
2015 മേയ് മാസം ഇരുപത്തിയൊമ്പതാം തീയതി ഞായറാഴ്ച മുംബൈ നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലെ ട്രയല്‍ റൂമില്‍ വസ്ത്രം ഇട്ടുനോക്കിക്കൊണ്ടിരിക്കെ നീഹാര്‍ തക്കര്‍ എന്ന ആണ്‍കുട്ടി അപസ്മാരബാധയുണ്ടായി വീണു. ആശുപത്രിയില്‍ എത്തിച്ച് രോഗം നിര്‍ണ്ണയം ചെയ്തുവെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. Neurocysticercosis എന്ന രോഗം ആയിരുന്നു കുട്ടിയ്ക്ക്. ജൂണ്‍ ഒന്നാം തീയതി ബുധനാഴ്ച നീഹാര്‍ മരണത്തിനു കീഴടങ്ങി.
പന്നികളുടെ ശരീരത്തില്‍ കാണപ്പെടുന്ന Taenia Solium എന്ന നാടവിര മനുഷ്യശരീരത്തില്‍ കടന്ന് തലച്ചോറില്‍ വരെ എത്തി നാഡീവ്യവസ്ഥയെ ബാധിക്കുന്ന അവസ്ഥയാണ് Neurocysticercosis. പന്നിമാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതുവഴിയാണ് T. Solium വിരയുടെ മുട്ടകള്‍ മനുഷ്യശരീരത്തില്‍ എത്തുന്നത് എന്നതാണ് പൊതുവേയുള്ള ധാരണ. പന്നിമാംസം കഴിച്ചില്ലെങ്കിലും T. Solium വിരകള്‍ ശരീരത്തില്‍ കടക്കാം എന്നതാണ് യാഥാര്‍ഥ്യം. നാടവിരകള്‍ ഗോവര്ഗ്ഗത്തില്പ്പെട്ട മൃഗങ്ങളിലും ഉണ്ട്. പക്ഷെ അവ മനുഷ്യജീവന് അത്ര ഹാനികരമല്ല എന്ന് പറയപ്പെടുന്നു.
പന്നികളും മനുഷ്യരും സഹവസിക്കുന്ന ചേരികളിലും കൃഷിയിടങ്ങളിലും എല്ലാം പന്നികളുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തുവരുന്ന T. Solium വിരകളുടെ മുട്ടകള്‍ മനുഷ്യശരീരത്തില്‍ കടക്കാന്‍ സാധ്യത ഏറെയാണ്. കൃഷിയിടങ്ങളുടെ പരിസരത്തു മലവിസര്‍ജ്ജനം ചെയ്യുന്ന രോഗബാധിതര്‍ ഈ മാരകജീവിയെ കൃഷിയിടങ്ങളിലെ പച്ചക്കറികളിലും എത്തിക്കുന്നു. പാകം ചെയ്യാതെ സലാഡ് തുടങ്ങിയ രൂപങ്ങളില്‍ ഈ പച്ചകറികള്‍ ശരിയായി വൃത്തിയാക്കാതെ കഴിക്കുമ്പോള്‍ T. Solium വിരകള്‍ പന്നിമാംസം കഴിക്കാത്ത സസ്യാഹാരിയുടെ ശരീരത്തിലും എത്തുന്നു. ഓര്‍ക്കുക, നാം ഭക്ഷണം കഴിക്കുന്ന ഒരു ഭോജനശാലയിലും പച്ചക്കറി ഉപ്പുവെള്ളത്തിലിട്ടോ, മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ ശുദ്ധീകരിക്കുന്ന പതിവ് ഉണ്ടാകാന്‍ സാധ്യത വളരെ വിരളമാണ്. വൃത്തിയാക്കാതെ കഴിക്കുന്ന ഫലവര്‍ഗ്ഗങ്ങളും അപകടം ഉണ്ടാക്കിയേക്കാം
ആഹാരശീലങ്ങളിലെ ശുചിത്വം മാത്രമാണ് Neurocysticercosis, Taenaisis തുടങ്ങിയ പരാദജന്യരോഗങ്ങളില് ബാധിക്കാനുള്ള സാധ്യത കുറയ്ക്കാനുള്ള വഴി. രോഗമുണ്ടാക്കാന്‍ സാധ്യതയുള്ള ആഹാരസാധനങ്ങളും ആഹാരരീതികളും വര്‍ജ്ജിക്കുക എന്നതാണ് ഉത്തമം.
Subscribe : https://www.facebook.com/URMPOnline/