33 ¦ വയമ്പ് ¦ ACORUS CALAMUS

33 ¦ വയമ്പ് ¦ ACORUS CALAMUS
33 ¦ വയമ്പ് ¦ ACORUS CALAMUS

പുതുതലമുറയിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വസ്തുവാണ് വയമ്പ്. “തേനും വയമ്പും” ഒരു പക്ഷെ അവരുടെ കുട്ടിക്കാലത്ത് അവരുടെ നാവ് രുചിചിട്ടുണ്ടാവണം. എന്തായാലും ഇപ്പോള്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ നാവിന് ആ രുചി അന്യമാണ്, പൊതുവേ.

വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു (തേന്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു കഴിപ്പിക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അത് ഒരു ആചാരമായിരുന്നു. പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ കുഞ്ഞിന്റെ രക്ഷിതാവ് കത്തിച്ച നിലവിളക്കിന്റെ മുമ്പില്‍ ഔഷധം തന്റെ മോതിരവിരലാല്‍ കുഞ്ഞിന്‍റെ നാവില്‍ തേച്ചു കൊടുക്കുന്നു. നല്ല ബുദ്ധിയും വാക്കും കുഞ്ഞിന് സ്വായത്തമാകാനുള്ള ഔഷധവും മനസ്സും.

വയമ്പിന്‍റെ സംസ്കൃതനാമം “വച” എന്നാണ്. “വച” എന്നാല്‍ വാക്ക് എന്നര്‍ത്ഥം. വായില്‍ നിന്ന് ഉണ്ടാകുന്നത് ആണ് വാക്ക്. വയമ്പ് എന്നാലും വായില്‍ നിന്ന്‍ ഉണ്ടാകുന്നത് എന്നു തന്നെ അര്‍ത്ഥം. വാക്കിന് നല്ലത് എന്ന അര്‍ത്ഥത്തിലായിരിന്നിരിക്കണം പൂര്‍വ്വികര്‍ വയമ്പ് എന്നു പേര് കൊടുത്തതു തന്നെ . വാക്ക് നന്നാകാന്‍, വാക്കിനു സ്ഫുടത ഉണ്ടാകാന്‍ വയമ്പ് നല്ലത് എന്ന് ആയുര്‍വേദഗ്രന്ഥങ്ങള്‍.

“വയമ്പു നന്നു ബുദ്ധിയ്ക്കും കാര്‍ഷ്ണ്യം ദീപനപാചനം
നന്നേറ്റം ദന്തശൂലയ്ക്കും കുഷ്ഠവാതവലാസജിത്ത്”

ബുദ്ധിയ്ക്കും വയമ്പ് ഉത്തമം. വാക്കിനും ബുദ്ധിയ്ക്കും നല്ലതായതിനാല്‍ ആണ് വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു കുഞ്ഞുങ്ങളുടെ നാവില്‍ തേച്ചു നിത്യം കൊടുക്കുന്ന രീതി സാര്‍വ്വത്രികമായി കേരളത്തില്‍ നിലവില്‍ വന്നത്. സ്വര്‍ണ്ണം ബുദ്ധിയ്ക്ക് നന്ന്.

വയമ്പ് നാവില്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന തരിപ്പ് വേഗം സംസാരിച്ചു തുടങ്ങാന്‍ കുട്ടിയെ സഹായിക്കും എന്നത് പഴമക്കാരുടെ അനുഭവത്തില്‍ അധിഷ്ഠിതമായ അറിവാണ്. കുട്ടികള്‍ക്ക് മതിയായ വിശപ്പ്‌ ഉണ്ടാകുന്നതിനും വയമ്പ് സഹായകമാണ്. അതിശക്തിയുള്ള ഒരു കൃമിനാശകം കൂടെയാണ്  വയമ്പ്. Staphylococcus aureus പോലെയുള്ള രോഗകാരികളായ ബാക്ടീരിയകളെപ്പോലും നശിപ്പിക്കാനുള്ള ശേഷി വയമ്പിന് ഉണ്ട് എന്ന് ആചാര്യന്‍.

ബ്രഹ്മി, വയമ്പ്, ശാരിബ (നന്നാറി), തിപ്പലി, കൊട്ടം, കടുക്, ഇന്തുപ്പ് കല്‍ക്കമായി നെയ്യ് കാച്ചി കൊടുക്കുന്നത് കുട്ടികളില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധപ്രയോഗമാണ്.

വയമ്പ് എന്ന പേരില്‍ ഒരു മത്സ്യമുണ്ട്. അതല്ല ഇത്.

24 | ബ്രഹ്മി | Bacopa Monnieri

24 | ബ്രഹ്മി | Bacopa Monnieri
24 | ബ്രഹ്മി | Bacopa Monnieri

“ബ്രഹ്മി നന്നായരച്ചിട്ടു പാലിൽ ചേർത്തു ഭുജിക്കിലോ
ശൂലയും മേഹം കുഷ്ഠം ക്ഷയവും ശാന്തമായ് വരും
ബുദ്ധിയേറ്റം തെളിഞ്ഞീടും നരയും പോയൊളിച്ചിടും”

ബ്രഹ്മിയുടെ ഔഷധഗുണത്തെ വർണ്ണിച്ച് ആയുർവേദ ഗ്രന്ഥമായ സഹസ്രയോഗം പറയുന്നതാണ് ഇത്. ബക്കോപ മൊണീരി (Bacopa Monnieri) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമായ ബ്രഹ്മിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബ്രഹ്മിയ്ക്കു സമാനമായ ഗുണങ്ങള്‍ ഉള്ള ഔഷധസസ്യമാണ് മുത്തിൾ എന്ന് നാം വിളിക്കുന്ന മണ്ഡൂകപർണ്ണി. ചില ദേശങ്ങളില്‍ ബ്രഹ്മിയ്ക്കു പകരം മണ്ഡൂകപർണ്ണി ഔഷധയോഗങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

സാധാരണയായി ഈർപ്പം ധാരാളമുള്ള പ്രദേശങ്ങൾ, ജലാശയങ്ങളുടെ തീരങ്ങൾ, ചെളിക്കുണ്ടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ബ്രഹ്മി ധാരാളമായി വളർന്നു കാണപ്പെടുന്നു. വളരെ ചെറിയ ഇലകളോടു കൂടി നിലത്ത് പടർന്നു കിടക്കുന്ന രീതിയിലാണ് ബ്രഹ്മി വളരുന്നത്. സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ചതച്ച് പിഴിഞ്ഞ് നീരെടുത്താൽ നന്നായി പതയും. സ്വരസത്തിന് ചെറിയ കയ്പ് ഉണ്ടാകും.

സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം, ത്രായന്ത്യാദി കഷായം തുടങ്ങി അനവധി യോഗൗഷധങ്ങളിൽ മുഖ്യചേരുവയാണ് ബ്രഹ്മി.

അസാമാന്യമായ ഔഷധഗുണങ്ങൾ ഉള്ള സസ്യമാണ് ബ്രഹ്മി. ശോധനയുണ്ടാകാനും, സ്വരം നന്നാകാനും, ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കാനും, കുഷ്ഠം പ്രമേഹം കഫം വിഷം വീക്കം ജ്വരം തുടങ്ങിയവയുടെ ശമനത്തിനും ബ്രഹ്മി ഉപയോഗപ്രദമാണ്. മാനസികരോഗങ്ങൾ, അപസ്മാരം, ബുദ്ധിവികാസമില്ലായ്മ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുമ്പോൾ ചികിത്സാവിധികളിൽ ബ്രഹ്മി ധാരാളമായി ഉപയോഗിക്കുന്നു. ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു. അധികം കഴിച്ചാൽ വിരേചനമുണ്ടാക്കും. ബ്രഹ്മിയുടെ മറ്റൊരു പ്രധാന ഔഷധഗുണം ഹൃദയ ഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കാനുള്ള കഴിവാണ്. ബ്രഹ്മി ഒരു ഉത്തമരസായനവുമാണ്.

രസം – തിക്തം കഷായം, ഗുണം – ലഘു, വീര്യം – ശീതം, വിപാകം – മധുരം, പ്രഭാവം – മേധ്യം, കഫവാതങ്ങളെ സമീകരിക്കുന്നു.

കേട്ടും വായിച്ചും അറിഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍.

[.] അപസ്മാരം, ഉന്മാദം എന്നീ അവസ്ഥകളിൽ ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നത് നല്ലതാണ്.
[.] ബ്രഹ്മിയുടെ ഇല ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം പാലിൽ ചേർത്തു കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിക്കാൻ നല്ലതാണ്. മാനസികരോഗങ്ങളിലും ഈ ഔഷധം ഫലപ്രദമാണ്.
[.] ബ്രഹ്മി ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം ചേറുതേനിൽ കഴിച്ചാലും ഓർമ്മശക്തി വർദ്ധിക്കും.
[.] ബ്രഹ്മിയുടെ സ്വരസം 5 മുതൽ 10 മില്ലി വരെ സമം നെയ്യോ നവനീതമോ ചേർത്ത് നിത്യം സേവിപ്പിച്ചാൽ ബാലകരിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കുമെന്ന് നിശ്ചയം.
[.] ബ്രഹ്മി, വയമ്പ്, ആടലോടകം, വാൽമുളക്, കടുക്ക ഇവയുടെ കഷായം തേൻ ചേർത്തു സേവിച്ചാൽ ശബ്ദം തെളിയും. ശബ്ദസൗകുമാര്യം ഏറും. സംഗീതോപാസകർക്ക് ഒരു അനുഗ്രഹമാണ് ഈ ഔഷധി.
[.] ബ്രഹ്മി, വിഷ്ണുക്രാന്തി, കുരുമുളക്, പച്ചവയമ്പ്, കടുക്കത്തോട് ഇവ അര കഴഞ്ചു വീതം അരച്ച് 4 ഗുളികയാക്കി ദിവസം 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ വിക്കിന് ആശ്വാസം ലഭിക്കും. ഈ യോഗത്തിൽ ബ്രഹ്മി പോലെ പ്രയോജനകരമാണ് മുത്തിൾ.
[.] നിത്യം പ്രഭാതേ ബ്രഹ്മിയില പിഴിഞ്ഞ നീര് സേവിക്കുന്നത് വിക്കിന് ശമനം നൽകും. മുത്തിളും കുരുമുളകും ചേർത്തു കഴിക്കുന്നതും നല്ലത്.
[.] ബ്രഹ്മിയില നിഴലിൽ ഉണക്കി പൊടിച്ചെടുത്ത ചൂർണ്ണം ദിനവും 5 ഗ്രാം മുതൽ 10 ഗ്രാം വരെ കഴിക്കുന്നത് നല്ലതാണ്. ചൂർണ്ണം വെള്ളത്തിൽ തിളപ്പിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് സിറപ്പായും ഉപയോഗിക്കാം. ദേഹകാന്തിയ്ക്കും ഓർമ്മശക്തിയ്ക്കും ആയുസ്സിനും നന്ന്.
[.] ഹെർണിയ | വൃദ്ധി എന്ന അവസ്ഥയുടെ തുടക്കത്തിൽ ബ്രഹ്മീതൈലം പുരട്ടിയാൽ ശസ്ത്രക്രിയ ഇല്ലാതെ ശമനം ലഭിക്കും. [കുമാരകൃഷ്ണസങ്കലിതം]
[.] ബ്രഹ്മി, വയമ്പ്, ജഡാമാഞ്ചി, മഞ്ചട്ടി, ഗുൽഗുലു, ശതാവരി, അമരി, കടുകു രോഹിണി, അമൃത് ഇവ നെയ്യിന്റെ 4 ഇരട്ടി വെള്ളത്തിൽ അരച്ചുകലക്കി കൽക്കത്തിന്റെ 4 ഇരട്ടി നെയ്യും ചേർത്ത് കാച്ചിയരിച്ചു കഴിച്ചാൽ ഉന്മാദം അപസ്മാരം ജന്മനായുള്ള മന്ദബുദ്ധിത്വം എന്നിവ ശമിക്കും. ധാരണാശക്തി ബുദ്ധി ഓർമ്മ എന്നിവ വർദ്ധിക്കും.
[.] വിധിവൈപരീത്യം കൊണ്ട് ചില കുട്ടികൾ ജന്മനാ കൈകാലുകൾ മുരടിച്ച് വളർച്ചയില്ലാതെ ബുദ്ധി വളർച്ചയില്ലാതെ ആതുരരായി ജീവിക്കേണ്ടി വരുന്നു. ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽച്ചേർത്ത് നിത്യം സേവിപ്പിക്കുന്നത് ഇത്തരം അവസ്ഥകളിൽ അതീവഫലപ്രദമാണ്.
[.] ജന്മനാ മഞ്ഞപ്പിത്തമുള്ള കുട്ടികൾക്ക് ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ബാലാതപമേൽപ്പിക്കുന്നതും നന്ന്.
[.] അപക്വമായ വ്രണങ്ങളില്‍ ബ്രഹ്മി അരച്ചു പുരട്ടിയാല്‍ വ്രണം വേഗം പഴുത്തു പൊട്ടും.
[.] ബ്രഹ്മിയിലനീരും ത്രികോല്‍പ്പക്കൊന്നയിലനീരും സമമെടുത്ത് അര ഔണ്‍സ് വീതം നിത്യം പ്രഭാതേ സേവിച്ചാല്‍ മഹോദരം ശമിക്കും.
[.] ബ്രഹ്മി സമൂലം നന്നായി അരച്ചെടുത്ത് ചൂടാക്കിയ പാത്രത്തിലിട്ടു അല്‍പസമയം ചൂടാക്കി നെഞ്ചില്‍ പുരട്ടിയാല്‍ കുട്ടികളിലെ വിട്ടുമാറാത്ത ചുമയും ആസ്തമയും ശമിക്കും.
[.] കുട്ടികളില്‍ കണ്ടുവരുന്ന Attention Deficit Hyperactive Disoreder (ADHD) എന്ന അവസ്ഥയിലും ബ്രഹ്മി ഫലപ്രദമാണ്.

വയറ്റില്‍ അള്‍സര്‍ ഉള്ളവരും, വളരെ പെട്ടന്നു ക്ഷോഭിക്കുന്ന Sensitive ആയ ഉദര അവസ്ഥ ഉള്ളവരും ബ്രഹ്മി നേരിട്ട് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വയറ്റില്‍ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം അവസ്ഥകളില്‍ ഉള്ളവര്‍ വൈദ്യോപദേശം അനുസരിച്ചു മാത്രമേ ബ്രഹ്മി ഉപയോഗിക്കാന്‍ പാടുള്ളൂ.

വളരെയേറെ ഗവേഷണങ്ങള്‍ അന്തര്‍ദ്ദേശീയതലത്തില്‍ ബ്രഹ്മിയുടെ ഔഷധഗുണങ്ങളെ അധികരിച്ചു നടക്കുന്നുണ്ട്.

തുടരും…..