18 | ആരോഗ്യദായിയായ ആഹാരരീതി

ആരോഗ്യദായിയായ ആഹാരരീതി
ആരോഗ്യദായിയായ ആഹാരരീതി

ആരോഗ്യം കാംക്ഷിക്കുന്നവര്‍ ആഹാരരീതിയില്‍ പത്ത് അടിസ്ഥാനതത്വങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് ആയുര്‍വേദദീപികാകാരന്റെ മതം.

1] ആഹാരം ചൂടുള്ളതാവണം
2] ആഹാരം സ്നിഗ്ദ്ധതയുള്ളതാവണം
3] ആഹാരം ശരിയായ അളവില്‍ മാത്രം കഴിക്കണം
4] ഒരു നേരം കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവൂ.
5] വിരുദ്ധവീര്യങ്ങളുള്ള ആഹാരസാധനങ്ങള്‍ ഒരുമിച്ചു കഴിക്കരുത്
6] സന്തോഷപ്രദമായ സ്ഥലത്ത് ആവശ്യമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വേണം ആഹാരം കഴിക്കേണ്ടത്‌.
7] അതിവേഗം ആഹാരം കഴിക്കരുത്
8] വളരെ പതുക്കെ ആഹാരം കഴിക്കരുത്
9] ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കുകയും ചിരിക്കുകയും മറ്റും ചെയ്യാന്‍ പാടില്ല
10] ശരീരഘടനയ്ക്കും മാനസികഅവസ്ഥയ്ക്കും അനുയോജ്യമായ ആഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ.

തൊട്ടുരിയാടാതെ ഔഷധസസ്യം പറിക്കല്‍

ആധുനികശാസ്ത്രത്തിന്റെ നിര്‍വ്വചനം അനുസരിച്ച് ഭാരമുള്ളതും സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതുമായ വസ്തു – അതാണ്‌ ദ്രവ്യം, അത്ര മാത്രം. ഊര്‍ജ്ജവും ദ്രവ്യവുമായുള്ള ബന്ധം ആധുനികശാസ്ത്രം തന്നെ അംഗീകരിക്കുന്നുണ്ട്, അതു വേറെ കാര്യം.

*ആയുര്‍വേദത്തിന്റെ ദ്രവ്യസങ്കല്പം അല്‍പ്പം വ്യത്യസ്തമാണ്*

ആയുര്‍വേദത്തിന്റെ ദ്രവ്യവിജ്ഞാനശാഖയില്‍ ഔഷധഗുണമില്ലാത്ത ദ്രവ്യങ്ങള്‍ ഈ ലോകത്ത് വിരളം. രസം, ഗുണം, വീര്യം, വിപാകം – ഇങ്ങനെ നാലു സവിശേഷതകള്‍ ആധുനികരീതിയില്‍ ആയുര്‍വേദപഠനം നടത്തുന്നവര്‍ ദ്രവത്തിന് അംഗീകരിച്ചു നല്‍കുന്നു. വേദാന്തര്‍ഗതമാണ് ആയുര്‍വേദം. ആധുനികപഠനം (തുറന്ന്) അംഗീകരിക്കാത്ത ഒരു സവിശേഷത കൂടി ആചാര്യന്മാര്‍ ദ്രവ്യത്തിനുള്ളതായി പറയുന്നു. അതാണ്‌ പ്രഭാവം. ദ്രവ്യവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം പഠിച്ചവര്‍ക്ക് പ്രഭാവത്തെ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല എന്നത് മറ്റൊരു കാര്യം.

ചില ദ്രവ്യങ്ങളിലെ ഔഷധം പരമാണുതലം കഴിഞ്ഞാണ് സ്ഥിതമായിരിക്കുന്നത്. ഈ പരമാണുവിനെ ശാസ്ത്രക്ലാസുകളില്‍ നാം പഠിച്ച പരമാണു ആയി തെറ്റിദ്ധരിക്കരുത്. നാം പഠിച്ച തന്മാത്രയായി ഏകദേശം കരുതാം. പരമാണു തലം വരെ ദ്രവ്യത്തിന് സ്വതന്ത്രമായ സവിശേഷതകള്‍ ഉണ്ട്. പരമാണുതലത്തിന് അപ്പുറം, അപാണവതലങ്ങളില്‍ ചില ദ്രവ്യങ്ങള്‍ അത് ഉപയോഗിക്കുന്നവന്റെ മനസ്സിനെക്കൂടി ആഗിരണം ചെയ്യുന്നതായി ആചാര്യന്‍. ദ്രവ്യം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ് അനുസരിച്ച് പ്രഭാവം മാറുന്നു എന്ന് സാരം. സൂക്ഷ്മായ മനസ്സ് പ്രഭാവത്തെ ബാധിക്കുമ്പോള്‍ മനസ്സിനേക്കാള്‍ സ്ഥൂലമായ ശബ്ദത്തിന്റെ കാര്യം പറയേണ്ടല്ലോ!

തിരുതാളി, കറുക, മുക്കുറ്റി, മുയല്‍ച്ചെവി, കയ്യോന്നി, പൂവാംകുറുന്തല്‍, വിഷ്ണുക്രാന്തി, വള്ളിയുഴിഞ്ഞ, ചെറൂള, നിലപ്പന എന്നീ പത്തു ഓഷധികളെയാണ് ദശപുഷ്പങ്ങള്‍ എന്നു വിളിക്കുന്നത്‌. ദശപുഷ്പങ്ങള്‍ സൂക്ഷ്മസംവേദനക്ഷമതയുള്ള, സചേതനങ്ങളായ സസ്യങ്ങള്‍ ആണ്. അവയുടെ ഔഷധമൂലം സ്ഥിതിചെയ്യുന്നത് അപാണവതലങ്ങളിലാണ്. അതായത് പറിക്കുന്നവന്റെ മനസ്സിനെ വരെ ആഗിരണം ചെയ്യാന്‍ അവയ്ക്ക് കഴിയും എന്ന് സാരം. പഴമക്കാരുടെ അനുഭവമാണ് പറിക്കുന്നവന്റെ ശബ്ദത്തെപ്പോലും അവ ആഗിരണം ചെയ്യും എന്നത്. സമൂലം പറിക്കുമ്പോഴും, അല്ലാതെ പറിക്കുമ്പോഴും ഇതു ബാധകമാണ്.

ഓരോ ഓഷധിയും ഓരോ ദേവതയാണ്. ശരീരത്തിലെ ഓരോ അവയവത്തിനും ഓരോ ദേവതയുണ്ട്. ഒരു ഔഷധസസ്യം പറിച്ചെടുക്കുമ്പോള്‍ നിശ്ശബ്ദം, ധ്യാനമഗ്നനായി, തന്റെ ശരീരത്തിലെ ആതുരമായ അവയവത്തിന്റെ ദേവതയോടു സംവദിച്ച് തന്റെ ആതുരത മാറ്റിത്തരാന്‍ ഓഷധിയുടെ ദേവതയോടു പ്രാര്‍ത്ഥന ചെയ്യുന്നവനു തന്റെ പ്രഭാവം കൊണ്ട് സസ്യദേവത രോഗശാന്തി നല്‍കുന്നു എന്ന് പഴമക്കാരന്റെ അന്ധവിശ്വാസം. അന്ധവിശ്വാസികള്‍ ശ്രമിച്ചു നോക്കുക.

_https://anthavasi.wordpress.com_

26 | കറ്റാര്‍വാഴ | ALOE VERA

26 | കറ്റാര്‍വാഴ | ALOE VERA
26 | കറ്റാര്‍വാഴ | ALOE VERA

“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍”
എന്ന് ഗുണപാഠം.

കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്.

കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര്‍ അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്.

ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ പോളയുടെ നീര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ഗർഭാശയപേശികളെയും ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കാൻ കറ്റാർവാഴയുടെ സ്വരസത്തിന് കഴിവുണ്ട്. രക്തശുദ്ധിയ്ക്കും ഉത്തമം. കൂടിയ അളവിൽ വിരേചകമാണ്. മൂത്രളമാണ്. ഗുൽമം, പ്ളീഹാരോഗങ്ങൾ എന്നിവയിൽ ഫലപ്രദവുമാണ്. കഫ പിത്ത വാതരോഗങ്ങളെയും ശമിപ്പിക്കും.

കറ്റാർവാഴപ്പോളനീര് ഉണക്കി ഉണ്ടാക്കുന്ന ചെന്നി നായകവും ഔഷധമാണ്.

കുഴിനഖം, ദുഷിച്ച വ്രണങ്ങൾ എന്നീ വ്യാധികളിൽ കറ്റാർവാഴപ്പോളനീരും പച്ച മഞ്ഞളും ചേർത്തരച്ച് വെച്ചുകെട്ടുന്നത് അതീവഫലപ്രദമാണ്.

തീപ്പൊള്ളൽ, തന്മൂലം ഉണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന അലർജി (Skin allergy), കുരുക്കൾ തുടങ്ങിയവയിൽ കറ്റാർവാഴപ്പോളയുടെ ഉള്ളിലെ കാമ്പ് വരട്ടുമഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കി പുരട്ടുന്നത് അതീവഫലപ്രദമാണ്. വായ്പ്പുണ്ണ് മാറാനും ഈ പ്രയോഗം നല്ലതാണ്.

കറ്റാർവാഴപ്പോളയിലയുടെ മജ്ജ ചേർത്തു കാച്ചിയ നല്ലെണ്ണ പുരട്ടുന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന “ഡയപ്പർ റാഷ്” മാറാൻ സഹായകമാണ്. ഒലിവെണ്ണയും ഉപയോഗിക്കാം.

ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴപ്പോളനീരും നാടൻ കോഴിമുട്ടയും ചേർത്തടിച്ച് ചാരായത്തിൽ സേവിക്കുന്നത് നല്ലതാണ്. അസ്ഥിഭംഗങ്ങളിലും മമ്മാഘാതങ്ങളിലും ഈ നാടൻ പ്രയോഗം അതീവ ഫലപ്രദമാണ്. കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകം ചേർത്ത് തുണിയിൽ പരത്തി ക്ഷതം ഏറ്റയിടത്ത് വെച്ചുകെട്ടുകയും ചെയ്യാം.

ചെന്നി നായകം, മീറ (മുറു) എന്നിവ കറ്റാർവാഴപ്പോളനീരിൽ നന്നായി അരച്ച് മിശ്രണം ചെയ്ത് കോഴിമുട്ടയുടെ വെള്ള പാകത്തിന് ചേർത്ത മിശ്രിതം പുറംപടയായിട്ടാൽ ലിഗമെന്റിന് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും പൂർണ്ണമായും ശമിക്കും.

കറ്റാർവാഴപ്പോളനീര്, തേൻ – രണ്ടും സമയോഗത്തിൽ നിത്യം സേവിക്കുന്നത് അർബുദത്തെ ശമിപ്പിക്കും. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.

ആർത്തവകാലത്തെ വയറുവേദന മാറാൻ കറ്റാർവാഴപ്പോളനീര് നിത്യം രാവിലെയും വൈകിട്ടും സേവിക്കുന്നത് നല്ലതാണ്. 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.

കറ്റാർവാഴപ്പോളനീര് അണ്‌ഡോല്‍പാദനത്തിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, വളരെ കുറഞ്ഞ അളവില്‍ മാത്രം രക്തം പോകുക (Amenorrhea) തുടങ്ങിയ അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് അതീവഫലദായകമാണ്.

യകൃത്ത്, പ്ളീഹാ വൃദ്ധികളിലും കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് നല്ലതാണ്. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും കഴിക്കാം.

നിത്യം കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും സേവിക്കുന്നതു വഴി വയറുവേദന, ഗുല്മ വായു എന്നിവയ്ക്ക് ശമനമുണ്ടാകും.

കുമാര്യാസവത്തിലെ ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴപ്പോളനീര്.

ചെന്നിനായകം ശോധനയുണ്ടാക്കും. ചെന്നിനായകവും ത്രിഫലയും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മലബന്ധം ശമിക്കും.

കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്.

കറ്റാർവാഴപ്പോളയിലയുടെ മജ്ജ അല്‍പ്പം കല്ലുപ്പ് (Rock Salt) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി ജലാംശം കളഞ്ഞെടുത്ത്, ദിവസവും 5 gm വെച്ച് കഴിച്ചാല്‍ മലബന്ധം ശമിക്കും.

കറ്റാർവാഴപ്പോളനീര് വിരേചകമാണ്. വ്രണങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും ഉണ്ട്. ആകയാല്‍ നിയന്ത്രിതമാത്രയില്‍ സേവിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.

ഭക്ഷ്യവിഷബാധ(Food Poisoning)യുണ്ടായാല്‍ കറ്റാര്‍വാഴപ്പോളയുടെ മജ്ജ കരിക്കിന്‍വെള്ളത്തില്‍ കഴിക്കാം.

കറ്റാർവാഴപ്പോളനീരില്‍ രക്തത്തെ നേര്‍പ്പിക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണ്ട്. കൊളസ്ട്രോളിന് എതിരെയും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആകയാല്‍ “ആതറോസ്ക്ലറോസിസ്” (Atherosclerosis – രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലെയുള്ള അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് വളരെ ഫലദായകമാണ്.

ഓരോ ടീസ്പൂണ്‍ വീതം കറ്റാർവാഴപ്പോളനീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്തു സേവിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായകമാണ്.

കറ്റാര്‍വാഴപ്പോളയുടെ മജ്ജ, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ഹോമിയോ മരുന്നുകടകളില്‍ കിട്ടുന്ന ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടും.

കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെച്ച്, വറ്റിച്ചെടുത്ത പൊടി, ഉണക്കിയെടുത്ത ചണ്ടിയുമായി ചേര്‍ത്തു ചൂര്‍ണ്ണമാക്കി നിത്യം സേവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.

കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.

കറ്റുവാഴ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധി ആണ്. രോഗങ്ങൾ പിടിപെടുമ്പോഴും, ആന്റിബയോട്ടിക് ഔഷധങ്ങൾ അധികമായി ഉപയോഗിക്കുന്നതുകൊണ്ടും, വേദനസംഹാരികൾ, സ്റ്റീറോയിഡ് ഔഷധങ്ങൾ തടങ്ങിയവ അസ്ഥാനത്തും ദീർഘകാലാടിസ്ഥാനത്തിലും ഉപയോഗിക്കുന്നതുകൊണ്ടും രോഗപ്രതിരോധശേഷി കുറയുന്നു. ഓരോ ഔൺസ് കറ്റാർവാഴപ്പോളനീരും ചിറ്റമൃതിന്റെ നീരും ചേർത്ത് അതിൽ 5 ഗ്രാം ശീലപ്പൊടിയാക്കിയ അമുക്കുരം ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും, നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും സഹായകമാണ്. ദീർഘകാലത്തെ ഔഷധസേവനം ആവശ്യമാണ്. HIV അണുബാധ തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞാൽ ഈ ഔഷധം വളരെ ഗുണകരമാണ്.

കറ്റാർവാഴപ്പോള കനലിൽ ചൂടാക്കി, ഉള്ളിലെ മജ്ജ/കാമ്പ് എടുത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത നീര് ഓരോ ടീസ്പൂൺ രണ്ട് തുള്ളി പശുവിൻ നെയ്യും നാലു തുള്ളി തേനും ചേർത്ത് ഓരോ മണിക്കൂർ ഇടവിട്ട് നുണഞ്ഞിറക്കിയാൽ ശ്വാസം മുട്ടൽ, ആസ്ത്മാ, വലിവ് ശമിക്കും.

കറ്റുവാഴനീര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതാണ് ഹിതം. കറ്റുവാഴനീരിൽ ഇരിമ്പോ അയസ്ക്കാന്തമോ ഇട്ട് കുറഞ്ഞത് അഞ്ചുമണിക്കൂർ കാറ്റ് ഏൽക്കാതെ വെച്ചാൽ കറ്റുവാഴനീരിന്റെ ദോഷാംശം മാറി ശുദ്ധമാകും.

ഗർഭിണികൾ, ശരിയായ ആർത്തവമുള്ളവർ, രക്താർശസ് (രക്തം പോകുന്ന അവസ്ഥയിലുള്ള മൂലക്കുരു/പൈൽസ്) ഉള്ളവർ ആരും കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാൻ പാടില്ല. അതിസാരം/വയറിളക്കം ഉള്ളപ്പോഴും കറ്റാർവാഴപ്പോളനീര് സേവിക്കരുത് – വയറിളകും.

കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍ ആണ് ഇവയൊക്കെ. ഔഷധം ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

Dengue Fever & Remedies

 

Dengue Fever | Remedies
Dengue Fever | Remedies

We should all care about Dengue. Dengue is the most rapidly spreading mosquito born viral disease today. Dengue is present in over 150 countries and estimated 390 million people are infected each year. And nearly half the world’s population is at risk. Symptoms of severe dengue can be extremely painful. head aches, joint pain, persistent vomiting, bleeding gums, heavy rashes. in severe dengue the platelets in blood reduces rapidly causing internal bleeding. Every 25 minutes on the planet, one life is lost due to Dengue. Dengue is spreading at alarming pace. Modern medicine has not yet come up with medicine for the cure of dengue. Yet hospital care for severe dengue costs more than the monthly income of the family.

There is no modern medicine for Dengue; but there are medicines in the traditional knowledge of Ayurveda. One need to make the medicine at home.

Medicinal materials / Medicinal Plants required:

1. Green Chiretta (Andrographis paniculata) – കിരിയാത്ത് | நிலவேம்பு | कालमेघ | ನೆಲಬೇವು
2. Deodar (Cedrus deodara) – ദേവതാരം | देवदार | | ದೇವಧಾರ
3. Coriander (Nyctanthes arbor) – കൊത്തമല്ലി | धनिया | கொத்தமல்லி | ಕೊತ್ತಂಬರಿ
4. Dry Ginger (Zingiber officinale) – ചുക്ക് | सोंठ | சுக்கு | ಒಣಶುಂಠಿ

Take 15 gm of each medicinal material. Crush them nicely. Mix them in 12 glasses of water and boil on normal flame, till the liquid content reduces to 1.5 glasses. Once the liquid content reduces to 1.5 glasses, allow it to cool down, filter the liquid and consume the same in three parts on the same day.

Indian indigo (Indigofera tinctori – നീലമരി), Small prickly chaff-flower plant (Cyathula prostrata – ചെറുകടലാടി), Hill glory bower (Clerodendrum viscosum |ഒരുവേരന്‍ | പെരിങ്ങലം) are very commonly available medicinal plants. Crushed leaves of these plants consumed in cow’s milk is very effective in viral fevers like Dengue and Chikungunya.

All the Medicinal materials are available in the Ayurveda raw material shops.

Consumption of the extract of the juice of tender leaves of Papaya (Carica papaya) plant mixed in cow’s milk is very effective in increasing the platelet count. Medicines are available in market in different brands (E.g. Caripill). There are many other home remedies for increasing the platelet count.

A homeopathy medicine “Aconitum Napellus” too is found very effective in Dengue.

(You may share this information. Ensure that you take the advice of a registered medical practitioner for consuming the medicines discussed here)

More @ www.arogyajeevanam.org | www.facebook.com/urmponline | www.urmponline.wordpress.com | anthavasi@gmail.com

24 | ബ്രഹ്മി | Bacopa Monnieri

24 | ബ്രഹ്മി | Bacopa Monnieri
24 | ബ്രഹ്മി | Bacopa Monnieri

“ബ്രഹ്മി നന്നായരച്ചിട്ടു പാലിൽ ചേർത്തു ഭുജിക്കിലോ
ശൂലയും മേഹം കുഷ്ഠം ക്ഷയവും ശാന്തമായ് വരും
ബുദ്ധിയേറ്റം തെളിഞ്ഞീടും നരയും പോയൊളിച്ചിടും”

ബ്രഹ്മിയുടെ ഔഷധഗുണത്തെ വർണ്ണിച്ച് ആയുർവേദ ഗ്രന്ഥമായ സഹസ്രയോഗം പറയുന്നതാണ് ഇത്. ബക്കോപ മൊണീരി (Bacopa Monnieri) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമായ ബ്രഹ്മിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബ്രഹ്മിയ്ക്കു സമാനമായ ഗുണങ്ങള്‍ ഉള്ള ഔഷധസസ്യമാണ് മുത്തിൾ എന്ന് നാം വിളിക്കുന്ന മണ്ഡൂകപർണ്ണി. ചില ദേശങ്ങളില്‍ ബ്രഹ്മിയ്ക്കു പകരം മണ്ഡൂകപർണ്ണി ഔഷധയോഗങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

സാധാരണയായി ഈർപ്പം ധാരാളമുള്ള പ്രദേശങ്ങൾ, ജലാശയങ്ങളുടെ തീരങ്ങൾ, ചെളിക്കുണ്ടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ബ്രഹ്മി ധാരാളമായി വളർന്നു കാണപ്പെടുന്നു. വളരെ ചെറിയ ഇലകളോടു കൂടി നിലത്ത് പടർന്നു കിടക്കുന്ന രീതിയിലാണ് ബ്രഹ്മി വളരുന്നത്. സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ചതച്ച് പിഴിഞ്ഞ് നീരെടുത്താൽ നന്നായി പതയും. സ്വരസത്തിന് ചെറിയ കയ്പ് ഉണ്ടാകും.

സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം, ത്രായന്ത്യാദി കഷായം തുടങ്ങി അനവധി യോഗൗഷധങ്ങളിൽ മുഖ്യചേരുവയാണ് ബ്രഹ്മി.

അസാമാന്യമായ ഔഷധഗുണങ്ങൾ ഉള്ള സസ്യമാണ് ബ്രഹ്മി. ശോധനയുണ്ടാകാനും, സ്വരം നന്നാകാനും, ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കാനും, കുഷ്ഠം പ്രമേഹം കഫം വിഷം വീക്കം ജ്വരം തുടങ്ങിയവയുടെ ശമനത്തിനും ബ്രഹ്മി ഉപയോഗപ്രദമാണ്. മാനസികരോഗങ്ങൾ, അപസ്മാരം, ബുദ്ധിവികാസമില്ലായ്മ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുമ്പോൾ ചികിത്സാവിധികളിൽ ബ്രഹ്മി ധാരാളമായി ഉപയോഗിക്കുന്നു. ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു. അധികം കഴിച്ചാൽ വിരേചനമുണ്ടാക്കും. ബ്രഹ്മിയുടെ മറ്റൊരു പ്രധാന ഔഷധഗുണം ഹൃദയ ഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കാനുള്ള കഴിവാണ്. ബ്രഹ്മി ഒരു ഉത്തമരസായനവുമാണ്.

രസം – തിക്തം കഷായം, ഗുണം – ലഘു, വീര്യം – ശീതം, വിപാകം – മധുരം, പ്രഭാവം – മേധ്യം, കഫവാതങ്ങളെ സമീകരിക്കുന്നു.

കേട്ടും വായിച്ചും അറിഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍.

[.] അപസ്മാരം, ഉന്മാദം എന്നീ അവസ്ഥകളിൽ ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നത് നല്ലതാണ്.
[.] ബ്രഹ്മിയുടെ ഇല ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം പാലിൽ ചേർത്തു കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിക്കാൻ നല്ലതാണ്. മാനസികരോഗങ്ങളിലും ഈ ഔഷധം ഫലപ്രദമാണ്.
[.] ബ്രഹ്മി ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം ചേറുതേനിൽ കഴിച്ചാലും ഓർമ്മശക്തി വർദ്ധിക്കും.
[.] ബ്രഹ്മിയുടെ സ്വരസം 5 മുതൽ 10 മില്ലി വരെ സമം നെയ്യോ നവനീതമോ ചേർത്ത് നിത്യം സേവിപ്പിച്ചാൽ ബാലകരിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കുമെന്ന് നിശ്ചയം.
[.] ബ്രഹ്മി, വയമ്പ്, ആടലോടകം, വാൽമുളക്, കടുക്ക ഇവയുടെ കഷായം തേൻ ചേർത്തു സേവിച്ചാൽ ശബ്ദം തെളിയും. ശബ്ദസൗകുമാര്യം ഏറും. സംഗീതോപാസകർക്ക് ഒരു അനുഗ്രഹമാണ് ഈ ഔഷധി.
[.] ബ്രഹ്മി, വിഷ്ണുക്രാന്തി, കുരുമുളക്, പച്ചവയമ്പ്, കടുക്കത്തോട് ഇവ അര കഴഞ്ചു വീതം അരച്ച് 4 ഗുളികയാക്കി ദിവസം 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ വിക്കിന് ആശ്വാസം ലഭിക്കും. ഈ യോഗത്തിൽ ബ്രഹ്മി പോലെ പ്രയോജനകരമാണ് മുത്തിൾ.
[.] നിത്യം പ്രഭാതേ ബ്രഹ്മിയില പിഴിഞ്ഞ നീര് സേവിക്കുന്നത് വിക്കിന് ശമനം നൽകും. മുത്തിളും കുരുമുളകും ചേർത്തു കഴിക്കുന്നതും നല്ലത്.
[.] ബ്രഹ്മിയില നിഴലിൽ ഉണക്കി പൊടിച്ചെടുത്ത ചൂർണ്ണം ദിനവും 5 ഗ്രാം മുതൽ 10 ഗ്രാം വരെ കഴിക്കുന്നത് നല്ലതാണ്. ചൂർണ്ണം വെള്ളത്തിൽ തിളപ്പിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് സിറപ്പായും ഉപയോഗിക്കാം. ദേഹകാന്തിയ്ക്കും ഓർമ്മശക്തിയ്ക്കും ആയുസ്സിനും നന്ന്.
[.] ഹെർണിയ | വൃദ്ധി എന്ന അവസ്ഥയുടെ തുടക്കത്തിൽ ബ്രഹ്മീതൈലം പുരട്ടിയാൽ ശസ്ത്രക്രിയ ഇല്ലാതെ ശമനം ലഭിക്കും. [കുമാരകൃഷ്ണസങ്കലിതം]
[.] ബ്രഹ്മി, വയമ്പ്, ജഡാമാഞ്ചി, മഞ്ചട്ടി, ഗുൽഗുലു, ശതാവരി, അമരി, കടുകു രോഹിണി, അമൃത് ഇവ നെയ്യിന്റെ 4 ഇരട്ടി വെള്ളത്തിൽ അരച്ചുകലക്കി കൽക്കത്തിന്റെ 4 ഇരട്ടി നെയ്യും ചേർത്ത് കാച്ചിയരിച്ചു കഴിച്ചാൽ ഉന്മാദം അപസ്മാരം ജന്മനായുള്ള മന്ദബുദ്ധിത്വം എന്നിവ ശമിക്കും. ധാരണാശക്തി ബുദ്ധി ഓർമ്മ എന്നിവ വർദ്ധിക്കും.
[.] വിധിവൈപരീത്യം കൊണ്ട് ചില കുട്ടികൾ ജന്മനാ കൈകാലുകൾ മുരടിച്ച് വളർച്ചയില്ലാതെ ബുദ്ധി വളർച്ചയില്ലാതെ ആതുരരായി ജീവിക്കേണ്ടി വരുന്നു. ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽച്ചേർത്ത് നിത്യം സേവിപ്പിക്കുന്നത് ഇത്തരം അവസ്ഥകളിൽ അതീവഫലപ്രദമാണ്.
[.] ജന്മനാ മഞ്ഞപ്പിത്തമുള്ള കുട്ടികൾക്ക് ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ബാലാതപമേൽപ്പിക്കുന്നതും നന്ന്.
[.] അപക്വമായ വ്രണങ്ങളില്‍ ബ്രഹ്മി അരച്ചു പുരട്ടിയാല്‍ വ്രണം വേഗം പഴുത്തു പൊട്ടും.
[.] ബ്രഹ്മിയിലനീരും ത്രികോല്‍പ്പക്കൊന്നയിലനീരും സമമെടുത്ത് അര ഔണ്‍സ് വീതം നിത്യം പ്രഭാതേ സേവിച്ചാല്‍ മഹോദരം ശമിക്കും.
[.] ബ്രഹ്മി സമൂലം നന്നായി അരച്ചെടുത്ത് ചൂടാക്കിയ പാത്രത്തിലിട്ടു അല്‍പസമയം ചൂടാക്കി നെഞ്ചില്‍ പുരട്ടിയാല്‍ കുട്ടികളിലെ വിട്ടുമാറാത്ത ചുമയും ആസ്തമയും ശമിക്കും.
[.] കുട്ടികളില്‍ കണ്ടുവരുന്ന Attention Deficit Hyperactive Disoreder (ADHD) എന്ന അവസ്ഥയിലും ബ്രഹ്മി ഫലപ്രദമാണ്.

വയറ്റില്‍ അള്‍സര്‍ ഉള്ളവരും, വളരെ പെട്ടന്നു ക്ഷോഭിക്കുന്ന Sensitive ആയ ഉദര അവസ്ഥ ഉള്ളവരും ബ്രഹ്മി നേരിട്ട് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വയറ്റില്‍ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം അവസ്ഥകളില്‍ ഉള്ളവര്‍ വൈദ്യോപദേശം അനുസരിച്ചു മാത്രമേ ബ്രഹ്മി ഉപയോഗിക്കാന്‍ പാടുള്ളൂ.

വളരെയേറെ ഗവേഷണങ്ങള്‍ അന്തര്‍ദ്ദേശീയതലത്തില്‍ ബ്രഹ്മിയുടെ ഔഷധഗുണങ്ങളെ അധികരിച്ചു നടക്കുന്നുണ്ട്.

തുടരും…..

15 |മോര് – ഭൂമിയിലെ അമൃത്

15 | മോര് – ഭൂമിയിലെ അമൃത്
15 | മോര് – ഭൂമിയിലെ അമൃത്

“യഥാ സുരാണാമമൃതം സുഖായ  തഥാ നരാണാം ഭുവി തക്രമാഹുഃ”

ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.

പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ്  ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.

മോരിന്‍റെ ഗുണങ്ങളെ ഭാവപ്രകാശം വര്‍ണ്ണിക്കുന്നത് ഇങ്ങനെ:

തക്രം ഗ്രാഹി കഷായാമ്ലം സ്വാദുപാകരസം ലഘു
വീര്യോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം
ഗ്രഹണ്യാദിമതാം പഥ്യം ഭവേത്സംഗ്രാഹി ലാഘവാത്
കിഞ്ചസ്വാദുവിപാകിത്വാന്നച പിത്തപ്രകോപണം
അമ്ലോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം
കഷായോഷ്ണാവികാശിത്വാദ്രൌക്ഷ്യാച്ചാപി കഫാപഹം
ന തക്രസേവീ വ്യഥതേ കദാചിന്ന്‍ തക്രദഗ്ധാഃ പ്രഭവന്തി രോഗാഃ
യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ

മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു. ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.

വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.

പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.

മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.

ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.

22 | തുമ്പ | LEUCAS ASPERA

22 | തുമ്പ | LEUCAS ASPERA
22 | തുമ്പ | LEUCAS ASPERA

നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്‌. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്‍ക്കിടകവാവിന്‍ നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്.  പഴയ തലമുറയിലെ മലയാളിയ്ക്ക്‌ തുമ്പപ്പൂവ് ഓണാഘോഷവുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. തുമ്പപ്പൂവ്  ഇല്ലാത്ത ഓണപ്പൂക്കളം അവര്‍ക്ക് പൂക്കളമേയല്ലായിരുന്നു! പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.

തുമ്പ | Leucas aspera , കരിന്തുമ്പ | Anisomeles malabarica , പെരുന്തുമ്പ | Leucas cephalotes ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.

ആയുര്‍വേദത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളില്‍ പലതിലും തുമ്പയുടെ മഹത്വം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ദര്‍ശിക്കാനാകും..

“ദ്രോണപുഷ്പീ കടുഃസോഷ്ണാരുച്യാ വാതകഫാപഹ
അഗ്നിമാന്ദ്യഹരാ ചൈവ കാമലാ ജ്വരഹാരിണീ”

“ദ്രോണപുഷ്പീ കഫാമഘ്നീ കാമലാകൃമിശോഫജിത്ത്”

“ദ്രോണാ ച ദ്രോണപുഷ്പീ ച ഫലേപുഷ്പാ ച കീര്‍ത്തിതാ
ദ്രോണപുഷ്പീ ഗുരുഃ സ്വാദൂ രൂക്ഷേഷ്ണാ വാതപിത്തകൃത് |
സതീക്ഷ്ണലവണാ സ്വാദുപാകാ കട്വീ ച ഭേദിനീ
കഫാമകാമലാശോഥ തമകശ്വാസജന്തുജിത് |”
– ഭാവപ്രകാശനിഘണ്ടു | ഗുഡൂച്യാദിവര്‍ഗ്ഗ

“ദ്രോണപുഷ്പീ കടുഃ സോഷ്ണാ രുച്യാ വാതകഫാപഹാ
അഗ്നിമാന്ദ്യഹരാ ചൈവ പഥ്യാ വാതാപഹാരിണീ
അന്യാ ചൈവ മഹാദ്രോണാ കുരുംബാ ദേവപൂര്‍വ്വകാ
ദിവ്യപുഷ്പാ മഹാദ്രോണീ ദേവീകാണ്ഡാ ഷഡാഹ്യയാ
ദേവദ്രോണീ കടുസ്തിക്താ മേധ്യാ വാതാര്‍ത്തിഭൂതനുത്
കഫമാന്ധ്യാമഹാ ചൈവ യുക്ത്യാ പാരദശോധനേ”
– രാജനിഘണ്ടു | പര്‍പ്പടാദിവര്‍ഗ്ഗഃ

തുമ്പ കഫക്കെട്ട് ഇല്ലാതാക്കും, ദഹനക്കേടു കൊണ്ട് ഉണ്ടാകുന്ന ഉദരസ്തംഭനത്തെ ശമിപ്പിക്കും, മഞ്ഞപ്പിത്തത്തെ ശമിപ്പിക്കും, കൃമികളെ ഇല്ലാതാക്കും, വ്രണമായ മുറിവുകളില്‍ അതീവഫലപ്രദമാണ്, ശരീരത്തിലെ നീരിനെ കുറയ്ക്കും, ആസ്തമ ശമിപ്പിക്കും, ചുമ ശമിപ്പിക്കും, ജലദോഷം ശമിപ്പിക്കും, രുചി ഉണ്ടാക്കും, ദഹനശേഷി വര്‍ദ്ധിപ്പിക്കും, ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്. ജ്വരഹരമാണ് – പ്രത്യേകിച്ച് വാത, കഫ ജ്വരങ്ങളില്‍. മഹാദ്രോണി (പെരുന്തുമ്പ) ബുദ്ധിശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, അണുകങ്ങളെ ഹരിക്കുന്നു. ഗോരോചനാദി ഗുളിക, പ്ലീഹാരി വടി, ദ്രോണദുര്‍വ്വാദിതൈലം തുടങ്ങി അനവധി ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തില്‍ തുമ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഗൃഹവൈദ്യത്തില്‍ | നാട്ടുവൈദ്യത്തില്‍ തുമ്പ കൊണ്ട് അനവധി പ്രയോഗങ്ങളുണ്ട്.

 • തുമ്പയിലനീര് രണ്ടു തുള്ളി വീതം മൂക്കില്‍ നസ്യം ചെയ്‌താല്‍ ശിരസ്സിലെ കഫക്കെട്ട് മാറും.
 • തുമ്പയിലനീര് രണ്ടു തുള്ളി വീതം നസ്യം ചെയ്താന്‍ പീനസം | Sinusitis, തന്മൂലം ഉണ്ടാകുന്ന തലവേദന എന്നിവ ശമിക്കും.
 • തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
 • തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
 • തുമ്പക്കുടം കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഗുദത്തില്‍ വെച്ചാല്‍ ഉദരകൃമികള്‍ പുറത്തേക്ക് ഇറങ്ങിവരും.
 • തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്‌, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ വിരഛര്‍ദ്ദി ശമിക്കും.
 • തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
 • തുമ്പപ്പൂവ് ഒരുപിടി ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
 • തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
 • തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
 • തുമ്പപ്പൂവ് അഞ്ചു ഗ്രാം, ഒരു ഗ്രാം കാവിമണ്ണ് (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമല | മഞ്ഞപ്പിത്തം മാറും.
 • തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
 • തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.
 • തുമ്പപ്പൂവ് തേനില്‍ അരച്ചു കഴിച്ചാല്‍ ചുമ ശമിക്കും.
 • തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല്‍ വെന്തു സേവിപ്പിപ്പിച്ചാല്‍ കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല.
 • തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പ്രസൂതി കഴിക്കുന്നത്‌ ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്.
 • തുമ്പ സമൂലം ഉണക്കിപ്പൊടിച്ച്, ആ പൊടി കഷായം വെച്ചു വ്രണങ്ങള്‍ കഴുകിയാല്‍ അവ പെട്ടന്നു ശമിക്കും.
 • തുമ്പയില നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന ദീനങ്ങള്‍ ശമിക്കും.
 • വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ചു കടിവായില്‍ പുരട്ടുന്നത് നല്ലതാണ്. തേള്‍, പാമ്പുകള്‍ എന്നിവ കടിച്ചാല്‍ തുമ്പ ഉപയോഗിച്ചിരുന്നു.

തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര്‍ പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര്‍ പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്‌ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം
@anthavasi

19 | കടുക്ക | ഹരീതകി | TERMINALIA CHEBULA

19 | കടുക്ക | ഹരീതകി | TERMINALIA CHEBULA
19 | കടുക്ക | ഹരീതകി | TERMINALIA CHEBULA

“ഹരസ്യ ഭവനേ ജാതാ ഹരിതാ ച സ്വഭാവതഃ
ഹരേത്തു സര്‍വ്വരോഗാംശ്ച തേന പ്രോക്താ ഹരീതകി”

ഹരന്‍റെ (ശിവന്‍റെ) ഗൃഹത്തില്‍ ജനിക്കുകയും (ഉണ്ടാകുകയും) സ്വഭാവേന ഹരിതവര്‍ണ്ണത്തോടു കൂടിയതായിരിക്കുകയും സര്‍വ്വരോഗങ്ങളെയും ഹരിക്കുകയും (ശമിപ്പിക്കുകയും) ചെയ്കയാല്‍ ഹരീതകി എന്ന പേര് ഉണ്ടായി എന്ന് മദനപാലനിഘണ്ടു. ഹരീതകി, പഥ്യ, അഭയഃ, രോഹിണി, ജീവപ്രിയ, ചേതകി – കടുക്ക പല പേരുകളില്‍ അറിയപ്പെടുന്നു. സര്‍വ്വരോഗസംഹാരിയായ കടുക്ക ഒട്ടനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ യോഗം ആണ്. മൂന്നും തുല്യമായി പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ത്രിഫലയുടെ ഗുണങ്ങള്‍ അനവധിയാണ്.

“ ഏകാ ഹരീതകീ യോജ്യാ ദ്വൌച യോജ്യൌ വിഭീതകൌ | ചത്വാര്യാമാലകാന്യേവ ത്രിഫലേയം പ്രകീര്‍ത്തിതാ || ത്രിഫലാശോഫമേഹഘ്നീ നാശയേദ്വിഷമജ്വരാന്‍ | ദീപനീശ്ലേഷ്മ പിത്തഘ്നീ കുഷ്ഠ: ശ്രീരസായനീ|| സര്‍പ്പീര്‍ മധുഭ്യാം സംയുക്താസൈവനേത്രാമയാഞ്ജയേത്||”

ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക – മൂന്നും കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല എന്ന് വേറൊരു യോഗം. ത്രിഫല തേനും നെയ്യും അസമയോഗത്തില്‍ (ഒരു സ്പൂണ്‍ നെയ്യും രണ്ടു സ്പൂണ്‍ തേനും) ചേര്‍ത്തു ശീലിക്കുന്നത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്ന ഉത്തമഔഷധമാണ്. ഈ യോഗം ശോഫം (നീര്), പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം ഇവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കാന്‍ ത്രിഫല അതീവഫലപ്രദം. ത്രിഫല ജരാനരകളെ ശമിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തുന്ന രസായനമാണ്.

കടുക്ക വിരേചനീയമാണ്. കടുക്കാത്തോടു പൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി സേവിച്ചാല്‍ വിരേചനം ഉണ്ടാകും.

തൊണ്ടരോഗങ്ങളില്‍ കടുക്കാപ്പൊടി തേന്‍ ചേര്‍ത്തു പതിവായി കഴിക്കുന്നത്‌ നല്ലതാണ്.

ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് കടുക്കാപ്പൊടി ഇരട്ടി ശര്‍ക്കര ചേര്‍ത്തു പതിവായി സേവിക്കുന്നതു നല്ലതാണ്.

കടുക്കയും തിപ്പലിയും കൂടി പൊടിച്ചു ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അതിസാരം ശമിക്കും.

കടുക്കത്തോട്, വെളുത്തുള്ളി, ചുട്ടു തോടു കളഞ്ഞ കഴഞ്ചിക്കുരു എന്നിവ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ വൃഷണവീക്കം ശമിക്കും. കടുക്കത്തോട് ഗോമൂത്രത്തില്‍ വേവിച്ച് ഉണക്കി പൊടിച്ച് ആവണക്കെണ്ണയില്‍ കലക്കി നിത്യം പ്രഭാതത്തില്‍ സേവിക്കുന്നതും വൃഷണവീക്കം മാറാന്‍ നല്ലതാണ്.

കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത്‌ ദുര്‍മ്മേദസ് (അതിസ്ഥൌല്യം), അര്‍ശസ്, മഹോദരം എന്നിവയിലൊക്കെ ഫലപ്രദമാണ്.

കടുക്കയും ഗോമൂത്രവും ചേര്‍ന്ന ഗോമൂത്രഹരീതകി വൃക്കരോഗങ്ങളില്‍ അതീവഫലപ്രദമാണ്.

“പഥ്യാ ശതദ്വയാന്മൂത്ര ദ്രോണേനാമൂത്ര സംക്ഷയാത് | പക്വാത് ഖാദേത് സമധൂനീ ദ്വേദോഹന്തി കഫോത്ഭവാന്‍ | ദുര്‍ന്നാമ കുഷ്ഠാശ്വയഥു ഗുല്‍മമേദോഹരകൃമീന്‍ | ഗ്രന്ഥ്യര്‍ബുദാ പചീസ്ഥൌല്യ പാണ്ഡുരോഗാഢ്യ മാരുതാന്‍ ||” – എന്ന് അഷ്ടാംഗഹൃദയം. പതിനാറ് ഇടങ്ങഴി അരിച്ചെടുത്ത ഗോമൂത്രത്തില്‍ ഇരുനൂറു കടുക്ക ഗോമൂത്രം മുഴുവനും വറ്റും വരെ പചിച്ച്, എടുത്ത കടുക്ക കുരു കളഞ്ഞു രണ്ടു വീതം തേന്‍ ചേര്‍ത്തു കഴിക്കാം. ഒരു കടുക്കയ്ക്ക് ഒന്നേകാല്‍ തുടം ഗോമൂത്രം എന്ന് ചില വൈദ്യന്മാര്‍. കൃത്യമായ പഥ്യത്തോടെ, നിപുണനായ വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ ഈ ഔഷധം സേവിച്ചാല്‍ വൃക്കരോഗങ്ങളില്‍ നിന്നു മുക്തി ഉറപ്പെന്നു വിദഗ്ധര്‍.

മൂത്രത്തിന്‍റെ പേരില്‍ ഇന്ന് വളരെയേറെ ആശയസംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. പുരോഗതിയുടെ പാതയില്‍ ഗോമൂത്രം ആധുനികന് അറപ്പുണ്ടാക്കുന്ന ഒരു സാധനമാണ് എന്ന് അറിയാം. പഴയ വൈദ്യന്മാരുടെ അഭിപ്രായത്തില്‍ ഗോമൂത്രം വളരെയേറെ ഗുണങ്ങള്‍ ഉള്ള ഔഷധമാണ്. വൃക്കരോഗങ്ങളിലും, ഉദരരോഗങ്ങളിലും ഒക്കെ ഗോമൂത്രം അതീവഫലപ്രദമാണ്.

“ഗോമൂത്ര ക്വഥിത വിലീനവിഗ്രഹാണാം | പഥ്യാനാം ജലമിസി കുഷ്ഠഭാവിതാനാം | അത്താരം നരമണപോപി വക്ത്രരോഗാ | ശ്രോതാരം നൃപമിവനസ്പൃശന്ത്യനര്‍ഥാഃ ||” – കടുക്ക ഗോമൂത്രത്തില്‍ കഷായം വെച്ച്, കടുക്ക അലിഞ്ഞു ചേര്‍ന്നാല്‍ ഇരുവേലി, ശതകുപ്പ, കൊട്ടം ഇവ കൊണ്ടു ഭാവന ചെയ്തെടുത്തു വിധിയനുസരിച്ചു കഴിച്ചാല്‍ മുഖരോഗങ്ങളും, മറ്റു പല രോഗങ്ങളും ശമിക്കും. അതികഠിനമായ രക്തവാതം, അര്‍ബുദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയില്‍ ഈ യോഗം ഫലപ്രദമത്രേ.

കടുക്ക എല്ലാവര്‍ക്കും എല്ലായ്പ്പോഴും നല്ലതല്ല. ഗര്‍ഭിണികള്‍, ഉപവസിക്കുന്നവര്‍, പിത്തകോപമുള്ളവര്‍, ക്ഷീണിതര്‍ തുടങ്ങിയവരൊന്നും കടുക്ക ഉപയോഗിക്കരുത്.

“മമസത്യപ്രതിജ്ഞേയം യൂയം ശൃണുത പണ്ഡിതാഃ | പത്ഥ്യായാഃ സദൃശം കിഞ്ചില്‍ കുത്രചിന്നൈവ വിദ്യതേ ||” – പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.

<<ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര്‍ പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്‌ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം>>

297 | രസായനം | ത്രിഫല – കടുക്ക, നെല്ലിക്ക, താന്നിക്ക

297 | രസായനം | ത്രിഫല – കടുക്ക, നെല്ലിക്ക, താന്നിക്ക
297 | രസായനം | ത്രിഫല – കടുക്ക, നെല്ലിക്ക, താന്നിക്ക
 • പതിവായി ത്രിഫല സേവിക്കുകയും പഥ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവന് രോഗങ്ങള്‍ സംഭവിക്കയില്ല. സംഭവിച്ചാല്‍ത്തന്നെ അതുകള്‍ക്ക് അതാതുകള്‍ക്കുള്ള ശക്തി ഉണ്ടാവില്ല
 • നെല്ലിക്കാപ്പൊടി തേനിലോ നെയ്യിലോ കുഴച്ചു രാത്രി സേവിച്ചാല്‍ ഒരു മാസം കഴിയുമ്പോഴേക്ക് കണ്ണ് ചെവി ബുദ്ധി ജഠരാഗ്നി ഇതുകള്‍ക്കെല്ലാം നല്ല ശക്തിയുണ്ടാകും. യൌവ്വനം ക്ഷയിക്കുകയില്ല.
 • രാവിലെ ഒരു നെല്ലിക്കയും ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ ഒരു കടുക്കയും രാത്രി ഭക്ഷണശേഷം ഒരു താന്നിക്കയും പതിവായി ശീലിച്ചാല്‍ അനേകകാലം സുഖമായി ജീവിക്കാം.
 • കടുക്ക അരച്ച് ഇരുമ്പുപാത്രത്തില്‍ തേച്ചുണക്കി രാത്രി സേവിക്കുകയും രാവിലെ നെയ്യും തേനും കഴിക്കുകയും ചെയ്താല്‍ രോഗങ്ങളെല്ലാം നശിക്കുകയും ശരീരത്തിനു നല്ല സ്ഥിരതയുണ്ടാകുകയും ചെയ്യും.
 • കടുക്ക, ചുക്ക് ഇവ സമം പൊടിച്ച പൊടി തേനും നെയ്യും ചേര്‍ത്തു കുഴച്ചു പ്രഭാതത്തില്‍ ശീലിച്ചാല്‍ ജരാനരകള്‍ നശിക്കും. ഇത് അത്യുത്തമമായ രസായനമാകുന്നു.
 • എള്ളും നെല്ലിക്കയും കൂടെ സമം പൊടിച്ച പൊടി തേനും നെയ്യും ചേര്‍ത്തു കുഴച്ചു രാവിലെ സേവിക്കുക. ഇങ്ങനെ ഒരു മാസം സേവിച്ചാല്‍ നല്ല ബുദ്ധിശക്തി ഉണ്ടാകും. കലശലായ ജര ശമിക്കുകയും ചെയ്യും.
 • ത്രിഫലപ്പൊടി രാവിലെ നെയ്യിലും അമരിയില അരച്ചുണക്കിപ്പൊടിച്ച പൊടി ശര്‍ക്കര ചേര്‍ത്തു വൈകുന്നേരവും രാമച്ചം പൊടിച്ച പൊടി തേനില്‍ ചേര്‍ത്ത് അത്താഴത്തിനു ശേഷവും സേവിച്ചാലും, കടുക്ക നെല്ലിക്ക, മുത്തങ്ങക്കിഴങ്ങ്‌, വിഴാലരി, അകില്, കൊടുവേലിക്കിഴങ്ങ്‌ ഇവ ക്രമവൃദ്ധങ്ങളായെടുത്തു പൊടിച്ച പൊടി തേനില്‍ച്ചാലിച്ചു സേവിച്ചാലും സകലരോഗങ്ങളും ശമിക്കും.
 • പൂളമരം വെട്ടി പൊത്തുണ്ടാക്കി അതില്‍ മുട്ടിപ്പൊട്ടിച്ച കടുക്ക നിറച്ചുവെച്ച് ആ കടുക്കയ്ക്കു നനവു വന്നാല്‍ അതെടുത്തു ഭക്ഷിച്ചു പാല്‍ സേവിച്ചാല്‍ ജര നശിക്കും.
 • പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.

ആയുര്‍വേദഇതിഹാസം | ഭാവപ്രകാശാന്തര്‍ഗ്ഗതം

[ഇത് ആയുര്‍വേദത്തിന്‍റെ അബോധപ്രബോധനാധിഷ്ഠിതമായ ഇതിഹാസമാണ്‌ – ശ്രീ ലടകതനയ ശ്രീ ഭാവമിശ്രവിരചിതമായ ഭാവപ്രകാശത്തിനു ശാസ്ത്രപണ്ഡിതനായ ശ്രീ ചേപ്പാട്ട് അച്യുതവാര്യര്‍ അവര്‍കള്‍ തയാറാക്കിയ വ്യാഖ്യാനത്തില്‍ നിന്നും]

ITIHASA
ITIHASA

മംഗളം

ഗജമുഖമമരപ്രവരം സിദ്ധികരം വിഘ്നഹര്‍ത്താരം ഗുരുമവഗമനയനപ്രദമിഷ്ടകരീമിഷ്ടദേവതാം വന്ദേ.

വ്യാഖ്യാതൃമംഗളം

ശ്രീമദ്‌ഗുരുവരം സാക്ഷാദച്യുതം കരുണാകരം
നത്വാഭാവപ്രകാശസ്യ കുര്‍വ്വേ ഭാവാര്‍ത്ഥബോധിനീം.

കവിവചനം

ഈ ഭൂമിയില്‍ ആയുര്‍വേദശാസ്ത്രത്തിന്‍റെ ആഗമനം ഏതൊരു ക്രമമനുസരിച്ചാണോ ഉണ്ടായത് ആ ക്രമത്തെ ഞാന്‍ പല ആയുര്‍വേദശാസ്ത്രങ്ങളും പരിശോധിച്ച് ആദ്യമായി ഇവിടെ എഴുതാന്‍ ഭാവിക്കുന്നു.

ആയുര്‍വേദലക്ഷണം

ആയുസ്സിനു ഹിതമായും അഹിതമായും ഇരിക്കുന്ന പദാര്‍ത്ഥവും രോഗത്തിന്‍റെ നിദാനവും (ലക്ഷണവും) ശമനവും (ചികിത്സയും) ഏതൊരു ശാസ്ത്രത്തിലാണോ പറയുന്നത് ആ ശാസ്ത്രത്തെയാണ് വിദ്വാന്മാര്‍ ആയുര്‍വേദം എന്നു പറയുന്നത്.

ആയുര്വേദത്തിന്‍റെ നിരുക്തി

ഏതൊരു ശാസ്ത്രത്താലാണോ മനുഷ്യര്‍ക്ക്  ആയുസ്സു ലഭിക്കുകയും മനുഷ്യര്‍ ആയുസ്സിനെ അറിയുകയും ചെയ്യുന്നത് ആ ശാസ്ത്രത്തെയാണ് മുനിവരന്മാര്‍ ആയുര്‍വേദം എന്നു പറയുന്നത്. ദേഹവും ജീവനും കൂടി സംബന്ധിച്ചിരിക്കുന്നതിന് ജീവനമെന്നും, ആ ജീവിതത്തോടു കൂടിയ കാലത്തിന് ആയുസ്സെന്നും പറയുന്നു. ഈ ആയുര്‍വേദശാസ്ത്രം വഴി ആയുഷ്കരങ്ങളായും ആയുഷ്കരങ്ങളല്ലാതെയും ഉള്ള ദ്രവ്യഗുണകര്‍മ്മങ്ങളെ അറിഞ്ഞ് അവയില്‍ ആയുഷ്കരങ്ങളെ ശീലിക്കുകയും ആയുഷ്കരങ്ങലല്ലാത്തവയെ ത്യജിക്കുകയും ചെയ്താല്‍ ആരോഗ്യമുണ്ടായി നമുക്കു ദീര്‍ഘായുസ്സു ലഭിക്കും. ഇതുകൊണ്ടുതന്നെ അന്യന്നും ആയുഷ്കരങ്ങളും അനായുഷ്കരങ്ങളും ആയവയെ അറിഞ്ഞു അവന്‍റെയും ആയുസ്സു വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

ബ്രഹ്മസംഹിതയുടെ ആവിര്‍ഭാവം

ആദ്യമായി ബ്രഹ്മാവ്‌ അഥര്‍വ്വവേദത്തിന്‍റെ സര്‍വ്വസ്വമായ (സാരാംശമായ) ആയുര്‍വേദത്തെ എടുത്തു ലക്ഷം ശ്ലോകമുള്ളതും സ്വനാമത്താല്‍ അങ്കിതവും സരളവുമായ സംഹിതയെ നിര്‍മ്മിച്ചു. അതിനുശേഷം ബുദ്ധിവാരിധിയായ ബ്രഹ്മാവ്‌ സകലകര്‍മ്മങ്ങളില്‍ ദക്ഷനായ ദക്ഷപ്രജാപതിയ്ക്ക് സാംഗോപാംഗമായ (ശല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, ബാലചികിത്സ, അഗദശാസ്ത്രം, രസായനതന്ത്രം, വാജീകരണം ഈ എട്ടംഗങ്ങളോടു കൂടിയ) ആയുര്‍വേദത്തെ ഉപദേശിക്കുകയും ചെയ്തു.

ദക്ഷസംഹിതയുടെ ഉത്ഭവം

ബ്രഹ്മാവില്‍ നിന്നും ആയുര്‍വേദം പഠിച്ചതിനു ശേഷം സകലക്രിയകളില്‍ സമര്‍ത്ഥനായ ദക്ഷപ്രജാപതി സൂര്യന്‍റെ അംശഭൂതന്മാരും വിദ്വാന്മാരും ദേവശ്രേഷ്ഠന്മാരുമായ സ്വര്‍ഗ്ഗവൈദ്യന്മാരെ (അശ്വിനീദേവന്മാരെ) ഈ ആയുര്‍വേദം പഠിപ്പിച്ചു.

ആശ്വിനേയസംഹിതയുടെ ആവിര്‍ഭാവം

അശ്വിനീപുത്രന്മാര്‍ ദക്ഷപ്രജാപതിയില്‍ നിന്നു വൈദികവിദ്യ പഠിച്ചു എല്ലാ ചികിത്സകന്മാര്‍ക്കും ചികിത്സാജ്ഞാനവൃദ്ധിയ്ക്കായി സ്വനാമാങ്കിതമായ സംഹിതയെ നിര്‍മ്മിച്ചു. അതിനു ശേഷം ക്രുദ്ധനായ ഭൈരവനാല്‍ ഛേദിക്കപ്പെട്ട ബ്രഹ്മാവിന്‍റെ ശിരസ്സിനെ സംയോജിപ്പിക്കുകയും അതിനാല്‍ അവര്‍ക്കു യജ്ഞഭാഗം സിദ്ധിക്കുകയും ചെയ്തു. ഇതുകൂടാതെ ദേവാസുരയുദ്ധത്തില്‍ അസുരന്മാരാല്‍ ദേവന്മാരുടെ ശിരസ്സിലെ മുറിവുകള്‍ പെട്ടന്നു ചികിത്സിച്ചു ഭേദമാക്കുക; ഇന്ദ്രനുണ്ടായ ഭുജസ്തംഭം ശമിപ്പിക്കുക; അമൃതില്ലാതിരുന്ന ചന്ദ്രന് അമൃതുണ്ടാക്കുക; പൂഷാവിന്‍റെ പൊടിഞ്ഞുപോയ ദന്തങ്ങളെയും ഭഗന്‍റെ പൊട്ടിയ കണ്ണുകളെയും ചികിത്സിച്ചു ശരിയാക്കുക; ചന്ദ്രന്‍റെ രാജയക്ഷ്മാവു ശമിപ്പിക്കുക; ഭൃഗുവംശജനും, കാമിയും, വൃദ്ധനും, കുത്സിതരൂപനുമായ ച്യവനമഹര്‍ഷിയ്ക്കു വീര്യം, നിറം, സ്വരഗുണം ഇവയുണ്ടാക്കുക; മറ്റു പല ചികിത്സകള്‍ ചെയ്യുക; ഇങ്ങനെയുള്ള പല അത്ഭുതകര്‍മ്മങ്ങള്‍ കൊണ്ട് ഈ ആശ്വനീദേവന്മാര്‍ ഇന്ദ്രാദികളായ ദേവന്മാര്‍ക്ക് ഏറ്റവും പൂജ്യന്മാരായിത്തീരുകയും ചെയ്തു.

ഇന്ദ്രസംഹിതയുടെ ആവിര്‍ഭാവം

അശ്വിനീദേവന്മാരുടെ പൂര്‍വ്വോക്തങ്ങളായ അത്ഭുതകര്‍മ്മങ്ങളെക്കണ്ട് യത്നവാനായ ദേവേന്ദ്രന്‍ സംഭ്രമത്തോടുകൂടാതെ ആയുര്‍വേദം പഠിപ്പിക്കണമെന്നു അവരോടു യാചിച്ചു. അതിനുശേഷം സത്യസന്ധനായ ഇന്ദ്രനാല്‍ പ്രാര്‍ത്ഥിതന്മാരായ ആ അശ്വിനീപുത്രന്മാര്‍ പഠിച്ചപോലെ ഇന്ദ്രന് ആയുര്‍വേദശാസ്ത്രത്തെ ഉപദേശിച്ചു. ഇങ്ങനെ അശ്വിനീദേവന്മാരില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച ദേവേന്ദ്രന്‍ അത്രിപുത്രന്മാര്‍ തുടങ്ങിയ വളരെ മഹര്‍ഷികളെയും പഠിപ്പിച്ചു.

ആത്രേയസംഹിതയുടെ ആവിര്‍ഭാവം

ഒരു ദിവസം മുനിസത്തമാനായ ഭഗവാന്‍ ആത്രേയന്‍ സകലലോകവും രോഗാകുലമായിക്കണ്ടിട്ട് ഇങ്ങനെ വിചാരിച്ചു:- “ഞാന്‍ എന്താണു ചെയ്യുക? ഏതു ദിക്കിലേക്കാണ് പോകുക? ലോകങ്ങള്‍ എങ്ങിനെയാണ് നിരാമയന്മാരായിത്തീരുന്നത്? രോഗബാധിതന്മാരായ ഈ ജനങ്ങളെക്കാണുന്നത്തിനു എനിക്കു ശക്തിയില്ല. ഞാന്‍ വളരെ ദയാലുവാണ്. സ്വതേയുള്ള സ്വഭാവം മാറ്റാനസാധ്യം. ഈ ജനങ്ങളുടെ ദുഃഖം കണ്ടിട്ട് എന്‍റെ മനസ്സിലും ദുഃഖം വളരെ ഉണ്ടാകുന്നു. ജനങ്ങളുടെ രോഗം മാറ്റുന്നതിനായി ആയുര്‍വേദം പഠിക്കണം.” ഇങ്ങനെ നിശ്ചയിച്ച് ആത്രേയന്‍ സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രമന്ദിരത്തില്‍ച്ചെന്നു, സിംഹാസനസ്ഥനും ദേവര്‍ഷികളാല്‍ സ്തുതിക്കപ്പെടുന്നവനും, സൂര്യതുല്യമായ തേജസ്സിനാല്‍ ദിക്കുകളെ പ്രകാശിപ്പിക്കുന്നവനും, ആയുര്‍വേദമഹാചാര്യനും ദേവശിരോമണിയുമായ ദേവേന്ദ്രനെ സന്ദര്‍ശിച്ചു. ഇന്ദ്രനാകട്ടെ, മഹാതപസ്വിയായ ആത്രെയനെക്കണ്ട് ആസനത്തില്‍ നിന്ന് എഴുന്നേറ്റ് കുശലപ്രശ്നാന്തരം ആഗമനകാരണത്തെച്ചോദിച്ചു. അപ്പോള്‍ ആത്രേയന്‍ “അല്ലയോ ദേവേന്ദ്ര, ബ്രഹ്മാവ്‌ അങ്ങയെ സ്വര്‍ഗ്ഗലോകത്തിനു മാത്രം അധിപതിയാക്കി ചെയ്തിരിക്കുകയല്ല. അങ്ങു മൂന്നു ലോകത്തിനും അധിപതിയാണ്. അതിനാല്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ അറിയിക്കുകയാണ്. ഭൂമിയിലുള്ള ജനങ്ങളെല്ലാം രോഗപീഡയാല്‍ പരവശരായിത്തീര്‍ന്നിരിക്കുന്നു. അവരുടെ സന്താപത്തെ ശമിപ്പിക്കുന്നതിന് ദയചെയ്ത് എനിക്കു ആയുര്‍വേദത്തെ ഉപദേശിച്ചു തന്നാലും” എന്ന് അരുളിച്ചെയ്തു. അനന്തരം ഇന്ദ്രന്‍ സാംഗമായ ആയുര്‍വേദത്തെ ആത്രേയന് ഉപദേശിച്ചു കൊടുത്തു. ഇങ്ങനെ ഇന്ദ്രനില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച ആത്രേയന്‍ അദ്ദേഹത്തെ ആശിസ്സുകൊണ്ട് അഭിനന്ദിച്ചിട്ട് ഭൂമിയില്‍ വന്ന് ജനങ്ങളിലുള്ള അനുകമ്പ നിമിത്തം സ്വനാമാങ്കിതമായ സംഹിതയെ (ആത്രേയസംഹിതയെ) നിര്‍മ്മിച്ച്‌ അഗ്നിവേശന്‍, ഭേഡന്‍, ജാതൂകര്‍ണ്ണന്‍, പരാശരന്‍, ക്ഷീരപാണി, ഹാരീതന്‍, തുടങ്ങിയ ശിഷ്യന്മാരെ ആയുര്‍വേദം പഠിപ്പിച്ചു. ഈ അത്രിശിഷ്യന്മാരില്‍ ആദ്യമേ ആയുര്‍വേദശാസ്ത്രം നിര്‍മ്മിച്ചത് അഗ്നിവേശമഹര്‍ഷിയാണ്. അതിനു ശേഷം ഭേഡന്‍ മുതലായവരും ഓരോ ശാസ്ത്രങ്ങളെ നിര്‍മ്മിച്ചു. ഇവര്‍ പിന്നീട് സ്വകൃതങ്ങളായ ശാസ്ത്രങ്ങളെ, മുനിവൃന്ദവന്ദിതനായ ആത്രെയനെ കേള്‍പ്പിക്കുകയും അദ്ദേഹം അതുകൊണ്ടു സന്തുഷ്ടനായിത്തീരുകയും ചെയ്തു. ഇപ്രകാരം ഉണ്ടാക്കിയ ഈ ആയുര്‍വേദശാസ്ത്രത്തെക്കണ്ട് മഹര്‍ഷികളും ദേവര്‍ഷികളും ദേവന്മാരും പ്രസന്നന്മാരായിത്തീര്‍ന്നിട്ടു ധന്യവാദം ചെയ്ത് ഇവരെ അത്യന്തം പ്രശംസിച്ചു.

ഭരദ്വാജസംഹിതയുടെ ആവിര്‍ഭാവം

ഒരു ദിവസം ദൈവഗത്യാ ഹിമവാന്‍പര്‍വ്വതത്തിന്‍റെ മുകളില്‍ അനേകം മഹര്‍ഷിമാര്‍ വന്നുചേര്‍ന്നു. അവരില്‍ ആദ്യം വന്നതു മുനിശ്രേഷ്ഠനായ ഭരദ്വാജനാണ്. അതിനുശേഷം അംഗിരസ്സ്, ഗര്‍ഗ്ഗന്‍, മരീചി, ഭൃഗു, ഭാര്‍ഗ്ഗവന്‍, പുലസ്ത്യന്‍, അഗസ്ത്യന്‍, അസിതന്‍, വസിഷ്ഠന്‍, പരാശരന്‍, ഹാരീതന്‍, ഗൌതമന്‍, സാംഖ്യന്‍, മൈത്രേയന്‍, ച്യവനന്‍, ജമദഗ്നി, ഗാര്‍ഗ്ഗ്യന്‍, കശ്യപന്‍, കാശ്യപന്‍, നാരദന്‍, വാമദേവന്‍, മാര്‍ക്കണ്ഢേയന്‍, കപിഞ്ജലന്‍, ശാണ്ഢില്യന്‍, കൌണ്ഢിന്യന്‍, ശാകുനേയന്‍, ശൌനകന്‍, അശ്വലായനന്‍, സാംകൃത്യന്‍, വിശ്വാമിത്രന്‍, പരീക്ഷകന്‍, ദേവലന്‍, ഗാലവന്‍, ധൌമ്യന്‍, കാമ്യന്‍, കാത്യായനന്‍, കങ്കായനന്‍, വൈജപായനന്‍, കുശികന്‍, ബാദരായണന്‍, ഹിരണ്യാക്ഷന്‍, ലൌഗാക്ഷി, ശരലോമാവ്‌, ഗോഭിലന്‍, വൈഖാനസന്‍, ബാലഖില്യന്‍ ഈ മഹര്‍ഷിമാരും, ബ്രഹ്മജ്ഞാനനിധികളും, യമനിയമാധിഷ്ഠാനഭൂതരും, തപസ്തേജസ്സിനാല്‍ ഹോമാഗ്നികളെപ്പോലെ ജ്വലിക്കുന്നവരും ആയ മറ്റു മഹര്‍ഷിമാരും അവിടെ വന്നു ചേര്‍ന്നു. ഇങ്ങനെ എല്ലാ മഹര്‍ഷിമാരും കൂടി ആനന്ദതുന്തിലന്മാരായി ആ പര്‍വ്വതത്തിലിരുന്നു ഇപ്രകാരം ഒരു കഥ പറയാന്‍ തുടങ്ങി. “ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കു മുഖ്യകാരണം ശരീരമാണ്. തപസ്സ്, വേദാധ്യയനം, ധര്‍മ്മം, ബ്രഹ്മചര്യാദിവ്രതം, ആയുസ്സ് ഇവയെ നശിപ്പിക്കുന്ന രോഗങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഈ രോഗങ്ങള്‍ മനുഷ്യരുടെ ശരീരത്തിനു കാര്‍ശ്യത്തെയും ബലക്ഷയത്തെയും ചെയ്യുന്നവയും ശരീരചേഷ്ട, ഇന്ദ്രിയശക്തി ഇവയെ ഹനിക്കുന്നവയും, സകലശരീരത്തിലും പീഡയെച്ചെയ്യുന്നവയും, ധര്‍മ്മം, അര്‍ത്ഥം, സര്‍വ്വകാമം, മോക്ഷം ഇവയ്ക്കു വിഘ്നത്തെ ഉണ്ടാക്കുന്നവയും, ബലാല്‍ പ്രാണനെത്തന്നെ ഹരിക്കുന്നവയും ആകുന്നു. ഇപ്രകാരമുള്ള രോഗങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രാണികള്‍ക്കു സുഖം എവിടെയാണ്? അതിനാല്‍ ഈ പാപാത്മാക്കളായ രോഗങ്ങളുടെ ശാന്തിക്കായി വിദ്വാന്മാരും, യോഗ്യന്മാരുമായ നിങ്ങള്‍ എന്തെങ്കിലും ഒരു കൌശലം ചിന്തിക്കുവിന്‍”. ഇങ്ങനെ ആ മഹര്‍ഷിമാര്‍ സദസ്സില്‍ നിശ്ചയിച്ചു ഭരദ്വാജനോടു പറഞ്ഞു:- അല്ലയോ ഭഗവാന്‍, ഇക്കാര്യത്തിനു അങ്ങാണു യോഗ്യന്‍. അങ്ങ് ഇന്ദ്രന്‍റെ അടുക്കല്‍ ചെന്നു ആയുര്‍വേദം പഠിക്കുന്നത്തിനു പ്രാര്‍ത്ഥിക്കുക; പിന്നെ അങ്ങയുടെ അടുക്കല്‍ നിന്നു ആയുര്‍വേദം പഠിച്ചു ഞങ്ങളും രോഗഭയത്തില്‍ നിന്നു മുക്തന്മാരായിക്കൊള്ളാം”. ഇപ്രകാരം വിനയശാലികലായ ആ മഹര്‍ഷിമാരാല്‍ പ്രാര്‍ത്ഥിതനായ ഭരദ്വാജന്‍ സ്വര്‍ഗ്ഗത്തു ചെന്നു ദേവര്‍ഷിമാരുടെ മദ്ധ്യത്തില്‍ സ്ഥിതനും വൃത്രാസുരനെ കൊന്നവനും അഗ്നിയെപ്പോലെ തേജസ്വിയുമായ ദേവേന്ദ്രനെക്കണ്ടു വന്ദിച്ചു. അനന്തരം ദേവേന്ദ്രന്‍ സന്തുഷ്ടനായിട്ടു ഭരദ്വാജമഹര്‍ഷിയോടു:- “അല്ലയോ ധര്‍മ്മജ്ഞ! അങ്ങേയ്ക്കു കുശലമല്ലേ” എന്നു പറഞ്ഞു അദ്ദേഹത്തെ പൂജിച്ചു. ഭരദ്വാജനാകട്ടെ, ജയാശീര്‍വചനങ്ങളാല്‍ ഇന്ദ്രനെ അഭിനന്ദിച്ച് മഹര്‍ഷിമാര്‍ പറഞ്ഞയച്ച വാക്കിനെ പറയാന്‍ തുടങ്ങി:- “അല്ലയോ ദേവേന്ദ്ര! ഭൂമിയില്‍ എല്ലാ പ്രാണികള്‍ക്കും ഭയങ്കരങ്ങളായ അനേകരോഗങ്ങള്‍ ഉണ്ടായിരിക്കുന്നു. ആ രോഗങ്ങളെ ശമിപ്പിക്കുന്നതിനു യോഗ്യമായ ഒരുപായത്തെ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നാലും”. ഇതുകേട്ടു ദേവേന്ദ്രന്‍ ഭാരദ്വാജനായി സാംഗമായ ആയുര്‍വേദത്തെ ഉപദേശിച്ചുകൊടുത്തു. ഈ ആയുര്‍വേദശാസ്ത്രം പഠിച്ചാല്‍ എല്ലാ പ്രാണികള്‍ക്കും രോഗരഹിതരായി ആയിരം വര്‍ഷം ജീവിച്ചിരിക്കാന്‍ സാധിക്കും. അതിനു ശേഷം ഭരദ്വാജന്‍ അനന്തവും അപാരവുമായ ആയുര്‍വേദശാസ്ത്രം മുഴുവനും അല്‍പ്പദിവസം കൊണ്ടു വേണ്ടപോലെ പഠിച്ചു. അതിനാല്‍ അദ്ദേഹം രോഗരഹിതനും ദീര്‍ഘായുസ്സും ആയിത്തീരുകയും മറ്റു മഹര്‍ഷിമാരെ രോഗഹീനരാക്കി ചെയ്യുകയും പിന്നീടു സ്വനാമാങ്കിതമായ മഹാശാസ്ത്രത്തെ (ഭരദ്വാജസംഹിതയെ) നിര്‍മ്മിക്കുകയും ചെയ്തു. അനന്തരം സകലമഹര്‍ഷിമാരും ഈ ഭരദ്വാജസംഹിതയില്‍നിന്നുമുണ്ടായ ജ്ഞാനചക്ഷുസ്സിനാല്‍ ഔഷധഗുണങ്ങളും ഔഷധങ്ങളും തച്ചികിത്സകളും അറിഞ്ഞു തദ്വിധികളെ അനുഷ്ഠിച്ചു ആരോഗ്യത്തോടും ദീര്‍ഘായുസ്സോടും സുഖത്തോടും കൂടിയവരായിത്തീരുകയും ചെയ്തു.

ചരകസംഹിതോല്‍പ്പത്തി

വിഷ്ണുഭഗവാന്‍ മത്സ്യമായി അവതരിച്ചു വേദത്തെ ഉദ്ധരിച്ച സമയം ശേഷഭഗവാന്‍ ആ സ്ഥാനത്തുവെച്ച് മത്സ്യഭഗവാനില്‍നിന്നും സാംഗോപാംഗമായ വേദത്തെ പഠിച്ചു. അപ്പോള്‍ അഥര്‍വ്വവേദത്തില്‍ ആന്തര്‍ഭവിച്ച ആയുര്‍വ്വേദശാസ്ത്രവും അറിയാന്‍ സംഗതിയായി. അതിനുശേഷം ഒരിക്കല്‍ ഭൂമിയിലെ വൃത്താന്തം അറിയുന്നതിനായി ശേഷന്‍ ചരന്‍റെ (ദൂതന്‍) വേഷം ധരിച്ചു ഭൂമിയില്‍ വന്നുചേര്‍ന്നു. അപ്പോള്‍ ഭൂമിയുള്ള ജനങ്ങളെല്ലാം രോഗബാധയാല്‍ പീഡിതരായി പല സ്ഥലങ്ങളില്‍ അലഞ്ഞുനടന്നു മൃത്യുവശഗതന്മാരാകുന്നതുകണ്ട്, പരമദയാലുവായ ശേഷഭഗവാന്‍ ജനങ്ങളുടെ ദുഃഖത്താല്‍ സ്വയം ദുഖിതനായിട്ടു രോഗശമനോപായത്തെച്ചിന്തിച്ചു പ്രസിദ്ധനും, വേദവേദാംഗവേദിയും വിശുദ്ധനുമായ ഒരു മഹര്‍ഷിയുടെ പുത്രനായിട്ടു ജനിച്ചു. പിന്നീടു ചരന്‍റെ വേഷത്തില്‍ ആരാലും അജ്ഞാതനായി അനന്തന്‍ ഭൂമിയില്‍ വന്നു. അതിനാല്‍ “ചരകന്‍” എന്ന നാമത്താല്‍ വിഖ്യാതനായിത്തീര്‍ന്നു ദേവാചാര്യനായ ബൃഹസ്പതി ദ്യോവില്‍ പ്രകാശിക്കുന്നതുപോലെ അനന്താംശനായ ചരകാചാര്യന്‍ ഭൂമിയില്‍ പ്രകാശിച്ചു രോഗനാശനത്തെച്ചെയ്തു സഞ്ചരിച്ചു. പിന്നീട് ആത്രേയഭഗവാന്‍റെ ശിഷ്യന്മാരായി അഗ്നിവേശാദികളായ വളരെ മഹര്‍ഷിമാര്‍ ജനിച്ചു സ്വനാമാങ്കിതമായ പല ആയുര്‍വേദശാസ്ത്രത്തെ നിര്‍മ്മിച്ചു. അതിനുശേഷം ആ ശാസ്ത്രങ്ങളെ സമാഹരിച്ചു വിദ്വാനായ ചരകാചാര്യന്‍ തന്‍റെ നാമത്തില്‍ “ചരകസംഹിത” എന്ന ഗ്രന്ഥത്തെ നിര്‍മ്മിക്കുകയും ചെയ്തു.

ധന്വന്തരിസംഹിതയുടെ പ്രാദുര്‍ഭാവം

ഒരിക്കല്‍ ദേവേന്ദ്രന്‍ ഭൂമിയിലേക്കു നോക്കുകയുണ്ടായി. അപ്പോള്‍ ഭൂമിയിലുള്ള മനുഷ്യരെല്ലാം രോഗപീഡിതരായിത്തീര്‍ന്നിരിക്കുന്നതുകണ്ടു ദയാര്‍ദ്രഹൃദയനായ ദേവേന്ദ്രന്‍ ധന്വന്തരിമഹര്‍ഷിയോടു പറഞ്ഞു:- “അല്ലയോ ധന്വന്തരിമുനിശ്രേഷ്ഠ! ഭഗവന്‍! ഞാന്‍ അല്‍പ്പമൊരു സംഗതി അങ്ങയോടു പറയാന്‍ ഭാവിക്കുകയാണ്. അങ്ങു വളരെ യോഗ്യനാണ്. അതിനാല്‍ ലോകങ്ങള്‍ക്കു കഴിയുന്നത്ര ഉപകാരം ചെയ്യണം. ലോകോപകാരത്തിനായി എന്തെല്ലാം കാര്യങ്ങള്‍ എത്രയോ മഹാന്മാര്‍ ചെയ്തിട്ടുണ്ട്? ത്രൈലോക്യാധിപതിയായ മഹാവിഷ്ണു തന്നെ മത്സ്യകൂര്‍മ്മാദ്യനേകരൂപങ്ങളെ ധരിച്ചില്ലയോ? അതിനാല്‍ അങ്ങു ഭൂമിയില്‍ ചെന്നു കാശിയിലെ രാജാവായി ജനിച്ചു ആയുര്‍വേദശാസ്ത്രം പ്രകാശിപ്പിച്ചാലും. ഇങ്ങനെ അരുളിച്ചെയ്തു ദേവേന്ദ്രന്‍ സര്‍വ്വഭൂതങ്ങള്‍ക്കും ശുഭമുദിക്കണമെന്നുള്ള ആകാംക്ഷനിമിത്തം ധന്വന്തരിയ്ക്കു ആയുര്‍വേദം ഉപദേശിച്ചു. ധന്വന്തരിയാകട്ടെ ഇന്ദ്രനില്‍നിന്നു ആയുര്‍വേദമഭ്യസിച്ചതിനുശേഷം ഭൂമിയില്‍ വന്നു കാശിയില്‍ ഒരു ക്ഷത്രിയനഗരത്തില്‍ ദിവോദാസന്‍ എന്നു വിഖ്യാതനായ രാജാവായി ജനിച്ചു. ദിവോദാസന്‍ ബാല്യത്തില്‍ത്തന്നെ വിരക്തനായി ഭവിച്ചു വളരെ കഠിനമായ തപസ്സനുഷ്ഠിച്ചു. എങ്കിലും ബ്രഹ്മാവ്‌ വളരെ പണിപ്പെട്ടു അദ്ദേഹത്തെ കാശിരാജാവായി അഭിഷേകം ചെയ്തു. അന്നുതുടങ്ങി ലോകര്‍ ധന്വന്തരിയെ കാഷിരാജന്‍ എന്നു പറഞ്ഞു വരുന്നു. അതിനുശേഷം ധന്വന്തരി സ്വനാമാങ്കിതമായ ധന്വന്തരിസംഹിത നിര്‍മ്മിച്ചു വിദ്യാര്‍ത്ഥിലോകങ്ങളെ പഠിപ്പിക്കുകയും ചെയ്തു.

സുശ്രുതസംഹിതയുടെ ഉത്ഭവം

പിന്നീടു വിശ്വാമിത്രപ്രഭൃതികളായ മഹര്‍ഷിമാര്‍ ധന്വന്തരിയാണ് കാശിയില്‍ കാശിരാജനായി ജനിച്ചിരിക്കുന്നത് എന്ന് ജ്ഞാനദൃഷ്ടി കൊണ്ട് അറിഞ്ഞു. അനന്തരം അവരില്‍ വിശ്വാമിത്രന്‍ സ്വപുത്രനായ സുശ്രുതമഹര്‍ഷിയെ വിളിച്ചു ഇങ്ങനെ പറഞ്ഞു:- “അല്ലയോ വത്സ! നീ വിശ്വനാഥപ്രിയമായ കാശിയിലേക്കു പോകുക. അവിടെ ദിവോദാസന്‍ എന്നു പേരോടു കൂടിയവനും ക്ഷത്രിയവംശജനും ആയ കാശിരാജന്‍ വസിക്കുന്നുണ്ട്. അദ്ദേഹം ആയുര്‍വേദശാസ്ത്രജ്ഞന്മാരില്‍വച്ചു ശ്രേഷ്ഠനായ സാക്ഷാല്‍ ധന്വന്തരിയാണ്. സര്‍വ്വപ്രാണികളിലും ദയയുള്ളവനും ഉപകാരപ്രദനുമായ ആ ധന്വന്തരിയില്‍നിന്നു നീ ലോകോപകാരത്തിനായി ആയുര്‍വേദം അഭ്യസിച്ചാലും. ഇപ്രകാരമുള്ള പിതാവിന്‍റെ വാക്യം കേട്ടു സുശ്രുതന്‍ കാശിയിലേക്ക് പുറപ്പെട്ടു. അദ്ദേഹവുമൊന്നിച്ചു ആയുര്‍വേദം പഠിക്കുന്നതിനു വളരെ മുനികുമാരന്മാരും പുറപ്പെട്ടിരുന്നു. അവര്‍, വാനപ്രസ്ത്ഥാശ്രമത്തില്‍ വര്‍ത്തിക്കുന്നവനും ഭഗവാനും ദേവശ്രേഷ്ഠനും വളരെ മഹര്‍ഷിമാരാല്‍ സ്തുതനും കാശിരാജനും ആയ ദിവോദാസനെ വിനയപുരസ്സരം ചെന്നു വന്ദിച്ചു. യശോധനനായ കാശിരാജനാകട്ടെ അവര്‍ക്കു സ്വാഗതം ചെയ്തതിനുശേഷം ക്ഷേമത്തെയും ആഗമനകാരണത്തെയും ചോദിച്ചു. അനന്തരം ആ മഹര്‍ഷികുമാരന്മാര്‍ സുശ്രുതന്‍മുഖേന ഇങ്ങനെ ഉത്തരം അരുളിച്ചെയ്തു:- “അല്ലയോ ഭഗവന്‍! വ്യാധിപീഡിതരായി രോദിക്കുന്നവരും, മരിച്ചുതുടങ്ങിയിരിക്കുന്നവരുമായ ജനങ്ങളെക്കണ്ടിട്ടു ഞങ്ങള്‍ക്കു മനസ്സില്‍ അത്യന്തം വ്യസനമുണ്ടാകുന്നു. ആ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കൌശലമറിയുന്നതിനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങു ഞങ്ങളെ ആയുര്‍വേദം പഠിപ്പിച്ചാലും”. കാശിരാജന്‍ അവരുടെ വാക്കിനെ അനുസരിച്ചു അവര്‍ക്കു ആയുര്‍വേദം ഉപദേശിക്കുകയും അവര്‍ അദ്ദേഹത്താല്‍ അരുളിച്ചെയ്യപ്പെട്ട ആയുര്‍വേദത്തെ സന്തുഷ്ടരായിട്ടു വഴിപോലെ ഗ്രഹിക്കുകയും ചെയ്തു. അതിനുശേഷം സിദ്ധാര്‍ത്ഥന്‍മാരായ സുശ്രുതാദികള്‍ അദ്ദേഹത്തെ ജയാശീര്‍വചനങ്ങളാല്‍ അഭിനന്ദിച്ച് തന്‍റെ തന്‍റെ ഗേഹങ്ങളില്‍ എത്തിച്ചേര്‍ന്നു. ആ മഹര്‍ഷികളില്‍ ആദ്യമായി സുശ്രുതനാണു ആയുര്‍വേദശാസ്ത്രത്തെ നിര്‍മ്മിച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ സഖാക്കളായ മുനികുമാരന്‍മാരും വെവ്വേറെ ആയുര്‍വേദശാസ്ത്രങ്ങളെ നിര്‍മ്മിച്ചു. ഇങ്ങനെ ഓരോരുത്തരാലും ഉണ്ടാക്കപ്പെട്ട ശാസ്ത്രങ്ങളില്‍ സുശ്രുതനാല്‍ ഉണ്ടാക്കപ്പെട്ട ശാസ്ത്രം വളരെ ആളുകളാല്‍ ശ്രുതമായി. അതിനാല്‍ ആ സുശ്രുതന്‍റെ ആയുര്‍വേദശാസ്ത്രത്തിനു “സുശ്രുതം” എന്ന പേര്‍ ഭൂമിയില്‍ വിഖ്യാതമായിത്തീരുകയും ചെയ്തു.

ഇങ്ങനെ ഭാവപ്രകാശാത്തില്‍ ആയുര്‍വേദപ്രകരണം കഴിഞ്ഞു.