
ഒട്ടേറെപ്പേരെ വല്ലാതെ കഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നമാണ് വായപ്പുണ്ണ്. അര്‍ശസ്, ശോധനക്കുറവ്, ഉദരരോഗങ്ങള്‍, മാനസികപിരിമുറുക്കം, പോഷകക്കുറവ് തുടങ്ങി പല പ്രശ്നങ്ങള്‍ വായപ്പുണ്ണ് ഉണ്ടാകാന്‍ കാരണമാകും. വിറ്റാമിന്‍ ബി കോംപ്ലക്സ് കുറവു മൂലവും വായപ്പുണ്ണ് ഉണ്ടാകാം. ഗൃഹവൈദ്യത്തില്‍ ഒരു പിടി പ്രയോഗങ്ങള്‍ ഉണ്ട് വായപ്പുണ്ണ് ശമിക്കാന്‍.
✔ പതിനഞ്ച് ആര്യവേപ്പില, അഞ്ചു കുരുമുളക് നന്നായി അരച്ച് പുളിയുള്ള മോരില്‍ കലക്കി സേവിക്കുന്നത് അതീവ ഫലപ്രദമാണ്. കുറച്ചു നാള് കഴിക്കേണ്ടി വരും.
✔ പനിക്കൂര്‍ക്കയിലയുടെ സ്വരസം തേന്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് നല്ലതാണ്.
✔ കശുമാവിന്റെ തൊലി ചതച്ച് പുളിച്ച മോരില്‍ കലക്കി അരിച്ചു പിഴിഞ്ഞ് കവിള്‍ക്കൊള്ളുന്നത് അതീവഫലപ്രദമാണ്.
✔ തേന്‍ മാത്രമായി കവിള്‍ക്കൊള്ളുന്നതും നന്ന്.
✔ കൂവളത്തിന്റെ ഇളംകായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു സേവിക്കുന്നത് വായപ്പുണ്ണും, വയറ്റിലെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഒപ്പം ശമിപ്പിക്കും. പഴുത്ത കായയും ഫലം ചെയ്യും.
✔ ജാതിക്കയും കരിംജീരകവും തുളസിയിലനീരില്‍ അരച്ച് പുരട്ടിയാല്‍ വായപ്പുണ്ണ് ശമിക്കും.
✔ വായപ്പുണ്ണ് ശമിക്കാന്‍ അനവധി ഗൃഹവൈദ്യപ്രയോഗങ്ങള്‍ ഇതിനു മുമ്പ് ആരോഗ്യജീവനം ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ [https://urmponline.wordpress.com/tag/mouth-ulcer/] സന്ദര്‍ശിക്കുക.
☠ അന്ധവിശ്വാസം ☠ : ഇനി ഒരല്പം അന്ധവിശ്വാസം. ഔഷധ സസ്യങ്ങള്‍ക്ക് അതീവപ്രഭാവമുണ്ട്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
❤ മുന്‍കൂര്‍ജാമ്യം ❤ : ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്.