അക്ഷരക്കഷായം – ഭാഗം – 2

അക്ഷരക്കഷായം – ഭാഗം – 2

[ഒന്നാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ]

ഇതിനൊരു രണ്ടാം ഭാഗം ഉണ്ട്.

ഒരു അമ്പതു കൊല്ലം മുമ്പ്, വേണ്ട, ഒരു ഇരുപത്തിയഞ്ചു കൊല്ലത്തിനപ്പുറം പോലും, ഏതു വീട്ടില്‍ ചെന്നാലും എണ്‍പത് തൊണ്ണൂറ് വയസ്സുള്ള ഒരു വല്യമ്മ മാറു മറയ്ക്കാതെ ഒരു തോര്‍ത്തു മാത്രം ഉടുത്ത് വീടിന്‍റെ അറ്റത്തെങ്ങാനും ഇരുപ്പുണ്ടാകും. കൊച്ചുപിള്ളേര്‍ അവരുടെ മടിയില്‍ കളിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടെ അമ്മയെ കിട്ടിയില്ലെങ്കില്‍ പാലില്ലെങ്കിലും അവരുടെ മുല തന്നെ വലിച്ചു കുടിക്കുകയും ചെയ്യും. ഈ ചിത്രം നിങ്ങളില്‍ പ്രായം ചെന്നിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും. അവരുടെ മകളായി ഒരു എഴുപതുകാരി തൊട്ട് ഇപ്പുറത്ത് മുണ്ടുമുടുത്ത് ഇരിപ്പുണ്ടാകും. തോര്‍ത്തിന് പകരം അവര്‍ മുണ്ടാക്കിയിട്ടുണ്ടാകും എന്നു മാത്രം. മാറോന്നും അവരും മറച്ചിട്ടുണ്ടാവില്ല. നാല്‍പ്പത്തഞ്ച് അമ്പത് വയസ്സുള്ള അവരുടെ മകള്‍ മുണ്ടും ബൌസും ഒക്കെ ധരിച്ച് തൊഴുത്തിലും മുറ്റത്തുമായി നടക്കുന്നുണ്ടാകും. അതിനു താഴെയൊരു പെണ്ണ് കുട്ടിയെയുമെടുത്ത് വീട്ടുജോലിയും നോക്കി അകത്ത് എവിടെയെങ്കിലും ഉണ്ടാകും. കുറഞ്ഞത്‌ നാല് തലമുറ ചേര്‍ന്നതായിരുന്നു അന്നൊക്കെ ഒരു വീട്. ഇതു അതിശയോക്തിയാണ് എന്ന് ബോദ്ധ്യമുള്ളവര്‍ക്ക് എന്നെ തല്ലാം.

ഞാന്‍ ഈ പറഞ്ഞ കാലഘട്ടത്തില്‍ ഒന്നും ഇത്രയും ആശുപത്രികള്‍ ഇല്ല. കത്രിക വെയ്പ്പൊന്നും ഇത്രയും വളര്‍ന്നിട്ടില്ല. പതിനായിരക്കണക്കിന് ആളുകള്‍ എം.ബി.ബി.എസ്സും, എം.ഡിയും, ബി.എ.എം.എസും, ബി.എച്.എം.എസും, ഡി.എച്.എം.എസും, നാച്ചുറോപ്പതിയും, യോഗയുമൊന്നും എടുത്തു ഡോക്ടര്‍മാര്‍ ആയിട്ടില്ല. ഇത്രയും സ്പെഷ്യാലിറ്റി ആശുപത്രികള്‍ മുക്കിനു മുക്കിന് ഇല്ല. സാധാരണ ആശുപത്രികള്‍ പോലും കുറവ്. അന്നത്തെ ചിത്രമാണീ പറഞ്ഞത്.

പലപ്പോഴും അമ്മ, മകള്‍ പ്രസവിച്ച് കഴിഞ്ഞ് ഒന്നു കൂടെ പ്രസവിക്കും. അതുകൊണ്ട് മകളുടെ കുട്ടി ‘അമ്മാവന്‍’ എന്നു വിളിക്കണോ, അമ്മയുടെ കുട്ടി അനന്തിരവനെ ‘ചേട്ടന്‍’ എന്നു വിളിക്കണോ എന്ന പ്രശ്നം വരും. ഇത് അതിശയോക്തിയൊന്നും അല്ല. അന്ന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് പ്രഷര്‍, ഹാര്‍ട്ട്‌, ഷുഗര്‍, കാന്‍സര്‍ ഒന്നും തന്നെ കാര്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഈ എണ്‍പതും തൊണ്ണൂറും ഒക്കെ എത്തിക്കഴിയുമ്പോഴും സ്തനങ്ങള്‍ ഒക്കെ തൂങ്ങിക്കിടക്കും എന്നല്ലാതെ അതിലൊന്നും ഒരു മുഴയും കണ്ടില്ല. ഇന്ന് ഇക്കണ്ട മരുന്നൊക്കെ കഴിച്ച് ചികിത്സ ചെയ്തിട്ടും എണ്‍പത് ശതമാനം സ്ത്രീകളിലും ഒരു സ്തനം അല്ലെങ്കില്‍ രണ്ടും മുറിച്ചു കളയണം എന്നതാണ് സ്ഥിതി. വേറെയുമുണ്ട് അസുഖങ്ങള്‍. അണ്ഡാശയത്തില്‍ കാന്‍സര്‍, യൂട്രസ്സില്‍ കാന്‍സര്‍, സെര്‍വിക്സില്‍ കാന്‍സര്‍! മുപ്പത്തിയഞ്ച് വയസ്സ് കഴിയുമ്പോള്‍ സ്ത്രീകള്‍ കുറ്റിയറ്റു പോകുകയാണ്.

പലയിടത്തും പുരുഷന്മാര്‍ ഭാര്യ മരിച്ചിട്ടും ജീവിച്ചിരിക്കുന്നത്‌ ഇന്നു കാണാം. പണ്ടു കാലത്ത് തിരിച്ചാണ്. പുരുഷന്‍ മരിച്ചിട്ട് സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന കാഴ്ചയാണ് കാണുക.

പല കുടുംബങ്ങളിലെയും ആണിക്കല്ല് ആയ കുട്ടികള്‍ ജോലി കിട്ടാറാകുമ്പോഴാണ് സര്‍ക്കോമയും, ബ്രെയിന്‍ കാന്‍സറും, ഗ്ലയോമയും, മിക്സഡ്‌ ഗ്ലയോമയും ആസ്ട്രോസൈറ്റൊമയും ലുക്കീമിയയും ഒക്കെ വന്ന് പെട്ടന്ന് ഭൂമുഖത്തു നിന്ന് പോകുന്നത്. രോഗങ്ങളെ നിയന്ത്രണത്തിലാക്കുന്തോറും രോഗം കുറയുകല്ല എന്ന് നമുക്ക് കാണേണ്ടി വരുന്നു.

പണ്ട് ഇന്നത്തെ ഗൈനക്കോളജിസ്റ്റിന്‍റെ സ്ഥാനത്ത് വയറ്റാട്ടി ആയിരുന്നു. പതിച്ചി എന്ന് ചിലയിടങ്ങളില്‍ പറയും. വീട്ടിലെ വിവാഹം കഴിഞ്ഞ കുട്ടി, വീട്ടുകാരോടൊത്ത്‌ പണിയെടുത്തു പോകുന്നതിനിടയില്‍ ഒരു ദിവസം ഗര്‍ഭിണിയാകും. വീട്ടില്‍ അറിയാവുന്ന വല്ലവരും ഉണ്ടെങ്കില്‍ ഒരു പാല്‍ക്കഷായമോ മറ്റോ ഉണ്ടാക്കി കൊടുക്കും. പ്രസവവേദനയാകുമ്പോള്‍ വയറ്റാട്ടിയെ വിളിച്ചു കൊണ്ടു വരും. കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സ്ത്രീയാണ് അവള്‍. കക്കാനീറ്റലോ കുമ്മായമിടിക്കലോ ആയിരിക്കും അവളുടെ പണി. ജാതിയിലും തീരെക്കുറഞ്ഞവളായിരിക്കും. സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും പണക്കാരനായാലും ദരിദ്രനായാലും അവളാണ് ഗൈനക്കോളജിസ്റ്റ്! ചെയ്യുന്ന പണി ഒന്നായതു കൊണ്ട് രണ്ടുപേര്‍ക്കും ഒരേ പേര് പോരേ?

അവള്‍ ഓടി വന്ന് കയ്യും കാലും ഒന്നു വൃത്തിയായി കഴുകി, ഉടുത്ത തോര്‍ത്തു പോലും മാറ്റി ഉടുക്കാതെ പേറ്റുനോവുകാരിയുടെ മുറിയില്‍ കയറി കതകടയ്ക്കും.

അന്നത്തെ വൈദ്യന്മാരോക്കെ ഇങ്ങനെയാണ്. ആരുടെയും ഉള്ളില്‍ കയറിയൊന്നും പരിശോധിക്കില്ല. ചികിത്സയുടെ ഭാഗമായിട്ട് ആവശ്യമായി വരുമ്പോള്‍ ചെല്ലും. നേരെയോന്നു നോക്കും. വേണ്ടതു ചെയ്യും. അതിനപ്പുറമില്ല. പരിശോധനയൊക്കെ വളരെ കുറവാണ്.

വയറ്റാട്ടി അകത്തു കയറി കതകടച്ചു. കുട്ടി പ്രസവിച്ചു. നല്ല ആരോഗ്യമുള്ള കുട്ടികള്‍. ഇങ്ങനെ മിനിമം നാല്. മാക്സിമം പതിനെട്ട്. പണ്ടു കാലത്ത് പെണ്ണ് പ്രസവിക്കുന്ന കണക്കാണ്.

കുട്ടികള്‍ക്ക് കാര്യമായ രോഗങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. വല്ല പനിയോ മറ്റോ വന്നാല്‍, തള്ള ഒരു കട്ടന്‍ കാപ്പിയും മൊരിച്ച റൊട്ടിയും കൊടുത്തു പുതപ്പിച്ചു കിടത്തി അത് അങ്ങു മാറും. ഇല്ലെങ്കില്‍ ഒരു പൊടിയരിക്കഞ്ഞിയില്‍ അതങ്ങു മാറും. ഇന്ന് ഈ ഒരു പനി വന്നാല്‍ പത്തു ആശുപത്രികളില്‍ കയറിയിറങ്ങി ഒടുവില്‍ തെക്കേപ്പുറത്ത് പറമ്പില്‍ കുഴിച്ചിടും. മരുന്നുകള്‍ കൊണ്ട് മാറുമായിരുന്നുവെങ്കില്‍ ലോകത്ത് ഏറ്റവുമധികം മരുന്നുകളും ഏറ്റവുമധികം ഏറ്റവും അധികം മെഡിക്കല്‍ കമ്പനികളും, ഏറ്റവും അധികം ആശുപത്രികളും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. പക്ഷെ ലക്ഷങ്ങള്‍ ഇറങ്ങിപ്പോവുകയും കുടുംബം പട്ടിണിയാവുകയും രോഗി നരകയാതന അനുഭവിച്ചു മരിക്കുകയും ചെയ്യുന്നതാണ് ഇന്നു കാണുന്ന കാഴ്ച. പണ്ടുകാലത്ത് എന്തായാലും ഇത്രയും നരകിച്ചു കിടക്കുന്ന കാഴ്ച ഇല്ലെന്നാണ് എന്റെ ഓര്‍മ്മ. നിങ്ങളില്‍ പ്രായമുള്ളവര്‍ക്ക് എന്ത് പറയാനുണ്ട്?

ആശുപത്രിയില്‍ പോകുന്നതു കൊണ്ട് ഇന്നുള്ള മെച്ചം അവിടെ ചെന്നാല്‍ നരകയാതന അനുഭവിച്ചു കഴിയുന്ന അനേകം പേരെ ഒന്നിച്ചു കാണാം. ദയനീയമാണ് ആ കാഴ്ച.

പണം കൊണ്ടും മരുന്ന് കൊണ്ടും രോഗം മാറുമെങ്കില്‍ ഇപ്പോള്‍ മാറുന്ന പോലെ ഒരു കാലത്തും മാറില്ല. അതു മാറില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായില്ലേ? പണം ചെലവാക്കിയിട്ടും മരുന്നു കൊടുത്തിട്ടും രോഗി മരിക്കുന്നു.

പണ്ട് സ്ത്രീകള്‍ക്ക് ഇല്ലായിരുന്ന രോഗങ്ങളെല്ലാം ഇന്ന് സ്ത്രീകള്‍ക്ക് കൂടുതലാണ്. പുരുഷന്മാര്‍ക്ക് കുറച്ചു കുറഞ്ഞിട്ടുണ്ട്. ഹാര്‍ട്ട്‌ അറ്റാക്കും, പ്രമേഹവും, പ്രഷറും ഒക്കെ പണ്ട് പുരുഷന്മാര്‍ക്കേ വന്നിരുന്നുള്ളൂ. ഇന്ന് അതൊക്കെ ചെറുപ്പക്കാരായ പുരുഷന്മാരുടെ ഇടയില്‍ കുറഞ്ഞു. എന്തേ ഈ മാറ്റം? അതു പഠിച്ചാല്‍ രോഗം മാറുന്നത് എങ്ങനെ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അത് നന്നായി മനസ്സിലാക്കിയാല്‍ മതി, മരുന്ന് മേടിക്കാതെ തന്നെ പോയി രോഗം മാറ്റാം. പോരാത്തതിന് ഒരല്‍പം മരുന്ന് മേടിക്കണം.

മരുന്നല്ല പ്രധാനം.

[മൂന്നാം ഭാഗത്തില്‍ തുടരും]

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s