
വിരൽച്ചുറ്റ് – ലളിതമായ പ്രതിവിധികൾ
നാട്ടിലെത്തിയപ്പോൾ അയലത്തെ ഒരു സുഹൃത്തിന് വിരൽച്ചുറ്റ്. നഖം കറുത്ത്, ആകെ മൊത്തത്തിൽ നഖത്തിന്റെ ഭാഗം വീർത്ത് വേദനയുണ്ടാക്കുന്ന ഒരു അവസ്ഥ. നഖത്തിന്റെ ഇടയിൽ അഴുക്കുകൾ അടിഞ്ഞു കൂടി അവിടെ കൃമികൾ പെരുകുക ജലം പഴുപ്പും ദുർഗന്ധവും. ഈ അവസ്ഥയ്ക്ക് എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഉള്ള ഒരു ലൊടുക്ക് പ്രയോഗമുണ്ട് – വണ്ണമുള്ള ചേമ്പിൻ തണ്ട് സംഘടിപ്പിച്ച്, വിരൽ നീളത്തിൽ മുറിച്ചെടുത്ത് ഉൾഭാഗം തുരന്ന് രോഗം ബാധിച്ച വിരൽ അതിനുള്ളിൽ കടത്തി മൂടി വെയ്ക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് രോഗം ശമിക്കും. സുഹൃത്തിനെ ആ പഴയ വിദ്യ ഓർമ്മപ്പെടുത്തി. കീറാൻ ഡോക്ടറെ കാണാൻ പോയ കക്ഷി തല്ക്കാലം തിരികെ വീട്ടിൽ പോയി. ചേമ്പ് ഞങ്ങളുടെ നാട്ടിൽ സുലഭമാണ്.
വിരൽച്ചുറ്റിന് കണ്ടും കേട്ടും അറിഞ്ഞ ഒരു പിടി പ്രയോഗങ്ങൾ വേറെയുമുണ്ട്.
മഞ്ഞൾപ്പൊടിയും, ഉപ്പുവെള്ളവും, നെല്ലണ്ണയും ചേർത്ത് പാകത്തിന് ചൂടാക്കി വിരലിൽ തുടരെ തുടരെ ധാര കോരുന്ന പ്രയോഗം സ്വാനുഭവത്തിൽ അതീവ ഫലപ്രദം.
ചേമ്പിൻ തണ്ട് പ്രയോഗം പോലെ, ചെറുനാരങ്ങ തുരന്ന് വിരൽ അതിനുളളിൽ കടത്തി മൂടി വെച്ചാലും വിരൽച്ചുറ്റ് ശമിക്കും.
കറ്റാർവാഴപ്പോളനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ആവണക്കെണ്ണയിൽ ചാലിച്ച് ചൂടാക്കി ചെറുചൂടോടെ വിരലിൽ പുരട്ടിയാൽ രോഗം പെട്ടന്ന് തന്നെ ശമിക്കും.
വളരെ ലളിതമായ മറ്റൊരു പ്രയോഗം – ചുവന്നുള്ളിയും ഉപ്പും ചേർത്തരച്ച് വിരലിൽ നന്നായി കനത്തിൽ പൊതിഞ്ഞു കെട്ടി ഉണങ്ങുമ്പോൾ വിരൽ ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി വീണ്ടും പ്രയോഗം തുടർന്നാൽ കുറച്ചു നാളുകൾ കൊണ്ട് പൂർണ്ണമായും ശമിക്കും.
ഇതൊന്നും നടന്നില്ലെങ്കിൽ വിരലിൽ കത്തിവെച്ചാൽ പോരെ?
കുറിപ്പ് : ഈ വിഷയത്തിൽ സ്വാനുഭവമുള്ള പ്രയോഗങ്ങൾ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർ ദയവായി പങ്കുവെയ്ക്കുക. അറിവിനെ കൂടുതൽ ജനകീയമാക്കുക.
ⒶⓃⓉⒽⒶⓋⒶⓈⒾ