തൊട്ടുരിയാടാതെ ഔഷധസസ്യം പറിക്കല്‍

ആധുനികശാസ്ത്രത്തിന്റെ നിര്‍വ്വചനം അനുസരിച്ച് ഭാരമുള്ളതും സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതുമായ വസ്തു – അതാണ്‌ ദ്രവ്യം, അത്ര മാത്രം. ഊര്‍ജ്ജവും ദ്രവ്യവുമായുള്ള ബന്ധം ആധുനികശാസ്ത്രം തന്നെ അംഗീകരിക്കുന്നുണ്ട്, അതു വേറെ കാര്യം.

*ആയുര്‍വേദത്തിന്റെ ദ്രവ്യസങ്കല്പം അല്‍പ്പം വ്യത്യസ്തമാണ്*

ആയുര്‍വേദത്തിന്റെ ദ്രവ്യവിജ്ഞാനശാഖയില്‍ ഔഷധഗുണമില്ലാത്ത ദ്രവ്യങ്ങള്‍ ഈ ലോകത്ത് വിരളം. രസം, ഗുണം, വീര്യം, വിപാകം – ഇങ്ങനെ നാലു സവിശേഷതകള്‍ ആധുനികരീതിയില്‍ ആയുര്‍വേദപഠനം നടത്തുന്നവര്‍ ദ്രവത്തിന് അംഗീകരിച്ചു നല്‍കുന്നു. വേദാന്തര്‍ഗതമാണ് ആയുര്‍വേദം. ആധുനികപഠനം (തുറന്ന്) അംഗീകരിക്കാത്ത ഒരു സവിശേഷത കൂടി ആചാര്യന്മാര്‍ ദ്രവ്യത്തിനുള്ളതായി പറയുന്നു. അതാണ്‌ പ്രഭാവം. ദ്രവ്യവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം പഠിച്ചവര്‍ക്ക് പ്രഭാവത്തെ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല എന്നത് മറ്റൊരു കാര്യം.

ചില ദ്രവ്യങ്ങളിലെ ഔഷധം പരമാണുതലം കഴിഞ്ഞാണ് സ്ഥിതമായിരിക്കുന്നത്. ഈ പരമാണുവിനെ ശാസ്ത്രക്ലാസുകളില്‍ നാം പഠിച്ച പരമാണു ആയി തെറ്റിദ്ധരിക്കരുത്. നാം പഠിച്ച തന്മാത്രയായി ഏകദേശം കരുതാം. പരമാണു തലം വരെ ദ്രവ്യത്തിന് സ്വതന്ത്രമായ സവിശേഷതകള്‍ ഉണ്ട്. പരമാണുതലത്തിന് അപ്പുറം, അപാണവതലങ്ങളില്‍ ചില ദ്രവ്യങ്ങള്‍ അത് ഉപയോഗിക്കുന്നവന്റെ മനസ്സിനെക്കൂടി ആഗിരണം ചെയ്യുന്നതായി ആചാര്യന്‍. ദ്രവ്യം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ് അനുസരിച്ച് പ്രഭാവം മാറുന്നു എന്ന് സാരം. സൂക്ഷ്മായ മനസ്സ് പ്രഭാവത്തെ ബാധിക്കുമ്പോള്‍ മനസ്സിനേക്കാള്‍ സ്ഥൂലമായ ശബ്ദത്തിന്റെ കാര്യം പറയേണ്ടല്ലോ!

തിരുതാളി, കറുക, മുക്കുറ്റി, മുയല്‍ച്ചെവി, കയ്യോന്നി, പൂവാംകുറുന്തല്‍, വിഷ്ണുക്രാന്തി, വള്ളിയുഴിഞ്ഞ, ചെറൂള, നിലപ്പന എന്നീ പത്തു ഓഷധികളെയാണ് ദശപുഷ്പങ്ങള്‍ എന്നു വിളിക്കുന്നത്‌. ദശപുഷ്പങ്ങള്‍ സൂക്ഷ്മസംവേദനക്ഷമതയുള്ള, സചേതനങ്ങളായ സസ്യങ്ങള്‍ ആണ്. അവയുടെ ഔഷധമൂലം സ്ഥിതിചെയ്യുന്നത് അപാണവതലങ്ങളിലാണ്. അതായത് പറിക്കുന്നവന്റെ മനസ്സിനെ വരെ ആഗിരണം ചെയ്യാന്‍ അവയ്ക്ക് കഴിയും എന്ന് സാരം. പഴമക്കാരുടെ അനുഭവമാണ് പറിക്കുന്നവന്റെ ശബ്ദത്തെപ്പോലും അവ ആഗിരണം ചെയ്യും എന്നത്. സമൂലം പറിക്കുമ്പോഴും, അല്ലാതെ പറിക്കുമ്പോഴും ഇതു ബാധകമാണ്.

ഓരോ ഓഷധിയും ഓരോ ദേവതയാണ്. ശരീരത്തിലെ ഓരോ അവയവത്തിനും ഓരോ ദേവതയുണ്ട്. ഒരു ഔഷധസസ്യം പറിച്ചെടുക്കുമ്പോള്‍ നിശ്ശബ്ദം, ധ്യാനമഗ്നനായി, തന്റെ ശരീരത്തിലെ ആതുരമായ അവയവത്തിന്റെ ദേവതയോടു സംവദിച്ച് തന്റെ ആതുരത മാറ്റിത്തരാന്‍ ഓഷധിയുടെ ദേവതയോടു പ്രാര്‍ത്ഥന ചെയ്യുന്നവനു തന്റെ പ്രഭാവം കൊണ്ട് സസ്യദേവത രോഗശാന്തി നല്‍കുന്നു എന്ന് പഴമക്കാരന്റെ അന്ധവിശ്വാസം. അന്ധവിശ്വാസികള്‍ ശ്രമിച്ചു നോക്കുക.

_https://anthavasi.wordpress.com_