“കാടിയായാൽ മൂടി കുടിക്കണം” എന്നൊരു പഴമൊഴിയുണ്ട്…. വീട്ടിലെ കരിങ്കൽ പാത്രത്തിൽ അരി കഴുകിയ വെള്ളം ശേഖരിച്ച് വച്ചിരുന്ന് പിന്നീട് പുളിച്ചു വരുമ്പോൾ അതിൽ ചില മരുന്നുകൾ ചേർത്തും ചേർക്കാതെയും ശരീരത്തിന് അകത്തേക്കും പുറത്തേക്കും ഉപയോഗിച്ചിരുന്ന കാരണവൻമാരെ തല നരച്ചു തുടങ്ങിയ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും….
പിൽക്കാലത്ത് കാടി, കഞ്ഞി എന്ന വാക്കുകൾക്ക് “അയ്യോ.. ദാരിദ്ര്യം ” എന്ന പദം വിദ്യാഭ്യാസമുള്ള മണ്ടൻമാർ കൊടുത്തു തുടങ്ങിയപ്പോൾ വീട്ടിലെ കൽച്ചട്ടികളിൽ ആന്തൂറിയവും ഓർക്കിഡും വളർന്നു… ഇന്ന് രോഗാതുരതയുടെ പടുകുഴിയിലേക്ക് മാനവൻ വീഴുമ്പോൾ ഗൃഹാതുരതയുടെയും രുചിയുടെയും പര്യായങ്ങളായി കഞ്ഞിയും കരിക്കാടിയും നക്ഷത്ര ശോഭയോടെ വിളമ്പുന്നു. അതാണ് കാടിയുടെ തറവാടിത്തം.’
ഇവിടെ ആയുർവേദ വിഭാഗത്തിൽ വാത വ്യാധികൾക്ക് ആണ് പ്രധാനമായും കാടി അഥവാ ധാന്യാമ്ളം ഉപയോഗിച്ചു വരുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് അരി കഴുകിയ വെള്ളമാണ് ലഭിക്കുക . അതിൽ നിന്ന് മാറി വെപ്പുകാടിയുടെ ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. ശരിയായ വെപ്പുകാടി നിർമാണത്തിന് കുറഞ്ഞത് 8 ദിവസത്തെ സമയവും അതിനു വേണ്ട മറ്റു മരുന്നുകളും ആവശ്യമുണ്ട്.’വെപ്പുകാടി കൊണ്ട് അവഗാഹ സ്വേദമോ കാടി ധാരയോ ആവാം.. 80 തരം വാത വ്യാധികളിലും ഇത് ഫലപ്രദമാണ്.
കാടിയിലിരുത്തൽ :
കാടിവയ്ക്കാൻ, കാടിയിൽ ഇരുത്താൻ എല്ലാം മുഹൂർത്തമുണ്ട്..
“സുഖമേ പുളിച്ചിരിക്കുന്ന കാടി ഒരു പാത്രത്തിൽ വീഴ്ത്തി ക്ലേശിതനായിരിക്കുന്നവനെ എണ്ണയും നെയ്യുമായി കുളുർക്കെ തേച്ച് കാടിയിലിരുത്തുക. ശരീരമാകെ വിയർപ്പോളം പിന്നെ തളർച്ച വരും മുന്നെ കരേറി കൊൾക.. ദ്രവസ്വേദ മിത്.. എത്ര ദിവസം വേണ്ടൂവെന്നാൽ ശൂല, സ്തംഭം ഇവശമിച്ച് ശരീരത്തിന്റെ മൃദുത്വം ഉണ്ടാകുവോളം വേണം”
ചികിത്സാ കൗതുകം
അനുഭവവേദ്യവും താരതമ്യേന ചിലവ് കുറഞ്ഞതുമായ ഈ ചികിത്സാ രീതിയിലൂടെ പക്ഷാഘാതം, തുടങ്ങി അതിസങ്കീർണ വ്യാധികളിൽ വരെ നല്ല ഫലം സിദ്ധിച്ചിട്ടുണ്ട്… നീരും വേദനയും നിറഞ്ഞ സന്ധിഗത രോഗങ്ങളിലും കാടി ചികിത്സ ഫലപ്രദമായി ചെയ്തുവരുന്നു.
ത്വക് രോഗങ്ങളിലും വിവിധ അവസ്ഥകളിൽ അകത്തേക്കും പുറമേക്കും കാടി ഉപയോഗിച്ചു വരാറുണ്ട്.
ഡോ. ശ്രീജിത്ത് സുരേന്ദ്രൻ
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി
തൃപ്പൂണിത്തുറ..
Ph: 9188849691