
പനിക്കൂര്‍ക്ക – അമ്മമാരുടെ വൈദ്യവിജ്ഞാനത്തിലെ ഒരു പ്രധാന ഔഷധി .
കുറച്ചു കാലം മുമ്പുവരെ നാട്ടുമ്പുറങ്ങളിലെ പറമ്പുകളിൽ പ്രായേണ സുലഭമായി കാണപ്പെട്ടിരുന്ന പനിക്കൂർക്ക ഇന്ന് ചെടിച്ചട്ടികളിലെ കാഴ്ചവസ്തുവായി ഒതുങ്ങിപ്പോയ അവസ്ഥയിലാണ്. ഒട്ടുവളരെ ആമയങ്ങൾക്ക് പനിക്കൂർക്ക കൊണ്ടുള്ള അമ്മമാരുടെ കൈകണ്ട പ്രയോഗങ്ങൾ അനവധിയാണ്.
പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് അവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശീഘ്രം ശമിക്കും.
കുഞ്ഞുങ്ങൾക്ക് വയറ്റിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്കയില നീര് പഞ്ചസാരയും ചേർത്ത് ദിവസം മൂന്നു നാലു തവണ കൊടുത്താൽ മതി. വയറ്റിലെ അസുഖങ്ങൾ പൊതുവേ ശമിക്കും.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് നെറുകയിൽ വെയ്ക്കുന്നത് കുഞ്ഞുങ്ങളിലെ മൂക്കടപ്പും ജലദോഷവും മാറാൻ സഹായകമാണ്.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ പത്തു തുള്ളി വീതം മൂന്നു നേരം കൊടുക്കുകയും നീരിൽ തുണി നനച്ച്നെറ്റിയിൽ ഇടുകയും ചെയ്താൽ കുഞ്ഞുങ്ങളിലെ ജലദോഷവും മൂക്കടപ്പും ശമിക്കും.
മുലകുടിക്കുന്ന ശിശുക്കൾക്ക് ജലദോഷം ഉണ്ടാവാതെ സൂക്ഷിക്കാം. പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മാതാവ് കഴിച്ചാൽ മതി.
കുഞ്ഞുങ്ങൾക്ക് നീർവീഴ്ച ഉണ്ടായാൽ പനിക്കൂർക്കയില ചുട്ട് ചാമ്പലാക്കി ആ ചാമ്പൽ കുഞ്ഞിന്റെ ഉച്ചിയിൽ തിരുമ്മുന്ന ഒരു പ്രയോഗമുണ്ട്.
വായ്പ്പുണ്ണിൽ പനിക്കൂർക്കയില ചതച്ചു പിഴിഞ്ഞെടുത്ത നീര് അത്യന്തം ഫലപ്രദമാണ്. പനിക്കൂർക്കയില നീരിൽ തേൻ ചേർത്ത് പല തവണ കവിൾക്കൊണ്ടാൽ മതി.
ഉദരകൃമികള്‍ ശമിക്കാന്‍ : പനിക്കൂര്‍ക്കയില അരച്ചത് 10 ഗ്രാം, രാത്രി ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം, ചൂടുവെള്ളത്തില്‍ ത്രിഫല കലക്കി കുടിച്ചാല്‍ പിറ്റേന്ന് വയറിളകും, ഉദരകൃമികള്‍ പുറത്തു പോകും.