ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്കുന്നു. സ്വയം അനേകം ജീവികള്‍ക്ക് വാസസ്ഥാനമായി ഒരു ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു – ആകയാല്‍ ഭാരതീയര്‍ അരയാലിനെ ഒരു ദിവ്യവൃക്ഷമായി കണക്കാന്നുന്നു.