ഒട്ടേറെപ്പേരെ വല്ലാതെ കഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നമാണ് വായപ്പുണ്ണ്. അര്‍ശസ്, ശോധനക്കുറവ്, ഉദരരോഗങ്ങള്‍, മാനസികപിരിമുറുക്കം, പോഷകക്കുറവ് തുടങ്ങി പല പ്രശ്നങ്ങള്‍ വായപ്പുണ്ണ് ഉണ്ടാകാന്‍ കാരണമാകും. വിറ്റാമിന്‍ ബി കോംപ്ലക്സ് കുറവു മൂലവും വായപ്പുണ്ണ് ഉണ്ടാകാം. ഗൃഹവൈദ്യത്തില്‍ ഒരു പിടി പ്രയോഗങ്ങള്‍ ഉണ്ട് വായപ്പുണ്ണ് ശമിക്കാന്‍.
✔ പതിനഞ്ച് ആര്യവേപ്പില, അഞ്ചു കുരുമുളക് നന്നായി അരച്ച് പുളിയുള്ള മോരില്‍ കലക്കി സേവിക്കുന്നത് അതീവ ഫലപ്രദമാണ്. കുറച്ചു നാള് കഴിക്കേണ്ടി വരും. ✔ പനിക്കൂര്‍ക്കയിലയുടെ സ്വരസം തേന്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. ✔ കശുമാവിന്റെ തൊലി ചതച്ച് പുളിച്ച മോരില്‍ കലക്കി അരിച്ചു പിഴിഞ്ഞ് കവിള്‍ക്കൊള്ളുന്നത് അതീവഫലപ്രദമാണ്. ✔ തേന്‍ മാത്രമായി കവിള്‍ക്കൊള്ളുന്നതും നന്ന്. ✔ കൂവളത്തിന്റെ ഇളംകായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു സേവിക്കുന്നത് വായപ്പുണ്ണും, വയറ്റിലെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഒപ്പം ശമിപ്പിക്കും. പഴുത്ത കായയും ഫലം ചെയ്യും. ✔ ജാതിക്കയും കരിംജീരകവും തുളസിയിലനീരില്‍ അരച്ച് പുരട്ടിയാല്‍ വായപ്പുണ്ണ് ശമിക്കും. ✔ വായപ്പുണ്ണ് ശമിക്കാന്‍ അനവധി ഗൃഹവൈദ്യപ്രയോഗങ്ങള്‍ ഇതിനു മുമ്പ് ആരോഗ്യജീവനം ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ [https://urmponline.wordpress.com/tag/mouth-ulcer/] സന്ദര്‍ശിക്കുക.
☠ അന്ധവിശ്വാസം ☠ : ഇനി ഒരല്പം അന്ധവിശ്വാസം. ഔഷധ സസ്യങ്ങള്‍ക്ക് അതീവപ്രഭാവമുണ്ട്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
❤ മുന്‍കൂര്‍ജാമ്യം ❤ : ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.
കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം.
താന്ത്രികപൂജകളില് പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു.
ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്ച്ചിക്കാന് കര്‍ണ്ണാടകയിലെ അര്ച്ചകര് വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു.
ഗണേശനും ഹനുമാന് സ്വാമിയ്ക്കും വെള്ളെരിക്കിന്പൂവിന്റെ മാല അതീവപ്രിയമത്രേ.
മേല്‍പ്പറഞ്ഞത് പോലെയുള്ള വിശ്വാസത്തിന്റെ വിഷയമായതു കൊണ്ട് ഈ സസ്യത്തെ ഈ നാട്ടുകാര്‍ വെട്ടിപ്പറിച്ചു കളയാറില്ല എന്ന് തന്നെയല്ല വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുകയും ചെയ്യാറുണ്ട്. പലരുടെയും വീടുകളില്‍ എരിക്ക് വളര്‍ത്തുന്നത് കാണാം. മരുന്നുണ്ടാക്കാന്‍ പൂവ് വേണമെങ്കില്‍ എങ്ങും തിരഞ്ഞുനടക്കേണ്ട കാര്യമില്ല, ഏതെങ്കിലും ശിവക്ഷേത്രത്തിന്റെയോ ഗണേശക്ഷേത്രത്തിന്റെയോ ആഞ്ജനേയക്ഷേത്രത്തിന്റെയോ പരിസരത്തുള്ള പൂക്കടകളില്‍ സുലഭമായി ലഭിക്കും എരിക്കിന് പൂവ് (കേരളത്തിലെ കാര്യം ഉറപ്പില്ല).
മുമ്പ് ഒരു പോസ്റ്റില്‍ എരിക്കിനെക്കുറിച്ചും എരിക്ക് ഉപയോഗിച്ചുള്ള ഔഷധപ്രയോഗങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിരുന്നു: 27 | എരുക്ക് | CALATROPIS GIGANTEA
അന്ന് ചര്‍ച്ച ചെയ്യാഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.
എരിക്കിന്റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.
നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.
സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.
ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്. എരിക്കിന് പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.
ഇതൊക്കെ പഠിച്ച കാര്യങ്ങള്‍ ആണ്. പ്രയോഗത്തില്‍ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എങ്കിലും നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക. പതിവു പോലെ അറിഞ്ഞ കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഈ ലേഖനം.
ദിവസവും ഒരു ആപ്പിൾ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാമെന്ന അര്‍ത്ഥത്തില്‍ ഒരു പഴമൊഴി ഉണ്ട് ആംഗലേയഭാഷയില്‍ – An apple a day keeps the doctor away. വിപണിയില്‍ കിട്ടുന്ന മെഴുകില്‍ പൊതിഞ്ഞ ഉടുപ്പിട്ട വരത്തന് ആപ്പിളുകള്‍ തിന്നാല്‍ ആശുപത്രിയില്‍ താമസമാക്കാം എന്ന് പുതുമൊഴി. അത് അവിടെ നില്ക്കട്ടെ.
ശരിയായ ദഹനത്തിനും മലശോധനയ്ക്കും ദിവസവും ഒരു പേരയ്ക്കാ കഴിച്ചാല്‍ മതിയെന്ന് എന്റെ സുഹൃത്തായ ഒരു പഴയ തലമുറ ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. പേരയ്ക്കാ ആപ്പിളിനെക്കാള്‍ നൂറിരട്ടി പ്രയോജനപ്രദമാണ് എന്ന് അവര്‍ പറയുന്നു. പേരയ്ക്കാ തൊലി കളയാതെ കുരു നന്നായി ചവച്ചരച്ചു കഴിക്കുന്നത് ഏറ്റവും ഗുണപ്രദം. പേരയ്ക്കാ ഇങ്ങനെ കഴിക്കുന്നത് ശീലമാക്കുന്നതു വഴി മണ്തരികളെപ്പോലും ദഹിപ്പിക്കാനുള്ള ശക്തി ദഹനേന്ദ്രിയവ്യവസ്ഥ ആര്ജ്ജിക്കുമത്രേ!
വളരെ പോഷകഗുണങ്ങള്‍ ഉള്ളതും ധാതുവര്ദ്ധകവുമായ ഫലമാണ് പേരയ്ക്കാ. കുരുവടക്കം ചവച്ചു കഴിക്കുകയാണെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണമായി പേരയ്ക്കാ പ്രവര്‍ത്തിക്കുകയും മലശോധനയെ മെച്ചപ്പെടുത്തുകയും ചെയ്യും.
പേരയുടെ ഇല കഷായം വെച്ച് കഴിച്ചാല്‍ ഛര്‍ദ്ദിയും വയറിളക്കവും ശമിക്കും. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലും ഛര്‍ദ്ദിയും വയറിളക്കവും ശമിക്കും. പേരയുടെ തളിരില വെറുതെ ചവച്ചു തിന്നാലും ചര്‍ദ്ദി ശമിക്കും. ഇതൊക്കെ കാലങ്ങളായി മുത്തശ്ശിമാര്‍ പ്രയോഗിച്ചു പോരുന്ന ഗൃഹവൈദ്യപ്രയോഗങ്ങള്‍ ആണ്.
പേരയിലയില്‍ അടങ്ങിയിരിക്കുന്ന EUGENOL + TANNINs ആണ് ഛര്‍ദ്ദിയും വയറിളക്കവും നിയന്ത്രിക്കാന്‍ സഹായകമാകുന്നത്.
വയറിളക്കം മാറാന്‍ പേരയുടെ വേരിന്മേല്ത്തൊലി കഷായം വെച്ചു കുടിച്ചാലും മതി. പേരവേരിന്മേല്ത്തൊലി വറുത്തു പൊടിച്ചു വെച്ച് ആ പൊടി മോരില്‍ കലക്കി കഴിച്ചാലും വയറിളക്കം ശമിക്കും. കൊച്ചുകുട്ടികളില്‍ ഇത് അതീവഫലപ്രദമാണ്.
പേരയുടെ ഫലം ദഹനം വര്‍ദ്ധിപ്പിക്കുകയും ശോധന മെച്ചപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇല വിപരീതഗുണം പ്രകടമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ആരോഗ്യത്തിന് ദിവസം ഒരു പേരയ്ക്കാ മതി! ആപ്പിള്‍ വേണമെന്നില്ല.
വളരെയധികം പേരെ അലട്ടുന്ന പ്രശ്നമാണ് ആമാശയത്തിലും കുടലുകളിലും ഒക്കെ ഉണ്ടാകുന്ന അള്‍സര്‍ എന്ന് പൊതുവേ വിളിക്കപ്പെടുന്ന വ്രണങ്ങള്‍ (പുണ്ണ്). ഇത്തരം വ്രണങ്ങള്‍ മൂലം ഉള്ളില്‍ വീക്കവും പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാം.
കൂവളത്തിന്റെ തളിരിലകള്‍ വെറും വയറ്റില്‍ നിത്യവും രാവിലെ ചവച്ചു തിന്നാല്‍ ഉദരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ ശമിക്കും. കൂവളത്തിന്റെ ഇലകള്‍ തലേന്നു വൈകുന്നേരം ചതച്ചു വെള്ളത്തില്‍ ഇട്ടു വെച്ച്, രാവിലെ വെള്ളം അരിച്ചു കുടിച്ചാലും ഫലം കിട്ടും, വേദനയും അസ്വസ്ഥതയും വളരെ പെട്ടന്നു ശമിക്കും എന്നത് ഉറപ്പ്. കുറച്ച് ആഴ്ചകള്‍ മുടങ്ങാതെ ഈ നാട്ടൌഷധം സേവിച്ചാല്‍ അള്‍സറില്‍ നിന്ന് പൂര്‍ണ്ണമുക്തി ഉറപ്പ്. കൂവളത്തിന്റെ ഇലകള്‍ Tannins കൊണ്ട് സമൃദ്ധമാണ്. കൂവളക്കായ പാനീയമാക്കിയോ അങ്ങനെ തന്നെയോ കഴിക്കുന്നതും അള്‍സറില്‍ അതീവഫലപ്രദമാണ്. കൂവളക്കായ കൊണ്ടുണ്ടാക്കിയ “മുറബ്ബ” [Bael Murabba] (പഴങ്ങള്‍ മുറിച്ചു പഞ്ചസാരലായനിയില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന ഒരു വിഭവം) “മിഠായി” [Bael Candy] ഒക്കെ ഇന്നു വിപണിയിലും ലഭിക്കുന്നുണ്ട്. പച്ചക്കൂവളക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു കഴിക്കാം. Stomach Mucosa-യുടെ മേലെ ഒരു ആവരണം സൃഷ്ടിക്കാനും അങ്ങനെ വ്രണങ്ങളെ സുഖപ്പെടുത്താനും കൂവളക്കായയ്ക്ക് കഴിവുണ്ട്. Tannins ഉള്ളിലെ inflammation കുറച്ച് ശമനം നല്‍കുകയും ചെയ്യുന്നു.
കാബേജ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ആ വെള്ളം തണുപ്പിച്ച് ദിവസം പല പ്രാവശ്യം കുടിച്ചാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും.
തമിഴില്‍ “കല്യാണമുരുങ്ങൈ” എന്ന് വിളിക്കപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ അധികം കാണാന്‍ കിട്ടാത്ത മുള്മുരിക്കിന്റെ ഇല ഉദരവ്രണങ്ങളെ ശമിപ്പിക്കും. തമിഴ്നാട്ടുകാര്‍ ഈ ഇല പരിപ്പിനൊപ്പം അരച്ച് വട ഉണ്ടാക്കി കഴിക്കും. ഇല നന്നായി അരച്ച് തൈരില്‍ കലക്കി നിത്യവും കഴിച്ചാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും.
മണിത്തക്കാളി വായ തൊട്ടു ഗുദം വരെ ഉള്ള ദഹനേന്ദ്രിയ മണ്ഡലത്തില്‍ എവിടെ വ്രണങ്ങള്‍ ഉണ്ടായാലും ശമിപ്പിക്കാന്‍ കഴിവുള്ള പ്രഭാവശാലിയായ ഒരു ഔഷധിയാണ്. ഇലകള്‍ വേവിച്ചു കഴിച്ചാല്‍ വായ് മുതല്‍ ഗുദം വരെയുള്ള അന്നനാളത്തില്‍ എവിടെ ഉണ്ടാകുന്ന വ്രണവും ശമിക്കും. മണിത്തക്കാളിയുടെ കായ ഉണക്കി നെയ്യില്‍ വറുത്ത് ചോറുണ്ടാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും. മണിത്തക്കാളിയുടെ ഇലകളിലും കായകളിലും വിറ്റാമിന്‍ സി ധാരാളമായി ഉണ്ട്. ഉണങ്ങിയ കായകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുമെന്ന് തോന്നുന്നു.
ഇരട്ടിമധുരം അഥവാ യഷ്ടിമധു പൊതുവേ ചുമ, ശ്വാസകോശസംബന്ധിയായ മറ്റു പ്രശ്നങ്ങള്‍ എന്നിവയില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്നു. ഉദരവ്രണങ്ങളില് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും മാറാന്‍ ഇരട്ടിമധുരം നല്ലതാണ്. വിപണിയില്‍ ഉണങ്ങിയ വേര് അല്ലെങ്കില്‍ തണ്ട് ആയിട്ടാണ് ഇരട്ടിമധുരം പൊതുവേ ലഭിക്കുക. ഇരട്ടിമധുരം വൈകുന്നേരം ചതച്ച് വെള്ളത്തിലിട്ടു വെച്ച് രാവിലെ പിഴിഞ്ഞെടുത്തു കിട്ടുന്ന ശീതകഷായം കഞ്ഞിയില്‍ ചേര്‍ത്തു കഴിച്ചാല്‍ ഉദരവ്രണങ്ങള്‍ ശമിക്കും. ദീര്‍ഘകാലം ഈ ഔഷധപ്രയോഗം നന്നല്ല, ശരീരത്തിനു ഭാരം കൂടും, ചീര്‍ക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികളും ഹൃദയസംബന്ധിയും വൃക്കാസംബന്ധിയും ആയ ആമയങ്ങള്‍ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
# ഔഷധങ്ങള്‍ എപ്പോഴും വൈദ്യനിര്‍ദ്ദേശമനുസരിച്ചു മാത്രം കഴിക്കുക #
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi
കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം ഓരോരുത്തർ നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. “ഓവർ ദി കൗണ്ടർ” ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. “കുടംപുളി” ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു. ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്റർനെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്.
പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല
ദുർമേദസ്സ് | പൊണ്ണത്തടി | അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ
1] നെല്ലിക്കാനീരും കുമ്പളങ്ങാനീരും 30 ml വീതം എടുത്ത് ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിക്കുക. അമിതവണ്ണം കുറയും
2] കൂവളവേര്, കുമിഴിന് വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും
3] കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത് ഫലപ്രദമാണ്. തടി കുറയും
4] ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക
5] ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക
6] കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക
നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്ക്കിടകവാവിന് നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്. പഴയ തലമുറയിലെ മലയാളിയ്ക്ക് തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.
തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..
തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
തുമ്പപ്പൂവ് ഒരുപിടി ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
തുമ്പപ്പൂവ് അഞ്ചു ഗ്രാം, ഒരു ഗ്രാം കാവിമണ്ണ് (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമല | മഞ്ഞപ്പിത്തം മാറും.
തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.
വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ചു കടിവായില് പുരട്ടുന്നത് നല്ലതാണ്. തേള്, പാമ്പുകള്‍ എന്നിവ കടിച്ചാല്‍ തുമ്പ ഉപയോഗിച്ചിരുന്നു.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര് പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര് പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം @anthavasi