
403 | VIRAL FEVER | വൈറല്‍ പനികള്‍

സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാൽ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. സൂര്യപ്രകാശത്തിൽ “കാച്ചിയ” ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തിൽ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടർച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും. താരൻ മാറാനും ഈ എണ്ണ നല്ലതാണ്.
തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. അഷ്ടാംഗഹൃദയാദികളായ പ്രമാണ ഗ്രന്ഥങ്ങളിലെങ്ങും ദന്തപ്പാലയുടെ ഉപയോഗം ചർച്ച ചെയ്യപ്പെടുന്നില്ല. ദന്തപ്പാല കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യവുമല്ല. സോറിയാസിസിനെ നിഗ്രഹിക്കാനുള്ള ഇതിന്റെ ശേഷി അറിഞ്ഞതിനു ശേഷം കേരളത്തിൽ പല ഭാഗങ്ങളിലും ദന്തപ്പാല വളർത്തുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഔഷധങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക ആയുർവേദ മരുന്നുകമ്പനികളും വിവിധ പേരുകളിൽ മേൽപ്പറത്ത ഔഷധം വിപണിയിലെത്തിക്കുന്നുണ്ട്.
ദന്തപ്പാല പോലെ തന്നെ ഏഴിലംപാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല എന്നിവയും സോറിയാസിസിൽ ഫലപ്രദമാണ്. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസിൽ ഉപയോഗിക്കാം. പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം. ദന്തപ്പാല ഉപയോഗിച്ച് ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.
ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.
വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും.
യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും.
കുടകപ്പാല (കുടജഃ)യുടെ ഇലയോടും കായോടും ദന്തപ്പാലയുടെ ഇലകള്‍ക്കും കായകള്‍ക്കും സാമ്യമുള്ളതു കൊണ്ട് കുടകപ്പാലയയ്ക്കു പകരം ദാന്തപ്പാല ഉപയോഗിക്കാറുണ്ട്.
ഇനി ഒരല്പം അന്ധവിശ്വാസം. മിഥുനരാശിയുടെ വൃക്ഷമായി ദന്തപ്പാലയെ അന്ധവിശ്വാസികള്‍ പ്രചരിപ്പിച്ചുപോരുന്നുണ്ട്. മിഥുനരാശിയില്‍ പെട്ടവര്‍ ദന്തപ്പാല വെച്ചുപിടിപ്പിക്കുന്നത് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്കുമത്രേ! ഈ അമൂല്യഔഷധിയെ നട്ടുവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അന്ധവിശ്വാസത്തിന് നല്ല നമസ്കാരം!
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ് കൂവളത്തിന്റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്.
പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു ഫലമായാണ് കൂവളത്തിന്റെ കായ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ എവിടെയൊക്കെ കൂവളമുണ്ടോ അവിടെയൊക്കെ തറയില്‍ കായകള്‍ ചിതറിക്കിടക്കുന്നത് കാണാം. ആരും പൊതുവേ പ്രത്യേകിച്ച് ഒരു വിലയും കല്‍പ്പിക്കാത്ത ഈ കായ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്.
കൂവളത്തിന്റെ കായ പച്ചയോ, പഴുത്തതോ സംഘടിപ്പിച്ച് പൊട്ടിച്ച് അതിന്റെ ഉള്ളിലെ കാമ്പ് (കഴമ്പ്) എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു വെച്ച് കഴിച്ചാല്‍ പനികള്‍ മാറും, ഉദരസംബന്ധമായ ഒട്ടുമിക്ക അസുഖങ്ങളും പോകും, ഉദരരോഗങ്ങളോടൊപ്പം വരുന്ന പനിയും മാറും, വേറെ പ്രത്യേകിച്ച് ഒരു മരുന്നും വേണ്ട. കൂവളത്തിന്റെ കായ പൊട്ടിക്കുമ്പോള്‍ കാറ്റടിയേല്‍ക്കാതെ സൂക്ഷിക്കണം. കാറ്റു കൊണ്ടാല്‍ ഉള്ളിലെ മജ്ജയുടെ നിറം പെട്ടന്നു കറുപ്പാകും. കറുപ്പുനിറം വന്നാല്‍ കയ്പ്പു കൂടും. പിന്നെ കഴിക്കാന്‍ പറ്റില്ല. വീട്ടില്‍ ഒരു ഗ്രെയിന്‍ സ്പൂണ്‍ വാങ്ങി വെയ്ക്കുക. പനി വരുമ്പോള്‍ ഒരഞ്ചു ഗ്രെയിന്‍ പൊടി കൊടുക്കുക. പനി പോകും. എല്ലാ ഉദരസംബന്ധമായ രോഗങ്ങളും പോകും.
ഇന്ന് നാം ഗ്യാസ്ട്രോയുടെ ആളുകളെ കാണുന്ന ഏതാണ്ട് 80% രോഗങ്ങളും കൂവളത്തിന്റെ കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടുമിക്ക രോഗങ്ങളും കൂവളത്തിന്റെ കായയുടെ മജ്ജ കൊണ്ടു പോകും. മേല്‍പ്പറഞ്ഞ പൊടി കഷ്ടിച്ച് ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിക്കാം. വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയിലെല്ലാം അതീവഫലപ്രദമാണ് ഈ ഔഷധം. കൂവളത്തിന്റെ കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് അപ്പാടെ കഴിച്ചാലും മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങളും ശമിക്കും.
ഒരു ആഹാരമായി ദിവസം 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ പഴുത്ത മജ്ജ മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കൊക്കപ്പുഴു പോലെയുള്ള സകല ഉദരകൃമികളും ചത്ത് മലത്തോടോപ്പം പുറത്തു പോകും. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കേണ്ട ആവശ്യമില്ല.
കൂവളത്തിന്റെ പച്ചക്കായയുടെ മജ്ജ ദിവസേന കഴിച്ചാല്‍ രക്താര്‍ശസ് (ചോര പോകുന്ന പൈല്‍സ്) പൂര്‍ണ്ണ നിയന്ത്രണത്തിലാകും.
പഴയ ആളുകള്‍ പഴുത്ത കൂവളക്കായയുടെ മജ്ജ മോരിലടിച്ചു കുടിക്കുമായിരുന്നു. മോരിലടിച്ച് ആ മോര് കാച്ചി കറിയാക്കി കഴിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഉദരരോഗങ്ങളെല്ലാം മാറുകയും ചെയ്യുമായിരുന്നു. വടക്കേയിന്ത്യക്കാര് ഇന്നും പഴുത്ത കൂവളക്കായയുടെ മജ്ജ ലസ്സി ഉണ്ടാക്കി കഴിക്കാറുണ്ട്. കൂവളക്കായയുടെ പഴുത്ത മജ്ജ കൊണ്ട് “മുറബ്ബ” ഉണ്ടാക്കി കഴിക്കാറുമുണ്ട്. മുറബ്ബ ഒരു മധുരവിഭവമാണ്. ഇതെല്ലാം ഉദരരോഗങ്ങളില്‍ നിന്ന് അനായാസമുക്തി തരുന്നവയാണ്.
ഇനി എവിടെയെങ്കിലും കൂവളത്തിന്റെ കായ കണ്ടാല്‍ കളയാതെ എടുത്തുവെച്ച് മജ്ജ ചൂര്‍ണ്ണമാക്കി സൂക്ഷിക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. സാദ്ധ്യമെങ്കില്‍ ഈ ദിവ്യവൃക്ഷം സ്വന്തം വീട്ടിലും, പൊതുസ്ഥലങ്ങളിലും വെച്ചുപിടിപ്പിക്കുക. വരുംതലമുറകള്‍ക്ക് ആരോഗ്യമുണ്ടാകും.
പുളിയാറല്‍ – പുളിയാറില. ആറിതളുകളുള്ള ഇല ചെടിയെ തിരിച്ചറിയാന്‍ എളുപ്പം സഹായിക്കും. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. അതിസാരം, അമീബിയാസിസ്, വയറിളക്കം, ഗ്രഹണി, അര്‍ശസ് തുടങ്ങിയ ഉദരരോഗങ്ങള്‍ ശമിക്കാന്‍ അതീവ ഫലപ്രദം. ചെടി സമൂലം പറിച്ചെടുത്തു വൃത്തിയാക്കി അരച്ചു നീരെടുത്തോ നേരിട്ടോ മോരില്‍ കലക്കി സേവിച്ചാല്‍ ക്ഷിപ്രഫലദായകം. നെയ്യ് നീക്കിയ മോര് വേണം ഉപയോഗിക്കാന്‍.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
അതിസാരം | വയറുകടി | മൂത്രം ചുടിച്ചില്‍
ആനച്ചുവടി സമൂലം അരിഞ്ഞെടുത്ത്, അതിന്റെ പകുതി മല്ലിയും ചേര്‍ത്ത് കഷായം വെച്ച്, 30 ml വീതം, കൂവപ്പൊടി മേമ്പൊടിയായി കാലത്തും വൈകിട്ടും കഴിക്കുന്നത് അതിസാരം, വയറുകടി, മൂത്രം ചുടിച്ചില്‍ എന്നീ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
കഷായവിധി : 60 gm ദ്രവ്യം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസ് (150 ml) ആക്കി വറ്റിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കണം.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
കടലാടിയില ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ അതിസാരം മാറും.
ചെറുകടലാടി, വന്‍കടലാടി എന്ന് രണ്ടിനം ചെടികള്‍ ഉണ്ട്. ചെറുകടലാടി ആണ് ഉത്തമം. രണ്ടും കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്നു.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.