
വെളുത്ത പൂവുള്ള കൊടുവേലിയുടെ വേര്, ഇരട്ടിമധുരം, തുളസി എന്നിവയുടെ കഷായം കണ്ഠരോഗങ്ങളില് ഉത്തമം. 400 മില്ലി വെള്ളത്തില്‍ ശുദ്ധി ചെയ്ത കൊടുവേലിവേരിന്റെ ചൂര്‍ണ്ണം, ഇരട്ടിമധുരത്തിന്റെ (യഷ്ടിമധു) ചൂര്‍ണ്ണം, തുളസിയുടെ ഇലകള്‍ ഇട്ട് വേവിച്ച് നാലിലൊന്നു ഭാഗമാക്കി വറ്റിച്ച് പിഴിഞ്ഞരിച്ചു സേവിക്കാം. തൊണ്ടയില്‍ ഉണ്ടാകുന്ന മിക്കവാറും ബുദ്ധിമുട്ടുകള്‍ ഈ ഔഷധപ്രയോഗം കൊണ്ടു മാറും.
പ്രകൃതിയിലുള്ള ഔഷധികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ദേവതകള്‍. ആരോഗ്യം അവരുടെ വരദാനമായിരുന്നു. പ്രകൃതിയോട് താദാത്മ്യത്തില്‍ ജീവിച്ചപ്പോള്‍ മനുഷ്യന് ഇന്നു കാണുന്ന രീതിയിലുള്ള അസാല്മ്യജരോഗങ്ങള് ഉണ്ടായിരുന്നില്ല എന്ന് അനുഭവസ്ഥരായ ആചാര്യന്മാര് പറയുന്നു. പ്രകൃതിയിലെ ദേവതകളായ ഓഷധികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പ്രകൃതിയെ താറുമാറാക്കി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അലര്‍ജിയായും മറ്റു പല ആമയങ്ങളായും മനുഷ്യന് അതിന്റെ ഫലവും കിട്ടാന്‍ തുടങ്ങി. ഒരു തിരിച്ചു പോക്ക് അസാധ്യമെങ്കിലും, ഇന്നും പലതും നമുക്ക് ചെയ്യാം. പ്രത്യക്ഷദേവതകളായ ഓഷധികളെ വീട്ടുവളപ്പിലും, പൂന്തോട്ടങ്ങളിലും ഫ്ലാറ്റിലെ ബാല്‍ക്കണിയിലും വീടിന്റെ ടെറസ്സിലും ഒക്കെ നമുക്ക് വളര്‍ത്താവുന്നതേയുള്ളൂ. അവയുടെ സാന്നിധ്യം ആശുപത്രികളെയും ഡോക്ടര്‍മാരെയും ദൂരെ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുക.