മില്ലി വരെ) സമം തേന്‍ ചേര്‍ത്ത് മൂന്നുനാലു ദിവസം രാവിലെയും വൈകിട്ടും കഴിച്ചാല്‍ വയറ്റിലെ കൃമിബാധ ശമിക്കും. കാമിലയിലും ഈ പ്രയോഗം ഫലപ്രദം. മലവേപ്പും ആര്യവേപ്പും ഒരുപോലെ ഗുണപ്രദം.
9] വസൂരി ഇന്ന് അന്യമാണ്. വസൂരി ബാധിച്ചാല്‍ വേപ്പിന്റെ ഇല അരച്ചു പുരട്ടുന്നത് ഫലപ്രദം. ആതുരനെ വേപ്പില വിരിച്ച കിടക്കയില്‍ കിടത്തുകയും, വേപ്പില കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശുകയും ചെയ്യുന്നത് നന്ന്. ചിക്കന്‍പോക്സ് പോലെയുള്ള രോഗങ്ങള്‍ക്ക് ഈ പ്രയോഗം കൊണ്ട് ശമനം കിട്ടും.
10] വേപ്പില, പടവലം, എള്ള്, നെല്ലിക്ക – ഇവയുടെ കഷായം നിത്യം കണ്ണില്‍ ഒഴിക്കുന്നത് തിമിരം വളരാതിരിക്കാന്‍ നന്ന്.
11] ത്വക്-രോഗങ്ങളില്‍ വേപ്പിലയും പച്ചമഞ്ഞളും ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടി കുളിക്കുന്നത് അത്യന്തം ഫലപ്രദമാണ്. പല ത്വക്-രോഗങ്ങളും ഈ പ്രയോഗം ഒന്നുകൊണ്ടു മാത്രം ശമിക്കും.
12] വേപ്പില, കര്‍പ്പൂരം, കായം, ശര്‍ക്കര – നാലും സമം ചേര്‍ത്ത് ഉണ്ടാക്കിയ ഗുളിക നിത്യം അത്താഴശേഷം കഴിക്കുന്നത് സാംക്രമികരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായകമാണ്.
13] വേപ്പിലക്കഷായം ചര്‍മ്മരോഗങ്ങളിലും വ്രണങ്ങളിലും കഴുകുവാന്‍ ഉത്തമമാണ്.
14] വേപ്പില അരച്ചു കഴിക്കുന്നത് പ്രമേഹശമനത്തിന് നന്ന്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്യവേപ്പിന്റെ 11 ഇലകള്‍ അര്‍ദ്ധരാത്രിയില്‍ പറിച്ച്, 108 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായി മാറും എന്നത് ഉപദേശരഹസ്യം.
[കുരുവും എണ്ണയും]
വേപ്പിന്റെ കായയുടെ ഗുണങ്ങളെ ഭാവപ്രകാശം ഇങ്ങനെ പ്രകാശിപ്പിക്കുന്നു.
“നൈംബം ഫലം രസേ തിക്തം പാകേ തു കടു ഭേദനം
സ്നിഗ്ധം ലഘൂഷ്ണം കുഷ്ഠഘ്നം ഗുല്മാര്ശ കൃമിമേഹനത്”
വേപ്പിന്ഫലം ഗുല്മം, അര്‍ശസ്, കൃമിബാധ, പ്രമേഹം എന്നീ അവസ്ഥകളെ ശമിപ്പിക്കുന്നുവെന്ന് ഭാവപ്രകാശം. വിരേചകമാണ്, ആകയാല്‍ മലബന്ധത്തില്‍ ഫലപ്രദം.
15] വേപ്പിന്‍കുരു പൊടിച്ചു തലയില്‍ പുരട്ടിയാല്‍ താരന്, ഈര്, പേന്‍ – മൂന്നും ശമിക്കും.
16] വേപ്പിന്‍കുരു കഞ്ഞുണ്ണിനീരിലും, വേങ്ങാക്കാതല്ക്കഷായത്തിലും ഏഴു തവണ ഭാവന ചെയ്ത്, എണ്ണയെടുത്ത് നിത്യം നസ്യം ചെയ്യുകയും, പാല് ചേര്‍ത്ത് ചോറ് കഴിക്കുകയും ചെയ്താല്‍ നരച്ച രോമങ്ങള്‍ കറുക്കും, മുടി കിളിര്‍ക്കും.
17] വേപ്പിന്‍കുരു വറുത്തു പൊടിച്ച്, തുരിശ് ചേര്‍ത്തരച്ചു മലദ്വാരത്തില്‍ പുരട്ടിയാല്‍ അര്ശാങ്കുരങ്ങള് ശമിക്കും.
18] വേപ്പിന്‍കുരുവില്‍ നിന്നെടുക്കുന്ന എണ്ണ – വേപ്പെണ്ണ – പുരട്ടി പോക്കുവെയില്‍ കൊള്ളിക്കുന്നത് ബാലകര്‍ക്ക് ആരോഗ്യമുണ്ടാകാന്‍ സഹായകമാണ്.
19] മുറിവുണ്ടായാല്‍ ഉടനെ വേപ്പെണ്ണ പുരട്ടുന്നത് ടെറ്റനസ് ബാധ തടയും.
20] വ്രണങ്ങളില്‍ വേപ്പെണ്ണ പുരട്ടിയാല്‍ അവ വടു ഇല്ലാതെ ഉണങ്ങും.
21] സകല ത്വക്-രോഗങ്ങളിലും വേപ്പെണ്ണ ഉള്ളില്‍ കഴിക്കുന്നത് ശമനദായകമാണ്. അഞ്ചു തുള്ളി വരെ പാലില്‍ കഴിക്കാം. സോറിയാസിസ് ബാധയില്‍ ഫലപ്രദമാണെന്ന് വൈദ്യമതം.
22] പ്രമേഹത്തില്‍ വേപ്പെണ്ണ അഞ്ചു തുള്ളി വരെ പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അതീവഫലപ്രദമാണ്.
23] വ്യാവസായികമായി ജൈവകീടനാശിനികളും, ഔഷധസോപ്പുകളും നിര്‍മ്മിക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കപ്പെടുന്നു.
24] തെങ്ങിന് ഉണ്ടാകുന്ന മണ്ഡരിബാധ ശമിപ്പിക്കാനുള്ള കഴിവ് വേപ്പെണ്ണയ്ക്ക് ഉണ്ട്.
[തൊലി ¦ പട്ട]
25] വേപ്പിന്റെ തൊലി കഷായം വെച്ച് അതില്‍ ചേര്‍ക്കുരു ശുദ്ധി ചൂര്‍ണ്ണം മേല്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രക്താര്‍ബുദത്തെ ശമിപ്പിക്കും എന്ന് അനുഭവസാക്ഷ്യം.
26] വേപ്പിന്റെ തോലും വാല്‍മുളകും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ സന്ധിവാതം മൂലമുള്ള വേദനയും നീരും ഉടനടി ശമിക്കും.
[പലവക]
27] വേപ്പിന്റെ ചിനപ്പ് ¦ തളിര് ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അതീവഫലപ്രദമാണ്. ബ്രോങ്കൈറ്റിസ്, കാസം എന്നിവയില്‍ വേപ്പിന്റെ തളിര് കഷായം വെച്ച് കഴിച്ചാല്‍ ശമിക്കും.
28] വേപ്പിന്റെ പൂക്കള്‍ കണ്ണുകള്‍ക്ക് നല്ലതാണ്.
29] രക്തസ്രാവമുള്ള അവസ്ഥകളില്‍ വേപ്പ് ഫലപ്രദമാണ് (രക്തപിത്തനുത്)
[ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍]
30] വേപ്പിന് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ കഴിവുള്ളതു കൊണ്ട് ഉപവാസസമയങ്ങളില് വേപ്പ് കഴിക്കുന്നത് ശ്രദ്ധിച്ചു വേണം.
31] പ്രമേഹരോഗികള്‍ വേപ്പ് ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം വേണം. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കെണ്ടതും അത്യാവശ്യം.
32] കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വൈദ്യനിര്‍ദ്ദേശമനുസരിച്ച് മാത്രം വേപ്പ് ഉപയോഗിക്കണം.
33] വേപ്പെണ്ണ കണ്ണില്‍ വീണാല്‍ നീറ്റല്‍ ഉണ്ടാകാം, ആകയാല്‍ തലയില്‍ പുരട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം.
34] അമിതമായി ഉപയോഗിക്കരുത്. ഹൃദയത്തിന് അത്ര നല്ലതല്ല.
[കുറിപ്പ്]
ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല. സ്വയം ചികിത്സ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക. കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശാനുസാരം മാത്രം ഔഷധങ്ങള്‍ കഴിക്കുക.
ആരാണ് വൈദ്യന് എന്നറിഞ്ഞ് ചികിത്സ തേടുക. വായിക്കുക : https://anthavasi.wordpress.com/2016/04/04/who-is-vaidya/