അക്ഷരക്കഷായം – ഭാഗം 4

ആയുർവേദത്തിലെ പത്തു പാപങ്ങൾ

[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്]

രോഗം ഇല്ലാതിരിക്കണമെങ്കിൽ ആദ്യം മനസ്സു നന്നാകണം. മനസ്സിൽ കൃപയും സ്നേഹവും വാത്സല്യവും നിറഞ്ഞിരിക്കണം.

ഹിംസ, സ്തേയം, അന്യഥാകാമം, പൈശൂനം, പരുഷം, അനൃതം, സംഭിന്നാലാഭം, വ്യാപാദം, അഭിഥ്യ, ദൃഗ്വിപര്യയം ഇവയാണ് ആയുർവേദത്തിലെ പത്തു പാപങ്ങൾ. അവ പത്തും ഒഴിവാക്കണം.

ആരെയും ഉപദ്രവിക്കരുത്; മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും.

അന്യന്റെ ഒന്നും ആഗ്രഹിക്കരുത്.

ലൈംഗിക ദുരാചാരങ്ങളിൽ ഏർപ്പെടരുത്.

ഇന്ന് എല്ലാ മാസികകളും, പത്രങ്ങളും, സീരിയലുകളും, ലൈംഗികദുരാചാരങ്ങളുടെ കഥകളാണ് ആധുനിക തലമുറയ്ക്ക് തരുന്നത്. ഇപ്പോൾ നാൽപ്പത്തഞ്ചോ അമ്പതോ വയസ്സായവർ, എന്നാണ് ആണും പെണ്ണും ചേർന്നാലാണ് കുട്ടിയുണ്ടാകുക എന്ന് മനസ്സിലാക്കിയത്? ഒരു പത്താം ക്ളാസ്സെങ്കിലും കഴിഞ്ഞാണ്. ശരിയല്ലേ? കുഞ്ഞുപ്രായത്തിൽ ഇതൊന്നും അറിയില്ല. പണ്ടൊക്കെ പത്തുവരെ സാധാരണ പഠിക്കാനുള്ള ജനറൽ സയൻസേ ഉണ്ടായിരുന്നുള്ളൂ. അതിൽ പോളിനേഷനും ഫെർട്ടിലൈസേഷനും ഒന്നും ഉണ്ടായിരുന്നില്ല. പുതിയ തലമുറയിൽ അഞ്ച് ആറ് വയസ്സു മുതൽ ഇത് ഒക്കെ പഠിക്കാൻ തുടങ്ങുന്നു. ശാസ്ത്രീയമായ പഠനം എന്ന് പറഞ്ഞാണ് പഠിപ്പിക്കുന്നത്! അച്ഛനും അമ്മയും തങ്ങളുടെ കട്ടിലിൽ തന്നെ കുട്ടിയെ കിടത്തി ദമ്പതിക്രിയയും മറ്റും ചെയ്യുന്നു; കുട്ടി അത് കണ്ടു പഠിക്കുന്നു! പണ്ടത്തെ കാരണവൻമാർ പിള്ളേർ അടുത്തുള്ളപ്പോൾ അത്തരം ആവിഷ്കാരങ്ങളിൽ ഒന്നും ഏർപ്പെടുമായിരുന്നില്ല. “പിള്ളേർ നിൽക്കുന്നു” – അങ്ങനെ ചിന്തിക്കുന്ന, പറയുന്ന ഒരു മര്യാദ അവർക്ക് ഉണ്ടായിരുന്നു. ആധുനികകാലത്തെ ചെറുപ്പക്കാർക്ക് ആ മര്യാദ കുറവാണ്. “പിള്ളേരും ഇതൊക്കെ ചെയ്യേണ്ടതല്ലേ, കണ്ടു പഠിക്കട്ടെ” – എന്നതാണ് ചിന്താഗതി. ഇതൊക്കെ ക്ളാസ്സ് കൊടുത്തു പഠിപ്പിക്കേണ്ടതാണോ? എത്ര ക്ളാസ്സുകളിൽ പഠിച്ചിട്ടാണ് പണ്ടുള്ളവർ ഇതൊക്കെ ചെയ്തത്? അവർക്ക് സദാചാരബോധമുണ്ടായിരുന്നു; ആധുനികർക്കുള്ളത്ര രോഗങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നത്തെ ആധുനികന് സദാചാരബോധമില്ല; കുട്ടികൾ അടുത്തുള്ളപ്പോൾ ഇതൊക്കെ ചെയ്തു കാണിക്കുമ്പോൾ, അവർ അതൊക്കെ നേരത്തേ ചെയ്യാൻ തുടങ്ങുന്നു; പിന്നീട് അതു രോഗമാവുകയും ചെയ്യുന്നു.

മാധ്യമങ്ങളായ മാധ്യമങ്ങൾ മുഴുവൻ, പ്രത്യേകിച്ച് സീരിയലുകൾ,.അപക്വമായ ലൈംഗിതയുടെ കാഴ്ചകളാണ് നിങ്ങൾക്ക് തന്നത്; തന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗമുണ്ടാക്കുന്നത് “അന്യഥാ കാമം” ആണ്. അത്തരം സീരിയലുകൾ കണ്ടുകൊണ്ട്, ആ വഴിക്കുള്ള വാർത്തകൾ വായിച്ചുകൊണ്ട്, രോഗം മാറാൻ മരുന്നു കഴിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ല. അത്തരം കാഴ്ചകൾ കാണരുത്; അത്തരം വാർത്തകൾ വായിക്കരുത്. സീരിയലുകളിൽ കാണുന്ന കാഴ്ചകൾ ശരീരത്തിൽ ഉണ്ടാക്കുന്ന സ്രവങ്ങളും മരുന്നുകൾ നൽകുന്ന പ്രതിരോധവും ഒത്തുപോകില്ല. മരുന്ന് അതിന് കൂടുതൽ ഗതിയുണ്ടാക്കും. രോഗം വർദ്ധിക്കും. അതു കൊണ്ട് ആലോചിച്ചിട്ട് മരുന്നു കഴിക്കാൻ തുടങ്ങിയാൽ മതി. സീരിയലുകൾ കണ്ടേ തീരൂ എന്നുള്ളവർ മരുന്നുകൾ വാങ്ങരുത്. ഈ സീരിയലുകൾ മാത്രം മതിയാകും ഒരാളുടെ രോഗങ്ങൾ തീർത്തും മാറാൻ; ഇഹത്തിലെ സകല രോഗവും പെട്ടന്നു തീർന്നു കിട്ടും, നിങ്ങളോടൊപ്പം. മനസ്സിലായോ ആവോ!

അതുകൊണ്ട് നല്ലതുപോലെ ആലോചിച്ചിട്ട് മരുന്ന് കഴിക്കാൻ തുടങ്ങുക. ഗവൺമെന്റ് അറിഞ്ഞോ അറിയാതെയോ അനുവദിച്ചു തന്നിട്ടുള്ള ഒരുപാട് സ്വാതന്ത്ര്യങ്ങൾക്കു നടുവിലാണ് നിങ്ങൾ ജീവിക്കുന്നത്. കാഴ്ചയ്ക്കും കേൾവിക്കുമൊന്നും ഒരു സെൻസറിങ്ങും ഇല്ല. അതു കൊണ്ട് സ്വയം ചില നിയന്ത്രണങ്ങൾ വേണം.

ലൈംഗികദുരാചാരം ആവിഷ്കരിക്കുന്ന ഒട്ടേറെ സീരിയലുകളും, മാസികാ-പത്രങ്ങളും, വെബ്സൈറ്റുകളും ഗവൺമെന്റിന്റെ അനുമതിയോടു കൂടിത്തന്നെ നിങ്ങൾക്ക് ഇന്ന് പ്രാപ്യമാണ്. സന്ന്യാസിമാരുടെയും ഉന്നതന്മാരുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഒക്കെ ലൈംഗിക ദുരാചാരങ്ങളുടെ വാർത്തകൾ പത്രങ്ങൾ സിനിമാക്കഥ പോലെ എഴുതിപ്പിടിപ്പിക്കുമ്പോഴും, ദൃശ്യമാധ്യമങ്ങൾ സംഗീതവും നൃത്തവും അഭിനയവും ചേർത്തു വിളമ്പുമ്പോഴും ഒന്നറിയുക, ആരും നന്നാകാൻ വേണ്ടിയൊന്നുമല്ല അവർ അതൊക്കെ അച്ചടിക്കുകയും കാണിക്കുകയും ചെയ്യുന്നത്; നിങ്ങളെ ഇക്കിളിപ്പെടുത്തി രോഗിയാക്കാനാണ്. അത്തരം വാർത്തകൾ നിങ്ങളും വളരെ ശ്രദ്ധാ പൂർവ്വമാണ് വായിക്കുന്നത് എന്നത് പ്രത്യേകം ഓർക്കണം. കാത്തിരുന്ന് ടി.വി ഓൺ ചെയ്ത് കണ്ടും കേട്ടും രസിക്കുന്നതിലുള്ള നിഷ്കർഷയും ഒന്നു വേറെ തന്നെയാണ്. വരി വിടാതെ, സീൻ വിടാതെ, അതൊക്കെ പിന്തുടരാൻ എന്തൊരു ആകാംക്ഷയാണ് നിങ്ങൾക്ക് ! പോരാഞ്ഞിട്ട് വീട്ടിലും ഓഫീസിലും ഒക്കെ അതേക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും.

ഓർക്കുക, പത്ര-മാസികകൾ എഴുതി പ്രസിദ്ധീകരിക്കുന്നതെല്ലാം നിങ്ങൾ വായിച്ചതുകൊണ്ട് സമൂഹം നന്നാകാനൊന്നും പോകുന്നില്ല. സമൂഹത്തിൽ നടക്കുന്ന വൃത്തികേടുകളെല്ലാം ക്യാമറയിൽ ഒപ്പിയെടുത്തുകൊണ്ടു വന്നു കാണിച്ചതുകൊണ്ട് അതൊന്നും ആവർത്തിക്കാതിരിക്കാനും പോകുന്നില്ല. വായിച്ചും കണ്ടും അതിന്റെ ഇക്കിളിയിൽ നിൽക്കുന്ന നിങ്ങളും നന്നാകാൻ പോകുന്നില്ല. മനസ്സിൽ ഉദാത്തമായ സംസ്കാരമൊന്നും ഉദിക്കാൻ പോകുന്നില്ല; മറിച്ച് മനസ്സ് കൂടുതൽ മലീമസമാകുകയേയുള്ളൂ. മറിച്ച് ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ? എങ്കിൽ, ഇക്കണ്ട വൃത്തികേടുകളെല്ലാം കണ്ടും കേട്ടും എന്റെ മനസ്സിലെ അധമവികാരങ്ങളെല്ലാം പോയി എന്നു പറയുന്ന ആരെയെങ്കിലും ഒരാളെ കാണിച്ചുതരാമോ? അന്വേഷിച്ചു കണ്ടുപിടിച്ചു പറഞ്ഞാലും മതി.

പിന്നെ, ഇതുകൊണ്ടൊക്കെ ഒരു പ്രയോജനമുണ്ട്. കാണിക്കാൻ സാധ്യമായ കൊള്ളരുതായ്മകളെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാൻമാരാകും. മന്ത്രിയ്ക്ക് ആകാമെങ്കിൽ എനിക്ക് ആയിക്കൂടെ എന്ന് ചിന്തിച്ചു തുടങ്ങും. മുമ്പ് നടത്തിയവർക്ക് പറ്റിയ പിഴകൾ കൂടി പരിഹരിച്ച് അവർ കൂടുതൽ കൊള്ളരുതായ്മകൾ ചെയ്യാൻ തുടങ്ങും. മൊത്തത്തിൽ സമൂഹം അഴിച്ചുവിട്ട കാളക്കൂറ്റനെപ്പോലെ പെരുമാറാൻ തുടങ്ങും.

ഇനി. നല്ലതുപോലെ ആലോചിക്കുക. എന്നിട്ട് രോഗത്തിനു മരുന്നു കഴിക്കണോ എന്ന് തീരുമാനിക്കുക. രോഗം മാറണമെങ്കിൽ, മൂന്നു ശാരീരികപാപങ്ങൾ – ഹിംസ, സ്തേയം, അന്യഥാകാമം – ഇവ നിർബന്ധമായും ഒഴിവാക്കണം.

പിന്നെയുള്ളത് “പൈശുനം”. കുശുമ്പു പറയരുത്.

പരുഷമായി സംസാരിക്കരുത്. രമ്യവും സുഖാവഹവുമായി മാത്രമേ വീട്ടിലും പുറത്തും സംഭാഷണം നടത്താവൂ. ഏതു പ്രതിസന്ധിയിലും മര്യാദാമസൃണമായ ഭാഷ കൈവിടരുത്. കാരണം, നാം പറയുന്നത്, ആദ്യം നാം കേട്ടിട്ടാണ് അന്യൻ കേൾക്കുന്നത്. കേൾക്കുമ്പോൾ ആയിരമായിരം ഹോർമോണുകൾ ഉണ്ടാകും. രോഗം മാറാൻ മരുന്നു കഴിക്കുമ്പോഴെങ്കിലും വളരെ മര്യാദയോടു കൂടിയേ സംസാരിക്കാവൂ.

ഒന്നിനെക്കുറിച്ചും കെട്ടിച്ചമച്ച് പറയരുത് – “അനൃതം”! അത് ഒഴിവാക്കണം.

മറ്റുള്ളവർ കലഹിക്കുമാറ് വർത്തമാനം പറയരുത്. ചിലർ ഓഫീസിലും വീട്ടിലും അയൽപക്കത്തുമൊക്കെ എന്തു പറഞ്ഞാലും ഓരോരുത്തനെ കലഹിപ്പിച്ചിട്ടേ പോരുകയുള്ളൂ. അത്തരക്കാർക്ക് രോഗം എന്നും കൂടെയുണ്ടാകും. “സംഭിന്നാലാപം” അത് ഒഴിവാക്കണം.

മറ്റുള്ളവർക്ക് ആപത്തു വരണം എന്ന് വിചാരിക്കുന്നത് “വ്യാപാദം”. ഒരിക്കലും മറ്റുള്ളവർക്ക് ആപത്തു വരണം എന്ന് ചിന്തിക്കരുത്.

“അഭിഥ്യ” – സത്യം, ധർമ്മം ആദിയായവയിൽ വിശ്വസിക്കാതിരിക്കൽ. ഇക്കാലത്ത് ഇതൊന്നും ഇല്ലെന്ന് ആളുകൾ പറയും. അത് ശരിയല്ല. സത്യധർമ്മാദികൾ പാലിക്കണം.

“ദൃക്വിപര്യയം” – വളരെ പ്രധാനമാണ് ഇത്. ധനാത്മകമായി (പോസിറ്റീവ്) മാത്രമേ ചിന്തിക്കാവൂ. ദോഷൈകദൃക്കാവരുത്. രോഗം വന്നു. അത് മാറും, മാറണം എന്ന ചിന്തയില്ലെങ്കിൽ, നോക്കുമ്പോൾ നോക്കുമ്പോൾ അത് കൂടും. വ്രണങ്ങളും, രോഗങ്ങളും, മുഴകളും, മറ്റു പ്രശ്നങ്ങളും, കൂടും കൂടും എന്നു നിങ്ങൾ തന്നെ സങ്കൽപ്പിക്കുകയാണെങ്കിൽ ഏതു മരുന്നു കഴിച്ചിട്ടും പ്രയോജനമില്ല. മറിച്ച് മാറുമെന്ന് വൈദ്യനിൽ നിന്ന് കേൾക്കുകയും, അതു തന്നെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉൾക്കൊള്ളുകയും മാറുമെന്ന് സ്വയം ഉറച്ചു വിശ്വസിക്കുകയും ചെയ്താൽ, രോഗങ്ങൾ മാറും. അതിന് ഇവിടുത്തെ മരുന്നു തന്നെ വേണമെന്നില്ല. ഇതു വരെ കഴിച്ച മരുന്നു കഴിച്ചാലും രോഗം പോകും. വളരെ സത്യസന്ധമായാണ് പറയുന്നത്. മരുന്നിനെക്കാൾ പ്രധാനം മനസ്സാണ്. സന്മനസ്സുള്ളവർക്ക് ഭൂമിയിൽ രോഗമില്ല. ഇതു വരെ കഴിച്ച മരുന്നിന്റെ കുഴപ്പം കൊണ്ടൊന്നുമല്ല നിങ്ങളുടെ രോഗം മാറാത്തത്. മരുന്നൊക്കെ അതു തന്നെ മതിയായിരുന്നു. പക്ഷെ ആദ്യം മരുന്നു തന്ന ഡോക്ടർ നിങ്ങളെ പറ്റിച്ചു. “ഇതു മാറുകയൊന്നുമില്ലെടോ”, എന്ന് അയാൾ പറഞ്ഞു പോയി. പിന്നെ ചികിത്സിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അതുകൊണ്ടാണ് നിങ്ങളൊക്കെ ഇങ്ങോട്ടു പോന്നത്.

അടുത്ത കൂട്ടർ രോഗിയുടെ ബന്ധുക്കളെന്നു പറയുന്നവരാണ്. അവർ ചെയ്യുന്ന ദൂഷ്യം വളരെ വലുതാണ്. പലപ്പോഴും രോഗിയുടെ കാലന്മാരാണിവർ.

ബന്ധുക്കളായ ബന്ധുക്കളൊക്കെ ഇന്റർനെറ്റിൽ കയറിയും ആരോഗ്യമാസികകൾ വായിച്ചും അവിടുന്നും ഇവിടുന്നുമൊക്കെ പഠിച്ചും ഇതു മാറുന്ന രോഗമല്ല എന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തും. പിന്നെ രക്ഷയില്ല. ഇതിനൊക്കെ വല്ല ആധികാരികതയുണ്ടോ ശാസ്ത്രീയതയുണ്ടോ എന്നൊന്നും ആരും ചിന്തിച്ചു നോക്കാറില്ല. അച്ചടിച്ചു കാണുന്നതാണ് സത്യമെന്ന് കണ്ണുമടച്ച് അങ്ങു വിശ്വസിക്കും. ഈ ലേഖനമൊക്കെ അതിൽ പേര് വെച്ചിരിക്കുന്നവർ എഴുതുന്നതാവും എന്നാണ് വായിക്കുന്നവർ വിശ്വസിച്ചിരിക്കുന്നത്. പലപ്പോഴും അങ്ങനെയല്ല. അതൊക്കെ വാരികകളുടെ ലേഖകൻമാർ എഴുതിക്കൂട്ടുന്നതാണ്. അവർക്കു മനസ്സിലാകുന്നതു മാത്രം എഴുതി അച്ചടിക്കും. മനസ്സിലാകാത്തതൊക്കെ വിട്ടുകളയും. എഴുതുന്നത് പരമാവധി സംഭ്രമമുണ്ടാക്കാവുന്നതു മാത്രമായിരിക്കും. ആരുടെ പേരിൽ അച്ചടിച്ചു വന്നാലും ഇതൊക്കെയാണ് സ്ഥിതി. എനിക്കു പറയാനുള്ളത് നേരിട്ടു പറയുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് നിങ്ങളോട് ഇപ്പോൾ സംസാരിക്കുന്നത്.

ഇനി ആരോഗ്യാർത്ഥികളായ നിങ്ങളുടെ കാര്യമെടുക്കാം. നിങ്ങൾക്ക് ഒന്നിലും വിശ്വാസമില്ല. “ബാക്കി ചികിത്സയൊക്കെ കഴിഞ്ഞു; ഇനി സ്വാമിയുടെ ചികിത്സ കൂടി ഒന്നു നോക്കിയേക്കാം”. അതു വേണ്ട. ഇവിടുന്നും കുറെ മരുന്നു വാങ്ങി കാശ് കളയണ്ട. “എനിക്ക് രോഗം മാറണം” എന്ന ഉറച്ച തീരുമാനം ഉണ്ടെങ്കിൽ മാത്രം എന്റെ മുമ്പിൽ നിന്നാൽ മതി. പച്ചയ്ക്കു തന്നെയാണ് പറയുന്നത്. രോഗം മാറുന്നത് മനസ്സു കൊണ്ടാണ്. അതുകൊണ്ട് ആരോഗ്യാർത്ഥികൾ രോഗം മാറുമെന്നു തന്നെ വിശ്വസിക്കണം.

അക്ഷരക്കഷായം – ഭാഗം – 2

അക്ഷരക്കഷായം – ഭാഗം – 2

[ഒന്നാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ]

ഇതിനൊരു രണ്ടാം ഭാഗം ഉണ്ട്.

ഒരു അമ്പതു കൊല്ലം മുമ്പ്, വേണ്ട, ഒരു ഇരുപത്തിയഞ്ചു കൊല്ലത്തിനപ്പുറം പോലും, ഏതു വീട്ടില്‍ ചെന്നാലും എണ്‍പത് തൊണ്ണൂറ് വയസ്സുള്ള ഒരു വല്യമ്മ മാറു മറയ്ക്കാതെ ഒരു തോര്‍ത്തു മാത്രം ഉടുത്ത് വീടിന്‍റെ അറ്റത്തെങ്ങാനും ഇരുപ്പുണ്ടാകും. കൊച്ചുപിള്ളേര്‍ അവരുടെ മടിയില്‍ കളിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടെ അമ്മയെ കിട്ടിയില്ലെങ്കില്‍ പാലില്ലെങ്കിലും അവരുടെ മുല തന്നെ വലിച്ചു കുടിക്കുകയും ചെയ്യും. ഈ ചിത്രം നിങ്ങളില്‍ പ്രായം ചെന്നിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും. അവരുടെ മകളായി ഒരു എഴുപതുകാരി തൊട്ട് ഇപ്പുറത്ത് മുണ്ടുമുടുത്ത് ഇരിപ്പുണ്ടാകും. തോര്‍ത്തിന് പകരം അവര്‍ മുണ്ടാക്കിയിട്ടുണ്ടാകും എന്നു മാത്രം. മാറോന്നും അവരും മറച്ചിട്ടുണ്ടാവില്ല. നാല്‍പ്പത്തഞ്ച് അമ്പത് വയസ്സുള്ള അവരുടെ മകള്‍ മുണ്ടും ബൌസും ഒക്കെ ധരിച്ച് തൊഴുത്തിലും മുറ്റത്തുമായി നടക്കുന്നുണ്ടാകും. അതിനു താഴെയൊരു പെണ്ണ് കുട്ടിയെയുമെടുത്ത് വീട്ടുജോലിയും നോക്കി അകത്ത് എവിടെയെങ്കിലും ഉണ്ടാകും. കുറഞ്ഞത്‌ നാല് തലമുറ ചേര്‍ന്നതായിരുന്നു അന്നൊക്കെ ഒരു വീട്. ഇതു അതിശയോക്തിയാണ് എന്ന് ബോദ്ധ്യമുള്ളവര്‍ക്ക് എന്നെ തല്ലാം.

ഞാന്‍ ഈ പറഞ്ഞ കാലഘട്ടത്തില്‍ ഒന്നും ഇത്രയും ആശുപത്രികള്‍ ഇല്ല. കത്രിക വെയ്പ്പൊന്നും ഇത്രയും വളര്‍ന്നിട്ടില്ല. പതിനായിരക്കണക്കിന് ആളുകള്‍ എം.ബി.ബി.എസ്സും, എം.ഡിയും, ബി.എ.എം.എസും, ബി.എച്.എം.എസും, ഡി.എച്.എം.എസും, നാച്ചുറോപ്പതിയും, യോഗയുമൊന്നും എടുത്തു ഡോക്ടര്‍മാര്‍ ആയിട്ടില്ല. ഇത്രയും സ്പെഷ്യാലിറ്റി ആശുപത്രികള്‍ മുക്കിനു മുക്കിന് ഇല്ല. സാധാരണ ആശുപത്രികള്‍ പോലും കുറവ്. അന്നത്തെ ചിത്രമാണീ പറഞ്ഞത്.

പലപ്പോഴും അമ്മ, മകള്‍ പ്രസവിച്ച് കഴിഞ്ഞ് ഒന്നു കൂടെ പ്രസവിക്കും. അതുകൊണ്ട് മകളുടെ കുട്ടി ‘അമ്മാവന്‍’ എന്നു വിളിക്കണോ, അമ്മയുടെ കുട്ടി അനന്തിരവനെ ‘ചേട്ടന്‍’ എന്നു വിളിക്കണോ എന്ന പ്രശ്നം വരും. ഇത് അതിശയോക്തിയൊന്നും അല്ല. അന്ന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് പ്രഷര്‍, ഹാര്‍ട്ട്‌, ഷുഗര്‍, കാന്‍സര്‍ ഒന്നും തന്നെ കാര്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഈ എണ്‍പതും തൊണ്ണൂറും ഒക്കെ എത്തിക്കഴിയുമ്പോഴും സ്തനങ്ങള്‍ ഒക്കെ തൂങ്ങിക്കിടക്കും എന്നല്ലാതെ അതിലൊന്നും ഒരു മുഴയും കണ്ടില്ല. ഇന്ന് ഇക്കണ്ട മരുന്നൊക്കെ കഴിച്ച് ചികിത്സ ചെയ്തിട്ടും എണ്‍പത് ശതമാനം സ്ത്രീകളിലും ഒരു സ്തനം അല്ലെങ്കില്‍ രണ്ടും മുറിച്ചു കളയണം എന്നതാണ് സ്ഥിതി. വേറെയുമുണ്ട് അസുഖങ്ങള്‍. അണ്ഡാശയത്തില്‍ കാന്‍സര്‍, യൂട്രസ്സില്‍ കാന്‍സര്‍, സെര്‍വിക്സില്‍ കാന്‍സര്‍! മുപ്പത്തിയഞ്ച് വയസ്സ് കഴിയുമ്പോള്‍ സ്ത്രീകള്‍ കുറ്റിയറ്റു പോകുകയാണ്.

പലയിടത്തും പുരുഷന്മാര്‍ ഭാര്യ മരിച്ചിട്ടും ജീവിച്ചിരിക്കുന്നത്‌ ഇന്നു കാണാം. പണ്ടു കാലത്ത് തിരിച്ചാണ്. പുരുഷന്‍ മരിച്ചിട്ട് സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന കാഴ്ചയാണ് കാണുക.

പല കുടുംബങ്ങളിലെയും ആണിക്കല്ല് ആയ കുട്ടികള്‍ ജോലി കിട്ടാറാകുമ്പോഴാണ് സര്‍ക്കോമയും, ബ്രെയിന്‍ കാന്‍സറും, ഗ്ലയോമയും, മിക്സഡ്‌ ഗ്ലയോമയും ആസ്ട്രോസൈറ്റൊമയും ലുക്കീമിയയും ഒക്കെ വന്ന് പെട്ടന്ന് ഭൂമുഖത്തു നിന്ന് പോകുന്നത്. രോഗങ്ങളെ നിയന്ത്രണത്തിലാക്കുന്തോറും രോഗം കുറയുകല്ല എന്ന് നമുക്ക് കാണേണ്ടി വരുന്നു.

പണ്ട് ഇന്നത്തെ ഗൈനക്കോളജിസ്റ്റിന്‍റെ സ്ഥാനത്ത് വയറ്റാട്ടി ആയിരുന്നു. പതിച്ചി എന്ന് ചിലയിടങ്ങളില്‍ പറയും. വീട്ടിലെ വിവാഹം കഴിഞ്ഞ കുട്ടി, വീട്ടുകാരോടൊത്ത്‌ പണിയെടുത്തു പോകുന്നതിനിടയില്‍ ഒരു ദിവസം ഗര്‍ഭിണിയാകും. വീട്ടില്‍ അറിയാവുന്ന വല്ലവരും ഉണ്ടെങ്കില്‍ ഒരു പാല്‍ക്കഷായമോ മറ്റോ ഉണ്ടാക്കി കൊടുക്കും. പ്രസവവേദനയാകുമ്പോള്‍ വയറ്റാട്ടിയെ വിളിച്ചു കൊണ്ടു വരും. കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സ്ത്രീയാണ് അവള്‍. കക്കാനീറ്റലോ കുമ്മായമിടിക്കലോ ആയിരിക്കും അവളുടെ പണി. ജാതിയിലും തീരെക്കുറഞ്ഞവളായിരിക്കും. സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും പണക്കാരനായാലും ദരിദ്രനായാലും അവളാണ് ഗൈനക്കോളജിസ്റ്റ്! ചെയ്യുന്ന പണി ഒന്നായതു കൊണ്ട് രണ്ടുപേര്‍ക്കും ഒരേ പേര് പോരേ?

അവള്‍ ഓടി വന്ന് കയ്യും കാലും ഒന്നു വൃത്തിയായി കഴുകി, ഉടുത്ത തോര്‍ത്തു പോലും മാറ്റി ഉടുക്കാതെ പേറ്റുനോവുകാരിയുടെ മുറിയില്‍ കയറി കതകടയ്ക്കും.

അന്നത്തെ വൈദ്യന്മാരോക്കെ ഇങ്ങനെയാണ്. ആരുടെയും ഉള്ളില്‍ കയറിയൊന്നും പരിശോധിക്കില്ല. ചികിത്സയുടെ ഭാഗമായിട്ട് ആവശ്യമായി വരുമ്പോള്‍ ചെല്ലും. നേരെയോന്നു നോക്കും. വേണ്ടതു ചെയ്യും. അതിനപ്പുറമില്ല. പരിശോധനയൊക്കെ വളരെ കുറവാണ്.

വയറ്റാട്ടി അകത്തു കയറി കതകടച്ചു. കുട്ടി പ്രസവിച്ചു. നല്ല ആരോഗ്യമുള്ള കുട്ടികള്‍. ഇങ്ങനെ മിനിമം നാല്. മാക്സിമം പതിനെട്ട്. പണ്ടു കാലത്ത് പെണ്ണ് പ്രസവിക്കുന്ന കണക്കാണ്.

കുട്ടികള്‍ക്ക് കാര്യമായ രോഗങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. വല്ല പനിയോ മറ്റോ വന്നാല്‍, തള്ള ഒരു കട്ടന്‍ കാപ്പിയും മൊരിച്ച റൊട്ടിയും കൊടുത്തു പുതപ്പിച്ചു കിടത്തി അത് അങ്ങു മാറും. ഇല്ലെങ്കില്‍ ഒരു പൊടിയരിക്കഞ്ഞിയില്‍ അതങ്ങു മാറും. ഇന്ന് ഈ ഒരു പനി വന്നാല്‍ പത്തു ആശുപത്രികളില്‍ കയറിയിറങ്ങി ഒടുവില്‍ തെക്കേപ്പുറത്ത് പറമ്പില്‍ കുഴിച്ചിടും. മരുന്നുകള്‍ കൊണ്ട് മാറുമായിരുന്നുവെങ്കില്‍ ലോകത്ത് ഏറ്റവുമധികം മരുന്നുകളും ഏറ്റവുമധികം ഏറ്റവും അധികം മെഡിക്കല്‍ കമ്പനികളും, ഏറ്റവും അധികം ആശുപത്രികളും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. പക്ഷെ ലക്ഷങ്ങള്‍ ഇറങ്ങിപ്പോവുകയും കുടുംബം പട്ടിണിയാവുകയും രോഗി നരകയാതന അനുഭവിച്ചു മരിക്കുകയും ചെയ്യുന്നതാണ് ഇന്നു കാണുന്ന കാഴ്ച. പണ്ടുകാലത്ത് എന്തായാലും ഇത്രയും നരകിച്ചു കിടക്കുന്ന കാഴ്ച ഇല്ലെന്നാണ് എന്റെ ഓര്‍മ്മ. നിങ്ങളില്‍ പ്രായമുള്ളവര്‍ക്ക് എന്ത് പറയാനുണ്ട്?

ആശുപത്രിയില്‍ പോകുന്നതു കൊണ്ട് ഇന്നുള്ള മെച്ചം അവിടെ ചെന്നാല്‍ നരകയാതന അനുഭവിച്ചു കഴിയുന്ന അനേകം പേരെ ഒന്നിച്ചു കാണാം. ദയനീയമാണ് ആ കാഴ്ച.

പണം കൊണ്ടും മരുന്ന് കൊണ്ടും രോഗം മാറുമെങ്കില്‍ ഇപ്പോള്‍ മാറുന്ന പോലെ ഒരു കാലത്തും മാറില്ല. അതു മാറില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായില്ലേ? പണം ചെലവാക്കിയിട്ടും മരുന്നു കൊടുത്തിട്ടും രോഗി മരിക്കുന്നു.

പണ്ട് സ്ത്രീകള്‍ക്ക് ഇല്ലായിരുന്ന രോഗങ്ങളെല്ലാം ഇന്ന് സ്ത്രീകള്‍ക്ക് കൂടുതലാണ്. പുരുഷന്മാര്‍ക്ക് കുറച്ചു കുറഞ്ഞിട്ടുണ്ട്. ഹാര്‍ട്ട്‌ അറ്റാക്കും, പ്രമേഹവും, പ്രഷറും ഒക്കെ പണ്ട് പുരുഷന്മാര്‍ക്കേ വന്നിരുന്നുള്ളൂ. ഇന്ന് അതൊക്കെ ചെറുപ്പക്കാരായ പുരുഷന്മാരുടെ ഇടയില്‍ കുറഞ്ഞു. എന്തേ ഈ മാറ്റം? അതു പഠിച്ചാല്‍ രോഗം മാറുന്നത് എങ്ങനെ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അത് നന്നായി മനസ്സിലാക്കിയാല്‍ മതി, മരുന്ന് മേടിക്കാതെ തന്നെ പോയി രോഗം മാറ്റാം. പോരാത്തതിന് ഒരല്‍പം മരുന്ന് മേടിക്കണം.

മരുന്നല്ല പ്രധാനം.

[മൂന്നാം ഭാഗത്തില്‍ തുടരും]

അക്ഷരക്കഷായം-ഭാഗം-1

[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്]

ആരെങ്കിലുമൊക്കെ പറഞ്ഞതു കേട്ടു വന്നിട്ടുള്ളവരായിരിക്കും ഇവിടെ നില്‍ക്കുന്നവരില്‍ കൂടുതല്‍ പേരും. ബന്ധുക്കളോ പരിചയക്കാരോ ഇവിടെ വന്നിട്ട് രോഗം മാറി എന്നു കേട്ട് അതില്‍ അന്ധമായി വിശ്വസിച്ച് ചാടി പുറപ്പെടും. ഇവിടെ വന്നതു കൊണ്ടു മാത്രം രോഗം മാറില്ല. പല ആളുകളും “സ്വാമിയെ പോയി കാണുന്നു” എന്നറിയുമ്പോള്‍ സ്വാമി എന്തോ സിദ്ധി കൊണ്ട് ഒപ്പിയെടുക്കും, നുള്ളിയെടുക്കും എന്നൊക്കെ വിചാരിക്കാനിടയുണ്ട്. അതൊന്നും സത്യമല്ല. യാതൊരു സിദ്ധി കൊണ്ടുമല്ല അസുഖം പോകുന്നത്. നിങ്ങള്‍ നല്ലതു പോലെ ശ്രമിച്ചാലേ നിങ്ങളുടെ രോഗം മാറൂ.

നിങ്ങള്‍ പഠിച്ചിരിക്കുന്ന വിദ്യാഭ്യാസപ്രകാരം വൈറസും ബാക്ടീരിയയും അമീബയും മറ്റു സൂക്ഷ്മജീവികളും (microbes) ഒക്കെയാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇരുന്നൂറു വര്‍ഷങ്ങളായി ലോകമെമ്പാടും ഉള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നത് ഈ വഴിയിലാണ്. ഓരോ രോഗവും ഉണ്ടാക്കുന്ന വൈറസ്സിനെ കണ്ടെത്തുക – അതിനെ ഇല്ലായ്മ ചെയ്യാനുള്ള മരുന്ന് – കണ്ടുപിടിച്ചു രോഗിയ്ക്കു കൊടുക്കുക. – എന്നിട്ട് രോഗം മാറുമെന്നു വിശ്വസിച്ചിരിക്കുക. ഇതാണ് ഇന്നു നടന്നു വരുന്ന പണി. അതനുസരിച്ചുള്ള പേറ്റന്റ്‌ മരുന്നുകള്‍ ഓരോരുത്തരും കണ്ടുപിടിക്കുന്നു എന്നാണ് – വെയ്പ്പ്. അതുപോലെ ലുക്കീമിയയ്ക്കും, കാന്‍സറിനും, എച്. ഐ. വി-യ്ക്കും ഒക്കെ ഉള്ള പേറ്റന്റ്‌ മരുന്ന് എന്തോ ഈ സ്വാമി കണ്ടുപിടിച്ചു വെച്ചിട്ടുണ്ട്. അതങ്ങു വാങ്ങിച്ചു കഴിച്ചാല്‍ മതി, രോഗം പൊയ്ക്കോളും എന്നൊക്കെ കേട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ കള്ളത്തരമാണ്. ഇവിടെ ഒരു പേറ്റന്റ്‌ മരുന്നും ഇല്ല. നിങ്ങളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഈ കാര്യം പെട്ടന്നു മനസ്സിലാകും. എല്ലാവരുടെയും രോഗം മാറ്റാന്‍ പറ്റുന്ന ഏതെങ്കിലും പേറ്റന്റ്‌ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ റോയല്‍റ്റി കൊണ്ടു മാത്രം കോടികള്‍ ഉണ്ടാക്കാം. ആ പേറ്റന്റ്‌ പണി എനിക്കില്ല.

ഇവിടെ ചെയ്യുന്നത് ആയുര്‍വേദത്തിന്റെ അടിസ്ഥാനസങ്കല്‍പ്പത്തിലുള്ള ചികിത്സയാണ്. ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാനമായി പ്രായശ്ചിത്തം ആണ് ചികിത്സ. രണ്ടാമതായി പഥ്യം ആണ് ചികിത്സ. പിന്നെ ശമനം ആണ് ചികിത്സ. വീണ്ടും സുഖസാധകമാണ് ചികിത്സ. ഇങ്ങനെ ചികിത്സ എന്തൊക്കെയാണ് എന്ന് ആയുര്‍വേദം പറഞ്ഞിട്ടുണ്ട്.

അതില്‍ ഒന്നാമത്തേത് പ്രായശ്ചിത്തം ആണ്.

ആയുര്‍വേദം അനുസരിച്ച് പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ് രോഗമായി വരുന്നത്. അത് പ്രായശ്ചിത്തം കൊണ്ടല്ലാതെ മാറില്ല. അതിന് വളരെ മര്യാദയുള്ള ജീവിതം നയിക്കണം. അല്ലാതെ കാശ് കൊണ്ടൊന്നും ഓടി നടന്നാല്‍ രോഗം മാറില്ല. അതിനു വേണ്ടുന്ന വിനയവും സൗശില്യവും ഒക്കെ വന്നില്ലെങ്കില്‍ ഞാന്‍ മരുന്ന് തന്നതു കൊണ്ടോ നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയതു കൊണ്ടോ പത്തു പൈസയുടെ പ്രയോജനം കിട്ടില്ല. എന്നേയോ ബാക്കി വൈദ്യന്മാരെയോ അതിന് നിങ്ങള്‍ക്ക് കുറ്റം പറയാമെന്നല്ലാതെ രോഗം മാറില്ല. ഇതിന് എത്ര വേണമെങ്കിലും തെളിവ് നിങ്ങള്‍ക്കു മുമ്പില്‍ ഉണ്ട്.

ഇന്ന്, നിങ്ങള്‍ വിവാഹം കഴിച്ചാല്‍ ഭാര്യയും ഭര്‍ത്താവും ആദ്യമേ ഒരു ഡോക്ടറെ പോയി കാണും. നിങ്ങളെ അവര്‍ നൂല്‍ബന്ധമില്ലാതെ നിര്‍ത്തി മുഴുവന്‍ അവയവങ്ങളും ബാഹ്യമായും ആന്തരികമായും നേരിട്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചും പരിശോധിക്കും. എന്നിട്ടു മരുന്നുകള്‍ കുറിയ്ക്കും. അതു കഴിക്കും. ഗര്‍ഭിണിയാകും. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ ഓരോ ആഴ്ചയിലും വീണ്ടും പരിശോധന ഉണ്ടാകും. മരുന്ന് എഴുതും. അതും കഴിക്കും. ആശുപത്രിയില്‍ തന്നെ പ്രസവിക്കും. വീട്ടില്‍ പ്രസവിക്കാന്‍ പേടിയാണ്. ബാക്റ്റീരിയയും വൈറസും ഒക്കെ വീട്ടില്‍ ഉണ്ട്. ആശുപത്രിയിലെ അണുവിമുക്തമാക്കിയ ഓപറേഷന്‍ തീയേറ്ററില്‍ ഒന്നിലധികം പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങളുടെ ഭാര്യയോ മകളോ പ്രസവിക്കും. പിറന്നതു മുതല്‍ കുട്ടികള്‍ക്ക് രോഗം! ശാസ്ത്രം ഇത്രയും വികസിച്ച കാലത്ത്, ഇത്രയും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വേണ്ടതൊക്കെ ചെയ്തിട്ടും കുഞ്ഞിനു രോഗമുണ്ടായി. അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. ഞാന്‍ പറയുന്നത് ശരിയല്ലേ? നിങ്ങള്‍ അനുഭവസ്ഥരാണ്. നിങ്ങള്‍ക്ക് ഇതു ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ കഴിയും.

ഞാന്‍ അറിയുന്നിടത്തോളം ഇന്ന് ഒരിക്കലോ പിന്നെ ഒരു തവണ കൂടിയോ മാത്രമാണ് കേരളത്തിലുള്ള സ്ത്രീകള്‍ പ്രസവിക്കുന്നത്. പ്രസവിച്ച കുട്ടിയ്ക്കും രോഗം, തള്ളയ്ക്കും രോഗം.

[തുടരും]