[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്]
ആരെങ്കിലുമൊക്കെ പറഞ്ഞതു കേട്ടു വന്നിട്ടുള്ളവരായിരിക്കും ഇവിടെ നില്ക്കുന്നവരില് കൂടുതല്‍ പേരും. ബന്ധുക്കളോ പരിചയക്കാരോ ഇവിടെ വന്നിട്ട് രോഗം മാറി എന്നു കേട്ട് അതില്‍ അന്ധമായി വിശ്വസിച്ച് ചാടി പുറപ്പെടും. ഇവിടെ വന്നതു കൊണ്ടു മാത്രം രോഗം മാറില്ല. പല ആളുകളും “സ്വാമിയെ പോയി കാണുന്നു” എന്നറിയുമ്പോള്‍ സ്വാമി എന്തോ സിദ്ധി കൊണ്ട് ഒപ്പിയെടുക്കും, നുള്ളിയെടുക്കും എന്നൊക്കെ വിചാരിക്കാനിടയുണ്ട്. അതൊന്നും സത്യമല്ല. യാതൊരു സിദ്ധി കൊണ്ടുമല്ല അസുഖം പോകുന്നത്. നിങ്ങള്‍ നല്ലതു പോലെ ശ്രമിച്ചാലേ നിങ്ങളുടെ രോഗം മാറൂ.
നിങ്ങള്‍ പഠിച്ചിരിക്കുന്ന വിദ്യാഭ്യാസപ്രകാരം വൈറസും ബാക്ടീരിയയും അമീബയും മറ്റു സൂക്ഷ്മജീവികളും (microbes) ഒക്കെയാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത്. ഇരുന്നൂറു വര്‍ഷങ്ങളായി ലോകമെമ്പാടും ഉള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നത് ഈ വഴിയിലാണ്. ഓരോ രോഗവും ഉണ്ടാക്കുന്ന വൈറസ്സിനെ കണ്ടെത്തുക – അതിനെ ഇല്ലായ്മ ചെയ്യാനുള്ള മരുന്ന് – കണ്ടുപിടിച്ചു രോഗിയ്ക്കു കൊടുക്കുക. – എന്നിട്ട് രോഗം മാറുമെന്നു വിശ്വസിച്ചിരിക്കുക. ഇതാണ് ഇന്നു നടന്നു വരുന്ന പണി. അതനുസരിച്ചുള്ള പേറ്റന്റ് മരുന്നുകള്‍ ഓരോരുത്തരും കണ്ടുപിടിക്കുന്നു എന്നാണ് – വെയ്പ്പ്. അതുപോലെ ലുക്കീമിയയ്ക്കും, കാന്‍സറിനും, എച്. ഐ. വി-യ്ക്കും ഒക്കെ ഉള്ള പേറ്റന്റ് മരുന്ന് എന്തോ ഈ സ്വാമി കണ്ടുപിടിച്ചു വെച്ചിട്ടുണ്ട്. അതങ്ങു വാങ്ങിച്ചു കഴിച്ചാല്‍ മതി, രോഗം പൊയ്ക്കോളും എന്നൊക്കെ കേട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ കള്ളത്തരമാണ്. ഇവിടെ ഒരു പേറ്റന്റ് മരുന്നും ഇല്ല. നിങ്ങളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഈ കാര്യം പെട്ടന്നു മനസ്സിലാകും. എല്ലാവരുടെയും രോഗം മാറ്റാന്‍ പറ്റുന്ന ഏതെങ്കിലും പേറ്റന്റ് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ റോയല്‍റ്റി കൊണ്ടു മാത്രം കോടികള്‍ ഉണ്ടാക്കാം. ആ പേറ്റന്റ് പണി എനിക്കില്ല.
ഇവിടെ ചെയ്യുന്നത് ആയുര്‍വേദത്തിന്റെ അടിസ്ഥാനസങ്കല്‍പ്പത്തിലുള്ള ചികിത്സയാണ്. ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാനമായി പ്രായശ്ചിത്തം ആണ് ചികിത്സ. രണ്ടാമതായി പഥ്യം ആണ് ചികിത്സ. പിന്നെ ശമനം ആണ് ചികിത്സ. വീണ്ടും സുഖസാധകമാണ് ചികിത്സ. ഇങ്ങനെ ചികിത്സ എന്തൊക്കെയാണ് എന്ന് ആയുര്‍വേദം പറഞ്ഞിട്ടുണ്ട്.
അതില്‍ ഒന്നാമത്തേത് പ്രായശ്ചിത്തം ആണ്.
ആയുര്‍വേദം അനുസരിച്ച് പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ് രോഗമായി വരുന്നത്. അത് പ്രായശ്ചിത്തം കൊണ്ടല്ലാതെ മാറില്ല. അതിന് വളരെ മര്യാദയുള്ള ജീവിതം നയിക്കണം. അല്ലാതെ കാശ് കൊണ്ടൊന്നും ഓടി നടന്നാല്‍ രോഗം മാറില്ല. അതിനു വേണ്ടുന്ന വിനയവും സൗശില്യവും ഒക്കെ വന്നില്ലെങ്കില്‍ ഞാന്‍ മരുന്ന് തന്നതു കൊണ്ടോ നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയതു കൊണ്ടോ പത്തു പൈസയുടെ പ്രയോജനം കിട്ടില്ല. എന്നേയോ ബാക്കി വൈദ്യന്മാരെയോ അതിന് നിങ്ങള്‍ക്ക് കുറ്റം പറയാമെന്നല്ലാതെ രോഗം മാറില്ല. ഇതിന് എത്ര വേണമെങ്കിലും തെളിവ് നിങ്ങള്‍ക്കു മുമ്പില്‍ ഉണ്ട്.
ഇന്ന്, നിങ്ങള്‍ വിവാഹം കഴിച്ചാല്‍ ഭാര്യയും ഭര്‍ത്താവും ആദ്യമേ ഒരു ഡോക്ടറെ പോയി കാണും. നിങ്ങളെ അവര്‍ നൂല്‍ബന്ധമില്ലാതെ നിര്‍ത്തി മുഴുവന്‍ അവയവങ്ങളും ബാഹ്യമായും ആന്തരികമായും നേരിട്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചും പരിശോധിക്കും. എന്നിട്ടു മരുന്നുകള്‍ കുറിയ്ക്കും. അതു കഴിക്കും. ഗര്‍ഭിണിയാകും. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ ഓരോ ആഴ്ചയിലും വീണ്ടും പരിശോധന ഉണ്ടാകും. മരുന്ന് എഴുതും. അതും കഴിക്കും. ആശുപത്രിയില്‍ തന്നെ പ്രസവിക്കും. വീട്ടില്‍ പ്രസവിക്കാന്‍ പേടിയാണ്. ബാക്റ്റീരിയയും വൈറസും ഒക്കെ വീട്ടില്‍ ഉണ്ട്. ആശുപത്രിയിലെ അണുവിമുക്തമാക്കിയ ഓപറേഷന് തീയേറ്ററില്‍ ഒന്നിലധികം പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങളുടെ ഭാര്യയോ മകളോ പ്രസവിക്കും. പിറന്നതു മുതല്‍ കുട്ടികള്‍ക്ക് രോഗം! ശാസ്ത്രം ഇത്രയും വികസിച്ച കാലത്ത്, ഇത്രയും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വേണ്ടതൊക്കെ ചെയ്തിട്ടും കുഞ്ഞിനു രോഗമുണ്ടായി. അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. ഞാന്‍ പറയുന്നത് ശരിയല്ലേ? നിങ്ങള്‍ അനുഭവസ്ഥരാണ്. നിങ്ങള്‍ക്ക് ഇതു ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ കഴിയും.
ഞാന്‍ അറിയുന്നിടത്തോളം ഇന്ന് ഒരിക്കലോ പിന്നെ ഒരു തവണ കൂടിയോ മാത്രമാണ് കേരളത്തിലുള്ള സ്ത്രീകള്‍ പ്രസവിക്കുന്നത്. പ്രസവിച്ച കുട്ടിയ്ക്കും രോഗം, തള്ളയ്ക്കും രോഗം.
[തുടരും]