കോഴിയെ കൊന്ന് വൃത്തിയാക്കിയെടുത്ത് ENA (Extra Neutral Alcohol) – യില്‍ ഇട്ടു വെച്ച് പിഴിഞ്ഞെടുത്തു കഴിച്ചാലും പൈല്‍സ് ശമിക്കും. ENA ഹോമിയോ മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും.
ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്ക്ക് അമൃത് പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.
പാല് ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.
ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.
വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.
പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.
മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.
ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.
ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.
മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത് നല്ലതാണ്.
ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.
രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലര്‍ത്തുന്ന അന്തര്‍ഭൌമകാണ്ഡ(Bulb)ത്തോടു കൂടിയ ഒരു ചെടിയാണ് കാട്ടുള്ളി. കേരളത്തില്‍ തീരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. ബള്‍ബ് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ബള്‍ബ് വെള്ളനിറത്തിലും വിളറിയ മഞ്ഞനിറത്തിലും കാണപ്പെടുന്നു. നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ട് കാട്ടുള്ളിയ്ക്ക്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, വയറ്റില്‍ ഉണ്ടാകുന്ന കൃമികള്‍, മൂത്രാശയരോഗങ്ങള്‍, കല്ലുകള്‍, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാന്‍ കാട്ടുള്ളിയ്ക്കു കഴിവുണ്ട്. പൊതുവേ അണുനാശകമാണ്. കൃമിഹരമാണ്.മലബന്ധത്തെ അകറ്റാനുള്ള കഴിവുണ്ട്. മൂലക്കുരുവില്‍ അതീവഫലദായകമാണ്. ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. വിഷാംശമുള്ളതു കൊണ്ട് ഉള്ളിലേക്ക് കഴിക്കുമ്പോള്‍ നല്ലെണ്ണയില്‍ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്.
വളരെ കഷ്ടപ്പെടുത്തുന്ന മൂലക്കുരുവില്‍ (അര്‍ശസ് | Piles) കാട്ടുള്ളി ഒരു സിദ്ധൌഷധമാണ്. തേങ്ങാപ്പാലില്‍ കാട്ടുള്ളി ഇട്ടു മൂപ്പിച്ച്, തണുത്താല്‍ പിഴിഞ്ഞെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍ വീതം ദിവസം രണ്ടു നേരം മുടങ്ങാതെ കഴിച്ചാല്‍ മൂലക്കുരു ശമിക്കും. ഇത് ഒരു പഴയ നാടന്‍ പ്രയോഗമാണ്. ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ പറയുന്ന അവസ്ഥയില്‍പ്പോലും ഈ പ്രയോഗം കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു സുഖപ്പെടും.
കാലിലെ ആണിരോഗം വല്ലാതെ അലട്ടുമ്പോള്‍ : കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിയുള്ള ഭാഗം അതില്‍ അമര്‍ത്തി ചൂടുകൊള്ളിച്ചാല്‍ സുഖപ്പെടും.
കാട്ടുള്ളി വെളിച്ചെണ്ണയില്‍ അരച്ച് പുരട്ടിയാല്‍ അരിമ്പാറ, പാലുണ്ണി എന്നിവ മാറും. കാട്ടുള്ളി നീര് പതിവായി പുരട്ടിയാലും അരിമ്പാറ മാറും.
കാട്ടുള്ളി ചുട്ടു ചതച്ച് അരച്ച് കാല്പ്പാദങ്ങളില് പുരട്ടിയാല്‍ കാല്‍പ്പാദങ്ങളിലെ പുകച്ചില്‍ ശമിക്കും.
കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് പഴകിയ കാസശ്വാസരോഗങ്ങളെ ശമിപ്പിക്കും.
ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത കുറയുകയും തന്മൂലം രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിനു കുറയുകയും ചെയ്യുമ്പോള്‍ ശ്വാസകാസരോഗങ്ങളും, ശോഫം, കാല്പ്പാദങ്ങളില് നീര് തുടങ്ങിയവ ചെയ്യും. ഈ അവസ്ഥയില്‍ ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് നല്ലതാണ്.
കാട്ടുള്ളിയ്ക്ക് വിഷാംശം ഉണ്ട്. അതുകൊണ്ട് ഒരു വര്‍ഷത്തിലധികം പഴകിയ കാട്ടുള്ളി ഉള്ളില്‍ കഴിക്കരുത് എന്ന് ആചാര്യന്മാര് പറയുന്നുണ്ട്. തന്നെയുമല്ല, കാട്ടുള്ളി ഉപയോഗിക്കുമ്പോള്‍ വിദഗ്ധനായ ഒരു ഭിഷഗ്വരന്റെ മേല്‍നോട്ടം ഉണ്ടാകുന്നതാണ് അഭികാമ്യം
നല്ല ഭംഗിയുള്ള പൂക്കളാണ് കാട്ടുള്ളിയുടേത്. വീട്ടിന്റെ മുറ്റത്തു വെച്ചുപിടിപ്പിക്കാന്‍ ഒരു കാരണം കൂടിയായി.